ADVERTISEMENT

അചേതനവസ്തുക്കളുടെ മനശ്ശാസ്ത്രം (കഥ)

 

സന്ധ്യയ്ക്ക് വായനശാലയിൽ നിന്നിറങ്ങുമ്പോഴാണ് കരുണാകരൻ മാഷ് അചേതനവസ്തുക്കളുടെ മനശ്ശാസ്ത്രത്തെക്കുറിച്ചു ദാസനോട് പറയുന്നത്. അചേതനവസ്തുക്കളുടെ മനശ്ശാസ്ത്രം മനുഷ്യന്റെ ദൈനം ദിന ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എന്ത്, എങ്ങനെ എന്നതായിരുന്നു മാഷുടെ വിഷയത്തിന്റെ അന്തസത്ത.

 

 

തലകുനിച്ചു റോഡിന്റെ ഓരം ചേർന്ന് നടക്കുന്ന മാഷെ ദാസൻ പകച്ചുനോക്കി.മാഷുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.ദാസന്റെ അമ്പരപ്പ് ഒരു സംശയരൂപത്തിലാണ് പുറത്തു ചാടിയത്.

 

‘‘അചേതന വസ്തുക്കൾക്ക് മനസ്സ് എന്ന ഒന്നില്ലല്ലോ, പിന്നെ എങ്ങനെ മനശ്ശാസ്ത്രമുണ്ടാകും?’’

 

മാഷുടെ മുഖം ഒന്നയഞ്ഞു.

 

‘‘അചേതന വസ്തുക്കൾ മനുഷ്യ മനശ്ശാസ്ത്രത്തെ പ്രത്യേക തരത്തിൽ സ്വാധീനിക്കുകയാണ് ചെയ്യുന്നത്. അതായത് മനുഷ്യന് അടിക്കടി ഉണ്ടാകുന്ന പ്രതിബന്ധങ്ങളിൽ ഈ അചേതന വസ്തുക്കൾ അവയ്ക്ക് പൊതുവായി ഒരു സ്വഭാവമുള്ളതുപോലെ പെരുമാറുന്നു. അനുകൂല സന്ദർഭങ്ങളിലും ഇത് കാണപ്പെടുന്നുണ്ട്. എങ്കിലും പ്രതികൂലമാകുമ്പോൾ മാത്രമാണ് യഥാർത്ഥത്തിൽ മനുഷ്യൻ ഇതേക്കുറിച്ചു ബോധവാനാകുന്നത് തന്നെ’’

 

തുടർന്ന് ഒന്ന് രണ്ട് ഉദാഹരണങ്ങൾ കൂടി പറഞ്ഞു മാഷ്. അവയൊത്ത്‌ പൂർണമായി യോജിച്ചു പോകത്തക്കവിധം വികസിച്ചിരുന്നില്ല ദാസൻ. ഇടം വലം നോക്കാതെ കാൽവിരലുകൾ നോക്കി മാഷ് നടന്നു. മാഷിങ്ങനെയാണ്. ഏന്തെങ്കിലും ഒരു വിഷയം മാഷുക്കുള്ളിൽ മുളപൊട്ടിയാൽ അതുവികസിച്ചു പൂർണ്ണമാകുന്നതുവരെ അധികം സംസാരിക്കില്ല.പിന്നെ അതെഴുതി കഴിയുന്നതുവരെ മാഷ് പുറത്തേക്കിറങ്ങില്ല. നാലഞ്ചു ദിവസങ്ങൾ വരെ നീളാം ഇത്.

 

 

പാലത്തിനുമുകളിൽ എത്തിയപ്പോൾ മാഷിനും ദാസനും തെരഞ്ഞെടുക്കേണ്ട വഴികൾ രണ്ടായി. ദാസനോട് യാത്രപോലും പറയാതെ മാഷ് ഇടത്തോട്ടു തിരിഞ്ഞു. ദാസൻ മാഷുടെ നടത്തം നോക്കി നിന്നു.

പ്രബന്ധരൂപത്തിലുള്ള അച്ചടിച്ചതും അല്ലാത്തതുമായ മാഷുടെ ഒരുപാട് രചനകൾ ദാസൻ വായിച്ചിട്ടുണ്ട്. അവയിൽ മിക്കതും ദാസന് ഭാവനയിൽ കാണാൻ പോലും സാധിക്കാത്ത മണ്ഡലങ്ങളിലെ കാര്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അവയിലൊന്നും ജീവിതമില്ലെന്ന് ദാസൻ വാദിച്ചു. 

 

 

ചില സായാഹ്നങ്ങളിൽ മാഷുമായി ഇതേക്കുറിച്ചു ദാസൻ തർക്കിച്ചിട്ടുണ്ട്. തർക്കമെല്ലാം ഒടുങ്ങുക തോൽവിസമ്മതിക്കാത്ത എല്ലാം അറിയുന്നെന്നുള്ള മാഷുടെ ചിരിയിലാണ്. ആ നാട്ടിൻപുറത്തുള്ള നാലഞ്ചു ചായക്കടകളിൽ ഒന്ന് ദാസന്റെ അച്ഛന്റേതാണ്. അച്ഛനെ സഹായിക്കാനായി അമ്മയും ദാസനുമു ണ്ടാകും. ദാസൻ വലത്തോട്ട് നേരെ കടയിലേക്ക് നടന്നു. അമ്മയ്ക്ക് പനി തുടങ്ങിയിട്ട് മൂന്നു നാലു ദിവസങ്ങളായി. കടയിൽ ചെന്ന് ദോശക്കും ഇഡ്ഡലിക്കുമുള്ളത് അരയ്ക്കാനിടണം. നാളെ കടയിൽ ദാസൻ തനിച്ചായിരിക്കും. അമ്മയെ ഏതെങ്കിലും ഒരു ഡോക്ടറെ കാണിക്കേണ്ടകാര്യം അച്ഛൻ അലസമായി പറഞ്ഞിരുന്നു.

 

 

കഴിയുന്ന വേഗത്തിൽ പണിയെല്ലാം തീർത്ത് ദാസൻ വീട്ടിലേക്കു നടന്നു. ഊണുകഴിച്ചു പനിച്ചുതുള്ളുന്ന അമ്മക്കരികിൽ തന്നെ ദാസനും കിടന്നു. ദിനചര്യകൾക്കുശേഷം നനഞ്ഞ പുലരിയിലൂടെ ദാസൻ കടയിലേക്ക് നടന്നു. കുടചൂടിയിരുന്നിട്ടും വരമ്പിലൂടെ നടക്കുമ്പോൾ ദാസൻ അൽപാൽപമായി നനയാൻ തുടങ്ങിയിരുന്നു. പൂട്ടിൽ തൊട്ടുതലയിൽ വെച്ച് കമ്പി വലിച്ചൂരി നിരപ്പലക ഒന്ന് മാറ്റി ദാസൻ അകത്തുകടന്നു. 

 

 

ഇരുളിലൂടെ കൈതപ്പിചെന്ന് സ്വിച്ചിട്ടപ്പോഴും നിരപ്പലക വിടവിലൂടെ അകത്തുകടന്നുവരുന്ന തെരുവുവിളക്കിന്റെ അരണ്ട പ്രകാശമാണ് നിലനിന്നത്. ഫാനിന്റേയും ട്യൂബ്‌ ലൈറ്റിന്റെയും പിന്നെ റേഡിയോയുടേതുമായിട്ടുള്ള മൂന്നു സ്വിച്ചുകളാണ് നിരയായി ഒരു ബോർഡിൽ സ്ഥാപിച്ചിട്ടുള്ളത്. സ്വിച്ചുകളുടെ സ്ഥാനമൊക്കെ ദാസന് കൃത്യമായിട്ട് അറിയുമായിരുന്നെങ്കിലും അലസമായുള്ള അവയുടെ പ്രയോഗംവഴി തെറ്റുപറ്റുക സാധാരണമായിരുന്നു. പരീക്ഷണത്തിനിടനൽകാതെ മൂന്നു സ്വിച്ചുകളും ഒന്നിച്ചിട്ടു. ഇരുളിലേക്ക് തെരുവ് വിളക്കിന്റെ പ്രകാശം അപ്പോഴും നീണ്ടുകിടന്നിരുന്നു. കറണ്ടില്ല എന്ന സത്യം അറിഞ്ഞതോടെ ദാസൻ അസ്വസ്ഥനായി. കഴിഞ്ഞ ആഴ്ചയിൽ വൈദ്യുതി ലൈൻ മാറ്റാനുള്ള  അച്ഛന്റെ ബുദ്ധിയെ ദാസൻ പഴിച്ചു.

 

 

തിങ്കളാഴ്ച ആയതിനാൽ സാധാരണ ദിവസത്തേക്കാൾ ദോശമാവ് കൂടുതൽ ഉണ്ട്. മൂന്നു നാളികേരവും അതിനനുസരിച്ചുള്ള പൊട്ടുകടലയും കഷ്ടിച്ച് തികയുമെന്നേയുള്ളു. അരവ് യന്ത്രത്തിൽ കിടന്ന് അരയുന്നതിന് അരമണിക്കൂറെങ്കിലും വേണം. ആട്ടുക്കല്ലിന്റെ ഇരു വശത്തേക്കും കാലുകൾ നീട്ടിവെച്ചു വലതു കൈക്കൊണ്ട് കുഴക്കുറ്റി പിടിച്ചു ഇടതു കൈക്കൊണ്ട് വെള്ളം ഒഴിച്ച് മാടി അരക്കുന്ന രംഗമോർത്തപ്പോൾ ദാസൻ നടുങ്ങിപ്പോയി. 

 

 

തീപ്പെട്ടി തപ്പിയെടുത്ത് കത്തിച്ച മണ്ണെണ്ണ വിളക്കുമായി സ്റ്റൗവിനു മുന്നിൽ ഇരുന്നു. ഒന്നുരണ്ടാവർത്തി കാറ്റടിച്ചപ്പോഴും സ്റ്റൗവിന്റെ ബർണറിൽ നിന്ന് മണ്ണെണ്ണ വന്നില്ല. വീണ്ടും വീണ്ടുമുള്ള കാറ്റടിക്കിടയിൽ മണ്ണെണ്ണ പുറത്തേക്ക്  ചീറ്റി. ചീറ്റുന്ന മണ്ണെണ്ണക്കരികിൽ വിളക്ക് വെച്ച് വായു തുറന്നുവിട്ട പിന്നിന്റെ വളവുനിവർത്തി പിൻ ചെയ്യാൻ തയാറെടുത്തിരുന്നു. ഒന്നോരണ്ടോ തവണ പിൻ ചെയ്യുമ്പോഴേക്കും ഇരമ്പിക്കത്താറുള്ള സ്റ്റൗ ഇന്ന് വെറുതെ മണ്ണെണ്ണ ചീറ്റുകയാണ് ചെയ്യുന്നത്. പുറത്തേക്കുവരുന്ന മണ്ണെണ്ണക്കൊപ്പം തീ ആളിക്കത്തി. പിന്നെയും വായു തുറന്നുവിട്ടു. പിൻചെയ്യലും വായു തുറന്നുവിടലും അന്തമില്ലാതെ തുടർന്നു.ദാസൻ സ്റ്റൗവിനു മുന്നിൽ നിന്നെഴുന്നേൽക്കുമ്പോൾ പിൻപൊട്ടി സ്റ്റൗവിനുള്ളിൽ തടഞ്ഞിരുന്നു.

 

 

കലുഷമായ മനസ്സോടെ വെള്ളം കൊണ്ടുവരണോ അടുപ്പിൽ തീയിടണോ എന്ന ചിന്തയിൽ കുറച്ചുനേരം നിന്നു. പുറത്ത് ഉണക്കാനിട്ട വിറകുമുഴുവൻ മഴയിൽ നനഞ്ഞു കുതിർന്നു കിടക്കുന്നു. അടുപ്പിൽ നിന്ന് ചാരം വാരി ചിരട്ടയിൽ മണ്ണെണ്ണ ഒഴിച്ച് അടുപ്പിലേക്ക് ചെരിഞ്ഞു കൊള്ളി ഉരച്ചിട്ടു. നനഞ്ഞുകുതിർന്ന വിറകിൽ ഭേദമെന്നു തോന്നിക്കുന്ന ഒന്നുരണ്ടെണ്ണമെടുത്ത് കത്തുന്ന ചിരട്ടക്കുമുകളിൽ വെച്ചു. വിറകിൻകൊള്ളികൾ താനേ കത്തിക്കോളുമെന്ന വിശ്വാസത്തിൽ കുടമെടുത്ത് കിണറ്റിങ്കരയിലേക്കു നടന്നു. നടപ്പാതയിൽ ചെളി ഇളകിയിരുന്നു. തുടിക്കാല് ഇളകുന്നത് സാധാരണമായതിനാൽ അത് കാര്യമാക്കാതെ ദാസൻ വെള്ളം കോരാൻ തുടങ്ങി.

 

കുറച്ചുനാളായി ചവിട്ടുപടിയിലെ കല്ലുകൾ ഇളകുന്നുണ്ടെന്നറിയുന്ന ദാസൻ വളരെ ശ്രദ്ധിച്ചു ചവിട്ടി. കല്ലുകൾക്ക് അടുക്കും ചിട്ടയുമൊക്കെ പണ്ടെ നഷ്ടപ്പെട്ടിരുന്നു.മഴവെള്ളത്തിൽ അവക്കിടയിൽ മണ്ണും കുതിർന്നുപോയിരുന്നു. ദാസൻ സൂക്ഷിച്ചു കാൽ വെച്ച കല്ലിന്റെ അടിഭാഗം ശൂന്യമായിരുന്നു. നിറകുടവുമായി ആ കല്ലിനൊപ്പം ദാസൻ ചായക്കടയിലെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന ചെളിയിൽ ചെന്നു വീണു. അഴുക്കുകലർന്ന ഷർട്ടും മുണ്ടും അഴിച്ചിടുന്നതിനിടയിൽ ചാരത്തിൽ പൂഴ്ന്ന വിറകുകൊള്ളികൾ കിടക്കുന്ന അടുപ്പിലേക്കൊന്നു നോക്കി. മണ്ണെണ്ണ കമഴ്ത്തി വീണ്ടും തീപ്പെട്ടി ഉരച്ചു.

 

 

ആദ്യപാട്ടയിലെ വെള്ളം മുഴുവൻ വേണ്ടിവന്നു കുടം വൃത്തിയാക്കുന്നതിന്. രണ്ടാമത്തെ പാട്ട കോരുന്ന തിനിടയിലാണ് തുടിക്കാലുപൊട്ടി കപ്പിയും കയറും പാട്ടയും ഒന്നിച്ചു കിണറ്റിലേക്ക് കൂപ്പുകുത്തുന്നത്. അതിനൊപ്പം കിണറ്റിലേക്ക് ചെരിഞ്ഞ ദാസന് ഭാഗ്യം കൊണ്ട് ചുറ്റുമതിലിൽ പിടുത്തം കിട്ടി. മതിലിൽ കൈകൾകുത്തി തെളിഞ്ഞ വെള്ളത്തിലൂടെ ആഴത്തിലേക്ക് ആഴ്ന്നുപോകുന്ന കപ്പിയും കയറും പാട്ടയും നേർത്ത കിതപ്പോടെ ദാസൻ നോക്കിനിന്നു.

 

 

അടുപ്പിലേക്ക് കമഴ്ത്തി മണ്ണെണ്ണ പാത്രം ശൂന്യമെന്നു കണ്ടപ്പോൾ പുറത്തേക്ക് ഊക്കോടെ വലിച്ചെറിഞ്ഞു. തലതാഴ്ത്തി കുറേനേരം ദാസൻ സ്റ്റൂളിൽ ഇരുന്നു. ശ്വാസഗതി സാധാരണനിലയിൽ ആയപ്പോൾ പിന്നെയും സ്റ്റൗവിനു മുന്നിൽ ചെന്നിരുന്നു. പുറത്തേക്ക് തള്ളി നിൽക്കുന്ന പിന്നുമായി ദാസൻ മുഖാമുഖം കണ്ടു. ചെറുവിരൽ ശ്രദ്ധയോടെ കടത്തി പിന്നിനു മുകളിൽ സാവധാനത്തിൽ അങ്ങുമിങ്ങും തിക്കി. ചെറിയൊരു മുറിവ്‌ ദാസന്റെ വിരലിനു നൽകി പിൻ കൂടുതൽ താഴേക്കിറങ്ങി. മുഖാമുഖത്തിൽ നിന്ന് ഒളിവിൽ പോയ പിന്നിന്നെ കാറ്റടിച്ചു പുറത്തു ചാടിക്കാനായി പിന്നെ ദാസന്റെ ശ്രമം. കാറ്റടിച്ചുകയറ്റുമ്പോഴും മണ്ണെണ്ണ ശക്തിയില്ലാതെ പുറത്തേക്കു വന്നു എന്നല്ലാതെ പിന്നിന്റെ കീഴടങ്ങൽ ഒന്നുമുണ്ടായില്ല. 

 

 

തുള്ളിയായി മണ്ണെണ്ണ നിലത്തുവീഴാൻ തുടങ്ങി. കൊള്ളിയുരച്ചപ്പോൾ സ്റ്റൗവിനു മുകളിൽ ഇരിക്കുന്ന പാത്രത്തെപോലും മൂടികൊണ്ടു തീ ആളിക്കത്തി. തീയുടെ ചൂടിൽ നിന്ന് ദാസൻ പിന്നോക്കം നീങ്ങിയിരുന്നു.

ചാരം മൂടിക്കിടക്കുന്ന അടുപ്പിലേക്ക് ഒരു തീപ്പെട്ടി കൊള്ളി ഒഴികെ എല്ലാമിട്ട് തീ കൊടുത്തു. ഒരു ചീറ്റലോടെ അവ ഒന്നടങ്കം കത്തിയൊടുങ്ങി.

 

 

തിരിഞ്ഞു നിന്ന ദാസൻ സ്റ്റൗവിൽ പുറം കാലുകൊണ്ടൊന്നു കൊടുത്തു. സ്റ്റാൻഡിൽ നിന്ന് നേർത്തൊരു ഞെരക്കത്തോടെ നിലത്തുവീണ സ്റ്റൗവിൽ നിന്ന് മണ്ണെണ്ണ ഒഴുകി. പിറകെ തീയ്യും. സ്റ്റൗവിനു മുകളിൽ നിന്ന് തെന്നി വീണ പാത്രത്തിലെ വെള്ളം അഗ്നിയിൽ വന്നു ചേർന്നു. അടുപ്പിലെ ചാരത്തിൽ നിന്നും പുകയുന്ന തറയിലേക്ക് വിറകെല്ലാം എടുത്തിട്ടു.

 

നിരപലകയിട്ട് താഴിട്ട് പൂട്ടുമ്പോൾ ദാസനോട് ആരും ഒന്നും ചോദിക്കുകയുണ്ടായില്ല. വിരലിൽകിടന്നുകറ ങ്ങിയ താക്കോൽ കൂട്ടം തെറിച്ചു എങ്ങോട്ടോ വീണപ്പോഴാണ് ദാസൻ നടത്തം തുടങ്ങിയത്. പുലർച്ചെ നാട്ടിൽ നിന്ന് പുറപ്പെട്ട് മദ്ധ്യാഹ്നത്തോടെ മഹാനഗരത്തിൽ എത്തുന്ന ബസിന്റെ ഒരു കോണിൽ കരുണാകരൻ മാഷ് തളർന്നുറങ്ങുന്നുണ്ടായിരുന്നു.

 

English Summary : Achethana Vasthukkalude Manasashthram Story By P. Reghunath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com