ADVERTISEMENT

ഡേഡ് സൗ റുപ്പയാ (അനുഭവ കുറിപ്പ്)

കൂടെയുള്ളവരുടെ കരുതലും സ്നേഹവും നമ്മളെ മടിയന്മാർ ആക്കുമെന്നതിൽ കുറേയെങ്കിലും സത്യമുണ്ട്. അരികിൽ കിടക്കുന്ന കുഞ്ഞുണർന്ന് കരയുമ്പോഴും ഉറക്കം നടിച്ച് കുറച്ചുനേരം കൂടി കിടന്നു. കരച്ചിൽ നീളുന്നതല്ലാതെ അവൾ വരികയോ ആ കുഞ്ഞിനെയൊന്ന് തട്ടിക്കൊടുക്കെന്ന് വിളിച്ചു പറയുകയോ ഒന്നുമുണ്ടായില്ല. 

 

 

കണ്ണടച്ചുപിടിച്ചു കൊണ്ട് തന്നെ തിരിഞ്ഞ് കുഞ്ഞിനെ പതുക്കെ തട്ടിക്കൊടുത്തു. കയ്യിൽ നനവ് തട്ടിയപ്പോൾ ചാടിയെണീറ്റു. ‘‘ടേയ്, ദേ മോൾ കിടന്നു പെടുത്തു. തുണിയൊക്കെ മാറ്റി കൊടുക്ക്’’ ഡയലോഗ് ആവർത്തിച്ചിട്ടും ഒരനക്കവും ഇല്ലല്ലോ? ഇന്നെന്ത് പറ്റിയവൾക്ക്?, കണ്ണ് തുറന്ന് നോക്കിയപ്പോൾ കട്ടിലിന്റെ ഒരോരം പറ്റി അവൾ കിടക്കുന്നു. നേരം നല്ലവണ്ണം വെളുത്തിട്ടുമുണ്ട്. ദൈവമേ, ഇന്നിതെന്തു പറ്റി?  എഴുന്നേൽക്കാൻ ഒരുപാട് വൈകിയല്ലോ? ‘‘ടേയ്, എഴുന്നേൽക്ക്, സമയം ഒരുപാടായി’’. അവളെ തൊട്ടതും കൈപൊള്ളിയതു പോലെ തോന്നി. കുലുക്കി വിളിച്ചതും ഒരു ഞരക്കം മാത്രം. 

 

എന്ത് ചെയ്യണമെന്നറിയാതെ ആകെ വിഷമവൃത്തത്തിലായി. മൂത്രത്തിൽ കിടന്ന് കരയുന്ന മോളും, ചുട്ടുപൊള്ളുന്ന പനിയുമായി അർധബോധാവസ്ഥയിൽ കിടക്കുന്ന ഭാര്യയും. അടുത്തു തന്നെ താമസിക്കുന്ന സഹപ്രവർത്തകൻ കുൽ ഭൂഷണെ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും എടുക്കുന്നില്ല. ബൈക്കിൽ ഓഫീസിലേക്കുള്ള യാത്രയിലാവും. കുൽഭൂഷന്റെ വീട്ടിലെ നമ്പർ അറിയാം,  പക്ഷേ അയാളുടെ ഭാര്യയും മകനും ഇന്നലെയാണ് ആരുടെയോ വിവാഹത്തിനായി അയാളുടെ നാട്ടിലേക്ക് പോയത്. 

 

കുഞ്ഞിന്റെ ഉടുപ്പ് മാറ്റി കഴുകിത്തുടച്ച് ഡയപ്പറും ഫ്രോക്കും ഇട്ടു കൊടുത്തു. ഭാര്യയുടെ നെറ്റിയിൽ തുണി നനച്ചിട്ട്, നൈറ്റി മാറ്റി ചുരിദാറ് ഇട്ടു കൊടുക്കാൻ ഒരു പാട് സമയം എടുത്തില്ലെങ്കിലും അലമാരയും മുറിയും ഒരു യുദ്ധം കഴിഞ്ഞ പോലെ അലങ്കോലമായി. പല്ലു പോലും തേച്ചിട്ടില്ലെന്നപ്പോഴാണ് ഓർത്തത്. രണ്ടു മിനിറ്റ് കൊണ്ട് റെഡിയായി കുഞ്ഞിനെ തോളിലിട്ട് ഭാര്യയെ കൈ കൊണ്ട് താങ്ങി പുറത്തേക്കിറങ്ങുമ്പോൾ വാടക ലാഭിക്കാനായി ലിഫ്റ്റില്ലാത്ത അപ്പാർട്ട്മെന്റിൽ മൂന്നാമത്തെ നിലയിൽ ഫ്ലാറ്റെടുത്തതോർത്ത് സ്വയം ശപിച്ചു. 

 

ആ നിലയിൽ സ്റ്റെപ്പുകൾ ഇറങ്ങി എങ്ങനെ റോഡിലെത്തിയെന്നും ഓട്ടോറിക്ഷയിൽ കയറിപ്പറ്റിയെന്നും ഒരോർമ്മയും കിട്ടുന്നില്ല.  വിശേഷിച്ച് ഒന്നും പറയാതെ തന്നെ ആട്ടോക്കാരൻ നേരേ എംജിഎം ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിയിലേക്ക് തന്നെ കൊണ്ടു പോയത് കാരണം എങ്ങോട്ട് പോവണം എന്ന ചിന്താക്കുഴപ്പം ഒഴിവായി. ഇറങ്ങുമ്പോൾ കുഞ്ഞിനെ എടുത്ത് സഹായിച്ച അയാൾ  കൂലി വാങ്ങാൻ നിൽക്കാതെ സ്ഥലം വിട്ടപ്പോൾ അത് വരാനിരിക്കുന്ന ഒരുപാട് അതിശയങ്ങളുടെ തുടക്കമാണെന്ന് മനസ്സിലായിരുന്നില്ല. 

 

ഡ്യൂട്ടി ഡോക്ടറുടെ തിരക്കിട്ട പരിശോധനകൾക്കൊടുവിൽ ‘‘ചിന്താ മത് കരോ, ഭായ്, കുച്ഛ് നഹീം ഹേ, ഥോഡാ ബുഖാർ ഹേ’’ എന്നൊക്കെ പറഞ്ഞെങ്കിലും ടെൻഷൻ മാറിയില്ല. ഒബ്സർവേഷൻ റൂമിലേക്ക് മാറ്റി ഒന്നു രണ്ട് ഇൻജക്ഷനും ഗുളികകളും കൊടുത്ത് പിന്നെ ട്രിപ്പ് തുടങ്ങിക്കഴിഞ്ഞപ്പോഴാണ് കയ്യിൽ ഒരു കുറിപ്പുമായി മറ്റൊരു നഴ്സ് കടന്നു വന്നത്. ‘‘ഭയ്യാ, ബാരാ നമ്പർ കൗണ്ടർ മേം ഡേഡ് സൗ റുപ്പയാ ജമാ കർക്കെ ആജാഓ’’ സംസാരത്തിലെ വേഗത കാരണം ഭാഷ ഏതാണെന്ന് പെട്ടെന്ന് പിടി കിട്ടിയിലെങ്കിലും കുറിപ്പ് പൈസ അടയ്ക്കാനാണെന്ന് മനസ്സിലായി. മുഖത്തെ സംശയഭാവം കണ്ട് അവർ ഒന്ന് കൂടി പറഞ്ഞു.

 

‘‘ഡേഡ് സൗ’’ പക്ഷേ ഡേഡ് സൗവെന്നാൽ നൂറ്റമ്പതാണോ ഇരുന്നൂറ്റമ്പത് ആണോയെന്ന് സംശയിച്ച് നിൽക്കുമ്പോൾ അവർ ചിരിച്ചു കൊണ്ട് ചോദിച്ചു ‘‘മലയാളീ?’’ അതേയെന്ന ഇളിഭ്യച്ചിരിക്ക് ഉത്തരമായവർ വലതു വശത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു ‘‘150 രൂപാ, കൗണ്ടർ നമ്പർ 12’’  അപ്പോഴേക്കും ഉണർന്ന് കരയുകയായിരുന്ന കുഞ്ഞിന്റെ താടിയിൽ പിടിച്ച് എന്താ വാവേ കരയുന്നേ? വാവക്ക് ഉവ്വാവ ആണോ എന്ന് കുശലം പറയാനും അവർ മറന്നില്ല. അവരുടെ കുസൃതി നിറഞ്ഞ ചിരിയും വെള്ള ഉടുപ്പുകളും തൊപ്പിയും ഒക്കെ കണ്ടിട്ടാണോ അതോ പെട്ടെന്ന് കിട്ടിയ പരിലാളനത്തിനാലാണോ, അറിയില്ല, മോൾ കരച്ചിലൊന്ന് നിർത്തി. 

 

 

പൈസ അടച്ചിട്ട് വേഗം വരുമ്പോൾ അവർ ഭാര്യയുടെ തലയിൽ തലോടി ആശ്വസിപ്പിക്കുകയായിരുന്നു. ഈ മഹാനഗരത്തിൽ മാതൃഭാഷ സംസാരിക്കുന്ന മറ്റൊരാളെ കിട്ടുക എന്റെ ഭാര്യക്ക് എപ്പോഴും ഒരാശ്വാസ മായിരുന്നു, ഇപ്പോഴാണെങ്കിൽ ആശ്വാസവാക്കുകൾ അവൾക്കേറ്റവും ആവശ്യമായ ഒരു സന്ദർഭവും. പൈസ അടച്ചതിന്റെ രസീതി വാങ്ങി നോക്കിയിട്ട് അവർ മടങ്ങുമ്പോഴും മോളെ ഒന്ന് താലോലിക്കാൻ മറന്നില്ല. ഒട്ടും വൈകാതെ കുഞ്ഞ് വീണ്ടും കരയാൻ തുടങ്ങി. മോള് കരയുന്നതവൾക്ക് വിശന്നിട്ടാണ് എന്ന് ഭാര്യ ആംഗ്യം കാട്ടുന്നുണ്ടായിരുന്നു. പക്ഷേ എട്ടൊമ്പത് മാസം പ്രായമായ കുഞ്ഞിന് എന്തു നൽകാനാണ്, പൊള്ളുന്ന പനിയുമായി കിടക്കുന്ന ഭാര്യയുടെ മുലപ്പാൽ കൊടുക്കുന്നതെങ്ങനെ? വീട്ടിൽ പോയാൽ ലാക്ടോജൻ കലക്കി കൊടുക്കാമായിരുന്നു. പക്ഷേ ഭാര്യയെ തനിച്ചാക്കി എങ്ങനെ പോകും? എത്ര ശ്രമിച്ചിട്ടും കുഞ്ഞ് കരച്ചിൽ നിർത്തുന്നുമില്ല. ഭാര്യയുടെ അടുത്തേക്ക് പോകാനായി കുതിക്കുന്നുമുണ്ട്. 

 

ശാഠ്യം പിടിച്ചുള്ള കരച്ചിൽ കേട്ടിട്ടാവണം ആ നഴ്സ് വീണ്ടും വന്നു. കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു ‘‘ഇതാണോ കാര്യം, ചേട്ടൻ ധൈര്യമായി പോയിട്ട് വാ, ചേച്ചിയെ ഞാൻ ശ്രദ്ധിച്ചോളാം. മുലപ്പാൽ കൊടുക്കുന്ന കാര്യം എന്തായാലും ഡോക്ടറോട് ചോദിച്ചിട്ട് ചെയ്യാം.’’ എന്നിട്ടും സംശയിച്ച് നിന്ന എനിക്ക് അവർ വീണ്ടും ധൈര്യം തന്നു. ‘‘പോയിട്ട് വേഗം വന്നാൽ മതി, ചേട്ടന്റെ ഫോൺ നമ്പർ തന്നേ, എന്തെങ്കിലും അത്യാവശ്യം വന്നാൽ ഞാൻ വിളിക്കാം’’. ഭാര്യയും കണ്ണുകൾ കൊണ്ട് അനുവാദം തന്നു. ഫോൺ നമ്പർ പറഞ്ഞു കൊടുത്ത് മോളേയും കൊണ്ട് ഞാൻ മടിച്ചുമടിച്ച് നടക്കുമ്പോൾ, പാൽക്കുപ്പിയും നിപ്പിളും സ്പൂണും എല്ലാം ചൂട് വെള്ളത്തിൽ നല്ലവണ്ണം കഴുകിയിട്ട് വേണം ഉപയോഗിക്കാനെന്നവർ ഓർമ്മിപ്പിച്ചു. 

 

വിശപ്പുകാരണം ആവും ഒട്ടും രുചിയൊന്നുമില്ലെങ്കിലും മോൾ പതിവിലുമധികം പാൽ കുടിച്ചതു പോലെ തോന്നി. എന്തായാലും വിശപ്പ് ശമിച്ചപ്പോൾ അവൾ വീണ്ടും ഒന്നു മയങ്ങി. വീണ്ടും വിശക്കുമ്പോൾ കൊടുക്കാനായി കുപ്പിയിൽ വീണ്ടും പാൽ നിറച്ച് മോളെയുമെടുത്ത് ഞാൻ തിരികെ വരുമ്പോൾ ഭാര്യ നല്ല മയക്കത്തിലായിരുന്നു. ചൂട് കുറഞ്ഞു തുടങ്ങിയിട്ടുമുണ്ട്. മോളെ ബെഞ്ചിൽ കിടത്തി ഒരു കൈകൊണ്ട് പിടിച്ച് ഞാനും ഒന്നു മയങ്ങുമ്പോഴാണ് ആ നഴ്സ് വീണ്ടും വന്നത്. ഇത്തവണ യൂണിഫോമിലല്ല, ചുരിദാറാണ് വേഷം.

 

 

‘‘ചേട്ടാ എന്റെ ഡ്യൂട്ടി കഴിഞ്ഞു, ഞാൻ പോവാ’’. എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം അവൾ തുടർന്നു, ‘‘ഇടയ്ക്ക് ഞാൻ വരാം കേട്ടോ. ഇവിടെ അപ്പുറത്താ ഞങ്ങടെ ഹോസ്റ്റൽ’’. ഞാൻ പുഞ്ചിരിച്ച് തലയാട്ടി. സന്ധ്യക്ക് മുമ്പ് അവർ രണ്ടുമൂന്ന് തവണ വന്നു. ഞാൻ വീട്ടിൽ പോയി പാല് കാച്ചിയും ബിസ്ക്കറ്റ് കുറുക്കിയും ഒക്കെ കുഞ്ഞിന്റെ വിശപ്പടക്കി. 

 

 

സന്ധ്യയോടെ ഒബ്സർവേഷൻ റൂമിൽ നിന്നും പ്രൈവറ്റ് റൂമിലേക്ക് മാറ്റിയതോടെ കുഞ്ഞിന്റെ കാര്യങ്ങൾക്കായി പിന്നീട് വീട്ടിലേക്ക് പോവണ്ട ആവശ്യം ഉണ്ടായില്ല. വിവരങ്ങൾ അറിഞ്ഞ് കുൽ ഭൂഷണും മറ്റ് സുഹൃത്തുക്കളും വന്നെങ്കിലും അവരാരും അപ്പോഴത്തെ സാഹചര്യത്തിൽ സഹായിക്കാൻ കഴിയുന്നവർ ആയിരുന്നില്ല. എങ്കിലും ആ നഴ്സിന്റെ ഡ്യൂട്ടി സമയത്തും അല്ലാത്തപ്പോഴുമുണ്ടായ കരുതലും ശുശ്രൂഷയും കാരണം അവരുടെ ആരുടെയും സഹായം ആവശ്യമായി വന്നില്ല എന്നതാണ് സത്യം. 

 

 

ഭാര്യക്ക് ട്രെയിനിൽ സഞ്ചരിക്കാൻ കഴിയും എന്ന അവസ്ഥ വന്നപ്പോൾ തന്നെ ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് തിരിക്കുമ്പോൾ അവർ സങ്കടത്തോടെയാണ് ഞങ്ങളെ യാത്രയാക്കിയത്. കടുത്ത രോഗപീഡ യുടെ ക്ഷീണം മാറിയിട്ട് ഭാര്യയും മകളും എന്നോടൊപ്പം വന്നാൽ മതിയെന്ന എല്ലാവരുടെയും തീരുമാന ത്തിന് വഴങ്ങി ഒരാഴ്ച കഴിഞ്ഞ് ഞാൻ തിരികെ എത്തിയെങ്കിലും കുടുംബത്തോടൊപ്പം പോയി അവരെ കാണുന്നതാണ് ഔചിത്യം എന്ന് ഞാൻ കരുതി ഞാൻ ഹോസ്പിറ്റലിലേക്ക് പോയില്ല. 

 

 

പക്ഷേ, ഉർവ്വശീ ശാപം ഉപകാരം എന്ന പോലെ, ഭാര്യയുടെ അസുഖം കാരണമാവും നാട്ടിലേക്ക് സ്ഥലം മാറ്റം എന്ന എന്റെ ദീർഘകാലത്തെ ആവശ്യം അംഗീകരിക്കാൻ മാനേജ്മെന്റിന് തോന്നിയത് പെട്ടെന്നാ യിരുന്നു. അവർക്ക് മനം മാറ്റം വരുന്നതിന് മുമ്പ് അവിടുന്ന് മടങ്ങുന്നതിനുള്ള തയാറെടുപ്പിനിടയിൽ ഞാൻ മറ്റെല്ലാം മറന്നു. ഹോസ്പിറ്റലിൽ പോകാനും അവർക്ക് കൊടുക്കാൻ ഭാര്യ തന്നുവിട്ട സാധനങ്ങൾ കൊടുക്കാനും കഴിയാതെ, യാത്ര പോലും പറയാതെ മടങ്ങിയതിൽ ഇപ്പോഴും കുറ്റബോധം തോന്നാറുണ്ട്. എങ്കിലും ഡേഢ് സൗ എന്ന പദം കേൾക്കുമ്പോൾ ഒരു മാലാഖയെപ്പോലെ അവരുടെ രൂപം മനസ്സിൽ ഇന്നും ഓടിയെത്താറുണ്ട്. 

 

English Summary : Daid Saw Rupaya Experience By Abdul Basheer Fathahudheen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com