ADVERTISEMENT

അനുഭവക്കുറിപ്പ്

ഇന്നലെകൾ ഓർമകളാകട്ടെ. നാളെകൾ പ്രതീക്ഷകളാകട്ടെ. ജീവിതം ഇന്നിൽ അല്ലേ?. ചില മനുഷ്യർ അങ്ങനെയാണ് കുറച്ചു നിമിഷങ്ങളെ നമ്മുടെ ജീവിതത്തിലൂടെ വന്നുപോകൂ. പക്ഷേ ഒരായുസ്സിന്റെ പാഠങ്ങൾ പഠിപ്പിച്ചേ കടന്നു പോകൂ. ഞാൻ തിരുവന്തപുരത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന സമയം(പിജി അവസാന സെമസ്റ്റർ). വളരെ കുറച്ചുകാലമേ ഞാൻ അവിടെ ജോലി ചെയ്തിട്ടുള്ളു എങ്കിലും, ഒരുപാട് അനുഭവങ്ങൾ നേടി തന്ന ഒരു സ്ഥലമായിരുന്നു അവിടം. അവിടെ വരുന്ന കുട്ടികൾക്ക് പ്രോഗ്രാമിങ് ലാംഗ്വേജ് പഠിപ്പിക്കുക, ചെറിയ സോഫ്റ്റ്‌വെയർ ചെയ്തു കൊടുക്കുക, അതൊക്കെ ആയിരുന്നു അവിടുത്തെ എന്റെ ജോലി. 

 

 

ഒരോ ബാച്ച് ആയാണ് കുട്ടികളെ പഠിപ്പിക്കുക പതിവ്. പഠിപ്പിക്കൽ എന്നാണോ അതിനെ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. എനിക്ക് അറിയാവുന്ന C, C++, java (പേടിക്കേണ്ട കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്യാൻ ഉപയോഗിക്കുന്ന ഭാഷയാണ് ) ഒക്കെ പറഞ്ഞു കൊടുക്കുമായിരുന്നു എന്ന് പറയുന്നതാവും ശരി. പതിവ് പോലെ ഒരു ബാച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തുകൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ, അവിടുത്തെ HR ആയിരുന്ന ചേച്ചി വന്നു ചോദിച്ചു ‘‘ഒരു കുട്ടിയെക്കൂടെ ഇവിടെ ഇരുത്തിക്കോട്ടെ ? ഈ ക്ലാസ്സിന്റെ ഇടയിൽ നിനക്ക് പറ്റുമ്പോലെ എന്തേലുമൊക്കെ ഒന്ന് പറഞ്ഞു കൊടുത്താ മതി’’.  ഉള്ളിൽ നല്ല നീരസം തോന്നി എങ്കിലും, ചേച്ചിക്ക് എന്നോട് ഉള്ള വാത്സല്യം കൊണ്ടും, പി.ജി അവസാന വർഷ പ്രൊജക്റ്റ് ചെയ്യാൻ എനിക്ക് ആവശ്യത്തിന് ലീവ് ഒപ്പിച്ചു തരുന്നതുകൊണ്ടും ഞാൻ മടിക്കാതെ ഓക്കെ പറഞ്ഞു. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായം ഉള്ള ഒരു പയ്യനെ കൂട്ടിക്കൊണ്ട് വന്നു ചേച്ചി ക്ലാസ്റൂമിലെ അവസാനത്തെ ഒരു സീറ്റിൽ കൊണ്ടിരുത്തി. ഞാൻ എടുത്തുകൊണ്ടിരുന്ന ക്ലാസ് തുടർന്നു. പുതുതായി വന്ന കുട്ടി എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ട്, ഞാൻ ഇവിടെ ഇരിപ്പുണ്ട് എന്ന ഭാവത്തിൽ. 

 

 

മറ്റുകുട്ടികൾക്ക് ഞാൻ ഒരു ബ്രേക്ക് കൊടുത്തു. അവന്റെ അടുത്തേക്ക് ചെന്നു. അവന്റെ പേര് (ആദർശ് എന്നാണെന്റെ ഓർമ്മ ) ചോദിച്ചു ഒന്ന് പരിചയപെട്ടു. അവനു പ്രോഗ്രാമിങ് ഒരുപാട് ഇഷ്ടം ആണെന്നും, ഏതേലും ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് പഠിച്ചാൽ കൊള്ളാമെന്നുണ്ടെന്നും അവൻ പറഞ്ഞു. പഠിക്കാൻ അത്യുത്സാഹിയായ ഒരു കുട്ടിയായി തോന്നി. അവനു ഞാൻ കമ്പ്യൂട്ടറിന്റെ ബേസിക്കായ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തിട്ട് കമ്പ്യൂട്ടർ ഓൺ ആക്കാൻ പറഞ്ഞു. ബ്രേക്ക് കഴിഞ്ഞു വന്ന കുട്ടികളുടെ അടുത്തേക്കുചെന്നു അവരുടെ ക്ലാസ് തുടർന്നു. അവരുടെ ക്ലാസ് അവസാനിപ്പിച്ച്‌ ഞാൻ അവന്റെ അടുത്തേക്ക് തിരികെ ചെന്നപ്പോളും അവൻ കമ്പ്യൂട്ടർ ഓൺ ആക്കാതെ എന്നെ നോക്കി ഇരിക്കുകയായിരുന്നു. 

 

 

പ്രോഗ്രാമിങ് ലാംഗ്വേജ് പഠിക്കാൻ ഇത്രയും ആഗ്രഹം ഉള്ള ഒരാൾക്കു കമ്പ്യൂട്ടർ പോലും ഓൺ ആക്കാൻ അറിയാത്തതിൽ ഞാൻ ഉള്ളുകൊണ്ടു ചിരിച്ചു. എന്നിട്ട് കമ്പ്യൂട്ടർ ഓൺ ആക്കി കൊടുത്തു. ഒരു തുടക്കാരനുവേണ്ട അത്യാവശ്യം കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു. വീട്ടിൽചെന്ന് കുറച്ച് ആലോചിച്ച് ചെയ്യാൻ കുറച്ച അധികം ഹോംവർക് ഒക്കെ കൊടുത്തുവിട്ടാണ് അന്നത്തെ ക്ലാസ് അവാസാനിപ്പിച്ചത്. അടുത്ത ദിവസം പതിവുപോലെ ഞാൻ ക്ലാസ് എടുത്തുകൊണ്ട് ഇരിക്കുമ്പോൾ ഇന്നലെ വന്ന അതേ പയ്യനെ രണ്ട് സ്ത്രീകൾ താങ്ങി പിടിച്ചു കൊണ്ട് വരുന്നതുകണ്ടു. അവർ നേരെവന്നു എന്റെ ക്ലാസ്സിന്റെ മുന്നിൽ വന്നുനിന്ന്, അകത്തു കയറാൻ അനുവാദം ചോദിച്ചു. 

 

 

ഞാൻ ചെന്ന് ഡോർ തുറന്നു കൊടുത്തു, അവർ അവനെ അകത്തുള്ള ഒരു സീറ്റിൽ ഇരുത്തി. അതിലൊരു സ്ത്രീ അവൻ കാണാതെ പുറത്തേക്ക് ഒന്ന് വരുമോ എന്ന് ആഗ്യം കാണിച്ചു. അവന്റെ ആന്റി ആണെന്ന് എന്നെ പരിചയപെടുത്തി പറഞ്ഞു തുടങ്ങി. ടീച്ചർ അവനു ഇനി ഹോംവർക്ക് കൊടുക്കരുത് , ഹോംവർക്ക് കൊടുത്താൽ എന്താണെന്ന ഭാവത്തിൽ ഞാൻ അവരെ ഒന്ന് നോക്കി. ഹോംവർക്ക് ഒരു ടീച്ചറുടെ കുത്തകയാണല്ലോ! അവർക്ക് തുടന്ന് പറയാൻ എന്തോ ബുദ്ധിമുട്ടുള്ള പോലെ തോന്നി. ഒരു നെടുവീർപ്പിനു ശേഷം അവർ പറഞ്ഞു തുടങ്ങി. അവനു ക്യാൻസറാണ്. ബ്ലഡ് ക്യാൻസറിന്റെ ഫൈനൽ സ്റ്റേജ് ഒക്കെ കഴിഞ്ഞു . മൂർച്ചയുള്ള ഒരു കത്തി നെഞ്ചിൽ കുത്തിയിറക്കും പോലെ തോന്നി എനിക്ക്. അവർ തുടർന്ന്, അവൻ പഠിക്കാൻ മിടുക്കനായിരുന്നു. അടങ്ങി ഇരിക്കാത്ത പ്രകൃതമാ, പുതിയ കാര്യങ്ങൾ ഒക്കെ പഠിക്കാൻ വലിയ താല്പര്യമുള്ള കുട്ട്യാ.

 

ഇപ്പൊ അവൻ വാശി പിടിച്ചിട്ടാണ് ഞങ്ങൾ ഇവിടെ ഈ ക്ലാസ്സിനു കൊണ്ടുവന്നത് . ഇനി ഒന്നും ചെയ്യാനില്ല എന്നാണ് ഡോക്ടർ പറഞ്ഞത്.ഇനിയുള്ള അവന്റെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു കൊടുക്കണം അതുമാത്രേ ഇപ്പൊ ഞങ്ങളുടെ മനസ്സിലുള്ളു. ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ കുട്ട്യാ അവൻ, അവന്റെ അച്ഛനും അമ്മക്കും ആണായും പെണ്ണായും അവൻ മാത്രേഉള്ളു. അവരുടെ ഉള്ളിൽ തങ്ങി നിന്ന കണ്ണീർ മുഖത്തൂടെ ഒഴുകുന്നത് കാണാൻ കെൽപില്ലാതെ ഞാൻ ദൂരെ എവിടേക്കോ ശ്രദ്ധ തിരിച്ചു. അല്പം മാറി പുറം തിരിഞ്ഞു നിൽക്കുന്ന സ്ത്രീ അവന്റെ അമ്മയാണെന്ന് ഊഹിക്കാൻ അവർ എന്നിൽ നിന്ന് മറയ്ക്കുന്ന കണ്ണീർ തന്നെ ധരാളമായിരുന്നു. 

 

 

ടീച്ചർ ഇന്നലെ കൊടുത്ത ഹോംവർക്ക് ചെയ്തിട്ടേ കിടക്കു എന്ന് അവൻ വാശി പിടിച്ചു, ഒരുപാട് രാത്രിയായി ഇന്നലെ കിടന്നപ്പോൾ, കയ്യിലും മുഖത്തും ഒക്കെ നീര് വെച്ചിട്ടുണ്ട്. ഈ ഇൻസ്റ്റിറ്റ്യൂട്ട് മൂന്നാമത്തെ നിലയിൽ ആയതു കൊണ്ടും ലിഫ്റ്റ് സൗകര്യം ഇല്ലാത്തതുകൊണ്ടും സ്റ്റെപ് കയറി അവന്റെ കാലിനും നീരുവെച്ചിട്ടുണ്ട്. 

 

 

‘‘ഞാൻ ശ്രദ്ധിച്ചോളാം’’ എന്നുമാത്രം പറഞ്ഞ് അവർക്കു മുഖം കൊടുക്കാതെ തിരിഞ്ഞു നടന്നു. അവർ പറയാതെ ബാക്കിവെച്ചതിനുള്ളിലെ ഒരായിരം വിതുമ്പൽ എനിക്ക് കേൾക്കുമായിരുന്നു...ഉള്ളുകൊണ്ട് ഞാൻ നൂറുവട്ടം ആ അമ്മയോട് മാപ്പിരന്നിരുന്നു...അവന്റെ മുഖത്തു നോക്കാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു. എന്നിലെ മനുഷ്യൻ തീരെ ചെറുതായി അവന്റെ കാലടിയിലെ മണ്ണായി മാറിയെങ്കിൽ, അവൻ എന്നെ ഞെരിച്ചു ഒന്ന് വേദനിപ്പിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. ഞാൻ അവന്റെ അടുത്ത് ചെന്നിരുന്നു, അവന്റെ കയ്യിലൊന്നു തൊട്ടു, തണുത്ത ആ കയ്യിലൊന്നു അമർത്തിപ്പിടിച്ചു, മാപ്പിരന്നു....നാലര വർഷത്തെ അധ്യാപന ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച വിദ്യാർത്ഥി അവനായിരുന്നു.

 

 

ഇനി അങ്ങനെ ഒരു വിദ്യാർത്ഥി ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല . ഒഴുകാൻ മടിച്ചു നിന്ന കണ്ണീർ ഒരു അണ പോലെ പൊട്ടിയൊലിക്കും മുമ്പേ ഞാൻ ബോർഡിലേക്ക് നോക്കി നടന്നു. അവനെ ചേർത്ത് പിടിച്ചു കുഞ്ഞേ നിനക്കു വേദനിച്ചോ എന്ന് ചോദിയ്ക്കാൻ തോന്നിയിരുന്നു, പക്ഷേ എനിക്ക് കഴിഞ്ഞില്ല . അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല. അവനു എത്ര അവേദനിച്ചിട്ടുണ്ടാകും, എന്നിട്ടും ഒരു പരിഭവം പോലും പറയാതെ അവൻ... ഇന്ന് അവൻ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച വിദ്യാർത്ഥി അവനായിരുന്നു. അന്നത്തെ ക്ലാസ്സിനെ ശേഷം ഞാൻ അവനെ കണ്ടിട്ട് ഇല്ല. ഇന്നും അവൻ എനിക്കൊരു നനവോർമ്മയാണ്. 

 

 

ചില ജീവിതങ്ങൾ അങ്ങനെയാണ് കുറച്ചു നേരത്തേക്കേ നമ്മുടെ ജീവിതത്തിലൂടെ കടന്നു പോകൂ, പക്ഷെ ഒരായുസ്സിന്റെ പാഠങ്ങൾ പഠിപ്പിക്കും. അവനെ കുറച്ചുകൂടെ കരുതലോടെ, കരുണയോടെ എനിക്ക് പരിഗണിക്കാമായിരുന്നു, കാണാമായിരുന്നു. നമ്മുടെ മുന്നിൽ വരുന്ന ഓരോ ജീവനും ഓരോരോ കഥയുണ്ടാകും വേദനയുടെ , അടിച്ചമർത്തലുകളുടെ, ഒറ്റപെടലിന്റെ , രോഗത്തിന്റെ , വിശപ്പിന്റെ , ദാരിദ്ര്യത്തിന്റെ,ചതിയുടെ....കരുണയുള്ളവരാകാം നമുക്ക് ...

 

 

അവൻ പഠിപ്പിച്ച മറ്റൊരു മഹത്തായ പാഠമുണ്ട് ‘‘ഇന്നിൽ ജീവിക്കുക’’ സ്വന്തം എന്ന് പറയാൻ നമുക്ക് അവകാശമുള്ളത് ഈ ഒരു നിമിഷം മാത്രമാണ് . ജീവിതത്തിൽ വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ, ഞാൻ അവനെ എന്റെ ഗുരുവായി കാണാറുണ്ട്. അവൻ പഠിപ്പിച്ച ഫീസില്ലാത്ത പാഠങ്ങൾക്കു നന്ദി പറയാറുണ്ട് എപ്പോളും .അസൈന്റ്മെന്റ് വെക്കാൻ വൈകിയതിന് നൂറായിരം ഒഴിവുകഴിവു പറയുന്ന കുട്ടികളെ കാണുമ്പോളും, അവനെ ഞാൻ ഓർക്കാറുണ്ട്.നമ്മുടെ ഉള്ളിലൊക്കെയുള്ള ജീവന്റെ ആയുസ്സിനെ അവൻ എങ്ങനെയാകും അളന്നത് ? അതിന്റെ ദൈർഘ്യം അവനു ഈ നിമിഷത്തിന്റെ ദൈർഘ്യം ആകില്ലേ? നമ്മളാരും ഇന്നിൽ ജീവിക്കുന്നില്ല. നാളെയെക്കുറർത്തു ഇന്നിന്റെ നല്ല നിമിഷങ്ങളെ പാഴാക്കി ക്കളയുന്നവരാകാം. കൊറോണ കാലമാണ് ഭാവിയെകുറിച്ച ഓർത്തു എല്ലാവർക്കും ആകുലതയുണ്ട്, എങ്കിലും നമുക്ക് ഒന്ന് മാറ്റിചിന്തിക്കാം....

 

‘‘ഇന്നിന്റെ വെളിച്ചത്തെ നാളത്തെ ഇരുട്ടിലേക്ക് നോക്കി കാണാതെ ഇരിക്കരൂത്’’ ഇനി ചിന്തിക്കൂ. നമുക്ക് ജീവിക്കാൻ എത്ര സമയം വേണം ? ഈ നിമിഷം തന്നെ ധാരാളം അല്ലേ?’’

                                

English Summary : Innale Ormakalavatte Memories By Anju Sukumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com