ADVERTISEMENT

ലോക് ഡൗൺ (കഥ)

‘‘എടീ ഞാൻ പുറത്ത് പോകുന്നുണ്ട്. എന്തൊക്കെ വാങ്ങണം.’’കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ട് അജയ് ചോദിച്ചു. 

 

‘‘വാങ്ങനാണേൽ കൊറേ ഉണ്ട്’’

 

‘‘നീ അത്യാവശ്യം ഉള്ളത് മാത്രം പറഞ്ഞാൽ മതി’’

 

‘‘ഇത്തിരി പരിപ്പും തക്കാളിയും ചെറുപയറും ഉഴുന്നും. പിന്നെ കുറച്ച് പച്ചക്കറിയും വാങ്ങിച്ചോ’’

 

‘‘നോക്കട്ടെ’’

 

‘‘ഇതൊക്കെ തീർന്നിരിക്കുന്നതാ’’

 

‘‘രാവിലത്തേക്ക് വല്ല ചപ്പാത്തിയും ഉണ്ടാക്കിയ പോരെ. ഉഴുന്നൊക്കെ എന്തിനാ’’

 

‘‘നിങ്ങക്ക് എന്നും ഇത് കഴിച്ച് മടുപ്പൊന്നും ഇല്ലേ... അമ്മ കുറെയായി പറയുന്നു ഇഡ്ഡലി കഴിക്കണംന്ന്’’

 

അജയ് ബെഡിൽ കിടന്ന ഫോൺ പോക്കറ്റിൽ വെച്ചു. പേഴ്സിൽ പൈസ ഉണ്ടെന്ന് ഉറപ്പ് വരുത്തി മറ്റേ പോക്കറ്റിൽ വെച്ചു. അവൻ പുറത്തേക്കിറങ്ങി. കൂടെ അവളും 

 

‘‘എല്ലാത്തിനും കൂടി പൈസ ഒന്നും തികയില്ല. ഉള്ളത് പോലെ വാങ്ങിക്കാം’’

 

‘‘അയ്യോ. ഒരു അത്യാവശ്യ സാധനം മറന്നു’’

 

‘‘എന്താ’’

 

‘‘രണ്ട് പാക്കറ്റ് പാഡ് കൂടി’’

 

‘‘എന്റെ ദിവ്യേ. നീയെന്താ ഇത് തിന്നുന്നുണ്ടോ’’

 

‘‘എന്താ. എല്ലാ മാസവും ഉള്ളതല്ലേ. കഴിഞ്ഞ പ്രാവശ്യം നല്ല ബ്ലീഡിംഗ് ഉണ്ടായിരുന്നു’’

 

‘‘ഒരു പാക്കറ്റ് വാങ്ങാം. പിന്നെ തുണിയങ്ങാനും വെച്ച് അഡ്ജസ്റ്റ് ചെയ്യ്. ഒന്നാമത് ലോക്ക്ഡൗൺ. മനുഷ്യനിവിടെ പണിയൊന്നും ഇല്ലാതിരിക്കുവാ’’

 

‘‘ദിവ്യ പിന്നൊന്നും മിണ്ടിയില്ല’’

 

അജയ് തൂവാല കൊണ്ട് മൂക്ക് കെട്ടി ഗേറ്റ് തുറന്ന് റോഡിലേക്കിറങ്ങി. അയാൾ  പോകുന്നതും നോക്കി അവൾ നിന്നു. ബൈക്ക് പെട്രോൾ ഇല്ലാതെ പോർച്ചിൽ ചാരി വെച്ചിരിക്കുന്നു. കണ്മുന്നിൽ നിന്നും അവൻ മാഞ്ഞപ്പോൾ അവൾ തിരികെ അടുക്കളയിലേക്ക് പോയി. ഗ്യാസ് കത്തിച്ച് പരത്തിവെച്ച ചപ്പാത്തികൾ ഓരോന്നായി ചുടാൻ തുടങ്ങി. ചപ്പാത്തിക്ക് കൂട്ടി കഴിക്കാൻ ഇന്നലത്തെ മീൻ കറിയാണുള്ളത്. വേറൊന്നും ഉണ്ടാക്കാനുള്ള സാധനങ്ങളില്ല. പകുതിയായതും തീർന്നതുമായ സാധങ്ങളുടെ കുപ്പികൾ അവളെ നോക്കി ഇളിച്ചു കാട്ടി. ഫ്രിഡ്ജിൽ നിന്ന് തലേന്നത്തെ കൂട്ടാൻ എടുക്കുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന തട്ടുകൾ കണ്ണീരൊഴുക്കി. ചോറ് വാരവെക്കുമ്പോഴാണ് അജയ് വന്നത്. 

 

‘‘എല്ലാം കിട്ടിയോ... ’’

 

‘‘പൈസ തികഞ്ഞില്ല. ഉള്ളതു പോലെ വാങ്ങിയിട്ടുണ്ട്’’

 

അവൻ നീട്ടിയ കവറുകൾ അവൾ അകത്തു കൊണ്ടു പോയി വെച്ചു. അജയ് പുറത്തെ പൈപ്പിൽ നിന്നും കയ്യും കാലും മുഖവുമെല്ലാം കഴുകി അകത്തേക്ക് കയറി. 

 

‘‘എന്തൊരു വെയിലാ... ’’

 

തണുത്ത വെള്ളത്തിനായി അവൻ ഫ്രിഡ്ജ് തുറന്നു. കുറച്ചു കാലം മുമ്പു വരെയുണ്ടായിരുന്ന ഫ്രിഡ്ജിന്റെ അകത്തളങ്ങളെ മനസ്സിൽ ഓർത്തു കൊണ്ട് അവനാ വെള്ളം ആവോളം കുടിച്ചു. കുപ്പിയിൽ വെള്ളം നിറച്ചു വെക്കാൻ അടുക്കളയിലേക്ക് നീങ്ങി. അവിടെ പ്രിയപ്പെട്ട ഭാര്യ  കഴിഞ്ഞ ദിവസം പറമ്പിൽ നിന്ന് പൊട്ടിച്ച മുരിങ്ങക്കായകൾ കറി ആക്കുകയാണ്. 

 

പൈപ്പ് തുറന്ന് കുപ്പിയിൽ വെള്ളം നിറച്ച് അവൻ തിരികെ ഫ്രിഡ്ജിൽ വെച്ചു. 

 

ഭാര്യയെ സഹായിക്കാനെന്നോണം വാങ്ങിയ സാധനങ്ങൾ അതാത് സ്ഥാനങ്ങളിൽ വെച്ചു. 

 

‘‘ഇതെവിടാ വെക്കേണ്ടത്’’

 

പൊതിയിലെ നാപ്‌കിൻ പാക്കറ്റ് ഉയർത്തിക്കാട്ടി അജയ് ചോദിച്ചു. 

 

‘‘മുറിയിലെ ഷെൽഫിൽ വെച്ചോ’’

 

അവനത് മുറിയിലെ ഷെൽഫിൽ ഭദ്രമായി വെച്ചു. 

 

അലക്കിത്തേച്ച് മടക്കി വെച്ച അയാളുടെ ഷർട്ടുകളും അവളുടെ സാരികളും അവനെ കളിയാക്കി. 

 

അന്നവൾക്ക് മാസമുറ ആയി. അന്ന് രാത്രി ഭർത്താവിന് പകരം തലയിണയെ കെട്ടിപിടിച്ചുറങ്ങുമ്പോൾ അവൾ അവനോട് പറയുകയുണ്ടായി 

 

‘‘ഇന്ന് വാങ്ങിയത് നന്നായി’’

 

തൊട്ടടുത്ത് ഭാര്യ അടിവയറ്റിലെ വേദന കടിച്ചമർത്തി കിടക്കുമ്പോൾ പൊങ്ങിവന്ന വികാരങ്ങളോട് അയാൾ ‘വേണ്ട’ എന്ന് പറഞ്ഞു മനസ്സിലാക്കി. പിന്നീടങ്ങോട്ട് ഒരാഴ്ചയോളം അയാൾ കടിച്ചു പിടിച്ചു. ചുവന്ന സിഗ്നൽ മാറിയപ്പോൾ അവനും അവളും പ്രണയ കാവ്യം തീർത്തു. 

 

‘‘നിങ്ങളറിഞ്ഞോ. ലോക്ഡൗൺ മൂന്നാം ഘട്ടമാണ്’’

 

‘‘ഉം അറിഞ്ഞു’’

 

ഉറക്കം നിലാവ് കാണുമ്പോൾ അവരുടെ ഉടലുകൾ പിന്നെയും വാരിപ്പുണർന്നു. 

 

പിന്നെയും അവൻ അവൾക്കായി വാങ്ങി കൊണ്ടു വന്ന നാപ്കിൻ തന്നെ തിരിഞ്ഞു നോക്കാൻ പോലും അവൾ വരാത്തതിൽ പരിഭവിച്ച് അവളോട് പിണങ്ങി. ക്വാറന്റൈൻ ദിനങ്ങളിലെ ആദ്യ ഞായറാഴ്ച മുതൽ ഉടലുരച്ചു തീർത്ത വെൺശില്പം അവളുടെ ഉദരത്തിൽ മുളച്ചു കൊണ്ടിരുന്നു. 

 

സംശയം മാത്രമായിരുന്നു ആദ്യം. കെട്ട്യോനെ പറഞ്ഞു വിട്ട് പ്രഗ്നൻസി കാർഡ് വാങ്ങിപ്പിച്ചു. അതിൽ തെളിഞ്ഞത് ‘രണ്ട് പിങ്ക് ലൈൻസ്’ ആണ്. 

 

അവളുടെ ശബ്ദം ആ മുറിക്കകത്ത് ഉച്ചത്തിലായി. 

 

‘‘ഇതൊക്കെ കാണാൻ വേണ്ടി വാങ്ങിച്ചോണ്ട് വന്നതായിരുന്നോ’’

 

ഷെൽഫിൽ ഇരുന്ന കോണ്ടം പാക്കറ്റ് അവൾ ബെഡിലേക്ക് വലിച്ചെറിഞ്ഞു. അവൻ വാക്കുകൾ വിഴുങ്ങി സ്വയം മൗനിയായി. 

 

‘‘ലോക് ഡൗൺ കഴിഞ്ഞിട്ട് നമുക്ക് ഇതിനെ കളയാം’’

 

ഉള്ളിലെ ജീവനൊന്ന് പിടഞ്ഞുവോ? അവൾ വേദനയോടെ കട്ടിലിൽ ഇരുന്നു. മൂന്നാം ഘട്ട ലോക്ഡൗൺ അവസാന ദിനം നാളെയാണ്. 

 

‘‘ഏട്ടാ... നമുക്ക് ഈ കുഞ്ഞിനെ കളയണ്ട’’

 

ദിവ്യയുടെ ഉറച്ച ശബ്ദത്തിൽ അജയ്‌യിലെ അച്ഛൻ ഉണർന്നു. 

 

‘‘എത്ര പട്ടിണിയാണേലും നമ്മുടെ കുഞ്ഞിനെ നമ്മൾ വളർത്തും’’

 

ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതം കെട്ടിപ്പടുക്കാനുള്ള മനോബലത്തോടെ അവൻ ആദ്യമായി പ്രിയപത്നിയുടെ ഉദരത്തോട് കാത് ചേർത്തു. 

 

English Summary : Lock Down Short Story By Asra Mumthas Mehra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com