ADVERTISEMENT

ഓർമയിലെ വളപ്പൊട്ടുകൾ (കഥ)

          

മനുവേട്ടാ... മനുവേട്ടാ... ഇതെവിടാ?  ഒന്നിങ്ങു വന്നേ... എന്തിനാണാവോ കിടന്നു കൂവുന്നേ. ചാരുകസേര യിലെ എന്റെ പകൽക്കിനാവ് മുഴുവൻ കാണാൻ പറ്റാത്ത സങ്കടം മറച്ചുവെച്ച്  ഞാൻ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു. അവൾ  അവിടെ  എന്റെ ഒരു പഴയ പെട്ടി തുറന്നു വെച്ചിട്ടുണ്ട്. ഇതിൽ എന്ത്  ബോംബാണാവോ ഞാൻ മനസ്സിൽ ഓർത്തു. എത്ര ചവറാ ഇതിൽ, ഇതൊക്കെ വല്ല ആവശ്യവും ഉള്ള സാധനം ആണോ. ഇതൊക്കെ എടുത്തു ദൂരേ കളയട്ടെ എന്ന് പറഞ്ഞു ഒരു കവറിൽ സൂക്ഷിച്ച കുറച്ചു വളപ്പൊട്ടുകൾ എന്റെ നേർക്കെറിഞ്ഞു.

 

 

 

തറയിൽ വീണു നാലുപാടും ചിതറിയ ആ വളപ്പൊട്ടുകൾ വീണ്ടും പെറുക്കി ആ കവറിൽ ഇട്ട് ഞാൻ എന്റെ ചാരുകസേരയിൽ പോയിരുന്നു. ഇപ്പോൾ എന്റെ മനസ്സിൽ പകൽകിനാവല്ലാ. പൊട്ടാത്ത ഈ  വളകൾ അണിഞ്ഞിരുന്ന ആ പഴയ പതിനാറുകാരിയുടെ കുസൃതി നിറഞ്ഞ കണ്ണുകളായിരുന്നു. അന്ന് ഞാൻ ബിരുദം രണ്ടാം വർഷം. അന്നാണ് ഞാൻ ഇപ്പോൾ എന്റെ കയ്യിൽ ഇരിക്കുന്ന ഈ വളപ്പൊട്ടുകളുടെ ഉടമയെ ആദ്യമായി കണ്ടത്.

 

 

എന്റെ രണ്ടാം വർഷ പരീക്ഷയുടെ അവസാന ദിവസവും ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ  ഉത്സവം തുടങ്ങുന്ന ദിവസവും ആയിരുന്നു അന്ന്. അന്ന് ഞാൻ കോളജിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ ഏതോ അതിഥികൾ ഉണ്ട്. വേറാരും അല്ല എന്റെ അമ്മാവനും അമ്മായിയും അവര് ബോംബെയിൽ  ആണ് താമസം, അമ്മാവനെ എപ്പോഴൊ കണ്ട ഓർമ്മ  ഉണ്ട്. അമ്മായിയെ കണ്ട ഓർമ്മ എനിക്കില്ല. അവര് എന്നോട് പഠിത്തത്തെ കുറിച്ചു  കുറേ എന്തൊക്കെയോ ചോദിച്ചു. അതെനിക്ക് തീരെ പിടിച്ചില്ല എന്നാലും ഉള്ളിൽ ഉള്ളത് പുറത്തു കാണിക്കാതെ അവര് ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞു.

 

 

കുറച്ചു കഴിഞ്ഞു അവർ യാത്രയായി. പോകാൻ നേരം നല്ലോണം പഠിക്കേണം എന്ന സ്ഥിരം ഉപദേശവും അപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി  കേരളത്തിലായാലും ബോംബെയിൽ ആയാലും അമ്മാവൻമാരു നന്നാവൂല്ലാന്ന്. അവര് പോയ ശേഷം അയൽപക്കത്തെ ജാനുചേച്ചി ന്യൂസ് പിടിക്കാൻ വന്നു. ജാനുവേച്ചി അമ്മയോടായി ചോദിച്ചു അനിയൻ സ്ഥിരതാമസത്തിനു വന്നതാണോ.

 

  

ഏയ്... അവർക്ക് കുടുംബക്ഷേത്രത്തിൽ വഴിപാടുണ്ട് ഇത്തവണ, അതിനു വന്നതാ. കുട്ട്യോളും  ഉണ്ട് കൂടെ. താമസം ഒക്കെ കുടുംബ വീട്ടിൽ ആണ്. അതുകഴിഞ്ഞ് അവരങ്ങു പോവും. അമ്മയുടെ കയ്യീന്നുള്ള ന്യൂസ് പിടിച്ചു കഴിഞ്ഞു ജാനുവേച്ചി ഒരു ചായയും കുടിച്ചു അടുത്ത ന്യൂസ് പോയിന്റിലേക്കു പോയി. അപ്പോഴേക്കും ഞാനും കുളിച്ചു റെഡിയായി അമ്പലത്തിലേക്ക് സൈക്കിളിൽ വെച്ചുപിടിച്ചു.

 

 

അമ്പലത്തിൽ ഉത്സവത്തിനു മുന്നോടിയായുള്ള ചടങ്ങുകൾ നടക്കുന്നു. മേളവും വാദ്യവും. ആകെ കൂടെ ബഹളം. അതിനിടയ്ക്കാണ് പെട്ടെന്ന് എന്റെ കണ്ണിൽ ഒരു പച്ചക്കിളി പെട്ടത്. അല്ലാ, ഇതാര് ഞാൻ അറിയാത്ത  ഒരു പച്ചക്കിളി ഇവിടെ കിടന്നു ചുറ്റുന്നേ. അവളുടുത്തിരുന്ന പച്ച പട്ടുകുപ്പായവും ആ വലിയകണ്ണുകളും മുട്ടോളംനീണ്ട മുടിയിൽ ചൂടിയ ആ തുളസ്സിക്കതിരും. എന്റെ മനസ്സിലെ സൗന്ദര്യ സങ്കൽപങ്ങൾക്കു ജീവനുള്ള ഒരു ഉദാഹരണം  കാണിക്കാൻ കഴിയും എന്ന തിരിച്ചറിവാണോ അതോ പ്രണയമാണോ ആദ്യം അവളോട് തോന്നിയത് എന്നെനിക്കറിയില്ല.

 

 

പിന്നീട് കലവറയിലെ പച്ചക്കറി ഒരുക്കലിന്റെ കൂടെയുള്ള പരദൂഷണത്തിൽ നിന്ന് അത് വേറെയാരുമല്ല എന്റെ മുറപ്പെണ്ണാണ് എന്ന സത്യം ഞാൻ മനസ്സിലാക്കി. അങ്ങനെ പത്തുദിവസത്തെ ഉത്സവത്തിനിടയിൽ ഞങ്ങൾ പരിചയപ്പെട്ടു. ഒത്തിരി ഒത്തിരി സംസാരിച്ചു. ആരോടും അധികം സംസ്സാരിക്കാത്ത  എന്റെ ആ സ്വഭാവം ഞാൻ അവളുടെ മുന്നിൽ മറന്നു തുടങ്ങിയിരുന്നു. ബോബെയിൽ പഠിച്ചുവളർന്ന കുട്ടിയായിട്ടും മലയാളിത്തം നിറഞ്ഞ അവളുടെ മുഖവും സംസാരവും എന്നെ ഒത്തിരി സ്വാധീനിച്ചു. ആ പത്തുദിവസം കൊണ്ട് എന്റെ സ്വഭാവത്തിൽ പോലും ആ മാറ്റം പലപ്പോഴും എനിക്ക് തന്നെ തോന്നിത്തുടങ്ങി.

 

 

എന്റെ ഇഷ്ടങ്ങൾ പലതും  അവളുടെ ഇഷ്ട്ടങ്ങളായി. അങ്ങനെ അങ്ങനെ അറിയാതെ ഞാൻ അവളെ പ്രണയിച്ചുതുടങ്ങിയിരുന്നു എന്ന് ഞാൻ അറിഞ്ഞു. എന്റെ ആദ്യ പ്രണയം... അങ്ങനെ ആ  ദിവസവും വന്നു അവരിന്നു തിരിച്ചു പോകുവാ.യാത്ര ചോദിക്കാൻ വീട്ടിൽ വന്നിരിക്കുവാ.എന്റെ ഉള്ളിൽ പറയാതെ ഒളിപ്പിച്ച അഗ്നിപർവതം നീറിപ്പുകഞ്ഞുകൊണ്ടിരുന്നു. എന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ ഞാൻ ഒരു പുസ്തകം തുറന്നു വെച്ച് അങ്ങനിരുന്നു. അവൾ വന്നപാടെ എന്നെയാണ് തിരക്കിയത് അപ്പച്ചി മനുവേട്ടൻ എന്തിയേ. മുറിയിൽ ഇരുപ്പാ ഇന്ന്. സാധാരണ വീട്ടിൽ ഇരിക്കാത്തവൻ ഇന്നു പുറത്തിറങ്ങീട്ടില്ല. മോള് പോയി നോക്ക്.... 

കുറച്ചു കഴിഞ്ഞവൾ എന്റെ മുറിയിലേക്ക് വന്നു എന്നോടായി ചോദിച്ചു എന്ത് പറ്റി ഇന്ന് അമ്പലത്തിലും കണ്ടില്ല. ഞാൻ നോക്കിയിരുന്നു.

 

 

സുഖമില്ലായിരുന്നു അതാ വരാഞ്ഞേ. ഞാൻ പറഞ്ഞു.ഹാ...ഞങ്ങൾ ഇന്നു പോവാ.വൈകിട്ടാ ട്രെയിൻ യാത്രയാക്കാൻ വരില്ലേ. വരാം ... മനസ്സിന്റെ പിടച്ചിൽ കണ്ണിൽ കാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു. 

അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അറിയാതെ എന്റെ കൈകൾ അവളുടെ കയ്യിൽ പിടിച്ചുവെച്ചു. ചോദിച്ചു. ഇയാൾക്കു പോകാതിരുന്നൂടെ. അത്രയും പറഞ്ഞു കഴിഞ്ഞപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് അവളുടെ കയ്യിലെ കുപ്പിവളകൾ എന്റെ പിടുത്തത്തിന്റെ ശക്തിയിൽ പൊട്ടിപ്പോയിരുന്നു.അപ്പോഴേക്കും അവളുടെ മുഖം പരിഭവം കൊണ്ട് തുടുത്തിരുന്നു.

 

 

കണ്ടോ സമാധാനം ആയോ എത്ര ആശിച്ചു വാങ്ങിതാ ഒരുദിവസം പോലും ഇടാൻ പറ്റിയില്ല. ഇനി ഒരു കാര്യം ചെയ് ഇതെല്ലാം പെറുക്കി സൂക്ഷിച്ചു വെച്ചോ. ഞാൻ പോണൂ എന്ന് പറഞ്ഞു ഒരുനോക്ക് തിരിഞ്ഞു പോലും നോക്കാതെ അവൾ നടന്നകന്നു. പെട്ടെന്ന് വീണ്ടും ആ  വിളികേട്ടാണ് ഞാൻ ഫ്ലാഷ്ബാക്കിൽ നിന്നും ഉണരുന്നത്. മനുവേട്ടാ... അടുക്കിപ്പെറുക്കൊക്കെ കഴിഞ്ഞ് പ്രിയ വന്നെന്റെ അടുത്തിരുന്നു. എന്താ ഇത്ര ആലോചന കുറച്ചു നേരായല്ലോ. മുഖത്തൊരു കള്ളലക്ഷണം. അതോ അത് ഞാൻ എന്റെ മുറപ്പെണ്ണിനെക്കുറിച്ചാലോചിച്ചതാ. അതെന്താണാവോ ഇവിടെ അടുത്തിരിക്കണ  എന്നെക്കുറിച്ചിത്ര ആലോചിക്കാൻ. സത്യം പറഞ്ഞോ  ഇല്ലേൽ ഞാൻ നല്ല ഇടി  തരും. അവൾക്ക് ഇന്നും ഒരു മാറ്റവുമില്ല. ഇപ്പോഴും ഇവൾ  എനിക്ക് ആ പഴയ പതിനാറുകാറിതന്നെ.                            

 

English Summary : Ormayile Valappottukal Story By Mukesh M Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com