sections
MORE

അമ്മ എന്തിനാണ് താമസിക്കാവൻ ഇവിടം തിരഞ്ഞെടുത്തത്?; ഇപ്പോഴും മനസ്സിലാകാത്തത് അതാണ്...

ബാബുൾ മരങ്ങളുടെ കാവൽക്കാരൻ (കഥ)
SHARE

ബാബുൾ മരങ്ങളുടെ കാവൽക്കാരൻ (കഥ) 

സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. ഗംഗാറാം അക്ഷമനായി. ഇപ്പോഴെങ്കിലും പുറപ്പെട്ടാൽ മാത്രമേ രാത്രിയാകുന്ന തിനുമുമ്പേ ഗ്രാമത്തിലെത്താൻ കഴിയുകയുള്ളൂ. മഹാനഗരത്തിൽനിന്ന്‌  പാതി ദിവസത്തെ യാത്രയുണ്ട് അയാളുടെ ഗ്രാമത്തിലേക്ക്. വഴിവിളക്കുകൾ ഗ്രാമപാതകളിൽ ഇനിയും കൺതുറന്നിട്ടില്ലാത്തതിനാൽ ഇരുട്ടും മുമ്പേ ഗ്രാമത്തിലെത്തുകയാണ് നല്ലത്. അല്ലെങ്കൽപ്പിന്നെ വിജനമായ ചെമ്മൺ പാതയിലൂടെയുള്ള യാത്ര അത്ര സുരക്ഷിതമല്ല.  അയാൾ  തന്റെ വെളുത്ത പരിചാരകവേഷം ഒന്നുകൂടെ നേരെയാക്കി. ഒരുപക്ഷെ താൻ വിളമ്പിക്കൊടുക്കുന്ന അവസാനത്തെ ഭക്ഷണമായതുകൊണ്ടാകാം,   യജമാനൻ വളരെ ചിന്താമഗ്നനായിട്ടാണ്  കഴിക്കുന്നത്. 

തന്റെ പ്രതാപകാലത്തെ അതേ ഗാംഭീര്യം യജമാനൻ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. പാവം. എല്ലാം നഷ്ട പ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനി നഷ്ടപ്പെടാൻ ബാക്കിയുള്ളത്  നഷ്ടപ്രതാപകാലത്തിന്റെ ചിതറിത്തുടങ്ങിയ ഓർമ്മകൾ മാത്രമാണ്. ഈ മൽച്ചമഹലും ഇടിഞ്ഞു വീഴാറായിരിക്കുന്നു.  ചുറ്റിനും  ബാബുൾ   മരങ്ങളാലും വള്ളി പടർപ്പുകളാലും  ചുറ്റപ്പെട്ട് ഈ കെട്ടിടം  ഇങ്ങനെ നാശോന്മുഖമായിട്ട് വ്യാഴവട്ടങ്ങൾ തന്നെ ആയിരി ക്കുന്നു.  കാടും പടർപ്പും  ഈ ചെറിയ കെട്ടിടത്തെ അത്രമേൽ കൈയ്യേറി വികൃതമാക്കിയിരിക്കുന്നു.ഇനിയിത് നന്നാക്കിയെടുക്കുക അചിന്ത്യമാണ്. എല്ലാം സഹിക്കാം;  രാത്രിയിലുള്ള കുറുക്കന്മാരുടെ ഓലിയിടലാണ് അസഹ്യം.  

മൽച്ചമഹലിന്റെ പിന്നിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ പുളിമരത്തിന്റെ ശിഖരങ്ങളിൽ തട്ടി ഒരു ഇളം കാറ്റ് ഗംഗാറാമിനെ തലോടിക്കൊണ്ട് കടന്നു പോയി.  ആകെയൊരാശ്വാസമുള്ളത് ഇടയ്ക്കു വിരുന്നെത്തുന്ന ഇത്തരം ഇളം കാറ്റുകളാണ്. വെന്തെരിയുന്ന അകക്കാമ്പിനു പക്ഷേ ഈ കാറ്റിന്റെ തണുസ്പർശം മതിയാ കുകയില്ലല്ലോ?.  കാലം സമ്മാനിച്ച അവഗണനകളും മുറിവുകളും നിശ്ശബ്ദമായി സ്വീകരിക്കാൻ യജമാനൻ ശീലിച്ചിരിക്കുന്നു.  ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ! വിധിയുമായി സമരസപ്പെടുകയായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.

“ഗംഗാറാം...” 

സൈറസ് രാജകുമാരന്റെ ശബ്ദം  ഗംഗാറാമിനെ ചിന്തകളിൽ നിന്ന് ഉണർത്തി.  

“അങ്ങുന്നേ...”, ഗംഗാറാം എഴുന്നേറ്റ് തന്റെ യജമാനന്റെ മുന്നിൽ ഭവ്യതയോടെ നിന്നു. യജമാനൻ  ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കുന്നു.  ചിന്നൽ വീണ സ്ഫടിക  ഗ്ലാസിൽ വെള്ളം പാതി കുടിക്കാൻ ബാക്കിയുണ്ട്.  ഗംഗാറാം പ്ലേറ്റുകളുമെടുത്തുകൊണ്ടു മൽച്ചമഹലിന്റെ പുറകിലെ വരാന്തയിലേക്ക്  നടന്നു.  ആ  നീളൻ  വരാന്തയിലെ മേശയിലാണ് കഴുകിയ പ്ലേറ്റുകളും ഗ്ലാസുകളും വയ്ക്കുന്നത്.  അതേ, വെറും മേശമേൽ!  ജാലകത്തിനു പുറത്തുള്ള ബാബുൾ മരത്തിലിരുന്ന് ഏതോ പക്ഷികൾ കലപില കൂട്ടുന്നുണ്ട്.  തത്തകളായിരിക്കണം.

“ഗംഗാറാം, നിങ്ങൾ പോകുന്നത് തന്നെയാണ് നല്ലത്.”  

സൈറസിന്റെ ശുഷ്ക്കിച്ച മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു.  അയാളുടെ നീലക്കണ്ണുകൾ  അപ്പോഴും തീക്ഷ്ണങ്ങളായിരുന്നു.യജമാനന്റെ സങ്കടം ഗംഗാറാമിന് മനസ്സിലാകാതിരുന്നില്ല.  അത് നിസ്സഹായതയുടെ നിമന്ത്രണം കൂടിയായിരുന്നു. പക്ഷേ എന്തുചെയ്യാൻ?  താൻ നിസ്സഹായനാണ്.  ഭാര്യയും നാല് കുഞ്ഞുങ്ങളും പിന്നെ രോഗിയായ അമ്മയും തന്റെ തണലിലാണ്.  ഇപ്പോൾത്തന്നെ മാസങ്ങളായിരിക്കുന്നു അവർക്കു എന്തെങ്കിലും അയച്ചു കൊടുത്തിട്ട്. ഗ്രാമത്തിലെ  വീട്ടിൽ രണ്ടു പശുക്കൾകൂടിയുള്ളതുകൊണ്ട്  കൗശിക കഷ്ടിച്ചു കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നു എന്ന് മാത്രം.  എന്നിട്ടും മൂന്നു നേരം നിറച്ചുണ്ണുന്നതു ആഴ്ചയിൽ മൂന്നു ദിവസം മാത്രം.

നേപ്പാളിലെ ഘാർ ഗ്രാമത്തിൽനിന്ന് വന്നവരായിരുന്നു  ഗംഗാറാമിന്റെ മുൻതലമുറക്കാർ.  നൂറ്റാണ്ടുകൾ പഴക്കമുള്ള മാഗർ ഗോത്ര വംശ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നവർ.  നേപ്പാളിലെ പുരാതന ഗോത്രങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്നവരാണ് മാഗർ ഗോത്രജർ.  യുദ്ധ വീരന്മാർ. പാരമ്പര്യം പട്ടിണിക്ക് കാവൽ കിടക്കാൻ തുടങ്ങിയപ്പോഴാണ് ഗംഗാറാമിന്റെ പ്രപിതാമഹന്മാർ ഈ അവധ് രാജവംശ പിൻതലമുറക്കാരുടെ  സേവകരായി ജോലി ചെയ്യാൻ ആരംഭിച്ചത്.

“നിങ്ങൾക്ക് തരാൻ എന്റെ കൈയ്യിൽ ഒന്നുമില്ലല്ലോ ഗംഗാറാം.”  

സൈറസ് രാജകുമാരന്റെ കണ്ഠം ഇടറിയിരുന്നു.  അമ്മയുള്ള കാലം തൊട്ടേ ഗംഗാറാം കൂടെയുണ്ട്.  അമ്മയുടെ ഗ്രേറ്റ് ഡൈൻ  നായ്ക്കളെ പരിപാലിച്ചിരുന്നതും  ഗംഗാറാമായിരുന്നു. നായ്ക്കളുടെ പിറകെ ഓടുന്ന  ഗംഗാറാമിന്റെ രൂപം ഇപ്പോഴും ഓർമ്മയിൽ ചിരി വിടർത്തുന്നു.  മൽച്ചമഹലിന്റെ മുകളിലായിരുന്നു ഈ കസർത്തുകളത്രയും. പക്ഷേ ഒരു രാത്രിയിൽ തങ്ങളുടെ ഏഴു നായ്ക്കളെയും ഏതോ അജ്ഞാതർ വിഷം കൊടുത്ത് കൊന്നിട്ട് കടന്നു കളയുകയായിരുന്നു,  വെറും കൈയ്യോടെയല്ല, ഊണുമേശമേൽ ഉണ്ടായിരുന്ന വെള്ളിപ്പാത്രങ്ങളിൽ ഒട്ടുമുക്കാലും  അവർ കൊണ്ടുപോകുകയും ചെയ്തു.  

അതിൽപിന്നെ തങ്ങൾ  അനുഭവിച്ച രാത്രികളിലെ അരക്ഷിതത്വം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഒടുവിൽ തന്റെ രാജകീയ ഒറ്റപ്പെടലിന്റെ  അവസാന നാളുകളൊന്നിൽ വജ്രക്കല്ലുകൾ പൊടിച്ചു ചേർത്ത് അമ്മ തയാറാക്കിയ ആ നിശ്ശബ്ദദയുടെ പാനീയം അവരെ മരണത്തിന്റെ തണുത്ത വഴിത്താരയിലൂടെ  കൂട്ടിക്കൊണ്ടു  പോയപ്പോഴും  ഗംഗാറാം തങ്ങൾക്കൊപ്പമുണ്ടായിരുന്നു,  കാറ്റിലുലയാത്ത ഒരു വലിയ ബാബുൾ മരം പോലെ. ആ ഗംഗാറാമാണ്‌ ഇപ്പോൾ....പാവം. 

അമ്മയുടെ മരണം ഏറെ തളർത്തിയത് സാകിനയെ ആയിരുന്നു.  അതിൽപിന്നീട് അവൾ കറുത്ത വസ്ത്രം മാത്രം ധരിച്ചു.  പിന്നീടൊരിക്കലും അവൾ തന്റെ മുടി   ചീകിയൊതുക്കിയില്ല. മൽച്ചമഹലിന്റെ  ഇരുണ്ട അകത്തളങ്ങളിൽ അവളുടെ ജീവിതം ഒരു മഹാമൗനമായി ചുരുങ്ങിയൊതുങ്ങി.  പലപ്പോഴും തങ്ങൾക്കു വേണ്ടി വിദേശ പത്രപ്രവർത്തകരോട് വീറോടെ സംസാരിച്ചിരുന്ന അവളുടെ ആ ഉൾവലിയൽ ദയനീയ മായിരുന്നു.  ഒരു ശൈത്യകാല പ്രഭാതത്തിൽ  അവൾക്കുള്ള ചായയുമായി ചെന്ന ഗംഗാറാം കണ്ടത്   തന്റെ ആത്മാവിനെ കഴിഞ്ഞ രാത്രിയുടെ ഏതോ യാമങ്ങളിൽ നിശ്ശബ്ദയായി  യാത്രയാക്കി അവളുടെ ശരീരം മാത്രം തണുത്തു വിറങ്ങലിച്ചങ്ങിനെ... അവളുടെ മരണം ഒരു നിശ്ശബ്ദ പ്രതിഷേധത്തിന്റെ പരിസമാപ്തിയായിരുന്നു.

നൂറ്റാണ്ടുകളുടെ ഭരണ ചരിത്രമുറങ്ങുന്ന ആ മഹാനഗരത്തിലെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം ക്ലാസ് വെയ്റ്റിംഗ് റൂമിൽ  ഒരു ദശാബ്ദത്തോളം ദീർഘിച്ച വാശിയോടെയുള്ള   കാത്തിരിപ്പിനൊടുവിൽ,  അമ്മയും, താനും പിന്നെ സാകിനയും  ഈ മൽച്ച മഹലിലേക്കു താമസം മാറുമ്പോൾ, ഗംഗാറാമും നന്നേ ചെറുപ്പമാ യിരുന്നു.  നീണ്ട ഒരു ദശാബ്ദത്തിലേറെ ദീർഘിച്ച ‘പോരാട്ടം’ അമ്മ സർക്കാരുമായി നടത്തി.  സംഭവബഹുല മായിരുന്നു ആ കാലഘട്ടം! തന്റെ നായാട്ടു യാത്രകളിൽ ഫിറോസ് ഷാ തുഗ്ലക് സുൽത്താൻ വിശ്രമത്തിനു പയോഗിച്ചിരുന്ന ഈ കെട്ടിടം ഒടുവിൽ സർക്കാർ  അമ്മയ്ക്കും തങ്ങൾക്കുമായി താമസത്തിന്  അനുവദിക്കുകയായിരുന്നു.  

പതിമൂന്നോ പതിന്നാലോ  നൂറ്റാണ്ടിലാണ്  ഈ കെട്ടിടം  പണിതിരിക്കുന്നത്.  ഫിറോസ് ഷായുടെ നായാട്ടു സന്ധ്യകൾക്കു നിറം പകർന്ന കെട്ടിടം. വേട്ടക്കാരന്റെ ആക്രോശവും വേട്ട മൃഗത്തിന്റെ നിലവിളിയും രാവിന്റെ ആഘോഷങ്ങളെ നിർന്നിദ്രമാക്കിയ കാനന മന്ദിരം.   പ്രൗഢഗംഭീരമായ ചെങ്കൽ നിർമ്മിതി. തങ്ങൾ ഇവിടേയ്ക്ക് താമസം മാറുമ്പോൾ കാലം ഏൽപ്പിച്ച പരിക്കുകൾ കൂടാതെ നൂറുകണക്കിന് വവ്വാലുകൾ കൂടിയുണ്ടായിരുന്നു ഇവിടെ അന്തേവാസികളായി . അതുംകൂടാതെ പല്ലികളും തേളുകളും കൂടെക്കൂടെ വിരുന്നെത്തുന്ന വിഷപാമ്പുകളും! ഇപ്പോഴും അവയെല്ലാം ഇവിടെയുണ്ട്. എങ്കിലും തന്റെ അമ്മ, ബീഗം വിലായത് മഹൽ, ഇവിടേയ്ക്ക് താമസം മാറുക തന്നെ ചെയ്തു.  അമ്മ എന്തിനാണ് ഇവിടം തിരഞ്ഞെടുത്തത്?   തനിക്കിപ്പോഴും മനസ്സിലാകാത്ത കാര്യമാണത്.

തന്റെ പിതാമഹന്മാരുടെ നഗരത്തിൽ ഒരു നല്ല ഭവനം സർക്കാർ വാഗ്ദാനം ചെയ്തത് അമ്മ രോഷത്തോടെ നിരാകരിച്ചു.  തങ്ങളുടെ രാജകീയ അന്തസ്സിനു ചേരാത്ത ഒരു കെട്ടിടമാണതെന്നു അമ്മ കരുതി.  തന്റെ പിതാമഹന്മാരുടെ ആഡംബര ബംഗ്ലാവുകളിലൊന്ന്  തങ്ങൾക്കു തിരികെ വിട്ടുകിട്ടണം എന്നതായിരുന്നു അമ്മയുടെ ആവശ്യം.  ആ ആവശ്യം ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, അവഗണിക്കപ്പെടുക കൂടി ചെയ്തു. വൈദ്യുതിയും വെള്ളവുമില്ലാതെ ഈ കെട്ടിടത്തിലെ മൂന്ന് മുറികളിലായി തങ്ങൾ നയിച്ച ജീവിതം ഒരു രാജകുടുംബത്തിന്റെ അന്തസ്സിനൊത്തതായിരുന്നില്ല മറിച്ച്, അതിദയനീയമായ നിസ്സഹായതയോടെയായിരുന്നു.  

അമ്മ എപ്പോഴും ഒരു കനത്ത മൗനം കാത്തുസൂക്ഷിച്ചു.  അതേ മൗനം തന്നെ തങ്ങളും ശീലിച്ചു. അമ്മയുടെ ആ അമാനുഷികമായ മൗനത്തിനു പിന്നിൽ മറഞ്ഞു പോയ മറ്റു ചില കാര്യങ്ങൾ കൂടി ഉണ്ടായിരുന്നു.  പാകിസ്ഥാനിലും പിന്നീട് കാശ്മീരിലുമായി തങ്ങൾ ചിലവഴിച്ച ജീവിതത്തിന്റെ വസന്തകാലം.  അക്കാലത്തെക്കുറിച്ചു അമ്മ പാലിച്ച അർത്ഥപൂർണ്ണമായ മൗനം എന്തിനായിരുന്നു എന്ന് ഇന്നും തനിക്കു മനസിലായിട്ടില്ല. വല്ലപ്പോഴും വന്നെത്തുന്ന വിദേശ പത്രപ്രവർത്തകരെ സ്വീകരിക്കാൻ മാത്രം മൽച്ചമഹലിന്റെ തുരുമ്പിച്ച പ്രവേശന കവാടം അക്കാലങ്ങളിൽ തുറക്കപ്പെട്ടു. അവർ സമ്മാനിച്ച നോട്ടുകൾ വൈമനസ്യ ത്തോടെയാണെങ്കിലും ഗംഗാറാം മുഖേന സ്വീകരിച്ചു.  അവരുടെ റിപ്പോർട്ടുകളിലൂടെ  ഞങ്ങളുടെ പരിതാപകരമായ നിശ്ശബ്ദജീവിതം ലോകമറിഞ്ഞു.  

മറ്റൊരു കാര്യം ഉള്ളത് അമ്മ  രാഷ്ട്രീയ ദുഷ്പ്രഭുത്ത്വത്തെ വളരെയേറെ വെറുത്തിരുന്നു. അവധ് രാജവംശത്തിന്റെ പിൻതലമുറക്കാരിയായ  തന്നോട്  അവർ അനീതിയാണ് ചെയ്തത് എന്ന് അമ്മ മരണം വരെയും വിശ്വസിച്ചിരുന്നു.  അമ്മയുടെ സാരിയുടെ മടക്കുകളിൽ സൂക്ഷിച്ചിരുന്ന പിസ്റ്റൾ അവർ എപ്പോഴെങ്കിലും എടുത്ത് ഉപയോഗിച്ചേക്കുമെന്നു താനും സാക്കിനയും എന്നും ഭയപ്പെട്ടിരുന്നു.

“ഗംഗാറാം, നിങ്ങൾ പൊയ്ക്കൊള്ളൂ.  ഇത്രയും നാൾ നിങ്ങൾ പുലർത്തിയ വിശ്വസ്തതയ്ക്ക് പ്രതിഫലം നൽകാൻ ഞാനിന്നു പ്രാപ്തനല്ല.  എങ്കിലും  അമ്മയുടെ ഈ വെള്ളിപ്പിഞ്ഞാണങ്ങൾ നിങ്ങൾ എടുത്തുകൊള്ളൂ.  ഒരുപക്ഷെ നിങ്ങൾക്ക് അത് ഉപകരിച്ചേക്കും.”

“വേണ്ട യജമാനനെ,  എന്റെ ഭവനത്തിനു ഈ പാത്രങ്ങൾ ശോഭ പകരില്ല.  അങ്ങയുടേയും കുടുംബത്തി ന്റെയും  ഓർമ്മകൾ എന്റെ കൂടെ എന്നും ഉണ്ടായിരിക്കും. ആ ഓർമ്മകളുടെ ഭംഗി റെയ്‌സിന കുന്നിലെ പനിനീർ പുഷ്പങ്ങൾക്കു പോലുമുണ്ടാവുകയില്ല.”

“എങ്കിൽ ആ പഴയ മരപ്പെട്ടികളിൽനിന്ന് അമ്മയുടെ കനമുള്ള പട്ടുസാരികളിൽ ഏതാനും സാരികൾ എടുത്തേയ്ക്കുക .  കൗശികയ്ക്ക് എന്റെ വക സമ്മാനമായി കൊടുത്തേക്കുക.  അവൾക്കൊരുപക്ഷേ അത് സന്തോഷം നൽകിയേക്കാം.”  സൈറസ് പറഞ്ഞു കൊണ്ടേയിരുന്നു. 

ഗംഗാറാം ഒന്നും മിണ്ടിയില്ല.  യജമാനത്തിയുടെ സാരികളെക്കുറിച്ചോർത്ത് അയാൾ ഭാരപ്പെട്ടു.   ദശാബ്ദങ്ങ ളായി ആ പെട്ടിയിൽ മടക്കി വച്ചിരുന്ന പട്ടുസാരികൾ ചിതലരിച്ചു നശിച്ചു പോയിട്ട്  നാളുകളായിരുന്നു.  യജമാനൻ അത് ഓർക്കുന്നേയില്ലല്ലോ എന്ന് അയാൾ അത്ഭുതപ്പെട്ടു.  യജമാനൻ കുറച്ചു നാളുകളായി അങ്ങനെയാണ്.  മറവി അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു.  ചിലപ്പോൾ പഴയ പെട്ടികളിൽ വജ്രക്കല്ലുകൾ തിരയുന്നത് കാണാം.  ഓർമ്മകൾ ഉണരുമ്പോഴാണല്ലോ സത്യത്തിൽ മറവിയും കൂടെ ഉണരുന്നത്? രണ്ടും ഒരു നാണയത്തിന്റെ ഇരുപുറങ്ങൾ മാത്രം!

പുറത്തെ ബാബുൾ മരങ്ങളിൽ തത്തകളുടെ കലപില ശബ്ദം. സൈറസിന് പിന്നീടൊന്നും പറയാനുണ്ടായിരുന്നില്ല.  ഗംഗാറാം പോകട്ടെ.  തനിക്ക് ഈ ബാബുൾ മരക്കാടിന്   നടുവിൽ ഈ മരങ്ങൾ തീർക്കുന്ന തണൽ തന്നെ ധാരാളം.  രാത്രികളിലെ കുറുക്കന്മാരുടെ ഓലിയിടൽ മാത്രമാണ് ശല്യം.  ഒന്നോർത്താൽ താൻ ഇപ്പോൾ അവയുടെ ദയയിലാണ്‌ കഴിയുന്നത്.  അല്ലെങ്കിൽ എത്രയോ മുമ്പ് തന്നെ അവ തന്നെ ആഹാരമാക്കിയിട്ടുണ്ടാകും.  അല്ലെങ്കിലും അവയുടെ വിശപ്പിന് തന്റെ പട്ടിണി മറുപടിയാകുന്ന കാലം വിദൂരമല്ല!  ഇപ്പോൾ തന്നെ ചാവാലി പട്ടികൾ ഇവിടെ എപ്പോഴും കയറിയിറങ്ങുക പതിവായിരിക്കുന്നു.  വാതിലുകളും ജനലുകളും ഇല്ലാത്ത മൽച്ചമഹൽ എല്ലാവർക്കും സ്വാഗതമോതുന്നു.  അതിന്റെ ഉടമയായ താൻ മാത്രം ഇവിടെ ഈ അനാഥത്വവും പേറി...

ഗംഗാറാം തന്റെ വെളുത്ത പരിചാരകവേഷം അഴിച്ചു തുടങ്ങിയിരുന്നു.  ഇനിയതിന്റെ ആവശ്യമില്ലല്ലോ? ജീവിതം മുഴുവൻ നിറഞ്ഞാടിയ ഒരു വേഷത്തിന്റെ ശാശ്വതമായ അനാവരണം.  എടുക്കാനായി ആകെയുള്ളതൊരു കൊച്ചു പെട്ടിയാണ് .  കുറച്ചപ്പുറത്തുള്ള ഔലിയയുടെ ദർഗയുടെ പരിസരത്തുനിന്ന് കുറച്ചു പലഹാരങ്ങൾ വാങ്ങി കയ്യിൽ കരുതാം.  തന്റെ കുഞ്ഞുങ്ങൾക്ക് സന്തോഷമാകും.  കൗശികയ്ക്കു നേരത്തെ തന്നെ കൈയ്യിൽ കരുതിയിട്ടുള്ള വിലകുറഞ്ഞ ഒരു കോട്ടൺ സാരിയുണ്ട്.  അവൾക്കതു മതിയാകും.  അമ്മയ്ക്കോ?  കുറച്ചു പുളിമിട്ടായി വാങ്ങാം.  അമ്മയ്ക്കത് വലിയ ഇഷ്ടമാണ്.

   

തന്റെ തേഞ്ഞു തീരാറായ വള്ളിചെരുപ്പുമിട്ട് ഗംഗാറാം പതിയ മൽച്ച  മഹലിന്റെ പൊളിഞ്ഞടർന്ന പടിക്കെട്ടുകൾ ഇറങ്ങാൻ തുടങ്ങി.  വരാന്തയിലെ ഊണുമേശയിൽ നിരത്തി വച്ച ഒഴിഞ്ഞ രണ്ടു പ്ലേറ്റുകളും സ്ഫടിക ഗ്ലാസിൽ നിറച്ചു മൂടി വച്ച വെള്ളവും ബീഗം വിലായത് മഹലിന്റെ അദൃശ്യ സാന്നിധ്യം അയാളെ ഓർമ്മിപ്പിച്ചു. അവരുടെ മരണത്തിനു ശേഷം ഇത്രയും വർഷങ്ങളായിട്ടും അവർക്കായി തന്റെ യജമാനൻ ഇപ്പോഴും തീൻമേശയൊരുക്കുന്നു!  ഗ്ലാസിൽ കുടിക്കാനുള്ള വെള്ളം നിറച്ചു മൂടിവയ്ക്കുന്നു!

അയാളുടെ മനസ്സ് ശൂന്യമായിരുന്നു.  കാലവൃക്ഷത്തിന്റെ പത്രങ്ങൾ വീണു മറഞ്ഞു പോയ രാജപാതകളിൽ, സിംഹാസനങ്ങളുടെ ഉയർച്ചയും പതനവും കണ്ട  വന്യമായ കോട്ടകൊത്തളങ്ങളിൽ, ലക്ഷക്കണക്കിന് മനുഷ്യരുടെ വിയർപ്പുതുള്ളികൾ ഇറ്റിറ്റു വീഴുന്ന നഗരസിരാകേന്ദ്രങ്ങളിൽ  ഈ മഹാനഗരം പുനർജ്ജനി നൂഴുമ്പോൾ ഇവിടെ ഈ വനസ്ഥലിയുടെ ഏകാന്ത വാസഗൃഹത്തിൽ താൻ കൂടി പോകുന്നതോടെ യജമാനൻ തീർത്തും ഒറ്റപ്പെടുകയാണ്.  മൽച്ചമഹലിന്റെ ഇരുണ്ട അകത്തളങ്ങളിലേക്ക് മാത്രമല്ല, കാലം കനത്ത മൗനമായി കാലാന്തരങ്ങൾ കഴിക്കുന്ന ഏതോ ഒരിടത്തിലേക്ക്, ഒരുപക്ഷേ വിസ്മൃതിയിലേക്ക്...

അന്നവസാനമായി  സൈറസ് രാജകുമാരൻ മൽച്ചമഹലിൽനിന്നു അതിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന  ഒറ്റയടി പാതയിലേക്ക്,  ഗംഗാറാം നടന്നുമറഞ്ഞ വള്ളിമുൾപടർപ്പിലേക്കു, കുറെ നേരം നോക്കി നിന്നു. ചുറ്റിലും ബാബുൾ മരക്കാട് വന്യമായൊരു  നിശ്ശബ്ദതയും പേറി നിന്നു. പിന്നീടയാൾ തന്റെ ഒരുകാൽ നഷ്ടപ്പെട്ട, കല്ലുകൾകൊണ്ട് താങ്ങു നല്കിനിർത്തിയ  കട്ടിലിൽ പോയി കിടന്നു.  അയാൾ അപ്പോൾ അമ്മയെ ഓർത്തു.  സാകിനയെ ഓർത്തു.

സമയം സന്ധ്യയായിരുന്നു.  മൽച്ച മഹലിന്റെ മുകളിൽ രാവിന്റെ കമ്പളം അപ്പോൾ മൂടുവാൻ തുടങ്ങുകയാ യിരുന്നു. അന്നെന്തുകൊണ്ടോ, അത് പതിവിലും നേരത്തേയുമായിരുന്നു.

English Summary : Babool Marangalude Kavalkkaran Story By Byju Tharayil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;