ADVERTISEMENT

അഗ്നി പുഷ്പങ്ങൾ (കഥ)

നീണ്ട പതിനഞ്ച് വർഷങ്ങളുടെ ദൂരം താണ്ടി അവൾ വരികയാണ്. കൗമാരം സമ്മാനിച്ച പ്രണയസ്വപ്നങ്ങളും പേറിയുള്ള ജീവിതയാത്രയിൽ യൗവനത്തിന്റെ ആദ്യപടവുകളിൽത്തന്നെ, വീണുണടഞ്ഞ ചില്ലുപാത്രം പോലെ ഒരിക്കലും ചേർത്തുവയ്ക്കാനാവാത്ത ജീവിതവുമായി അന്ന് ഈ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ ഇഴഞ്ഞ ആ വാഹനത്തിൽ ഇരിക്കുമ്പോൾ ഇങ്ങനെ ഒരു വരവിനി ഉണ്ടാവില്ലെന്ന് മനസ്സുകൊണ്ട് തീരുമാനിച്ചവൾ. 

 

 

ശപിക്കപ്പെട്ട നിമിഷങ്ങൾ തന്ന ഒറ്റ മുറിവുമായി ജീവിതം മുഴുവൻ ഉരുകി തീരാൻ വിധിച്ചവൾ..  നാളുകളെണ്ണി കഴിയുന്ന അമ്മൂമ്മയുടെ അവസാന ആഗ്രഹമാണ് തന്നെ ഒന്നു കാണുക എന്നുള്ളത്. മനസ്സിന്റെ താളം തെറ്റി ഒരു ഭ്രാന്തിയെപ്പോലെ നെല്ലറയ്ക്കലെ മുറ്റത്തൂടെ ഓടിയ ആ പെൺകുട്ടിയെ എല്ലാവരും മറന്നു കാണുമോ? അറിയില്ല. പക്ഷേ, ഈ യാത്ര അനിവാര്യമണ്. 

 

 

പ്രസവത്തോടെ അമ്മയെ യമപുരിയിലേക്ക് അയച്ച മകളായിരുന്നു ജാനകി. ലീവ് കഴിഞ്ഞ് വിദേശത്തേക്കു പോവുമ്പോൾ അച്ഛന്റെ മുന്നിലെ വലിയൊരു ചോദ്യ ചിഹ്നമായിരുന്ന, ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുട്ടി. അമ്മൂമ്മയുടെ കയ്യിലേക്ക് തന്നെ വച്ച് കൊടുത്ത് അച്ഛൻ മടങ്ങുമ്പോൾ അക്ഷാരാർഥത്തിൽ അച്ഛനും അമ്മയും ഇല്ലാത്ത ഒരു അനാഥയായിരുന്നു താൻ. ഒന്നും അറിയിക്കാതെ തന്നെ വളർത്തിയതും, ജാനകി എന്ന് പേരിട്ടതും അമ്മൂമ്മയും മുത്തച്ഛനുമായിരുന്നു. മുത്തച്ഛന്റെ മരണം അവളെ ആരും അറിയിച്ചില്ല. അറിഞ്ഞാലും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു അന്ന്. കാരണം നീണ്ട വർഷങ്ങളുടെ ചികിൽസയാണ് അവളിൽ ചാർത്തപ്പെട്ട ഭ്രാന്തി എന്ന പേര് മായ്ച്ചു കളഞ്ഞത്.

 

കൊഴിഞ്ഞു പോയ വർഷങ്ങൾ അവളെ പലതും പഠിപ്പിച്ചിരിക്കുന്നു. രൂപവും  ഭാവവും മാറ്റിവരച്ചിരിക്കുന്നു. കൊലുസു കിലുക്കി ഇടതൂർന്ന തൊടിയിലൂടെയും പാടവരമ്പത്തൂടേയും കാറ്റിൽ വീണുടയുന്ന ചിരിയുമായി പാറി നടന്നവളല്ല ഇപ്പോൾ. മറവി പലപ്പോഴും കാലം കാച്ചിക്കുറുക്കുന്ന ഒരൗഷധമാണ്. ആ ഔഷധത്തിന്റെ വീര്യത്തിൽ മനസ്സിനേറ്റ മുറിവുണങ്ങുമ്പോഴും ,മാനം കാണാത്ത  മയിൽപ്പീലിപോലെ എന്നോ മനസ്സിന്റെ ആഴങ്ങളിൽ വീണ വേദനയുടെ വിത്ത് ഏകാന്തതയിൽ മുളപൊട്ടിക്കിളർത്ത് അഗ്നിപുഷ്പങ്ങളായ് ആരും കാണാതെ ഇപ്പോൾ ആ മനസ്സിന്റെ താഴ്‍വാരങ്ങളിൽ പൂത്തുനിൽപ്പുണ്ട്. ഇനിയൊരു യാത്ര, ജാനകിയെ മറവിയ്ക്ക് വിട്ടുകൊടുത്ത ആ ഗ്രാമത്തിലേക്ക്. അനിശ്ചിതമായി കുറച്ച്  നാളുകൾ..

 

 

അരാപ്പറ്റ അമ്പലത്തിന്റെ മുന്നിലൂടെ കാറ് നീങ്ങിയപ്പോൾ സ്പീഡ് ഒന്നു കുറച്ചു. നേരെ നോക്കിയാൽ അടച്ചിട്ട നട വരെ കാണാം. പഴമയിൽ നിന്ന് പുതുമയിലേക്ക് വലിച്ചിഴച്ച ചില പരിഷ്കാരങ്ങൾ ഒറ്റനോട്ട ത്തിൽത്തന്നെ പ്രകടമാണ്. അടച്ചിട്ട നടയിൽ നോക്കി കണ്ണുകൾ പതിയെ അടച്ചു, വലതുകൈകൊണ്ട് അറിയാതെയവൾ നെറ്റിയിലും കഴുത്തിലും തൊട്ട്തൊഴുതു. പെയ്ത് തോർന്ന മഴയുടെ ഗന്ധമായിരുന്നു ആ മണ്ണിനപ്പോൾ.

 

 

‘അരുത് ജാനൂട്ട്യേ അടച്ചിട്ട നട തൊഴുതൂടാ’

 

പെട്ടെന്ന് അവൾ വണ്ടിയുടെ പിറകിലേക്ക് നോക്കി ഇല്ല, ആരുമില്ല. എങ്ങനെ ഉണ്ടാവാൻ? നാളുകളെണ്ണി കിടക്കുന്ന അമ്മൂമ്മയുടെ ശബ്ദമാണത്. പിന്നെയെങ്ങനെ? പക്ഷേ അമ്മൂമ്മ എപ്പോഴും തന്നോടു പറയാറുള്ള വാക്കുകളാണത്. അവൾ ഓർത്തു. പണ്ട് അരാപറ്റ അമ്പലത്തിനു മുന്നിലൂടെ നടന്ന് പോവുമ്പോൾ ഒരു മണമുണ്ട്. എണ്ണയും നെയ്യും ചന്ദനത്തിരിയും കടുംപായസവും ഒക്കെ കലർന്ന ഒരു മണം. ഒരുപക്ഷേ അതായിരിക്കണം ആ കുഞ്ഞു ഗ്രാമത്തിന്റെ മണം. 

 

 

അവൾ യാത്ര തുടർന്നു. മുളങ്കൂട്ടങ്ങൾ തമ്മിലടിച്ചിരുന്ന ഇല്ലിക്കാടിനടുത്തെത്തിയപ്പോൾ വെറുതെ ഒന്ന് നോക്കി. മുളങ്കാടിന്റെ ഓർമ്മയ്ക്കായി ഒരെണ്ണം പോലും അവശേഷിക്കുന്നില്ല. ഒക്കെയുംകാലം ഇറുത്തു മാറ്റിയതാവാം. എങ്കിലും ആ പേരിന് മാറ്റം സംഭവിച്ചു കാണില്ല. ഇല്ലിക്കാടിന്റെ വളവ് തിരിഞ്ഞ് പാടവും തോടും വേർതിരിക്കുന്ന റോഡിലൂടെ കാർ കയറി. പണ്ട് രണ്ട് മഴയ്ക്ക് ചെളിയും ചേറുമായിരുന്നു. പക്ഷേ ഇപ്പോൾ നല്ല ടാർ റോഡാണ്. അങ്ങ് ദൂരെ വാരിയം വരെ നീണ്ടുകിടക്കുന്ന റോഡ്. അവൾ ഇരുവശവും നോക്കി. ഇപ്പോൾ ഇരുവശത്തും പാടവുമില്ല തോടുമില്ല. തന്റെ സ്വപ്നങ്ങൾ പോലെ കൊഴിഞ്ഞു പോയ ഇരുപത്തിയഞ്ചു വർഷങ്ങൾ ചുരണ്ടിയെടുത്തതായിരിക്കണം ഗ്രാമത്തിന്റെ അടയാളമായ തോടും പാടവുമെല്ലാം. 

 

 

പകരം ഇരുവശവും ചെറുതും വലുതുമായ വീടുകൾ. അപ്പോൾ എല്ലാം ഭൂതകാലത്തിന്റെ ഓർമ്മയിലേക്ക് ചേക്കേറി കഴിഞ്ഞിരിക്കുന്നു. അവൾ കാറിലിരുന്ന് മുന്നോട്ട് നോക്കി. തന്റെ മുന്നിൽ സൈക്കിളിൽ വരുന്ന അപ്പേട്ടൻ. മുടി ചീവി ഒതുക്കി, കാവിമുണ്ടുടുത്ത് ഭസ്മക്കുറിതൊട്ട് കൈയ്യിൽ ഒരു ചരട് കെട്ടി... സന്ധ്യയ്ക്ക് വാരിയത്തെ കുളത്തിൽ ഒരു കുളി പതിവുണ്ട്. അത് കഴിഞ്ഞ് കവലയിലെ വായനശാലയിലേക്കുള്ള സവാരിയാണ്. ആ രൂപം അടുത്തു വരുന്നതുപോലെ അവൾക്ക് തോന്നി. 

 

‘ജാനി..., പതുക്കെ,  എവിടെ നോക്കിയാ നീ വണ്ടി ഓടിക്കുന്നത്?’

 

ജാനകി അറിയാതെ പെട്ടെന്ന് വണ്ടിയുടെ ബ്രേക്ക് ഒന്ന് ചവിട്ടി. തന്നെ ജാനി എന്നു വിളിച്ചിരുന്ന ഒരേ ഒരാൾ തന്റെ അപ്പേട്ടൻ. വെയിലത്ത് ക്ലാസ് കഴിഞ്ഞ് വരുമ്പോഴും സന്ധ്യമയങ്ങി അരാപറ്റ തൊഴുതു വരുമ്പോഴും കുടയെടുക്കാത്തതിനും നേരം തെറ്റി തോട്ടുവരമ്പത്തൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനും ഒക്കെ വഴക്ക് പറയും. അത് അപ്പേട്ടന്റെ അവകാശവും അധികാരവും ഒക്കെയായിരുന്നു. പക്ഷേ അമ്മൂമ്മ കൂടെയുണ്ടെങ്കിൽ പൂച്ചയെപ്പോലെയാണ്. അതോർത്തപ്പോൾ അവൾ തനിയെ ചിരിച്ചു.

 

അപ്പേട്ടൻ... അപ്പേട്ടൻ ഇനിയില്ലല്ലൊ. ആ വേർപാടിന്റെ ആഘാതമല്ലേ തന്നെ ഈ നിഷ്കളങ്കമായ ഗ്രാമാന്തരീക്ഷത്തിൽനിന്ന് യാന്ത്രികമായ നഗര ലോകത്തിലേക്ക് പറിച്ചു നട്ടത്. കൂടെ കൂട്ടാമെന്ന് പറഞ്ഞ് ഒന്നും മിണ്ടാതെ പോയപ്പോൾ താളം തെറ്റിയ മനസ്സുമായി ഒരു ഭ്രാന്തിയെപ്പോലെ... അതോർത്തപ്പോൾ അവളുടെ കണ്ണുകൾ ഒരു പെരുമഴതന്നെ തീർത്തു. മനസ്സിന് ആരോചകമായ കുറേ ഭൂതകാലചിത്രങ്ങൾ മിന്നിമാഞ്ഞു. ഇല്ല, ആ കാഴചകൾ ഇനിയും തന്നെ ഒരു ഭ്രാന്തിയാക്കില്ല. താൻ അതിൽനിന്നു തീർത്തും മുക്തയാണിപ്പോൾ. അവൾ ഉറപ്പു വരുത്തി.

 

അവൾ ആ റോഡിന്റെ അന്ത്യത്തിലെത്തി. ഗ്രാമത്തിന്റെ പ്രൗഢഗംഭീരമായ പെരുമയായിരുന്നു വാരിയം. പക്ഷേ പഴയ വാരിയത്തിന്റെ ഭംഗി കാണുന്നില്ല, പകരം ആരുടേയോ പുത്തൻ പണം അതിനെ വലിയൊരു ബംഗ്ലാവാക്കിയിരിക്കുന്നു. 

 

‘അപ്പോൾ വാരിയം, വാരിയക്കുളം, വരദോപ്പോൾ, നന്ദിനി ഏടത്തി?’

 

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ജാനകി യാത്ര തുടർന്നു. ഇനിയുള്ളത് ഇരുവശങ്ങളിലേക്കുമുള്ള മൺറോഡുകളാണ്. അതിന് പിറകിൽ നിറയെ വീടുകളും.  വലതുവശത്തെ മൺറോഡിലേക്ക് തിരിഞ്ഞു.

കുടുങ്ങിയ ഇടവഴികളിലൂടെ ആടിയുലഞ്ഞ് ആ കാറ് നെല്ലറയ്ക്കൽ തറവാട്ടിന് മുന്നിലെത്തി. ജീർണ്ണിച്ച പടിപ്പുര കണ്ടപ്പോൾ തന്നെ ഉള്ളൊന്ന് പിടഞ്ഞു. 

 

 

പിന്നിട്ട ഗ്രാമവഴികളും ഈ പടിപ്പുരയടക്കം നെല്ലറയ്ക്കലെ ഓരോ മൂലയും അറിഞ്ഞവൾ. ഹോണടിച്ചപ്പോൾ  തുരുമ്പിച്ച് നാമ മാത്രമായ ആ വലിയ ഗേറ്റുകൾ തുറന്നു. മങ്ങിയ കണ്ണുമായി തന്നെ ഉറ്റു നോക്കുന്നത് ബാലമാമയാണ്. കാറ് നീണ്ട നടവഴി കടന്ന് ആ മുറ്റത്തെത്തി. കാറിൽ ഇരുന്നുകൊണ്ടുതന്നെ അവളുടെ കണ്ണുകൾ ആ മുറ്റം മുഴുവൻ പ്രദക്ഷിണം വച്ചു. ഗേറ്റ് അടച്ച് ബാലമാമ ധൃതിയിൽ കാറിനടുക്കലെത്തി. 

 

‘ഗോപി വിളിച്ചിരുന്നു. ഇപ്പൊഴെങ്കിലും തോന്നീല്ലോ നന്നായി.’

 

അവൾ കാറിൽനിന്ന് ഇറങ്ങി ആ കാലിൽ തൊട്ടു വന്ദിച്ചു. 

 

‘ഈശ്വരാ ന്താ കുട്ട്യേ ഈ കാട്ടണ്, കണ്ടിട്ട് മനസ്സിലാവാണ്ടായിരിക്കുണൂ. ആളും കോലൂം ഒക്കെ മാറീരിക്കുണു. അകത്തേക്ക് കയറൂ’.

 

അവൾ തൊടിയാകെ ഒന്ന് പരതി.

 

‘ഒക്കെ കാട് പിടിച്ചിരിക്കുണൂ, ആരാപ്പൊ ഇതൊക്കെ ഒന്ന് നോക്കാൻ? നിയ്ക്കാച്ചാ തീരെ വയ്യാണ്ടാർക്കുണൂ.’

അവളുടെ മനസ്സറിഞ്ഞ ബാലമാമ മനസ്സിലുയർന്ന ചോദ്യത്തിന് ഉത്തരം നൽകി.

 

‘ബാലമാമ വരൂ’

 

അവൾ അദ്ദഹത്തെ ചേർത്ത് പിടിച്ച് പൂമുഖത്തേക്ക് കയറി. 

 

‘ഒറ്റയ്ക്ക്, യാത്ര ബുദ്ധിമുട്ടുണ്ടായോ കുട്ട്യേ?’

 

‘ഏയ്, ഇല്ല്യ, ഒറ്റയ്ക്കായിട്ട് ഒരുപാടായില്ലേ ബാലമാമെ, ഒക്കെ ശീലായി’

 

അവൾ പെട്ടന്ന് ആ ചാരുകസേരയിലേക്കൊന്ന് നോക്കി. വെഞ്ചാമരം പോലത്തെ മുടിയും കഴുത്തിലൊരു തുളസിമണി മാലയുമായി തന്നെ നോക്കുന്ന മുത്തച്ഛൻ. അവൾ ആ കസേരയ്ക്ക് അരികിലേക്ക് ചെന്നു. അതിൽ തലോടി. നേരേ തറവാടിന്റെ പൂമുഖത്തെ ആ വലിയ ഫോട്ടോയിലേക്ക് നോക്കി. നെല്ലറയ്ക്കലെ കാരണവർ ആ ഫോട്ടോയിൽ ഓർമയായിട്ട് വർഷങ്ങളായി. പക്ഷേ ആ ഫോട്ടോ തന്നോട് എന്തൊക്കെയോ പറയുന്നപോലെ ജാനകിക്ക് തോന്നി. ഇത്രയും നാൾ കാണാത്തതിന്റെ പരിഭവമായിരിക്കാം.

 

‘ഈ തറവാടിന്റെ സൂര്യൻ, അത് അസ്തമിച്ചൂല്ലൊ.’

 

അവൾ ഒരു ദീർഘ നിശ്വാസം കൊണ്ട് മനസ്സിൽ പറഞ്ഞു. അവളുടെ മുഖമൊന്ന് മാറി, ഒരു നീണ്ട മൗനത്തിലേക്കിറങ്ങി.ഇടനാഴിയിലേക്ക് നടന്നു. നല്ല തണുപ്പ്.

 

‘അമ്മൂമ്മേടെ ജാനൂട്ടി വന്നോ?’

 

ഏറെ പരിചയമുള്ള ആ കൈകൾ തന്നെ ചേർത്തുപിടക്കുന്നത് പോലെ തോന്നി ജാനകിക്ക്. ചുമരിലുള്ള ഫോട്ടോകളെല്ലാം മാറാല മൂടി കിടക്കുന്നു. മങ്ങിയ ഓർമകൾ പോലെ അവയ്ക്കും മങ്ങലേറ്റിരിക്കുന്നു. മത്തനും കുമ്പളവും വിത്തുകായ്കളായി പതിവുപോലെ പുകയടിച്ച കറുത്ത കയറുകളിൽ മഴകാത്ത് തൂങ്ങിക്കിടപ്പുണ്ട്. അരികിൽ തന്നെ പഴമ പോറ്റുന്ന കറുത്തിരുണ്ട ഉറിയും.

 

ആളനക്കമില്ലാത്ത ആ ഇടനാഴിയിൽ അവളുടെ കൊലുസിന്റെ ശബ്ദം മാത്രം പതിയെ കേട്ടു. 

 

ആ നിശബ്ദതയിൽ അവൾ ചോദിച്ചു.

 

‘എവിടെ ബാലമാമേ?’

 

‘കേറാനും ഇറങ്ങാനും ഒന്നും വയ്യാല്ലൊ,അതോണ്ട് വടക്കോറത്തെ അകായിലാ കുട്ട്യേ’

 

അവൾക്ക് നെഞ്ചിടിപ്പ് കൂടുന്നപോലെ തോന്നി.

 

പതിയെ ആ അകായ്ക്ക് മുന്നിലെത്തി. കുഴമ്പിന്റെയും രാസ്നാദിയുടെയും ഒക്കെയായി ആ പഴയമണം. കാലപ്പഴക്കമുള്ള ആ കട്ടിലിൽ വെളുത്ത് മെലിഞ്ഞ ആ ശരീരം വരണ്ട കണ്ണുകളുമായി മരണവും കാത്ത് കിടപ്പാണ്. അവൾ അകത്തേക്കു കടന്നു. ആ കട്ടിലിനരികിലെത്തി പതിയെ അരികിൽ ഇരുന്നു. ബാലമാമ സ്വിച്ചിട്ടപ്പോൾ അരണ്ട ബൾബിന്റെ വെളിച്ചത്തിൽ ആ രൂപം അവളെ നിഷ്കളങ്കമായി നോക്കി. വിറയ്ക്കുന്ന കൈകൾ പതിയെ ചലിച്ചു. അവൾ ആ കൈകൾ ചേർത്ത് പിടിച്ചപ്പോൾ മനസ്സ് പറഞ്ഞു: വന്നത് നന്നായി. ഒരു നിമിഷം ജാനകി തന്റെ ഒഴുകിയ കണ്ണുകൾ ഇറുകെയടച്ചു. പിന്നെ അത് തുടച്ചു കൊണ്ട് അവൾ പറഞ്ഞു.

 

‘ജാനകിക്കുട്ടിയാ അമ്മൂമ്മേ’

 

കണ്ണുനീർ തേങ്ങിയ ആ വൃദ്ധയുടെ കണ്ണുകൾ തിളങ്ങുന്നത് അവൾ അറിഞ്ഞു. വാർദ്ധക്യത്തിൽ വീണ്ടുമൊരു പോറ്റമ്മയായി വളർത്തിയിട്ടും എവിടെയുമെത്താതെ പോയ തന്നെ കുറിച്ചോർത്തിട്ടാവാം ആ കണ്ണുനീർ.

 

‘സംസാരിക്കാനാവില്ല്യ കുട്ട്യേ, പക്ഷേ എല്ലാം മനസ്സിലാവും. ഞാൻ പോയ ഇതിന്റെ ഗതി... അരാപ്പറ്റ തേവര് ന്തിനാ ഇതിനെ ഇങ്ങിനെ കിടത്തിരിക്ക്ണ്ന്ന് നിശ്ച്യല്ല്യ.’

 

അവൾ ആ നെറ്റിയിലൂടെ തന്റെ കൈകൾ ഓടിച്ചു. നിറുകയിൽ ഒന്ന് ചുംബിച്ചു. തന്റെ സാമിപ്യം അവരിൽ വല്ലാത്തൊരു ആശ്വസം പകരുന്നുണ്ടെന്ന് അവൾക്ക് തോന്നി. 

 

‘ഗോപി വിളിച്ചു പറഞ്ഞപ്പൊ തന്നെ ദേവകിടെ മോളെ വിട്ട് കുട്ടീടെ മുറി ഞാൻ വൃത്തിയാക്കീട്ടുണ്ട്.’

 

തന്റെ മുറി, അത് കേട്ടപ്പോൾ അവൾക്ക് എന്തോ ഒരാശ്ചര്യം പോലെ തോന്നി.

 

അവൾ ബാലമാമടെ മുഖത്തേയ്ക്കൊന്ന് നോക്കി, 

 

‘ദേവകി?’

 

‘ദേവകി പോയിട്ടിപ്പൊ അഞ്ചാറ് കൊല്ലായി കുട്ട്യേ, കാൻസറായിരുന്നു. അത്യാവശ്യത്തിന് വിളിച്ച മകള് വരും’.

 

‘ആര്, സീതയോ?’

 

‘മം..., അഞ്ച് മക്കളാ അവൾക്കിപ്പൊ, കെട്ട്വോനൊരു തുമ്പില്ല, ഏത് നേരൂം കുടിയാ. അവള് തൊഴിലുറപ്പിനൊക്കെ പോയിട്ടാ ആ പിള്ളേര് കഞ്ഞി കുടിക്കണ്.’

 

പണ്ട് അപ്പേട്ടൻ കല്ലെറിഞ്ഞ് വീഴ്ത്തുന്ന മാങ്ങ അമ്മിക്കല്ലിൽ വച്ച് കുത്തി ഉപ്പും മുളകും വെളിച്ചെണ്ണയും ഞെരടി വാഴചീന്തിൽ തരും ദേവകി, ചിലപ്പോൾ അത് കഴിക്കാൻ സീതയുമുണ്ടാവും അവൾക്ക് തന്റെ പഴയ ഉടുപ്പുകൾ വലിയ ഇഷ്ടമായിരുന്നു. 

 

ജാനകി പെട്ടിയെടുത്ത് ആ കോണിച്ചോട്ടിൽ എത്തി. 

 

‘സൂക്ഷിച്ച് കയറണം കുട്ട്യേ രണ്ട് മൂന്ന് പടികൾ ആട്ണ്ട്.’

 

ബാലമാമ ഓർമപ്പെടുത്തി.

 

ആ കൈപ്പിടികളിൽ പിടിച്ചപ്പോൾ വല്ലാത്തൊരു കുളിര് തോന്നി അവൾക്ക്. പതിയെ ആ പടികൾ ചവിട്ടി മുകളിലെത്തി.

 

അറ തുറന്ന് അതിനകത്ത് കടന്നപ്പോൾ നല്ല സാമ്പ്രാണിയുടെ മണം. ഇല്ല, ബാലമാമ ഒന്നും മറന്നിട്ടില്ല. പണ്ടും മഴക്കാലത്ത് കൊതുക് വരാതിരിക്കാൻ സന്ധ്യയ്ക്ക് അദ്ദേഹം തന്റെ മുറിയിൽ സമ്പ്രാണി പുകയ്ക്കും. തന്റെ മനസ്സിൽ എവിടെയോ ഒളിച്ച ആ സുഗന്ധം അവിടെമാകെ പരന്ന് അവളിലേക്ക് ഉൾവാങ്ങി പല വർഷങ്ങൾക്ക് പിറകിലേയ്ക്ക് കൊണ്ടുപോയി. 

 

ആ മുറിയുടെ ജനാലകളും എല്ലാം തുറന്നിട്ടു. പയ്യെ വീശുന്ന കാറ്റിന് വല്ലാത്ത നിഷ്കളങ്കത തോന്നി. എവിടെയോ പെയ്യുന്ന മഴ മണ്ണിനെ ചുംബിച്ച  മണമുണ്ടായിരുന്നു ആ കാറ്റിന്. അവൾ കണ്ണുകൾ ഇറുകെ അടച്ച് ആ ഗന്ധത്തെ ആവോളം ആവാഹിച്ചു. കണ്ണെത്താ ദൂരത്തെ തൊടിയിലേക്ക് കണ്ണുകൾ പാഞ്ഞു. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് തനിക്കന്യമായ ആ പച്ചപ്പ്. ഇനി ഇതെല്ലാം ഒന്നാസ്വദിക്കാനാവുമോ? അറിയില്ല. പണ്ട് അപ്പേട്ടന്റെ കൈകോർത്ത് നടക്കുമ്പോൾ, ഇടതൂർന്ന മരങ്ങൾക്കിടയിൽ ഒളിച്ച് പ്രണയം പങ്കുവയ്ക്കുമ്പോൾ ഈ പച്ചപ്പ് ഒരു സ്വർഗ്ഗം തന്നെയായിരുന്നു. 

 

അവൾ ഓവറ ലക്ഷ്യമാക്കി നടന്നു. ചെറിയൊരു പരിഷ്കാരം വന്നിട്ടുണ്ട്. അമ്മമ്മയുടെയും മുത്തച്ഛന്റേയും അവസാനകാലത്ത് ഒരുക്കിയ സൗകര്യങ്ങൾ ആവാം. അമ്മൂമ്മ ഉണ്ടാക്കുന്ന പഴയ കാച്ചെണ്ണയുടെ ഗന്ധം ഓർമ്മയിൽ വന്നു. അപ്പേട്ടന് വലിയ ഇഷ്ടമായിരുന്നു ആ മണവും തന്റെ നീണ്ടിടതൂർന്ന മുടിയും . നീണ്ട മുടി താഴേയ്ക്കിട്ട് അതിലേയ്ക്ക് ദേവകി എണ്ണതേച്ചുപിടിപ്പിക്കുമ്പോൾ അമ്മൂമ്മ അരികിലിരിക്കും ഉപദേശങ്ങളുമായി. 

 

അവൾ കുളി കഴിഞ്ഞെത്തി. 

 

‘ദാ, ചായ, പാലില്ല്യ ട്ട്വൊ, കട്ടനാ’

 

വലിയ ഓട്ടുഗ്ലാസിൽ ചായ മേശപ്പുറത്ത് വച്ചുകൊണ്ട് ബാലമാമ പറഞ്ഞു.

 

സാരല്ല്യ, നന്നായി, കുറേ ആയി ഈ ചായ രുചിച്ചിട്ട്. 

 

‘നല്ല മഴക്കോളുണ്ട് അതിനു മുന്നെ എത്തിയത് നന്നായി’

.

‘മം, ബാലമാമേ, സീത...അവൾ വരോ?’

 

‘പറഞ്ഞു വിട്ടിട്ടുണ്ട്. വരും’

 

ജാനകി  നനഞ്ഞ മുടി ഉലർത്തിയിട്ട് സൂക്ഷ്മതയോടെ ആ പടികൾ ഇറങ്ങി താഴെ എത്തി. പൂമുഖത്തെ തിണ്ണയിൽ ദൂരേയ്ക്ക് കണ്ണും നട്ട് ഇരുന്നു. പണ്ട് ആവശ്യപ്പെട്ട പുസ്തകങ്ങൾ തേടിപ്പിടിച്ച് അപ്പേട്ടൻ വരും ആ പടികടന്ന്. പിന്നെ ഈ പൂമുഖത്തെ ചർച്ചയിൽ മാധവിക്കുട്ടിയും എംടിയും ഒക്കെ ഉണ്ടാവും.

പിന്നെ കണ്ണുകൾ കൊണ്ട് പ്രണയം പറയും. ഒരു പാവായിരുന്നു തന്റെ അപ്പേട്ടൻ. ബന്ധങ്ങൾ എന്നും ഒരു ദൗർബല്യമായിരുന്ന മനുഷ്യൻ. ആരെയും വേദനിപ്പിച്ച് ഒന്നും നേടാനാവാതെ എല്ലാം വിട്ടുകൊടുത്ത ചരിത്രങ്ങൾ മാത്രമാണ് അപ്പേട്ടനുണ്ടായിരുന്നത്.

  

പടിപ്പുരയിൽ കേട്ട കലപില ശബ്ദമാണ് ചിന്തയിൽ നിന്നുണർത്തിയത്. ഒരു സ്ത്രീ കൂടെ മൂന്ന് കുട്ടികളും. ഒന്നിനെ ഒക്കത്തിരുത്തിയിട്ടുണ്ട്.

 

അവർ അടുത്തെത്തി.

 

‘ജാനകിക്കുട്ടി വന്നൂന്നറിഞ്ഞു.’

 

അവരുടെ മുഖത്ത് വല്ലാത്തൊരു സന്തോഷമായിരുന്നു അത് പറയുമ്പോൾ.

 

‘ആരാ, നിയ്ക്ക് മനസ്സിലായില്ല്യട്ടൊ.’

 

‘ദേ പ്പൊ നന്നായേ, സീത്യാ കുട്ട്യേ അത്’

 

ബാലമാമയാണ് ഉത്തരം പറഞ്ഞത്.

 

ജാനകി അദ്ഭുതത്തോടെ ആ മുഖത്തേക്കു നോക്കി.

 

‘സീത!!???’

 

‘കയറി വാ. നിന്നെ കണ്ടിട്ട് മനസ്സിലാവുന്നില്ലല്ലോ.’

 

‘ഇതൊക്കെ നിന്റെ കുട്ടികളാ?’

 

‘അഞ്ചാള്ണ്ട്, രണ്ടെണ്ണം വന്നില്ല. അവൾ തെല്ല് നാണത്തോടെ പറഞ്ഞു.’

 

‘ബാലമാമെ ഞാനീ കുട്ട്വോൾക്കിപ്പൊ എന്താ കൊടുക്കാ?’

 

‘ഏയ് അതൊന്നും വേണ്ട ജാനൂട്ടി, ഒന്ന് കണ്ടൂല്ലോ അത് മതി.’

 

അകത്ത് പോയി തിരികെ വന്ന് ജാനകി ഏറ്റവും വലിയന്റെ കയ്യിലേക്ക് ആയിരം രൂപ വച്ചു കൊടുത്തു.

 

‘നീ എല്ലാവർക്കും മിഠായി വാങ്ങിച്ച് കൊടുക്കണം ട്ടോ.’

 

അവൻ ജാനകിയെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി.

 

കുട്ടികൾ ആ മുറ്റത്ത് കളിച്ച് തുടങ്ങിയപ്പോൾ ജാനകി സീതയോടൊപ്പം പതിയെ നടന്നു തുടങ്ങി.

നെല്ലിമരം നിറയെ നെല്ലിക്കാമണികൾ.കലപില കൂട്ടുന്ന കുഞ്ഞിക്കിളികളും പച്ചപ്പിന്റെ ആഴങ്ങളിലേക്ക് വരവേൽക്കുന്ന കാറ്റും കറുത്തിരുണ്ട് പെയ്യാൻ വെമ്പുന്ന ആകാശവും അവളിൽ കൊഴിഞ്ഞുപോയ വർഷങ്ങളിൽ വീണ്ടുമൊരു വസന്തമായി തളിർത്തു.

 

‘ജാനി’

 

പെട്ടെന്ന് അവൾ ചുറ്റിലും നോക്കി. ഒരു പിടി നെല്ലിക്കയുമായി ആരോ നെല്ലിച്ചോട്ടിൽ നിൽക്കുന്നപോലെ തോന്നി.

 

‘അപ്പേട്ടൻ..’

 

അവൾ തുറിച്ച് നോക്കി

.

‘ന്താ ജാനൂട്ട്യേ ? അവിടെ ആരുല്ല്യാ’

 

‘മം. അറിയാം. അപ്പേട്ടൻ... അപ്പേട്ടൻ എന്റെ മനസ്സിലാണുള്ളത്’.

 

‘ജാനൂട്ടി പഴയതൊന്നും മറന്നില്ല അല്ലേ?’

 

‘ഏയ്, എനിക്ക് പഴയതും പുതിയതും ഇല്ലല്ലോ  അന്നും, ഇന്നും മാറ്റങ്ങളൊന്നും ഇല്ലാത്ത ഒരേ ജീവിതമല്ലേ എന്റേത്.’

 

പണ്ട് അരാപറ്റ ഉൽസവത്തിന് തന്റെ കൗമാരത്തിന്റെ പ്രണയ സ്വപ്നങ്ങൾക്ക് ചായങ്ങൾ ചാർത്തിയ ആ കണ്ണുകൾ. ആ ജീവിതത്തിലേക്ക് അലിഞ്ഞ് ചേരാൻ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ തന്റേതുമാത്രമായി ഈ ലോകത്ത് ഒരു ജീവൻ ഉണ്ടെന്ന ചിന്തയ്ക്ക് തിരികൊളുത്തിയ ആ വാക്കുകൾ. അകന്നൊരു ബന്ധമായതിനാൽ എതിർപ്പുകളെ ഭയന്നിരുന്നില്ല. 

 

 

അച്ഛനും അമ്മയും ഇല്ലാത്തതിനാലാവണം അമ്മമ്മയും മുത്തച്ഛനും ആ ബന്ധത്തെ എതിർത്തില്ല. പലതവണ സ്വയം പറഞ്ഞിട്ടുണ്ട്, ജീവിതത്തിൽ സൗഭാഗ്യങ്ങൾ ഒന്നും ദൈവം തന്നില്ലെങ്കിലും ആഗ്രഹിച്ച പുരുഷനോടൊപ്പം ഒരു ജീവിതം കൈവരാൻ പോകുന്നുവെന്ന്. നെല്ലറയ്ക്കലെ തൊടികളിലും കുളക്കടവിലും അമ്പലനടയിലും നടവഴിയിലും അരങ്ങേറിയ പ്രണയനിമിഷങ്ങൾ, ചേർത്തുനിർത്തുന്ന നാളുകാത്തൊരു യൗവനം ഒടുവിൽ...

 

സീതയുടെ വാക്കുകളാണ്  ഭൂതകാലത്തിന്റെ തേങ്ങലുകളിൽ നിന്നുമുണർത്തിയത്.

 

‘ജാനൂട്ടിയ്ക്ക് ഓർമയുണ്ടോ, ഈ ഞാവൽമരം?’

 

‘നമ്മൾക്കെല്ലാവർക്കും സ്കൂളിൽ നിന്ന് കിട്ടിയതാ, നമ്മളെല്ലാം അത് ഉണക്കി കളഞ്ഞു. പക്ഷേ തമ്പ്രാങ്കുട്ടി അതിനെ... ’

 

‘മം, കൊച്ചുകുട്ടിയെപ്പോലെ വളർത്തി. അതിനോട് സംസാരിച്ചു. അതിന്റെ വളർച്ച ഒരച്ഛനെപ്പോലെ നോക്കി നിന്നു. ഇത് നിറയെ കായ്ക്കുമ്പോൾ അപ്പേട്ടനില്ല. പക്ഷേ ഇന്നത് എത്ര കിളികൾക്കും അണ്ണാറ ക്കണ്ണനും വവ്വാലിനും ഭക്ഷണമാണ്, വലിയൊരു തണൽ തീർക്കുന്ന ഈ വൃക്ഷം, ഇതിലെ കിളിക്കൂടുകൾ എല്ലാം പണ്ടേ അപ്പേട്ടന്റെ സ്വപ്നമായിരുന്നു. പക്ഷേ സ്വയമൊരു കൂടുകൂട്ടാതെ, കാത്തിരുന്ന പെൺകിളിയെ കൂട്ടാതെ അപ്പേട്ടൻ...’

 

‘അതെ, ജാനൂട്ടി. മരങ്ങളും ജാനൂട്ടിയും ആയിരുന്നു തമ്പ്രാങ്കുട്ടീടെ ലോകം. നിങ്ങടെ മംഗലം കാണാൻ ഈ നാട്ടാര് എത്ര കൊതിച്ചതാണ്. തമ്പ്രാങ്കുട്ടിടെ അച്ഛനദ്ദേഹത്തിന് മാത്രമായിരുന്നു എതിർപ്പ്’

 

മഴക്കോളുമായി വീശിയ കനത്ത കാറ്റ് ഈറനുലർത്താനിട്ട മുടിയിഴകളെ തഴുകിയിറങ്ങുമ്പോൾ ആ സ്പർശം ഏറെ പരിചിതമായി തോന്നി ജാനകിക്ക്. 

 

‘ജാനി തന്റെ മുടിയൊക്കെ പോയല്ലൊ, കാച്ചെണ്ണയൊക്കെ നിർത്തി, ല്ലേ’

 

എന്ന് ആരോ ചോദിക്കും പോലെ. ആരോ അല്ല, അപ്പേട്ടൻ തന്നെയാണത്.

 

മുന്നിൽ നിന്നാരോ തന്നെ നയിക്കുമ്പോലെ ആ തൊടിയുടെ വടക്ക് കിഴക്കേ മൂലയിലുള്ള കുളം ലക്ഷ്യമാക്കി അവൾ നടന്നു. പഴമയിൽ നിന്ന് പഴമയിലേക്ക് ചാഞ്ഞുകിടന്നിരുന്ന ആ പടവുകളിലൊന്നിൽ അപ്പേട്ടൻ ഇരിക്കുന്നതായി അവൾക്ക് തോന്നി. ആ കുളക്കടവിലെ നാട്ടുമാവിലെ തേൻകനിക്കൂട്ടങ്ങൾ കുളത്തിലെ വെള്ളത്തിൽ കണ്ണാടി നോക്കിയിരുന്നു. സീത നോക്കി നിൽക്കെ അവൾ ആ പടവുകൾ ഇറങ്ങി. 

 

‘ഇവിടെ...ഇവിടെയല്ലെ അപ്പേട്ടൻ?’

 

‘അവൾ വല്ലാതെ വികാരം കൊണ്ടു.’

 

‘ജാനൂട്ടി ഇറങ്ങല്ലേ. പടവൊക്കെ പായലുണ്ട്.’

 

ഏയ്, ഈ കടവ് എനിക്കന്യമല്ലല്ലോ, എത്രയോ സന്ധ്യകൾ എന്റെ അപ്പേട്ടന്റെ കൂടെ ഇവിടെ... ഈ പടവുകളിൽ മൽസ്യങ്ങൾക്ക് ഭക്ഷണം വീശി, കഥകൾ പറഞ്ഞ്... പരിഭവങ്ങൾ പറഞ്ഞ്. വഴക്കാവുമ്പോൾ ഈ കുളത്തിലെ  തണുത്ത വെള്ളം തേവി എന്റെ മുഖത്തേയ്ക്ക് വീശും ന്റെ അപ്പേട്ടൻ.

 

ജാനി, ഈ കുളക്കടവും, നീയും മാത്രമായിരുന്നു ഈ ലോകമെങ്കിൽ എത്ര നന്നായേനെഎന്ന് എപ്പൊഴും പറയും.

 

ജാനകി ആ പടവുകളിലൊന്നിൽ ഇരുന്നു. 

 

‘സീതയ്ക്ക് അറിയോ? അന്ന് അവസാനമായി ഞങ്ങൾ ഈ കുളക്കടവിൽ വച്ചാണ് കണ്ടത്. അന്ന് കല്ല്യാണത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ എന്നോട് പങ്കുവച്ചിരുന്നു. ഏറെ ഇരുട്ടിയതിനാൽ എന്നെ പൂമുഖത്താക്കിയിട്ടാണ് പോയത്. പക്ഷേ അടുത്ത ദിവസം ഈ കുളക്കടവിൽ ന്റെ അപ്പേട്ടൻ...’

 

‘തമ്പ്രാങ്കുട്ടി കാലുതെറ്റി വീണതാന്നല്ലേ എല്ലാരും പറഞ്ഞത്.  എവിടെല്ലാം തിരഞ്ഞു. ഒടുവിൽ ബാലമാമയാണ് ഇവിടെ കണ്ടത്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.’

 

ജാനകി സീതയുടെ മുഖത്തേയ്ക്കൊന്ന് നോക്കി. കാലം മായ്ച്ച കഥയിലെ രാജകുമാരനെ ഓർത്ത് ആ കണ്ണുകളപ്പോൾ നിറഞ്ഞിരുന്നില്ല. കാരണം എത്തിപിടിക്കുമ്പോഴേയ്ക്കും വഴുതുന്ന കുളത്തിലെ മൽസ്യത്തെപ്പോലെ ജീവിതവും ഒരു മാത്രയിൽ  കയ്യിൽ നിന്നും വഴുതിയപ്പോൾ ഒരായുസിന്റെ മുഴുവൻ കണ്ണുനീരും ചുരന്നത് അതോർത്തിട്ടാണല്ലോ.

 

സീത തുടർന്നു. 

 

‘തമ്പ്രാങ്കുട്ടീടെ അച്ഛനദ്ദേഹം മുറ്റത്ത് വന്ന് നിലവിളിച്ചതോർക്ക്ണുണ്ടോ?’

 

‘മം, എന്റെ ജാതക ഫലമാണ്ന്ന്, ഞാൻ കാരണമാണെന്ന്. അന്ന് നാടുമുഴുവൻ അതേറ്റുപാടി. എന്നെ കുറിച്ച്, എന്റെ നഷ്ടത്തെക്കുറിച്ച് ആരും ഓർത്തില്ല.’

 

 

‘കുട്ട്യേ മതി പോരൂ, നേരം നന്നേ ഇരിട്ടീരിക്കുണു. ഇഴജന്തുക്കളൊക്കെണ്ടേയ്,  ഇനി നാളെയാവാം.’

പിറകിൽനിന്നും ബാലമാമയുടെ ശബ്ദമായിരുന്നു.

 

ജാനകി എഴുന്നേറ്റു. ‘വരാം ബാലമാമേ.’

 

ജാനകി പടവുകൾ കയറി. ഒന്നുകൂടി തിരിഞ്ഞ് നോക്കി. ആ കുളത്തിന്റെ അവസാന പടവുകളിലൊന്നിൽ അപ്പേട്ടൻ ഇരിക്കുന്നു.

 

‘ജാനി, അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല. ജനിച്ചപ്പോൾ തന്നെ തള്ളയെ തിന്നവൾ. അതാണ് അച്ഛൻ കാണുന്ന കുറ്റം. അച്ഛന്റെ സമ്മതമില്ലാതെ നീയും തയാറല്ല. പക്ഷേ ഒന്നെനിക്കറിയാം. നീ എനിക്കില്ലെന്നറിയുന്ന നിമിഷം നമ്മുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും വാക്കുകളും മൗനങ്ങളുമായി വീണുടഞ്ഞ   

ഇവിടെ ഈ കുളത്തിൽ  ഞാൻ തീരും’.

 

ഒട്ടും ആത്മവശ്വാസമില്ലെന്ന് താൻ എപ്പോഴും കുറ്റപ്പെടുത്തിയിരുന്ന ആ അവസാന വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.

 

തിരികെ നടക്കുമ്പോൾ ഇരുവരും മൗനമായിരുന്നു. പൂമുഖത്തെത്തി. സീത കുട്ടികളേയും കൊണ്ട് പട കടക്കുന്നതും നോക്കി നിന്നു. പതിയെ അകായിലെത്തി. അമ്മൂമ്മയെ നോക്കി കുറേ നേരം ഇരുന്നു. മുകളിലേയ്ക്ക് കയറുമ്പോൾ തന്റെ ജീവിതം പോലെ ആ കോണിപ്പടികളും ദ്രവിച്ചതായി ജാനകിക്ക് തോന്നി.

തുറന്നിട്ട ജാനാലകളിലൂടെ ദൂരേയ്ക്ക് നോക്കി. മഴത്തുള്ളികളിൽ ചിലത് ഇലകളിൽ മുത്തമിടുന്നുണ്ട്. എവിടെയോ എത്തിയെന്ന് പ്രതീക്ഷിച്ച് ദൂരെനിന്നും പാഞ്ഞടുക്കുന്ന മഴത്തുള്ളികൾ മണ്ണിൽ വീണുടഞ്ഞ് ഒന്നുമല്ലാതാവുന്നുണ്ട്.

 

അവൾ തന്റെ പെട്ടി തുറന്നു. മുകളിൽ തന്നെ വച്ചിരുന്ന പുസ്തകം കൈയ്യിലെടുത്തു. നെഞ്ചോട് ചേർത്തുവച്ചു. തന്റെ പ്രിയ എഴുത്തുകാരന്റെ ഒരു കൃതി, അവസാനമായി അപ്പേട്ടൻ തനിക്ക് തന്ന സമ്മാനമാണത്. അവളത് തുറന്നു. ‘എന്റെ സ്വന്തം ജാനിക്ക്’ എന്നെഴുതിയ ആദ്യ പേജിൽ തന്നെ മടക്കു വീണ് മഞ്ഞനിറം പൂണ്ട് പഴകിയ അവസാനത്തെ പ്രണയലേഖനം.

 

അച്ഛന്റെ സമ്മതമില്ലാത്തൊരു വിവാഹത്തിനന്ന് താൻ എതിരായിരുന്നു. അനാഥത്വത്തിന്റെ കയ്പുരസമുള്ള രുചിയറിഞ്ഞ തന്റെ ഗതി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുണ്ടാവരുതെന്ന ദീർഘ വീക്ഷണമായിരുന്നു ആ ചിന്ത. മാത്രമല്ല അപ്പേട്ടന്റെ വാക്കുകളിലൊളിച്ചിരുന്ന ആത്മവിശ്വാസക്കുറവിനെ അറിയാൻ ശ്രമിച്ചതുമില്ല.

 

‘നീയില്ലാതിനിയില്ലൊരു പുലരി.’

 

എന്നവസാനിക്കുന്ന വരികൾ. അന്നത് വായിച്ചപ്പോൾ  ആ വരികളിലെ കാവ്യാത്മകതയിൽ കൂടുതൽ ഒന്നും തോന്നിയില്ല. ആ വരികളിൽ മരണം മണക്കുന്നതുമറിഞ്ഞില്ല. മരണ ശേഷം മാത്രം മനസ്സിലാകുന്ന വരികളായിരുന്നു അത്.

 

നാടൊട്ട്ക്ക് ദുശ്ശകുനമെന്ന് മുദ്ര പതിച്ചു തന്നപ്പൊഴും തന്റെ അപ്പേട്ടൻ ജീവിതത്തെ നേരിടാനാവാതെ ഒരു ഭീരുവായി മരണം ഏറ്റുവാങ്ങിയതാണെന്ന് ആരോടും പറയാനാവാതെ, തന്റെ പ്രണയത്തെ തോൽവിക്ക് വിട്ടുകൊടുക്കാനാവാതെ ഒരു വെള്ളിടിയോടെ ജീവിതം തകർന്ന നടുക്കത്തിൽ ഒരു ഭ്രാന്തിയെപ്പോലെ ഈ തറവാടിന്റെ അറകളിൽ തളയ്ക്കപ്പെട്ടപ്പോളുണ്ടായ വേദന. 

 

 

താനനുഭവിച്ച  ആത്മസംഘർഷം. അപ്പേട്ടന്റെ ഓർമ്മകളുറങ്ങുന്ന ഈ മണ്ണിൽ നിന്നും മറവിയ്ക്കുള്ള മരുന്ന് തേടി അച്ഛൻ ബലംപ്രയോഗിച്ച് കൊണ്ടു പോകുമ്പോൾ അന്ന് കണ്ണുനീരുമായി യാത്രയാക്കിയ അമ്മൂമ്മയെ ഓർമ്മയുണ്ട്. പക്ഷേ,ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് കരുതിയതല്ല.  അതേ, കാലം മനസ്സിന്റെ മുറിവുണക്കുന്ന ഔഷധം തന്നെയാണ്. പുറത്തെ മഴയ്ക്കൊപ്പം ചിന്തകളുടെ മേഘക്കെട്ടുകൾ തുറന്ന് വർഷങ്ങളുടെ അകലം താണ്ടിയെത്തിയ ഓർമ്മ മഴയും അപ്പോൾ പെയ്ത് തോരുകയായിരുന്നു.

 

English Summary : Agni Pushpangal Story By Suguna Santhosh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com