sections
MORE

‘കരഞ്ഞു കൊണ്ട് അയാൾ അവരോടു ചോദിച്ചു, എന്നെ കൊല്ലാതെ ഇരുന്നുകൂടെ...?’

death
പ്രതീകാത്മക ചിത്രം
SHARE

മരണത്തിലേക്കുള്ള വഴി

കഥ 1 - വധശിക്ഷ

രാഷ്‌ട്രപതി ദയാഹർജി തള്ളി!. ഇതായിരുന്നു അവസാനത്തെ കച്ചിത്തുരുമ്പ്. ഇനി ഒന്നും ചെയ്യാൻ ഇല്ല. പ്രതീക്ഷയുടെ എല്ലാ വാതിലുകളും അടഞ്ഞു. ജയിലിലെ സിമെന്റ് തറയിൽ കിടന്നു കൊണ്ട് അയാൾ ശ്വാസം വലിച്ചു വിട്ടു. ഈ ശ്വാസത്തിനും അവസാനത്തെ ശ്വാസത്തിനും ഇടയിൽ ഇനി ഈ രാത്രി മാത്രം ബാക്കി. മനസ്സിൽ ഭയം കുമിഞ്ഞു കൂടുന്നു. അയാൾ ജയിലഴികളിലൂടെ വിതൂരതയിലേക്കു നോക്കി. നിലാവിൽ അവ്യക്തമായി മരങ്ങൾ കാണാം. പിന്നെ മേഘങ്ങളും അതിന്റെ ഇടയിൽ പൂർണ്ണചന്ദ്രനും. മേഘങ്ങൾ വിചിത്ര രൂപങ്ങൾ പ്രാപിച്ചു, ചന്ദ്രന്റെ മുൻപിൽ കൂടെ കടന്നു പോയിക്കൊണ്ടിരുന്നു. പേടിപ്പെടുത്തുന്ന ഈ രൂപങ്ങൾ ചിലപ്പോഴൊക്കെ ചന്ദ്രനെ പൂർണമായും വിഴുങ്ങി. ഭയം തോന്നുന്ന ആ കാഴ്ചയിൽ നിന്ന് അയാൾ പണിപ്പെട്ടു തന്റെ കണ്ണുകൾ  പറിച്ചെടുത്തു. വിദൂരതയിൽ എവിടേയോ ഒരു മൃഗത്തിന്റെ കരച്ചിൽ കേട്ടു. തന്നെ തേടി കാലൻ എത്തുന്നതാണോ? അയാൾ തന്റെ കണ്ണുകളും ചെവിയും ഭയത്തോടെ പൊത്തിപ്പിടിച്ചു.

ജയിലിലെ സിമെന്റ് തറയിൽ അയാൾക്ക്‌ വല്ലാത്ത തണുപ്പ് തോന്നി. മരണത്തിനു വല്ലാത്ത തണുപ്പാണോ? ഉറങ്ങാൻ കഴിയുന്നില്ല. ഓർമകൾ ഇങ്ങനെ മനസ്സിലേക്ക് വന്നു നിറയുന്നു. നല്ലതും ചീത്തയും!. അച്ഛൻ,അമ്മ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, ശത്രുക്കൾ, നന്മ, തിന്മ, അങ്ങനെ പലതും. തിന്മയാണ് കൂടുതൽ. അത് തന്നെ ഇവിടെ വരെ കൊണ്ടെത്തിച്ചു. മനസ്സു വല്ലാതെ കലുഷിതമാണ്. ഒന്ന് കുമ്പസരിച്ചാൽ കൊള്ളാമെന്നുണ്ട്. വേണ്ട, എന്റെ നന്മ തിന്മകൾ ആർക്കും പകർന്നു കൊടുക്കേണ്ട. അവ തന്നോടൊപ്പം മണ്ണടിയട്ടെ. മനസ്സിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല. അയാൾ അലറി കരഞ്ഞു.

ചന്ദ്രൻ അസ്തമിക്കുന്നു. ജയിലിന്റെ അഴികൾക്കപ്പുറത്തു എവിടോ അതു മറഞ്ഞു. ഇനി ഒരു ചന്ദ്രോദയമോ, അസ്തമയമോ ഇല്ല. അയാൾ ആ ചെറിയ മുറിയിൽ നിസ്സംഗതനായി ആകാശത്തേക്ക് നോക്കി നിന്നു. അയാളറിയാതെ കണ്ണീർ തുള്ളികൾ കവിളിലൂടെ  ഒഴുകുന്നു. ഇനി മിനിറ്റുകൾ മാത്രം. ഇടനാഴിയുടെ അറ്റത്തു നിന്നും ബൂട്സ്സിട്ട കാലുകളുടെ ശബ്ദം അടുത്തടുത്തു വന്നു. എങ്ങോട്ടെങ്കിലും ഓടി ഒളിക്കാൻ അയാൾ വല്ലാണ്ട് ആഗ്രഹിച്ചു. തന്റെ ആഗ്രഹത്തിന് തീരെ വിലകല്പിക്കാതെ വിധി സെല്ലിന്റെ താഴ് തുറന്നു അകത്തേക്ക് വന്നു. കരഞ്ഞു കൊണ്ട് അയാൾ അവരോടു ചോദിച്ചു, ‘എന്നെ കൊല്ലാതെ ഇരുന്നുകൂടെ?’

ആരാച്ചാർ ബലം പ്രയോഗിച്ചു അയാളുടെ കൈകൾ പിറകിൽ പിടിച്ചു കെട്ടി. കാലുകളും കൂട്ടിക്കെട്ടി. കയറിന്റെ ശക്തി അയാൾ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. കണ്ണുനീർ നിറഞ്ഞു, കണ്ണുകാണാൻ വയ്യാത്ത അവസ്ഥയാണ്. കറുത്ത കോട്ടിട്ട മജിസ്‌ട്രേറ്റ് വീണ്ടും വിധി വായിച്ചു. കയ്യിലെ  ഘടികാരത്തിൽ സമയം നോക്കി. അതിനു ശേഷം ആരാച്ചാരെ നോക്കി ഒന്ന് മൂളി. ആരാച്ചാർ ഒരു കറുത്ത തുണി കൊണ്ട് അയാളുടെ തല മൂടി. കണ്ണിലെ കാഴ്ച്ച മറഞ്ഞിരിക്കുന്നു. കഴുത്തിൽ കയർ മുറുകുന്നതു വേദനയോടെ അയാൾ അറിഞ്ഞു!!.

കഥ 2  - ദയാവധം 

വൃദ്ധൻ രാഷ്ട്രപതിയുടെ വിധി വായിച്ചു കേട്ടു. അവസാനത്തെ വിധിയും വന്നു. ഇനി എല്ലാം തിരിമാനിച്ചതു പോലെ നടക്കും. ഒന്നിനും ആർക്കും തടസം നില്ക്കാൻ കഴിയില്ല.  നിസംഗതയോടെ അയാൾ ഡോക്ടറെ നോക്കി. ഡോക്ടറുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. വിഷാദമോ അതോ സംതൃപ്തിയോ? കിടക്കയിൽ കിടന്നു കൊണ്ട് വൃദ്ധൻ ഒരു ദിർഘശ്വാസം  എടുത്തു. ഇനി ഈ രാത്രി കൂടെ!. പണിപ്പെട്ടു അയാൾ ജനലിലൂടെ പുറത്തെ നിലാവിലേക്കു നോക്കി. ഇക്കാലമത്രയും താൻ എത്ര പൂർണ്ണചന്ദ്രനെ കണ്ടു. ആയിരം പൂർണ്ണചന്ദ്രനെ കണ്ടത് തന്റെ എൺപത്തിനാലാം പിറന്നാൾ ദിനത്തിൽ ആണ്. പിന്നെയും എത്രയോ പൂർണ്ണചന്ദ്രന്മാർ. പക്ഷേ മേഘങ്ങളുടെ നടുവിൽ കാണുന്ന ഇന്നത്തെ ഈ പൂർണ്ണചന്ദ്രനോളം ഭംഗി മറ്റൊരിക്കലും തോന്നിയിട്ടില്ല. ആ സുന്ദരമായ കാഴ്ച മനസ്സിലേക്കാവാഹിച്ചുകൊണ്ടു അയാൾ പതിയെ കണ്ണുകൾ അടച്ചു. ദൂരെ എവിടേയോ ഒരു കിളി തനിക്കു വേണ്ടി ഒന്നുകൂടി പാടുന്നു. അയാൾ കാതുകൾ കൂർപ്പിച്ചു.

റൂമിലെ എയർ കണ്ടിഷണർ വല്ലാതെ തണുപ്പിക്കുന്നുണ്ട്. കഴുത്തുവരെ പുതപ്പു മൂടിയിട്ടുണ്ട്, എങ്കിലും തണുക്കുന്നു. ഉറക്കം വരുന്നില്ല. ചുറ്റും ആരൊക്കെയോ നിൽക്കുന്നു. ഇളയ മകൾ, മകന്റെ ഭാര്യ, മരുമക്കൾ, പേരക്കുട്ടികൾ, അവരുടെ മക്കൾ. പലരേയും തനിക്ക് അറിയില്ല. ചില മുഖങ്ങൾ ഓർമ്മയുണ്ട്. കണ്ണടഞ്ഞു പോകുന്നു. അടയുന്ന കൺപ്പീലിയുടെ തിരശീലക്കു മുൻപിൽ ഓർമ്മചിത്രങ്ങൾ നിറയുന്നു. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, കാമുകിമാർ, മരിച്ചു പോയ മകൻ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അങ്ങനെ തനിക്കു ചിരപരിചിതരായവർ തന്റെ ചുറ്റും നിൽക്കുന്നു. എല്ലാവരും തന്നെ നോക്കി പുഞ്ചിരിക്കുന്നു. വൃദ്ധൻ അതു നന്നായി ആസ്വദിച്ചു. ഉറക്കത്തിലും ആ മുഖത്ത് പുഞ്ചിരി കളിയാടി.

ഉദയ സൂര്യന്റെ കിരണങ്ങൾ ജനാലയിലൂടെ മുറിയിലേക്ക് കടന്നു വന്നു. അതു വൃദ്ധന്റെ മുഖത്ത് തട്ടി. കണ്ണ് ചിമ്മി തുറന്നു. ആരോ കർട്ടൻ വലിച്ചിട്ടു സുര്യനെ മറച്ചു. ഇനിയും സൂര്യൻ ഈ ലോകത്ത് ഉദിക്കട്ടെ എന്ന് അയാൾ മനസ്സിൽ പറഞ്ഞു. ഡോക്ടർ വന്നു ബ്ലഡ് പ്രഷർ നോക്കി. സ്റ്റെതസ്കോപ്പ് കൊണ്ട് ഹൃദയതാളം അളന്നു. ഡോക്ടർ വിഷാദനായിരുന്നു. "സമയമായി, നമുക്ക് കൊണ്ടുപോകാം" അയാൾ പറഞ്ഞു. വൃദ്ധന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.

വൃദ്ധനെ അവർ മറ്റൊരു മുറിയിലേക്ക് കൊണ്ട് വന്നു. ഡോക്ടർ വീണ്ടും കൈത്തണ്ടയിൽ പിടിച്ചു രക്തയോട്ടം നോക്കി. പൊലീസ് ഓഫീസർ തന്റെ കൈയിലെ ഉത്തരവു ഒന്ന് കൂടി നോക്കി. വൃദ്ധൻ  കിടന്നിരുന്ന കട്ടിലിന് അരികിലെ സ്‌ക്രീനിൽ ഹൃദയതാളം സാവകാശം മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഡോക്ടർ തന്റെ വലതുകൈയിൽ ഇരുന്ന സിറിഞ്ചിലേക്കു ഇടതുകൈയിലെ ബോട്ടിലിൽ നിന്ന് മരുന്ന് നിറച്ചു. പൊലീസ് ഓഫീസർ ഡോക്ടറെ നോക്കി തലയാട്ടി. ഡോക്ടർ തന്റെ സിറിഞ്ചിന്റെ സൂചി വൃദ്ധന്റെ വലതുകൈയിലെ ഞരമ്പിലേക്കു കയറ്റി. വൃദ്ധന്റെ മുഖത്ത് കൃതജ്ഞത നിറഞ്ഞു. സ്‌ക്രീനിൽ ഹൃദയതാളം നിലക്കുന്നു. അയാൾ പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ അടച്ചു.

English Summery : Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;