sections
MORE

ഉച്ചയ്ക്ക് വിളമ്പിയിരുന്ന ഉപ്പുമാവ് കഴിക്കാൻ മാത്രമായി സ്കൂളിൽ പോയിരുന്ന ആ കാലം

ഓർമ്മമരത്തണലിൽ (കഥ)
SHARE

ഓർമ്മമരത്തണലിൽ (കഥ)

കാലത്തേ തന്നെ കുളിക്കാൻ പോകുന്ന എന്നെ കണ്ട് അമ്മ പറഞ്ഞു ‘‘ഇപ്പോഴേ എന്തിനാ കുളിക്കുന്നത് സമയം ഇഷ്ടം പോലെ കിടക്കുകയല്ലേ”

‘‘ഏയ് അത് പറ്റില്ല, രഘുവും മധുവും ഒക്കെ കാത്തു നിൽക്കും’’  അമ്മയുടെ മറുപടി എന്തെന്ന് പോലും കേൾക്കാൻ കാത്തു നിൽക്കാതെ കുളിക്കടവിലേക്കു പോയി.

പൊട്ടിയ സ്ലേറ്റും രണ്ടുമുറി കല്ലു പെൻസിലും മൂന്നാം ക്ലാസ്സിലെ രണ്ടു പാഠപുസ്തകങ്ങളുമായി വീട്ടിൽ നിന്നും പത്തു മണിയായപ്പോഴേക്കും ഇറങ്ങി. ഇടവഴിയിലൂടെ വളരെ വേഗത്തിൽ ഞാൻ നടന്നു. പുസ്തകവും സ്ലേറ്റും കൂടി കട്ടിയുള്ള ഒരു റബ്ബർ ബാൻഡിൽ ഭദ്രമായി ഒതുക്കിയിരുന്നു. പുസ്തകത്തിനുള്ളിലെ കുഞ്ഞി ക്കവിതകളും കണക്കു പുസ്തകത്തിലെ അക്കങ്ങളും സാമൂഹികപാഠപുസ്തകത്തിലെ ഗാന്ധിജിയും നെപ്പോളിയനും എല്ലാം ആ റബ്ബർ ബാൻഡിനുള്ളിൽ വരിഞ്ഞു മുറുകി ശ്വാസം മുട്ടി  പുറത്തു ചാടാൻ വെമ്പൽ കൊണ്ടു...

സ്കൂൾ സമയം ക്രമീകരിച്ചിരുന്നത് ഇപ്രകാരമായിരുന്നു...

രാവിലെ എട്ടേ മുക്കാൽ മുതൽ പന്ത്രണ്ടേ മുക്കാൽ വരെ പെൺകുട്ടികൾക്ക് അതു കഴിഞ്ഞ് ഒന്നേ മുക്കാൽ മുതൽ നാലേമുക്കാൽ വരെ ആൺകുട്ടികൾക്ക്. തേഞ്ഞ സ്ലിപ്പർ പതിഞ്ഞപ്പോൾ അടുത്തുള്ള കമ്മ്യൂണിസ്റ്റ് പച്ചക്കാടുകൾക്കിടയിൽ നിന്നും വലിയ രണ്ടു കാട്ടു മുയലുകൾ പേടിച്ചു കുതിച്ചു പാഞ്ഞു... ഞാൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച റേഡിയോ പരിപാടികളുടെ സമയം നോക്കി മുറ്റത്തു വീടിന്റെ നിഴൽ പതിയുന്നിടത്തു ഞാൻ ഒരു അടയാളമുണ്ടാക്കിയിരുന്നു. അതാണ് പകൽ ഉച്ചയ്ക്ക് മുമ്പ് സമയം അറിയാനുള്ള ഏക വഴി...

സുലൈമാൻ മുതലാളിയുടെ മകൻ ഷാജിക്ക് മാത്രം ആണ് ഒരു വാച്ച് ഉള്ളത്. അത് അവന്റെ കൊച്ചപ്പൻ സിംഗപ്പൂരിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നു കൊടുത്തതാണത്രേ... അതിനു വലിയ വിലയുമാണ്, അവൻ പറഞ്ഞിരുന്നു. അതിൽ അക്കങ്ങൾ സമയം അനുസരിച്ചു കാണിക്കും. ഡിജിറ്റൽ എന്നോ മറ്റോ ആണ് ഷാജി പറഞ്ഞത്. എന്റെ ശ്രദ്ധ മുഴുവനും റബ്ബർ ബാൻഡ് ഇട്ടു സുരക്ഷ തീർത്തിരിക്കുന്ന പുസ്തകങ്ങളുടെ ഇടയിൽ സൂക്ഷിച്ചിരിക്കുന്ന ഉപ്പുമാവ് തിന്നാനുള്ള വാട്ടിയ വാഴയിലകീർ കേടുപറ്റാതിരിക്കുന്നതിലായിരുന്നു...

ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാൽ കഴിയുമ്പോൾ രാവിലത്തെ പെൺപിള്ളേരുടെ ക്ലാസ്സുകഴിയും. അത് കഴിഞ്ഞു ക്ലാസിന്റെ വരാന്തയിൽ ഇരുവശങ്ങളിലുമായി കുട്ടികൾ നീളൻ ലൈനിൽ ഇരിക്കും. അപ്പോൾ നാലാം ക്ലാസ്സിലെ ഏറ്റവും മുതിർന്ന ഏതാനും ചേട്ടന്മാരും ഉപ്പു മാവ് ഉണ്ടാക്കുന്ന ചേടത്തിയും, അബൂബക്കർ സാറും അവർക്ക് ഉപ്പുമാവ് വിളമ്പും. എന്തൊരു സ്വാദ്... അതോർത്തപ്പോൾ തന്നെ വായിൽ ഉമിനീർ ഉറവപൊട്ടി. അത് കഴിക്കാനാണ് പത്തു മണിക്കു തന്നെ വീട്ടിൽ നിന്നും ഞാൻ എന്നും ഇറങ്ങുന്നത്...

വേഗത്തിൽ എങ്ങും നിൽക്കാതെ നടന്നാൽ ഏകദേശം മുക്കാൽ മണിക്കൂറുകൊണ്ട് സ്കൂളിൽ എത്താം. മുകളിലത്തെ വഴിയിലെത്തിയപ്പോൾ കൂട്ടുകാർ വഴിപിരിയുന്നിടത്തെ നീളമുള്ള തെരുവാപ്പുല്ലിൽ കെട്ടിട്ട് വെച്ചിരിക്കുന്നു. അതിനർത്ഥം അവർ പോയിരിക്കുന്നു എന്നാണ്... ഞാൻ വേഗം കാലു നീട്ടിവെച്ചു നടന്നു. അവന്മാർ മിടുക്കന്മാരാണല്ലോ എന്നേക്കാട്ടിലും മുമ്പേ പോയല്ലോ സ്കൂളിലേക്ക്, നാളെ എന്തായാലും കുറച്ചു കൂടെ നേരത്തെ പോകണം. ഞാൻ മനസ്സിൽ ഓർത്തു. 

ചെറിയ വഴിയിലൂടെ ഇനിയും കുറെ പോകാനുണ്ട്. ഒരു വലിയ കുന്നിറങ്ങി പിന്നെ ഒരു ചെറിയ കുന്ന്, അതു കഴിഞ്ഞ് ഒരു തോട്. ചെറിയ കുന്നിൻ താഴെയുള്ള തോട്ടിലെ ചെറുവെള്ളത്തിലെ ചൂടിന്റെ ലഹരിയിൽ ഞാൻ ഉന്മാദം കൊണ്ടു... കുഞ്ഞൻ മീനുകൾ കുഞ്ഞിപ്പല്ലുകൾ കൊണ്ട് എന്റെ കാലുകളിൽ ഓമനിച്ചപ്പോൾ ഞാൻ ഉപ്പുമാവും തീയിൽചുട്ടെടുത്ത വാഴയിലയും മറന്നു... അതും കഴിഞ്ഞാൽ ആരോ പണ്ടെങ്ങോ നിർമ്മിച്ച ഒരു ആട്ടുപാലം ഉണ്ട്. ഞങ്ങൾ അതിനെ തൂക്കുപാലം എന്നാണ് പറയാറുള്ളത്. 

വലിയ ഇരുമ്പിന്റെ കയർ കൊണ്ട് നിർമ്മിച്ച പാലം. പാലത്തിൽ കയറുമ്പോൾ പാലം നന്നായി ആടും. ചില തല തെറിച്ച പിള്ളേർ അതിൽ കയറിയാൽ അറിഞ്ഞു കൊണ്ട് പാലം ആട്ടും. ആ കുലുക്കത്തിൽ ഭയം കാലിൽ ഒരു ചെറു വിറയൽ ആയി അനുഭവപ്പെടും. എത്ര കുട്ടികൾ പാലത്തിൽ നിന്നും താഴെ വെള്ളത്തിലേക്കു വീണിരിക്കുന്നു. 

പാലത്തിൽ കയറുമ്പോഴേ കാണാം മറുപുറത്ത് ആറിന്റെ അരികത്ത് ഒരു ലോറി പതിവായി മണൽ കയറ്റിയിരുന്നു. അവിടെ മണൽ കയറ്റിയിരുന്ന ലോറിയുടെ മുൻപിൽ വലിയ അക്ഷരത്തിൽ അതിന്റെ പേര് ഇംഗ്ലിഷിൽ എഴുതിയിരുന്നു. പതിവായി ഞാൻ വായിച്ചിരുന്നത് ‘‘മാറിമതാ’’ എന്നായിരുന്നു. ആ പാലത്തിലൂടെ കടന്നുപോയപ്പോഴെല്ലാം ആ ലോറി ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ഞാൻ ആ പേര് വായിച്ചു ‘‘മാറിമതാ'’’, ‘‘മാറിമതാ’’

വർഷാവസാനമായപ്പോൾ ഒരുദിവസം എന്റെ കൂടെ ഉണ്ടായിരുന്ന പഠിക്കാൻ വലിയ കഴിവൊന്നുമില്ലാതിരുന്ന മധു എന്നോട് ആ ലോറി താഴെ മണൽ ലോഡ് ചെയ്യുന്നത് കണ്ടു പറഞ്ഞു...

‘‘മേരിമാത’’ ദിവസം അഞ്ചു ലോഡ്‌ മണൽ ആണ് കയറ്റുന്നത്.

അതെന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവായിരുന്നു. അത്യാവശ്യം വാക്കുകൾ ഇംഗ്ലിഷിൽ പറയാൻ കഴിഞ്ഞിരുന്ന എനിക്ക് ആ ലോറിയുടെ പേര് ശരിക്കും കഴിഞ്ഞ ഒരു വർഷമായിട്ടു വായിക്കാൻ കഴിഞ്ഞില്ല ല്ലോ എന്നോർത്ത് ഞാൻ വളരെ സങ്കടപ്പെട്ടു. കഴിഞ്ഞ ദിവസവും ഇംഗ്ലിഷ് അക്ഷരങ്ങൾ എല്ലാം അറിയാതി രുന്ന രഘുവിനെ രാമൻകുട്ടി സർ അടിച്ചതും ഓർത്തു.

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...

‘മാറിമതാ’അല്ല ‘മേരിമാത’ എന്ന് ശ്രദ്ധിച്ചു വായിക്കാതിരുന്നതു കൊണ്ട്. ഞാൻ മിണ്ടാതെ നടന്നു. കഴിഞ്ഞ ദിവസം അമ്മ പറഞ്ഞതു കേൾക്കാതെ സ്കൂളിൽ നിന്നും വന്നയുടനെ കയ്യിലിരുന്ന പൊട്ടിയ സ്ലേറ്റും പുസ്‌തകവും അടങ്ങുന്ന റബ്ബർബാൻഡ്‌ കെട്ട് കട്ടിലിന്റെ ഒരു കോണിലേക്കു വലിച്ചെറിഞ്ഞിട്ടു കപ്പമാവിൽ ഓടിക്കയറി കപ്പമാങ്ങാപ്പഴം കഴിച്ചതിന്റെ തിരുശേഷിപ്പുകൾ എന്റെ കുപ്പായത്തിൽ ഉണ്ടായിരുന്നു. നല്ല ചൂടുണ്ട്. ഇരു കവിൾ തടത്തിൽ നിന്നും ഒഴുകിയിറങ്ങിയ വിയർപ്പു ചാലുകൾ ഞാൻ ഇടത്തെ കൈകൊണ്ട് വടിച്ചെടുത്തു മുട്ടുവരെ നീളത്തിലുള്ള നിക്കറിൽ തേച്ചു പിടിപ്പിച്ചു. 

കാക്കി കളറുള്ള നിക്കറിൽ അത് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മാതൃകയിൽ ചിത്രം രചിച്ചു. ചെറിയകുന്നിറ ങ്ങിയപ്പോൾ ആസ്‌ട്രേലിയ. ആട്ടുപാലം കഴിഞ്ഞപ്പോൾ അത് അന്റാർട്ടിക്ക. അങ്ങനെ അങ്ങനെ... റേഷൻ കടയിൽ നിന്നും വാങ്ങിയ കാക്കി നിക്കറിന്റെ പുറകിൽ ഒരു ഓട്ട വലിപ്പത്തിൽ തുള വീണപ്പോൾ അമ്മ അതിൽ യാതൊരു ചേർച്ചയുമില്ലാത്ത നൂലുകൊണ്ട് തുന്നിക്കെട്ടി. ഒരു വലിയ തടിപ്പ് പോലെ. അതുകൊണ്ടു തന്നെ രാമന്റെ ചായപീടികയുടെ മുമ്പിലെത്തിയതും എന്റെ നടപ്പു ഞാൻ കഴിവതും വേഗത്തിലാക്കി. 

അവിടെ ചായ കുടിക്കാൻ വരുന്നവർ എന്റെ നിക്കറിന്റെ പിന്നാമ്പുറം കണ്ടാലോ. സ്കൂളിന്റെ വരാന്തയിലെ ത്തിയപ്പോൾ എന്റെ മുമ്പിൽ പോകുന്ന ഖാദറിന്റെ നിക്കറിന്റെ പിന്നാമ്പുറം ഞാൻ ശ്രദ്ധിച്ചു. എനിക്ക് ചിരി വന്നു. അതാ അവിടെ രണ്ടു തുളകൾ. കണ്ണുകൾ പോലെ. അപ്പൊ എന്റെ നിക്കർ തന്നെ ഭേദം. എന്റെ നിശ്വാസത്തിൽ അതുവരെ കൊണ്ടുനടന്ന ഭാരം ഉരുകിയൊലിച്ച് അന്തരീക്ഷത്തിൽ ലയിക്കുന്നത് ഞാൻ അറിഞ്ഞു. അപ്പോൾ എന്റെ മനസ്സ് ഹൈഡ്രജൻ ബലൂണിന്റെ കാറ്റ് അഴിച്ചുവിട്ടപോലെയായി... ഭാരമില്ലാത്ത മനസ്സ്.

ആകാശത്തിന്റെ അനന്തതയിലേക്ക് നോക്കി മുത്തച്ഛൻ സമയം കൃത്യമായി പറയുമായിരുന്നു. തെളിഞ്ഞ ആകാശത്തേക്ക് നോക്കി ഒരു കൈകൊണ്ടു പാതി നെറ്റി മറച്ച് അദ്ദേഹം പറയും മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. അത് കൃത്യമായിരിക്കും. അങ്ങനെ അന്നൊക്കെ ഞാനും സമയം കണ്ടെത്താൻ വേണ്ടി ആകാശത്തിലേക്കു നോക്കി. 

അകലെ നീലാകാശത്തിന്റെ ഉള്ളുകളിലേക്ക് എന്റെ കാഴ്ച കടന്നു ചെന്നു. കുറെ നോക്കികഴിഞ്ഞപ്പോൾ കുറെ കറുത്ത ചിത്രശലഭങ്ങൾ വട്ടം കൂടി വട്ടം കറങ്ങുന്നതു പോലെ തോന്നി... പിന്നെയും പിന്നെയും നോക്കി. അപ്പോഴൊക്കെ കറുത്ത ചുഴികളും മിന്നുന്ന വളരെ വേഗം ചലിക്കുന്ന വൃത്തത്തിൽ കറങ്ങുന്ന കുമിൾ വലയങ്ങളും മാത്രം അവിടെ കണ്ടു. സമയം മാത്രം കണ്ടില്ല. എനിക്ക് തല കറങ്ങുന്നതുപോലെ തോന്നി.

സ്വാദുള്ള ഉപ്പുമാവ് തിന്നുകഴിഞ്ഞാൽ പിന്നെ എങ്ങനെയെങ്കിലും ക്ലാസ് കഴിഞ്ഞാൽ മതിയെന്നായി. ഒരുമണി മുതൽ നാലേ മുക്കാൽ മണിവരെ, എന്ത് ചെയ്യാം ഇരുന്നല്ലേ പറ്റൂ...

മിടുമിടുക്കന്മാരായ ചിലർ ടീച്ചേഴ്സ് കാണാതെ പുറകിലത്തെ കമ്പിയില്ലാത്ത ജനലിൽ കൂടി മറുപുറത്തു ചാടി. അപ്പ കമ്പുകൊണ്ട് ഉണ്ടാക്കിയിരിക്കുന്ന വേലി നൂഴ്ന്നു കടന്നു. തരിശായിക്കിടക്കുന്ന പറമ്പിലൂടെ നേരത്തെ വീട്ടിലേക്കു പുറപ്പെട്ടിട്ടുണ്ടാവും. അതിനു ധൈര്യമില്ലാത്ത പാവങ്ങൾ ക്ലാസ്സിൽ ഇരിക്കും. കയ്യിൽ കിട്ടുന്ന പുസ്തക കീറുമായിട്ടായിരിക്കും ആ പലായനം. ചിലപ്പോൾ വീട്ടിൽ ചെന്നു കഴിഞ്ഞ് വീട്ടിലുള്ള ആരെങ്കിലും എടുത്തു നോക്കുമ്പോഴായിക്കും അറിയുന്നത് അത് തന്റേതല്ല എന്ന്. 

ഒരിക്കൽ മൂത്ത ചേച്ചി പ്രത്യേകിച്ച് ഒരു ആവശ്യവുമില്ലാതെ എന്റെ പുസ്തകം മേടിച്ചു നോക്കി. മധുവിന്റെ കണക്കു പുസ്തകത്തിന്റെ ഒരു ഭാഗവും രഘുവിന്റെ ഇംഗ്ലിഷ് പുസ്തകത്തിന്റെ ഒരു ഭാഗവും അതാ എന്റെ പുസ്തകത്തിനുള്ളിൽ. അപ്പോൾ എന്റെയോ... ഒരുപക്ഷേ അവരുടെ പുസ്തകത്തിൽ കാണും. ചേച്ചി അമ്മയെ വിവരം അറിയിച്ചു. പിറ്റേന്ന് സ്കൂളിലേക്ക് പോകുമ്പോൾ വലിയ കുന്നിന്റെ ഇറക്കം ഇറങ്ങുമ്പോൾ പോളിയെസ്റ്റർ ഷർട്ട് കഷത്തിൽ ഉരഞ്ഞപ്പോൾ തലേന്ന് അമ്മയിൽ നിന്നും കിട്ടിയ കഷായത്തിന്റെ പുകച്ചിൽ എരിയുന്നുണ്ടായിരുന്നു. 

അമ്മയുടെ നഖത്തിനിടയിൽ ഇപ്പോഴും കൈയിലെ അൽപം മാംസവും തൊലിയും കൂടെ സംഗമിച്ചു ഇരിപ്പുണ്ടായിരിക്കും. ഇന്ന് തപ്പി എടുക്കണം പുസ്തകത്തിന്റെ ബാക്കി കഷ്ണങ്ങൾ... ചേച്ചിക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടോ?  

ചുമ്മാതെയല്ല, ചക്കിട്ടെ വലിയമ്മ എന്ന് അമ്മ അവളെ കളിയാക്കി വിളിക്കുന്നത്. ഞാൻ നടപ്പിന് വേഗത കൂട്ടി. തിരികെ സ്കൂളിൽ നിന്ന് വരുമ്പോൾ ആണ് ബഹുരസം. സ്കൂൾ അവസാനിക്കുന്ന ബെല്ലിനായി രണ്ടുമണി മുതലേ കാത്തിരിക്കുന്ന കുട്ടികൾ. ബെല്ല് മുഴങ്ങിയാൽ പുസ്തക കഷ്ണവും കയ്യിൽ എടുത്ത് ഒരു പാച്ചിലാണ്. സ്കൂളിന്റെ അരപ്പൊക്കമുള്ള വരാന്തയുടെ മൂന്നു ഭാഗങ്ങളിലുള്ള പൊട്ടിയ പടികളിലൂടെ ഇറങ്ങാൻ ശ്രമിക്കാതെ വരാന്തയിൽ നിന്നും മുറ്റത്തേക്ക് എടുത്തൊറ്റ ചാട്ടമാണ്.... പിന്നെ ആട്ടുപാലം വരെ നിർത്താതെ വളരെ വേഗത്തിൽ ഓടും. ആ ഓട്ടത്തിൽ ആദ്യം ഞാൻ  പിന്നെ സുരേഷ്, മണികണ്ഠൻ, മധു അങ്ങനെയങ്ങനെ....

പിന്നെ അടുത്ത കലാപരിപാടി ആയി, നടത്തം. രണ്ടു പേർക്ക് ഇടവഴിയുടെ ഇടത്തെ ഭാഗവും മറ്റു രണ്ടു പേർക്ക് വലത്തേ ഭാഗവും. ഓരോ ഭാഗത്തും കാണുന്ന സർവ്വേ കാലുകൾ, കോഴി, ആട്, പുല്ലുതിന്നാൻ പറമ്പിൽ നിൽക്കുന്ന പശു... ഇതെല്ലം കൂട്ടി കണക്കെടുപ്പ് തുടങ്ങും. അതൊരു കളിയാണ്. തലേദിവസം തനിക്കും രഘുവിനും കൂടി കിട്ടിയത് മുപ്പത്തിനാലാണ് ഞാൻ ഓർത്തു. എതിർകക്ഷികൾക്കു കിട്ടിയത് മുപ്പത്തിയേഴും. നേരിയഭൂരിപക്ഷത്തിൽ അവർ ഇന്നലെ ജയിച്ചു.

ഇന്നലെ വൈകിട്ട് അമ്പലത്തിൽ പോയപ്പോൾ ഞാൻ ആകെ പ്രാർഥിച്ചത് അതാണ്. എങ്ങനെയെങ്കിലും പത്തു കോഴിയോ പശുവിനെയോ കാട്ടിത്തന്നിട്ട് അവരെക്കാൾ പത്തെണ്ണം കൂടുതൽ കിട്ടണേയെന്ന്.

തകര മേഞ്ഞ വലിയസ്കൂളിൽ ക്ലാസുകൾ തരം തിരിച്ചിരുന്നു പലക അടിച്ച് ഉണ്ടാക്കിയ അതിരുകൾ ആയിരുന്നു. ആ അതിരുകൾ ഭേദിച്ച് കുട്ടികൾ പരസ്പരം അണ്ണാൻ മഷിയും കാക്ക തണ്ടും വിനിമയ ക്രയവിക്രയങ്ങൾ നിർബാധം തുടർന്നു. കേട്ടെഴുത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് വാങ്ങുന്ന കുട്ടിയായിരുന്നു ലീഡർ ....

അരുമ എന്നെഴുതേണ്ടതിനു പകരം എരുമ എന്ന് എഴുതിയപ്പോൾ രണ്ടാം ബെഞ്ചിന്റെ മൂന്നാം സ്ഥാനത്തേക്ക് എന്നെ ക്ലാസ് ടീച്ചർ മാറ്റിയിരുത്തി. ഇടവേളയിലെപ്പോഴോ അടിച്ചിട്ടോട്ടം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനും ഷാജിയും. കുട്ടികൾ വേലിപ്പത്തലിനരുകിലേക്കു മൂത്രമൊഴിക്കാൻ പോയിരുന്നു അപ്പോൾ... അതുകൊണ്ടുതന്നെ ഓടിനടക്കാൻ പറ്റിയിരുന്നു. ഒരു കാല് ഇളക്കമുള്ള ഒരു ബെഞ്ച് അനാഥമായി വാതിലിനു സമീപം കിടപ്പുണ്ടായിരുന്നു. ഇളകിയ ബെഞ്ചിന് മുകളിലൂടെ ചാടി മറിയുന്നതിനിടയ്ക്കാണ് സജീവൻ അങ്ങോട്ടേക്കോടിയെത്തിയത്... ഒപ്പം ഭാരമുള്ള ബഞ്ച് മറിഞ്ഞു സജീവന്റെ ഇടത്തെ കാലിലേക്കും. വേദനകൊണ്ട് അവൻ ഉറക്കെ നിലവിളിക്കാൻ തുടങ്ങി, പെരുവിരൽ ചതഞ്ഞു പോയിരുന്നു. 

കാലിലൂടെ ചുടുരക്തം കുതിച്ചൊഴുകുന്നത് കണ്ടപ്പോൾ അവന്റെ കരച്ചിൽ ഉറക്കെയുള്ള നിലവിളിയായി ആ ക്ലാസ്സിലെ ചുവരുകളെ പ്രകമ്പ മുഖരിതമാക്കി... സുഹറ ടീച്ചർ അങ്ങോട്ടേക്ക് വരുന്നത് കണ്ടു ഞാനും ഷാജിയും ആൾക്കൂട്ടത്തിനിടയിലൂടെ മുങ്ങി.

ഇതൊന്നുമറിയാതെ നിഷ്കളങ്കനായ അവിടെ നിന്ന ജെയിംസിനെ സുഹറ ടീച്ചർ കൈയോടെ രണ്ടു പൊട്ടിച്ചു. ആൾക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെട്ട ഞങ്ങൾ മാടക്കടയുടെ മുമ്പിൽ വെറുതെ നിന്നു. മാടക്കടയിൽ വിൽക്കാൻ വെച്ചിരിക്കുന്ന അരിയുണ്ടയുടെയും പഞ്ചാരമിട്ടായിയുടെയും സ്വാദ് ഓർത്തു വായിൽ നിറഞ്ഞു വന്ന ഉമിനീർ കുടിച്ചിറക്കി ഞങ്ങൾ. 

പൈസ ഇല്ലാത്തതിനാൽ കടയുടെ കുറച്ചകലെ നിന്ന് കടയിലെ മിട്ടായി ഭരണിയിലേക്ക് ആർത്തിയോടെ ഞാൻ നോക്കുമായിരുന്നു. അതിലെ പഞ്ചാരമിട്ടായി എന്റെ നാവിൽ അലിഞ്ഞു. എന്റെ ഭാവന വിരിഞ്ഞു ചിറകു വിടർത്തി... പഞ്ചാര മിട്ടായിയും, കോലു മിട്ടായിയും, പലവർണ്ണങ്ങളിൽ പൊതിഞ്ഞ മിട്ടായി ഞാൻ നുണഞ്ഞു. പഞ്ചസാരയും ശർക്കരപ്പാവും എന്റെ തൊണ്ടയിൽ കിനിഞ്ഞു...

അങ്ങനെ അവിടെത്തന്നെ നിന്നു കുറേക്കഴിഞ്ഞപ്പോൾ ഒരു ചെറു സംഘം ഞങ്ങളെ അന്വേഷിച്ചു വരുന്നതായി നെഞ്ചിടിപ്പോടെ കണ്ടു. കയ്യോടെ പിടിച്ചോണ്ട് പോകാൻ മത്തായി സാർ അയച്ചിരിക്കുകയാണ്. സ്കൂളിലെ പ്രധാന അധ്യാപകനാണ് മത്തായി സാർ. കടുവ മത്തായി എന്നാണ് ഞങ്ങൾ കുട്ടികൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. കാൽ കിലോ വെറ്റിലയും രണ്ടു അടക്കയും അത്രയും തന്നെ പുകലയും വായിലിട്ടു മുറുക്കി ചുവന്ന ചുണ്ടുള്ള ക്ലീൻഷേവ് ചെയ്ത ആറടി ഉയരമുള്ള കടുവ മത്തായി സാർ. 

കുട്ടികളെ ശിക്ഷിക്കുന്ന കാര്യത്തിൽ അദ്ദേഹം ഒരു കുറവും വരുത്തിയിരുന്നില്ല. ചൂരൽ എണ്ണയിട്ട്, അതിൽ മുളക് പൊടി ചേർത്ത് വാറ്റി ഉണക്കി എടുത്ത ചൂരൽ ആണ് അദ്ദേഹം കരുതിയിരുന്നത്. ദിവസവും ഏതെങ്കിലും ഇര അദ്ദേഹത്തിന്റെ അടുത്ത് എങ്ങനെയെങ്കിലും എത്തിക്കൊള്ളും.

ഓരോ തല്ലിലും കുട്ടികൾ മുകളിലോട്ടു പൊങ്ങിച്ചാടും. അപ്പോൾ അദ്ദേഹത്തിന് ഹരമാകും. ആ രസച്ചരടിൽ കടുവ സർ മുങ്ങുമ്പോൾ തുട പൊട്ടിയ കുട്ടികളുടെ കണ്ണീരിന്റെ എരിവുകൾ കാറ്റ് മാത്രം വന്നു തലോടി യിരുന്നു. ഉറക്കത്തിൽ പലപ്പോഴും രാക്ഷസ കോമരമായി ഉറഞ്ഞുതുള്ളുന്ന മത്തായി സാറിനെ കണ്ട് എത്രയോ പ്രാവശ്യം ഞെട്ടിയുണർന്നിരിക്കുന്നു. ദംഷ്ട്രകൾ പുറത്തു ചാടി വായിക്കിരുവശവും ചോര ചാലുള്ള... കടുവ മത്തായി സർ... 

ഓടിയിട്ടു കാര്യമില്ലെന്നു ഞങ്ങൾക്ക് മനസ്സിലായി. ഒരു പക്ഷേ, കടുവ ഇല്ലെങ്കിൽ രക്ഷപ്പെട്ടു. രണ്ടാമതായി അദ്ദേഹത്തിന്റെ അഭാവത്തിൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഞങ്ങളെ പഠിപ്പിക്കുന്ന കുര്യൻ സാറായിരുന്നു. അദ്ദേഹം ഉപദേശിച്ചതിനു ശേഷം കൂടി വന്നാൽ ഒരു തല്ലു തന്നാൽ ആയി. 

ഏതായാലും അവർ ഞങ്ങളെ പിടികൂടി ഓഫീസിലേക്ക് ആനയിച്ചു... വയറ്റിൽ നിന്നും ഒരു കാളൽ... അത് നെഞ്ചിലായി... പിന്നെ തലച്ചോറിലേക്കും... ഞാൻ ആകെ വിയർത്തിരുന്നു. സ്കൂൾ അടുക്കാറായപ്പോഴേക്കും ആ കാളൽ വിവിധ ശിഖരങ്ങളായി ഓരോ ഞരമ്പുകളിലേക്കും വ്യാപിച്ചു. ഉച്ചിയിൽ നിന്നും ആവി പറക്കാൻ തുടങ്ങി. തീച്ചൂളയിൽ വെച്ച ഇരുമ്പു ലോഹത്തിന്റെ അവസ്ഥ.

സുഹറ ടീച്ചർ വിക്കിവിക്കി പറഞ്ഞു തീരുന്നതിനു മുമ്പേ കടുവ മത്തായി സർ ചൂരലുമായി കൊടുങ്കാറ്റിന്റെ വേഗതയിൽ പുറത്തേക്കു വന്നു... കൈയിൽ മുളകിട്ടു വഴറ്റിയ ചൂരലും. സാറിന്റെ വെളുത്ത മുഖത്തു കാർമേഘങ്ങൾ ഓളം തട്ടി. വിശാലമായ നെറ്റിത്തടത്തിൽ അനേക ചുളിവുകൾ വന്നു പല മടക്കുകളാകുന്നത് ഞാൻ കണ്ടു. ചെണ്ട തുടങ്ങി, കോമരം അലറി, സാറിന്റെ മുറുക്കാൻ തുപ്പൽ കോമരത്തിന്റെ ചുണ്ടിലെ രക്തമായിട്ടെനിക്ക് തോന്നി... 

കോമരത്തിനും വാദ്യമേളങ്ങൾക്കും എണ്ണ വിളക്കുകളും നടുവിൽ നിന്ന ഞാൻ ചൂടിൽ വെന്തുരുകി. ഭൂമി മുഴുവൻ വളരെ വേഗത്തിൽ കറങ്ങുന്നതായിട്ടെനിക്ക് തോന്നി. കടുവ മത്തായി സാറിന്റെ ചൂരൽ അന്തരീക്ഷത്തിൽ പലയാവർത്തി മിന്നി മാഞ്ഞു. കാക്കി നിക്കറിൽ നെടുകയും കുറുകയും പാടുകൾ തിണർത്തു. എന്റെ തൊണ്ടക്കുഴിയിൽ പുളിച്ച വേദന തടഞ്ഞു...

പിന്നെ ഒന്നും ഓർമയില്ല .....

സ്കൂൾ അങ്കണത്തിന്റെ മധ്യ ഭാഗത്തുള്ള ചെറിയ പടികൾ കയറിവേണം ഞങ്ങളുടെ ക്ലസിലേക്കു പോകാൻ. നടയുടെ പടികൾ ഒന്നൊന്നായി കയറുമ്പോൾ അടികൊണ്ട കാക്കി നിക്കർ തുടയിൽ മുത്തമിട്ടപ്പോഴായിരി ക്കണം കണ്ണിൽ കൂടി പല നിറത്തിലും രൂപത്തിലുമുള്ള പൊന്നീച്ചകൾ പറന്നു കളിക്കുന്നുണ്ടായിരുന്നു.

English Summary : Orma Marathanalil Memories By Poonthottathu Vinayakumar

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;