ADVERTISEMENT

ബൈക്കുമായി എൽദോ നേരെ ബാർബർ ഷോപ്പിലേക്ക് പോയി. അവിടെ ഒരു ബാർബർ മാത്രമാണ് ഇന്നുള്ളത്. പണ്ടു മൂന്നു പേരുണ്ടായിരുന്നതാണ്. ഇപ്പോൾ കുറച്ചു നാളായി ആ സ്ഥാപനത്തിന്റെ ഉടമയായ കൃഷ്ണൻകുട്ടിച്ചേട്ടൻ വരാറില്ല. അദ്ദേഹത്തിന് അത്ര സുഖം പോരാ. നട്ടെല്ലിന് തേയ്മാനമാണെന്ന് തോന്നുന്നു. എങ്ങനെവരാതിരിക്കും…? ഒരായുഷ്ക്കാലത്തിന്റെ അധ്വാനത്തിന്റെ ഫലം. എൽദോയുടെ അപ്പാ പ്പനും ഇദ്ദേഹവും തരക്കാരായിരുന്നു.

 

 

ആ കാലഘട്ടം തൊട്ടേ അയാൾ ഈ കടയിൽ മുടി വെട്ടുന്നതാണ്. രാവിലെ മുതൽ അന്തി വരെ ഒറ്റ നിൽപാണ്. പിന്നെങ്ങനെ നട്ടെല്ല് കേടാകാതിരിക്കും. കൃഷ്ണൻകുട്ടിച്ചേട്ടൻ മുടി വെട്ടിയിരുന്ന സമയത്ത് എൽദോ എപ്പോൾ ചെന്നാലും അയാൾ അപ്പാപ്പനെക്കുറിച്ച് ചോദിക്കും. അവർ തമ്മിൽ അത്ര അടുപ്പമായിരുന്നു. ഇപ്പോൾ കുറെനാളായി കണ്ടിട്ട്. കൃഷ്ണൻക്കുട്ടിചേട്ടൻ രണ്ടുപേരെ പണിക്ക് നിർത്തിയിട്ടുണ്ട്. അതിലൊരാൾ ഇന്നു വന്നിട്ടില്ല എന്നു തോന്നുന്നു. ആകെ ഒരാൾ മാത്രമാണുള്ളത്. അയാൾ പ്രായമായ ഒരാളുടെ മുടി വെട്ടുകയാണ്. 

 

ആരും ഉണ്ടാകില്ലെന്ന് കരുതിയാണ് നട്ടുച്ചയ്ക്ക് വന്നത്. അപ്പോഴും ആളുണ്ട്… അവൻ മനസ്സിൽ പ്രാകി. പെട്ടെന്ന് അവന്റെ മനസ്സവനെ തിരുത്തി. അങ്ങനെ ചിന്തിക്കാൻ പറ്റ്വോ. വീട്ടിൽ നിന്നും ചാടാൻ ഉണ്ടാക്കിയതല്ലേ ഈ മുടിവെട്ട്. അമ്മ ഇറങ്ങുമ്പോഴേ പറഞ്ഞതാണ് വെട്ടാറായിട്ടില്ലെന്ന്. അല്ലെങ്കിലും എപ്പോൾ മുടി വെട്ടാൻ വരുമ്പോഴും ഉള്ളതാണ് ഈ ചിന്ത. കാത്തിരിപ്പിന്റെ മുഷിച്ചിൽ. ഇന്നു വീട്ടിൽ നിന്നും ചാടിപ്പോന്നതല്ലേ, കുറച്ചു നേരം ഇരുന്നാലും കുഴപ്പമില്ല. അവൻ അടുത്തുള്ള മാഗസിൻ എടുത്തു വെറുതേ മറിച്ചു നോക്കി, ഒപ്പം അവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റേഡിയോയിലേക്ക് അവന്റെ ശ്രദ്ധ തിരിച്ചു.

 

അപ്പോഴാണ് കൃഷ്ണൻകുട്ടിച്ചേട്ടൻ കടയിലേക്ക് വന്നത്. നടത്തം വളരെ ശ്രദ്ധയോടെയും പതുക്കെയുമാണ്. എൽദോയെ കണ്ടതും അയാൾ പരിചയഭാവത്തിൽ ചിരിച്ചുകൊണ്ട് ചോദിച്ചു.

‘‘വർക്കിക്ക് സുഖമല്ലേ…?’’

അപ്പാപ്പനെക്കുറിച്ചുള്ള ആ സുഖാന്വേഷണം എൽദോയിൽ അടക്കിവച്ചിരുന്ന അരിശത്തെ വീണ്ടുമുണർത്തി. എങ്കിലും മുഖത്തൊരു ചിരി വരുത്തി സുഖമായിരിക്കുന്നു എന്നു മറുപടി നൽകി. ആ രസക്കേട് മുഖത്തു നിന്നു വായിക്കാനയതിനാലാവാം അയാളുടെ മുഖത്ത് സഹതാപം നിറഞ്ഞു… വയസ്സായാൽ ഏവരുടെയും ഗതി ഇതുതന്നെ… എങ്കിലും തന്റെ സുഹൃത്തിനെതിരെയുള്ള ഈ രസക്കേട് അയാളിലെ ചെറുപ്പത്തെ ഉണർത്തി. അയാൾ ചോദിച്ചു.

 

‘‘ദുബായിൽ നിന്നും പിരിച്ചുവിട്ടതിൽ പിന്നെ ഒന്നും തരമായില്ലല്ലേ…?’’

 

എൽദോയ്ക്ക് അതൽപ്പം മങ്ങലേൽപ്പിച്ചു. എഴുന്നേറ്റു പോയാലോ എന്നവനു തോന്നി. ഇയാൾ മാത്രമല്ലല്ലോ ബാർബറായി ഉള്ളത്. എങ്കിലും അവൻ സ്വയം മയപ്പെടുത്തികൊണ്ടു അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മറുപടി പറഞ്ഞു. പറഞ്ഞതു കൂടി പോയോ എന്നു അയാൾക്കും തോന്നി. എൽദോ അത്ര ഏറിയവനായി വർക്കി ഇതുവരെ പറഞ്ഞിട്ടില്ല. ചോദിക്കണ്ടായിരുന്നു… തന്റെ കടയിലേക്ക് വന്നിട്ട്… അയാൾ പതിയെ പോക്കറ്റിൽ നിന്നും ഫോണുമെടുത്ത് അവിടെ നിന്നും നീങ്ങി.

 

അപ്പാപ്പന് വല്യമ്മയുടെ വീട്ടിലേക്ക് പോകണം. എൽദോയോട് അപ്പാപ്പനെയും കൊണ്ടുപോകാൻ പറഞ്ഞിരുന്നു. എന്നാൽ അവന് അതിന് താത്പര്യം ഉണ്ടായിരുന്നില്ല. മറ്റൊന്നുംകൊണ്ടല്ല ജോലി പോയതിനു ശേഷം എല്ലാവർക്കും അവനോട് ചോദിക്കാനുള്ള ഏക കുശലാന്വേഷണം ജോലിക്കാര്യം മാത്രമാണ് കൂടാ തെ മറ്റുള്ളവരുടെ വിജയഗാഥകഥകളും. അതുകൊണ്ട് ഇപ്പോൾ കുറച്ചു നാളായി അവനു ബന്ധുജന സന്ദർശനം തീരെ താൽപര്യമില്ലാത്ത വിഷയമാണ്. അത് വീട്ടുകാർക്ക് അറിയുകയും ചെയ്യാം. അപ്പോഴാണ് അപ്പാപ്പന്റെ ഈ ആഗ്രഹം. അപ്പാപ്പന് ആരോഗ്യം ക്ഷയിച്ചതിൽ പിന്നെ എവിടെ പോകാനും കൂട്ട് വേണം.

അവന് അരിശം വന്നപ്പോഴാണ് മുടി വെട്ടാനെന്ന മട്ടിൽ ഇവിടെ വന്നത്. അതുകൊണ്ടുതന്നെയാണ് കൃഷ്ണൻകുട്ടിച്ചേട്ടന്റെ ആ ചോദ്യം അവന്റെ മനസ്സിൽ ദേഷ്യം വരുത്തിയത്. വരണ്ടായിരുന്നു. അവൻ മനസ്സിൽ മന്ത്രിച്ചു.

 

അപ്പോഴാണ് ഒരു തമിഴനും തമിഴത്തിയും അവിടേക്ക് വന്നത്. കൃഷ്ണൻക്കുട്ടിചേട്ടൻ അവർ വരുന്നതു കൊണ്ടാണ് വന്നിരിക്കുന്നത്. കടയിലെ വെയ്സ്റ്റ് കൊണ്ടുപോകാനാണ്. അവർ തമ്മിൽ വിലപേശൽ നടക്കുന്നുണ്ട്. രണ്ടുപേർക്കും പറയാൻ അവരുടേതായ ന്യായീകരണങ്ങൾ പ്രാരാബ്ധങ്ങൾ അങ്ങനെ പലതും. ഒടുവിൽ ആ തമിഴനും തമിഴത്തിയും കച്ചവടത്തിനു തയാറായി. അവരെയും കൊണ്ട് കൃഷ്ണൻകുട്ടി ചേട്ടൻ അകത്തെ മുറിയിലേക്ക്‌ പോയി. അവിടേക്ക് കസ്റ്റമേഴ്സിന് പ്രവേശനമില്ല. 

 

‘‘അന്ത ലൈറ്റ് ഓൺ പണ്ഗേ…’’അകത്തു കയറിയ ഉടനെ ആ തമിഴൻ പറഞ്ഞു.

 

‘‘ലൈറ്റോ…?’’

 

‘‘ഇൻഗ പാമ്പിരിക്ക പേയിരിക്കാ യാര്ക്ക് തെരിയും…?’’

 

‘‘ഇവിടെ പാമ്പൊന്നുമില്ല… ആ അറ്റത്ത് സ്വിച്ചുണ്ട്. അതു ഓണാക്കിയാൽ മതി’’ തുടർന്ന് അവിടത്തെ തന്റെ സ്റ്റാഫിനോട് കൃഷ്ണൻകുട്ടിച്ചേട്ടൻ ചോദിച്ചു. ‘‘അറ്റത്തേ സ്വിച്ച് തന്നെയല്ലെ…?’’

 

ആദ്യം ഒന്നു ശങ്കിച്ചെങ്കിലും പിന്നീട് ആലോചിച്ച് ഉറപ്പുവരുത്തിയതിനു ശേഷം ‘‘ആ അതേ’’ എന്നു അയാൾ മറുപടി നൽകി. സ്വിച്ച് ഓണാക്കിയിട്ടും ലൈറ്റ് ഓണായില്ല.

 

‘‘ഇന്ത ലൈറ്റ് പോയിരിക്ക്’’ എന്നു പറഞ്ഞുകൊണ്ട് തമിഴൻ ലൈറ്റ് ഊരി കൃഷ്ണൻകുട്ടിച്ചേട്ടന് കൊടുത്തു. അദ്ദേഹം ആ ലൈറ്റ് എടുത്തു നോക്കിയ ശേഷം ‘‘ഇതു പോയിട്ടൊന്നുമില്ല. ഒന്നു കൂടി ഇട്ടുനോക്കിയേ’’ എന്നു പറഞ്ഞു കൊണ്ട് അത് ആ തമിഴനെ തിരിച്ചേൽപ്പിച്ചു. അയാൾ അതു വീണ്ടും ഇട്ടു നോക്കിയതിനുശേഷം

 

‘‘ഇല്ലയ് പോയാച്ച്’’

 

‘‘അങ്ങനെ വരാൻ വഴിയില്ലലോ… ഓണായിരുന്നതാണല്ലോ’’ തുടർന്ന് സ്‌റ്റാഫിനെ നോക്കി കൊണ്ട് ‘‘ഓണായിരുന്നതല്ലേ…?’’

 

അയാളാകട്ടെ ഇതു ഓണാക്കറുണ്ടോ എന്ന ഭാവത്തിൽ ആദ്യം നോക്കി. പിന്നീട് എൽദോ ഇരിക്കുന്നതോർത്തിട്ടാവണം പെട്ടെന്ന് തിരുത്തികൊണ്ട്, ‘‘അത് ഓണായിരുന്നതാണ്’’ എന്ന് മറുപടി നൽകി. താൻ പറഞ്ഞതു ശരിതന്നെയാണ് എന്ന ഭാവത്തിൽ കൃഷ്ണൻകുട്ടി ചേട്ടൻ ആ തമിഴനോട് പറഞ്ഞു. ‘‘ഒന്നുകൂടി നോക്ക്യേ…?’’

 

‘‘വേണായ്യാ… ലൈറ്റില്ലാമലേ പൺറേൻ’’

 

  

ആ മറുപടി കൃഷ്ണൻക്കുട്ടി ചേട്ടന് അൽപം കുറച്ചിലായി തോന്നി. അയാൾ പതിയെ അവിടെ നിന്നറങ്ങി. 

 

തമിഴനാണെങ്കിലുമെന്താ?. അയാൾക്കും അവകാശങ്ങളില്ലേ? ആ മുറിയിൽ താനിതുവരെ വെളിച്ചം കണ്ടിട്ടില്ല. ഈ സ്റ്റാഫായതുകൊണ്ട് തരപ്പെട്ടു പോകുന്നു. വേറെ വല്ലവരും ആയിരുന്നെങ്കിൽ കാണാമായിരുന്നു. മനുഷ്യത്വം മരിച്ചിരിക്കുന്നു. ഏവർക്കും സ്വാർഥലാഭം മാത്രം. ഇയാളാണ് തന്നെ പഠിപ്പിക്കാൻ വരുന്നത്. ഇയാൾക്കുള്ളപോലെ തനിക്കും താത്പര്യങ്ങളുണ്ട്. അപ്പാപ്പന്റെ കാര്യത്തിലും ജോലിക്കാര്യത്തിലും. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന എൽദോ ഈവിധ ചിന്തകളിൽ ചേക്കേറിയിരിക്കുകയായിരുന്നു. അപ്പോഴാണ് മുടിവെട്ട് കഴിഞ്ഞ ആ ബാർബർ എൽദോയെ കസേരയിലേക്ക് ക്ഷണിച്ചത്. 

 

 

എൽദോ കയറി കസേരയിൽ ഇരുന്നതും മറ്റൊരു കസ്റ്റമർ അകത്തു കയറി. എൽദോ തന്റെ മുന്നിലുള്ള ഗ്ലാസിലൂടെ നോക്കി. തന്റെ അത്ര പ്രായം തോന്നിക്കുന്നില്ല. വല്ല കോളേജിൽ പഠിക്കുന്ന പയ്യനായിരിക്കും അവൻ മനസ്സിൽ കരുതി. വന്ന ചെറുപ്പക്കാരൻ പയ്യൻ ആകെ ഒന്നു വീക്ഷിച്ചു. തുടർന്നു കൈയിൽ മൊബൈലുമെടുത്ത് അതിൽ നോക്കി ഇരുന്നു.

 

അപ്പോഴാണ് കൃഷ്ണൻകുട്ടിചേട്ടൻ അകത്തേക്ക് വീണ്ടും വന്നത്. ഇപ്പോ കൈയിൽ പുതിയ ബൾബുണ്ട്. അതു ആ തമിഴനു കൊടുത്തു. 

 

‘‘പുതിസാ…? തേവയില്ലൈ’’

 

‘‘എന്തായലും ഇവിടെ ആവശ്യം വരും’’ കൃഷ്ണൻകുട്ടിച്ചേട്ടൻ മറുപടി നൽകി. തമിഴൻ ആ ബൾബ് ഹോൾഡറിൽ ഇട്ടതിനുശേഷം സ്വിച്ച് ഓൺ ചെയ്തു. അവിടമാകെ പ്രകാശിച്ചു. അവർ അവരുടെ പണി തുടർന്നു. കൃഷ്ണൻകുട്ടിചേട്ടൻ അവരുടെ ജോലി നോക്കി നിന്നു.

 

അപ്പോൾ പുതിയൊരാളുകൂടി ആ ബാർബർ ഷോപ്പിലേക്ക് കയറി വന്നു. നീല ഷർട്ടും കറുത്ത പാന്റ്സും ധരിച്ച അയാൾക്ക് ഒരു മുപ്പത്തിയഞ്ച് വയസ്സോള്ളം പ്രായം തോന്നിക്കും. വെളുത്ത സുന്ദരൻ. ഷർട്ടും പാന്റ്സും അലസമായാണ് ഇട്ടിരിക്കുന്നത്. അല്ലായിരുന്നെങ്കിൽ വല്ല ഉദ്യോഗസ്ഥനാണോ എന്നു തെറ്റിധരിച്ചു പോകും. കസ്റ്റ്മേഴ്സ് കൂടുന്നത് എൽദോയ്ക്ക് താത്പര്യമില്ലാത്ത കാര്യമാണ്.‍ മറ്റൊന്നും കൊണ്ടല്ല അപ്പോൾ സ്റ്റാഫ് വളരെ വേഗത്തിൽ മുടി വെട്ടും. അങ്ങനെ വെട്ടുമ്പോൾ എൽദോയ്ക്ക് ഒരു തൃപ്തിക്കുറവാണ്. എൽദോ ആ താൽപര്യക്കുറവോടെ കണ്ണാടിയിലൂടെ ആ മനുഷ്യനെ നോക്കി. അയാൾ വന്നപാടെ എൽദോയെ മുടി വെട്ടിയിരുന്ന സ്റ്റാഫിനോട് പറഞ്ഞു.

 

‘‘എനിച്ച് മുടി ബെട്ടണം’’ തുടർന്ന് അവിടെ കാലിയായിരിക്കുന്ന മുടിവെട്ടുമ്പോൾ ഇരിക്കുന്ന കസേര ചൂണ്ടികാണിച്ചുകൊണ്ട് ചോദിച്ചു.

 

‘‘ഇബടെ ഇരിച്ചട്ടെ’’

 

എൽദോയും സ്‌റ്റാഫും പിന്നെ മുടിവെട്ടാൻ വന്ന പയ്യനും അൽപം അതിശയത്തോടെ നോക്കി. ഉടനെ ആ ബാർബർ ഷോപ്പിന്റെ വാതിൽക്കൽ നിന്നും ഏകദേശം അറുപത് വയസ്സു വരുന്ന ചേച്ചി വിളിച്ചു പറഞ്ഞു.

 

‘‘മകനാണ്. മുടി വെട്ടിക്കാൻ കൊണ്ടുവന്നതാണ്. ഒന്നു വെട്ടികൊടുക്കോ?’’

 

‘‘രണ്ടുപേരുണ്ട്. അതുകഴിഞ്ഞ് വെട്ടാം’’ ആ സ്റ്റാഫ് മറുപടി നൽകി. അതു മതി എന്നർത്ഥത്തിൽ ആ സ്ത്രീയും തലയാട്ടി.

 

‘‘ ഈ രണ്ടു പേരുടെയും മുടി വെട്ടണം. ഇപ്പോ ഇവിടെ ഇരുന്നോ’’ എന്നു പറഞ്ഞു സ്റ്റാഫ് അയാൾക്ക് കസ്റ്റമേഴ്സ് കാത്തിരിക്കുന്ന കസേരകൾ കാണിച്ചുകൊടുത്തു. അയാൾ അനുസരണയോടെ കാത്തിരിക്കുന്ന ആ ചെറുപ്പക്കാരനരികിലുള്ള കസേരയിൽ ചെന്നിരുന്നു. ആണുങ്ങളുടെ മാത്രം മുടി വെട്ടുന്ന കടയായതിനാലാവാം അല്ലെങ്കിൽ മുടി വെട്ടാതെ വെറുതെ വരുന്ന ആളുകളുടെ എണ്ണം കൂടിയാൽ പുറമേ നിന്ന് നോക്കുന്നവർ കടനിറഞ്ഞുവെന്നു കരുതി കയറാതെപോകുമെന്ന് ചില ബാർബാർമാർ ചീത്ത പറയാറുള്ളതുകൊണ്ടാവാം പ്രായമായ അയാളുടെ അമ്മ അകത്തു കയറാതെ ബാർബർഷോപ്പിനു പുറത്ത് കാത്തുനിന്നു.

 

 

ആ ചെറുപ്പക്കാരൻ പയ്യൻ തന്റെ അരികിൽ വന്നിരിക്കുന്ന അയാളെ മൊത്തത്തിൽ ഒന്നു വീക്ഷിച്ചു. പിന്നെ വീണ്ടും തന്റെ മൊബൈലിലേക്ക് ശ്രദ്ധ തിരിച്ചു. അയാളാകട്ടെ കുറച്ചു നേരം മുടി വെട്ടുന്നത് നോക്കി പിന്നെ അടുത്തിരിന്നു മൊബൈൽ നോക്കുന്ന ചെറുപ്പക്കാരനെ നോക്കി. ചെറുപ്പക്കാരൻ ഒന്നുമറിയാത്ത പോലെ മൊബൈലിൽ നോക്കികൊണ്ടിരുന്നു. അപ്പോൾ അയാളും ആ മൊബൈലിലേക്ക് നോക്കി. 

 

 

ചെറുപ്പക്കാരനാകട്ടെ അയാൾ കാണാതിരിക്കണം എന്ന ഉദ്ദേശ്യത്തോടെ മൊബൈൽ പതിയെ അകറ്റി. അയാളാകട്ടെ ഏന്തിവലിച്ച് മൊബൈലിലേക്ക് എത്തിനോക്കികൊണ്ടിരുന്നു. ഇതെല്ലാം തനിക്ക് കുറുകെ വച്ചിരിക്കുന്ന ഗ്ലാസിലൂടെ കാണുന്നുണ്ടായിരുന്ന എൽദോയാകട്ടെ പതിയെ ചിരിച്ചു പോയി. എങ്കിലും അവന്റെ മനസ്സിൽ അയാളോട് സഹതാപം തോന്നി. തന്നെക്കാൾ പ്രായമുള്ള ചേട്ടൻ… ആരോഗ്യമുള്ളവനും കാണാൻ സുന്ദരനും… പക്ഷേ എന്തു കാര്യം…? ഒരു നാലു വയസ്സുകാരന്റെ മനസ്സ്. എന്തിനും ഏതിനും മറ്റൊരാളെ ആശ്രയിക്കണം. എന്നാലും ആ അമ്മയെ സമ്മതിക്കണം… ഈ പ്രായത്തിലും മകനെ മുടിവെട്ടിക്കാൻ വന്നിരിക്കുകയാണ്. 

 

 

ആശ്രയം വേണ്ടവരെ സ്വന്തക്കാരല്ലാതെ പിന്നെ ആര് സഹായിക്കാൻ. പെട്ടെന്ന് തന്നെ അവന്റെ ഉള്ളിൽ നേരിയ തോതിൽ കുറ്റബോധം തോന്നി. അപ്പാപ്പനെ കൊണ്ടുപോകാമായിരുന്നു. അവൻ വേഗം ചിന്തയിൽ നിന്നും ശ്രദ്ധ തിരിച്ചു. അങ്ങനെ ചിന്തിച്ചാൽ ശരിയാകില്ല. അവിടെ ചെന്നാൽ കേൾക്കേണ്ടി വരുന്ന ചോദ്യശരങ്ങൾ…  അവൻ സ്റ്റാഫ് വെട്ടികൊണ്ടിരിക്കുന്ന തന്റെ മുടിയിലേക്ക് ശ്രദ്ധിച്ചു. തന്റെ തലയ്ക്കരികിൽ നിന്നു മുടിവെട്ടുന്ന അയാൾക്ക് തന്റെ തലയിൽ നടക്കുന്ന ഈ ചിന്തകൾ കേൾക്കാൻ സാധിക്കുമോ… അയാൾ തന്നെ ശ്രദ്ധിക്കുന്നുണ്ടോയെന്നവൻ സസൂക്ഷമം ശ്രദ്ധിച്ചു. 

 

 

അയാളാകട്ടെ വേറേതോ ലോകത്തിൽ എന്ന മട്ടിൽ എന്തോക്കെയോ ചിന്തിച്ചു കൊണ്ടു വെട്ടികൊണ്ടി രിക്കുന്നു. സ്ഥിരം ജോലി ആയതിനാലാവാം, വേറെ ലോകത്താണെങ്കിലും ജോലി നടക്കുന്നുണ്ട്. പെട്ടെന്നാ ണ് അകത്തുനിന്നും ഒരു ശബ്ദം കേട്ടത്. തമിഴനും തമിഴത്തിയും അവരുടെ ജോലി ചെയ്യുന്നതാണ്. ആ ശബ്ദം കേട്ടതും മാനസികവളർച്ച വരാത്ത ആ വ്യക്തി ‘‘അയ്യോ’’ എന്നുച്ചത്തിൽ പറഞ്ഞു.

 

വീണ്ടും അകത്തു നിന്നും ശബ്ദം കേട്ടു.

 

‘‘അയ്യോ… എന്താ ശബ്ദം…? എന്താ ബറ്റിയെ…?’’

 

‘‘ഒന്നുല്യ… അകത്ത് പണി നടക്കുന്നതാ…’’ അരികിലിരിക്കുന്ന ആ ചെറുപ്പക്കാരൻ പയ്യൻ ആശ്വസിപ്പിച്ചു. 

‘‘ഞാൻ ബേടിച്ചുപോയി’’ അതിനു മറുപടിയെന്നവണ്ണം ആ ചെറുപ്പക്കാരൻ ഒന്നു ചിരിച്ചു. ആ ചിരിയിൽ സൗഹൃദത്തിന്റെയൊ സ്നേഹത്തിന്റെയോ അംശം തിരിച്ചറഞ്ഞതിനാലാവാം അയാൾ ചോദിച്ചു.

 

‘‘എത്രേലാ പഠിച്ചണേ…?’’

 

ആ ചോദ്യം മനസ്സിലാകാത്തവണ്ണം ആ ചെറുപ്പക്കാരൻ അയാളെ നോക്കി.

 

‘‘ഇന്നു സ്കൂളില്ലേ… സ്ക്കൂളിൽ പോയില്ല്യേ…?’’

 

ആ ചെറുപ്പക്കാരൻ പയ്യന് തന്നേക്കാൾ മൂത്ത അയാളോട് ഒരു കൊച്ചു കുട്ടിയോടെന്ന പോലെ വാത്സല്യം തോന്നി. എൽദോ ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ ചെറുപ്പക്കാരൻ തന്റെ മൊബൈൽ ഫോൺ സ്ക്രീൻ ഓഫ് ചെയ്ത് സംസാരിക്കാനെന്നവണ്ണം മറുപടി പറഞ്ഞു.

 

‘‘ഞാൻ പഠിക്കല്ല… ജോലിക്കു പോകാ’’

 

‘‘എബിടെ’’

 

‘‘പാലക്കാട് ’’

 

‘‘പാലക്കാടാണോ…? അബിടെ പോണ്ട്. അമ്മടെ കൂടെ ചേച്ചി..’’

 

ആ ചെറുപ്പക്കാരന് ഒന്നു മനസ്സിലായില്ല. എങ്കിലും മനസ്സിലായ മട്ടിൽ ഒന്നു മൂളി. എന്നിട്ടയാൾ ചോദിച്ചു, ‘‘എന്താ പേര്?’’

 

‘‘മനു… എം എ എൻ യു’’

 

‘‘ഞാൻ ജോൺ’’

 

‘‘ഇബടെ എന്തെ വന്നെ… മുടി ബെട്ടാനാണോ…?’’

 

ആ ചെറുപ്പക്കാരൻ അതേയെന്നർത്ഥത്തിൽ മൂളി.

 

‘‘എപ്പഴാ ….?’’

 

‘‘ഞാൻ മുടി വെട്ടുന്നതാണോ… ചേട്ടന്റെ കഴിഞ്ഞിട്ട്..’’

 

അപ്പോത്തന്നെ എൽദോയുടെ മുടി വെട്ടികൊണ്ടിരുന്ന ആ ബാർബർ ആ ചെറുപ്പക്കാരനെ നോക്കി. അയാൾ ഉറപ്പിക്കുന്ന മട്ടിൽ പറഞ്ഞു.

 

‘‘ഈ ചേട്ടന്റെ കഴിഞ്ഞിട്ട് എന്റെ വെട്ടിയാൽ മതി’’

 

 

ആ ചെറുപ്പക്കാരൻ പയ്യന്റെ ഈ മറുപടി എൽദോയിൽ പലവിധ ചിന്തകളും ഉയർത്തി. തന്നെക്കാൾ ചെറുപ്പമായ ആ പയ്യനേക്കാൾ സ്വാർത്ഥനാണോ താൻ? അതോ പ്രായം കൂടും തോറും കൂടുതൽ സ്വാർത്ഥനാകുന്നതാണോ? ബാർബർ ഷോപ്പിലേക്ക് വരുമ്പോൾ ഒരാളെങ്കിലും ഉണ്ടെങ്കിൽ ദേഷ്യംവരുന്നു. മുടി വെട്ടികൊണ്ടിരിക്കുകയാണെങ്കിൽപ്പോലും ആളുകൾ വരുമ്പോൾ മനസ്സ് അസ്വസ്ഥതപ്പെടുന്നു. എന്തിനധികം താൻ സഹായിക്കാൻ കടപ്പെട്ടവരെ പോലും താൻ അവഗണിക്കുന്നു. താൻ സ്വാർത്ഥനാകുന്നതാണോ അതോ തന്റെ ജീവതത്തിലെ പരാചയത്തിന്റെ പ്രതിഫലനമോ?

 

മുടിവെട്ട് കഴിഞ്ഞ് കസേരയിൽ നിന്നും എൽദോ എഴുന്നേറ്റപ്പോഴും അവന്റെയുള്ളിലെ ചിന്തകൾ കൂട്ടലും കിഴിക്കലും നടത്തികൊണ്ടിരുന്നു. താനൊരു സ്വാർഥനാണെന്ന് അംഗീകരിക്കാൻ അവന്റെ മനസ്സവനെ അനുവദിച്ചിച്ചില്ല, തന്റെ ഇപ്പോഴത്തെ അവസ്ഥ മാത്രമാണ് തന്റെ ചിന്തകൾക്ക് കാരണം. അവൻ തന്നെ ത്തന്നെ തൃപ്തിപ്പെടുത്തി. അപരിചിതർ പോലും മനുഷ്യരെ സഹായിക്കുന്നു. ഈ ചെറുപ്പക്കാരൻ പയ്യന്റെ കാത്തിരിപ്പ് പുറത്ത് മകനായി കാത്തു നില്ക്കുന്ന ആ അമ്മയ്ക്ക് വലിയ ആശ്വാസം തന്നെയായിരിക്കും. മനുഷ്യത്വം മരിച്ചിട്ടില്ല. മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തെ പുനരുദ്ധരിക്കാനാണോ ഈശ്വരൻ ബലഹീനരെ സൃഷ്ടിക്കുന്നത്?

 

ഇതേ സമയം ലോകത്തിന്റെ മറ്റൊരു കോണിൽ നിന്നുമുള്ള വാർത്ത ബാർബർ ഷോപ്പിലേ റേഡിയോയിൽ മുഴങ്ങി, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടരുന്ന ഭയാനക വൈറസ്സ് ലോകത്ത് പൊട്ടി പുറപ്പെട്ടിരിക്കുന്നു. ഈ വാർത്ത കേട്ട എൽദോ ചിന്തിച്ചു, മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക് വൈറസ്സ് മാത്രമാണോ പകരുന്നത്… തുടർന്ന് അവൻ ചെറുതായൊന്ന് മന്ദഹസിച്ചു.

 

എൽദോ ബൈക്കിനരികിൽ എത്തിയപ്പോൾ തന്റെ കൈയിലെ മൊബൈൽ എടുത്ത് വീട്ടിലേക്ക് വിളിച്ചു,

‘‘അപ്പാപ്പനോട് ഡ്രസ്സ് മാറി നിലക്കാൻ പറയ്. ഞാനിപ്പം വരും. വേഗം പോകാം എന്ന് പറയ്’’

 

English Summary : Manushathwam Story By Nidhin Davis 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com