ADVERTISEMENT

സുഷിരദുഃഖം (കഥ)

സുഷിരത്തിനുള്ളിലൂടെ നാരായണന്‍കുട്ടി മാഷ് സ്റ്റീലലമാരയിലുറപ്പിച്ച നിലക്കണ്ണാടിയില്‍ തന്‍റെ പ്രതിബിം ബം കണ്ടു. നരച്ചു നീണ്ട മീശരോമങ്ങളിലും താടിയിലും മുടിയിലും ഒരുമാസം മുമ്പ് പൂശിയ ചായത്തിന്‍റെ ശേഷിപ്പുകള്‍ അങ്ങിങ്ങായുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ആകെ ശോഭകെട്ട് വിളറിയുണങ്ങിപ്പോ യിരിക്കുന്നു.

 

 

ഇനീപ്പോ എന്തു ചെയ്യും? മാഷ് വിഷണ്ണനായി. നാരായണന്‍കുട്ടി മാഷുടെ റിട്ടയര്‍മെന്‍റ് ഒരു സംഭവവുമാകാ തെയാണ് കടന്നുപോയത്. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു മാഷിന്. സ്കൂളടയ്ക്കുന്ന ദിവസം, അതായത് മാര്‍ച്ച് മുപ്പത്തിയൊന്നിന്, അന്നാണ് മാഷ് നീണ്ട മുപ്പത്തിയാറ് വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കേണ്ടിയിരുന്നത്. 

 

 

വൈകിട്ട് വീട്ടില്‍ വലിയൊരു പാര്‍ട്ടി നടത്തണം. വെജിറ്റേറിയനും നോണും വെവ്വേറെ കൗണ്ടറുകള്‍, കല്യാണ പ്പാര്‍ട്ടികള്‍ക്കൊക്കെ ചെയ്യുന്നതുപോലെ, ഒരുക്കണം. സ്കൂളില്‍ നിന്നും ഉച്ചതിരിഞ്ഞ് സഹഅധ്യാപകര്‍ ചേര്‍ന്ന് വീട്ടില്‍ കൊണ്ടുവിടുമ്പോള്‍ ഒപ്പം ജോലിചെയ്തിരുന്ന ചങ്ങാതിമാരെയും ബന്ധുജനങ്ങളെയും നാട്ടുകാരെയുമൊക്കെ ക്ഷണിക്കണം. അങ്ങനെയൊരുപാടൊരുപാടു മോഹങ്ങള്‍. അന്നേദിവസം നടത്താനായൊരു നെടുങ്കന്‍ പ്രസംഗം പോലും മാസങ്ങള്‍ നീണ്ട തയാറെടുപ്പോടെ ഒരുക്കിവെച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് ഇരുപത്തിയൊന്നിന് വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമാണ് എല്ലാം തകിടം മറിച്ചുകളഞ്ഞത്. വിരമിച്ചോ ഇല്ലയോ എന്നു പോലും ആരുമറിയാതെ മാര്‍ച്ച് മുപ്പത്തിയൊന്ന് എന്ന മഹത്തായ ദിനം കടന്നുപോയിട്ട് ഇന്നേക്ക് ഇരുപതു ദിവസങ്ങള്‍.

 

സത്യത്തില്‍ അതിലും പ്രധാനമായി മാഷെ ഇപ്പോഴലട്ടുന്ന സംഗതി തുണിയെടുപ്പുമായി ബന്ധപ്പെട്ടുള്ള തായിരുന്നു. മാഷ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പ്രധാനമായും അടിയുടുപ്പുകള്‍, പഴകി പിന്നി മാറ്റാറായി രുന്നു. ദേവസ്വം ബോര്‍ഡില്‍ അഡ്മിനിസ്ട്രേറ്ററായ ഭാര്യ ഉഷാദേവി പലവട്ടം പറഞ്ഞിട്ടും, ഏതായാലും റിട്ടയര്‍മെന്‍റ് വരുവല്ലേ, അപ്പോഴേതായാലും എല്ലാവര്‍ക്കും തുണിയെടുക്കേണ്ടതല്ല്യോ, ബാംഗ്ലൂരില്‍ പഠിക്കുന്ന മക്കളു രണ്ടുപേരും അപ്പോഴേക്കും വരുവേം ചെയ്യൂല്ലോ എന്നൊക്കെ പറഞ്ഞ് മാറ്റിവെച്ചതായിരുന്നു. ഇപ്പോഴത്തെ പ്രശ്നമെന്താണെന്നു വെച്ചാല്‍ മാഷിന് പുറത്തേക്കു പോവാന്‍ ഓട്ടയില്ലാത്ത ഒരടിയുടുപ്പില്ല. 

 

പലചരക്കും പച്ചക്കറീമൊക്കെ തീര്‍ന്നുവെന്ന് അടുക്കളയില്‍ നിന്നും അറിയിപ്പു കിട്ടീട്ട് ഇന്ന് രണ്ടാമത്തെ ദിവസമാണ്. അവശ്യസാധനങ്ങളുടെ, അതായത് പലചരക്കുകടകളും പച്ചക്കറിക്കടകളുമൊക്കെ നിശ്ചിത സമയത്തേക്ക് തുറന്നിട്ടുണ്ട്. തുണിയൊന്നും സര്‍ക്കാരിന്‍റെ അവശ്യവസ്തുക്കളുടെ പട്ടികേല്‍ പെടാത്തതു കൊണ്ട് അവയൊന്നും തുറക്കുകേലത്രെ! തുണിയുടുത്തില്ലേലും വിശപ്പാണല്ലോ പ്രധാന കാര്യം. ആദിമ മനുഷ്യന്‍ തുണിയുടുത്തിട്ടാണോ ജീവിച്ചത് എന്നൊക്കെ ചിലപ്പോള്‍ സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടാകാം.

 

ഇന്നു രാവിലെയാണ് അടുക്കളയില്‍ നിന്നും അന്ത്യശാസനം ലഭിച്ചത്. നിങ്ങളിങ്ങനിരുന്നാലെങ്ങനാ, ഉച്ചയ്ക്ക് ചോറുതിന്നണ്ടേ? വെക്കണേങ്കില്‍ അരീല്ല്യ. കറിവെക്കാന്‍ പച്ചക്കറീമില്ല്യ. പുരക്കുചുറ്റും കോണ്‍ക്രീറ്റിട്ടു വെച്ചോണ്ട് ഒരുചുവട് പച്ചമൊളകെങ്കിലും ഇവിടെ വെച്ചുപിടിപ്പിക്കാന്‍ പറ്റീട്ടില്ല്യാലോ. 

 

 

ഓ.. പിന്നേ, വിശക്കുമ്പോഴിവള് പച്ചമൊളകാണല്ലോ തിന്നണത്. മനസ്സില്‍ ചിരിച്ചെങ്കിലും പെട്ടെന്ന് മാഞ്ഞു.

 

ഇങ്ങനെ കണ്ണാടീന്‍റെ മുന്നില് അന്തംവിട്ട് നില്‍ക്കാണ്ട് കടേല്‍പ്പോയി എന്തേലും വാങ്ങിക്കൊണ്ട്വാ മനുഷ്യാ. മാഷ് സുഷിരത്തിലൂടെ കാഴ്ചയെ വലിച്ചെടുത്ത് യാഥാര്‍ത്ഥ്യബോധത്തിലെത്തി. ഇപ്പോഴവള് മനുഷ്യാന്നേ വിളിച്ചുള്ളൂ. ദേവസ്വം ബോര്‍ഡിലാണ് ജോലിയെങ്കിലും വാക്കുകളിലൊന്നും അൽപം പോലും ദൈവിക സ്പര്‍ശമില്ലാത്തവളാണ്. എന്താണ് വിളിക്ക്വാ, പറയ്യാന്ന് മുന്‍കൂട്ടിക്കാണാന്‍ പറ്റില്ല. കടയില്‍ പോവാന്‍ രാവിലെ ഒന്നു പറഞ്ഞതിനു ശേഷം ഇടക്കിടെ വന്നു നോക്കുന്നുമുണ്ട്. കാര്യം പറഞ്ഞിട്ടും ദയനീയത പൂര്‍ണ്ണമായും പ്രതിഫലിക്കുന്ന മുഖത്തോടെ നോക്കിയിട്ടും അവള്‍ക്ക് ഭാവവ്യത്യാസമില്ല.

 

ഓ, ഓട്ടയുള്ളതുമിട്ടോണ്ട് ഇതുവരേം പൊറത്തിറങ്ങാത്തയാളല്ലേ. ഇത്രനാളും ഇതും ഇട്ടോണ്ടല്ലേ നിങ്ങള് സ്കൂളില്‍ പോയ്ക്കോണ്ടിരുന്നത്?

 

അവള് പറയുന്നതിലും കാര്യമില്ലാതല്ല. സ്കൂളടയ്ക്കുന്നതുവരെ ജോലിക്കു പോയിക്കൊണ്ടിരുന്നത് ഇതൊ ക്കെയിട്ടോണ്ട് തന്ന്യാണ്. അതുപിന്നെ അടീലെന്തായാലും പൊറത്തു കാണൂല്ലല്ലോ എന്ന ധൈര്യായിരുന്നു. കുട്ട്യോള് മുണ്ട് പറിക്കാന്‍ പോണും ഇല്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യം അതല്ലല്ലോ. റോഡിലു മുഴുവന്‍ പോലീസല്ല്യോ!

 

വണ്ടീമെടുത്തു പോയാലും മാസ്ക് വെച്ചാലും പോലീസു കൈകാണിക്കും. സത്യവാങ്മൂലം എഴുതിക്കാണി ച്ചാലും ചെലപ്പോ ഓരോ അടീം തരും. എന്നിട്ടേ കാര്യം പറയൂ. ആ വെപ്രാളത്തിലെങ്ങാനും മുണ്ടഴിഞ്ഞു പോയാല്‍! 

 

ഹെന്താ കഥ! 

 

നാട്ടാരു മുഴുവന്‍ ബഹുമാനിക്കുന്ന നാരായണന്‍കുട്ടി മാഷിന് ഓട്ടയുള്ളതേയുള്ളൂന്ന് നാട്ടില്‍ പാട്ടാവില്ലേ? ഓട്ടക്കാരന്‍ന്നോ അതിലുമപ്പുറമോ എന്തേലും ഇരട്ട പേരും വീഴും. ഇനി കഷ്ടകാലത്തിന് പോലീസു പിടിച്ചു സ്റ്റേഷനില്‍ കൊണ്ട്വായോലോ? അവിടെവെച്ച് ഉടുമുണ്ടഴിപ്പിച്ചു നിര്‍ത്തുംന്നൊക്യാ കേട്ടത്! അങ്ങന്യാണെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്ല. മരിക്ക്യാവും ഭേദം.

 

 

ധര്‍മ്മസങ്കടത്തില്‍ നാരായണന്‍കുട്ടി മാഷ് ധര്‍മ്മപത്നിയുടെ മുഖത്തേക്ക് ഒന്നൂടെ നോക്കി. ഇല്ല. ഒരലിവൂല്ല്യ! മക്കളെയൊക്കെ അന്യനാട്ടില്‍ പഠിക്കാനും ജോലിക്കും വിട്ടാലുള്ള ഗതികേടാണിത്. സഹായത്തിന് ഒരാളും ണ്ടാവില്ല്യ. അപകടമൊന്നും സംഭവിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ സര്‍വ്വ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂട്ടത്തില്‍ ഏറ്റവും ചെറിയ ഓട്ടയുള്ളതുനോക്കി തെരഞ്ഞെടുത്ത് ധരിച്ച്, മേലെ വൃത്തിയുള്ള മുണ്ടും ചുറ്റി ഷര്‍ട്ടുമിട്ട് ധൈര്യം സംഭരിച്ച് വണ്ടിയുമെടുത്ത് റോഡിലേക്കിറങ്ങി.

 

 

പച്ചക്കറിക്കടക്കു മുന്നില്‍ വലിയ ക്യൂവാണ്. ദൂരെയുള്ള കടകളിലൊന്നും പോവാന്‍ പാടില്ലെന്നാണ് നിയമം. വീടിനോട് ഏറ്റവും അടുത്ത കടയില്‍നിന്നു തന്നെ വാങ്ങണമത്രെ! ഒരുവിധം ക്യൂവില്‍ കേറിപ്പറ്റി. സുരക്ഷിത ശാരീരികഅകലത്തിനായി കുമ്മായം കൊണ്ട് അടയാളപ്പെടുത്തിയ വൃത്തത്തിലാണ് മാഷ് നിന്നത്. മറ്റുള്ള പലരും അതു പാലിക്കുന്നില്ലെങ്കിലും നിയമം പാലിക്കാന്‍ മാഷ് നിഷ്കര്‍ഷ കാണിച്ചു. കുറച്ചകലെയായി റോഡരികില്‍ നില്‍ക്കുന്ന പോലീസുകാരന്‍ ഇടയ്ക്കിടെ നോക്കുന്നതു കണ്ട് ഉള്ളൊന്നു കാളി. 

 

 

കടയ്ക്കപ്പുറം വണ്ടി പാര്‍ക്കു ചെയ്തതു നോക്കി അയാളെന്തോ എഴുതിയെടുക്കുന്നുണ്ട്. മാസ്ക്കുണ്ടെങ്കിലും മുഖത്തിന്‍റെ ബാക്കിഭാഗം കൂടെ കയ്യിലിരുന്ന സഞ്ചികൊണ്ടു മറച്ചു. ബീവറേജില്‍ ക്യൂ നില്‍ക്കുമ്പോള്‍ പോലും ഇത്രയും ബുദ്ധിമുട്ടുണ്ടായിട്ടില്ല. ആരെയും സ്പര്‍ശിക്കാതെയാണ് നില്‍ക്കുന്നതെന്ന് ഉറപ്പു വരുത്താ ന്‍ മാഷിന് ഇടക്കിടെ അങ്ങോട്ടുമിങ്ങോട്ടും ആടേണ്ടിവന്നു. പക്ഷേ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് വല്ല ബോധോം ഉണ്ടോ? അവന്മാര് ഉന്തും തള്ളും തുടങ്ങി. ബഹളത്തില്‍ നിന്നും മാറിനില്‍ക്കാംന്നു വിചാരിച്ചാല്‍ വൃത്തത്തീ ന്നു മാറണം. വൃത്തം തെറ്റ്യാ വരീം പോവും. പിന്നേം പിന്നില്‍പ്പോയി നില്‍ക്കേണ്ടി വരും. എങ്ങനേങ്കിലും പിടിച്ചു നില്‍ക്കന്നെ. 

 

 

രണ്ടും കൽപിച്ച് മാഷ് തോളുകൊണ്ടൊന്നു തള്ളി. ദാ വരുന്നു തിരിച്ച് അതിന്‍റെ ഇരട്ടി ശക്തീലൊരു തള്ള്. മാഷ് ഒരുവശത്തേക്ക് തെറിച്ചുപോയി. ബഹളം മൂത്ത് കൂട്ടത്തല്ലിന്‍റെ വക്കായി. മാസ്കിനിടേലൂടെയും മാസ്ക് മാറ്റിയും തെറിപ്പദങ്ങള്‍ ഉയര്‍ന്നു. മാഷ് സങ്കടവും അപമാനവും കൊണ്ട് കരയുമെന്ന മട്ടായി.

 

പോലീസിനെ വിളി. കടക്കാരനാണെന്ന് തോന്നുന്നു. ആരോ വിളിച്ചു പറയുന്നുണ്ട്.

 

യ്യോ.. പോലീസിനെ വിളിക്കല്ലേ..

 

മാഷ് അകമേ പ്രാര്‍ത്ഥിച്ചു. അധികം വൈകിയില്ല. ഭയപ്പെട്ടതുപോലെ പോലീസുവണ്ടി വന്നു നില്‍ക്കുന്നു! പോലീസുകാര്‍ ചാടിയിറങ്ങുന്നു. ബഹളക്കാര്‍ക്കുനേരെ ലാത്തി വീശുന്നു! 

 

താനിപ്പോള്‍ നില്‍ക്കുന്നത് കുമ്മായവൃത്തത്തിന് പുറത്താണെന്ന് ഉള്‍ക്കിടിലത്തോടെ മാഷ് മനസ്സിലാക്കി. പിടിക്കപ്പെട്ടാല്‍ കുഴഞ്ഞതു തന്നെ. പൊടുന്നനെയാണ് മാഷിന് സുഷിരചിന്തയുണര്‍ന്നത്. പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല. ചെരിപ്പ് അഴിച്ചുവെച്ച് ഓടാന്‍ തയാറെടുത്തു. പിടിച്ചു സ്റ്റേഷനിലെങ്ങാന്‍ കൊണ്ടുപോയാല്‍ പിന്നെ പറയേണ്ട. മനസ്സ് ആഞ്ഞുകുതിച്ചതനുസരിച്ച് ഓടാനാഞ്ഞെങ്കിലും കാലുനീങ്ങുന്നില്ല! എന്താണാവോയിപ്പോഴിങ്ങനെ!

 

എവിടെടാ ഓടുന്നേ.. നിക്കടാ..

 

പോലീസുകാരന്‍റെ അലര്‍ച്ച! മാഷ് തിരിഞ്ഞുനോക്കാന്‍ മെനക്കെട്ടില്ല. കഴിയുന്നതും വേഗത്തില്‍ ഓടി. ദാ, ആരോ വട്ടം പിടിക്കുന്നു. കാക്കിക്കുപ്പായം തന്നെ. കുതറിനോക്കി. രക്ഷയില്ല. കണ്ണടയൊക്കെ എവിടെയോ തെറിച്ചുപോയിരിക്കുന്നു. കയ്യിലെ സഞ്ചിയും മുഖത്തെ മാസ്കും എവിടെപ്പോയി? സത്യവാങ്മൂലമെഴുതിയ കടലാസ് വിയര്‍പ്പില്‍ കുതിര്‍ന്ന് അലിഞ്ഞു.

 

എന്തിനാടാ പുറത്തിറങ്ങ്യേ? ലോക് ഡൗണാണെന്നറീല്ലേ? മാസ്ക്കെവിടെ? സത്യവാങ്മൂലമെവിടെ? 

 

മാഷുടെ കണ്ണുകളിലിരുട്ടുകേറി. വാക്കുകള്‍ വിക്കി. വാ.. ജീപ്പീക്കേറ്. സ്റ്റേഷനീച്ചെന്നിട്ട് പറയാം ബാക്കി. ഏതോ ഗുഹയില്‍ നിന്നെന്നവണ്ണം, കാലന്റേതുപോലെ, ആ ശബ്ദം മാഷ് കേട്ടു.

 

English Summary : Sushiradhukham Story By Sreejith Moothedathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com