sections
MORE

അല്ലേലും മോക്ഷതീരത്ത് കൊണ്ടുപോകുന്നത് തന്ന്യാ നല്ലത്; എന്താ അവിടത്തെ കർമ്മങ്ങൾ, ഇക്കാലത്ത് വീട്ടുവളപ്പിൽ...

മോക്ഷതീരം (കഥ)
SHARE

മോക്ഷതീരം (കഥ)

ഒരു മോക്ഷതീരയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സന്ധ്യമയങ്ങി. അലസമായി ഉമ്മറത്തേക്ക് കാലെടുത്തു വെക്കാൻ തുടങ്ങിയപ്പോൾ അമ്മ അലമുറയിട്ടു.   

“ പോയി കുളിച്ചിട്ട് വാ…’’

കുളിയും അത്താഴവും കഴിഞ്ഞ് മുറിയിൽ കയറി. പുറത്തെ മഴക്കാറ് രാത്രിയെ കൂടുതൽ ഇരുട്ടിലാഴ്ത്തി. ദൂരെയെങ്ങോ ഇടിവാള് പുളഞ്ഞപ്പോൾ കറന്റ്‌ പോയി. തപ്പി തടഞ്ഞ് ചിമ്മിനി വിളക്ക് കൊളുത്തി, കട്ടിലിനോട്‌ ചേർന്നുള്ള മേശപ്പുറത്ത് ഡയറി തുറന്നിരുന്നു. ഇന്നൊരു ശീർഷകം വേണം എന്നു തോന്നി. കറുത്ത വരകളോടുകൂടിയ പേജിൽ പേനത്തുമ്പ് ഉരഞ്ഞു.   

മോക്ഷം! കറുത്ത രണ്ടു വരകൾക്കിടയിൽ ആ വാക്ക് ശീർഷകമായി. 

വരുണിന്റെ അച്ഛൻ മരിച്ച വിവരം അറിഞ്ഞാണ് ഇന്ന്‌ ഉണർന്നത്. അറ്റാക്ക് ആയിരുന്നു. ഏകദേശം അൻപത്തഞ്ചു വയസ്സ് കാണും. താമസിക്കാതെ അങ്ങോട്ട് ചെന്നു കയറുമ്പോൾ ഉമ്മറത്തെ ഒരു കോണിൽ വിളറിയ മുഖവും കലങ്ങി ചുവന്ന കണ്ണുകളുമായി എന്റെ ചങ്ങാതി തൂങ്ങിയിരിക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും തൊണ്ടയിൽ എന്തോ കനമായി തടഞ്ഞു നിന്നു. ഒന്നും മിണ്ടാതെ അടുത്ത് ചെന്നിരുന്നു. അല്ലെങ്കി ൽ എന്താണ് മിണ്ടാൻ... അധികനേരം അങ്ങനെ ഇരിക്കാൻ കഴിഞ്ഞില്ല. മരണ  വീട്ടിലെ വ്യത്യസ്തമായ നിശബ്ദതയിൽ ചെയ്യാനുണ്ടായിരുന്ന മറ്റു പ്രവർത്തനങ്ങളിൽ മുഴുകി. അത് എന്തിൽനിന്നൊക്കെയോ ഉള്ള ഒരു രക്ഷപ്പെടൽ കൂടിയായിരുന്നു.   

കസേരകളെല്ലാം നിരത്തിയിട്ട് അൽപം മാറി നിന്നു. മുകളിൽ തെക്കു ഭാഗത്തുള്ള ജനാലക്ക് അപ്പുറത്തെ ഇരുട്ടിൽ ഒരു യുവതിയും യുവാവും ചേർന്നു നിന്ന് സല്ലപിക്കുന്നു. അവൻ അവളെ പുറകിലൂടെ കയ്യിട്ട് ചേർത്ത് പിടിക്കുമ്പോൾ പുറത്ത് എന്നെ കണ്ടിരിക്കണം. പതിയെ ചുമരിന്റെ മറവിൽ അവർ അപ്രത്യക്ഷ മായി. കുടുംബാംഗങ്ങൾ പലരും ഒത്തുകൂടുന്ന ദിവസമായതുകൊണ്ടു തന്നെ വിദൂരമായി അടക്കി നിലകൊണ്ടിരുന്ന മനുഷ്യ വികാരങ്ങളിൽ പലതും മൗനമായി ഏറ്റുമുട്ടും.

ഞാൻ അവിടെ നിന്നും പതിയെ കിഴക്ക് ഭാഗത്തുള്ള കിണറ്റിൻ കരയിലേക്ക് നടന്നു. മുണ്ട് മറച്ചു കെട്ടിയ ഇടത്ത് മൃതദേഹം കുളിപ്പിക്കുകയായിരുന്നു. മുണ്ടിന്റെ മറവിൽ നിന്നും രണ്ടുപേർ പുറത്തേക്ക് തല നീട്ടി സഹായത്തിന് ഒരാളെ കൂടെ ആവശ്യപ്പെട്ടു.  പുറത്ത് ബന്ധുക്കളും അയൽവാസികളുമായി ആറേഴു പേരുണ്ട്. ചടങ്ങു പ്രകാരം ചെല്ലേണ്ടിയിരുന്ന മൂന്നുപേർ നിരുത്സാഹത്തോടെ അവിടെ പരുങ്ങി നിന്നു. അവരുടെ മുഖങ്ങളിൽ വിട്ടുപോകാത്ത വൈരാഗ്യം നിഴലിച്ചു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. 

പെട്ടെന്ന്, എന്റെ അടുത്ത് നിന്നിരുന്ന കഷണ്ടി കയറിയ ഒരു മധ്യവയസ്ക്കൻ ഷർട്ടഴിച്ച് ചുറ്റും നോക്കി ഒരു പുച്ഛചിരിയോടെ മുണ്ടിൻ മറക്കപ്പുറത്തേക്ക് കടന്നു. കൂടി നിന്ന ചിലരുടെ സംസാരത്തിൽ ആരും ഗൗനിക്കാത്ത അകന്ന ബന്ധുവാണെന്ന് എനിക്ക് മനസ്സിലായി. ചെറുപ്രായക്കാരനായ എനിക്ക് ചെയ്യേണ്ട കാര്യങ്ങളിൽ പരിമിതികളുണ്ട്. 

പിന്നീട് അവിടെ നിൽക്കാൻ കഴിഞ്ഞില്ല. വടക്കു ഭാഗത്തേക്ക് നടന്നു. പട്ടുചേല ചുറ്റിയ ഒരു കൂട്ടം സ്ത്രീകൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരിക്കുന്നു. അതുവഴി കടന്നു പോയപ്പോൾ അവർക്കിടയിലെ അധികാരി നാട്ട്യക്കാരി ഒന്ന് ചോദിച്ചു. ‘ നീ ഏതാടാ ചെക്കാ..‘ എനിക്കെന്തോ ആ സ്ത്രീയോട് ദേഷ്യം തോന്നി. അൽപം ഗൗരവത്തോടെയാണ് മറുപടി കൊടുത്തത്.   

ശബ്ദം ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് ആംബുലൻസ് റോഡ് വക്കിൽ തിരിച്ചിട്ടു. തൊട്ടടു ത്ത പുഴയിൽ കുളികഴിഞ്ഞ് വരുണും അവന്റെ വല്ല്യച്ഛന്റെ നാലു മക്കളും എത്തി. മാറി നിൽക്കുന്ന എന്റെ മുഖത്തു നോക്കി അവനൊരു മരവിച്ച ചിരി വരുത്തി എന്ന് എനിക്ക് തോന്നി. ഞാൻ തിരിച്ചും. കുളിപ്പിച്ച് കഴിഞ്ഞ് ദേഹി വിട്ട ദേഹത്തെ വെള്ളത്തുണിയിൽ പൊതിഞ്ഞ് മുറ്റത്തെ നിവർത്തിയിട്ട ഒറ്റ വാഴയിലയിൽ കൊണ്ടു കിടത്തി. നിശബ്ദത ഭേദിച്ചുകൊണ്ട് അകത്തു നിന്നും വീണ്ടും നിലവിളി ഉയർന്നു. 

ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്ന മൂന്ന് തല നരച്ച കാരണവന്മാർ പറഞ്ഞു. ‘‘അല്ലേലും മോക്ഷതീരത്ത് കൊണ്ടുപോകുന്നത് തന്ന്യാ നല്ലത്. എന്താ അവിടത്തെ കർമ്മങ്ങള്, ആ ഒരു അന്തരീക്ഷം തന്നെ ശാന്തി തരും. ശിവന്റെ പ്രതിഷ്ഠ   അല്ലേ അടുത്ത്. ശിവനേ...! ഇക്കാലത്ത് വീട്ട് വളപ്പിലൊക്കെ അടക്കം ചെയ്താൽ വർഷങ്ങൾ കഴിയുമ്പോ അതൊരു പാഴ്സ്ഥലമായി പൊന്തകാട് പിടിച്ചു കിടക്കും. അപ്പത്തെ തലമുറക്കാർക്ക് ഇപ്പത്തെ ഈ കണ്ണീരും കരച്ചിലും ഒന്നും അറിയില്ലാലോ... പിന്നെ അറിയാവുന്ന ആരേലും അന്ന് ജീവിച്ചിരിപ്പുണ്ടെങ്കി അത് കാണുന്ന അവരുടെ മനസ്സില് അതൊരു നീറ്റലും ആവും… എന്തേ ശരിയല്ലേ…’’ ഓർത്തപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി.   

വായിക്കരിയിടൽ പോലുള്ള മറ്റു കർമ്മങ്ങൾ എല്ലാം കഴിഞ്ഞു. ദേഹം എടുത്തു. നാലു ചെറുപ്പക്കാർ ഒരു മൂലയിൽ മൊബൈലിൽ നോക്കി ചർച്ച തുടർന്നു കൊണ്ടിരുന്നു. ആംബുലൻസിൽ കയറുമ്പോൾ അവൻ എന്നെ കൂട്ടിനു വിളിക്കുംപോലെ നോക്കി.   മടിച്ചില്ല; യാത്രയിൽ അവന്റെ അടുത്തു തന്നെ ഇരുന്നു. ആർക്കും എതിർപ്പ് ഉണ്ടായിരുന്നില്ല.  

പേര് പോലെ അതൊരു മോക്ഷതീരമാണെന്ന് ആദ്യത്തെ കാൽവെപ്പിൽ തന്നെ എനിക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു.    ആദ്യമായിട്ടാണ് ഇത്. ഒരു ഗന്ധം എനിക്കു ചുറ്റും ചുറ്റി തിരിഞ്ഞു. ദേഹം ദഹിക്കുന്നതി ന്റെയാണോ ! അല്ലെങ്കിൽ ശരീരം വിട്ട   ആത്മാവിന്റെ ആയിരിക്കാം... ചുറ്റും ഒന്നു നോക്കി. നിരനിരയായി ചിതകൾ എരിയുന്നു. ചിലത് എല്ലാം കഴിഞ്ഞ് കെട്ട് അടങ്ങിയിരിക്കുന്നു. ചിലത് തലഭാഗത്തെ തീയ്യിനായി കാത്തു കിടക്കുന്നു. ബലിതർപ്പണത്തിന് മുൻപും ശേഷവും മുങ്ങി നിവരാൻ പുഴ ശ്രദ്ധയോടെ ഒഴുകി കൊണ്ടിരിക്കുന്നുണ്ട്. പുഴയ്ക്കപ്പുറം ശിവക്ഷേത്രം കൂവളത്തിലയുടെ നിഴലുകൊണ്ട് അഭിഷേകം ചെയ്ത് കിടക്കുന്നു. 

ആരോ പോയി മൂവായിരത്തിയൊന്ന് കൊടുത്ത് രസീത് എഴുതി. കാഷായ വസ്ത്രധാരിയായ ഒരാൾ ഞങ്ങളെ നിയന്ത്രിക്കാൻ എത്തി. തിരിച്ചു മടങ്ങുന്നതു വരെ എല്ലാം ഏറ്റെടുത്ത് അയാൾ കൂടെ ഉണ്ടായിരുന്നു. എല്ലാം അയാൾ പറയും പ്രകാരം ചെയ്തു.   പിന്നെയാണ് ഞാൻ ശ്രദ്ധിച്ചത് അവിടെ ഉള്ള ജീവനക്കാരെല്ലാം കാഷായ വസ്ത്രധാരികളാണ്. എല്ലാവർക്കും ഒരു നാൽപതു വയസ്സു കഴിഞ്ഞു കാണും. അധികവും  താടിയും മുടിയും നീട്ടി വളർത്തിയവരാണ്. എല്ലാം യഥാവിധി നടന്നു. ചിത നീറി  എരിഞ്ഞടങ്ങി. കട്ടപുക ചക്രവാളത്തിൽ പൂർണ്ണമായും ലയിച്ചു ചേർന്നു. എല്ലിൻ കഷ്ണവും ചാരവും മൺകുടത്തിലാക്കി പട്ടുകൊണ്ട് വാ മൂടി കെട്ടി ഏറ്റുവാങ്ങി.    

ദൂരെ പെയ്യുന്ന മഴ കാരണം ഒരു തണുത്ത കാറ്റ് ജനാലകൾക്കിടയിലൂടെ കടന്നു വന്നു മേശപുറത്ത് കത്തിച്ചു വച്ച ചിമ്മിനി   വിളക്കിന്റെ നാളം ഇളകിത്തുടിച്ചു. പേന താഴെ വച്ച് ആ തീ നോക്കിയിരുന്നു. അതൊരു ചിതയാകുന്നു. നീറുന്ന ശബ്ദത്തോടെ അത് എരിയുന്നു. അകത്തൊരു നേരിയ ചലനം ഉണ്ടെന്നൊരു തോന്നൽ. പതിവില്ലാതെ ഒരു അടിക്കുറിപ്പ് വേണം. മറ്റൊന്നിനും അല്ല! സ്വയം ബോധ്യപ്പെടാൻ. പേനത്തുമ്പ് വീണ്ടും കറുത്ത വരകളിൽ മുട്ടി ഉരഞ്ഞു: “ ഈ ജന്മം മുഴുവൻ എന്റേതെന്നു കരുതി ഏറെ പ്രയാസപ്പെട്ട് തലയിൽ ചുമന്നുകൊണ്ടു നടന്ന കാമ, ക്രോധ, സുഖ, ദുഃഖ, മോഹാതി വികാരങ്ങളാണ് ആ ചിതക്കടിയിൽ എരിഞ്ഞു വെണ്ണീറാകുന്നത്. ഇപ്പോൾ അന്തരീക്ഷത്തിൽ പാറി നടക്കുന്ന അപ്പൂപ്പൻ താടി കണക്കിനാണ് ഞാൻ. പൂർണ്ണ സ്വതന്ത്രനായി സഞ്ചരിക്കുന്നു. കാറ്റ് എന്നെ തോളിലേറ്റി എന്റെ ഇഷ്ടമറിഞ്ഞ് വിശ്വം മുഴുവൻ പറന്നുകൊണ്ടേയിരിക്കുന്നു’’

പുറത്ത് മഴ ചാറിയതും ശിരസ്സിലെ കനം കുറഞ്ഞതും ഒരുമിച്ചായിരുന്നു.

English Summary : Mokshatheeram Story By Suraj Elamkulam

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;