ADVERTISEMENT

പാരീസ് മിഠായി (കഥ)

‘‘എത്ര നേരമായി വിളിക്കുന്നു’’  ഉമ്മയുടെ ആ വിളി കേട്ടാണ് കണ്ണ് തുറന്നത്. ‘‘ഇന്ന്  പോകുന്നില്ലേ?’’ ഉമ്മ വീണ്ടും ചോദിച്ചു. ‘‘ആ’’ എന്ന് അലസമായി പറഞ്ഞ് ബ്രഷും തോർത്തും എടുത്ത് മുറ്റത്തേക്ക് നടന്നു. ബ്രഷ് കൊണ്ട് എല്ലാ പല്ലിലും ഒന്ന് തലോടി. തണുത്ത വെള്ളം പകുതി തലയിലും ബാക്കി ദേഹത്തേയ്ക്കും വീണപ്പോൾ ഉറക്കം ഒക്കെ പോയി. അടുക്കളയിലേക്ക് ചെന്നപ്പോൾ പുട്ടും പഴവും. പഴം എടുക്കാതെ പഞ്ചസാര പാത്രത്തിൽ കയ്യിട്ടു വാരി എടുത്തു പുട്ടിൽ ഇട്ടു. ‘‘ഉള്ള പഞ്ചസാര മുഴുവൻ തിന്ന് നിന്റെ എല്ല് ഉരുകി പോകട്ടെ’’ ഉമ്മാടെ വക ഭീഷണി. പുട്ടും പഞ്ചസാരയും കൂട്ടി കുഴച്ചു കഴിച്ചു തീർത്തു. 

 

വേഗം മുറിയിൽ വന്നു സ്കൂൾ യൂണിഫോം എടുത്തിട്ടു. വെള്ള ഷർട്ട് പകുതിയും ചുളുങ്ങിയിട്ടുണ്ട്. ‘‘ഉമ്മ ശരിക്കും തേച്ചില്ല’’ ഞാൻ ഉറക്കെ പറഞ്ഞു. കേട്ടു കാണില്ല അല്ലെങ്കിൽ ഉമ്മാടെ മറുപടി വന്നേനെ. നീല പാന്റ്സ് കളർ നീലയാണോ അതോ പച്ചയാണോ എന്നു തോന്നും വിധമാണ്. ക്ലാസിലെ എന്റെ പാന്റ്സ് കളർ മാത്രം വ്യത്യസ്തമാണ്. അതു കൊണ്ട് തന്നെ എല്ലാ കുട്ടികളുടെ ഇടയിൽ നിന്നും ഡ്രിൽ മാഷ് വ്യായാമം ചെയ്യിപ്പിക്കുന്ന സമയത്ത് എന്റെ തരികിട അഭ്യാസം വേഗം കണ്ടു പിടിക്കും. 

 

വാതിലിനു പിറകിൽ ചാരിവച്ച ബാഗ് എടുത്ത് അടുക്കളയിൽ കൊണ്ടിട്ടിട്ട് തിരിച്ച് ഓടി മുറിയിൽ വന്നു. ഉമ്മ ചോറ് പൊതി ആക്കി വച്ചു കൊള്ളും. പാത്രം കഴുകാൻ ഉള്ള മടികൊണ്ട് വാഴയിലയിൽ പൊതിഞ്ഞാണ് പത്താം ക്ലാസ് മുതൽ ചോറ് കൊണ്ടു പോകുന്നത്. കണ്ണാടിയുടെ മുന്നിൽ നിന്ന് എന്നെ തന്നെ നോക്കി. എന്തൊരു കറുപ്പാണ് എന്റെ മുഖം. പൗഡർ എടുത്ത് ഒന്നു വീശി മുഖത്തേയ്ക്ക്. ലേശം വെളുപ്പ് കൂടിയോ? തോർത്തെടുത്ത് തുടച്ചു കളഞ്ഞു. വീണ്ടും ഇട്ടു ഇപ്പോൾ ശരിയായി. 

 

 

മുടി വലത്തോട്ടു ചീകി നെറ്റിയിലേക്ക് തന്നെ വീണു. വീണ്ടും ഇടത്തോട്ടു ചീകി അതും നിന്നില്ല വാശിയോടെ തലയിൽ ചീപ്പ് അമർത്തി വീണ്ടും  ചീകി വേദന കൊണ്ടു പുളഞ്ഞു. ആ ശ്രമം ഉപേക്ഷിച്ചു. ദിവസവും ഇതു തന്നെ ആണെങ്കിലും വീണ്ടും ഒരു ശ്രമം ചിലപ്പോൾ മുടി സൈഡിലോട്ടു നിന്നാലോ. അഖിൽ പറഞ്ഞതു പോലെ ടൗവ്വൽ തലയിൽ വലിച്ചുകെട്ടി ഒരു പത്തു ദിവസം നടന്നു നോക്കണം. അവന്റെയും കോലൻ മുടി ആയിരുന്നത്രേ ഇങ്ങനെ ടൗവ്വൽ കെട്ടിയിട്ട് ആണത്രേ ഇപ്പോൾ മുകളിലോട്ട് പൊങ്ങി നിൽക്കുന്നത്. അത് കാണാൻ തന്നെ വല്ലാത്ത ഭംഗിയാണ്. 

 

‘‘ചോറ് വച്ചിട്ടുണ്ട് അച്ചാർ കഴിക്കാറില്ലേടാ നീ?’’  ഉമ്മയുടെ അടുക്കളയിൽ നിന്നുള്ള ചോദ്യം. ഉമ്മാക്ക് ഞാൻ അച്ചാർ കഴിക്കാതെ കളയുന്നത് മനസ്സിലായി എന്ന് തോന്നുന്നു. അത് അല്ലെങ്കിലും അങ്ങനെയാണ് ഉമ്മ എല്ലാം വേഗം കണ്ടുപിടിക്കും. ‘‘ഞാൻ അബുവിന് കൊടുത്തിട്ട് അവന്റെ പപ്പടം വാങ്ങും’’. ഉമ്മ അത് വിശ്വസിച്ചു കാണില്ല. ഞാൻ ഉമ്മയുടെ മുഖത്ത് നോക്കാതെ ബാഗ് എടുത്ത് അടുക്കള വഴി പുറത്തുചാടി. ചെരുപ്പിന്റെ വള്ളി കെട്ടാറില്ല കാല് വേദനിക്കും. മഴ പെയ്യുമോ മുകളിലോട്ട് നോക്കി. സ്കൂളിൽ എത്തിയിട്ട് പെയ്താൽ മതിയായിരുന്നു. 

 

വീടിന്റെ സൈഡിൽ ചാരിവച്ച എന്റെ പ്രിയപ്പെട്ട സൈക്കിളെടുത്ത് പറമ്പിലൂടെ നേരെ ചവിട്ടി പാടവരമ്പിൽ കയറ്റി. റോഡിലൂടെ പോവാറില്ല സൈക്കിൾ ആകുമ്പോൾ രാമേട്ടന്റെ പറമ്പിലൂടെ റോഡിലേക്ക് ചാടിച്ചാൽ വേഗം സ്കൂൾ എത്തും. പാടവരമ്പിലൂടെ ഒരു അഭ്യാസിയെ പോലെ ഞാൻ ആഞ്ഞു ചവിട്ടി. ഇടയ്ക്ക് വരമ്പ് താഴ്ന്ന ഒരു പാടത്തു നിന്ന് മറ്റേ പാടത്തേക്ക് വെള്ളം കടത്തിവിടുന്ന ചെറിയ കൈ തോടുകളിൽ സൈക്കിൾ ഇറക്കിയപ്പോൾ പതുക്കെ ചവിട്ടി. ഇല്ലെങ്കിൽ ആ വെള്ളം മുഴുവൻ പിന്നിലൂടെ തെറിച്ചു ഷർട്ടിൽ വീഴും. 

 

 

രാമേട്ടന്റെ പറമ്പിലെ ഇടവഴി ഒരു ചെറിയ കയറ്റം ആണ്, ഞാൻ ഇറങ്ങാറില്ല കുതിച്ചു വന്നു നിന്നു ചവിട്ടി കയറ്റും പറമ്പിലേക്ക്. പറമ്പിൽ രാമേട്ടൻ നിൽക്കുന്നത് ഞാൻ ദൂരെ നിന്നും കണ്ടു. ഞാൻ ചെറുതായി ഒന്ന് സ്പീഡ് കുറച്ചു നിന്നു ചവിട്ടിക്കയറ്റി. രാമേട്ടൻ എന്നെ കണ്ടു ചിരിച്ചു. മുറുക്കി പല്ല് എല്ലാം കറുത്ത് എവിടെയെങ്കിലും ചില വെളുപ്പ് കണ്ടാൽ ആയി അങ്ങനെ ആയിരിക്കുന്നു പല്ല്‌. 

 

‘‘ ഇന്ന് സ്കൂൾ ഇല്ലടാ നെന്റെ ക്ലാസ്സിൽ പൂച്ച പെറ്റു കിടയ്ക്കുന്നുണ്ടത്രേ’’ രാമേട്ടൻ ഒരു ചെറു ചിരിയോടെ പറഞ്ഞു. ‘‘അതിനെ കാണാൻ തന്ന്യാ പോണത്’’ ഞാനും വിട്ടില്ല. രാമേട്ടൻ ഞാൻ സ്കൂളിൽ പോകുന്നത് കണ്ടാൽ എപ്പോഴും എന്നോട് ഇങ്ങനെ തന്നെയാണ് പറയാറ്. ‘‘തേങ്ങ ഇടുന്നുണ്ട് നടവഴിയിലൂടെ തന്നെ ചവിട്ട്യാ മതി കുട്ട്യേ’’ രാമേട്ടൻ പിന്നിൽനിന്ന് വിളിച്ചു പറഞ്ഞു. ‘‘ആ’’ അതും പറഞ്ഞ് ഞാൻ ആഞ്ഞു ചവിട്ടി നേരെ പോയി മാവിന്റെ ചില്ലയുടെ അടിയിലൂടെ ഇടവഴിയിലേക്ക് ഇറങ്ങി. നേരെ റോഡിലേക്ക് കയറിയപ്പോ ൾ വെയിൽ ശരിക്കും ദേഹത്തു വീണു. 

 

 

സ്കൂൾ ലക്ഷ്യമാക്കി വീണ്ടും ചവിട്ടി. ഞാൻ റസിയയെ ഓർത്തു. റസിയ ഇന്നെങ്കിലും വരുമോ? അവൾ ക്ലാസ്സിൽ വരാതെയായിട്ട് അഞ്ച് ദിവസം കഴിഞ്ഞു. ആതിരയും അവളും ഒരുമിച്ചാണ് വരുന്നത്. ആതിര ആരോടോ ഇന്നലെ പറയുന്നത് കേട്ടു ‘‘റസിയ വീട്ടിലുണ്ട് ഞാൻ ചോദിച്ചപ്പോൾ അവൾ വരുന്നില്ല എന്നോട് പൊയ്ക്കോളാൻ പറഞ്ഞു’’. എന്നാലും എന്താവും അവൾ വരാത്തത് എന്ന് എനിക്ക് ഒരു ആകാംക്ഷ തോന്നി. പത്താംക്ലാസിൽ നിന്നാണ് റസിയ ഞങ്ങളുടെ ക്ലാസിലേക്ക് ഡിവിഷൻ മാറി വന്നത്. ഒരു പൂച്ച കണ്ണുള്ള പെണ്ണ്. തീരെ നിറംമങ്ങിയ ഒരു പഴകിയ വെള്ള ചുരിദാർ ആണ് അവളുടെ യൂണിഫോം. 

 

 

അധികം ആരോടും സംസാരിക്കാറില്ല. ആതിരയാണ് അവളുടെ ആകെയുള്ള സുഹൃത്ത്. അത്യാവശ്യം പഠിക്കും. ബുക്ക് എല്ലാം ന്യൂസ് പേപ്പറിൽ ആണ് പൊതിഞ്ഞിരിക്കുന്നത്. ഒരു ചുവന്ന തുണിക്കടയുടെ കവറിൽ ആണ് അവൾ ബുക്ക് കൊണ്ടുവരുന്നത്. എന്റെ ബെഞ്ചിനോട് ചേർന്ന് സൈഡിലുള്ള ബെഞ്ചിൽ ആദ്യം അവളാണ് ഇരിക്കുന്നത്. അടുത്തിരിക്കുന്നതുകൊണ്ടും പൂച്ചക്കണ്ണുള്ളതു കൊണ്ടും ഞാൻ അവളെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. 

 

 

ഞാൻ നോക്കുന്നതു കണ്ട് അവൾ എന്നെ തിരിച്ചു നോക്കിയാൽ ഞാൻ പെട്ടെന്ന് തിരിയും. അങ്ങനെ എന്റെ സൂക്ഷ്മനിരീക്ഷണത്തിൽ ഞാനൊരു കാര്യം കണ്ടുപിടിച്ചു. അവളുടെ ചുരിദാറിന്റെ താഴെ കീറിയിട്ട് തുന്നിച്ചേർത്തിട്ടുണ്ട്. ആ യൂണിഫോം തന്നെയാണ് അവൾ ദിവസവും ഇട്ടു വരുന്നത്. അവളോട് എന്തെങ്കിലു മൊക്കെ പറഞ്ഞു കൂടണം എന്നുണ്ട്. അവളുടെ നേരെ നോക്കിയാൽ അപ്പോ ആകെ ഒരു വിറയൽ ആണ്. എന്റെ കോലം വെച്ച് ആരും എന്നോട് കൂട്ടുകൂടില്ല. പിന്നെ അവളെ ആകർഷിക്കാൻ മാത്രം കഴിവുകളും എനിക്കില്ലല്ലോ. 

 

 

അന്നൊരു ദിവസം സ്കൂൾ വിടുന്ന സമയത്ത് നല്ല മഴ പെയ്തു. ഞാൻ പുറത്തേക്ക് നടക്കുമ്പോൾ റസിയ കവാടത്തിലേക്ക് നോക്കി നിൽക്കുന്നുണ്ട്. ആതിര അന്ന് വന്നിട്ടില്ല. ‘‘എന്താ പോകുന്നില്ലേ?’’ എന്റെ ചോദ്യം കേട്ട് അവൾ ഒന്നു നോക്കി പിന്നെ പതുക്കെ പറഞ്ഞു ‘‘കുട ഇല്ല’’. വീണ്ടും അവൾ കവാടത്തിലേക്ക് നോക്കി നിൽപ്പായി. ഞാൻ ബാഗിൽ തപ്പി നോക്കി ഭാഗ്യം ഉമ്മ കുട വച്ചിട്ടുണ്ട്. ‘‘ഇന്നാ ഇത് കൊണ്ടു പൊയ്ക്കോ നാളെ തന്നാൽ മതി’’. ഞാൻ കുറച്ച് ആവേശത്തിൽ പറഞ്ഞു. ഒന്നു മടിച്ചു നിന്ന ശേഷം അവൾ വാങ്ങി, ആ കണ്ണിൽ ഒരു തിളക്കം കണ്ടു അപ്പോൾ. അവൾ പടികൾ പതുക്കെ ഇറങ്ങി തിരിഞ്ഞു നോക്കാതെ നടന്നു. 

 

പിറ്റേന്ന് ഞാൻ വരാന്തയിൽ നിൽക്കുമ്പോൾ അവൾ കുടയുമായി വന്നു അത് എനിക്കു തന്നിട്ട് ചോദിച്ചു. ‘‘ഇന്നലെ മഴ കൊണ്ടാണോ പോയത്?’’. പക്ഷേ അവളുടെ ആ ചോദ്യത്തിന് ഒരു മറുചോദ്യം എന്റെ വായിൽ നിന്നു വീണത് പെട്ടന്നായിരുന്നു. ‘‘റസിയക്ക് ഈ യൂണിഫോം മാത്രമേ ഉള്ളൂ?’’ . അവൾ പ്രതീക്ഷിച്ചില്ല അത്. ഇവന് ഇത് എങ്ങനെ മനസ്സിലായി എന്ന ആശ്ചര്യവും ചമ്മലും നിസ്സഹായതയും എല്ലാം അവളുടെ മുഖത്ത് മാറിമാറി വന്നു. അവൾ മറുപടി പറഞ്ഞില്ല ഒരു വാടിയ മുഖത്തോടെ നടന്നുനീങ്ങി. 

 

 

‘‘റസിയാ നിക്ക്’’ ഞാൻ ഓടി പിന്നിലെത്തി. അവൾ നിന്നു. ‘‘നിന്റെ  യുണിഫോം നനഞ്ഞാൽ പിന്നെ അത് ഉണങ്ങാൻ ഒരു ദിവസം കഴിയണ്ടേ. എനിക്ക് വേറെ ഉണ്ടല്ലോ അതാണ് ഞാൻ കുട തന്നത്’’. ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല അവളുടെ പൂച്ചകണ്ണ് തിളങ്ങി അവൾ ഒന്നു പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞുനടന്നു. ഞാനും കൂടെ നടന്നു ക്ലാസിലേക്ക്. ആ സംഭവത്തിന് ശേഷം ഞാൻ അവളെ നോക്കുമ്പോൾ എല്ലാം അവൾ ഒരു ചിരി തരും. അവൾ എന്നെ നോക്കിയാലും ഞാൻ പേടിച്ച് മുഖം തിരിക്കാറും ഇല്ല. അവൾ അവസാനം ക്ലാസ്സിൽ വന്ന ദിവസം ഞാൻ ഒരു പേന കൊടുത്തു. ചുവന്ന കളറുള്ള ഒരു ഹീറോ പേന.

 

 

‘‘ ഇതെന്തിനാ?’’ അവൾ ചോദിച്ചു. ‘‘വെറുതെ. നിനക്ക് ഇഷ്ടമായില്ലെങ്കിൽ തിരിച്ചു തന്നേക്ക്’’. ഞാൻ പറഞ്ഞു. അവൾ ചുറ്റുപാടും ഒന്നു നോക്കി എന്നെയും നോക്കി പിന്നെ പേന എടുത്ത് ഒന്നു നോക്കിയ ശേഷം അവളുടെ കവറിലേക്ക് വച്ചു. 

 

 

സ്കൂളിലേക്ക് തിരിയുന്ന വഴിയിൽ എത്തിയപ്പോഴേക്കും കുട്ടികൾ പരന്നു നടക്കുന്ന പതിവുകാഴ്ച ആയി. ഞാൻ സൈക്കിൾ വേഗം കുറച്ചു ‘‘ഡാ.. ഞാൻ ഇരിക്കുവാട്ടാ’’. അത് പറയലും അഖിൽ ചാടി പിന്നിൽ ഇരിക്കലും കഴിഞ്ഞു. ഇവൻ ഒളിച്ചു നിന്ന കയറിയതാണോ എന്നു സംശയിച്ചു ഞാൻ. ഒന്ന് വെട്ടി എങ്കിലും ബാലൻസ് വീണ്ടെടുത്ത് ഞാൻ എണീറ്റ് നിന്ന് ശക്തിയിൽ ചവിട്ടി. സ്കൂളിൽ എട്ടാം ക്ലാസിന്റെ പിറകിലാണ് സൈക്കിൾ വെക്കുന്നത്. സ്കൂൾ കവാടം കടന്നതും അഖിൽ ചാടിയിറങ്ങി. ‘‘നീ സൈക്കിൾ വച്ച് വാ ഞാൻ ക്ലാസ്സിൽ കാണും’’ അവൻ അതും പറഞ്ഞു പിന്നിലേക്ക് നടന്നു. ഞാൻ സൈക്കിൾ അവിടെ വച്ച് അവനെ നോക്കി. പൊങ്ങിയ മുടി വീണ്ടും കൈ കൊണ്ട് മുകളിലേക്ക് പൊക്കി അവൻ പടികൾ ഓടിക്കയറി. ഞാൻ എന്റെ മുടി കൈകൊണ്ട് ഒന്ന് തൊട്ടു നോക്കി. അത് വീണ്ടും നെറ്റിയിൽ തന്നെ കിടക്കുന്നുണ്ട്. അല്ലെങ്കിലും എന്റെ മുടി പൊങ്ങി നിന്നിട്ട് എന്താ കാര്യം എന്റെ മുഖം ഇങ്ങനെ തന്നെയല്ലേ എന്ന് ചിന്തിച്ച് ഞാൻ ചവിട്ടുപടികൾ പതുക്കെ നടന്നു കയറി. 

 

 

ബെല്ലടിച്ചിട്ടില്ല. ക്ലാസ്സിൽ എത്തിയപ്പോൾ അഖിൽ ഡസ്കിൽ കയറിയിരുന്ന് നാരങ്ങ മിഠായി കഴിക്കുന്നുണ്ട്. ആകെ ആറു പേരെ എത്തിയിട്ടുള്ളൂ. റസിയ വന്നിട്ടില്ല. ഞാൻ നേരത്തെ ആണോ എന്നു ചിന്തിച്ച് ബാഗ് ഡെസ്കിന്റെ  ഉള്ളിൽ വെച്ചു. ബെല്ലടിക്കാൻ ആയി ഇന്നും അവൾ ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു വാതിലിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് ആതിര വന്നു പിന്നിൽ ഒരു ചുവന്ന കളർ ഡ്രസ്സ് ഇട്ടു റസിയ. എന്റെ കണ്ണുകൾ വിടർന്നു അവളെന്നെ നോക്കിയില്ല. ഇവൾ എന്താണ് കളർ ഡ്രസ്സ് ഒക്കെ ഇട്ടിരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ബെല്ലടിച്ചു. 

 

രമണി ടീച്ചർ വന്നു. ഹാജർ എടുത്തു തുടങ്ങി. ‘‘റസിയാ ഇന്നെന്താ തന്റെ പിറന്നാൾ ആണോ’’ ടീച്ചർക്കും അതിശയം. അവൾ എഴുന്നേറ്റ് ടീച്ചറുടെ ടേബിളിന് അടുത്തു പോയി എന്തോ പറഞ്ഞു. ടീച്ചർ വിശ്വസിക്കാത്ത പോലെ അവളെ നോക്കി പിന്നെ പറഞ്ഞു ‘‘എന്നാൽ കൊടുത്തോളൂ’’ എന്താണാവോ  കൊടുക്കാൻ പറഞ്ഞത് എന്റെ മനസ്സിലും ഒരു ആകാംക്ഷ. അവൾ തിരിച്ചുവന്ന്‌ ഡസ്കിന്റെ ഉള്ളിൽനിന്നും അവളുടെ കവർ എടുത്തു അതിൽ നിന്ന് ഒരു പൊതിയെടുത്ത് തുറന്നു. അതിൽ നിറയെ മിഠായികൾ. ഇവളുടെ പിറന്നാൾ തന്നെയാണല്ലോ. ഛെ..ആ പേന ഇന്ന് കൊടുത്താൽ മതിയായിരുന്നു എന്ന് തോന്നി ഞാൻ ആതിരയെ നോക്കി ആംഗ്യം കാണിച്ചു ചോദിച്ചു. 

 

 

‘‘ എന്താണ് സ്പെഷ്യൽ’’ അവൾ ബെഞ്ചിന്റെ അറ്റത്തേക്ക് നീങ്ങി വന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. 

‘‘ അവളുടെ കല്യാണമാണ് അടുത്ത ആഴ്ച ഇന്ന് യാത്ര പറയാൻ വന്നതാണ്’’. ഞാൻ ഞെട്ടിപ്പോയി എനിക്കത് വിശ്വസിക്കാൻ തോന്നിയില്ല. എന്താണെന്ന് അറിയില്ല എനിക്ക് സങ്കടവും അതിലേറെ ദേഷ്യവും വന്നു. ഞാൻ റസിയാടെ മുഖത്തേക്ക് നോക്കി. അവൾ ഒരു ഉന്മേഷവും ഇല്ലാതെ ഓരോ കുട്ടികളുടെ ഡെസ്കിലും ഓരോ പച്ചക്കളർ പാരീസ് മിഠായി വെച്ചു കൊണ്ടിരിക്കുന്നു. അവൾ നടന്ന്‌ എന്റെ അടുത്തെത്തി. ഞാൻ അവളെ തന്നെ നോക്കി ഇരിക്കുകയാണ് എന്ന് അവൾക്കു മനസ്സിലായി. അവൾ മിഠായി വെക്കുന്നതും നോക്കി ഞാൻ ഇരുന്നു. അവളെന്റെ മുഖത്തേക്ക് നോക്കി. കണ്ണുകൊണ്ട് കൈകൾ നീട്ടാൻ ആംഗ്യം കാണിച്ചു. ഞാൻ കൈനീട്ടി എന്റെ കയ്യിൽ അവൾ മിഠായി വച്ചു തന്നു ഞാൻ അത് നോക്കിയതേയില്ല കൈ വീണ്ടും അടച്ചു. ഞാൻ അപ്പോഴും അവളുടെ മുഖത്തേയ്ക്കു തന്നെ നോക്കിയിരുന്നു. 

 

അവൾ എന്നെ കടന്ന് അടുത്ത ആളുടെ അടുത്ത്‌ മിഠായി വെച്ചു നടന്നു നീങ്ങി. അവസാനത്തെ കുട്ടിക്കും മിഠായി കൊടുത്ത ശേഷം ടീച്ചറുടെ അടുത്തു പോയി ടീച്ചർക്കും മിഠായി കൊടുത്തു. ടീച്ചറോട് എന്തോ പറഞ്ഞു. രമണി ടീച്ചർ തലയാട്ടി പിന്നെ എല്ലാവരോടുമായി പറഞ്ഞു.

 

 

‘‘ റസിയയുടെ വിവാഹമാണ് അവൾ എല്ലാവരോടും യാത്ര പറയാൻ വന്നതാണ് എല്ലാവരും സന്തോഷത്തോടെ അവളെ യാത്രയാക്കണം’’. റസിയ തിരിച്ചുവന്ന് കവർ എടുത്തു പുറത്തേക്ക് നടന്നു. അവൾ കണ്ണിൽ നിന്ന് മറയുന്നതു വരെ ഞാൻ നോക്കിയിരുന്നു. ഞാൻ അടച്ചു വെച്ച എന്റെ കൈ തുറന്നു. ഞാൻ അതിലേക്ക് നോക്കിയപ്പോൾ അതിൽ ചുവന്ന കളറുള്ള മൂന്ന് ഫ്രൂട്ടി മിഠായി ഉണ്ടായിരുന്നു. ഞാൻ പെട്ടെന്ന് വീണ്ടും പുറത്തേക്ക് നോക്കി അവൾ പോയിക്കഴിഞ്ഞിരുന്നു. എന്റെ കണ്ണുകൾ  വീണ്ടും ആ ചുവന്ന കളറിൽ ഉള്ള മിഠായികളിൽ തന്നെ ഉടക്കി നിന്നു.

 

English Summary : Paris Mittay Story By Muhammed Basheer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com