ADVERTISEMENT

മാതൃസ്പർശം (അനുഭവക്കുറിപ്പ്)

ഇരുപത് ദിവസം മാത്രം പ്രായമായ പിഞ്ചുമോൻ മുലപ്പാൽ കുടിക്കാൻ വിഷമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്പോളാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗരത്തിൽ,  രാജ്യത്തിലെ ഏറ്റവും സുസജ്ജമായ ആശുപ ത്രിയിൽ  എമർജൻസി വിഭാഗത്തിൽ ഞങ്ങൾ അവനെയും കൊണ്ട് ആ രാത്രി ചെന്നത്. 

 

നഴ്‌സിങ് വിഭാഗത്തിലെ പ്രാഥമിക പരിശോധനക്ക് ശേഷം ഡ്യൂട്ടി ഡോക്ടർ ബാസം ഞങ്ങളെ കണ്ടു.

 

‘‘വാട്സ് ഹാപ്പനിങ്?  യുവർ ബേബി ഈസ് സീരിയസ്‌ലി സിക്ക്. വി നീഡ് ടു അഡ്മിറ്റ് ഹിം ഹിയർ’’ (നിങ്ങളുടെ മകന്റെ രോഗാവസ്ഥ ഗുരുതരമാണ്. അവനെ ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടതുണ്ട്).

 

ഡോക്ടർ  പറഞ്ഞത് കേട്ട് ഞങ്ങൾ സ്തബ്ധരായിപ്പോയി.  പെട്ടെന്ന് തന്നെ കുഞ്ഞിനേയും കൊണ്ടുപോകാനുള്ള ചക്രങ്ങൾ ഘടിപ്പിച്ച കട്ടിലെത്തി. കുഞ്ഞിനെയും ഉമ്മയെയും രണ്ട് നഴ്സുമാർ ചേർന്നു ആശുപത്രിയുടെ അകത്തേക്ക് കൊണ്ടുപോയി.

 

 

കിട്ടിയ അവസരം ഞാനും വിനിയോഗിച്ചു. രാവിലെ മുതൽ എനിക്ക് പനിക്കോളും തൊണ്ടവേദനയുമുള്ള കാര്യം ഡോക്ടറോട് പറഞ്ഞു. എന്നെ കൂടി പരിശോധിപ്പിച്ചു, 

 

‘‘നിങ്ങൾക്ക് ചിക്കൻ പോക്സ് പിടിപെട്ടിരിക്കുന്നു.,  ഇനി രണ്ടാഴ്ചത്തേക്ക് ഇങ്ങോട്ട് പ്രവേശിക്കരുത്,  നിങ്ങളുടെ ഭാര്യയും കുഞ്ഞും ഇവിടെ സുരക്ഷിതരും ഏറ്റവും നല്ല ചികിത്സയും ഞങ്ങൾ നൽകുന്നതായിരിക്കും,  അതോർത്ത് നിങ്ങൾ വിഷമിക്കുകയേ വേണ്ട’’

 

ഇരട്ട സങ്കടത്തിലായ എനിക്ക് എത്രയും വേഗം അവിടം വിടുകയേ വഴിയുണ്ടായിരുന്നുള്ളൂ. തലയ്ക്കുള്ളി ലേക്ക് തീപ്പന്തം കയറ്റിയത് പോലെയുള്ള അവസ്ഥയിൽ ഉറങ്ങാൻ സാധിക്കാതെ മുറിയിൽ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോഴോ ഉറക്കം പിടിച്ചു. അർദ്ധരാത്രിയും പിന്നിട്ട നേരം,  തലച്ചോർ തിളച്ചു തലയോട്ടിയിൽ തട്ടിക്കൊണ്ടിരിക്കുന്നത് പോലെയുള്ള  അതിശക്തമായ ചൂട് അനുഭവപ്പെട്ടു എന്റെ ഉറക്കം പോയി.

 

 

തലയിലാകെ ചെറു പ്രകമ്പനങ്ങൾ.  തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയത് പോലെ എന്തോ തറച്ചു നിൽക്കു ന്നു.  തലയിൽ കൈകൊണ്ടൊന്ന് തടവി നോക്കിയപ്പോൾ, അവിടവിടെ കുരുക്കൾ തടയുന്നു. സൂചികുത്തു ന്നത് പോലെ വേദന അനുഭവപ്പെട്ട മുഖം തടവി നോക്കുമ്പോൾ മുഖക്കുരുവിന് സമാനമായ ചെറുകുരുക്ക ളിൽ വിരലുകൾ തലോടിയിറിങ്ങി. നെഞ്ചിലും പുറത്തും ശരീരത്തിൽ എല്ലായിടത്തും ദ്രാവകം നിറഞ്ഞ കുരുക്കൾ!

 

രാവിലെയെഴുന്നേറ്റ് ജഗ്ഗിൽ നിന്നും വെള്ളം കുടിക്കുമ്പോൾ  ആ പച്ച വെള്ളത്തിന് പോലും ഒരു രുചിയും അനുഭവപ്പെട്ടില്ല!.   പ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഉമ്മ എന്നെ കാണുന്നത്.   കണ്ടപാടേ സങ്കടം കടിച്ചമർത്തിയെങ്കിലും കണ്ണിൽ ജലം പടർന്നിരുന്നത് ഞാൻ ശ്രദ്ധിച്ചു. കുറച്ച് സമയത്തിന് ശേഷം പ്രാതലുമായി മുറിയിലേക്ക് വന്ന ഉമ്മയോട് ഞാൻ പറഞ്ഞു.

 

‘‘എനിക്ക് വിശപ്പില്ല ഉമ്മാ. പിന്നെ പച്ചവെള്ളത്തിന് പോലും ഒരു രുചിയും നാവിലില്ല, ഇപ്പോൾ ഇതൊന്നും വേണ്ട.  വിശക്കുമ്പോ ഞാൻ പറയാം’’

 

വിളമ്പിക്കൊണ്ടുവന്ന ഭക്ഷണം മുറിയിലെ മേശമേൽ വെച്ചു. കട്ടിലിൽ എന്റൊപ്പം വന്നിരുന്നു ഉമ്മ എന്റെ കണ്ണുകളിലേക്ക് നോക്കി. ഉമ്മയുടെ ചുണ്ടുകൾ  വിതുമ്പുണ്ടായിരുന്നു. ചുളിവുകൾ വീണു തുടങ്ങിയ വലതു കൈയിലെ വിരലുകൾ പെട്ടെന്ന് എന്റെ മുടിയിഴകൾക്കിടയിലൂടെ മെല്ലെ സഞ്ചരിച്ചു തുടങ്ങി. പൊങ്ങിവന്ന കുരുക്കളിൽ തലോടി, ശേഷം നെറ്റിയിലും മുഖത്തും തടവി. ഇരുകൈകളും കൊണ്ട് എന്റെ കീഴ്ത്താടിയിൽ പിടിച്ച് ഗദ്ഗദകണ്ഠയായി ഉമ്മ പറഞ്ഞു.

 

‘‘ ന്റെ മോനെ ഇങ്ങനെ കണ്ടിട്ട് സഹിക്കണില്ല. ഓടിച്ചാടി നടന്ന നീ ഇവിടെ ഇങ്ങനെ. പിറന്നപാടെന്ന പോലെ നിന്റെ മോനും.  പെറ്റിട്ട് സ്വൈര്യമായി എണീച്ചു നടക്കുന്നതിന് മുൻപേ അവളും അവിടെ ആശുപത്രിയിൽ. അവൾക്കൊരു സഹായത്തിന് നിക്കണ്ടോനാ നീ. ഞാനവിടെ പോയി നിക്കാന്ന് വെച്ചാ, ഇവിടെ നിന്നേം ബാപ്പാനേം ആരാ നോക്ക്വ ?’’

 

ഉമ്മയുടെ സങ്കടത്തോടെയുള്ള സ്നേഹപ്രകടനം എന്റെയും ഉള്ളിൽ വല്ലാത്ത നീറ്റൽ വരുത്തിയിരുന്നു.   എന്തൊക്കെയോ പറയാൻ ഞാൻ വാ തുറന്നെങ്കിലും ഒന്നും പുറത്തു വന്നില്ല, മുതിർന്നപ്പോൾ എന്നും വീണ്ടും കൊതിച്ചു തുടങ്ങിയ ആ മടിയിലേക്ക് എന്റെ തല ചായ്ച്ചു കൊണ്ട് ഞാൻ പറഞ്ഞു..

 

‘‘ഉമ്മാ, ചിക്കൻപോക്സ് അത്ര അപകടമുള്ള രോഗമൊന്നുമല്ലല്ലോ. സാധാരണയായി അതിന്റെ ദിവസങ്ങൾ പൂർത്തിയാകുമ്പോ അതങ്ങ് മാറിക്കൊള്ളും. ഇങ്ങോട്ട് കയറിവന്നു. എന്നെ പരിചരിക്കുന്ന ഉമ്മയുടെ അവസ്ഥ ആലോചിച്ചാണ് എനിക്കിപ്പോൾ സങ്കടം. ആശുപത്രിയിലെ കാര്യങ്ങൾ അവിടെ അവർ തന്നെ വേണ്ടപോലെ ശ്രദ്ധിച്ചോളും ഉമ്മാ, അതിൽ ബേജാറാകണ്ട’’

 

‘‘വയസ്സായ എനിക്കിനി എന്ത് നോക്കാനാ മോനേ. ഞങ്ങക്കൊക്കെ ഇത് മുൻപേ വന്നതാ. ഇനി വീണ്ടും പിടിപെടില്ല. ങ്ഹാ വന്നാ തന്നെ സാരൂല. നിന്റേത് വേഗം മാറിക്കിട്ടിയാ മതി’’

 

ഒരാഴ്ച കഴിഞ്ഞപ്പോൾ, ആശുപത്രിയിലുള്ള അവൾക്കും കുഞ്ഞിനും ചിക്കൻ പോക്സ് പിടിപെട്ടതായി അവൾ പറഞ്ഞു.   ന്യൂമോണിയ ഒരു വിധം സുഖപ്പെട്ടു വന്നപ്പോളായിരുന്നു കുഞ്ഞിനും അത് പിടിപെട്ടത്.  ഇളം മേനിയിൽ മേലാസകലം ചുവന്ന ചെറുകുരുക്കൾ പൊന്തിയത് ടെലഫോണിലൂടെ അവൾ വിവരിച്ചു.  

 

പിന്നെയും ഒരാഴ്ച്ച കൂടി കഴിഞ്ഞപ്പോൾ, എന്റെ ശരീരത്തിലെ കുരുക്കളെല്ലാം അമർന്നു, പകരം കറുത്ത പൊറ്റകൾ അടർന്നുവീണ അടയാളങ്ങൾ  സ്ഥലം പിടിച്ചിരിക്കുന്നു! ഇക്കാക്കയോട്  ടെലഫോണിൽ സംസാരിക്കുമ്പോൾ ഉമ്മ പറയുന്നത് കേട്ടു..

 

‘‘എന്റെ തലയിലും മൂന്നാലെണ്ണമുണ്ടായിരുന്നു, ഞാനതൊന്നും കാര്യാക്കീല, എന്റെ ബേജാറ് ഓന്റെ കാര്യത്തിലായിരുന്നു!’’ തനിക്ക് ചിക്കൻ പോക്സ് പിടിപെട്ട കാര്യം മറച്ചുവെക്കുകയും അത് വകവെക്കാതെ ഉമ്മ എന്നെ പരിചരിക്കാൻ നിന്നു!

 

തികട്ടിവന്ന സങ്കടം, ഒരു പൊട്ടിക്കരച്ചിലായി പെയ്യുന്നത് അടക്കി നിർത്തി ഞാൻ മുറിയിൽ കയറി കതകടച്ചു. കട്ടിലിൽ വെറുതെ കിടന്നപ്പോൾ, പിഞ്ചുകുഞ്ഞിന്റെ കൈപ്പടങ്ങളുടെ മാർദ്ദവമുള്ള, പ്രായത്തിന്റെ അടയാളങ്ങൾ വീണുതുടങ്ങിയ പത്ത് കൈവിരലുകൾ എന്റെ തലയിലും മുഖത്തും തലോടുന്നത് ഞാൻ അനുഭവിക്കുകയായിരുന്നു!

 

ആ സമയം അവളിലെ ഉമ്മ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് തന്റെ കൈവിരലുകൾ തൂവൽപോലെ മാർദ്ദവമുള്ള മുടിയിഴകളിൽ തലോടുന്നുണ്ടാവുമെന്ന് ഞാനോർത്തു. അതൊരു സുഖമുള്ള ഭാവനയായിരുന്നു!.

 

English Summary : Mathrusparsham Experience By Mohammed Ali Mankadavu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com