ADVERTISEMENT

പ്രകൃതിയിലേക്ക് ഒരു മടക്കം ( അനുഭവക്കുറിപ്പ്) 

ഏകദേശം ഒരു മാസം മുൻപാണ്, ലോക്‌ഡൗണിന്റെ തുടക്കത്തിൽ. അച്ഛന്റെ കുടുംബത്തിലുള്ള എല്ലാവരും ചേർന്ന് ഒരു virtual get-together സംഘടിപ്പിച്ചത്. അച്ഛന്റെ മൂന്നാമത്തെ സഹോദരൻ മുരളിയപ്പന്റെ മകൻ ഗോപു അമേരിക്കയിൽ നിന്നുമെത്തി ക്വാറന്റൈൻ ആയിട്ട് വീട്ടു തടങ്കലിൽ കഴിയുന്ന നാളുകൾ. അവന്റെ ഭാര്യ മീര ഒരു കുഞ്ഞുവാവയ്ക്ക് ജന്മം നൽകി ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ തിരികെയെത്തിയിട്ടേയുള്ളൂ. സ്വന്തം നവജാതശിശുവിനെ കാണാനോ കയ്യിലെടുത്തു ലാളിക്കാനോ ആവാതെ അവൻ. എന്നിട്ടും ഗവൺമെന്റ് നിശ്ചയിച്ച മുഴുവൻ ക്വാറന്റൈൻ കാലാവധിയും അവൻ അനുസരിച്ചു. തൊട്ടടുത്ത വീട്ടിലുള്ള അച്ഛനെയും അമ്മയെയും പോലും കാണാൻ സാധിക്കാതെ വിരസവേളകൾ ചെലവഴിക്കുമ്പോൾ അവന്റെ ബുദ്ധിയിൽ ഉരുത്തിരിഞ്ഞതാണ് ഈ കുടുംബസംഗമത്തിന്റെ ഐഡിയ.

 

ദിവസവും സമയവും നിശ്ചയിക്കപ്പെട്ടു. സൂം മീറ്റിങ് ഇൻവിറ്റേഷൻ കൈപ്പറ്റിയവരെല്ലാം അവരവരുടെ ലാപ്ടോപ്പിലും മൊബൈലിലുമൊക്കെയായി പ്രത്യക്ഷപ്പെട്ടു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള 12 കുടുംബങ്ങളിലെ ഏകദേശം അമ്പതു പേരോളം, അതിൽ പ്രായമായവർ മുതൽ നവജാതശിശു വരെയുണ്ടായിരുന്നു. ജർമനിയിലുള്ള ഒരു കസിൻ കുട്ടു ഉറക്കമെഴുന്നേറ്റു വരുമ്പോൾ ഓസ്‌ട്രേലിയയിലുള്ള ഒരു കസിൻ അമ്മു വൈകുന്നേരത്തെ ചായ കുടിക്കുന്നു. എല്ലാവരെയും ഒന്നിച്ച് ഒരു സ്‌ക്രീനിൽ കാണുവാനും സംവദിക്കുവാനും സാധിക്കുമ്പോൾ കൊറോണയുടെ ഭീതിദായകമായ സാഹചര്യത്തിലെ അനിശ്ചിതത്വത്തിലും എല്ലാവരുടെയും മുഖത്ത് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ലാഞ്ഛ.

 

അവരവരുടെ വിശേഷങ്ങൾ പങ്കുവെയ്ക്കലും കുഞ്ഞുങ്ങളുടെ കലാപരിപാടികളുമായി സമയം പോയതറി ഞ്ഞതേയില്ല. ഇറഞ്ഞാൽ വാര്യത്തെ അവധിക്കാലങ്ങൾ മനസ്സിലേയ്ക്ക് ഓടിയെത്തി. അമ്മയുടെയും ചിറ്റമാരു ടെയും കൂടെ പറമ്പിന്റെ അങ്ങേ അറ്റത്തായി ഒഴുകുന്ന മീനച്ചിലാറ്റിലേക്കൊരു യാത്ര. കുട്ടികൾക്ക് ആറ്റിൽ കുളിക്കാൻ അനുവാദമില്ലായിരുന്നു. അമ്മയും ചിറ്റമ്മമാരും കുളിയും വസ്ത്രങ്ങൾ നനയ്ക്കലും നടത്തുമ്പോൾ ഞങ്ങൾ കുട്ടികൾ പായലും പുല്ലും പിടിച്ച പടിക്കെട്ടുകളിലിരുന്നു സൊറ പറയും. 

 

 

ഇടയ്ക്ക് പടികൾക്കിടയിലെ പുല്ലിനിടയിൽ നിന്നും എത്തിനോക്കുന്ന അട്ടയെ കുത്തി ചുരുട്ടും. എന്നിട്ടു വീണ്ടും കുത്തി നേരെയാക്കും. അപ്പോഴാവും പൊന്തക്കാട്ടിൽ നിന്നും ഇലയനക്കം. ഞങ്ങൾ ശബ്ദമുണ്ടാ ക്കാതെ കല്ലുകളുമായി അങ്ങോട്ടേയ്ക്ക് പോകും. വീണ്ടും ഇലയനങ്ങുമ്പോൾ കല്ലുകൾ തുരുതുരെ എറിയും. പൊന്തക്കാട്ടിൽ മറഞ്ഞിരിക്കുന്ന ‘‘ഞരമ്പുകൾ’’ കണ്ടം വഴി ഓടുമ്പോൾ ഞങ്ങൾ പുറകിൽ നിന്നും കൂവും.

 

ഉച്ചതിരിഞ്ഞ് ചായകുടിക്ക് ശേഷം ഇറയത്ത് എല്ലാവരും ഒത്തുചേരും. മഴയും വെയിലും എല്ലാം ഒന്നിച്ചു കാണും. രണ്ടു വികൃതി ആൺമക്കളുള്ള ശോഭന ചിറ്റയ്ക്ക് ഞാനും എന്റെ സഹോദരിയുമായിരുന്നു പെണ്മക്കൾ. ചിറ്റ മുറ്റത്തെ മുല്ലപ്പൂക്കൾ പറിച്ച് കെട്ടി ഞങ്ങളുടെ തലയിൽ വെച്ചു തരും. മൈലാഞ്ചി അമ്മിക്കല്ലിൽ അരച്ച് കൈകളിൽ ഇട്ടു തരും. എന്തൊരു വാസനയായിരുന്നു ദിവസങ്ങളോളം തലയിൽ പൂക്കളുടെയും കയ്യിൽ മൈലാഞ്ചിയുടെയും.

 

 

സന്ധ്യക്ക് കത്തിച്ച വിളക്കിനു മുന്നിലായി ഞങ്ങൾ കുട്ടികൾ അടക്കത്തോടെയിരിക്കും. കുഞ്ഞപ്പനും കുമാരി ചേച്ചിയും ചൊല്ലിത്തരുന്ന പ്രാർത്ഥനകൾ കണ്ണടച്ച് കൈകൂപ്പി ഞങ്ങൾ ഏറ്റു ചൊല്ലും. മച്ചിട്ട ഇരുണ്ട മുറിയിൽ നിറദീപപ്രഭയിൽ നാമജപത്തിന്റെ ആത്മീയവലയത്തിൽ - വല്ലാത്തൊരു അനുഭൂതിയായിരുന്നു.

 

“കരളിൽ വിവേകം കൂടാതേക-

ണ്ടരനിമിഷം ബത! കളയരുതാരും;

മരണം വരുമിനിയെന്നു നിനച്ചിഹ

മരുവുക സതതം; നാരായണ! ജയ.

കാണുന്നൂ ചിലർ

പലതുമുപായം;

കാണുന്നില്ല മരിക്കുമിതെന്നും;

കാൺകിലുമൊരു നൂറ്റാണ്ടിനകത്തി-

ല്ലെന്നേ കാണൂ; നാരായണ! ജയ.

കിമപി വിചാരിച്ചീടുകിൽ മാനുഷ-

ജന്മനി വേണം മുക്തി വരേണ്ടുകിൽ;

കൃമിജന്മത്തിലുമെളുതായ് വരുമീ-

വിഷയസുഖം ബത! നാരായണ! ജയ”

 

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ  ആ പ്രാർത്ഥനയുടെ ഓളങ്ങൾ ഇന്നും മനസ്സിലും ജീവിതത്തിലും തിരയടിച്ചുകൊണ്ടേയിരിക്കുന്നു.

 

ഈ അഖണ്ഡബ്രഹ്മാണ്ഡത്തിലെ അതിസൂക്ഷ്മമായ ഒരു ബിന്ദു മാത്രമാണ് നാം ജീവിക്കുന്ന ഭൂമി. അപ്പോൾ അതിലെ തൃണസാമാനനായ മനുഷ്യന്റെ അവസ്ഥയൊന്ന് ഓർത്തുനോക്കൂ. എന്നിട്ടും താനാണ് എല്ലാറ്റിനും മേലേ, എല്ലാം നിയന്ത്രിക്കുന്നതെന്ന അഹങ്കാരമായിരുന്നു അവന്.    

 

മനുഷ്യന്റെ അഹന്തയ്ക്ക് നഗ്നനേത്രത്താൽ ഗോചരമല്ലാത്തവിധം സൂക്ഷ്മരൂപിയായ ഒരു അണു നൽകിയ തിരിച്ചടി. ഇതൊരു പുനഃക്രമീകരണമാണ്. സന്തുലിതാവസ്ഥയ്ക്കായുള്ള പ്രകൃതിയുടെ അലിഖിത നിയമം. അനുസരിക്കുന്നവർ അതിജീവിക്കും. അല്ലാത്തവർ കാലത്തിന്റെ കുത്തൊഴുക്കിൽ മുങ്ങിത്താഴും.

 

പുല്ലിനും പുഴുവിനും പൂവിനും സകലജീവജാലങ്ങൾക്കും ഒപ്പം തന്നെയാണ് മനുഷ്യനെന്ന പരമാർത്ഥം അംഗീകരിച്ചേ പറ്റൂ. ഇല്ലെങ്കിൽ ഇങ്ങനെയുള്ള തിരിച്ചടികൾ കാലക്രമത്തിൽ ഉണ്ടായിക്കൊണ്ടേയിരിക്കും. പ്രകൃതിയെ അറിഞ്ഞു സംരക്ഷിച്ചു ജീവിക്കണം. നമ്മുടെ ആരോഗ്യത്തിനും മറ്റു സഹജീവികളുടെ സഹവർത്തിത്വത്തിനും അത് അത്യന്താപേഷിതമാണത്.  

 

‘‘ഈ ലോകത്തിന്റെ ഭംഗിയറിയണമെങ്കിൽ കുറച്ചു കാലം ജയിലിൽ കിടക്കണം’’ - ചെങ്കോൽ എന്ന ചിത്രത്തിൽ മോഹൻലാൽ പറയുന്ന ഡയലോഗാണ്. ലോക്ക്ഡൗൺ ദിനങ്ങളിൽ വീട്ടു തടങ്കലിലായ പ്പോഴാണ് പ്രകൃതിയെ വളരെയധികം മിസ്സ് ചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്. എന്നും വൈകിട്ട് നടക്കാൻ പോവുക എന്റെ ഒരു ശീലമായിരുന്നു. ഭാരമൊന്നുമില്ലാതെ നൂലുപൊട്ടിയ പട്ടം പോലെ ഞാനങ്ങനെ പറന്നു നടക്കും. 

 

‘‘ഇതെന്തൊരു സ്പീഡാണ്’’ എന്നു പലരും ചോദിച്ചിട്ടുണ്ട്. ‘‘ആപ് ഐസേ ക്യോമ് ഭാഗ് രഹെ ഹൈ?’’എന്നിങ്ങനെ പല ചോദ്യങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടം. എന്നാലേ ഉദ്ദേശം നടക്കൂ. ഇല്ലെങ്കിൽ വെറും വാചകവും പരദൂഷണ കമ്മിറ്റിയും മാത്രമാവും. വ്യായാമം നടക്കില്ല. പരദൂഷണം പണ്ടേ എനിക്കിഷ്ടമല്ലാത്തതിനാൽ പല കിറ്റി പാർട്ടികളും ഒഴിവാക്കിയിട്ടുമുണ്ട്. വഴിനീളെയുള്ള പൂക്കളെയൊക്കെ കണ്ട് എന്റെ സൗകര്യത്തിനു നടക്കണമെങ്കിൽ ഒറ്റയ്ക്കുള്ള നടത്തം തന്നെയാണ് നല്ലത്.

 

ഇപ്പോൾ നടക്കാൻ പോകാൻ പണ്ടത്തെപ്പോലെ ഉത്സാഹമില്ല. അന്തരീക്ഷ വായു ശുദ്ധമായപ്പോഴേക്കും മനുഷ്യർക്ക് മുഖംമൂടി അണിയേണ്ടി വന്നു. മാസ്കും വെച്ച് നടക്കാൻ പോകാൻ എന്തുകൊണ്ടോ എനിയ്ക്ക് തീരെ ഇഷ്ടമില്ല. എന്നാലും വല്ലപ്പോഴും ഉണ്ണിയേട്ടനൊപ്പം നടക്കാനിറങ്ങും. 

 

സാധാരണ മൊബൈൽ എടുക്കാറില്ല. ഭാരമില്ലാതെ നടക്കണമെങ്കിൽ അതാണ് നല്ലത്. ഇന്നലെ പുതുതായി വിരിഞ്ഞ പൂവുകൾ കാണുവാനിറങ്ങുമ്പോൾ മൊബൈലും കൂടെ എടുത്തു. വഴിയിൽ സ്ഥിരം കാണാറുള്ള പലരെയും മാസ്ക് വെച്ചതിനാൽ കണ്ടിട്ട് മനസ്സിലായില്ല. ചിലർ മൊട്ടയടിച്ചിരിക്കുന്നു. പരിചയമുള്ള ഒരമ്മൂമ്മ എന്നെ സൂക്ഷിച്ചു നോക്കി. ഞാൻ ഹൃദ്യമായി ചിരിച്ചിട്ടും അവർ കറുകറാ നോട്ടം തുടർന്നപ്പോഴാണ് എന്റെ ചിരി എനിക്കു മാത്രമേ അറിയൂ എന്ന സത്യം ഞാൻ മനസ്സിലാക്കിയത്. പരിചയ ഭാവത്തിൽ ഞാൻ കൈകൾ ഉയർത്തി. എന്നിട്ടും മാസ്ക് വെച്ച എന്നെ അവർക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. 

 

 

പലതരം പൂവുകളുടെ ചിത്രം പകർത്തി മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഇരുമ്പുവേലിക്കൽ എന്നെ എത്തിനോ ക്കുന്ന മധുമാലതികൾ കണ്ടത്. എന്റെ ജീവിതത്തിലെ ഓരോ വേലിക്കലും കുളിർമയുള്ള സൗരഭം പകർന്നു നൽകുന്ന ഈ പൂവുകളെ ഞാനെങ്ങനെ കണ്ടില്ലെന്ന് നടിക്കും. പൂവുകളുടെ ചിത്രം പകർത്തുന്നത് വളരെ വർഷങ്ങൾക്കു മുൻപേ തുടങ്ങിയതാണ്. നാട്ടിലെ പറമ്പിൽ തെണ്ടിത്തിരിഞ്ഞ് കൊച്ചു കൊച്ചു പൂക്കൾ വരെ ഞാൻ മൊബൈലിൽ പകർത്താറുണ്ട്. അവയൊക്കെ കാണുമ്പോൾ അമ്മയ്ക്ക് അത്ഭുതം. 

 

‘‘കുഞ്ഞേ ഇതൊക്കെ ഇവിടുള്ളതാണോ? ഞാൻ ഇതൊന്നും കണ്ടിട്ടില്ലല്ലോ’’

 

എന്നും കാലത്ത് പ്രിയപ്പെട്ടവർക്ക് സുപ്രഭാതം ആശംസിക്കാനായി ഞാൻ എന്റെ തന്നെ ഇത്തരം ചിത്രങ്ങളാണ് ഉപയോഗിക്കാറ്. ഒരു ദിവസം ചിത്രം കണ്ടില്ലെങ്കിൽ ചില നല്ല സുഹൃത്തുക്കൾ അന്വേഷിക്കാ റുമുണ്ട്. ഏതെങ്കിലുമൊരു ചിത്രം ആവർത്തിച്ചാൽ ഒരു സുഹൃത്ത് ശാസിക്കാറു പോലുമുണ്ട്.

 

കുമിള പോലെ നൈമിഷികമായ ജീവിതത്തിലെ ഇത്തരം കൊച്ചു കൊച്ചു ബന്ധങ്ങളിലും അവ നൽകുന്ന സന്തോഷങ്ങളിലും ജീവന്റെ തൂക്കണാം കുരുവിക്കൂട് ഞാൻ കൊരുത്തിട്ടിരിക്കുന്നു.

 

English Summary : Prakruthiyileku Oru Madakkam Experience By Muktha Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com