ADVERTISEMENT

വിശ്വാസം അതല്ലേ എല്ലാം ! ( അനുഭവക്കുറിപ്പ്)

നാലും ഒന്നും വയസുള്ള രണ്ടു കുട്ടികളും ഓഫീസ് ജോലിയും എല്ലാം കൂടി ബാംഗ്ലൂരിലെ തിരക്ക് പിടിച്ച ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ  രാകേഷിനു മുംബൈയിലേക്ക്‌ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ പോവണമെന്ന് ഓഫീസിൽ നിന്നും നിർദ്ദേശം വന്നത്. പൊതുവെ ഏതൊരു പ്രതികൂല സാഹചര്യത്തിലും നല്ലൊരു പരിഹാരവുമായി  എത്തുന്ന എന്റെ ഭർത്താവ് അവിടെയും എനിക്കൊരു നല്ല ഒരു മാർഗം കാണിച്ചു തന്നു. ഡ്രൈവിങ് പഠിക്കുക. ഓഫീസിൽ പോവാനും മകളെ സ്കൂളിൽ കൊണ്ടു വിടാനും മറ്റാരെയും ആശ്രയിക്കേണ്ടി വരില്ലല്ലോ.

 

 

കേട്ടപാതി കേൾക്കാത്ത പാതി ഞാൻ അടുത്തുതന്നെയുള്ള ഒരു ഡ്രൈവിങ് സ്കൂളിൽ ജോയിൻ ചെയ്തു. പതിനാലു ദിവസത്തെ ക്ലാസ് കഴിഞ്ഞു ഡ്രൈവിങ് ലൈസൻസ് കയ്യിൽ കിട്ടി. ഉടനെ തന്നെ രാകേഷ് എനിക്ക് വേണ്ടി ഒരു ബ്രാൻഡ് ന്യൂ സ്വിഫ്റ്റ് ബുക്ക് ചെയ്യുകയും ടെസ്റ്റ് ഡ്രൈവിന് വേണ്ടി  ഷോറൂമിൽ നിന്ന് വീട്ടിലേക്കു ഒരു വണ്ടി അയക്കുവാൻ ഏർപ്പാട് ചെയ്യുകയും ചെയ്തു.

 

ഒരു ഞായറാഴ്ച ഉച്ചഭക്ഷണവും കഴിച്ചു വിശ്രമിക്കുമ്പോഴാണ് കാറുമായി ഷോറൂമിൽ നിന്ന് രണ്ടു ആൾക്കാർ എത്തിയത്. പൊതുവെ ധൈര്യശാലിയാണെന്നു സ്വയം വിശ്വസിപ്പിച്ചിരുന്ന ഞാൻ ഒരു ശങ്കയും കൂടാതെ ഡ്രൈവിങ് സീറ്റിൽ കയറി ഇരിപ്പുറപ്പിച്ചു. ഷോറൂമിൽ നിന്ന് വന്ന ഒരാൾ മുൻപിലത്തെ സീറ്റിലും. വണ്ടി കീ കൊടുത്ത ശേഷം ഫസ്റ്റ് ഗിയറിൽ ഇട്ടു ബ്രേക്കിൽ നിന്ന് ഇടതുകാൽ റിലീസ് ചെയ്തു വലതുകാൽ കൊണ്ട് മെല്ലെ ആക്സിലേറ്ററിൽ ഒന്നമർത്തി.

 

അതുവരെ ഡ്രൈവിങ് സ്കൂളിലെ പഴകി തുരുമ്പിച്ച വണ്ടി മാത്രം ഓടിച്ച എനിക്കറിയില്ലല്ലോ പുതിയ വണ്ടിയാണ് ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ റോക്കറ്റ് പോലെ വണ്ടിയങ്ങു പോവും എന്ന്. വണ്ടി പോയി അടുത്തുള്ള പോസ്റ്റിൽ ഇടിച്ചതും കൂടെയുള്ള ആൾ പെട്ടെന്ന് സ്റ്റിയറിങ്ങിൽ പിടിക്കുകയും ഹാൻഡ് ബ്രേക്ക് ഇടുകയും ചെയ്തതുകൊണ്ട് വലിയ അപകടമൊന്നുമുണ്ടായില്ല. 

 

സംഭവിച്ചതിന്റെ ഷോക്കും അപമാനഭാരവും സങ്കടവും എല്ലാം കൂടി ചേർന്ന് ഒരു വല്ലാത്ത മനസികാവസ്ഥ യിലാണ് വീട്ടിൽ എത്തിയത്. ആക്സിഡന്റായി എന്ന് വീട്ടിലുണ്ടായിരുന്ന അച്ഛനോടും അമ്മയോടും പറഞ്ഞെങ്കിലും വിഷമമൊന്നും പുറത്തുകാണിച്ചില്ല.

 

 

ഉടനെ തന്നെ ഡ്രൈവിങ് സ്കൂളിൽ വിളിച്ചു എന്റെ വണ്ടിയിൽ പരിശീലനം നൽകാൻ വേണ്ടി ഒരു ഡ്രൈവറെ ആവശ്യപ്പെട്ടു. ഒരാഴ്ചത്തേക്ക്... ആ ഒരാഴ്ചക്കാലത്തിനിടയിലാണ്, വണ്ടി അടുത്തുള്ള ഒരു ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചതും റോഡിൽ കയ്യും പിടിച്ചു സ്ഥലകാലബോധമില്ലാതെ നടന്നിരുന്ന രണ്ടു യുവമിഥുനങ്ങളെ അടിച്ചു തെറിപ്പിക്കാൻ നോക്കിയതും. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ട് രണ്ടും നടന്നില്ല.

 

അങ്ങനെ ആ ഒരാഴ്ച കൊണ്ട് ഒരൽപം ധൈര്യം സംഭരിച്ച ഞാൻ ഒരു ദിവസം മകളെ നഴ്സറിയിൽ നിന്ന് കൊണ്ടുവരാൻ എന്റെ അച്ഛനെയും കൂട്ടി പുറപ്പെട്ടു. അച്ഛൻ മുൻസീറ്റിൽ ഇരുന്നു നിർദ്ദേശങ്ങൾ തരുമ്പോൾ ഡ്രൈവ് ചെയ്യുവാൻ ഒരു ധൈര്യം കിട്ടുമായിരുന്നു.

 

അങ്ങനെ മോളുടെ സ്കൂളിന്റെ മുൻപിൽ ഉള്ള ഒരു ചെറിയ കയറ്റം  എത്തിയപ്പോഴാണ് വീണ്ടും പ്രശ്നമായത്. വണ്ടി മുകളിലേക്ക് കയറ്റുമ്പോൾ ചെറിയ ഗിയറിൽ ഇടണം എന്ന ആദ്യപാഠം തന്നെ ഞാനങ്ങു മറന്നു. വണ്ടി ഒരിഞ്ചു പോലും മുന്നോട്ടുപോകില്ലെന്നു പറഞ്ഞു എന്നോട് സമരം തുടങ്ങി. ബാംഗ്ലൂർ സിറ്റി ആണ്. തലങ്ങും വിലങ്ങും വരുന്ന വാഹനങ്ങളും ഹോണടികളും.

 

പിറകിലുള്ള വണ്ടിക്കാരെല്ലാം ചീത്ത വിളിക്കാൻ തുടങ്ങി. എന്റെ കാലും കയ്യും വിറക്കാനും. അവസാനം സൈഡിൽ കൂടി വന്ന ബൈക്കിൽ ഉള്ള ഒരാളോട് ഒന്ന് ഹെൽപ് ചെയ്യാമോ എന്ന് ചോദിച്ചു. നല്ലവനായ ആ മനുഷ്യൻ ബൈക്ക് ഒരു സൈഡിൽ ഒതുക്കിവെച്ചു എന്റെ കാർ മുകളിലേക്ക് ഓടിച്ചു കയറ്റി തിരിച്ചു വച്ച് തന്നു.

 

മോളെയും കൂട്ടി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ആ സംഭവം എന്റെ ആത്മവിശ്വാസം മുഴുവൻ കെടുത്തി ക്കളഞ്ഞു. ആരുമറിയാതെ ബാത്‌റൂമിൽ പോയി ഞാൻ കുറെ പൊട്ടിക്കരഞ്ഞു..... 

 

എങ്കിലും വിട്ടുകളയാൻ മനസ്സുവന്നില്ല. വീട്ടിന്റെ അടുത്തായി പ്ലോട്ടുകളായി തിരിച്ച ഒരു സ്ഥലം ഉണ്ടായിരുന്നു. പിറ്റേദിവസം മുതൽ ഒറ്റയ്ക്ക് കാർ എടുത്തു പോയി അവിടെ നിന്ന് പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. 

 

ഏതാണ്ട് ആ സമയത്താണ് എന്റെ ഒരനുജന്റെ സുഹൃത്ത് രമേശ് (തല്ക്കാലം അങ്ങിനെ വിളിക്കാം)  എന്റെ ഓഫീസിൽ ജോയിൻ ചെയ്തത്.  ബാംഗ്ലൂരിലെ ഓരോ മുക്കും മൂലയും പരിചയമുള്ള ആളായിരുന്നു അവൻ. ഓഫീസിൽ പോവുമ്പോൾ വണ്ടി എടുക്കാൻ അവൻ എന്നോട് പറഞ്ഞു. അങ്ങനെ രാവിലെ അവൻ എന്റെ വീട്ടിൽ വന്നു എന്നോടൊപ്പം ഓഫീസിലേക്ക് വരുകയും ഓഫീസിൽ നിന്ന് ചില ക്ലൈന്റ്‌സിനെ കാണാൻ ഞങ്ങൾ ഒന്നിച്ചു പോവുകയും ചെയ്തു. ശ്രീജേച്ചി, വലത്തോട്ട് തിരിക്കൂ ഇടത്തോട്ട് തിരിക്കൂ എന്നിങ്ങനെ നിർദ്ദേശങ്ങൾ തരുന്നതോടൊപ്പം ചില സ്പീഡിൽ  പോവുന്ന വണ്ടികൾ കാണിച്ചു ആണുങ്ങൾ പോവുന്നത് നോക്ക് എന്നൊക്കെ പറഞ്ഞു ഒരു സഹോദരന്റെ കരുതലോടെ, സ്നേഹത്തോടെ അവൻ എന്നെ ശാസിച്ചു.  അങ്ങനെ ബാംഗ്ലൂരിലെ എം ജി റോഡ്‌, ബ്രിഗേഡിയർ റോഡ്, ജെ സി റോഡ് എന്നുവേണ്ട തിരക്കുപിടിച്ച എല്ലാ റോഡുകളിലും ഞാൻ എന്റെ പ്രയാണം തുടർന്നു. എവിടെയെങ്കിലും നിർത്തിപോയാൽ അവൻ ഉണ്ടല്ലോ എന്ന വിശ്വാസത്തോടെ.

 

അങ്ങനെ ഒരു ദിവസം വൈകുന്നേരം വീട്ടിലേക്കു തിരിച്ചു പോകുമ്പോഴാണ് എനിക്ക് വല്ലാത്തൊരു കാലുവേദന അനുഭവപ്പെട്ടത്. ഞാൻ വീടുവരെ അവനോടു വണ്ടിയെടുക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് എന്നെ ഞെട്ടിപ്പിക്കുന്ന ഒരു സത്യം അവൻ പറഞ്ഞത്, അവനു ഡ്രൈവിങ് അറിയില്ലത്രേ.  ഈശ്വരാ, അപ്പോൾ ഈ ഡ്രൈവിങ് തിയറി മാത്രം അറിയുന്ന ഒരാളെ വിശ്വസിച്ചാണോ ഞാൻ ബാംഗ്ലൂരായ ബാംഗ്ലൂർ മുഴുവനും ചുറ്റിത്തിരിഞ്ഞത്. അപ്പോ ഞാൻ... ഞാൻ തന്നെയാണ്..... എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ ആയില്ല.

 

 

അന്ന് ഞാൻ മനസിലാക്കിയത് ജീവിതത്തിലെ ഒരു വലിയ സത്യമായിരുന്നു. നമ്മുടെ മറ്റേതു കഴിവുകളേ ക്കാളും ജീവിതവിജയത്തിലേക്കു നയിക്കുന്നത് നമുക്ക് നമ്മിലുള്ള വിശ്വാസമാണെന്ന സത്യം.  ഈയൊരറിവ് ഒരു പാട് ജീവിത സന്ദർഭങ്ങളിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. വിശ്വാസം അതല്ലേ എല്ലാം.

 

English Summary : Viswasam Athalle Ellam Story By Sreeja Rakesh 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com