ADVERTISEMENT

(ഓർമക്കുറിപ്പ്)

സംഭവം നടക്കുന്നത് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. പതിവ് പല്ലവികളോടെ ജൂണിൽ തന്നെ ക്ലാസ്സ്‌ ആരംഭിച്ചു. തുടക്കത്തിൽ ഒക്കെ നല്ല ചൂടായിരുന്നു എല്ലാർക്കും. എന്നാൽ ക്ലാസ്സ്‌ പകുതിയായതോടെ ചൂടൊക്കെ ആറി. പിരിയാറായല്ലോ എന്ന വേവലാതിയായിരുന്നു പിന്നീടങ്ങോട്ട്‌. എന്നെ സംബന്ധിച്ച് അതിനൊരു പ്രധാന കാരണവും ഉണ്ട്. സിനിമയിൽ ഒക്കെ കാണുന്നതു പോലുള്ള ഒരു ‘സൈക്കോ സൗഹൃദം’ ഉണ്ടായിരുന്നു എനിക്ക്. ജിൻസി ജോയ് എന്ന ഞങ്ങടെ ക്ലാസ്സിലെ ഏക അച്ചായത്തി കുട്ടി. 

 

അഞ്ചാം ക്ലാസ്സ്‌ മുതൽ തുടങ്ങിയ സൗഹൃദം. ആരോടും അടുക്കാത്ത അന്തർമുഖയായ ഒരു കുട്ടിയായിരുന്നു ഞാൻ. അവൾ എന്റെ ഹൃദയംസൂക്ഷിപ്പുകാരിയായി. ഞാൻ വാചാലയാകാനും കളിക്കാനും ചിരിക്കാനും ഒക്കെ തുടങ്ങി. പിരിയാറായി എന്ന ബോധം ഞങ്ങളെ തളർത്തികൊണ്ടിരുന്നു. ചെയ്യാൻ പറ്റാവുന്നത്ര കുസൃതികളൊക്കെ കാണിച്ചു. അതിലൊരു സംഭവം സൃഷ്ടിച്ച പുകിലാണ് പറയാൻ പോകുന്നത്. ഇപ്പോൾ ഇതെഴുതാനുള്ള പ്രചോദനവും അച്ചായത്തി തന്നെ. 

 

അതിനുമുമ്പ് ഞങ്ങളുടെ സ്കൂളിനെ പറ്റി പറയാം. ബ്ലോസ്സം പബ്ലിക് സ്കൂൾ. പ്രൈവറ്റ് സ്കൂൾ, ഇംഗ്ലീഷ് മീഡിയം എന്നൊക്കെ കേൾക്കുമ്പോൾ കുട്ടികളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന അമുൽ ബേബി സ്കൂളുകളെയാകും ആദ്യം ഓർമ വരിക. എന്നാൽ ഞങ്ങളുടെ സമ്പ്രദായം അങ്ങനെയൊന്നുമല്ലായിരുന്നു. പ്രകൃതിരമണീയത വേണ്ടുവോളം ഉണ്ടായിരുന്ന ഒരു കുന്നിൻപുറത്താണ്  ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ടു ബ്ലോക്കുകൾ. ഒന്ന് മെയിൻ ബ്ലോക്ക്. പിന്നെ പുതുതായി പണി കഴിപ്പിച്ച ഞങ്ങൾ  ‘ന്യൂ ബ്ലോക്ക്’ എന്ന് പേരിട്ട് വിളിക്കുന്ന ഫോർബിഡെൻ ഏരിയ. അവിടെ ക്ലാസുകൾ തുടങ്ങിയിട്ടില്ലായിരുന്നു. 

 

 

സ്കൂൾ കലോത്സവത്തിന് ഒപ്പന പ്രാക്ടീസ് ചെയ്യാനായി അതിലൊരു റൂം ഞങ്ങളുടെ ക്ലാസ്സിലെ പെൺകുട്ടികൾക്കു മാത്രമായി അനുവദിച്ചു കിട്ടി.. നല്ല കാര്യം.. പ്രാക്ടിസിന്റെ പേരും പറഞ്ഞ് ഫോൺ കൊണ്ടുവന്നു സെൽഫി എടുത്തു കളിക്കുന്ന ഞാനുൾപ്പെടെയുള്ള എല്ലാ പെൺമണികൾക്കും സന്തോഷം. വരാന്തയിൽ ഇറങ്ങി നടക്കുകയും ആവാം. മൊത്തത്തിൽ സ്വാതന്ത്ര്യം തന്നെ. അങ്ങനെ വെറുതെ സെൽഫി എടുത്ത് കളിക്കുന്നതിനിടയിൽ ആണ് അങ്ങനെ ഒരു തോന്നൽ ഉണ്ടായത്. ഇതിന്റെ മുകളിലൊക്കെ ഒന്നു പോയി നോക്കിയാലോ... റൂം അനുവദിച്ചു തന്നാൽ റൂമിനുള്ളിൽ തന്നെ ഇരിക്കണം എന്നൊക്കെയാണ്. പക്ഷെ എന്റെയൊരു സ്വഭാവം വെച്ച് എവിടെയും അടങ്ങി ഒതുങ്ങി ഇരിക്കുന്നതേ ഇഷ്ടമല്ല..

 

‘‘വാ’’

 

ഏത് പാതാളത്തിലേക്ക് ആണെങ്കിലും കൂടെ  അച്ചായത്തിയും ഉണ്ട്. പോയി പോയി ടെറസിലേക്കുള്ള വാതിലും തുറന്ന് ഞങ്ങൾ പുറം ലോകത്തെത്തി. ഒരു മിനി കോട്ടക്കുന്ന് ഞങ്ങളുടെ മുന്നിൽ തുറന്നുകിട്ടി. അച്ചായത്തി ‘എന്ത് രസാല്ലേ’ന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു. ഒരു ഭാഗത്തു ഞങ്ങളുടെ സ്കൂളിന്റെ മറ്റേ ബ്ലോക്ക് കാണാമായിരുന്നു. മറ്റൊരു വശത്ത് ഒഴിഞ്ഞു കിടക്കുന്ന പിൻഭാഗത്തെ ചെറിയ കുട്ടികളുടെ ഗ്രൗണ്ട്... പുറത്തേക്കുള്ള വശത്താണ് മേൽപറഞ്ഞ ‘പ്രകൃതിരമണീയത’

 

ആ ഭാഗത്തായിരുന്നു ഞങ്ങളുടെ സ്കൂളിന്റെ വകയായിട്ടുള്ള പള്ളിയിലേക്ക് കുട്ടികൾക്ക് പോകാനുള്ള വഴിയും. അച്ചായത്തി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ കണ്ണെത്താദൂരത്തുള്ള മലകളിലേക്ക് നോക്കി നിന്നു. വെയിലിന് നല്ല ചൂടുണ്ടായിരുന്നു. എനിക്കാണെങ്കിൽ അൽപം പേടിയും തോന്നി തുടങ്ങിയിരുന്നു. 

 

 

പെട്ടെന്നാണ് വാതിൽ തള്ളി തുറന്ന് ആരോ വന്നത്. തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങളുടെ സ്കൂൾ അഡ്മിനിസ്ട്രേറ്റർ മുന്നിൽ നിൽക്കുന്നു. ഞാൻ ഞെട്ടി. അച്ചായത്തിയും ആകെ പേടിച്ചിട്ടുണ്ട്. എന്നോടവൾ എന്തൊക്കെയോ ഗോഷ്ട്ടി കാട്ടി പറയുന്നുണ്ടായിരുന്നു. പുറത്തേക്ക് ഇറങ്ങാനാണ് അവൾ ഉദ്ദേശിക്കുന്നത് എന്ന് മനസിലായി. അദ്ദേഹം ദേഷ്യത്തിൽ എന്തോ പറഞ്ഞു. ഞാൻ വേഗം ഇറങ്ങിയോടി. എന്റെ പിന്നാലെ അവളും. അവളുടെ പിന്നാലെ വാതിൽ പൂട്ടികൊണ്ട് അദ്ദേഹവും. ഞങ്ങൾ ഒന്നും നടക്കാത്ത പോലെ പ്രാക്ടീസ് കണ്ടിരുന്നു. കൂടുതൽ വിചാരണയും ശിക്ഷയും ഒക്കെ പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ ഒഫീസിലേക്ക് വിളിപ്പിക്കുമായിരിക്കും. നെഞ്ചിടിപ്പോടെ കാത്തിരുന്നു. എന്നാലും ഞങ്ങൾ അവിടെയുള്ള വിവരം അദ്ദേഹം എങ്ങനെ അറിഞ്ഞു? ആ സംശയത്തിനുള്ള ഉത്തരവും ബാക്കി നടപടികളും പിന്നാലെ വന്നു.

 

പിറ്റേന്ന് ക്ലാസ്സ്‌ ടീച്ചർ വന്ന് ഞങ്ങളെ വരാന്തയിലേക്ക് വിളിച്ചു. ഞങ്ങളുടെ സുമിത മാഡം. (ഞങ്ങൾ അധ്യാപികമാരെ മാഡം എന്നാണ് വിളിച്ചിരുന്നത്) ടീച്ചർ ആളൊരു പാവമായിരുന്നു. എന്നാൽ ചൂടായാൽ പിന്നെ ഒരു രക്ഷയുമില്ല. കിട്ടാനുള്ളത് കിട്ടി. സാധാരണ ഗതിയിൽ എന്നോട് ആരെങ്കിലും ചൂടായാൽ എനിക്ക് ദേഷ്യം, സങ്കടം ഒക്കെ വരും. പക്ഷെ അതൊന്നും വന്നില്ല. പാവം ടീച്ചർ. ടീച്ചറുടെ ക്ലാസിലെ കുട്ടികൾ ചെയ്ത തെറ്റിന് ടീച്ചറാണ് പഴി കേൾക്കേണ്ടി വന്നത്. അന്ന് ടീച്ചറുടെ പിറന്നാളും ആയിരുന്നു.

ടീച്ചറുടെ ശകാരത്തിൽ നിന്ന് മനസ്സിലായി പള്ളിയിൽ നിന്ന് മടങ്ങുന്ന വഴി ഒരു കാക്കയാണ് (സ്കൂളിലെ മറ്റു ജീവനക്കാരെയാണ് ഞങ്ങൾ കാക്ക, താത്ത എന്നൊക്കെ വിളിക്കുന്നത്) ഞങ്ങളെ കണ്ടതും ഒഫീസിലേക്ക് വിളിച്ചു ‘‘രണ്ട് പെൺകുട്ടികൾ ടെറസിന്റെ മോളിൽ നിക്ക്ണ്ട്‌ന്ന് വിവരം കൊടുത്തതും. ആയിരം ഡിഗ്രിയിൽ ചൂടാകുമ്പോഴും ടീച്ചറുടെയുള്ളിൽ ഞങ്ങളോടുള്ള കരുതൽ മാത്രമായിരുന്നു.

 

‘‘എന്തെങ്കിലും കണ്ട് പേടിച്ചിരുന്നെങ്കിലോ?’’

 

‘‘ആരും ല്ലാത്ത സ്ഥലല്ലേ? ’’

 

‘‘അവ്ട്ന്ന് ഒന്ന് വീണാലോ? അലോയ്ചിണ്ടോ ഇതൊക്ക?’’ ശരിയാണ്... അന്നുച്ചക്ക് തന്നെ ഞങ്ങൾ ടീച്ചറോട് സോറി ഒക്കെ പറഞ്ഞു.

 

‘‘എന്നോട് മക്കൾക്ക് ദേഷ്യം ണ്ടോ’’ സ്നേഹവാത്സല്യങ്ങളോടെ ടീച്ചർ ഞങ്ങളെ ഉപദേശിച്ചു.കളങ്കമില്ലാത്ത അളവറ്റ സ്നേഹമായിരുന്നു ടീച്ചർക്ക് എല്ലാവരോടും. സംഭവം സ്കൂളിലെ എല്ലാ സ്റ്റാഫും അറിഞ്ഞിരുന്നു. ‘‘കാക്കാ’’ന്റെ പണിയായിരിക്കും. എന്തായാലും ആകെ നാണക്കേടായി. 

 

എന്നാലും പ്രശ്നം അവിടെ തീർന്നു എന്ന് ഞങ്ങൾ സമാധാനിച്ചു. പിന്നെ ഞങ്ങളെന്നല്ല ആരും ആ വഴിക്കേ പോയിട്ടില്ല. ഞങ്ങൾ പടിയിറങ്ങാറായപ്പോഴേക്കും ന്യൂ ബ്ലോക്കിൽ ക്ലാസ്സ്‌ ആരംഭിച്ചിരുന്നു. പക്ഷേ ടെറസിലേക്കുള്ള വാതിൽ അടഞ്ഞു തന്നെ കിടന്നു. പരീക്ഷയും കഴിഞ്ഞ് ഞങ്ങൾ എന്നെന്നേക്കുമായി വിടപറഞ്ഞു. സ്കൂളിന് ഒരുപാടു മാറ്റം സംഭവിച്ചു. കാര്യമായ മാറ്റം ഒന്നും സംഭവിക്കാതെ ഞാനും അച്ചായത്തിയും ‘സൈക്കോ സൗഹൃദം’ തുടർന്നു പോകുന്നു. 

 

രണ്ട് വർഷങ്ങൾക്കിപ്പുറവും മണിക്കൂറുകൾ നീളുന്ന ഫോൺകോളുകളിൽ പഴയ ഓർമ്മകൾ അയവിറക്കുന്ന കൂട്ടത്തിൽ ‘ന്യൂ ബ്ലോക്കും’ ഞങ്ങൾക്കിടയിൽ ചർച്ചയാകാറുണ്ട്. എന്നാലും ആ ‘കാക്ക’ പ്രശ്നം ഇത്ര ഗൗരവമുള്ളതാക്കിയത് ഞങ്ങൾ ‘പെൺകുട്ടികൾ’ ആയതുകൊണ്ട് ആകുമോ? കരുതലിന്റെ മറ്റൊരു ഭാവം. ബ്ലോസ്സം സ്കൂൾ ഞങ്ങളെ കൈവെള്ളയിൽ സൂക്ഷിച്ചാണ് വളർത്തികൊണ്ടു വന്നത്. ഒരിക്കൽ കൂടി അവിടം വരെ പോയി നോക്കണം. ടെറസിലേക്കുള്ള വാതിൽ ഇപ്പോഴും അടഞ്ഞു തന്നെയാണോ കിടക്കുന്നത് എന്നറിയാൻ. 

 

English Summary : School Memories By Rincy. E

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com