ADVERTISEMENT

ഊക്ക് (കഥ)

 

ഭാര്യ ഒളിച്ചോടിയതിന്റെ മൂന്നാം ദിനം മനോജ് നാട്ടിലെത്തി. അവൾ ഒളിച്ചോടാൻ തെരഞ്ഞെടുത്ത ദിവസം കല്യാണം കഴിഞ്ഞതിന്റെ പത്താം വാർഷിക ദിനം ആണെന്നത് നാട്ടിലെത്തിയപ്പോൾ മാത്രമാണ് മനോജ് അറിഞ്ഞത്. ഒളിച്ചോടിയത് നന്നായി നേരെ മറിച്ച് ഇവിടെ കിടന്ന് തൂങ്ങിച്ചാവുകയോ, വിഷം കഴിക്കുകയോ ആയിരുന്നെങ്കിൽ ഞാനടക്കം വീട്ടുകാർ എല്ലാവരും പെട്ടുപോയേനെ... 

 

മനോജ് വീട്ടിലെത്തിയ ഉടൻ സ്വർണ്ണം, പണം, ബാങ്ക് ബുക്കുകൾ, വിവിധ എടിഎം കാർഡുകൾ, വസ്തു രേഖകൾ എന്നിവ സൂക്ഷിച്ച ലോക്കറുകൾ അരിച്ചു പെറുക്കി. ഒന്നും ഒരു തരിപോലും നഷ്ടപ്പെട്ടിട്ടില്ല. അഞ്ഞൂറുരൂപയുടെ നിക്ഷേപം ഉള്ള അവളുടെ പോസ്റ്റ് ഓഫീസ് പാസ്സ് ബുക്കുപോലും അതുപോലെ കിടക്കുന്നുണ്ട്. "അപ്പോൾ പ്രേമത്തിന്റെ ഓളത്തിൽ അവളെ മാത്രം മതിയെന്ന് പറയുന്ന ഏതോ കാലംതെറ്റി പിറന്ന വിഡ്ഢിയുടെ കൂടെയാണ് ഇറങ്ങിപുറപ്പെട്ടത്. പ്രണയം തലക്ക് പിടിക്കുന്ന ആ കുറച്ചുകാലം മനുഷ്യൻ മൃഗമാകും. ജാതീം, മതോം, കുടുംബോം, സമ്പത്തികോം ഒന്നും നോക്കാതെ ജീവിതത്തെ ആജീവനാന്തം അപകടത്തിൽപെടുത്താവുന്ന കരാറിൽ ഏർപ്പെടുവാൻ തോന്നും." മനോജ് ചിന്തിച്ചു. ഇവളൊക്കെ ചാടിയാലും, ഓടിയാലും എത്താവുന്ന ഒരു ദൂരം ഉണ്ട്. ചെമ്മീൻ തുള്ളിയാലും മാക്‌സിമം മുട്ടോളം..! 

 

വീടുമായി ബന്ധമുള്ള അന്യപുരുഷന്മാരുടെ മുഴുവൻ പേരുടേയും ലിസ്റ്റ് എടുത്ത് പരിശോധിക്കാൻ മനോജ് തീർച്ചപ്പെടുത്തി.

ഇതിപ്പോൾ അവളെ വീണ്ടും വേണ്ടിയിട്ടൊന്നുമല്ല... അവൾ പോയതിൽ എന്റെ കുടുംബം മാത്രം അല്ല ഞാനും സന്തോഷിക്കുകയാണ്. പിന്നെ ആൾക്കാരുടെ മുന്നിൽ എന്നെയും എന്റെ കുടുംബത്തെയും അപമാനിച്ചവളെ തിരിച്ചും കഷ്ടപ്പെടുത്തുക... സ്വൈര്യത്തോടെ ജീവിക്കുവാൻ അനുവദിക്കാതിരിക്കുക മനോജിൽ പ്രതികാരം നിറഞ്ഞു.

ഷെൽഫുകളൊക്കെ ഭദ്രമായി അടയ്ക്കുവാൻ നേരം അവസാനത്തെ ലോക്കറിന്റെ ഉള്ളറയിൽ നിന്നും  മനോജിന് മടക്കിച്ചുരുട്ടിയ നിലയിലുള്ള ഒരു പേപ്പർ തടഞ്ഞു. അവൾ ‘ഉമ’എഴുതിയ കത്തായിരുന്നു അത്.

 

ഞാൻ പോവുകയാണ്... 

 

ഞാൻ പോകുന്നതു കൊണ്ട് നിങ്ങളുടെ  ഒന്നും നഷ്ടപ്പെടില്ല. നിങ്ങളുടേതായ ഒന്നും ഞാൻ എടുക്കുന്നില്ല. മോളെ പോലും! ഇനി മകൾ നിങ്ങളുടേതല്ല എന്ന് നിങ്ങൾ ഉറപ്പിച്ചു തന്നാൽ അപ്പോൾ മാത്രം ഞാൻ അവളെ കൂടെ കൂട്ടും. എന്റെ തിരിച്ചു കിട്ടാത്ത  പത്തുവർഷങ്ങൾ... നഷ്ടപ്പെടുത്തിയ ആനന്ദങ്ങൾ, അഭിമാനങ്ങൾ... ഇവയ്‌ക്കൊന്നും ഇനി പകരങ്ങൾ ഇല്ല. നിങ്ങളുടേയും നിങ്ങളുടെ ചുറ്റുപാടുകളുമടക്കം സകലതിൽ നിന്നുമുള്ള ജയിൽച്ചാട്ടം കൂടിയാണ് ഞാനിപ്പോൾ സാധിച്ചിരിക്കുന്നത്. മനുഷ്യർ ഓരോ തലമുറകൾ കഴിയുംതോറും കൂടുതൽ നല്ല മനുഷ്യരായി ജനിക്കാൻ ആഗ്രഹിക്കുമ്പോൾ, നിങ്ങളും നിങ്ങളുടെ കുടുംബവും നൂറ്റാണ്ടുകൾക്ക് അപ്പുറം കിടക്കുന്ന ദുഷിപ്പുകളിലേക്ക് വീര്യത്തോടെ താഴ്ന്നിറങ്ങുകയാണ്. 

 

പെങ്ങളും അളിയനും വീട്ടിലേക്ക് വരുന്നു. മനോജ്‌ കത്ത് പോക്കറ്റിലേക്ക് താഴ്ത്തി. ആറു വയസ്സുകാരി മകൾക്ക് അവരൊക്കെയും ആദ്യമായി കളിപ്പാട്ടങ്ങളും പുതിയ വസ്ത്രങ്ങളും, ചോക്‌ളേറ്റുകളും കൊടുക്കുന്നു. വീട്ടിൽ കയറിയ ഉടനെ അവരുടെ മക്കൾക്കൊപ്പം മകളേയും കളിക്കാൻ കൂട്ടുന്നു. 

 

ഉമ ഒളിച്ചോടിയതോടെ വീടും അമ്മയും ബന്ധുക്കളും കൂടുതൽ സന്തോഷത്തിലേക്കും സ്‌നേഹത്തിലേക്കും മാറിയെന്നത് ആശ്വാസത്തോടെ മനോജ് തിരിച്ചറിഞ്ഞു. വൈകുന്നേരം അളിയന്റെ പുതിയ കാറിൽ എല്ലാവരും നഗരത്തിലെ ഷോപ്പിങ് മാളിലേക്ക് പുറപ്പെട്ടു. ഒപ്പം മകളും! അവരുടെ  കൂടെ കാറിൽ ഇങ്ങനെ അപൂർവ്വമായി പോകുന്നതിന്റെ ഒരു വലിയ അമ്പരപ്പ് അവളുടെ മുഖത്ത് മനോജ് കണ്ടു. 

 

മനോജ് വീണ്ടും കത്ത് തുറന്നു

 

ഇപ്പോൾ എനിക്ക് ഉറപ്പുണ്ട് ഞാൻ ഒളിച്ചോടുകയല്ല, മറിച്ചു ജീവിതത്തിന്റെ പ്രകാശത്തിലേക്ക് കയറുകയാണെന്ന്. നാളിതുവരെയും  ഒരു മനുഷ്യനോടും മിണ്ടാനും പറയാനും നിങ്ങളുടെ ജയിലിൽ നിന്നും എനിക്ക് പറ്റിയിരുന്നില്ല. ജീവൻ നിലനിർത്താൻ ആദ്യം വേണ്ടത് പ്രാണവായുവും പിന്നെ അത്രതന്നെ വാക്കുകളുടെ സാമ്യതയിൽ പറയുന്ന പ്രണയവും ആണെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷവും നിങ്ങൾ എന്റെ ശരീരത്തെ ജീവനോടെ ഒരു മോർച്ചറിയിൽ കിടത്തി. ആദ്യരാത്രിയിൽ വീര്യംകൂടിയ രാസവസ്തുക്കൾ ഒഴിച്ച് എന്നിലെ സ്‌നേഹത്തേയും പ്രണയത്തേയും എന്നേക്കുമായി കഴുകി തുടച്ചു. അതിനു ശേഷം ശരീരവും മനസ്സും ചേമ്പിലപോലെയായി. ഒരിടവും നനയാതെ ഒഴുകി പോകുന്ന ഒന്ന്. എന്റെ ഇപ്പോഴത്തെ ആഗ്രഹം കാൽനഖം മുതൽ മുടിത്തുമ്പ് വരെയുള്ള ശരീരഭാഗങ്ങളിലെ നാളിതുവരെ അടച്ചുവെച്ച വൈദ്യുതോർജ്ജം കൊണ്ട് ഈ ലോകത്തെ പ്രകാശിപ്പിക്കുക എന്നത് മാത്രമാണ്...  

 

അച്ഛനും അമ്മയും എന്റെ ഇരുപത് വയസ്സുവരേയും ഞാൻ കണ്ട സ്വപ്നങ്ങളോടൊപ്പം പറക്കാൻ വിട്ടതായിരുന്നു. അങ്ങനെ ഞാൻ കലാമണ്ഡലത്തിൽ നൃത്തം പഠിക്കാൻ എത്തി. ഈ സമയം മുതൽ തന്നെ ഞാൻ കുട്ടികൾക്ക് നൃത്ത ക്ലാസ്സുകൾ ചെയ്യാറുണ്ടായിരുന്നു. ഒരു കലോത്സവത്തിൽ നിന്റെ കോളജിലെ കുട്ടികളെ ഡാൻസ് പഠിപ്പിക്കാൻ വന്നതായിരുന്നു. അപ്പോൾ  നീ വലിയ ചൂണ്ടക്കുരുക്കും നീട്ടി അവിടെ എന്നെയും കാത്ത് ഉണ്ടായിരുന്നു. ആലോചനകളൊന്നുമില്ലാതെ ഞാനതിൽ കുരുങ്ങി. കുരുക്ക് മുറുകി മുറുകി എന്റെ  നൃത്തവും ജീവിതവും ഒരുമിച്ച് അവസാനിച്ചു.

 

മനോജ് കത്ത് വായിച്ച് സോഫമേൽ ഇരുന്നു. ശരീരം ഒരു വലിയ കുഴിയിലേക്കെന്ന പോലെ താഴുന്നു. എന്തൊക്കെ ദുരിതവും ദുരന്തവും ഉണ്ടായാലും കുടുംബത്തിൽ പിറന്ന ഏതെങ്കിലും പെണ്ണ് മകളേയും ഭർത്താവിനെയും ഒഴിവാക്കി ഒളിച്ചോടുമോ... ഇതിപ്പോൾ എന്നെയും എന്റെ കുടുംബത്തേയും അപമാനിക്കാൻ മാത്രം പ്ലാൻ ചെയ്തത്. ഇപ്പോഴത്തെ ഏതൊരു പെണ്ണിനും തോന്നിയപോലെ ജീവിക്കുവാനുള്ള ആഗ്രഹം. മനോജിന്റെ ആദ്യത്തെ ആത്മവിശ്വാസവും അഹങ്കാരവും കുറച്ചുനേരം കൊണ്ട് വിയർപ്പുപോലെ ഒലിച്ചു താണു. വീട്ടുകാർക്ക് സന്തോഷം ഉണ്ടെങ്കിലും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്നിൽ കുറച്ചുകാലം ഞാൻ ഒന്നിനും കൊള്ളാത്തവൻ ആകും. പ്രണയിച്ച് കല്യാണം കഴിച്ചവനെ ഒഴിവാക്കി ഭാര്യ വീണ്ടും വേറൊരുത്തന്റെ കൂടെ ഒളിച്ചോടി... സായാഹ്‌ന പത്രത്തിൽ അങ്ങനെ ഒരു വലിയ വാർത്ത വരും. അതിനു മുന്നേ അവളെ എവിടുന്നെങ്കിലും  കണ്ടെത്തണം. എന്നിട്ട് രണ്ടു ദിവസം അനുനയത്തിൽ കൂടെ താമസിപ്പിച്ച് ഞാൻ ആദ്യം മുൻകയ്യെടുത്ത് എന്നേക്കുമായി  ഒഴിവാക്കണം. അങ്ങനെ ആകുമ്പോൾ എന്റെ അഭിമാനം ഉയർന്നു നിൽക്കും മനോജ് ഉറപ്പിച്ചു. 

 

മനോജ് അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു. കല്യാണം കഴിഞ്ഞതിനുശേഷം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമായിരുന്നു ഉമ പോലും അവളുടെ വീട്ടിലേക്ക് പോയത്. ഉമ വീട്ടിൽ പോയി തിരിച്ചു വന്നാൽ അവൾ തൊട്ട പാത്രങ്ങളോ, വെള്ളമോ, മറ്റു സാധനങ്ങളോ കുറേ ദിവസത്തേക്ക് അമ്മ ഉപയോഗിക്കില്ല. ആ കുറച്ചു ദിവസം അമ്മ പെങ്ങളുടെ വീട്ടിലേക്ക് മാറും. മനോജ് കാറിൽ നിന്നും അവളുടെ അച്ഛന്റെ പേര് ഓർത്തെടുക്കാൻ നോക്കി.

 

ഏറെ നേരത്തെ വളവുകൾക്കും തിരിവുകൾക്കും ശേഷം 'കാഞ്ഞൻ കുഞ്ഞമ്പു’ എന്ന പേര് നാവിലെത്തി. പിന്നീട് എല്ലാം എളുപ്പത്തിലായി. കുഞ്ഞമ്പു എന്ന് പറഞ്ഞപ്പോൾ 'കാഞ്ഞനാണോ?' എന്ന് ആൾക്കൂട്ടം തിരിച്ചു ചോദിച്ചു. കാർ റോഡിൽ ഒതുക്കി മനോജ് ഇടവഴിയിലേക്കിറങ്ങി. തീരെ ചെറിയ ചോർന്നൊലിക്കുന്ന ഒരു കൂരയാണ് മനോജ് പ്രതീക്ഷിച്ചതെങ്കിലും ഓടിന്റേയും വാർപ്പിന്റേയും അത്ര ചെറുതല്ലാത്ത ഒരു മനോഹര വീടായിരുന്നു അത്. കടുത്ത വേനലിലും ചുറ്റുപാടും കറുപ്പിനോളം കട്ട പിടിച്ചു കടുത്ത പച്ചയിലായിരുന്നു. തെങ്ങും മാവും വാഴയും... അതിനിടയിലൂടെ പലതരം പച്ചക്കറികൾ വളഞ്ഞും പുളഞ്ഞും പല വഴികളിലൂടെ കയറി പോയിരിക്കുന്നു.

 

പച്ച മരങ്ങൾക്കിടയിൽ നിന്നും അവളുടെ അനുജൻ ആയിരിക്കണം പുറത്തേക്കിറങ്ങി. അവന്റെ അധ്വാനിക്കുന്ന ശരീരവും ഭാവവും കണ്ടപ്പോൾ മനോജിന് ഭയം തോന്നി.

ഉമ ഇങ്ങോട്ട് വന്നിരുന്നോ? മനോജ് ഇച്ചിരി തിടുക്കത്തിലായി.

നിങ്ങളാരാണ്?

ഞാൻ മനോജ്

ഓ, നീയായിരുന്നല്ലേ ആ മനോജ്?

ചോദ്യത്തിലെ പരിഹാസം മനോജ് തിരിച്ചറിഞ്ഞു. 

ചേച്ചി രണ്ടുമൂന്നു ദിവസം മുന്നേ ജസ്റ്റ് വന്നു കയറി. ഒരു ഇന്റർവ്യൂവിന് പോകണം എന്നും ഒരു ആയിരം രൂപയും ചോദിച്ചു  അപ്പോൾ തന്നെ തിരിച്ചുപോയി. നിങ്ങൾക്കിതൊന്നും അറിയില്ലേ നല്ല ഭർത്താവ് ആണല്ലോ!

 

ആണെടാ ഞാൻ നല്ല ഭർത്താവ് ആണോ എന്നു നീയും അവളും ഒക്കെ ഉടൻ അറിയും. മനോജ്‌ ഇങ്ങനെ മനസ്സിൽ പിറുപിറുക്കവേ 

എവിടുന്നോ ഒരു നായ വല്ലാത്ത മുരൾച്ചയോടെ അവളുടെ അനുജന്റെ കാലിനരികിലേക്ക് വന്ന് മനോജിനെ തുറിച്ചു നോക്കി. 

ഇനിയും ഇവിടെ നിന്നാൽ ഒന്നുകിൽ നായ അല്ലെങ്കിൽ അവൻ കടിച്ചുകീറുമെന്ന് മനോജ് ഉറപ്പിച്ചു. 

 

ഇനി എങ്ങോട്ടാണ് തിരിച്ചു പോകേണ്ടതെന്ന് യാതൊരു എത്തും പിടിയും കിട്ടാതെ മനോജ് കാറിൽ  കുറെ നേരം ഇരുന്നു. 

എങ്ങോട്ടേക്ക് പോയാലും ഇല്ലെങ്കിലും അവളെ കണ്ടെത്താതെ വീട്ടിലേക്കില്ലെന്ന് മനോജ്‌ തീർച്ചപ്പെടുത്തി.

മകൾ... അമ്മയെ കാണാതെ ഇന്നു രാത്രിയിലും കരയും. കഴിഞ്ഞ ആറു വർഷവും അവളുടെ കൂടെ ഉണ്ടായിരുന്നത് അവളുടെ അമ്മ മാത്രം ആയിരുന്നു. ഞാനൊന്നും ഇതുവരേയും അവളെ ഈ കൈകൾകൊണ്ട് ഒന്ന് തൊട്ടിട്ടുപോലുമില്ല. അവളെണെങ്കിൽ വളരെ ബുദ്ധിപരമായി കളിച്ചിരിക്കുന്നു. സർവ്വസ്വതന്ത്രയായി. വക്കീലിനെ കാണുമ്പോൾ മോളെ അവളുടെ കൂടെ അയക്കാനുള്ള വകുപ്പ് പ്രത്യേകം ഉണ്ടാക്കിപ്പിക്കണം. പണം കുറച്ചധികം ചെലവ് വന്നാലും കുഴപ്പമില്ല. 

 

കുറെ നാളുകളായി വാട്‌സാപ്പിൽ വായിക്കാതെ കിടക്കുന്ന മെസ്സേജുകൾ മനോജ് ഒന്നൊന്നായി തുറന്നു. ദുബായിയിൽ കൂടെ ജോലി ചെയ്തിരുന്ന ജയ്‌സണിന്റെ മെസ്സേജ് ആയിരുന്നു അതിലൊന്ന്. രണ്ടു വർഷം മുന്നേ ജയ്‌സൺ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി. ആർക്കും വേണ്ടാത്ത ഒരു കാട്ടുപ്രദേശം അവിടെ അമ്പത് സെന്റ് സ്ഥലം. അതിൽ ഹോംസ്റ്റേ മോഡലിൽ കുറച്ച് വീട് വെക്കണം. ജയ്‌സൺ പോകുന്നതിനും മുന്നേ പറഞ്ഞു. അതിന്റെ ഉദ്ഘാടനക്ഷണകത്തും ഒപ്പം റിസോർട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള എഴുത്തും രണ്ടും ഒരു വർഷം മുന്നേ അയച്ചതായിരുന്നു. ‘ഗ്രീൻപാർക്ക് മുതലപ്പാറ’ ഇന്ന് തുടങ്ങുന്നു. നാട്ടിലെത്തിയാൽ ഭാര്യയേയും മക്കളേയും കൂട്ടി നീ ഒരു ദിനം വരണം. ഒന്നോ രണ്ടോ ദിവസം താമസിക്കണം 

ജെയ്‌സൺ 

 

മനോജ് ഗൂഗിളിൽ ഗ്രീൻപാർക്ക് എന്ന് ടൈപ്പ് ചെയ്തു. മൊബൈൽ സ്‌ക്രീനിൽ ഓട് പുതച്ച കുറേ കെട്ടിടങ്ങൾ നിറഞ്ഞു.

വൈകുന്നേരത്തോടെ കാർ ഉയരമുള്ള കുന്നു കയറി ഒരു തണുത്ത കാറ്റിൽ മെല്ലെ നിന്നു. മരങ്ങൾ, പൂന്തോട്ടങ്ങൾ, ജലാശയങ്ങൾ, അവയ്ക്കിടയിൽ ആശ്രമങ്ങൾ പോലെയുള്ള ചെറിയ ചെറിയ കെട്ടിടങ്ങൾ... കുന്നിൽ നിന്നും നോക്കിയാൽ കാണുന്ന പുഴ. പുഴ കഴിഞ്ഞ് പടിഞ്ഞാറുഭാഗം അതിരുകളില്ലാതെ നിറഞ്ഞ അറബികടൽ. 

 

'എല്ലാം സെറ്റിൽ ആയി...' തിരിഞ്ഞു നോക്കേണ്ടാത്ത വിധം ജയ്‌സൺ നിറഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു. ‘തുടങ്ങിയത് 50 സെന്റിലായിരുന്നു. ഇപ്പോൾ ഒരേക്കറിലധികം സ്ഥലം ഉണ്ട്. മുകളിലെ കെട്ടിടങ്ങളിൽ നിന്നും കടൽ കൂടുതൽ തെളിച്ചത്തോടെ കാണാം. ആ മുറികളൊക്കെ ഇപ്പോൾ മുൻകൂട്ടി ബുക്കിങ് ആണ്.’ 

 

ജയ്‌സൺ അകത്ത് ഓഫീസിൽ ജോലി ചെയ്യുന്ന ഭാര്യ വിനീതയെ മനോജിനെ പരിചയപ്പെടുത്തി. അവർ ആ നിമിഷവും സുഹൃത്തുക്കളെ പോലെ വർത്തമാനം പറയുകയും പരസ്പരം തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നത് വലിയൊരു അത്ഭുതം പോലെ മനോജ് കണ്ടു. മുറിയിൽ നിന്നും പുറത്തിറങ്ങിയതും  മനോജ് ചോദിച്ചു. 

 

നിന്റേത് ലേറ്റ് മാര്യേജ് ആയിരുന്നോ?

 

ഏയ് അല്ല ഞങ്ങളുടെ കല്യാണം കഴിഞ്ഞ് പത്തുവർഷം കഴിഞ്ഞിരിക്കുന്നു. 

 

എന്നിട്ടും ഇപ്പോഴും എങ്ങനെയാണ് ഇങ്ങനെയൊക്കെ ഭാര്യയോട് തമാശ പറയുവാൻ കഴിയുന്നത്?

 

അതോ... അതു ഞങ്ങൾ ഇവിടെ വന്ന് താമസിക്കുന്ന പലരിൽ നിന്നും പകർത്തിയതാണ്. അവരുടെ നല്ല രീതികൾ. നമ്മളൊക്കെയും കഴിഞ്ഞുപോയതും വരാൻ പോകുന്നതുമായ കാലത്തെ ആലോചിച്ച് ജീവിക്കാൻ മറന്നു പോകുന്നവരാണ്. എന്നാൽ ചിലർ ജീവിക്കുന്ന കാലത്ത് ശ്വാസം ആഞ്ഞ് വലിച്ച് ആരോഗ്യത്തോടെ കഴിയുന്നു. സോറി നിന്റെ ഭാര്യയെവിടെ?

 

ഇല്ല. അവൾ വന്നില്ല. രണ്ടുമൂന്ന് ദിവസം ആയി ഞാനും അവളും ചെറിയ പിണക്കത്തിൽ ആണ്. അവളിപ്പോൾ അവളുടെ ഒരു ബന്ധുവീട്ടിലോ മറ്റോ ആണുള്ളത്. മനോജ് സംഭവത്തെ ഒന്ന് ലഘൂകരിച്ചു. എനിക്ക് ഒന്നു രണ്ട് ദിവസത്തിലേക്ക് നല്ലൊരു മുറി വേണം. മനോജ്‌ പറഞ്ഞു. 

 

ജയ്‌സൺ പിന്നെ അധികമൊന്നും സംസ്‌രിക്കാതെ മനോജിന് നല്ലൊരു മുറി ഒരുക്കി.

 

ജയ്‌സൺ പുറത്തേക്കിറങ്ങിയപ്പോൾ മനോജ് വീണ്ടും ഉമയെ ഓർത്തു. ആയിരം രൂപ കയ്യിൽ കരുതിയുള്ള യാത്ര കൃത്യം ലക്ഷ്യത്തോടെ ആണ്. ഒന്നുകിൽ ഇവിടെ അടുത്തുതന്നെ ഉണ്ട്. അല്ലെങ്കിൽ ആരുടെയോ കൂടെ ഇറങ്ങിയിരിക്കുന്നു. കൂടെ ഞാനറിയാത്ത ആരെങ്കിലും ഉണ്ടാകണം. കൂടെ പഠിച്ച പഴയ കാമുകനോ മറ്റോ... ഇപ്പോൾ എല്ലാവർക്കും ദാമ്പത്യപ്രശ്‌നം ആണല്ലോ... മനോജ് അവളെ വിളിക്കാനായി ഫോണിൽ ‘ഉമ’ എന്ന് ടൈപ്പ് ചെയ്തു. ഉമ മാധവ്, ഉമ മേഡം, ഉമ ജൂനിയർ എന്നൊക്കെ ഫോണിൽ തെളിഞ്ഞു. എങ്കിലും ഭാര്യയുടെ പേര് ‘ഉമ’ മാത്രം പുറത്തേക്ക് വന്നില്ല. നാളിതുവരെയായി അവളുടെ നമ്പർ പോലും ഫോണിൽ സേവ് അല്ലായെന്ന് മനോജ് തിരിച്ചറിഞ്ഞു. 

 

മനോജ് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. കടലിന് സമീപമുള്ള ലൈറ്റ് ഹൗസിലെ വെളിച്ചം ഒന്നിടവിട്ട് തെളിഞ്ഞു കത്തി തുടങ്ങി. അതിന്റെ അപാരമായ തെളിച്ചം കടലിലും, കരയിലും ഇടയ്ക്കിടെ മിന്നൽ നിറയ്ക്കുന്നു. കടൽ തിരമാലകളെ കരയിലേക്ക് ആട്ടിയകറ്റുന്നതു മനോജ്‌ കണ്ടു. തിരമാലകൾ കരയിലെ വലിയ കല്ലുകളിലേക്ക് വന്ന് ചിതറി തെറിക്കുന്നു. മിന്നൽ വെളിച്ചത്തിൽ റിസോർട്ടിലെ ജലാശയങ്ങളും, മരങ്ങളും വലിയ പാറക്കെട്ടുകളും കൂടുതൽ ഭംഗിയോടെ തെളിഞ്ഞു. ഒപ്പം പാറയുടെ മുകളിലിരുന്നു കടലിലേക്ക് നോക്കി ധ്യാനത്തിലിരിക്കുന്ന ഒരു മനുഷ്യനും.

 

കറുപ്പാണെങ്കിലും വെളിച്ചം തട്ടുമ്പോൾ അയാളുടെ കണ്ണുകളും ശരീരവും ലോഹം പോലെ പ്രകാശിക്കുന്നത് മനോജ് കണ്ടു.

ഒരു കൊറ്റിയുടെ ശാന്തതയോടെ ഇരിക്കുന്ന അയാളെ ഓരോ വെളിച്ചത്തിലും മനോജ് നോക്കി. വെസ്‌റ്റിന്ത്യൻ ക്രിക്കറ്റ് താരം കോട്‌നിവാൽഷ് ആണോ?

കോട്‌നി വാൽഷ് അല്ല. സുന്ദരനാണ്. ചെറുപ്പക്കാരനും.

മനോജ് ഉറങ്ങാൻ മുറിയിലേക്ക് പോകുമ്പോഴും അയാൾ അവിടെ അതേ ഇരിപ്പിലായിരുന്നു.

 

എല്ലാവരും ഉറങ്ങിയതിനുശേഷം ഉമ എഴുന്നേറ്റ് ഇരുട്ടിൽ നൃത്തം ചെയ്യും. അവൾക്കിപ്പോഴും നന്നായി ഡാൻസ് ചെയ്യാൻ അറിയും. ഇനി അവൾ എവിടെയെങ്കിലും ചെന്ന് നൃത്തം അഭ്യസിക്കുകയാണോ? ഇങ്ങനെയൊക്കെ ചിന്തിച്ച് കിടന്ന മനോജ് അതിരാവിലെ ഞെട്ടി ഉറക്കമുണർന്നു. ക്ലോക്കിൽ സമയം 4.30. മനോജ് ജാലകം തുറന്ന് പുറത്തേക്ക് നോക്കി. കോട്‌നിവാൽഷ് പൂന്തോട്ടത്തിലൂടെ നടക്കുകയും ഓടുകയും ചെയ്യുന്നു. കുറേ നേരത്തെ കസർത്തുക്കൾ കഴിഞ്ഞപ്പോൾ അയാൾ മരങ്ങൾക്കും, പൂക്കൾക്കും നടുവിൽ അനക്കമില്ലാത്ത പ്രതിമയായി. അയാളുടെ ശരീരഭാഗങ്ങളിലൂടെ പോകുന്ന ഞരമ്പുകൾ ഒരു വള്ളിച്ചെടിയുടെ തണ്ടുകൾ പോലെ നിറഞ്ഞു പടരുന്നു.

 

നേരെ എതിർവശത്തുള്ള വീട്ടിലായിരുന്നു അയാൾ താമസിക്കുന്നത്. രാവിലെ പത്തുമണിയോടെ കോട്‌നിവാൽഷ് ഇറയത്തെ ചൂരൽ കസേരയിലേക്ക് വന്നിരിക്കുന്നത് മനോജ് കണ്ടു. ഉച്ചവരെയും പുസ്തകവായനിലായിരുന്നു. അതിനിടയിൽ കുറച്ചു നിമിഷങ്ങൾ മാത്രം ഫോണിൽ ആരോടോ സംസാരിക്കുകയും മെസേജുകൾ അയക്കുകയും ചെയ്തു.

 

ഉച്ചയ്ക്ക് ജയിസണിനെ കണ്ടപ്പോൾ മനോജ് ചോദിച്ചു. അയാൾ ആരാണ്? വല്ല ഹോളിവുഡ് നടനും ആണോ?

ജയ്‌സൺ ഒന്ന് ചിരിച്ചു, എന്നിട്ട് മെല്ലെ പറഞ്ഞു. താരം തന്നെ ആണ് ഹോളിവുഡ് അല്ല ഒരു ജമൈക്കൻ... പക്ഷേ അയാൾ അഭിനയിച്ച സിനിമകൾ ഹോളിവുഡ് സിനിമകളേക്കാൾ ഹിറ്റാണ്.

‘ഒബ്രി’ എന്ന് പറഞ്ഞാൽ എല്ലാവരും അറിയും. ‘ജേക്കബ് ഒബ്‌റൈൻ’ എന്നാണ് മുഴുവൻ പേര്. രണ്ടുമൂന്ന് ദിവസം ആയി ഇവിടെ വന്നിട്ട്. ഇനിയും ഒന്നുരണ്ട് ദിവസം കൂടി ഉണ്ടാകും. ഇവരൊക്കെ നല്ല മനുഷ്യരാണ്. യാതൊരു പ്രശ്‌നവും ഇല്ല. എല്ലാവരോടും നന്നായി പെരുമാറും. നമ്മുടെ നാട്ടുകാരായ ചിലർ താമസത്തിന് വന്നാലാണ് ഞങ്ങൾക്ക് പണി.

 

വായിക്കുന്ന പുസ്തകം അടയാളം വെച്ച് തൊട്ടരികിലുള്ള കൂജയിൽ നിന്നും ഒബ്രി വെള്ളം കുടിക്കുന്നു. അയാൾക്ക് എല്ലാം കൃത്യതയോടെ ആണെന്ന് തോന്നുന്നു ധ്യാനം, പരിശീലനം, വായന... മനോജ് ഒബ്രിയെ നോക്കി പറഞ്ഞു.

 

അതെ, ലോകത്തിലെ ആയിരക്കണക്കിന് മനുഷ്യരെ നിത്യവും പ്രചോദിപ്പിക്കുന്ന ഒരാളല്ലേ അപ്പോൾ അയാളുടെ രീതികളും  അങ്ങനെയാകും. യാതൊരു ക്ഷമയും അടക്കവും ഇല്ലാതിരുന്ന എന്നെ പോലും ഇങ്ങനെ ജീവിതത്തോട് ശാന്തമായി അടുപ്പിച്ചു നിർത്തുന്നതിൽ ഒബ്രിക്കുള്ള പങ്ക് വളരെ വലുതാണ്. എന്റെ ഭാര്യ എപ്പോഴും പറയും. ആണുങ്ങളൊക്കെ ഒബ്രിയെ കണ്ട് പഠിക്കണമെന്ന്. ഒബ്രി എപ്പോഴും എല്ലാവരേയും സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു, പരിഗണിക്കുന്നു. നീ സമയം കിട്ടുമ്പോൾ ഒബ്രിയുടെ ഏതെങ്കിലും സിനിമകൾ കണ്ടു നോക്കൂ. 

 

വൈകുന്നേരത്തോടെ പാട്ടുംകേട്ട് ഒബ്രി മുകളിലേക്ക് നടന്നു പോകുന്നത് മനോജ് കണ്ടു. രാത്രിയിൽ ജനലും വാതിലും അടച്ച് മനോജ് നെറ്റിൽ ഒബ്രി എന്ന് ടൈപ്പ് ചെയ്തു. ഒബ്രിയുടെ ചാരനിറമുളള കണ്ണുകളും മിനുസപ്പെടുത്തിയ ഇരുമ്പു നിറമുളള ശരീരവും സ്‌ക്രീനിൽ തെളിഞ്ഞു. ചിത്രത്തിന് താഴെ ഒബ്രിസ് മാർവലസ് ലൗഫെയർ എന്ന ലിങ്ക് തെളിഞ്ഞു. മനോജ് അതിലേക്ക് വിരലമർത്തി.

 

****

 

എങ്ങും പുക മൂടിയ ഒരു പഴയ നഗരത്തിന്റെ ചിത്രം തെളിഞ്ഞു. നിത്യവും തുടരുന്ന സംഘർഷങ്ങൾ ഇടക്കാലത്തേക്ക് മാത്രം അവസാനിച്ച ആ ചെറിയ നഗരത്തിലെ പുകയുന്ന കനലുകളെ കെടുത്തുവാൻ എന്ന പോലെ ആകാശത്തിൽ നിന്നും മഞ്ഞ് വീണു തുടങ്ങിയിരുന്നു. തെരുവുകളിലൂടെ മനുഷ്യൻ പരസ്പരം തല ഉയർത്തി നോക്കാതെ, ആരെയും അഭിവാദ്യം ചെയ്യാതെ മെല്ലെ നടന്നു. ഒബ്രി തന്റെ അത്രയൊന്നും വൃത്തിയില്ലാത്ത ആ വില കുറഞ്ഞ കെട്ടിടത്തിലെ വാടക മുറിയിൽ നിന്നും തെരുവിലേക്ക് നോക്കി. മുറിയുടെ മൂലയിൽ കളിപ്പാട്ടങ്ങൾ നിറച്ച ഒരു വലിയ ബാഗ്. അതു നിറയെ പൊടിമൂടി കിടക്കുന്നു. കുഞ്ഞുങ്ങൾ ചിരിക്കാൻ തുടങ്ങാതെ, മനുഷ്യർ പരസ്പരം മുഖത്തോട് മുഖം നോക്കാതെ തെരുവിലേക്ക് ബാഗും ചുമന്ന് ഇറങ്ങിയിട്ട് എന്ത് കാര്യം? 

 

ഒബ്രി ജാലകത്തിനരികിൽ വെറുതെ നിന്നു. ദൂരെ മൈതാനത്ത് ഷീറ്റ് കൊണ്ടു മറച്ച ചെറിയ, ചെറിയ കൂരകൾ... കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ അവശേഷിക്കുന്ന കൂട്ടം. ആരെയൊക്കെയോ ഇപ്പോഴും പരതുകയോ നിലവിളിക്കുകയോ ചെയ്യുന്ന സ്ത്രീകൾ...

 

അതിലെ ഒരു കുടിലിൽ നിന്നും കീറിയ കടലാസും പഴയ പിഞ്ഞിയ തുണികളും ഉപയോഗിച്ച് മനോഹരമായി പാവകളെ നിർമ്മിക്കുന്ന ഒരു പെൺകുട്ടി. ഒബ്രി അവളെ മാത്രം നോക്കി. അവൾ എവിടെയും  നോക്കാതെ അപാരമായ കൈ വേഗതയോടെ താൻ നിർമ്മിക്കുന്ന പാവകൾക്ക് ചിരിക്കുന്ന മുഖവും, വിടർന്ന കണ്ണുകളും തുന്നി ചേർക്കുന്നു... ചുറ്റുപാടും ആകെ മൂടിയ കടുത്ത മടുപ്പിൽ നിന്നും ഏകാന്തതയിൽ നിന്നും അവൾ തന്റെ പാവകൾ കൊണ്ട് രക്ഷപ്പെടുവാൻ ശ്രമിക്കുന്നതു പോലെ ഒബ്രിക്ക് തോന്നി.  ഇരുപതോ, ഇരുപത്തിരണ്ടോ വയസ്സുള്ള ആ പെൺകുട്ടിയുടെ കണ്ണുകളിൽ ഇനിയും കെട്ടുപോകാത്ത ഒരു വെളിച്ചം ഒബ്രി കണ്ടു.

ഒബ്രി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.

 

ഒബ്രിയെ കണ്ടയുടനെ കോളനിയിലെ കുട്ടികൾ അവരുടെ ചെറിയ കളികൾ നിർത്തി. ഒതുങ്ങി നിന്ന അവർ സംശയത്തോടെയും അതിനേക്കാൾ വലിയ ഭയത്തോടെയും ഒബ്രിയെ നോക്കി. മുറിവേറ്റതും കരുവാളിച്ചതും ആയ മുഖങ്ങൾ ഉള്ള മുതിർന്ന സ്ത്രീകൾ തിടുക്കത്തോടെ അവരവരുടെ  കൂരകളിലേക്ക് ഓടി കയറി.

 

ഒബ്രി തെരുവിലൂടെ പാവകളെ ഉണ്ടാക്കുന്ന പെൺകുട്ടിയുടെ അരികിലേക്ക് നടന്നു. അവളുടെ പാവകളെ തിരിച്ചും മറിച്ചും നോക്കി. പിന്നെ മെല്ലെ അവളോട് സംസാരിച്ചു. അവൾ അന്നു നിർമ്മിച്ച കുറേ പാവകളെ ചെറിയ കുഞ്ഞുങ്ങളെയെന്ന പോലെ ഒബ്രി ശ്രദ്ധയോടെ കയ്യിൽ എടുത്തു. ശേഷം തന്റെ പേഴ്‌സ് തുറന്നു. അവിടെ വിനിമയം ചെയ്യുന്ന കുറച്ചു രൂപ അവളുടെ കയ്യിലേക്ക് കൊടുത്തു. പെൺകുട്ടിയുടെ മഞ്ഞുവീണ് നനഞ്ഞതു പോലെയുളള കണ്ണുകളിൽ സൂര്യൻ തെളിയുന്നു. 

 

ഒബ്രി മുറിയിലെത്തി. തന്റെ കരിയും പൊടിയും പുരണ്ട ബാഗ് തുടച്ച് അതിലേക്ക് പാവകളെ ശ്രദ്ധയോടെ അടുക്കി. പിറ്റേന്ന്, രാവിലെ റോഡിലൂടെ കാറുകൾ ഓടിത്തുടങ്ങുന്നു. മനുഷ്യർ മനുഷ്യരുടെ കണ്ണുകളിലേക്ക് നോക്കുന്നു. കുഞ്ഞുങ്ങൾ ചിരിക്കുന്നു.

ഒബ്രി വലിയ ബാഗുമെടുത്ത് റോഡിലൂടെ നീളത്തിൽ നടന്നു.

 

മനോജിന് മടുത്തു. ഒരുമാതിരി അവാർഡ് ചിത്രം.

 

വീണ്ടും സ്‌ക്രീനിലേക്ക് നോക്കി. ഒബ്രി വൈകുന്നേരം തിരിച്ചുവരുമ്പോഴേക്കും ബേഗിലെ പാവക്കുട്ടികൾ മുഴുവൻ വിറ്റ് തീർന്നിരുന്നു. ഒബ്രി കുളിച്ച് വൃത്തിയായി കോളനിയിലേക്ക് നടന്നു. പാവകൾ ഉണ്ടാക്കുന്ന പെൺകുട്ടിയെ കാണുന്നു, സംസാരിക്കുന്നു. അവൾക്ക് കുറേക്കൂടി പണം കൊടുക്കുകയും അന്നുണ്ടാക്കിയ പാവകളെ മുഴുവൻ ഒബ്രി കൊണ്ടുപോവുകയും ചെയ്യുന്നു.

 

രാവിലെ വലിയ ബാഗുമേന്തി ഒബ്രി തെരുവിലൂടെ പോകുമ്പോൾ പെൺകുട്ടിയുടെ നേരെ സന്തോഷത്തോടെ കൈകൾ ഉയർത്തി. 

ഒബ്രി പോകുന്നതും കാത്ത് പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു. ദീർഘ നാളുകൾക്കു ശേഷം അവൾ സന്തോഷത്തോടെ ചിരിച്ചു.

അന്നു പകൽ കോളനിയിലെ കുറേ സ്ത്രീകളും പെൺകുട്ടികളും അവളോടൊപ്പം പാവ നിർമ്മാണത്തിൽ ചേർന്നു. 

 

മനോജ് ക്ഷമ മുഴുവൻ നശിച്ച് സിനിമയെ കുറേ കൂടി നീക്കി.

 

ഇപ്പോൾ ഒബ്രിയും അവളും വലിയ വെളിച്ചവും ശബ്ദവും അതിനേക്കാൾ വേഗതയും നിറഞ്ഞ ഒരു നഗരത്തിലൂടെ കാറിൽ പോകുന്നു. രണ്ടുപേരും വലിയ സന്തോഷത്തിലായിരുന്നു. കാർ പലതരം വർണ്ണവെളിച്ചങ്ങൾ നിറഞ്ഞ ഒരു ഹോട്ടലിനു മുന്നിൽ നിന്നു. ഒച്ചത്തിലുള്ള പാട്ടിന്റേയും ചടുലമായ നൃത്തങ്ങളുടേയും ഇടയിലൂടെ രണ്ടുപേരും മുറിയിലേക്ക് നടക്കുന്നു. മുറിയിലെത്തിയതും അവൾ ഒബ്രിയെ തീവ്രസ്‌നേഹത്തോടെ ചുംബിച്ചു. ഒബ്രി അവളുടെ നാവിന്റെ തുമ്പിനെ ഒരു പാമ്പിന്റെ തലപോലെ വലിച്ച് സ്വന്തം നാവുകൾക്കുള്ളിലാക്കി. രണ്ടുപേരും മെല്ലെ മെല്ലെ വസ്ത്രങ്ങൾ അഴിക്കുന്നു. 

 

മനോജിന് ശ്വാസം മുട്ടലും, കിതപ്പും തോന്നി.

 

കുറച്ചു നേരത്തിനുശേഷം അവൾ തന്റെ ശരീരത്തെ ഒരുപാവക്കുട്ടിയെ തിരിക്കും പോലെ ഒന്നു മടക്കി ഒബ്രിയിലേക്ക് കീഴടങ്ങി.

രണ്ടുപേർ പരസ്പരം സ്‌നേഹത്തോടെ ചുംബിച്ചുകൊണ്ടിരിക്കുന്നു.

 

മനോജിന്റെ കിതപ്പ് കൂടി. തലയിൽ നിന്നും ഒരു വെള്ളച്ചാട്ടം ചിന്നിചിതറുന്നത് മനോജ് അറിഞ്ഞു. 

 

ഒബ്രിയും അവളും ഇപ്പോൾ ശരീരത്തെ ചേർത്തുപിടിച്ച് ശാന്തരായി കിടന്നുറങ്ങുന്നു. 

 

നീലചിത്രം. വെറും നീലചിത്രനായകൻ! മനോജ് ഇങ്ങനെയൊക്കെ പിറുപിറുത്ത് മുറിച്ചിട്ട മരക്കഷ്ണം പോലെ കിടക്കയിലേക്ക് മറിഞ്ഞു വീണു.

 

പിറ്റേന്ന് നേരം വളരെ വൈകിയാണ് മനോജ് എഴുന്നേറ്റത്. അതും ജയ്‌സൺ വന്നു വിളിച്ചതിന് ശേഷം. ജയ്‌സണിനെ കണ്ടയുടനെ മനോജ് ചോദിച്ചു. ഈ വെറും മൂന്നാംകിട നീലചിത്ര നടനെ ആണോ നീയും നിന്റെ ഭാര്യയുമൊക്കെ ഇത്ര ആരാധിക്കുന്നത്. കഷ്ടം! കാണുന്ന പെണ്ണുങ്ങളുടെയൊക്കെ പിന്നാലെ പോകുന്നവർ... നീ നിന്റെ ഭാര്യയെ അയാളുടെ മുന്നിൽപെടാതെ നോക്കിക്കോ...

 

ജയ്‌സൺ ചിരിച്ചു.

 

നീ പറഞ്ഞ കാര്യത്തിലൊക്കെ ആരെക്കാളും മാന്യനാണ് ഒബ്രി. അയാൾ കാണുന്ന പെണ്ണുങ്ങളുടെയൊക്കെ പിന്നാലെ പോകുന്നവനുമല്ല. ഈ പെണ്ണുങ്ങൾ ഒക്കെ സ്വന്തം താൽപ്പര്യത്തോടെ അങ്ങോട്ട് അഭിനയിക്കാൻ പോകുന്നവരാണ്. ഇങ്ങനെ  അഭിനയിക്കുന്നവരിലും അയാൾക്ക് ഒരുപാട് നിബന്ധനകൾ ഉണ്ട്. കൂടെ അഭിനയിക്കുന്ന ആളുമായി ദിവസങ്ങളോളം ഉള്ള പരിചയം വേണം. അവളോട് മനസ്സിനും ശരീരത്തിനും ഒരു പോലെ  സ്‌നേഹവും പ്രണയവും തോന്നണം. അതിലൂടെ സ്വാഭാവികമായുള്ള രതി ഉണ്ടാവണം. അവർക്ക് കുറെ ദിവസം ഒന്നിച്ചു കഴിഞ്ഞും പരസ്പരം ആകർഷണവും പ്രണയവും  തോന്നുന്നില്ലെങ്കിൽ ഒബ്രി അവരോട് നല്ല സുഹൃത്തായി സന്തോഷത്തോടെ വേർപിരിയും.

 

ഒബ്രി ഇതുവരേയും അങ്ങനെ നാലു സ്ത്രീകളോടൊപ്പം മാത്രമാണ് അഭിനയിച്ചത്. മാർവലസ് എന്ന ആ സിനിമകമ്പനി ലോകത്തിലെ നമ്പർ വൺ ബ്രാൻഡ് ആയത് ഒബ്രിയുടെ വരവിനു ശേഷം ആയിരിന്നു. ഇപ്രാവശ്യം മാർവലസ് അവരുടെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നിന്നും രണ്ടു നായികമാരെ തെരഞ്ഞെടുക്കുന്നുണ്ട്. അതിന്റെ പലഘട്ടങ്ങൾ ഉണ്ട്. ആദ്യത്തെ 

ഇരുപത്തിയഞ്ചോളം പേരിൽ നിന്നും തിരഞ്ഞെടുത്ത അഞ്ചുപേർ... ആ അഞ്ചുപേരിൽ നിന്നും അവസാനത്തെ രണ്ടുപേർ. ആ ഒരു തെരഞ്ഞെടുപ്പിനു വേണ്ടിയാണ് ഒബ്രി ഇവിടേക്ക് വന്നത്. അവസാനത്തെ ആ രണ്ടുപേർ ആരാണെന്നുള്ളത് ഒബ്രിയുടെ മാത്രം ഇഷ്ടവുമായിരിക്കും.

 

ഇങ്ങനെയൊക്കെ ആവേശത്തോടെ പറഞ്ഞ് ജയ്‌സൺ തിരക്കിട്ട് പോയി. മനോജ്‌ ഒബ്രിയുടെ റൂമിലേക്ക് നോക്കിയിരിക്കെ അയാൾ പാട്ടും കേട്ട് താളം പിടിച്ചു കൊണ്ട് മുകളിലേക്ക് നടന്നു പോകുന്നത് മനോജ് കണ്ടു. 

 

ഉച്ചയോടെ വീട്ടിൽ നിന്നും പെങ്ങൾടെ വിളി വന്നു. മനോജ്‌ തിരക്കിട്ടു ഫോൺ എടുത്തു. 

 

'ഉമ തിരിച്ചു വന്നിരിക്കുന്നു' എന്നായിരിന്നു മനോജ്‌ പ്രതീക്ഷിച്ചത്. എന്നാൽ മനോജിന് നേരെത്തെ ആലോചിച്ചു വെച്ച പെണ്ണിന് അവളുടെ ഓഫീസിൽ തന്നെയുള്ള ഒരാളുമായി പുറത്ത് പറയാൻ കൊള്ളാത്ത ബന്ധം ഉണ്ടെന്നും അതുകൊണ്ട് ഈ ബന്ധം നമുക്ക് വേണ്ടെന്നും പകരം വേറെ ഒന്നുരണ്ടെണ്ണം കൂടി ആലോചിക്കുന്നുണ്ടെന്നും അവൾ വിളിച്ചു പറഞ്ഞു. ഇതിനിടയിൽ അവൾ പറഞ്ഞു

 

'മോളെ നമുക്ക് വേറെ എവിടെ എങ്കിലും തൽക്കാലം മാറ്റി നിർത്തണം, നിന്റെ പ്രായം അങ്ങെത്തി, പോരാത്തതിന് ഒരു മോളും!' ഇപ്പോഴത്തെ പെമ്പിള്ളേർക്കൊക്കെ എന്തൊക്കെ ഡിമാന്റുകൾ ആണ്... അവൾ പറഞ്ഞു തീരുന്നതിനു മുന്നേ അളിയൻ ഫോൺ മേടിച്ചു –കല്യാണം ഒക്കെ നമുക്ക് എങ്ങനെ എങ്കിലും ഉണ്ടാക്കാം, അതിനു മുന്നേ നീ പോലീസ് സ്റ്റേഷനിൽ ഒരു ലെറ്റർ കൊടുക്കണം ഇന്ന ആൾ, ഇന്ന ദിനം മുതൽ മിസ്സിങ് ആണെന്നും പറഞ്ഞ്. അല്ലെങ്കിൽ എന്താണ് പ്രശ്നം എന്നു പറഞ്ഞാൽ ഈ പോയ സാധനം എവിടെ എങ്കിലും കിടന്ന് ചാവുകയോ, ആരെങ്കിലും കൊല്ലുകയോ ചെയ്താൽ നീ പെടും. അതുകൊണ്ട് എവിടെ ആണെങ്കിലും ഒരു പരാതി കൊടുക്കണം.. 

 

മനോജിനും കാര്യങ്ങളുടെ ഗൗരവം മനസ്സിലായി. ഒന്നും അത്ര സിംപിൾ അല്ല... 

 

അവളെ തിരിച്ചു കണ്ടെത്തി ഒരു ഒത്തു തീർപ്പിൽ എത്തേണ്ടത് ഇപ്പോൾ തന്റെ മാത്രം ആവശ്യം ആയിരിക്കുന്നു. ജെയ്സനോട്‌ കാര്യം പറഞ്ഞു. മനോജ്‌ കാർ സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്ക് ഇറങ്ങി. കാർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. 

 

പോലീസ് സ്റ്റേഷനിൽ ചടപടാ ശബ്ദത്തോടെ പോലീസുകാർ ഇറങ്ങുകയും കയറുകയും ചെയ്യുന്നു. പലതരം ആൾക്കാർ അവിടെ തലയും കുനിച്ചു നിൽക്കുന്നത് മനോജ്‌ കണ്ടു. പോലീസ് നടക്കുന്നതിനടയിൽ ബൂട്ട് കൊണ്ട് അവിടെ നിരന്നു നിന്ന  ഓരോരുത്തരുടെയും തലയിൽ ചവിട്ടുന്നതു പോലെ മനോജിന് തോന്നി. വരികയും പോവുകയും ചെയ്യുന്നവർ തന്നെയും ഒരു കുറ്റവാളിയെ പോലെ നോക്കുന്നു. 

 

ഒരു പോലീസുകാരൻ മറ്റൊരാളോട് സംസാരിക്കുന്നതിനടിയിൽ മനോജിനോട് എന്താണ് കാര്യം എന്ന് മുരടൻ ശബ്ദത്തിൽ ചോദിച്ചു. 

 

മനോജ്‌ ഭാര്യയെ കാണാനില്ല, അതിന്റെ പരാതി കൊടുക്കാൻ ആണെന്ന് പറഞ്ഞു. 

 

ആ പോലീസുകാരൻ മനോജിനെ അവഞ്ജയോടെ ഒന്നു നോക്കി. സിഐയുടെ ഓഫീസിലേക്ക് കൊണ്ടു പോയി. സിഐ ഓഫീസിനു മുന്നിൽ ഒരു അപരാധിയെ പോലെ കുറെ നേരം നിന്നതിനു ശേഷം മനോജിനെ ഉള്ളിലേക്ക് വിളിച്ചു. കാര്യങ്ങൾ ഒക്കെ കേട്ടതിനു ശേഷം സിഐ പറഞ്ഞു - ഇതൊക്കെ ഞങ്ങൾ ഇങ്ങനെ വെറുതെ അന്വേഷിക്കാം എന്നെ ഉള്ളൂ. ഉള്ള കാര്യം പറഞ്ഞാൽ പൊന്ന് ആയാലും പെണ്ണ് ആയാലും കയ്യീന്നു പോയാൽ ഇന്ന് തിരിച്ചു കിട്ടാൻ വലിയ പാടാണ്. നാട്ടിൽ എല്ലാർക്കും ആവശ്യം ഉള്ള സംഗതി ആണ് ഇതു രണ്ടും. ചിലർക്ക് ഇതൊക്കെ ആവശ്യത്തിൽ കൂടുതൽ ഉള്ളതോണ്ട് ഉള്ളപ്പോൾ വില അറിയില്ല. എന്നാൽ തീരെ കിട്ടാത്ത, ഇല്ലാത്തവർക്ക് ഇതിന്റെയൊക്കെ വില നല്ലോണം അറിയുകയും ചെയ്യാം... നിങ്ങള് ഒരു പരാതി എഴുതി വെച്ചോ ഞങ്ങൾ പരമാവധി അന്വേഷിക്കും... 

 

ഇവരെയൊക്കെ കണ്ടെത്തിയാലും തിരിച്ചു വരും എന്നൊന്നും നമുക്ക് ഉറപ്പ് തരാൻ പറ്റില്ല. ഇങ്ങനെ പെണ്ണുങ്ങൾ പോയ കേസിൽ ഉള്ള ഒട്ടു മിക്ക ആണുങ്ങളുടെ സ്വഭാവവും അതിദയനീയം ആണ്. നിങ്ങളും ഏകദേശം അങ്ങനെയൊക്കെ തന്നെ ആയിരിക്കും.

നാളെ വരുമ്പോൾ ഇവരുടെ ഒരു ഫോട്ടോയും ആധാർ കാർഡിന്റെ കോപ്പിയും ഇവിടെ ഏൽപ്പിക്കണം. സിഐ ഇത്രയും പറഞ്ഞ് അടുത്ത ആളെ വിളിപ്പിച്ചു. 

 

തിരിച്ചു കാർ ഓടിക്കുമ്പോൾ മനോജ്‌ ആലോചിച്ചു. അവളുടെ അകെ ഒരു ഫോട്ടോ ഉള്ളത് ആ പോസ്റ്റോഫീസ് കുറിയുടെ പാസ്സ് ബുക്കിൽ ആണ്. മെല്ലെ മെല്ലെ മനോജ്‌ അവളുടെ രൂപം ഓർത്തെടുത്തു. ഇരുണ്ട നിറം ആണെങ്കിലും ഉമ അതിസുന്ദരി ആയിരിന്നു. അവളുടെ ശരീരം ഒരു നർത്തകിയുടെ എല്ലാ മനോഹാരിതയും, അതിനുള്ള  അളവുകൾ ചേർന്നതും ആണ്. ഡാൻസ് പഠിപ്പിക്കാൻ വന്ന അവളെ അന്ന് കോളജിലെ അധ്യാപകർ അടക്കം പലരും രഹസ്യമായി പ്രണയിക്കുകയും ചെയ്തിരുന്നു... ഇപ്പോഴും അവളെ പലർക്കും പ്രണയിക്കാൻ താൽപര്യം ഉണ്ടാകുകയും ചെയ്യും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവളെ കണ്ടെത്തിയേ മതിയാകൂ. 

പെണ്ണുങ്ങൾ ഇല്ലാത്ത ആണുങ്ങൾ തല പോയ തെങ്ങ് പോലെയാണ്... അവനവനു പോലും പിന്നെ ആ തടികൊണ്ട് വലിയ പ്രയോജനം ഉണ്ടാകില്ല... 

 

വൈകുന്നേരത്തോടെ മനോജ്‌ താമസസ്ഥലത്തു തിരിച്ചെത്തി. ക്യാമറയും അതിന്റെ സാധനങ്ങളുമായി ഒന്നുരണ്ടുപേർ മുകളിലെ മുറിയിലേക്ക് പോകുന്നത് മനോജ്‌ കണ്ടു. 

 

കാർ നിർത്തി. മുറിയിൽ കയറാതെ  മനോജ്‌ നിന്നു. ജെയ്‌സൺ അതുവഴി വന്നപ്പോൾ മനോജ്‌ ചോദിച്ചു. ഇവരൊക്കെ ആരാണ്? 

ഞാൻ പറഞ്ഞിരുന്നില്ലേ ഒബ്രിയുടെ ചിത്രം. അതിലേക്കുള്ള ഫൈനൽ മത്സരം ഇന്നാണ്, അതിന്റെ ചില ഭാഗങ്ങളുടെ ഷൂട്ടിങ് ഇന്നു രാത്രിയിൽ നടക്കും.

 

അപ്പോൾ ആ തിരഞ്ഞെടുത്ത നായികാ പെണ്ണുങ്ങളൊക്കെ എത്തിയോ? 

 

ജെയ്സൺ മനോജിന്റെ വെയിൽ കൊണ്ട് കരുവാളിച്ച മുഖത്തേക്ക് നോക്കി രഹസ്യം പോലെ പറഞ്ഞു- അവരൊക്കെയും ഒബ്രി വന്ന അന്നുമുതലേ ഇവിടെയുണ്ടല്ലോ. മുകളിലെ കടലിലേക്ക് തുറക്കുന്ന മുറികളിൽ അവരാണ് താമസിക്കുന്നത്.

 

നീ ആ നീല ചിത്രത്തിലേക്കുള്ള പെണ്ണുങ്ങളെ കാണാറുണ്ടോ? മനോജിന് ആകാംക്ഷയായി

 

എല്ലാ ദിവസവും കാണും. ഓരോ വൈകുന്നേരവും അവർക്ക് ഓരോ മത്സരം ആണ്. പാട്ട്, നൃത്തം, പാചകം, പ്രണയം. ജയ്‌സൺ മനോജിന്റെ അരികിലേക്ക് നീങ്ങി. എന്നിട്ട് അതീവരഹസ്യം പോലെ മെല്ലെ പറഞ്ഞു. 

 

‘അതിലൊരു മലയാളപ്പെണ്ണുണ്ട്. നല്ല ഇടിവെട്ട് സർപ്പം പോലൊരു സുന്ദരി... ഒരു നീലച്ചുള്ളിപ്പൂവ്! എന്റെ പൂർണ്ണവിശ്വാസം അവസാന ലിസ്റ്റിലെ ആ രണ്ടുപേരിൽ ഒന്ന് അവൾ തന്നെയാണ് എന്നാണ്. ഒബ്രിയുടെ മലയാളത്തിലെ ആദ്യ നായിക അവൾ തന്നെ. 

 

ഒബ്രിക്ക് ഇതിനകം തന്നെ അവളോട് കടുത്ത പ്രണയമാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒബ്രി അവളെ മാത്രം കാണുവാനായി മുറിയിലേക്ക് പോകാറുണ്ട്!

ജയ്‌സൺ പറയുന്നത് കേട്ടു നിൽക്കവേ മനോജിന് കടുത്ത വിയർപ്പ് തുടങ്ങി. 

 

മുകളിലെ മുറിയിൽ നിന്നും ഉച്ചത്തിലുള്ള പാട്ടും അതിനോടൊപ്പമുള്ള നൃത്തചിലങ്കയുടെ ശബ്ദവും മനോജ്‌ കേട്ടു.  മുകളിൽ നിലാവ് നുറുങ്ങി വീഴും പോലുള്ള നേരിയ പ്രകാശം.  

 

ഒബ്രി, ഒബ്രിക്ക് പ്രിയപ്പെട്ട ആ പെണ്ണുങ്ങളെയും ചേർത്തുപിടിച്ചു വർണ്ണ വെളിച്ചങ്ങൾക്ക് ഇടയിലൂടെ താഴേക്കും മുകളിലേക്കും നീങ്ങുന്നത് മനോജ്‌ കണ്ടു. ഇപ്പോൾ അതിൽ ഒരു ഒറ്റ പെണ്ണുമായി ഒബ്രി സ്വർഗത്തിലേക്ക് എന്ന പോലെയുള്ള പടികൾ കയറുന്നു... 

 

ജ്വലിക്കുന്ന തീക്കനലുകളിൽ പെട്ടതു പോലെ തന്റെ ശരീരം മുഴുവനായും എളുപ്പത്തിൽ വിയർത്ത് നാശകോശമാകുന്നത് മനോജ് തിരിച്ചറിഞ്ഞു. ഒന്നു കൂടി മുകളിലേക്ക് നോക്കവേ, ദൂരെ നിന്നും തെറിച്ചു വീഴുന്ന ലൈറ്റ് ഹൗസിലെ മിന്നൽ വെളിച്ചത്തിൽ ആ  രണ്ടു കറുത്ത ഉടലുകളുടെ നൃത്തം ഒരു നീല ചിത്രത്തിലെന്ന പോലെ മനോജിൽ കൂടുതൽ കൂടുതൽ  തെളിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com