sections
MORE

ന്റീശ്വരാ...ഇവൻ നാണം കെട്ത്തീട്ടേ അടങ്ങൂ, കണ്ട ചൊറിക്കുട്ട്യാൾടെ കൂടെ; ഡെറ്റോളഴിച്ചിട്ട് അകത്തു കേറ്റിയാൽ മതി എല്ലാത്തിനേം...

ഉണക്കമരങ്ങൾ ( കഥ)
SHARE

ഉണക്കമരങ്ങൾ ( കഥ)

‘‘ ന്റെ പൂർണ്ണത്രയീശാ... ഇവന്റെ ചെവി ഇനീം കാണിക്കേണ്ടി വര്വോ ശിവരാമൻ ഡാക്ടറെ... ശങ്കരാ...’’

അച്ഛൻതിരുമേനിയുടെവിളി ഒന്നു കൂടെ ഉച്ചത്തിലായപ്പോൾ വെയിലിന്റെ നാർപ്പിലൂടെ കാര്യസ്ഥൻ ശങ്കരൻ കക്ഷത്തെ വിയർപ്പ് തുടച്ചു  പ്രാഞ്ചിക്കൊണ്ട്  വന്ന് പൂമുഖത്തേക്ക് കയറി.

‘‘നെണക്കിതെത്ര വയ്സ്സായീന്നാ നിന്റെ വിചാരം...? ഇനി വീണാ വീണേടത്ത് കെടന്നോണ്ടു..’’

ശങ്കരന്റെ മുഖഭാവം കണ്ട് .

‘‘ങും... ന്താടോ ഒര് കള്ളച്ചിരി...?’’

കിതപ്പാറ്റിക്കൊണ്ട് ശങ്കരൻ :

‘‘ അല്ലാ... മനു അമേരിക്കേന്ന് വരണൂന്ന് കേട്ടപ്പം തൊട്ട് കുഞ്ഞൂട്ടനും ജാനകിയമ്മേം ശാന്തേം ഒക്കെ വല്യ സന്തോഷത്തിലാ...ദേവൻകുട്ട്യല്ല മനുവാണ് വരണത് വേറെ തൊഴില് കണ്ടെത്തിക്കോണ്ടൂ ന്ന് പറഞ്ഞിട്ട്ണ്ട് ഞാൻ ... ’’

‘‘ഏയ് അങ്ങന്യൊന്നും ണ്ടാവില്യാ... ഒന്നൂല്ലേലും ന്റെ ദേവന്റെ മോനല്ലേടാ അവൻ’’

‘‘അല്ലാ.. ദേവൻകുട്ട്യായ്ട്ട് എന്നും അഭിപ്രായ വ്യത്യാസംണ്ടാര്ന്നൂന്നല്ലേ കേട്ടിരിക്കണത്’’

ഒരു നിമിഷം ചിന്താമഗ്നനായി തിരുമേനി:

‘‘ ഉം...അച്ഛൻ തൊടങ്ങി വച്ച പലതും പൂർത്ത്യാക്കാന്ണ്ട്ന്ന് കഴിഞ്ഞാഴ്ച്ച വിളിച്ചപ്പഴും പറയണ്ടായി... ദേവൻ പാടം നെകത്തിയ കേസ് തന്നെ തീർന്ന്ട്ടില്യാ... ങാ..വരണത് വരട്ടെ’’.

ശങ്കരൻ: ‘‘ദാ.. വന്നൂലോ’’

ആകാംക്ഷയോടെ മുറ്റത്തേക്കു നോക്കുമ്പോൾ കാണുന്നത് മരം വെട്ടുകാരെ . 

ശങ്കരൻ അവർക്കടുത്തേക്ക്.

‘‘ശങ്കരാ’’

ഉള്ളു തകർന്ന ആ വിളിക്ക് ഒരുപാടർത്ഥങ്ങളുണ്ടെന്നറിയാവുന്ന ശങ്കരൻ നിന്നു.

‘‘വേറെന്താ ചെയ്യ്യാ ...? ഇന്നലെ കുട്ട്യോള് കളിക്കണേന്റെ അട്ത്തല്ലേ കൊമ്പൊടിഞ്ഞ് വീണേ... ഹരിക്കുഞ്ഞിന്റെ വായീന്ന് ഞാനാ കേട്ടെ ... മനു വര്ണേന്റെ മുന്നെ വെട്ടിത്തീർന്നില്യാച്ചാ  അതും കൂടെ ശങ്കരൻ വരവ് വെക്കേണ്ടി വരും’’

‘‘ങാ...സാരംല്യ... നടക്കട്ടെ’’

‘‘സാവിത്രി ഭാഗ്യവതിയാടോ...അവൾക്കിതൊന്നും കാണേണ്ടി വന്നില്യല്ലോ ... ഒന്നും കാണാൻ നിക്കാണ്ടെ അങ്ങ് പോയാ മത്യാര്ന്നു’’

‘‘ആണോ...?  പോണേന്റെ മുന്നെ വെറക് പൊരേൻറെ മുറിച്ചൊമരിമ്മ്‌ല് കുപ്പീല്ള്ള പരാമറ്ല് ബാക്കിയിള്ളത് കലക്കി ശങ്കരന് തന്നിട്ട് പോവാൻ മറക്കണ്ട... ’’

 ശങ്കരൻ പോകുമ്പോൾ പിറുപിറുത്തു. 

ഇപ്രാവശ്യത്തെ ഓണം തറവാട്ടിൽ വച്ചാവട്ടെയെന്ന തിരുമേനിയുടെ ആഗ്രഹപ്രകാരമായിരുന്നു. ബാംഗ്ലൂരിൽ നിന്ന്  മകനും ജലന്ധറിൽ നിന്ന് മകളും കുടുംബസമേതം രണ്ട് ദിവസം മുമ്പ് തന്നെ വന്നത്. 

പക്ഷേ അദ്ദേഹത്തിന്റെ ആധി അതല്ല. 

മനു വരികയാണ്.

അമേരിക്കക്കാരിയെ കെട്ടി അവിടെ സ്ഥിരതാമസമാക്കിയ മൂത്ത മകൻ ദേവന്റെ മോൻ. ഈ ഇരുപത്തിമൂന്നു വയസ്സിനിടയ്ക്ക് ഒരിക്കലേ അവനിവിടെ വന്നിട്ടുള്ളൂ. കുട്ടിയായിരിക്കുമ്പോൾ .ദൂരെ നിന്നും കാറിന്റെ ഹോൺകേട്ടതും കുട്ടികൾ ആർപ്പുവിളിയോടെ മുറ്റത്തെക്കോടി. 

‘‘ങാ  വന്നൂലോ... മാലതീ ... ഊർമ്മിളേ.. ഒന്നിങ്ങ്ട് വര്വാ... മനു എത്തീർക്കണൂ’’

തിരുമേനിയും ശങ്കരനും ആകാംക്ഷയോടെ മുറ്റത്തേക്കിറങ്ങി. 

വന്നു നിന്ന കാറിൽ നിന്നും ഹരിക്കൊപ്പം ഇറങ്ങിയ ഉണ്ണി നീണ്ട തലമുടി  പിന്നിലേക്കു കോതി ചൂടു സഹിക്കാനാവാതെ കോട്ടൂരി കാറിലേക്കെറിഞ്ഞ ശേഷം ടീ ഷർട്ടിനുള്ളിലേക്ക് ഊതിക്കൊണ്ട് മുത്തച്ഛനടുത്തേക്ക്.

‘‘മുത്തച്ഛാ’’

ഗാഢമായൊന്ന് ആശ്ലേഷിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞിരുന്നു. ആ മുഖത്തേക്ക് ഒന്നു നോക്കിയ ശേഷം വീണ്ടും ആഞ്ഞു പുണർന്നു കൊണ്ട്:

‘‘ഹാവൂ... അച്ഛൻ പറഞ്ഞ അതേ മണം’’

കുട്ടികൾ ചുറ്റും കൂടി .

‘‘ഹായ് ബിഗ് ബ്രോ’’

കൗതുകത്തോടെ അവരെ നോക്കി എന്തോ പറയാനൊരുങ്ങവേ മരത്തിൽ മഴു വീഴുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അവർ വെട്ടു തുടങ്ങിയിരുന്നു.അവൻ അങ്ങോട്ട്: 

‘‘എന്താദ് ?  നിർത്താ’’

 അടുത്ത് ചെന്ന് തെല്ലു പരിഹാസത്തോടെ:

‘‘ ഈയൊര് പഴയ മഴുവും വെച്ചോണ്ടാണോ ഇത്രേം വല്യ മരം മുറിക്കണേ...?  കട്ടറൊന്നും ല്യേ...?’’

വെട്ടുകാർ തല ചൊറിഞ്ഞു.

‘‘എത്രയാ നിങ്ങടെ കൂലി..?’’ അവർ മിഴിച്ചു നോക്കുന്നു .

‘‘കേട്ടില്യാന്ന് ണ്ടോ...കൂലിയേയ്’’

‘‘ആള്മ്മേല് എണ്ണൂറ്’’

‘‘ചെറിയച്ഛാ... ഒര് രണ്ടായിരം എട്ക്കാ’’

‘‘എന്തേ...?’’

‘‘ഹേയ്... അവര് ശര്യാവില്യാ’’

സംശയിച്ചു നിന്ന ഹരിയുടെ കീശയിൽ നിന്നും രണ്ടായിരം രൂപയെടുത്ത് മരം വെട്ടുകാർക്ക് കൊടുത്തുകൊണ്ട്: 

‘‘കൂലി മൊടക്ക്ണില്യാ.. പൊയ്ക്കോളൂ’’

‘‘അല്ല.. കട്ടറ് ഞങ്ങള്’’

‘‘കൊഴപ്പല്യാ... ആവശ്യംണ്ടെങ്കി വിളിക്കാം’’

മുത്തച്ഛനടുത്തേക്ക്.

‘‘എന്റെ മുത്തശ്ശാ.. ഏത് നൂറ്റാണ്ടിലാ നിങ്ങളൊക്കെ ജീവിക്കണേ...? നല്ല മൂർച്ചയിള്ള കട്ടറ്ണ്ടെങ്കിൽ ഒറ്റ മണിക്കൂറ് കൊണ്ട് ട്ർർർ..ന്ന്  അറ്ത്ത് മുറിച്ചിടാവണതല്ലേയുള്ളൂ’’

‘‘അതിപ്പോ... കുഞ്ഞേ’’

മുത്തച്ഛനെ അണച്ചുപിടിച്ച് പൂമുഖത്തേക്ക് നടക്കുന്നതിനിടയിൽ ശബ്ദമൊന്നു താഴ്ത്തി :  

‘‘പക്ഷേ അതിത്രേം വളർന്ന് പടർന്ന് പന്തലിക്കാൻ എത്ര കാലം എട്ത്തിട്ട്ണ്ടാകും ന്ന് ഒന്നാലോചിച്ചില്യല്ലോ മുത്തശ്ശാ ചോട്ടില് മഴു വെയ്ക്കും മുമ്പ് ’’

മിഴിച്ചു നിന്നു പോയി എല്ലാവരും.

മുത്തച്ഛൻ  ‘‘അത് വയസ്സനായെടാ... കൊമ്പുകളൊക്കെ ഒണങ്ങിത്തുടങ്ങി’’

‘‘വയസ്സനായാലും ഒരു കാലത്ത് അത് തന്ന തണലും തണുപ്പും ഫലങ്ങളും ഒക്കെ അത്ര പെട്ടെന്നങ്ങ്ട് മറക്കാമോ ?  അങ്ങനെ വയസ്സായതൊക്കെ പെട്ടെന്ന് വെട്ടിയറുത്തിടാൻ പറ്റ്വോ മുത്തശ്ശാ......’’

ആ വാക്കുകൾ അദ്ദേഹത്തിന്റെ നെഞ്ചിലൊരു തണുത്ത കാറ്റായി തഴുകിയപ്പോൾ പക്ഷേ മാലതിയിലും ഊർമ്മിളയിലും ചെറിയൊരു ഈർഷ്യയാണുണ്ടാക്കിയത്.

ഹരി: ‘‘അതിന്റെ കൊമ്പൊക്കെ ഒടിഞ്ഞു വീഴാൻ തുടങ്ങിയെടാ പേടിയാ ഇപ്പോ’’

മനു: ‘‘എന്തിന് ചെറിയച്ഛാ.. ദാ... അവടേം ഒര് മാവ് ണ്ടാർന്നില്യേ , മുത്തശ്ശി മരിച്ചപ്പോ വെട്ടിയത്.?  അതിന്റെ രണ്ടിന്റേം കൊമ്പ് പെണഞ്ഞ് കെടക്കണ ബലമുള്ള ദാ... ആ ഭാഗത്ത് ഊഞ്ഞാല് കെട്ടി നിങ്ങളൊക്കെ ആടിയിര്ന്നത് ഇന്റെ അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്... അന്നൊന്നും അത് പൊട്ടിവീഴും ന്ന് തോന്നാത്ത ഭയം ഇപ്പൊ എവടന്ന് വന്നു ചെറിയച്ഛാ..?’’

ഹരി മറുപടി പറയാതെ തല തിരിക്കുമ്പോൾ മുത്തച്ഛൻ ശങ്കരനെ ഇടംകണ്ണിട്ട് നോക്കി. 

അരുതെന്ന് ശങ്കരന്റെ ആംഗ്യം കാണിക്കുമ്പോൾ മുത്തച്ഛൻ കള്ളച്ചിരിയോടെ : ‘‘ദാ... ഇവനാ വെട്ടാൻ ആളെ ഏർപ്പാടാക്കീത് ..’’

ശങ്കരേട്ടൻ പരുങ്ങുന്നതു കണ്ട് മനു: 

‘‘ഓഹോ... ഹത് ശരി ...ഒന്നിങ്ങട് വര്വാ..’’

കുറ്റവാളിയെപ്പോലെ അടുത്തുവന്നു നിന്ന ശങ്കരേട്ടന്റെ കരംകവർന്ന് സ്വന്തം നെറുകെയിൽ വെച്ച്:  

‘‘ഇന്നെയൊന്ന് അനുഗ്രഹിച്ചേ ശങ്കരപ്പൂപ്പാ... ന്റെ അച്ഛനെ ഒര്പാട് എട്ത്ത് നടന്ന കയ്യല്ലേ..’’

ഉള്ളുലഞ്ഞു പോയി ശങ്കരേട്ടന്റെ.

കണ്ണുനിറഞ്ഞ്  മുറിഞ്ഞ വാക്കുകളോടെ:

‘‘ഇന്റെ കുട്ടിയ്ക്ക് എന്നുംണ്ടാക്വോല്ലോ ഈ അപ്പൂപ്പന്റെ അനുഗ്രഹം’’

‘‘അത് മതീലോ...ഹ...ഹ.. കരയാണ്ട് ഇന്റെ മുറി കാണിച്ച് തരൂ... വാ... ’’

അവരകത്തേക്ക് നടക്കുമ്പോൾ:  

‘‘ശങ്കരാ.’’

‘‘വിളിക്കണ്ടാ... ഞാൻ രാജി വച്ചു... ഇനി ഞങ്ങളൊര് ടീമാ’’

മുത്തശ്ശൻ ഒന്നു ചിരിച്ചു.

‘‘ഇന്റെ കുട്ടി ഗുരുത്വള്ളോനാല്ലേടാ ഹരീ...?’’

പരസ്പരം ഒന്നു നോക്കിയ ഹരിയും മാലതിയും ഊർമ്മിളയും അകത്തേക്ക്.

പൂമുഖത്തെ ചാരുപടിയിൽ കാലും നീട്ടിയിരുന്നു മുത്തശ്ശനുമായി പഴയകാല വിശേഷങ്ങൾ അയവിറക്കുമ്പോൾ മനുവിന്റെ ഉള്ളും പുറവും ഒരു പോലെ തണുത്തിരുന്നു.

‘‘അച്ഛാ.. ചോറു കാലമായിരിക്കണു... മനൂ... കൈ കഴ്കിക്കോളൂ..’’

‘‘നിങ്ങള് കഴിച്ചോളൂ... ഞാനേയ് ... അമേരിക്കടെ നാറ്റമൊക്കെ നമ്മുടെ കൊളത്തിലൊന്ന് ഒഴ്ക്കിക്കളഞ്ഞിട്ട് വരാം...’’

ഹരി:   ‘‘മനൂ...സൂക്ഷിക്കണം... നീന്താനൊക്കെ അറിയോ...?’’

മനു:   ‘‘എവടെ ... ഒര് പതിനഞ്ച് മിനിറ്റ് കഴിഞ്ഞും ഞാനെത്തിയില്യാച്ചാ ... ബോഡിയിട്ക്കാൻ ആളെ വിട്ടോണ്ടു.’’

‘‘ഡാ ...ഈ ചെക്കെന്റെയൊര് കാര്യം’’

കുളി കഴിഞ്ഞു വരുമ്പോൾ വാതിൽക്കലും വഴിയിലുമിരുന്ന് ഭക്ഷണം കഴിക്കുന്ന ജാനകിയമ്മയേയും  മറ്റും കണ്ട് മനു തെല്ലു കടുപ്പിച്ച സ്വരത്തിൽ 

‘‘ഇതെന്താദ് ...? മന്ഷൻമാര് നടക്കണ വഴീലിരുന്നാണോ ആഹാരം കഴിക്കണേ...?’’

ഒന്നു വല്ലാതായ അവർ പരസ്പരം നോക്കുന്നു.

കൈഴുകി ഇരുന്ന ശേഷം മനു:  

‘‘ജാനകിയമ്മേ’’

തന്റെ പേരു വിളിച്ചപ്പോൾ അത്ഭുതത്തോടെ : ‌

‘‘എന്തേ കുഞ്ഞേ...?’’

മനു:  ‘‘ഇതെന്താന്നറിയോ...? ഡെയ്നിങ്ങ് ടേബ്ൾ. ന്ന് ച്ചാ ഭക്ഷണം കഴിക്കാന്ള്ള മേശ ...

മൂന്നാളും ഭക്ഷണോം കൊണ്ട് ഇവ്ടെ വന്നിരിക്ക്യാ’’

മൂവരും അവിശ്വസനീയതയോടെ പരസ്പരം നോക്കുന്നു.

മനു ഒട്ടൊന്ന് കടുപ്പിച്ച്:

‘‘പറഞ്ഞത് കേട്ട്ല്യാന്ന് ണ്ടോ..?’’

അവർ ആഹാരവുമായി വന്നു.

‘‘ഇരിക്ക്യാ... അമ്മ എന്റട്ത്തിരി’’

ജാള്യതയോടെ അവർ ഇരിക്കുന്നു.

‘‘ഇനി എന്നും ഇവിടിര്ന്ന്... മനസ്സിലായോ മൂന്നാൾക്കും’’...?

‘‘കഴിച്ചോളൂ’’

വാതിൽക്കൽ വന്ന് നിർന്നിമേഷനായി നോക്കി നിൽക്കുന്ന മുത്തച്ഛൻ .

കണ്ണു നിറഞ്ഞത് കാണാതിരിക്കാൻ  തല താഴ്ത്തിയിരിക്കുന്ന ജാനകിയമ്മയെ കണ്ട്:

‘‘ഇവ്ടെ വല്യ കഷ്ടാണല്ലോ മുത്തശ്ശാ... പ്രായായോരോട് എന്ത് പറഞ്ഞാലും കരയാ.. ഞാനിനി ഒന്നും മിണ്ട്ണില്യാ...’’

കണ്ണതുടയ്ക്കുന്ന ജാനകിയമ്മയുടെ ശിരസ്സിൽ തലോടിക്കൊണ്ട്:

‘‘ദേ... ഇങ്ങട് നോക്കിയേ... ഇന്റെ നെഞ്ച് ന്നും പറഞ്ഞ് ഇവടെ കൈ അമർത്തി ഒറ്റ ഇരിപ്പിരുന്നതാ അച്ഛൻ... പിന്നെ എണീറ്റില്യാ... അച്ഛനെ സ്നേഹിച്ച് മതിയാകാണ്ടെ അമ്മേം പോയി ... ഇപ്പൊ നിങ്ങളൊക്കെയേ ഉള്ളൂ  ഇനിക്ക് വഴക്ക്ണ്ടാക്കാനും ദേഷ്യപ്പെടാനും...’’

കണ്ണുനീരിനിടയിലൂടെ ഒന്നു പുഞ്ചിരിക്കുന്ന ജാനകിയമ്മ.

‘‘ശാന്തേട്ത്തീ... സാമ്പാർ ഒര് ടേസ്റ്റും ല്യട്ടോ... ഇത്തിരിയിങ്ങ്ട് ഒഴിക്ക്യാ.’’

ശാന്ത നന്ദിയോടെയൊന്നു നോക്കി.

‘‘ന്റെ അമ്മ , അമ്മേടെ കൈപ്പുണ്യവും സ്നേഹവും ചേർത്ത് ണ്ടാക്കിത്തരണ ആഹാരം കഴിക്കുമ്പഴും  മനസ്സുനിറയെ അച്ഛൻ പറഞ്ഞു കൊതിപ്പിച്ച  അവിയലും സാമ്പാറും പുളിശ്ശേരീം കണ്ണിമാങ്ങ അച്ചാറും  വാട്ടിയ വാഴയെലേല് പൊതിഞ്ഞ ചോറുമൊക്കെത്തന്നെയായിരുന്നു’’.

‘‘സ്കൂൾ വിട്ടു ക്ഷീണിച്ചു വന്ന് കാലിഫോർണിയ സാന്റ്വിച്ചും ഷേക്ക്ഷാക്ക് ബർഗ്ഗറും ഒക്കെ കഴിക്കുമ്പോൾ മുത്തശ്ശന്റെ കൂടെ പാടവരമ്പത്തെ തണലിലിര്ന്ന് ചൂടുള്ള കപ്പയും ചമ്മന്തീം കഴിച്ച് കണ്ണീന്ന് വെള്ളം വരണ കഥ പറഞ്ഞ് വല്ലാണ്ട് ആശിപ്പിച്ചിരുന്നു അച്ഛൻ’’

 എന്തൊക്കെയോ ഓർത്തെടുത്ത ശേഷം വല്ലാത്തൊരു നഷ്ടബോധത്തോടെ.

‘‘റേഡിയോയിലെ വയലും വീടും പരിപാടീം കേട്ട്  മുത്തശ്ശനും മുത്തശ്ശിം അച്ഛനും ചെറിയച്ഛനും അമ്മായീം എല്ലാരും കൂടി വട്ടത്തിലിരുന്ന് കാച്ചിലും ചേമ്പും ചേനയും കൂർക്കയും  കൂടെ കട്ടൻ ചായയും കുടിക്കുന്നതും സന്ധ്യക്ക് മുത്തശ്ശീടെ കൂടെ നാമം ജപിക്കുന്നതും കാലത്ത്  കുളിച്ച് അമ്പലത്തിൽ തൊഴുന്നതും ഒക്കെ കേട്ട് കേട്ട് നഷ്ടപ്പെട്ട ബാല്യം ഓർത്ത് സങ്കടം വരും ചെലപ്പം’’

മനുവിൽ ഒരു ദീർഘനിശ്വാസമുതിർന്നു .

അവന്റെ ശിരസ്സിൽ പതുക്കെ തലോടിക്കൊണ്ട്:

‘‘മുത്തശ്ശന്റെ കുട്ടിയ്ക്ക് ഒന്നും നഷ്ടപ്പെട്ട്ട്ടില്യാ... ഒന്നും’’

‘‘മുത്തശ്ശാ... മനുവേട്ടാ’’

 ഒച്ച വെച്ചു കൊണ്ട്   മുറ്റത്തു കൂടെ  ഓടി വരവേ ദീപുമോൻ കല്ലിൽ തട്ടി വീണ് കരഞ്ഞു.

ഓടിച്ചെന്ന് അവനെ വാരിയെടുത്ത് ആശ്വസിപ്പിച്ച ശേഷം തൊടിയിൽ നിന്നും  കമ്യൂണിസ്റ്റ് പച്ചയുടെ ചാറു പിഴിഞ്ഞ് മുറിവിലൊഴിക്കുന്നത് മുത്തച്ഛൻ അദ്ഭുതത്തോടെ, ആശ്ചര്യത്തോടെ നോക്കി നിന്നു. 

അദ്ദേഹത്തിന്റെ ഉള്ളു നിറയുകയായിരുന്നു.

‘‘മനൂ... കുട്ടിയെന്തായീ കാണിക്കണേ.. ? ഞാൻ ഡെറ്റോള് കൊണ്ടരാം..’’

ഓടി വന്ന മാലതി സ്വല്പം കടുപ്പിച്ചാണ് ചോദിച്ചത്.

‘‘കമ്യൂണിസ്റ്റ് പച്ചയാ അമ്മായീ ’’

‘‘കണ്ണിക്കണ്ട എലയൊക്കെയാണോ പച്ചമുറിവില് തേക്കണത്..?’’

രൂക്ഷമായി കുറച്ചു നേരം നോക്കി നിന്ന ശേഷം അവർ ചവിട്ടിക്കുലുക്കി നടന്നു പോകുന്നതു കണ്ട് ചെറുചിരിയോടെ സ്വയമെന്നോണം

‘‘ വടക്കേമുറ്റത്ത് വീണ് മുട്ടു പൊട്ടിയപ്പോൾ അമ്മായീടെ കാലില് മുത്തശ്ശൻ പിഴിഞ്ഞൊഴിച്ച് കൊടുത്ത കമ്യൂണിസ്റ്റ് പച്ചയുടെ ചാറിന് ഇപ്പഴും പഴയ ഗുണം തന്ന്യാന്ന് ഇനിയ്ക്ക് ഒറപ്പാ... നമ്മള് മന്ഷൻമാരുടെ ഗുണത്തിനേ കുറവ് വന്നിട്ടൊള്ളൂ... കണ്ടോ അവന്റെ നീറ്റല് മാറീത്... ല്ലേടാ രാമാ...?’’

 ദീപുമോന്റെ ശിരസ്സിൽ തലോടിക്കൊണ്ട് :

‘‘ഇവന്റെയീ കാലമാണ് മുത്തശ്ശാ എനിക്കിവിടെ നഷ്ടായത്’’

 തൊടിയിലെ കൂറ്റൻ മരങ്ങൾക്കു താഴെ പച്ചത്തണുപ്പിലൂടെ  മനുവിന്റെ അരികുപറ്റി നടക്കുന്നതിനിടയിൽ മുത്തച്ഛന്റെ നെടുവീർപ്പിനുശേഷമുള്ള വാക്കുകളിൽ സങ്കടവും കണ്ണീരുമുണ്ടായിരുന്നു.

‘‘പഴേ കാര്യങ്ങളൊന്നും ണ്ടാവില്യാ അവന്റെ മനസ്സില് ന്നാ ഞാൻ നിരീച്ചത്...എല്ലാം പറഞ്ഞു തന്നിര്ന്നു ല്ലേ...?’’

‘‘പറഞ്ഞ് തരിക മാത്രല്ല മുത്തശ്ശാ.. പറഞ്ഞ് പറഞ്ഞ് ന്റെ മനസ്സില് ഓരോ കാഴ്ചകളും അനുഭവിപ്പിച്ച് തര്വാരുന്നു  അച്ഛൻ. കാവും കുളവും അമ്പലവും പാടവും  ഇടിമിന്നൽ കേട്ട് പേടിക്കണ രാത്രികളും ചാറ്റൽ മഴ കൊള്ളുമ്പോൾ കിട്ടണ മുത്തശ്ശിയുടെ വഴക്കും ...ഇവടത്തെ നാട്ടുവഴികളും ഗ്രാമങ്ങളും അത്താണികളും പോസ്റ്റാപ്പീസും എല്ലാമെല്ലാം’’

‘‘മഴയത്ത് പാടവരമ്പത്തൂടെ കുട ചൂടി പാതി നനഞ്ഞ് സ്കൂളിൽ പോയ കുട്ടിക്കാലം കാട്ടിത്തന്നെന്നെ കൊതിപ്പിക്കുന്നത് കാണുമ്പോൾ അമ്മയ്ക്കു പേടിയായിരുന്നു. മേത്ത് ചൂടു തട്ടാൻ പാടില്യാത്ത അമ്മയെ വിട്ടു പോരുമോ ഞാനെന്ന് പേടിച്ച് ഉറക്കത്തിൽ പോലും കെട്ടിപ്പിടിച്ചു കിടന്നത് അതോണ്ടായിരിക്കാം.

 മനുവിൽ ഒരു നെടുവീർപ്പ് വന്നു.

‘‘ഇപ്പോ വേദനിണ്ടോടാ...?’’

‘‘ചെറ്തായിട്ട്...ഒര് ഊഞ്ഞാല് കെട്ടിത്തന്നാ ചെലപ്പം വേദന മാറും’’

‘‘ഹ..ഹ... ഹമ്പടാ ... ആയിക്കോട്ടെ... നിന്റെ വാനരസേനയെ വിളി... ഊഞ്ഞാല് കെട്ടണേന്റ മുന്നെ നമക്ക് വേറൊര് കളി കളിയുണ്ട്.. നീ ചെന്ന് ശങ്കരപ്പൂപ്പനോട് ഒര് മുപ്പത് ചോറ് പൊതിയാൻ പറ... ചെല്ല്’’

കുട്ടി മിഴിച്ചു നിൽക്കുന്നു.

‘‘ഹ... ചെല്വാ... ഊഞ്ഞാല് വേണ്ടേ...?’’

മുത്തശ്ശൻ:  ‘‘കളിയ്ക്കാൻ ചോറോ’’

‘‘അതേന്ന്... ഇന്ന് ഉത്രാടൊക്കെയല്ലേ... കളി ചോറു കൊണ്ടാവാം...ന്തേ ...?’’

‘‘ആ... എനിക്കറിയില്യാ’’

നീണ്ടു പരന്നു കിടക്കുന്ന റോഡിനപ്പുറത്തെ ചേരിക്കു സമീപം വണ്ടി നിർത്തി കൈക്കോട്ടും മറ്റുമായി മനുവും കുട്ടികളും  ഇറങ്ങിയത് കണ്ട ചേരിപ്പിള്ളേർ ബട്ടൺ പോയ ട്രൗസറും കുത്തിക്കൊണ്ട് ഓടി വന്നു. ഭക്ഷണപ്പൊതി കണ്ടപ്പോൾ ആർത്തിയോടെ തിരക്കുകൂട്ടി.

‘‘ആരും ബഹളം വെയ്ക്കണ്ടാ... ഇതൊക്കെ നിങ്ങക്കു തന്ന്യാ’’

പക്ഷേ അതിനു മുമ്പ് നിങ്ങക്കൊര് ജോലിയ്ണ്ട്...ന്താ... ചെയ്യാമോ...?"

കുട്ടികൾ ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി .   

‘‘അപ്പൂ ...അതിങ്ങ്ട് ഇറക്കൂ’’

കാറിൽ നിന്നും ഇറക്കിയ വൃക്ഷത്തൈകൾ കാണിച്ചു കൊണ്ട്:

‘‘നമുക്കീ തൈകളൊക്കെ റോഡിന്റെ ദാ ആ അറ്റം വരെ അങ്ങ്ട് കുഴിച്ചിട്ടാലോ... കാണാൻ നല്ല രസംണ്ടാവില്യേ?’’

കുട്ടികൾ തല കുലുക്കി.

‘‘എങ്കി വര്വാ’’

ചേരിപ്പിള്ളേരിലെ ആവേശം കുട്ടികളിലേക്കും പടരുന്ന കാഴ്ച മനുവിന്റെ ഉള്ളം കുളിർപ്പിച്ചു .

പാഴ്‌മണ്ണ് കിളച്ചു മറിച്ച് തൈകൾ നട്ടു വെള്ളമൊഴിച്ചു കഴിഞ്ഞപ്പോൾ ഒരു ലോകം പിടിച്ചടക്കിയ ആവേശമായിരുന്നു അവരുടെ മുഖത്ത്. റോഡരികിലെ മരത്തണലിലിരുന്ന് ചേരിയിലെ കുട്ടികൾക്കൊപ്പം തമാശ പറഞ്ഞു ചിരിച്ച് ആസ്വദിച്ചു ഭക്ഷണം വാരി വലിച്ചു കഴിക്കുന്ന മക്കളെ കണ്ടതും ഹരിയുടെ കാൽ ബ്രേക്കിൽ അമർന്നു.

 രോഷം പതഞ്ഞുപൊങ്ങി.

മാലതി: ‘‘ ന്റീശരാ...ഇവൻ നാണം കെട്ത്തീട്ടേ അടങ്ങൂ...കണ്ട ചൊറിക്കുട്ട്യാൾടെ കൂടെ... നോക്കൂ ... വടിയെട്ത്താ ഒര് വറ്റ് കഴിക്കാൻ കൂട്ടാക്കാത്ത നിങ്ങടെ മോൻ കഴിക്കണെ.. ഹയീ... അറപ്പാക്ണു’’

ഹരി :  ‘‘ഡെറ്റോളിട്ട് കഴ്കീട്ട് കേറ്റിയാ മതി എല്ലാത്തിനേം’’

രോഷത്തോടെ മനുവിനെയൊന്നു നോക്കി കാറോടിച്ചു പോകുമ്പോൾ

‘‘ഓണം കഴിയാൻ നിക്കണ്ട... ഇവന്റെ കൂടെ കൂടിയാ മക്കൾക്ക് ശുദ്ധം ണ്ടാവില്യാ’’

ഹരി ദേഷ്യം മുഴുവൻ ആക്സിലേറ്ററിൽ തീർത്തു.

‘‘സന്തോഷായിയോ എല്ലാർക്കും...?’’

വയർ നിറഞ്ഞ കുട്ടികൾ മനുവിനെ നോക്കി നിഷ്കളങ്കതയോടെ ചിരിച്ചു.

‘‘നമക്ക്  എടയ്ക്കിടയ്ക്ക് ഇങ്ങനെ കൂടാം... ന്തേ...?’’

 തിരികെ വണ്ടിയിൽ കയറുമ്പോൾ 

‘‘അപ്പോ നിങ്ങൾ നട്ട ഓരോ  തൈകളും നിങ്ങടെയാണ്’’

‘‘ഇനി മുതൽ കാലത്ത് എഴ്ന്നേറ്റ് എല്ലാരും മൂത്രമൊഴിക്കുന്നത് അവനവൻ നട്ട തൈകൾ ടെ മുരട്ടില്’’

കുട്ടികൾ ചിരിച്ചു.

‘‘ഏറ്റവും നന്നായി വളരണ വൃക്ഷത്തിന്റെ മൊതലാളിയ്ക്ക് നല്ലൊര് സമ്മാം ണ്ടാകും... ന്തേ ...?’’

കുട്ടികൾ തല കുലുക്കി.

‘‘അപ്പോ ശരി... നമ്മളിനീം കാണും...’’

വയറും മനസ്സും നിറഞ്ഞ കുട്ടികൾ നന്ദിയോടെ കൈകൂപ്പി ...

                       

ചുമരിലെ ഫോട്ടോ നോക്കി നിൽക്കുന്ന മുത്തച്ഛൻ മനു പിന്നിൽ വന്നു നിന്നതറിഞ്ഞിട്ടില്ല.

‘‘എന്താ തമ്പുരാട്ടിയോട് ഒര്  ശൃംഗാരം..?’’

‘‘ഏയ്... ഒന്നും ല്യാ ... ഇപ്പൊ ജീവിക്കാനൊക്കെ വല്ലാത്തൊര് കൊതി തോന്നണൂന്ന് പറയ്യാര്ന്നു മുത്തശ്ശിയോടേയ്’

‘നെല്ല് എത് ചെടിയിലാണ് വിളയണത് എന്നു ചോദിക്കണ പുത്യേ കുട്ട്യോൾടെ ഈ കാലത്ത് ഇനിക്കായിട്ട് കൊണ്ടത്തന്നതാ ന്റെ കുട്ടീനെ പൂർണ്ണത്രയീശൻ ന്ന് പറഞ്ഞപ്പോ അവൾക്കും സന്തോഷായ്ട്ട്ണ്ടാവും.’’

ഒരു ചിരി കേട്ട് രണ്ടു പേരും തിരിഞ്ഞു.

‘‘ങാ... ചേരീലെ കുട്ട്യോൾക്കെന്താടാ  ഒര് കൊറവ് ...? അവരും മന്ഷ്യരല്ലേ ... ങാ...ഇന്റെ കുട്ട്യോളെ മണ്ണിനേം മരങ്ങളേം മന്ഷനേം ഒക്കെ സ്നേഹിക്കാൻ  പഠിപ്പിച്ച് തന്ന്യാ ഞാൻ വളർത്തണേ... ങാ...റാം നീയാ ഫോട്ടോയൊന്ന് ഷെയർ ചെയ്യണേ... "

ഫോണിലൂടെയുള്ള ഹരിയുടെ സംസാരം കേട്ട് മനു അമ്പരന്നു. പിന്നെ മുഖത്ത് ചിരി പടർന്നു.

മുത്തശ്ശൻ : 

‘‘നീയും ആകുട്ട്യോളും കൂടി തൈ നടണ പടം പത്രത്തില് വന്നിരിക്കണു... കണ്ടോ നീയ്...?’’

‘‘ഉവ്വോ... ഞാൻ കണ്ടില്യാ’’

‘‘അല്ലാ... ഈ തിരുവോണായിട്ട് നീ എങ്ങടാ ...?’’

‘‘ഞാനല്ല ... നമ്മൾ... നമ്മളൊന്ന് കറങ്ങണൂ’’

‘‘നമ്മളോ...?എങ്ങട് ...?’’

‘‘വാ... പറയാം.’’

‘‘ദാ...ഉത്സവം കാണാൻ പോണ ആ ഇടവഴിയിലൂടെയൊക്കെ അങ്ങനെ നടന്ന് നടന്ന്’’

 തെക്കേപ്പൊറത്തെ തൊടിയിലെ തത്തച്ചുണ്ടൻ മാവിന്റെ ചോട്ടിലെ കിളി കൊത്തിയ മാങ്ങ പെറുക്കി...

 കൃഷ്ണനാലിന്റെ കൊമ്പിലിരിക്കണ ചെമ്പോത്തിന്റെ കുറുകൽ കേട്ട് ...

താഴത്തേത്തൊടിയിലെ വരിക്കപ്ലാവിലെ ചക്ക പഴുത്തെന്നു ചിലച്ചറിയിക്കുന്ന അണ്ണാറക്കണ്ണനോട് വഴക്കിട്ട്...

കടമ്പൂമരത്തിന്റെയും ഏഴിലംപാലയുടേയും മർമ്മരം കേട്ട്...

നീലക്കൊടുവേലിയും ബോധി മരവും കണ്ട് മതിമറന്നങ്ങനെ നിന്ന്...

 നമ്മുടെയീ കുഞ്ഞു ഗ്രാമക്കാഴ്ച്ചകളിലൂടെ മനസ്സുനിറഞ്ഞങ്ങനെ നടക്കാം ... എന്താ ...?

ഒരു വല്ലാത്ത ആനന്ദത്തോടെ  അവനെയും അണച്ചുപിടിച്ചു മുത്തച്ഛൻനടന്നു, 

നിറഞ്ഞ കണ്ണും 

നിറഞ്ഞ മനസ്സും 

ഉള്ളും ഹൃദയവും നിറഞ്ഞ ചിരിയുമായി.

English Summary : Unakka Marangal Story By Salim Padinjattemuri

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;