ADVERTISEMENT

വ്യവഹാരം (കഥ)

കോടതിമുറിയിൽ പേര് വിളിച്ച ഉടനെ ഭയാശങ്കകളില്ലാതെ സാഹിത്യകാരനും സ്വയം നിരൂപകനുമായ ഡി.കെ എന്നറിയപ്പെട്ടിരുന്ന ദിവാകര കുറുപ്പ് പ്രതിക്കൂട്ടിൽ കയറി നിന്നു.  സത്യം മാത്രമേ പറയു എന്ന് പ്രതിജ്ഞ ചെയ്തു.  സ്വയം നിരൂപകനെന്ന പോലെ സ്വയം വാദിക്കുകയാണെന്നും വിനയത്തോടെ കോടതിയോട് പറഞ്ഞു.

 

 

‘എന്തുകൊണ്ടാണ് ഒരു  വക്കീലിന്റെ സഹായം തേടാത്തത്?’  ജഡ്‌ജി  ചോദിച്ചു.

അഹങ്കാരം കൊണ്ടാണെന്ന് വാദിഭാഗം വക്കീൽ ചാടിയെഴുന്നേറ്റു പറഞ്ഞു. ജഡ്‌ജി ചുറ്റിക കൈയിൽ എടുത്ത് തുടങ്ങും മുമ്പേ വക്കീൽ ഇരുന്നു. അപ്പോൾ ഡി.കെ പറഞ്ഞു.  ‘കാശില്ലാത്തതു കൊണ്ടാണ്. മറിച്ചൊന്നും വിചാരിക്കരുത്.’ 

 

 

എന്നാൽ വിസ്തരിച്ചോളൂ എന്ന് ജഡ്‌ജി പറഞ്ഞു തീരും മുമ്പേ വക്കീൽ ചാടി എഴുന്നേറ്റു.  ആക്രമണം തുടങ്ങി.: ‘‘ഈ അടുത്തല്ലേ താങ്കൾക്ക് അക്കാദമി അവാർഡ് കിട്ടിയത്.അവാർഡ് തുക കിട്ടിയിട്ടും പൈസ ഇല്ല എന്ന് പറയുന്നത് കള്ളമല്ലേ’’

 

‘‘അല്ല.തുക കാശായിട്ടല്ല, ചെക്ക് ആയാണ് കിട്ടിയത്. അത് ഇനിയും കാശാക്കിയിട്ടില്ല’’

 

‘‘തുക കുറഞ്ഞു പോയി എന്ന തോന്നലാണോ?’’

 

‘‘ബാങ്കിൽ പോകാനുള്ള സമയം കിട്ടിയില്ല’’

 

‘‘അത്രയ്ക്ക് തിരക്കാണോ’’

 

‘‘തിരക്കല്ല.  ഇങ്ങനെ കേസും മറ്റുമാകുമ്പോൾ.....ഒന്നിനും തോന്നിയില്ല’’

 

‘‘എല്ലാം വരുത്തി വെച്ചതല്ലേ. ’’

 

‘‘അറിഞ്ഞു കൊണ്ട് ഒന്നും ചെയ്‌തില്ല.’’

 

താങ്കളുമായി അഭിമുഖത്തിന് വന്ന എന്റെ കക്ഷിയായ ശ്രീമതി പല്ലവി വർമയോട് നിങ്ങൾ  ദ്വയാർഥപ്രയോഗം നടത്തുകയും അതുവഴി അവരെയും എല്ലാ സ്ത്രീജനങ്ങളെയും അധിക്ഷേപിക്കുകയുമല്ലേ ചെയ്തത്.  തുടർന്നുണ്ടായ ചാനൽ ചർച്ചയിൽ പരസ്യമായി മാപ്പു പറയാൻ  മാധ്യമ പ്രവർത്തക നേതാവ് താങ്കളോട് ആവശ്യപ്പെട്ടപ്പോൾ, ഒരു പുതിൻഹാരയുടെ കുപ്പിയും കുറച്ചു പുല്ലും ഉയർത്തി കാണിച്ചില്ലേ.

(വിഡിയോ കോടതിയുടെ മേശപ്പുറത്തു വച്ചു)

 

 

ജഡ്‌ജി ചോദിച്ചു. ‘‘കവി നേതാവിനോട് എന്താണ് പറയാൻ ഉദ്ദേശിച്ചത്.’’

 

ഡി.കെ: ‘അതൊരു സു(കു)പ്രസിദ്ധ സിനിമാ ഡയലോഗാണ്.’’

 

‘‘നമുക്ക് കേൾക്കാൻ താത്പര്യമുണ്ട്.’’  ജഡ്‌ജി പ്രോൽസാഹിപ്പിച്ചു. 

 

‘‘കോടതി അലക്ഷ്യമാവില്ലാ  എന്നുണ്ടെങ്കിൽ പറയാം.’’ 

 

‘‘പറഞ്ഞോളൂ...’’

 

‘‘ഫ...പുല്ലേ....’’ ഡി.കെ  ഉറക്കെ പറഞ്ഞു.  കോടതി ഞെട്ടി.  ജഡ്‌ജിക്കു വേണ്ടിയിരുന്നില്ലെന്നായി. അത് മുതലെടുത്ത് വക്കിൽ ഉഷാറായി. ‘‘ഇദ്ദേഹത്തിന്റെ അവഹേളനം ഇപ്പോൾ ബോധ്യപ്പെട്ടില്ലേ.’’ 

 

ഡി.കെ ജഡ്‌ജിയെ നോക്കി പറഞ്ഞു. ‘‘എനിക്ക് പറയാനുള്ളത് കേൾക്കാൻ കനിവുണ്ടാകണം.’’

 

ജഡ്‌ജി കനിഞ്ഞു. ഡി.കെ പറഞ്ഞു തുടങ്ങി. ‘‘അവാർഡ് കിട്ടിയ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് പല വിളികൾക്കിടയിൽ ശ്രീമതി പല്ലവിയും വിളിച്ചത്. അടുത്ത വീട്ടിലെ ശ്രീമതി ചേച്ചിയാണെന്നു കരുതി ഫോൺ ഭാര്യക്ക്‌ കൊടുത്തു. ഭാര്യയെ സോപ്പിട്ട് അടുത്ത ദിവസം തന്നെ വീട്ടിലെത്തി.’’

 

‘‘അപ്പോൾ വളഞ്ഞ വഴിയാണ് അവർ വീട്ടിൽ വന്നത് അല്ലേ?...’’ ജഡ്‌ജി ചോദിച്ചു.

 

‘‘അതെ.  എന്റെ വീടും ഒരു വളവു തിരിഞ്ഞാണ്. കറങ്ങിത്തിരിഞ്ഞു വന്നതല്ലേ. പേരുകേട്ട പത്രപ്രവർത്തക യല്ലേ.  അയ്യോ പാവം തോന്നി ഭാര്യ ആദ്യമേ പുട്ടും കടലയും കൊടുത്തു.  അതിറങ്ങാനായി ഒന്നര ഗ്ലാസ് ബ്രൂ കോഫിയും.’’ 

 

‘‘പുട്ടും കടലയും എന്ന് ഉറപ്പിച്ചു പറയാൻ?’’ ജഡ്‌ജി സംശയം പ്രകടിപ്പിച്ചു. 

 

‘‘എന്നും അതുതന്നെയാണ്.  കഴിഞ്ഞ മുപ്പതു വർഷങ്ങളായി ഞാൻ സഹിക്കുകയാണ്.’’

 

‘‘ഭാര്യ എവിടുത്തുകാരിയാ? വാസ്കോഡി ഗാമയുടെ കുടുംബമാണോ?’’

 

‘‘പഴയ മദ്രാസ് പ്രവിശ്യയായ ചിറ്റൂർ തെക്കേ ഗ്രാമമാണ് രാജ്യം.  പോർച്ചുഗീസ്സുകാർ അവിടെ പോയതായി ചരിത്രം പറയുന്നില്ല. സത്യം...ചിറ്റുരമ്മയാണ് സത്യം.’’

 

‘‘എന്ത് കൊണ്ടാണ് ഭാര്യ പുട്ടിന് അടിമപ്പെട്ടത്.’’

 

‘‘ഭാര്യാപിതാവ് രാജപ്പൻ സാറിന്റെ ആരാധകനായിരുന്നു.  പാരഡി എപ്പോഴും പാടി നടക്കുമായിരുന്നു.’’

‘‘പാരഡിയും പുട്ടും തമ്മിൽ എന്ത് ബന്ധം.?’’

 

കെ.ഡി പാടി....

 

‘‘ആവിയിൽ വെന്തവനെ പുട്ടെ പുട്ടെ

രാവിലെ നീ ശരണം, രാവിലെ നീ ശരണം ...’‌’

 

കെ.ഡി പാടി നിർത്തി ജഡ്ജിയെ നോക്കി.  ജഡ്‌ജി പറഞ്ഞു: ‘‘മനസ്സിലായി. ഒരു ആകാംക്ഷ കൊണ്ട് ചോദിക്കുകയാണ്....മുഷിയില്ലേ.’’

 

‘‘മുഷിയും...അപ്പോൾ ഒന്ന് തിരിച്ചു പറയും.....കടലയും പുട്ടുമെന്ന്.’’

 

‘‘പുട്ടല്ലാതെ മറ്റെന്താണ് പ്രഭാത ഭക്ഷണമായി  ഈ അടുത്ത കാലത്തു ഭോജിച്ചിട്ടുള്ളത്?’’

 

‘‘ഈയിടെ തലസ്ഥാന നഗരിയിൽ പോയപ്പോൾ ‘പഴങ്കഞ്ഞി’ കഴിച്ചു.  രാവിലെ പതിനൊന്ന് മണിക്കു ശേഷമേ വിളമ്പുകയുള്ളു എന്ന് ഹോട്ടലുകാരൻ ശഠിച്ചതുകൊണ്ട് മൂന്ന് മണിക്കൂർ നിരാഹാരമിരുന്നു. ക്ഷീണം  തോന്നിയപ്പോൾ കിള്ളിപ്പാലത്തിന്റെ കൈവരിയിൽ ചാരി നിന്നു. അതുകൊണ്ട് വേണ്ടുവോളം പഴങ്കഞ്ഞി കുടിക്കനായി. തൊട്ടുനക്കാൻ വേണ്ടത്ര ഉണ്ടെനും. ഓർത്താൽ ഇപ്പോഴും കൊതി വരുന്നു.’’

 

‘‘അനുഭവങ്ങൾ വേണ്ടത് പോലുണ്ട്. ല്ലേ. നാം വിഷയത്തിൽനിന്നു വ്യതിചലിക്കുന്നു. ഇനി കാര്യത്തിലേക്കു കടക്കൂ’’. ‌

 

‘‘പുട്ടും കടലയ്ക്കും കാപ്പിക്കും ശേഷം ഭാര്യയെ ഒഴിവാക്കി ശ്രീമതി എന്റെ മുന്നിൽ വന്നിരുന്നു.  കൃതി വായിച്ചിട്ടില്ലെന്ന ക്ഷമാപണത്തോടെയാണ് തുടങ്ങിയത്.  ഒരു എഴുത്തുകാരനെ അപമാനിക്കുന്നതിന് ഇതിൽ പരം മറ്റൊന്നില്ല. എന്നിട്ടും  ഞാൻ  ഒന്നും പറഞ്ഞില്ല. അവർ പതിവ് ചോദ്യങ്ങൾ ചോദിച്ചു, എന്റെ ശീലങ്ങൾ, ഭക്ഷണം, വായന ....’’

 

‘‘ഏതു ചോദ്യത്തിനാണ് താങ്കൾ മോശമായി ഉത്തരം പറഞ്ഞത്.’’

 

‘‘കളികളിൽ ഏതിനോടാണ് താത്പര്യം എന്ന് ചോദിക്കുകയുണ്ടായി. മലയാള ഭാഷയെ സ്നേഹിക്കുന്നത് കൊണ്ടും ഭരണഭാഷ മലയാളമായതുകൊണ്ടും ഞാൻ അകം കേളികൾ എന്ന് പറഞ്ഞു. ഭവതി തെറ്റിദ്ധരിച്ചിരിക്കണം. അവർ മുഖം ചുളിച്ചിറങ്ങി പോയി.’’

 

‘‘എന്താണ് ഉദ്ദേശിച്ചത് ?’’

 

‘‘ഇൻഡോർ ഗെയിംസ് എന്നാണ്.’’

 

‘‘അപ്പോൾ മുഖത്ത് ശൃംഗാര ഭാവം വല്ലതും ?’’

 

‘‘കലാമണ്ഡലത്തിന്റെ മുന്നിലൂടെ പലതവണ പോയിട്ടുണ്ടെങ്കിലും നവരസങ്ങൾ സ്വായത്തമാക്കിയിട്ടില്ല.’’

 

‘‘ഈ വിധം പറഞ്ഞത് കൊണ്ട് കോടതിക്ക് ഒരു അന്തിമ വിധി പറയാൻ കഴിയില്ല.’’

 

‘‘അഭിമുഖം അവർ ശബ്‌ദരേഖ ആക്കിയിട്ടുണ്ട്.  അത് പരിശോധിക്കാം. ഒരു കാര്യം കൂടി ബോധിപ്പിച്ചോട്ടെ, സർ. എന്റെ ഒരു ഗുരുനാഥൻ പാലക്കാട് ജില്ലയിലെ വേങ്ങോടി എന്ന സ്ഥലത്തുണ്ട്.  അദ്ദേഹത്തെ ഒന്ന് കാണണം, സ്ഥലത്തുണ്ടാകുമോ എന്നറിയാനായി ഒരു കത്തെഴുതി. പിൻകോഡ് സ്ഥിരീകരിക്കാൻ ഗൂഗിളിൽ വേങ്ങോടി എന്ന് അടിച്ച് ഒന്ന് തിരഞ്ഞു.  അവിടെ ഒരു സ്ഥലപേര് അസഭ്യമായി പറഞ്ഞിരിക്കുന്നു. അത്രത്തോളമെന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ.  താങ്കൾക്ക് താങ്കളുടെ ഫോണിൽ തന്നെ പരിശോധിക്കാം.’’

 

ജഡ്‌ജി സ്ഥലപ്പേര് ചോദിച്ചു.  ഡി .കെ കുന്നാച്ചി എന്ന് മറുപടി നൽകി.  എന്നിട്ട് ഒരു മറു ചോദ്യം എറിഞ്ഞു. ‘‘ആദ്യമായി ഒരാൾ അവിടേക്ക് പോവുകയാണെന് കരുതുക.  ഇപ്പോൾ വനിത കണ്ടക്ടർമാർ  ധാരാളമുണ്ട്.  അവരിൽ ഒരാളിനോട് ഗൂഗിളിനെ വിശ്വസിച്ചു  സ്ഥലപ്പേര് പറഞ്ഞാൽ...’’

 

 

തെളിവ് പരിശോധിച്ചു ബോധ്യപെട്ട ജഡ്‌ജി കുലുങ്ങി ചിരിച്ചു.  കോടതിക്കകത്തും ചിരിയായി. ഡി .കെ യെ വെറുതെ വിട്ടു.  മാധ്യമപ്രവർത്തകർ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തണമെന്നും ശ്രീമതി പല്ലവി വർമ അവാർഡിനർഹമായ പുസ്തകം നൂറ്റിഒന്നാവർത്തി വായിക്കണമെന്നും കോടതി വിധി ന്യായത്തിനാമുഖമായി പറഞ്ഞു.

 

 

കോടതിയിൽ നിന്നു വെളിയിലേക്ക് വരുമ്പോൾ പിറകിൽ നിന്നും ഒരു വിളി.  ജഡ്ജിയാണ്‌. ‘‘താങ്കൾ എപ്പോഴാണ് വേങ്ങോടിക്ക് പോകുന്നത്.  ഒഴിവുദിവസ്സമാണെങ്കിൽ ഞാനും വരാം.’’ ഡി .കെ ആകംക്ഷയോടെ ജഡ്‌ജിയെ നോക്കി. ‘‘അവിടേ അടുത്തല്ലേ രാമശ്ശേരി.  രാവിലെ നേരത്തെ എത്തിയാൽ രാമശ്ശേരി ഇഡ്ഢലി കഴിക്കാം.  താങ്കൾക്കും  വേണ്ടേ  ......ഒരു ചേഞ്ച്.’’

 

 

വാൽക്കഷ്ണം : തെളിവാണ് പ്രധാനം.  ആവശ്യമെങ്കിൽ മാത്രം വായനക്കാർ ഗൂഗിൾ തിരയുക.

 

English Summary : Vyavaharam Short Story By V.K Ashokan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com