ADVERTISEMENT

ചൂള (കഥ)

ടേബിളിനു പുറത്തു വന്നിരുന്ന ഒരു ഈച്ചയെ അയാൾ വളരെ തന്ത്രജ്ഞതയോടെയാണ് അടിച്ചു കൊന്നത്. കുറേനേരെമായി അത് ടേബിളിലും അയാളുടെ ചുറ്റിലുമായി പറന്നു വലം വെക്കുന്നു. ഈച്ച തറയിൽ കിടന്നു പിടഞ്ഞു. അതിർത്തിക്കപ്പുറത്തെ ശത്രുഭടനെ വകവരുത്തിയ ഒരാഹ്ലാദം അയാളുടെ മുഖത്ത് പ്രകടമായി.

 

പണ്ടേ അയാൾക്ക്‌ ഈച്ചകളെ വെറുപ്പായിരുന്നു. മാലിന്യത്തിൽ ഹരം കൊള്ളുന്ന ഈച്ചകൾ. ഈച്ച ശരീരത്തിൽ വന്നിരിക്കുമ്പോൾ അയാൾ അയാളെ തന്നെ മാലിന്യമായി കാണുന്നു. ഈച്ച പെരുകുന്നത് അയാളിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചു. പുറത്തു മണൽപ്പരപ്പിൽ മറ്റും എത്രയോ സ്ഥലമുണ്ട് അവറ്റകൾക്കു പറന്നു വിഹരിക്കാൻ. അയാളുടെ മനസ്സിലേക്ക് വെറുപ്പിന്റെ കാർമേഘങ്ങൾ ഇരമ്പിയാർത്തു വന്നു. അത് വലിയ കരിമ്പടമായും കട്ടിയുള്ള വലിയ മഞ്ഞു പാളികളായും അയാളുടെ മനസ്സിൽ കുരുങ്ങി.

 

പുറത്തു കണ്ണെത്താ ദൂരത്തു കിടക്കുന്ന മണൽപ്പരപ്പിലേക്ക് അയാൾ ചില്ലു ജനാലയിലൂടെ നോക്കി. പുറത്തു തീക്ഷ്ണമായ ചൂട്. അകത്തെ മുറിയിൽ ഏസിയിൽ കുറേനേരം ഇരുന്നപ്പോൾ അയാൾക്കു തണുക്കാൻ തുടങ്ങി. ജനാല തുറക്കാൻ അയാൾ ഭയപ്പെട്ടു. അശാന്തിയുടെ കരകാണാത്ത തിരകളിൽ അയാൾ ഉഴറി നടന്നു. സൂര്യൻ കത്തിജ്വലിക്കുന്നു. മണൽ ചുട്ടു പഴുക്കുന്നു. പൊടിഞ്ഞു വന്ന വിയർപ്പു തുള്ളികൾ പൊടി ഉപ്പായി ശരീരത്തിൽ വിലയം പ്രാപിച്ചു. മനുഷ്യൻ തന്നിലേക്കു തന്നെ ചേക്കേറുന്നു.

 

അവിടെ നിശബ്ദതയുടെ ഉരുക്കു കോട്ടകൾ പൊട്ടിത്തെറിപ്പിക്കാൻ. ജനാലയിലൂടെ പുറത്തു നോക്കിയ പ്പോൾ ഏതാനും ബിഹാറികൾ കുറച്ചപ്പുറത്തുള്ള ടാർ ചെയ്ത റോഡിലൂടെ ഉറക്കെ സംസാരിച്ചുകൊണ്ടു പോകുന്നു. ശരിക്കും മാസ്ക് കവർ ചെയ്യാതെ പോകുന്ന അവരെ കണ്ട് അയാൾ വീണ്ടും അസ്വസ്ഥനായി. നോക്കി നിന്നപ്പോൾ ഒരുത്തൻ കാറിത്തുപ്പുന്നു...

 

മനസ്സിൽ അറിയാതെ വന്ന രോഷം അയാൾ വളരെ പാടുപെട്ടു കടിച്ചമർത്തി. ബിഹാറി തുപ്പിയ വായുവിൽ കൊറോണ വൈറസ് പറന്നു കളിക്കുന്നത് അയാൾ സങ്കൽപ്പിച്ചു. അവ മുള്ളുകളായി അടുത്തുള്ള ഈന്തപ്പ നയുടെ ശിഖരത്തിലേക്ക് ഒരു കൊള്ളിമീൻ  കണക്കെ കുടിയേറുന്നത് അയാൾ കണ്ടു.

 

 

തല തിരിച്ചു മൊബൈലിലേക്ക് നോക്കി. ഒരുപാട് സമയം താനിപ്പോൾ മൊബൈലിൽ ചിലവാക്കുന്നു. പിടലിക്ക് കനം വെച്ച പോലെ. നെറ്റിക്കും തലക്കും ചൂട് പോലെ. എസിയ്ക്കകത്തായിട്ടും കാലിനു ചൂട്. പുറത്തു പോയി റൂമിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങണമെന്ന് ആഗ്രഹമുണ്ട്. പുറത്തെ ബക്കാല യിൽ എപ്പോഴാണ് ആളുകൾ കൂടുന്നതെന്നു പറയാൻ കഴിയില്ല. ബംഗാളിയും നേപ്പാളിയും ബിഹാറിയും യാതൊരു മര്യാദയുമില്ലാതെ ചിലപ്പോൾ വന്നു കയറും. അയാൾക്ക് അറപ്പും  വെറുപ്പും തോന്നി. പുറത്തിറങ്ങി സ്വാതന്ത്ര്യത്തോടെ നടക്കാനോ സംസാരിക്കാനോ സുഹൃത്തുക്കളുടെ കൂടെ കറങ്ങാനോ എന്തിനേറെ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥ. ചൂളക്കിട്ട വാഴക്കൊലയുടെ അവസ്ഥ.

 

 

പണ്ടുണ്ടായിരുന്ന, നാട്ടിലെ പറമ്പും വീടും വീടിന്റെ പരിസരങ്ങളും പാടത്തെ ബണ്ടു പൊട്ടി വെള്ളം കയറുന്ന കണക്കെ അയാളുടെ മനസ്സിലേക്ക് തിരക്കിട്ടു കുതിച്ചെത്തി. ആ വെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കിൽ പൊട്ടിവിരിയുന്ന മഴവില്ലിൽ വിരിയുന്ന ഏഴു നിറങ്ങൾ കണ്ട് അയാളുടെ ഉള്ളം കുളിർത്തു. കനത്ത മഴമേഘങ്ങൾ അലിഞ്ഞ് അയാളുടെ മനസ്സിൽ തണുത്ത കുളിർ മഴ പൊഴിച്ചു. ആ തണുപ്പിൽ അയാളുടെ ഉറങ്ങിക്കിടന്ന കനത്ത കട്ടികൂടിയ ചൂടുപടലം നനച്ചു. അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ആ മഴ ഉരുകിയൊ ലിപ്പിച്ചു. അതിന്റെ കനം കുറഞ്ഞു വന്നു. ആ ഓർമകളിൽ അയാളുടെ മനസ്സ് കുളിർത്തു. 

 

 

കുറെ വാഴകൾ... ഏത്തവാഴ, ഞാലിപ്പൂവൻ, പാളയം കോടൻ, ചുണ്ടില്ലാകണ്ണൻ, കദളി, മോറിസ്, വലിയ പഴവും നല്ല ഗന്ധവും രുചിയുമുള്ള പെനാങ്ക്‌, രാസ്താളി, പച്ചച്ചിങ്ങാൻ... അങ്ങനെ എത്രയിനം വാഴകളും അത് നിറയെ പല വിധത്തിത്തിലും രൂപത്തിലും നിറത്തിലും ഭംഗിയിലും കുലച്ചതും പാതി വിളവായതും വിളവെടുപ്പിനു പാകമായതും ചിലതു പഴുത്തതും അതിൽ കിളികളും അണ്ണാറക്കണ്ണന്മാരും കൊത്തിക്കഴി ക്കാൻ വഴക്കടിക്കുന്ന കുളിരുന്ന രംഗം അയാളുടെ മനസ്സിലേക്ക് കടന്നു വന്നു. കുറെ വിൽക്കാനായി കൊടു ത്തു. കുറെയെണ്ണം പാകമായതു മാറ്റിവെച്ചു, ഇത് ചൂളയ്ക്കു വെക്കാനാണ്. കദളി കുല അടുത്തുള്ള ക്ഷേത്രത്തിലേക്കും.

 

 

പണിക്കു നിൽക്കുന്ന മോഹനൻ ചേട്ടൻ മുറ്റത്തെ തേൻ പ്ലാവിന്റെ നിറുകവരെ കായ്ച്ചു നിൽക്കുന്ന പാഷൻ ഫ്രൂട്ട് ചെടിയുടെ കുറച്ചപ്പുറത്തു കട്ടി തണുപ്പുള്ള കാലങ്ങളിൽ കാലത്തു ചപ്പുചവറുകൾ കൂട്ടിയിട്ടു കത്തി ക്കുന്ന സ്ഥലത്ത് ഒരു കുഴിയെടുക്കും. ഒരു മീറ്റർ താഴ്ച്ചയും ഒന്നര മീറ്റർ വീതിയിലും... അതിനകത്ത് ഉണങ്ങിയ വാഴക്കച്ചി കത്തിച്ചു വീണ്ടും ഉണക്കും. ആ ചാരത്തിനുമുകളിൽ വൈക്കോൽ കച്ചിയും വാഴയിലയും വഴക്കച്ചിയുമൊക്കെ ഇട്ടു അത്യാവശം കുഴിയുടെ അകത്തു ഒരു ചതുര ഭിത്തിയും തറയും ഒരുക്കും അതിനു മുകളിൽ പഴുപ്പിക്കേണ്ട വാഴക്കുലകൾ വെക്കും. പിന്നെ അത് മുഴുവൻ വാഴയിലയും ഉണക്ക വാഴയില എന്നിവകൊണ്ട് മറയ്ക്കും. 

 

 

പിന്നെ കുഴിയുടെ മുകളിൽ പലകയോ വീതിയുള്ള കമ്പോ കൊണ്ട് മൂടിയ ശേഷം പാള, പച്ചവാഴയില എന്നിവകൊണ്ട് അതിനു മുകളിൽ മറച്ച് മണ്ണിട്ട് കുഴി പൂർണമായും മൂടും. ആ ചൂളയിൽ ഉള്ള പുകയിൽ രണ്ടു ദിവസം വാഴക്കുലകൾ പൂർണമായും വേവുകയായിരിക്കും. വായുവിന്റെ സ്പർശമേൽക്കാതെ വാഴക്കുലകൾ സ്വയം വെന്തു പഴുക്കുന്നു.

 

 

ഒരു വശത്തു ചെറിയ ഒരു തുള നിർമ്മിക്കും. അതിലൂടെ ദിവസം രണ്ടും മൂന്നും നേരം ഉണങ്ങിയ വഴക്കച്ചിയിട്ടു കത്തിച്ചു മുറം കൊണ്ട് വീശും. ആ വീശലിൽ പുക കുഴിയിലേക്ക് ആവാഹിക്കപ്പെടും. അങ്ങനെ മൂന്നാം നാൾ വൈകുന്നേരം കുഴിയുടെ മുകളിലെ മണ്ണും കമ്പുകളും പലകയും നീക്കി വാഴക്കച്ചി മാറ്റുമ്പോൾ അതാ കാണാം  നല്ല സ്വർണ്ണക്കളറുള്ള വാഴപ്പഴം. എല്ലാ കുലകളും ഒരുമിച്ചു പഴുത്തിട്ടുണ്ടാകും. ആ കുലകൾ നന്നാ യി കിണറ്റിൽ നിന്ന് കോരുന്ന ശുദ്ധവെള്ളത്തിൽ കഴുകി പത്തായപ്പുരയിലെ കഴുക്കോലിൽ വരിവരിയായി കെട്ടിത്തൂക്കിയിടും. പിന്നീട് കയറിയിറങ്ങി പഴം തീറ്റയാകും തുടർന്നുള്ള ദിവസങ്ങളിലെ പ്രധാന ജോലി.

 

 

അയാൾ ഓർത്തു. ഇത് മറ്റൊരു ചൂളയാണ്. പ്രകൃതി മനുഷ്യ മഹാസാഗരത്തിനു വാരിവിതറിയിരിക്കുന്ന അശാന്തിയുടെ ഗ്രഹണ  ശാൽമലീ പർവ്വം. പേക്കിനാവിന്റെ പകലറുതികളിൽ അയാൾ മൗന മിന്നാരങ്ങളിൽ ചേക്കേറി. കണ്ണും കൈയും ശരീരവുമില്ലാതെ പിടയുന്ന ആത്മാക്കളെ അയാൾ കണ്ടു. ഓഫിസിലേക്ക് പോകുമ്പോൾ അയാൾ രണ്ടുപ്രാവശ്യം സോപ്പ് ഇട്ടു കൈകഴുകി എന്ന് ഉറപ്പാക്കി. മാസ്ക് ധരിച്ചു. നടന്നു പോകുമ്പോൾ രണ്ടു മീറ്റർ അകലെ മുഖാമുഖം നടന്നു വരുന്ന പഞ്ചാബി ഗുഡ്മോർണിംഗ് പറഞ്ഞപ്പോൾ അയാൾ മുഖം കൊടുത്തില്ല. 

 

 

പരമാവധി അരികുചേർന്ന് അയാൾ വേഗത്തിൽ ഓഫിസിലേക്ക് നടന്നു. ഓഫിസിൽ എത്തി തന്റെ ഇരിപ്പി ടത്തിൽ ഇരിക്കാൻ അയാൾക്ക്‌ പെട്ടെന്ന് കഴിഞ്ഞില്ല. ക്ലീനറെ വിളിച്ചു ഡെറ്റോൾ തുടച്ച് അയാൾ സീറ്റിൽ ഇരുന്നു. അപ്പോൾ ഒരു സംശയം. കൈ അതിനു മുമ്പ് മൗസിലോ മറ്റോ സ്പർശിച്ചോന്ന്...

 

 

അയാൾ വേഗം വാഷ് റൂമിലേക്കു നടന്നു. ഹാൻഡിലിൽ പിടിക്കാൻ അയാൾക്ക്‌ മനസ്സ് വന്നില്ല. തിരികെ വന്നു ടിഷ്യു പേപ്പറുമായി അയാൾ അതുകൂട്ടി ഹാന്ഡിലിൽ പിടിച്ചു. വാഷ്ബേസിന്റെ ടാപ്പും അതുപോലെ, പിന്നെ സോപ്പ് ലിക്വിഡ് ഉപയോഗിച്ച രണ്ടു മിനിറ്റു കൈ നല്ല വണ്ണം കഴുകി. പിന്നെ സാനിറ്റൈസർ... ഓഫിസ് റൂമിന്റെ വാതിൽ തുറന്നു ഹാളിലേക്ക് നോക്കി, മൂന്നു മീറ്റർ അകലം പാലിച്ചു ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരുന്ന് ആളുകൾ ജോലി ചെയ്യുന്നു.

 

 

മാസ്ക് ഒന്നുകൂടി അയാൾ മുഖത്ത് ഉറപ്പിച്ചു. അയാൾക്ക്‌ ഒന്ന് ചുമയ്ക്കണമെന്നു തോന്നി. മാസ്കിൽ അടിഞ്ഞു കൂടിയ പൊടിപടലങ്ങൾ ശ്വസിക്കുന്ന കാരണമാകും. അപ്പോൾ ഹാളിന്റെ ഏറ്റവും അറ്റത്തു നിന്ന് എൻജിനീയറിങ് സെക്ഷനിലെ റോജി ഒന്ന് ചുമച്ചു.

 

പിടി വിട്ടുപോയ ചുമ. മൾട്ടി കൊലപാതകം നടത്തിയ പ്രതിയെപ്പോലെ രൗദ്രമായി എല്ലാവരും റോജിയെ നോക്കി. തുറിച്ചു വരുന്ന വരുന്ന കണ്ണുകൾ അയാളെ കൊത്തിവലിച്ചു. പുറത്തേക്കു വന്ന ചുമ എന്റെ തൊണ്ടയിൽ കുരുങ്ങി.

 

അയാൾ അന്ന് വീട്ടിലെത്തിയ ശേഷം കതകടച്ച് ആദ്യം ചെയ്തത് ആവശ്യാനുസരണം ചുമയ്ക്കുക യായിരുന്നു. പൂർണ സ്വാതന്ത്ര്യത്തോടെ. മൂന്നാല് ആവർത്തി അതുവരെ പിടിച്ചു വെച്ച ശ്വാസം അയാൾ അകത്തേക്ക് വലിച്ചു കയറ്റി. പിന്നെ ആശ്വാസ കിരണങ്ങളുടെ നിശ്വാസവും. അയാൾ സ്വന്തം മുറിയിൽ സ്വാതന്ത്ര്യത്തിൽ മയങ്ങി തികട്ടി വന്ന അധോവായു വലിയ ശബ്ദത്തോടെ തുറിച്ച കണ്ണുകൾ ഇല്ലാത്ത, അമർഷത്തിന്റെയും വിദ്വേഷത്തിന്റെയും അതിർവരമ്പുകൾ തകർത്തു സ്വതന്ത്രമാക്കി. തിരികെ സീറ്റിൽ വന്നിരുന്നപ്പോൾ അസ്വസ്ഥത വീണ്ടും മനസ്സിൽ ചൂളം വിളിച്ചെത്തി. നെഞ്ചിലെ നെരിപ്പോടിന്റെ ചൂട് അയാൾ അറിഞ്ഞു. വിയർത്ത മുഖം തുടയ്ക്കാൻ അയാൾ ഭയന്നു.

 

നിറയെ മുള്ളുകൾ ഉള്ള വൈറസുകൾ അയാളെ പല്ലിളിച്ചു കാട്ടുവാൻ തുടങ്ങി. അത് മറ്റൊരു പുകയുന്ന ചൂളയാവുകയായിരുന്നു. പണി ചെയ്യാൻ തോന്നുന്നില്ല. ഓൺലൈൻ പത്രത്താളുകളിലൂടെ കണ്ണോടിക്കു മ്പോൾ ലോകമെമ്പാടും മനുഷ്യനെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന കൊറോണാ വാർത്തയായിരുന്നു പ്രധാന തലക്കെട്ടുകൾ... ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്തുള്ള സ്വന്തം വീടും നാടും ഓർമ്മിച്ചപ്പോൾ ഒരു നിശബ്ദ വേദന അയാളുടെ തൊണ്ടയിൽ കുരുങ്ങി. കണ്ണുകൾക്ക് ഭാരം വെച്ചു.

 

അയാൾ സീറ്റിൽ പുറകോട്ടു ചാഞ്ഞിരുന്നു. ഏസിയുടെ നേർത്ത മുരൾച്ച മാത്രം. ചിലമ്പിച്ച ശബ്ദങ്ങൾ അകന്നകന്നു പോയി. ചിരിനിലച്ച കാലം. ആരവങ്ങളില്ലാത്ത കനത്ത ആ നിശബ്ദത അയാളെ ഭ്രാന്തു പിടിപ്പിക്കുന്നതുപോലെ തോന്നി... നാക്കുണ്ടായിട്ടും മൗനവ്രതം പേറി നിശബ്ദയുടെ വിറങ്ങലിച്ച മിന്നാരങ്ങളിൽ അയാൾ ചേക്കേറി.

 

 

നാട്ടിൽ വിമാനമിറങ്ങി. ലോക്ഡൗൺ... എല്ലാ പരിശോധനകളും വേഗം കഴിഞ്ഞു. ടാക്സി കാറിൽ കയറിയി രുന്നപ്പോൾ അയാൾ സ്വയം ചിരിച്ചു. എല്ലാവരെയും ഞെട്ടിക്കണം. അപ്രതീക്ഷിത വരവ്... അച്ഛൻ, അമ്മ, ഭാര്യ, മക്കൾ, സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന അയൽക്കാർ, എല്ലാവേരയും അദ്ഭുതപ്പെടുത്തണം... 

 

കാർ നിർത്താതെ കുതിക്കുകയാണ്. വളരെ വിജനമായ പാതകൾ. വളരെ ചുരുക്കം ചില ചെറുകടകൾ ആളനക്കമില്ലാതെ അയാൾ കണ്ടു. അയാൾക്ക്‌ ദാഹവും വിശപ്പും തോന്നിയില്ല. അയാളുടെ മനസ്സ് അയാളുടെ ഗ്രാമത്തിലും വീട്ടിലുമായി അലഞ്ഞു നടന്നു. ഓപ്പൺ ചെയ്ത കാറിന്റെ ഡോർ വിൻഡോയിലൂടെ തണുത്ത കാറ്റു കുതിച്ചു കയറി. തന്റെ മനസ്സറിഞ്ഞു എന്നു വേണം കരുതാൻ. നല്ല സുന്ദരമായ ഒരു ഗാനം ഡ്രൈവർ പ്ലേ ചെയ്തു..

 

 

‘‘തുമ്പയും തുളസിയും കുടമുല്ലപ്പൂവും...’’ എന്തൊരു സുഖം. മരുഭൂമിയിലെ കട്ടിയുള്ള പുഴുങ്ങിയ പൊടിക്കാറ്റ ല്ല ഇത്. സ്വന്തം നാട്ടിലെ സുഗന്ധമുള്ള കാറ്റാണിത്. നാടിന്റെ രുചിയുള്ള കാറ്റാണിത്. ഗ്രാമത്തിലേക്കുള്ള വിജനമായ പാതയിലേക്ക് കടക്കുമ്പോൾ അയാൾ കണ്ടു ഒരാരവം. താൻ ഇരുന്ന കാറിനു നേരെ ലക്ഷ്യമാക്കി ഓടി വന്നിരുന്നവർ മാസ്ക് ധരിച്ചിരുന്നുവെങ്കിലും അവരെ അയാൾ വ്യക്തമായി കണ്ടു. മുമ്പിൽ ഓടിയെത്തി ക്കൊണ്ടിരുന്നത് അമ്മയും അച്ഛനും, പിന്നീട് ഭാര്യയെയും മക്കളെയും കണ്ടു. അതിന്റെ പിറകിൽ കുറെ ബന്ധുക്കളെയും... ഒടുവിൽ കുറെ നാട്ടുകാരും...

 

അവരുടെ കയ്യിലിരുന്ന ചെറുകല്ലുകൾ വാശിയോടെ അയാളുടെ വാഹനത്തിനു നേരെ വീശിയെറിഞ്ഞു.. കാറിന്റെ വിൻഡോ സ്ക്രീൻ വലിയ ശംബ്ദത്തോടെ പൊടിഞ്ഞു ചിലന്തി വലകളായി. ഡ്രൈവർ ഡോർ തുറന്നു പൊന്തക്കാട്ടിൽ മറഞ്ഞു... അവർ കൂടുതൽ അടുക്കുമ്പോൾ അയാളുടെ ചെവിയിൽ ഒരു ആരവം കേട്ടു.

 

‘‘പ്രവാസി ഗോ ബാക്... പ്രവാസിക്ക് ഞങ്ങളുടെ നാട്ടിൽ ഇടമില്ല...’’

 

അവരുടെ കയ്യിലിരുന്ന പ്ലക്കാർഡുകൾ ഉയർന്നു. മുദ്രവാക്യത്തിനിടയിൽ അവരുടെ മുഷ്ടികൾ അന്തരീ ക്ഷത്തെ മർദ്ദിച്ചു കൊണ്ടിരുന്നു. അയാൾ പെട്ടെന്ന് പുറത്തേക്കു കുതിച്ചു. മുന്നിൽ കണ്ട ഒട്ടും പരിചയ മില്ലാത്ത ഊടുവഴിയിലൂടെ കുതിച്ചു പാഞ്ഞു... ആളുകൾ കുറുവടികളും കൂർത്ത കല്ലുകളുമായി അയാളുടെ പിറകെയും. കുറെ ഓടി തിരിഞ്ഞു നോക്കിയപ്പോൾ ആരെയും പിന്നാലെ കാണുന്നില്ല.

 

 

അയാൾ നായ കിതയ്ക്കും പോലെ കിതച്ചു. വായിൽ നിന്നും വെളുത്തപത പതഞ്ഞൊഴുകി... വിയർത്ത അഴുക്കു പൂണ്ട വസ്ത്രത്തോടെ... അയാൾ അവിടെ കണ്ട ഒരു ചെറുമരത്തിന്റെ മറുപുറത്ത് ഒളിച്ചിരുന്ന് ഭീതിയോടെ ചുറ്റും നോക്കി. പണ്ട് കണ്ട ഒരു നാടകത്തിലെ ഒരു രംഗം അയാളുടെ മനസ്സിലേക്ക് അപ്പോൾ ചിറകടിച്ചു വന്നു. ശൂദ്രനായ ഒരാളെ പ്രണയിച്ച് അയാളുടെ കൂടെ ഇറങ്ങിപ്പോയ നമ്പൂതിരി പെൺകുട്ടിയുടെ കഥ.

 

 

പിന്നോക്കക്കാരനായ ഒരു ചെറുപ്പക്കാരന്റെ ഒപ്പം പോയതിന് അന്നത്തെ നമ്പൂതിരി നാട്ടുനടപ്പനുസരിച്ചു സ്മാർത്ത വിചാരം ചെയ്തു പടിയടച്ചു പിണ്ഡം വെച്ചു പടി കടത്തും. അവൾക്കു പിന്നീടൊരിക്കലും ഇല്ലത്തേക്ക് തിരിച്ചുവരാൻ കഴിയില്ല. സമൂഹം അവളെ പുഴുത്ത പട്ടിയെപ്പോലെ കല്ലെടുത്ത് എറിഞ്ഞോടിക്കും. 

 

 

അയാൾക്ക്‌ തല കറങ്ങി... അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... കൊറോണക്കാലത്തു തിരിച്ചു നാട്ടിലെ ത്തിയതിനാലാണ് തന്നെ പടിയടച്ചു പിണ്ഡം വെച്ചു ശിക്ഷ നടപ്പാക്കിയിരിക്കുന്നത്. അന്ന് നമ്പൂതിരി. ഇന്ന് തന്റെ സ്വന്തം ഗ്രാമം. കാലം അതിന്റെ കരവിരുത് കാട്ടുന്നു.

 

ചിറകറ്റ മോഹങ്ങളുടെ വേലിയിറക്കം. അയാൾ വിറപൂണ്ടു ചുറ്റും പകച്ചു നോക്കി. കൂകി വിളികളും ആരവങ്ങളും അടുത്ത് വന്നുകൊണ്ടിരുന്നു... ചക്കാലയിലെ ചെറുക്കന്റെ കൈയിലിരുന്ന മൂർച്ചയുള്ള ഒരു കല്ല് അയാൾക്കുനേരെ ചീറിവന്നു. നെറ്റിയിൽ നിന്ന് ചുടുനിണം കിനിഞ്ഞൊഴുകി അയാളുടെ വസ്ത്രത്തിൽ ചിത്രപ്പണികൾ നടത്തി. കണ്ണിന്റെ കൃഷ്ണമണികൾ പുളഞ്ഞു...

 

വേദന നിറഞ്ഞ നെറ്റി അയാൾ കൈ കൊണ്ട് തുടച്ചു. കൈയിൽ നനവ് തട്ടി. അയാൾ കണ്ണുകൾ വലിച്ചു തുറന്നു. അയാൾ ഭീതിയോടെ കൈയിലേക്ക് നോക്കി. അവിടെ വിയർപ്പു നനവ്. ഏസിയുടെ മുരൾച്ച... മുമ്പിലെ കംമ്പ്യൂട്ടർ സ്‌ക്രീനിൽ അപ്പോൾ  പുതിയ വാർത്ത സ്ഥാനം പിടിച്ചിരുന്നു.

 

English Summary : Choola Story By Poonthottathu Vinayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com