ADVERTISEMENT

സുനന്ദയുടെ കുഞ്ഞ് (കഥ)

സുനന്ദ പറയുന്നത് സത്യമാണെന്ന് മറ്റു ആരെക്കാളും നന്നായി എനിക്ക് അറിയാം. പിന്നീടുള്ള അവ്യക്ത തകള്‍ ചോദ്യം ചെയ്യലുകൾ എന്നിവ അതിനു വേണ്ടത്ര യുക്തി ഭദ്രത തോന്നിപ്പിച്ചില്ല എങ്കിൽ പോലും.

സുനന്ദയെയും കുഞ്ഞിനെയും ഞാൻ കണ്ടത് നഗരത്തിലെ ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു. 

ക്രിസ്തുമസ് തലേദിവസം വൈകുന്നേരം. നഗരത്തില്‍ നിന്നും നാട്ടിലേക്ക് പോകുന്ന ബസ്സിൽ ധൃതി പിടിച്ചാണ് കയറിയത്. എണ്ണത്തിൽ അധികം ഇല്ലായിരുന്നു എങ്കിൽ പോലും അവരവർക്കു ഇഷ്ടപ്പെട്ട സീറ്റ് കിട്ടുവാൻ ആള്‍ക്കാര്‍ തിരക്ക് കൂട്ടിയിരുന്നു. 

 

 

ബസ്സിന്റെ ആദ്യത്തെ ഡോറിന്റെ പിറകുവശത്ത് ഉള്ള സീറ്റ് ആണ് എനിക്ക് കിട്ടിയത്. അവിടെ ഇരുന്നാല്‍ ബസ്സിൽ കയറുന്നവരെയും ഇറങ്ങുന്നവരെയും വ്യക്തമായി കാണാന്‍ പറ്റും. എന്റെ പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പണ്ട് രസതന്ത്രം ക്ലാസ്സിൽ ഇലക്ട്രോൺ ക്രമീകരണം പഠിച്ചതു ഓര്‍മ്മ വന്നു. എല്ലാ സൈഡ് സീറ്റുകളും മാത്രം നിറഞ്ഞിരിക്കുന്നു.

 

 

നിറം കുറഞ്ഞ പകലിലേയ്ക്ക് അന്നേരം വിവിധ വർണ്ണമുള്ള വിളക്കുകള്‍ തെളിഞ്ഞു വന്നു. ചിലതൊക്കെ മിന്നിയും , മറ്റു ചിലതൊക്കെ അല്ലാതെയും. അന്നേരമാണ് സുനന്ദ, അവരുടെ കുഞ്ഞിനെയും കൊണ്ട് ബസിൽ   കയറുന്നത് കണ്ടത്. കുഞ്ഞിന്റെ മുഖം എനിക്ക് ഓർമയുണ്ട്. എവിടെയൊക്കെയോ കണ്ടു മറന്ന വട്ട മുഖം. എവിടെ ആയിരിക്കും? സിനിമകളിൽ..., പരസ്യങ്ങളിൽ... സീരിയലുകളിൽ... മറ്റു പരിചിതമായ ഇടങ്ങളില്‍...? ആറോ  ഏഴോ വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടി. ഇളം റോസ് നിറത്തിലുള്ള ഫ്രോക്ക് ധരിച്ചിട്ടുണ്ട്. അതിന്റെ കൈകൾ മുതൽ അര ഭാഗം വരെ വെള്ള നിറത്തിലുള്ള മുത്തുകള്‍. ബസ്സില്‍ കയറി കൊണ്ടിരിക്കെ കുഞ്ഞ് എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിക്കുവാൻ ശ്രമിച്ചു. 

 

 

സ്ത്രീകള്‍ക്ക് ആയി സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ അന്നേരം നിറഞ്ഞിരുന്നു. സ്ത്രീകളുടെ സീറ്റിന് പിന്നില്‍, ബസ്സിന്റെ വലതുവശത്ത്, ആഭരണങ്ങള്‍ ധരിച്ചിട്ടില്ലാത്ത, നിറം മങ്ങിയ സാരി ധരിച്ച, മധ്യ വയസ്കയായ സ്ത്രീ ഇരുന്നിരുന്ന, രണ്ട് പേര്‍ക്കു ഇരിക്കാവുന്ന സീറ്റില്‍, അവര്‍ക്കു ഇടതു വശത്തായി സുനന്ദയും കുഞ്ഞും ഇരുന്നു. കുഞ്ഞിനെ മടിയിലിരുത്തി സുനന്ദ പുറത്തെ കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്നു. 

ഇടയ്ക്കു കുഞ്ഞ് എന്നെ നോക്കി ചിരിച്ചു. അവളെ നോക്കാതിരിക്കുവാൻ എനിക്ക് സാധിച്ചില്ല

ഞാനും ചിരിച്ചു.

 

 

കുഞ്ഞുങ്ങളോട് വാത്സല്യത്തോടെ ചിരിക്കുവാനും, ഇടപെടാനും ഞാൻ ചിലപ്പോൾ വളരെ മോശമാണ്. എന്നിരിക്കിലും, ആ കുഞ്ഞു എന്ന് നോക്കി ചിരിച്ചത് കൗതുകം ആയി നില കൊണ്ടു. കുറച്ചു കഴിഞ്ഞു ബസ് പുറപ്പെട്ടു. നഗര മൈതാനത്തിൽ ഉയര്‍ന്ന ശബ്ദത്തിലുള്ള  വാദ്യങ്ങളും, ആകാശം പരതി പോകുന്ന പ്രകാശവും കണ്ടു. പോകുന്ന വഴിയില്‍ പള്ളികള്‍ കണ്ടു, മണിയടികള്‍ കേട്ടു. ഒരിടത്ത് വഴിയിലൂടെ നക്ഷത്ര വിളക്കുകള്‍ തെളിച്ചു കൊണ്ട് ‘കാലിത്തൊഴുത്തിൽ പിറന്നവനെ’ എന്ന പാട്ട് ഉച്ചത്തില്‍ പാടിക്കൊണ്ട് ഒരു ജാഥ കടന്നുപോയി. അതിലെ, ആട്ടിൻകുട്ടികളും , മാലാഖക്കുഞ്ഞുങ്ങളും ഉണ്ണി യേശുവും നക്ഷത്ര പ്രകാശം കണ്ണുകളിൽ നിറച്ചു ചിരിച്ചു. 

 

 

ഇടക്കെപ്പോഴോ തിരിഞ്ഞു നോക്കുമ്പോള്‍ ആ കുഞ്ഞ് പുറത്തെ, പലതരം വിശേഷപ്പെട്ട കാഴ്ചകള്‍ കണ്ണുകൾ കൊണ്ട് പെറുക്കി എടുക്കുക ആയിരുന്നു. ഞാൻ അവളെ നോക്കുന്നത് എങ്ങനെ അറിഞ്ഞു എന്ന് അറിയില്ല. അവളെന്നെ വീണ്ടും നോക്കി. ഇപ്രാവശ്യം, നക്ഷത്രങ്ങള്‍ അവളുടെ കണ്ണുകളില്‍ തെളിയുന്നത് ഞാൻ കണ്ടു. അന്നേരം സുനന്ദ എന്നെ നോക്കി. മുറിവേൽപ്പിക്കുവാൻ പര്യാപ്തമായ ഒരു മൂർച്ചയുള്ള കുപ്പിച്ചില്ല് അവൾ കണ്ണുകളില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഞാൻ കണ്ണുകള്‍ പിന്‍വലിച്ചു. 

ചിലര്‍ അങ്ങനെ ആണ്. ഒരു കാര്യവും ഇല്ലാതെ കലഹിച്ചോണ്ടിരിക്കും.

 

 

ബസ് ഓടുന്ന താളത്തിൽ ഒരു ഉറക്കം പറന്നു വന്നു. മയക്കത്തിലൂടെ ഉള്ള നീണ്ട നടത്തത്തിനിടയിൽ ഒരു നിലവിളി ശബ്ദം കേട്ടു. സ്വപ്നത്തിലാണോ? അല്ല. പുറത്താണ്. ഉറക്കവൃത്തത്തിനു പുറത്ത്. എനിക്ക് പുറകിലുള്ള സീറ്റുകളില്‍ എവിടെയോ ആണ്. എഴുന്നേറ്റ് നോക്കുമ്പോൾ സുനന്ദയാണ്. അവൾ അലറിക്കരയുന്നു, ശപിക്കുന്നു. ബസ് നിര്‍ത്തിയിരിക്കുന്നു. ആള്‍ക്കാര്‍ അവള്‍ക്കു ചുറ്റിലും നിൽപ്പുണ്ട്.

 

 

‘‘എന്തു പറ്റി?’’ ആരോ ചോദിച്ചു.

 

സുനന്ദയുടെ കുഞ്ഞിനെ കാണാനില്ല!

 

‘‘സാറേ, അവളിത്രേം നേരം എന്റെ കൂടെ ഉണ്ടായിരുന്നതാ. ഞാനൊന്നു മയങ്ങിപ്പോയി. അന്നേരം എന്റെ കുഞ്ഞിനെ കാണുന്നില്ല’’

 

കണ്ടക്ടർ അദ്ഭുതത്തോടെ നില്‍ക്കുന്നു.

 

‘‘എല്ലാരും അവരവരുടെ സീറ്റില്‍ ഒന്നിരുന്നേ. ഞാൻ ചോദിക്കട്ടെ’’ കണ്ടക്ടർ പറഞ്ഞു. 

 

‘‘നിങ്ങളുടെ കൂടെ കുഞ്ഞ് ഉണ്ടായിരുന്നോ?’’ അയാൾ അവളോട് ചോദിച്ചു.

 

‘‘ എന്ത് ചോദ്യമാ സാറേ, ഇത്രേം നേരവും അവളെന്റെ കൂടെ ഇവിടെ ഈ സീറ്റിന്റെ മുമ്പിലെ കമ്പിയേൽ പിടിച്ചോണ്ട് നിൽക്കുവല്ലാരുന്നോ?.

 

സുനന്ദ ചോദിച്ച ചോദ്യം കൃത്യമാണ്. ഞാൻ എഴുന്നേറ്റു. ഇത്രേയും നിർജ്ജീവമായ ഒരു സമൂഹത്തിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല. ചിലര്‍ അവളുടെ വിലാപത്തിനെ തമാശയായി കാണുന്നു. ചിലര്‍ നിസ്സഹായ അവസ്ഥയില്‍. ചിലര്‍ സഹതപിക്കുന്നു. ഇപ്പോൾ അവള്‍ക്കു വേണ്ടത് സഹായമാണ്. 

 

‘‘സാറേ, വണ്ടി പോലീസ് സ്റ്റേഷനിലോട്ടു വിട്. ഇതിനൊരു തീരുമാനം ആയിട്ടു പോയാൽ മതി’’- ഞാൻ പറഞ്ഞു.

 

‘‘ ചേട്ടാ, നിങ്ങൾ അവിടെയെങ്ങാനും പോയിരി. ഇത് കേസ് വേറെയാ’’ എന്റെ പിറകില്‍ ഇരുന്നിരുന്ന ഒരു മെലിഞ്ഞ പയ്യൻ പറഞ്ഞു.

 

കണ്ടക്ടർ എന്റെ അടുത്ത് വന്നു.

 

‘‘ സാറേ, അവര്‍ കേറുമ്പോൾ അവരുടെ കൈയിൽ കുഞ്ഞ് ഒന്നും ഇല്ലായിരുന്നു. ടിക്കറ്റ് കൊടുക്കുമ്പോഴും ഞാൻ നോക്കിയതാ. ഇതെന്തോ മാനസിക പ്രശ്‍നം  ഉള്ളതാ’’ എന്നോടായി അയാൾ പറഞ്ഞു. ആര്‍ക്കാണു ഭ്രാന്ത്? ഇവര്‍ക്കൊക്കെ ആണ്. ഈ ചിരിക്കുന്നവർക്ക്, സഹതപിക്കുന്നവർക്ക് നിസ്സഹായ ജീവികള്‍ക്ക്. 

‘ആര് പറഞ്ഞു? ഞാൻ കണ്ടതാ അവരുടെ കൈയിൽ കുഞ്ഞിനെ. അതെന്നെ നോക്കി ചിരിച്ചതാ... ഇവിടെ ഈ സീറ്റിലിരുന്ന് ഉറങ്ങുന്നേനു മുന്‍പും ഞാൻ കണ്ടതാ അവളെ’ എന്റെ ശബ്ദം ഉയര്‍ന്നു. അവസാനം ഒരു ഇടര്‍ച്ച ഉണ്ടായിരുന്നോ?

 

അപ്പോൾ ബസ്സില്‍ ആൾക്കാർ സുനന്ദ അടക്കം എന്നെ നിശ്ശബ്ദമായി കൗതുകപൂര്‍വ്വം നോക്കുന്നതു ഞാൻ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. 

 

സൗമ്യനായ കണ്ടക്ടർ എന്നെ നോക്കി ചിരിച്ചു.

 

‘സാറേ, അവിടെ ഇരുന്നേ’ എന്ന് നിര്‍ബന്ധിച്ചു അയാൾ സീറ്റില്‍ ഇരുത്തി.

 

‘ഞാൻ കണ്ടതാണെന്നേ’

 

‘അതെനിക്ക് മനസ്സിലായി’

 

എല്ലാവരും ചിരിച്ചു.

 

‘അല്ലെങ്കിൽ അവരുടെ അടുത്തിരിക്കുന്ന സ്ത്രീയോട് ചോദിച്ചേ’ 

 

‘ഞാൻ എങ്ങും ഒരു കൊച്ചിനേയും കണ്ടിട്ടില്ല’ ആ സ്ത്രീ പറഞ്ഞു.

 

ഇപ്രാവശ്യം ഞെട്ടിയത് ഞാനാണ്. എത്ര വിദഗ്ദ്ധമായിട്ടാണ് ഒരു സമൂഹം കള്ളങ്ങള്‍ മെനഞ്ഞുണ്ടാക്കു ന്നതു? ആ സംസാരത്തിനിടയില്‍ സുനന്ദയുടെ കരച്ചില്‍ പതുക്കെ ആയി. ഇടയ്ക്കിടെ അവൾ ‘മോളേ’ എന്ന് വിളിച്ചു കൊണ്ടിരുന്നു. 

 

ബസ് പോകുവാൻ കണ്ടക്ടർ ബെല്ല് അടിച്ചു. എന്റെ വലതുവശത്ത് എപ്പോഴോ വന്നിരുന്ന മനുഷ്യന്‍ എന്റെ മുഖത്തേക്ക് സൂക്ഷ്മമായി നോക്കി കൊണ്ട് പറഞ്ഞു.

 

‘ആ സ്ത്രീക്ക് എന്തോ പ്രശ്നം ഉണ്ട്. ഇവിടെ ആരും അവരുടെ കുഞ്ഞിനെ കണ്ടിട്ടില്ല’

 

‘പ്രശ്നം ഉള്ളതു നിങ്ങള്‍ക്കു എല്ലാവർക്കും ആണ്. ഞാൻ ആ കുഞ്ഞിനെ കണ്ടതാണ്’ - ഞാൻ തർക്കിച്ചു.

 

പെട്ടെന്ന് സുനന്ദ എഴുന്നേറ്റു.

 

‘എനിക്ക് ഇവിടെ ഇറങ്ങണം’- അവൾ പറഞ്ഞു.

 

ബസ് നിന്നു. സുനന്ദ ഇറങ്ങി. 

 

‘എന്റെ കുഞ്ഞിനെ അന്വേഷിച്ചിട്ടേ ഞാൻ വരുന്നുള്ളു’ - ഇറങ്ങുന്നതിനു ഇടയിൽ അവൾ പറയുന്നത് ഞാൻ കേട്ടു. അധികം ആൾത്തിരക്ക് ഇല്ലാത്ത ഒരു ജംഗ്ഷൻ ആണത്. ഇവിടെ നിന്നും അവൾ എങ്ങനെ കുഞ്ഞിനെ അന്വേഷിക്കാനാണ്?അവൾ ഇറങ്ങി കഴിഞ്ഞു ബസ് പുറപ്പെടുവാൻ തുടങ്ങിയപ്പോൾ ആ നോട്ടം എന്നില്‍ കൊളുത്തി നിന്നു. 

 

‘എനിക്കും ഇറങ്ങണം’ ഞാൻ എഴുന്നേറ്റു.

 

‘ഞങ്ങൾക്ക് തോന്നിയിരുന്നു’ ആരോ ഒരാൾ.

 

ചിലര്‍ ചിരിച്ചു. എന്റെ തൊട്ടടുത്ത് ഇരുന്ന ആൾ എന്നെ ആശ്ചര്യത്തോടെ നോക്കി. ബസ് പിന്നെയും നിന്നു. ഞാൻ ഇറങ്ങി. തുടര്‍ന്ന്, പരിഹാസവും, സഹതാപവും, പുച്ഛവും, ആശ്ചര്യവും കയറ്റി വാതില്‍ അടച്ചു ബസ് കാറ്റിന്റെ കൂടെ ചേര്‍ന്നു യാത്ര പോയി. സുനന്ദ കരഞ്ഞുകൊണ്ട് റോഡിന്റെ വലതു വശം ചേര്‍ന്നു പോകുന്നത് ഞാൻ കണ്ടു. ‘ഹലോ’ ഞാന്‍ വിളിച്ചു. അവൾ കേട്ടില്ല. പിറകെ ചെന്നു.

 

‘സുനന്ദ’

 

സത്യത്തിൽ അതാണ് അവരുടെ പേര് എന്ന് ഞാൻ എങ്ങനെ അറിഞ്ഞു എന്നത് അദ്ഭുതം ആണ്. അവർ അവിടെ നിന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. മങ്ങിയ പ്രകാശത്തില്‍ അവളുടെ മുഖം അടുത്ത് കണ്ടു. സ്ട്രീറ്റ് ലൈറ്റ്  പ്രകാശം തറയിൽ വീണു ചിതറിപ്പോയ പോലെ ഓര്‍മ്മകള്‍. സുനന്ദ എന്നോട് എന്തോ ചോദിച്ചു. ക്രിസ്മസ്   സന്ദേശം പറഞ്ഞുകൊണ്ട് ഒരു വാഹനം പാഞ്ഞു പോയതു കൊണ്ട് എന്താണെന്ന് കേട്ടില്ല.  അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇതിലും അടുത്ത് ഞാൻ സുനന്ദയുടെ മുഖം കണ്ടിട്ടുണ്ട്. ഇതിലും നന്നായി എനിക്ക് അവളെ പരിചയം ഉണ്ട്. അവളുടെ പേര് സുനന്ദ എന്ന് തന്നെ ആണ്. അവൾ ചോദ്യം ആവര്‍ത്തിച്ചു. 

 

‘നമ്മുടെ കുഞ്ഞ് എവിടെ ആണ്’

 

അന്നേരം മരിച്ചുപോയ ഭ്രൂണങ്ങൾ വഹിച്ചുകൊണ്ട് ഒരു വാഹനം അതിവേഗത്തില്‍ ഞങ്ങളെക്കടന്നു പോയി.

 

English Summary : Sunandhayude Kunju Story By Ajesh K. Zachariah 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com