ADVERTISEMENT

 സുമേഷിന്‍റെ കാഴ്ചകൾ (കഥ)

 

പറളിപ്പാലം കഴിഞ്ഞ്‌ കടവത്തു നിന്നും മുന്നോട്ടു പോയി, കിണാവല്ലുരിലേക്ക് തിരിയുന്ന വഴിയിലൂടെ സുമേഷ് നടന്നു. തിരക്കില്ലാതെ, ചുറ്റും കണ്ണോടിച്ച്‌. പണ്ട് നല്ല പരിചയമുണ്ടായിരുന്ന കാഴ്ചകളെ വീണ്ടും തിരിച്ചുപിടിക്കാനുള്ള ശ്രമമായി മാറിയിരിക്കുകയാണ് നാട്ടിലേക്ക് സ്ഥിരമായി വന്നതിന് ശേഷം സുമേഷിന് വൈകുന്നേരങ്ങളിലെ നടത്തങ്ങൾ.

 

 

വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനായി, റോഡിൽ നിന്ന് ആദ്യം കണ്ടൊരു ഇടവഴിയിലേക്ക് സുമേഷ് തിരിഞ്ഞു. സ്കൂളിൽ പഠിക്കുന്ന സമയത്തൊന്നും ഈ റോഡിൽ ഇത്രയും തിരക്ക് ഉണ്ടായിരുന്നില്ല. ഇടവഴി തുടങ്ങുന്നയിടത്ത് രണ്ടുമൂന്ന് പീടികകളും, കുറച്ചൊക്കെ ആൾപെരുമാറ്റവും ഉണ്ടായിരുന്നു. മുന്നോട്ട് പോവുന്തോറും വഴി വിജനമായികൊണ്ടിരുന്നു. വളച്ചുകെട്ടിയ തൊടികളായിരുന്നു ഇരുവശത്തും പിന്നീട് അധികവും.

 

 

അല്‍പ്പം കൂടി നടന്ന് മടങ്ങാമെന്ന് സുമേഷ് തീരുമാനിച്ചു. സന്ധ്യയാവാൻ തുടങ്ങിയിരിക്കുന്നു. വലുതായി ഇരുട്ടുന്നതിനു മുമ്പ് വീട്ടിലെത്തണം, അല്ലെങ്കിൽ രമണി പേടിക്കും. മടങ്ങാനായി തിരിഞ്ഞപ്പോഴാണ് സുമേഷ് തന്‍റെ തൊട്ടുപിറകിലൊരാൾ ശബ്ദമുണ്ടാക്കാതെ നടന്നിരുന്നുവെന്ന് അറിഞ്ഞത്. എപ്പോൾ മുതലാണ്‌ ഇയാൾ പിറകിൽ കൂടിയെന്നതെന്ന് സുമേഷിന് എത്തും പിടിയും കിട്ടിയില്ല. ഇടവഴിയിലേക്ക് തിരിയുമ്പോൾ ആരും തന്‍റെ പിന്നിലുണ്ടായിരുന്നില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.

 

സുമേഷ് ഒരു വശത്തേക്ക് അൽപ്പം സംശയത്തോടെ മാറിനിന്നു, പിന്നിലുണ്ടായിരുന്ന ആൾ തന്നെ മറികടന്ന് പോകുന്നതും നോക്കി. അവിടവിടെ കീറി പഴകിയൊരു മഞ്ഞതുണികൊണ്ട് ദേഹം പുതച്ചിരുന്ന അയാൾ പോവുന്നപോക്കിൽ തന്നെ നോക്കി ഒന്ന് തലയാട്ടി ചിരിച്ചതുപോലെ സുമേഷിന് തോന്നി.

 

സുമേഷിന് ഒറ്റനോട്ടത്തിൽ കടന്നുപോയ ആളെ പരിചയമുള്ളതായി തോന്നിയില്ല. കണ്ടപ്പോൾ വെറുതെ ചിരിച്ചതായിരിക്കണം. ഇതിനകം കുറച്ചു ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞിരുന്ന അയാളുടെ അടുത്തേക്ക് സുമേഷ് പെട്ടെന്ന് കുതിച്ചു. അയാളുടെ അരികത്തെത്തിയപ്പോൾ പറഞ്ഞു: “മനസ്സിലായില്ല.”

 

അയാൾ സാരമില്ല എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച്, ചിരിച്ചുകൊണ്ട് പിന്നെയും മുന്നോട്ടേക്ക് നടന്നു. നടന്നകലുന്ന അയാളെ നോക്കികൊണ്ട്‌ സുമേഷ് കുറച്ച് നേരം അവിടെത്തന്നെ നിന്നു, എന്ത് ചെയ്യണമെന്നറിയാതെ. ഇരുട്ട് പരക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയും വൈകിക്കൂടാ. സുമേഷ് വീട്ടിലേക്ക് ധൃതിയിൽ തിരിച്ചുനടന്നു.

 

രമണി അക്ഷമയായി കാത്തിരിക്കുകയായിരുന്നു. “നടന്ന്, നടന്ന് സമയം പോയതറിഞ്ഞില്ല.” എന്തെങ്കിലും ചോദ്യം വരുന്നതിനു  മുമ്പുതന്നെ സുമേഷ് വിശദീകരണവുമായെത്തി. തന്നെ നോക്കി ചിരിച്ച് നടന്നുപോയ ആളെ പറ്റി രമണിയോട് ഒന്നും പറഞ്ഞില്ല. എന്ത് പറയാനാണ് അയാളെ പറ്റി?

 

രാത്രി മുഴുവനും ആ വഴിപോക്കനായിരുന്നു സുമേഷിന്‍റെ മനസ്സിൽ. എന്തിനാണ് അയാൾ ചിരിച്ചത്, അയാളെ ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ, എവിടേക്കാണ് അയാള്‍ പോവുന്നത്, എവിടെ നിന്നാണ് വരുന്നത് എന്ന പല ചോദ്യങ്ങളും സുമേഷിന്‍റെ മനസ്സിൽ ഉയർന്നുകൊണ്ടിരുന്നു, ഉത്തരങ്ങളില്ലാതെ.

 

പിറ്റേദിവസം വൈകുന്നേരം നടക്കാൻ സുമേഷ് ആ വഴി തന്നെ തിരഞ്ഞെടുത്തു. ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കിയാണ് സുമേഷ് നടന്നത്. എന്നാൽ ആരും തന്നെ പിന്തുടരുന്നതായി അയാൾ കണ്ടില്ല.

 

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ കഴിഞ്ഞദിവസം നടന്ന സംഭവത്തെ അയാൾ  ലഘൂകരിക്കാൻ  ശ്രമിച്ചു കൊണ്ടിരുന്നു. ദേഹമാസകലം ഒരു മഞ്ഞതുണി കൊണ്ട് പുതച്ചൊരാൾ തന്നെ കടന്നു പോവുമ്പോൾ  ചെറുതായൊന്ന് ചിരിച്ചു എന്നല്ലാതെ എന്താണ് സംഭവിച്ചിരിക്കുന്നത്? സ്വയം സമാധാനിക്കാൻ  ശ്രമിക്കുമ്പോഴും, അയാളുടെ മനസ്സിലെ പല സംശയങ്ങളും അതുപോലെത്തന്നെ നിന്നു. അതിനുശേഷം  കുറച്ച് ദിവസങ്ങൾ വൈകുന്നേരത്തെ നടത്തം ആ വഴിയിലൂടെ തന്നെ സുമേഷ് തുടര്‍ന്നു. എങ്കിലും  അസാധാരണമായി ഒന്നും അയാൾക്ക് തോന്നിയില്ല.

 

 

പിന്നീടൊരു ദിവസം, നടത്തത്തിന്‍റെ ഗതി മാറ്റിയപ്പോഴാണ്‌ മറ്റൊരു അനുഭവം ഉണ്ടായത്. പക്ഷേ അതിലും ആവശ്യമില്ലാതെ അര്‍ത്ഥം വായിച്ചെടുക്കുകയാണ് എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. ആ വൈകുന്നേരം ഓടനൂർ വഴിയാണ് സുമേഷ് നടക്കാൻ തിരഞ്ഞെടുത്തത്. ഓടനൂർ പാലവും കഴിഞ്ഞ്‌ കുറെ ദൂരം മുന്നോട്ട് പോയപ്പോഴാണ് രണ്ടു കുട്ടികളുമായി നടന്നുപോവുന്നൊരു സ്ത്രീയെ സുമേഷ് മുമ്പിൽ കണ്ടത്. ഇടയ്ക്കിടയ്ക്ക് അവർ സാരിത്തലപ്പെടുത്ത് മുഖം തുടയ്ക്കുന്നത് അയാൾ ശ്രദ്ധിച്ചു. കരയുകയാണ് അവർ എന്നാണ് സുമേഷിന് തോന്നിയത്‌. ഈ സന്ധ്യാനേരത്ത് കരഞ്ഞുകൊണ്ട്‌ അധികം ആൾസഞ്ചാരമില്ലാത്ത ഈ വഴിയിലൂടെ ആ സ്ത്രീയും രണ്ടു കുട്ടികളും എവിടേക്കാണ് പോവുന്നതെന്ന് അറിയാൻ സുമേഷിന് ആകാംക്ഷയായി. 

 

 

എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കാൻ  അയാൾ അവരുടെ അടുക്കലേക്കു വേഗത്തിൽ നടന്നു. പക്ഷെ സുമേഷ് അവരുടെ ഒപ്പം എത്തിയപ്പോൾ ആ സ്ത്രീ മുഖം കൊടുക്കാതെ വഴിയുടെ ഓരം പറ്റി നീങ്ങി. അത് കണ്ടപ്പോൾ അവരോട് വല്ലതും ചോദിക്കാൻ മടിതോന്നി, ആ മൂന്നുപേരേയും കവച്ചുവെച്ച് അയാൾ നടന്നുപോവുകയാണ് ഉണ്ടായത്. പിന്നീട് ഒരു വളവു  കഴിഞ്ഞ്‌ തിരിഞ്ഞു നോക്കുമ്പോൾ ആരെയും കണ്ടതുമില്ല. ഏതെങ്കിലും ഇടവഴിയിലേക്ക് അവര്‍ തിരിഞ്ഞിട്ടുണ്ടാകുമെന്ന് അയാൾ കരുതി.   

 

 

 

സുമേഷ് വീട്ടിലേക്ക്‌ തിരിച്ചുനടക്കുമ്പോൾ നിരത്തിന്‍റെ ഇരുവശത്തേക്കും ശ്രദ്ധിച്ച് നോക്കിക്കൊണ്ടേയിരുന്നു, ആ സ്ത്രീയേയും കുട്ടികളേയും എവിടെയെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ. പക്ഷെ അവർ എവിടേക്കോ പോയി മറഞ്ഞിരിക്കുന്നു. രമണിയോട് ഇതിനെപറ്റി സംസാരിക്കാനും അയാൾ താൽപര്യപ്പെട്ടില്ല. എല്ലാം ഉള്ളിലടക്കി. അതിനടുത്ത വൈകുന്നേരം ആവാൻ അയാൾ കാത്തിരുന്നു. വീണ്ടും ഓടനൂർ വഴിതന്നെ അയാൾ തിരഞ്ഞെടുത്തു. പക്ഷെ ഇപ്രാവശ്യം ഓടനൂർ പാലം എത്തുന്നതിനു മുമ്പേ ഇതുവരെ കണ്ടതിൽനിന്നും വിഭിന്നമായൊരു കാഴ്ചയിലാണ് അയാളുടെ കണ്ണ് ഉടക്കിയത്.ഓടനൂർ പാലം എത്തുന്നതിനു മുമ്പ് വലതുവശത്തുള്ള രണ്ടുമൂന്ന് വീടുകൾക്ക് മുന്നിൽ കുറച്ച് ആൾക്കാർ നോക്കിനിക്കെ, രണ്ടു കൂട്ടക്കാർ തമ്മിൽ പരസ്യമായി അങ്ങോട്ടുമിങ്ങോട്ടും ചീത്ത പറയുകയും വെല്ലുവിളിക്കയും ചെയ്തുകൊണ്ടിരിക്കുന്നു.

 

എന്താണ് നടക്കുന്നതെന്നറിയാൻ അടുത്തുനിന്നൊരാളെ ചോദ്യഭാവത്തിൽ, കൈകള്‍ മലര്‍ത്തി സുമേഷ് നോക്കി. “ഇത് പതിവാണ് ഇവിടെ,” അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു. “ഇടപെട്ട് ഞങ്ങൾക്ക് മടുത്തു. കുടുംബവഴക്കാണ്.”

 

സംഗതി കയ്യാങ്കളിയിലെത്തിയപ്പോൾ അവിടെ കൂടിനിക്കുന്ന ചിലർ രണ്ടു ഭാഗത്തിലുള്ളവരെയും വേർപിരിക്കാൻ ശ്രമിച്ചു. പ അവരെ തട്ടിമാറ്റി, വഴക്ക് കൂടുന്നവർ തമ്മിൽ തള്ളാനും, തല്ലാനും തുടങ്ങിയപ്പോൾ സുമേഷ് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ മുന്നിൽ അരങ്ങേറുന്ന രംഗങ്ങൾ ഒരു നാടകമെന്നപോലെ വീക്ഷിച്ചുകൊണ്ടിരുന്നു. 

 

പെട്ടെന്ന് ലഹള നടക്കുന്ന സ്ഥലത്തിന്‍റെ മുന്നിലുള്ളോരു വീടിന്‍റെ ഉള്ളിൽനിന്ന് വളരെ വയസ്സായൊരു ആൾ ഒരു വടിയും പിടിച്ചു പുറത്തേക്ക് ഇറങ്ങി. കണ്ണ് കാണാത്തതു കൊണ്ടാവണം തപ്പിതപ്പിയാണ് അയാൾ വീട്ടിൽ നിന്നിറങ്ങിയത്. മുറ്റത്തേക്കുള്ള അവസാനത്തെ പടിയിൽ കാൽ തെറ്റി അയാൾ വീഴാൻ പോവുന്നതു കണ്ടപ്പോൾ സുമേഷും മറ്റു ചിലരും ഓടിപോയി താങ്ങിപിടിച്ചു.

വഴക്കിലേർപ്പെട്ടവരിൽ ചിലരും അത് വിട്ട് അയാളുടെ അടുത്തേക്ക് വന്നു. അതോടെ ലഹളയുടെ ഊക്ക് കുറഞ്ഞു. ശണ്ഠ കൂടിയവർ അടുത്തടുത്തുള്ള അവരവരുടെ വീടുകളിലേക്ക് മടങ്ങി. സുമേഷ് കുറച്ചുനേരം കൂടി ആ പരിസരത്തു നിന്ന് നടത്തം മതിയാക്കി തിരിച്ചു നടന്നു.

 

രമണി അടുത്ത് താമസിക്കുന്നൊരു സ്ത്രീയുമായി മുറ്റത്ത്‌ സംസാരിച്ചിരിക്കുമ്പോഴാണ് സുമേഷ് വീട്ടിൽ കയറിയത്. “എന്താ ഇന്ന് നേരത്തെ?” രമണിയുടെ ശബ്ദത്തിൽ പരിഭ്രമം നിഴലിച്ചിരുന്നു. “ഹേയ്, ഒന്നുമില്ല. കുറച്ചു ദൂരം നടന്നപ്പോൾ ഒരു മടുപ്പ്.” സുമേഷ് വീട്ടിനുള്ളിൽ കയറി. രമണി മറ്റേ സ്ത്രീയേ പെട്ടെന്ന് പറഞ്ഞയച്ച് പിന്നാലെ തന്നെ വന്നു. എന്നിട്ട് പനിയുണ്ടോ എന്നറിയാൻ അയാളുടെ കഴുത്തിൽ തൊട്ടുനോക്കി.

 

 

“ഒന്നുമില്ല, ചെറിയൊരു ക്ഷീണം മാത്രം. വേറെ പ്രശ്നമൊന്നുമില്ല,” അയാൾ ഭാര്യയെ ആശ്വസിപ്പിച്ചു.

പക്ഷേ പ്രശ്നങ്ങൾ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരത്തെ നടത്തങ്ങളിൽ  കാണുന്നതൊക്കെ യാദൃച്ഛികമായ കാഴ്ചകളാണെന്ന് അയാൾക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കുന്നു. അവയൊക്കെ എന്തോ തന്നോട് പറയാൻ ശ്രമിക്കുകയാണെന്ന സംശയം അയാൾക്ക്  ബലപ്പെട്ടു. എന്നാൽ അടുത്ത നിമിഷം തന്നെ ഇതൊക്കെ മനസ്സിന്‍റെ വിഭ്രാന്തികളാണെന്ന തോന്നലും വന്നു.

 

 

രമണിയോടൊത്ത് പതിവ് ടെലിവിഷൻ പരിപാടികൾ ആ രാത്രിയിൽ കാണുമ്പോൾ അയാളുടെ മനസ്സ് എവിടെയൊക്കെയോ പാറിപറന്നു. അവസാനം, സാധാരണ കാണുന്ന ദൃശ്യങ്ങളിൽ അനാവശ്യമായ അര്‍ത്ഥങ്ങൾ മനസ്സ് മെനഞ്ഞെടുക്കുകയാണ് എന്നുള്ളത് അയാൾ സ്വയം പറഞ്ഞ് വിശ്വസിക്കാൻ ശ്രമിച്ചു. അത് അയാൾ മനസ്സിൽ ഉരുവിട്ടുകൊണ്ടേയിരുന്നു.

 

 

അതിനുശേഷം രണ്ടുമൂന്നു ദിവസം അയാൾ വൈകുന്നേരത്തെ നടത്തം ഒഴിവാക്കി. ഒരു പുസ്തകം ശ്രദ്ധാപൂര്‍വ്വം വായിച്ചുകൊണ്ടിരിക്കയാണെന്ന നാട്യത്തിൽ അയാൾ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് സമയം ചിലവഴിച്ചു. “ആ ക്ഷീണം അങ്ങോട്ട്‌ മാറുന്നില്ല മുഴുവനായും’’ എന്ന് രമണിയുടെ ചോദ്യങ്ങൾ വരുന്നതിന് മുമ്പ് ഉത്തരവും നല്‍കി.

 

പക്ഷേ, പുറത്തിറങ്ങാതെ ഏത്ര ദിവസം വീടിനുള്ളിൽ ചടഞ്ഞുകൂടി ഇരിക്കാൻ പറ്റും? കൂടെ വല്ലവരുമുണ്ടെങ്കിൽ തമ്മിൽ തമ്മിൽ സംസാരിച്ചുകൊണ്ടും ചുറ്റുപാടുള്ളതിലൊന്നും അമിതമായി ശ്രദ്ധ കൊടുക്കാതെയും നടക്കാമായിരുന്നു. എത്രയോ കൊല്ലങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ പറളിയിൽ സുമേഷിന് അത്രയും അടുപ്പമുള്ള ആരെയും ഇതുവരേക്കുമായി കണ്ടുപിടിക്കാനും കഴിഞ്ഞിരുന്നില്ല. എങ്കിലും തന്നെപോലെ ഒറ്റയ്ക്ക് നടക്കുന്നവർ മറ്റുപലരുമുണ്ടാവുമെന്ന് അയാൾക്ക്  ഉറപ്പുണ്ടായിരുന്നു. അവരിൽ ചിലരെയെങ്കിലുമൊക്കെ കണ്ടുപിടിച്ച് ഒരു നടത്തക്കൂട്ടം ഉണ്ടാക്കണമെന്നൊരാഗ്രഹം അയാൾ പറളിയിൽ സ്ഥിരമായി വന്നതിനുശേഷം പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഇതുവരെ അതിലേക്കൊരു നീക്കവും നടത്തിയിട്ടില്ലെങ്കിലും.

 

പിറ്റേ ദിവസമൊരു വെള്ളിയാഴ്ച ആയിരുന്നു. അന്ന് നടത്തം തുടരാൻ തന്നെ അയാൾ തീരുമാനിച്ചു. ഇന്നു കാണുന്നതൊന്നും അമ്പരിപ്പിക്കാത്തതും പേടിപ്പെടുത്താത്തതും ആവട്ടെയെന്നൊരു പ്രാര്‍ത്ഥനയോടെയാണ് വീണ്ടും കിണാവല്ലൂർ വഴി മുണ്ടൂർ കൂട്ടുപാതയിലേക്കുള്ള നിരത്തിലൂടെ അയാൾ ആ വൈകുന്നേരം നടന്നത്.

 

പ്രാര്‍ത്ഥന ഫലിച്ചു എന്ന് വിചാരിച്ചതും, വ്യത്യസ്തമാണെന്ന്‌ അയാൾക്ക് തോന്നിയൊരു കാഴ്ച കുറച്ച് ദൂരത്തുള്ളൊരു പാടത്തിന്റെ വരമ്പത്ത് കണ്ടതും ഒരേ നിമിഷത്തിലായിരുന്നു. തോളിൽ മരക്കൊമ്പ് പോലെയെന്തോ വെച്ച് നടക്കുന്നോരാളുടെ പിന്നിൽ കുറച്ചുപേർ ഒരു ജാഥ പോലെ പോവുന്നൊരു കാഴ്ചയായിരുന്നു അത്. പാടത്തിനപ്പുറത്തുള്ളൊരു കുന്നിനെ ലക്ഷ്യമാക്കിയാണ് അവരുടെ യാത്രയെന്ന് അയാൾ ഊഹിച്ചു. അവരുടെ അടുത്തുപോയി എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ വേണ്ടി അയാൾ റോഡിൽ നിന്ന് പാടത്തേക്ക് ഇറങ്ങിയെങ്കിലും നാലഞ്ചു ചുവടുകൾ വെച്ചപ്പോഴേക്കും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന അവരുടെ ഒപ്പമെത്താൻ സമയമെടുക്കുമെന്ന് അറിഞ്ഞ് തിരിച്ചുകയറുകയാണ് ഉണ്ടായത്.

 

 

അവരെത്തന്നെ നോക്കിക്കൊണ്ട്‌ റോഡിലൂടെ അൽപ്പദൂരം കൂടി അയാൾ മുന്നോട്ട് നടന്നു. വായിച്ചതും, സ്വപ്നം കണ്ടതുമായ ഏതൊക്കെയൊ സംഭവങ്ങൾ മനസ്സിനെ വീണ്ടും അസ്വസ്ഥമാക്കാ ൻ തുടങ്ങിയപ്പോൾ സുമേഷ് വീട്ടിലേക്ക് തന്നെ തിരിച്ചു. എന്തോ പ്രശ്നം എനിക്കോ, അല്ലെങ്കിൽ ഈ പ്രദേശത്തിനോ ഉണ്ടെന്ന സംശയം അയാൾക്ക് ബലപ്പെട്ടു. അതിനടുത്ത വൈകുന്നേരത്തെ സംഭവം കൂടിയായപ്പോൾ ആ സംശയം ഉറപ്പാവുകയും ചെയ്തു.

 

പിറ്റേ ദിവസം അയാൾ കിണാവല്ലൂർക്ക് തിരിയുന്നതിന് പകരം പറളി റോഡിലൂടെ നേരെ നടക്കാനാണ് തീരുമാനിച്ചത്. തേനൂരായിരുന്നു ലക്ഷ്യം. പക്ഷേ ലക്ഷ്യത്തിൽ എത്തുന്നതിന് പകുതി ദൂരം മുമ്പുതന്നെ കലങ്ങിമറഞ്ഞ മനസ്സുമായി അയാൾക്ക് മടങ്ങിവരേണ്ടി വന്നു.

 

താടിയും, മുടിയും നീട്ടിവളര്‍ത്തി, തലയിൽ പറ്റികിടക്കൊന്നൊരു വെള്ളത്തൊപ്പിയും അരയിൽ മുട്ടിനു തൊട്ടുതാഴെ എത്തുന്നൊരു വെള്ളമുണ്ടും ധരിച്ച്, എന്തൊക്കയോ സ്വയം സംസാരിച്ചുകൊണ്ട് എതിര്‍ദിശയിൽ നിന്ന് അടുത്തേക്ക് നടന്നുവരുന്ന ഒരാൾ സുമേഷിന്‍റെ കണ്ണില്‍പ്പെട്ടത് പെട്ടന്നാണ്. അധികം ആൾപെരുമാറ്റമില്ലാത്ത റോഡിന്‍റെ ഭാഗത്തുള്ള ആ വരവ് കണ്ടപ്പോൾ അല്‍പ്പം പേടിയാണ് സുമേഷിന് ആദ്യം തോന്നിയത്. എന്തോ മറന്നതായി ആലോചിക്കുന്നതുപോലെ ഒരു സെക്കന്റ്‌ നിന്ന് സുമേഷ് തിരിച്ചുപോവാനൊരുങ്ങി.

 

അപ്പോഴേക്കും എതിർഭാഗത്ത്‌ നിന്ന് വന്നിരുന്ന ആൾ അതിവേഗത്തിൽ നടന്ന് അടുത്തെത്തി സുമേഷിന്‍റെ തോളിൽ തട്ടി. ഭയംകൊണ്ട് സുമേഷിന്‍റെ കാലും കയ്യും വിറച്ചു. പതിഞ്ഞ സ്വരത്തിൽ അയാൾ എന്തൊക്കയോ തുരുതുരാ പറഞ്ഞുകൊണ്ടിരുന്നു. ഏതോ മാസ്മരിക ശക്തിക്ക് അടിപ്പെട്ടതുപോലെ സുമേഷ് അനങ്ങാൻപറ്റാതെ നിന്നിടത്തുതന്നെ നിന്നു. രണ്ടുമൂന്ന് മിനിട്ടോളം നിർത്താതെ അയാൾ സംസാരിച്ചിരിക്കണം. അത് കഴിഞ്ഞ്‌ വന്ന വേഗത്തിൽത്തന്നെ അയാൾറോഡരികിലുള്ള, ആൾവാസമില്ലാതെ കാടുപിടിച്ചുകിടക്കുന്നൊരു തൊടിയിലേക്ക്‌ ഓടികയറി.

 

അതിനുശേഷവും മിനിട്ടുകളോളം സുമേഷ് ആ നിൽപ്പ് തന്നെ തുടര്‍ന്നിരിക്കണം; മത്സരിച്ചോടുന്ന രണ്ട് ബസ്സുകളുടെ നീണ്ട ഹോണടികൾ കാതിൽമുഴങ്ങിയപ്പോളാണ് അയാൾക്ക് സ്ഥലകാലബോധമുണ്ടായത്. മനസ്സിന് ഇതുവരെ ഉണ്ടായിട്ടില്ലാത്തൊരു ഭാരം അപ്പോൾ അനുഭവപ്പെട്ടു.

 

സുമേഷ് വീട്ടിലേക്ക് അതിവേഗം നടന്നു. ഒന്നും ശരിയല്ല, ഒന്നും ശരിയാവുന്ന മട്ടുമില്ല, അയാൾ  സ്വയം പറഞ്ഞുകൊണ്ടിരുന്നു, ഒരു മന്ത്രം പോലെ. ആരോടെങ്കിലും ഒന്ന് ഉള്ളുതുറന്ന് സംസാരിച്ചാൽ അല്‍പ്പം ആശ്വാസം കിട്ടുമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവർ വിലയിരുത്തട്ടെ. മൊബൈലിൽ ആരോടോ സംസാരിച്ചുകൊണ്ട് രമണി ഉമ്മറത്തുതന്നെ നിന്നിരുന്നു. മനസ്സിലെ വിഷമവും പേടിയും മുഖത്ത് പ്രകടമായിരുന്ന സുമേഷിനെ കണ്ടപ്പോൾ രമണി ഫോൺ സംഭാഷണം നിർത്തി  ഭര്‍ത്താവിനോട് ചോദിച്ചു: “എന്താണ്, വല്ലാതെ ഇരിക്കുന്നുവല്ലോ.”

 

ഒന്നും പറയാതെ അയാൾ ഉമ്മറത്തുനിന്ന് തളത്തിലേക്ക് കടന്നപ്പോൾ രമണി വന്ന്‌ തോളിൽ തൊട്ട് നിര്‍ബന്ധിച്ചു: “പറയൂ.” “വയ്യ, രമണി എനിക്ക്,” സുമേഷ് ഒരുവിധം പറഞ്ഞൊപ്പിച്ചു. അതോടെ മനസ്സിന്‍റെ നിയന്ത്രണം മുഴുവൻ കൈവിട്ട അയാൾ രമണിയെ കെട്ടിപ്പിടിച്ച് തോളിൽ മുഖം അമർത്തി കരയാൻ തുടങ്ങി.

 

“പറയൂ, എന്ത് പറ്റി?” എന്ന് രമണി വീണ്ടും, വീണ്ടും ചോദിച്ചു. അപ്പോഴൊക്കെ സുമേഷിന്‍റെ കരച്ചിൽ കൂടുകയാണ് ഉണ്ടായത്. ഏങ്ങലടിച്ചു കരയുന്ന അയാളെ രമണി പുറത്ത് തട്ടി ആശ്വസിപ്പിച്ചു, ഒരമ്മയുടെ വാത്സല്ല്യത്തോടെ. “കരയരുത്, എല്ലാത്തിനും പരിഹാരമുണ്ടാക്കാം,” രമണി അയാളുടെ ചെവിയിൽമന്ത്രിച്ചു കൊണ്ടേയിരുന്നു.

 

“എനിക്ക് ഒന്നും മനസ്സിലാവുന്നില്ല, രമണി,” സുമേഷ് എങ്ങലുകളുടെ ഇടയിൽ കൂടെ പറഞ്ഞു. “ഒന്നും സാരമില്ല, ഒക്കെ വെറുതെ തോന്നുന്നതാണ്,” രമണിയുടെ ആശ്വാസവാക്കുകൾ.

 

തോന്നലുകളോ? അതിന് താനൊന്നും പറഞ്ഞിട്ടില്ലല്ലോ, സുമേഷ് അത്ഭുതപ്പെട്ടു. പിന്നെ?

 

അയാൾ മുഖമുയര്‍ത്തി നോക്കി. രമണിയെന്ന് അയാൾ അറിയുന്ന സ്ത്രീ ദൂരേക്ക് എവിടെയോ കണ്ണ് നട്ട് തുടർന്നു: “ഒരു കണക്കിൽ എല്ലാം. ഈ പറളിയും, ഈ നമ്മൾപോലും, അല്ലെ?”  

 

രമണിയുടെ അനുനിമിഷം മാറികൊണ്ടിരിക്കുന്ന മുഖച്ഛായ അപ്പോളാണ് അയാൾ ശ്രദ്ധിച്ചത്. ഒരു നിമിഷത്തിൽ അത് അയാളുടെ മരിച്ചുപോയ അമ്മയുടെ മുഖമായി, അടുത്ത നിമിഷം സ്കൂളിൽ കൂടെ പഠിച്ചിരുന്ന വസന്തിയുടെതായി, പിന്നീടത്‌ പണ്ടെന്നോ ഒന്നിച്ച് ജോലിയെടുത്തിരുന്നൊരു പ്രമീളയുടെതായി..., രാധയുടെതായി, രജനിയുടെതായി...

 

“നാളെ മുതൽ വൈകുന്നേരം നടക്കാൻ പോവുമ്പോൾ ഞാനും കൂടെയുണ്ടാവും. സമാധാനമായില്ലേ?” ഓര്‍മകളിൽ നിന്ന് ജീവൻ വെച്ച ആ മുഖങ്ങളെല്ലാം ഒരേ സ്വരത്തിൽ, ഒരേ ഈണത്തിൽ പറഞ്ഞു.

 

തന്നെ സദാ അസ്വസ്ഥനാക്കുകയും, ചിലപ്പോൾ പേടിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളിൽ നിന്ന് ഒരിക്കലും ഇനിയൊരു മോചനമുണ്ടാവില്ലെന്ന് സുമേഷ് ഇതോടെ തിരിച്ചറിഞ്ഞു. വായിച്ചറിഞ്ഞ പല ചരിത്രസംഭവങ്ങളുടെയും കേട്ടു വളര്‍ന്ന ഐതിഹ്യങ്ങളുടെയും പിന്നെയും പിന്നെയും തേട്ടിവരുന്ന ചില പ്രത്യേക ഓർമകളുടെയും എടുക്കാനാവാത്ത  ഭാരം പേറി നടക്കുമ്പോൾ മറ്റൊരു വഴികളും തന്‍റെ മുന്നിലുണ്ടാകുവാൻ സാധ്യതയുമില്ലെന്ന് അയാൾക്ക് അപ്പോൾ ബോധ്യമായി.

 

English Summary : Susmeshinte Yathrakal Story By C.P Raveendran                   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com