ADVERTISEMENT

വഴക്ക് (ചിരിക്കഥ)

ശോഷിച്ചിട്ടാണെങ്കിലും നാരായണൻ നായരെ കാണാൻ നല്ല ഭംഗിയാണ്. വെളുത്ത നിറം, ശാന്തമായ മുഖവും കണ്ണുകളും, നരച്ച താടിയും മുടിയും, ഉറുമ്പിനെ പോലും നോവിക്കാതെയുള്ള നടത്തം. അങ്ങനെ കാഴ്ചയിൽ ഒരു സദ്ഗുണസമ്പന്നൻ. പക്ഷേ ഒന്നുരണ്ടു പ്രശ്നങ്ങളേയുള്ളൂ. ഒന്നാമത്തെ കാര്യം ഒരു പണിക്കും പോവില്ല. രണ്ടാമത്തെ കാര്യം മഹാ വൃത്തിരാക്ഷസനാണ്.

 

 

ആദ്യമൊക്കെ സദ്യവട്ടമൊരുക്കാൻ പോകുമായിരുന്നു. വൃത്തിശീലം രൂക്ഷമായപ്പോൾ അത് നിർത്തി. എന്നും കുളിക്കുന്ന ശീലമൊന്നുമില്ല. പക്ഷേ രാവിലെയും വൈകിട്ടും മണിക്കൂറുകളോളം സമയമെടുത്ത് കൈകാലു കൾ വൃത്തിയായി തേച്ചുരച്ച് കഴുകും. അതിനും പ്രത്യേക രീതിയുണ്ട് മൂപ്പർക്ക്. കടപ്ലാച്ചിയുടെ അല്ലെങ്കിൽ പൊടിനിയുടെ ഇലകൊണ്ട് കൈകാലുകൾ തേച്ചുരയ്ക്കും. ശേഷം ചകിരിയും സോപ്പും കൊണ്ട് തേച്ചുരച്ച് കഴുകും. എന്നിട്ടും മതിയായില്ലെങ്കിൽ കല്ലിൽ നന്നായി ഉരച്ചുകഴുകും. അതിനുശേഷം പത്രകടലാസുകൊണ്ട് കൈകാലുകൾ തുടച്ചശേഷം തുണികൊണ്ട് ഒന്നുകൂടി വൃത്തിയായി തുടയ്ക്കും. കൈകാലുകൾ കഴുകുന്നത് ഇങ്ങനെയാണെങ്കിൽ കുളിക്കുന്ന സമയത്തെ ഉരച്ചുകഴുകലിന്റെ ഊക്ക് എന്താവുമെന്ന് ഞാനാലോചിക്കാ റുണ്ട്. തൊലി ഇളകിപോരാത്തത് ഭാഗ്യമെന്നേ പറയേണ്ടൂ.

 

 

 

പക്ഷേ നായരുടെ ഭാര്യ പരമസാധുവാണ്. ഇപ്പോഴും ബസ്സിൽ കയറാൻ പേടിയുള്ള, പാടത്തു പണിക്കു പോകുന്ന, ഇടിയും മിന്നലും വന്നാൽ മൂടിപ്പുതച്ച് പേടിച്ചിരിക്കുന്ന ഒരു സാധു സ്ത്രീ. നായരുടെ ഈ വൃത്തിശീലം കാരണം പൊറുതിമുട്ടിയത് മൂപ്പത്ത്യാരാണ്. ഭർത്താവിന്റെ ഈ സ്വഭാവം ജലപിശാച് കൂടിയതാണെന്നാണ് ഭാര്യയുടെ പറച്ചിൽ. ഇക്കാരണം പറഞ്ഞ് രണ്ടു പേരും തമ്മിൽ വഴക്ക് പതിവാണ്.

 

 

 

അന്ന് പതിവിലും വിപരീതമായി നായരുടെ ഒച്ചയേക്കാളും ഉയർന്നുകേട്ടത് മണിചേച്ചിയുടെ ശബ്ദമായി രുന്നു. അന്നത്തെ വഴക്കിനും പ്രത്യേകിച്ച് കാരണമൊന്നുമില്ല. എന്നും നായരാണ് അടുക്കളയിൽ ഭക്ഷണം തയാറാക്കുക. സ്വയം പാകം ചെയ്ത ഭക്ഷണമേ കഴിക്കൂ. കഴുകി കമഴ്ത്തിവെച്ചിരുന്ന ചോറുകലം വീണ്ടും രണ്ടു മൂന്നു തവണ വൃത്തിയായി കഴുകിയിട്ടാണ് മണിചേച്ചി അടുപ്പത്ത് വെച്ചത്. അടുപ്പ് കത്തിക്കാനുള്ള വിറക് കൊണ്ടുവന്നുവെച്ചപ്പോൾ കലത്തിന് ഒരൽപം ചെരിവുണ്ടെന്ന് തോന്നി അതൊന്നു നേരെ വെച്ചു. ഇതുകണ്ടു നിന്ന നായർക്ക് ഹാലിളകി.

 

 

വിറകെടുത്തുകൊണ്ടുവന്ന കൈ കഴുകാതെ കലത്തിൻമേൽ തൊട്ടു എന്നതാണ് പ്രശ്നം. തന്റെ കൈയിൽ അഴുക്കൊന്നുമായിട്ടില്ലെന്നും ഇനി അതുപറ്റില്ലെങ്കിൽ കലം കഴുകി വേറെ വെള്ളമെടുത്ത് നായരോട് തന്നെ അടുപ്പത്ത് വെച്ചോളാനും മണിചേച്ചി പറഞ്ഞു. അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് വഴക്കങ്ങ് മൂത്തു. ദേഷ്യം വന്ന നാരായണൻ നായർ മണിചേച്ചി നുണച്ചിയാണെന്നും അഞ്ചുകാശിന് വൃത്തിയില്ലാത്തവളാണെന്നും ആരോപിച്ചു. 

 

 

ഈ ആരോപണത്തിൽ വ്യസനംമൂത്ത മണിചേച്ചി  ‘‘ഇനി ഞാനെന്തു ചെയ്യും ശിവനേ’’ എന്നും പറഞ്ഞു കൈരണ്ടും കൂട്ടിപിടിച്ച് എക്സ്റേ ഫിലിമിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ എല്ലിൻകൂടുകൾ എഴുന്നു നിൽക്കുന്ന സ്വന്തം നെഞ്ചത്തിട്ട് ആഞ്ഞ് രണ്ടിടി.

 

ആ ‘‘ഇടിക്കടി, ഇടിക്കടി ഒന്നുകൂടി ഇടിക്ക്’’ എന്നു പറഞ്ഞ് പ്രോത്സാഹനം നൽകി നാരായണൻ നായർ. ഈ പെമ്പ്രന്നോത്തി രാവിലെതന്നെ ഭർത്താവിനെ എടുത്തിട്ട് അടിക്കുകയാണോ എന്ന് അയൽക്കാർ തെറ്റിദ്ധരി ക്കുമെന്ന് ഭയന്നിട്ടോ, ഇനിയും ഇടിച്ചാൽ കേട് തന്റെ നെഞ്ചിനാണല്ലോ എന്ന ഓർമ്മവന്നതുകൊണ്ടോ എന്തോ, മണിചേച്ചി നെഞ്ചത്തടി അവസാനിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വന്ന കിതപ്പകറ്റാനായി വിശ്രമിക്കുന്ന മണിചേച്ചിക്ക് ഒരുഗ്ലാസ്സ് ചൂടുവെള്ളം കൊടുത്ത് അന്നത്തെ വഴക്ക് നായരങ്ങ് ഒത്തുതീർപ്പാക്കി.

 

English Summary : Vazhakku Story By Priya Krishnan Kutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com