ADVERTISEMENT

ജനലോരക്കാഴ്ചകൾ (കഥ)

കണ്ണാടിജനലിൽ മുട്ടുന്ന ശബ്‌ദം കേട്ടാണ് നോക്കിയത്. ഒരു ചെറുകിളി കണ്ണാടി ജനലിലെ മിറർ ഗ്ലാസിൽ കൊത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തം പ്രതിബിംബമാണെന്നറിയാതെ. എന്തോ നിഴലനക്കം കണ്ടായിരിക്കാം അവളും മിണ്ടാതെ പറന്ന് പോയി. ഈ ജനലിന് അപ്പുറവും ഇപ്പുറവുമാണ്  എന്റെ ജീവിതം വരച്ചു ചേർത്തിരിക്കുന്നത്. അകത്ത് നിന്ന് നോക്കിയാൽ പുറത്തെ നിറഞ്ഞാടുന്ന ജീവിതവും പുറത്തു നിന്നു നോക്കിയാൽ എനിക്ക് എന്നെയും കാണാം. 

 

 

അകമുറിയിൽ നിറഞ്ഞ, കനം വച്ച മൗനം നെഞ്ചിനുള്ളിൽ ഒരു തിങ്ങലായി മാറുമ്പോൾ ശ്വാസം കിട്ടാതെ പുറത്തേക്ക് ഓടും. വീടിന് മുമ്പിലെ വഴിയിൽ തുറന്ന് കിടന്ന മുക്കവല ഒരു നിമിഷം കൊണ്ട് അടഞ്ഞ് മുഖം തിരിച്ച് നിൽക്കും. അപ്പോൾ അകമുറിയിൽ മിണ്ടിക്കളിച്ച് നടക്കുന്ന ആദിശിശു പിന്നെയും വന്ന് വിളിക്കും. പരിഭവ - വാത്സല്യങ്ങളുടെ യമുനാ നദി നീന്തിക്കടന്ന്  വീണ്ടും കണ്ണാടി ജാലകപ്പടിയിൽ എത്തും. എത്രയെത്ര കാഴ്ചകൾ, ജീവന്റെ, ചലനത്തിന്റെ  അതിവേഗക്കാഴ്ചകൾ, സ്കൂൾ കുട്ടികൾ, റെയിൽവേസ്റ്റേഷൻ, അമ്പലം, പള്ളി. കാഴ്ചകളുടെ നിറച്ചാർത്തണിഞ്ഞ് നിൽക്കുന്ന ജാലകപ്പുറക്കാഴ്ചകൾ.

 

ഈ കണ്ണാടി ജനലിന് പുറകിൽ മറഞ്ഞു നിന്നാണ് ഞാൻ പതിവുകാരായ പിരിവുകാരിൽനിന്നും രക്ഷപ്പെടുന്നത്. വലിയ ബാഗും തൂക്കിവരുന്ന വിൽപനക്കാർ ആയ കുട്ടികളിൽ നിന്നു രക്ഷപ്പെടുന്നത്. അബദ്ധത്തിൽ വാതിൽ തുറന്നാൽ മിടുക്കരായ അവർ നാവേറു കൊണ്ടെന്നെ വീഴ്ത്താൻ നോക്കും. കാണുമ്പോഴേ ചോദിക്കും. ടീച്ചർ ആണല്ലേ. ആ നോട്ടം കണ്ടാലറിയാം. ഏത്  സ്കൂളിലാണ് ജോലി. പകുതി ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് ഏറ്റവും വിലകുറഞ്ഞത് എന്തെങ്കിലും എടുത്ത് കതകടയ്ക്കുമ്പോൾ അവരുടെ ആദ്യ ചോദ്യത്തിന്റെ കുളിര് മാറിയിട്ടുണ്ടാവില്ല. ടീച്ചറാണല്ലേ. എത്ര അടുക്കി ഒതുക്കിയാലും പൂരം കഴിഞ്ഞ പൂരപ്പറമ്പു പോലെ കിടക്കുന്ന അകമുറികളിലോരോന്നിലും നാറാണത്ത് ഭ്രാന്തൻ കളിച്ച് ഞാൻ  നടക്കും. എനിക്കറിയാം തലയിലോടുന്ന വേരുകളുടെ ആഴം കുറഞ്ഞെന്നും തളിർപ്പുകൾ കരിഞ്ഞെന്നും. ഒരു വലിയ മഞ്ഞുപാളിക്കകത്ത് തല വച്ചതു പോലെ. മരവിപ്പ്. ഭ്രാന്തിന്റെ. നേർത്ത മൂളൽ.                             

 

അങ്ങനെ ആണ് ചൊവ്വയുടെ ഭഗവതി ചുവപ്പ് പുതച്ച് അഴിഞ്ഞ മുടിക്കരുത്തിനെ കൈവള കൊണ്ട് കെട്ടി വിടർത്തിയിട്ട് അവൾ വന്നത്.ഒരു വിളിയുടെ പിന്നാമ്പുറത്തേക്ക് കണ്ണ് പായിക്കാനവൾക്കു പറ്റിയിരിക്കണം. നട്ടുച്ചപ്പുറമേറി പോവുമ്പോൾ വീടൊന്ന് മടിച്ചു, വിടാൻ. ഉച്ചയുടെ കഥക്കാമ്പും തലയിലേൽക്കുന്ന വെയിൽച്ചൂടും ഉള്ളിൽ മടി കൂട്ടി. എങ്കിലും പിണങ്ങിയ വീടിന്റെ മുഖം നോക്കാതെ മിണ്ടാതെ ഇറങ്ങി. ആദ്യമായി നടക്കാനിറങ്ങിയ പോലെ അവളുടെ കൈയ്യും പിടിച്ച്. 

 

 

തലക്കുള്ളിൽ മഞ്ഞുരുകാൻ തുടങ്ങിയോ. കാരണം ‘മരമായിരുന്നു ഞാൻ പണ്ടൊരു മഹാനദിക്കരയിൽ’ എന്ന് മനസ്സിൽ പാടിക്കൊണ്ടാണ് അകത്തേക്ക് കടന്നത്. ഔഷധോദ്യാനത്തിന് കൊച്ചു കാടിന്റെ പകിട്ട്.കടന്നതേ കണ്ടു, പച്ചപ്പിന്റെ തിക്കും തിരക്കും.മുന്തിരിച്ചുകപ്പണിഞ്ഞ ‘മുറികൂട്ടി’ സ്വീകരിക്കാൻ ഉണ്ടായിരുന്നു. നടവഴികളിലെല്ലാം കട്ട വിരിച്ചു വൃത്തിയാക്കി. ഒരു വഴി പല വഴികളിലായി പിരിഞ്ഞു പോവുന്ന കാഴ്ച.. കിളിക്കൂട്ടമൊന്നായി ചിറകടിക്കുന്നതിന്നൊച്ച. പിന്നെയും കടക്കുമ്പോൾ ഓരോ ഇലപ്പച്ചയ്ക്കുമൊപ്പം തൂക്കിയിട്ട പേരുകൾ. ചമ്പകം, പേര, മഹാഗണി, മഞ്ഞ മുള. കടന്ന് ചെന്നപ്പോഴാണ്  കണ്ടത് ചന്ദനം. 

 

 

ചന്ദനലതയിലധോമുഖശയനം ചെയ്യുന്ന മണിനാഗമെങ്ങാനും ഉണ്ടോ എന്ന്‌ നോക്കി. ഉണ്ടാവാം. പൊഴിയുന്ന കണ്ണീരു പോലെ ഇലകൾ നിറഞ്ഞ് തൂവി കിടക്കുന്നതിനിടയിൽ ഇഴയാനും ഒളിക്കാനും ഉള്ള ഇടങ്ങളുണ്ട്. ചന്ദന ഗന്ധമൊന്നും ഇലക്കില്ലായിരുന്നു. ഒടുവിൽ വിക്രമാദിത്യ വേഷം കെട്ടിയവൾക്ക് വേതാളത്തിനെ തോളിൽ ഏറ്റാനുളള സൗകര്യത്തിന് ഒരു പാറക്കെട്ടിൽ ഇരുന്നു.

 

ഓരോ മരക്കൂട്ടത്തിനിടയിലും മുള കൊണ്ടുള്ള പുരകൾ. അവസാനചിത്രമായ പാടം. ഒരു മണിക്കൂർ പോയതറിഞ്ഞില്ല. തലയുടെ കനം കുറഞ്ഞു. ഐസ് ഉരുകി മരവിപ്പ് മാറിയ പോലെ. ഇനി മിണ്ടാതെ മടങ്ങാം. അപ്പോഴാണ് തൊട്ടടുത്ത മരം കണ്ടത് 'കടമ്പ്'.. കൃഷ്ണ ഭക്ത കവയിത്രിയുടെ കവിതകളിലെ കേന്ദ്ര കഥാപാത്രമായ നീലക്കടമ്പ് മുകളിലേക്ക് ഓരോ കയ്യും ഉയർന്നി ചിത്രത്തിലെന്ന പോലെ നിൽക്കുന്നു. ഉറക്കെ ചൊല്ലി  ‘കാടാണ് കാട്ടിൽ കടമ്പിന്റെ കൊമ്പത്ത് കാൽ തൂക്കിയിട്ടിരിപ്പാണ് രാധ’. 

 

 

ഭ്രാന്ത് അറിയാവുന്നത് കൊണ്ട് ചെമ്പട്ട് പുതച്ചവൾ മിണ്ടാതിരുന്നു ചിരിച്ചു. നടവഴിയിൽ നിന്ന് നോക്കിയപ്പോൾ കണ്ടു കാട്ടിനകത്തൊരു കാവ്. മതി ഇനി അടുത്ത തവണ.എന്ന് മന്ത്രിച്ചു. ഒരു കാടാവാൻ കൊതിച്ചു പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഇരട്ടവാലൻ കിളി മാത്രം ചിലച്ചു കൊണ്ടെന്തോ പറഞ്ഞു. മടക്കയാത്ര കാറ്റിന്റെ പുറത്തേറി ആയിരുന്നു. വീട്ടിലേക്ക്  കയറിയപ്പോൾ പിണക്കം മാറി ചിരിച്ചു നിൽക്കുന്ന വീടിന്റെ മുഖമാണ് കണ്ടത്. ശരിയാണ്, ഓരോ വീടും ഓരോ മനുഷ്യൻ ആകുന്നു. ഓരോ മനുഷ്യരും ഓരോ വീടും.. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, മുറ്റത്തെ യാത്രച്ചെടിക്ക് മുള പൊട്ടിയിരിക്കുന്നു.

 

English Summary : Janalorakkazhchakal Story By Sheena Binoj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com