ADVERTISEMENT

മഴയായി പെയ്യുന്ന ഏകാന്തത (കഥ) 

 

അങ്ങ് താഴെ റോഡിൽ മഹാനഗരത്തിന്റെ തിരക്കിൽ എണ്ണമറ്റ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നു. ഉറുമ്പിൻ കൂട്ടങ്ങളെ പോലെ മനുഷ്യർ തിക്കി തിരക്കി നടന്നു മറയുന്നു. ഫ്ലാറ്റിന്റെ പത്താമത്തെ നിലയിലെ ബാൽക്കണിയിൽ നിന്ന് അവൾ റോഡിൽ കൂടെ പോകുന്ന വണ്ടികൾ എണ്ണാൻ ശ്രമിച്ചു. വിഫലമായ ശ്രമം. എന്നും കണക്കു തെറ്റിപ്പോകും. ഇന്നും അത് തുടർന്നു. ശ്രമം പാതിയിൽ ഉപേക്ഷിച്ച് അവൾ ഭിത്തിയിൽ തൂങ്ങിയാടുന്ന കലണ്ടർ നോക്കി തീയതികൾ എണ്ണി. ഇല്ല ഇതു തെറ്റില്ല. ഇന്ന് അമ്പതു ദിവസം കഴിഞ്ഞിരിക്കുന്നു, ഈ മഹാനഗരത്തിന്റെ ഒറ്റപ്പെടലിലേക്കു തന്നെ പറിച്ചുനട്ടിട്ട്.

 

പണ്ട് നാട്ടിൽ പാടത്തെ മുറിച്ചു പോകുന്ന ട്രാക്കിൽ നോക്കി നിന്ന് അവൾ ഒരിക്കൽ തന്നോട് തന്നെ ചോദിച്ചു  "ഇതിലേ വരുന്ന ട്രെയിനുകൾ എവിടേക്കാണ് പോകുക?" പക്ഷേ താൻ ഒരിക്കൽ അതിലൊന്നിൽ കയറി മുംബൈക്കു പോകുമെന്ന് അവൾ സ്വപ്നത്തിൽ പോലും നീരിച്ചില്ല. വിവാഹം വളരെ പെട്ടന്നായിരുന്നു ഉറപ്പിച്ചത്. ഇരുപതു വയസ്സും നാലു മാസവും ആയിരുന്നു അവളുടെ പ്രായം. അമ്മയുടെ കല്യാണം പതിനെട്ടിൽ കഴിഞ്ഞത്രേ. മുത്തശ്ശിയുടെ പുടമുറി 14 വയസ്സിൽ ആയിരുന്നെന്നും അവൾക്കു കല്യാണ പ്രായം കഴിഞ്ഞു എന്നുമാണ് മുത്തശ്ശിയുടെ പരിഭവം. ജ്യോത്സ്യൻ പറയുന്നത് കേൾക്കാതെ അച്ഛന് വഴിയില്ല. ഇപ്പൊ നടന്നില്ലച്ച പിന്നെ 34 കഴിയുമത്രേ. തന്റെ അഭിപ്രായം മാത്രം ആരും ചോദിച്ചില്ല. അല്ല ഇപ്പൊ ചോദിച്ചിട്ടും കാര്യം ഇല്ല, വല്ല മണ്ടത്തരവും ആയിരിക്കും എഴുന്നെള്ളിക്കുക എന്നു ചേട്ടൻ കളിയാക്കുക കൂടെ  ചെയ്തു. എന്നത്തേയും പോലെ തന്റെ കല്യാണ കാര്യത്തിലും താൻ ഒറ്റപെട്ടുപോയിരിക്കുന്നു എന്ന് അവൾക്കു ബോധ്യമായി.

 

മഴമേഘങ്ങൾ കുമിഞ്ഞു കൂടുന്നു. സമയം അഞ്ചു കഴിഞ്ഞതേ ഉള്ളു, പക്ഷേ ഇരുട്ട് പരക്കുന്നു. താഴെ ഉറുമ്പുകൾക്കു വേഗത കൂടുന്നു. വെള്ളത്തുള്ളികൾ വീഴും മുൻപേ വീട്ടിൽ എത്തണം. മഹാനഗരത്തിൽ മഴ കേരളത്തിലെ ഗ്രാമത്തിലെ പോലെയല്ല. ഇവിടെ അവൾ കുറച്ചു ഭീകരരൂപിണിയാണ്. നഗരം മുഴുവൻ പ്രകാശം പരത്തിയ മിന്നലും ലോകം പൊട്ടിപിളരുന്ന ശബ്ദത്തിലുള്ള ഇടിയും. പിന്നെ വഴിയിൽ കണ്ട എല്ലാത്തിനേയും കൂടെ കൊണ്ട് പോകുന്ന കാറ്റും. പണ്ടേ അവൾക്കു ഇടിയും മിന്നലും പേടിയാണ്. ചേട്ടൻ എത്താൻ വൈകും. ഒൻപതു മണിയാകും. വിളിച്ചിരുന്നു. മഴ കനത്തു. താഴെ വണ്ടികൾക്കു വേഗത കുറഞ്ഞു. തിരക്ക് കൂടി. ആരോക്കെയോ വെറുതെ ഹോൺ അടിക്കുന്നു. ഉറുമ്പുകൾ കുട പിടിച്ചു തുടങ്ങി. വെള്ളം റോഡരികിലെ ഓട കവിഞ്ഞു ഒഴുകി തുടങ്ങി. ശക്തമായ ഒരു മിന്നൽ അടിച്ചു. കൂടെ ആകാശം പൊട്ടി വീഴുന്ന പോലെത്തെ പ്രകമ്പനം കൊള്ളുന്ന ഒരു ഇടിയും വെട്ടി. അവളുടെ ഉള്ളൊന്നു കിടുങ്ങി. അവൾക്കു വല്ലാത്ത ഭയം തോന്നി തുടങ്ങി. ശബ്ദം ഒഴിവാക്കാൻ ചെവി പൊത്തി പിടിച്ചു. കണ്ണുകൾ ഇറുക്കി അടച്ചു.

 

ഏഴു മണി കഴിഞ്ഞു കാണും. ഇടി വെട്ടിയപ്പോൾ ടിവി ഓഫ് ചെയ്തു. എന്നാലും മൊബൈൽ ഫോൺ ഓൺ ആണ്. ചേട്ടൻ വിളിച്ചാലോ? അവൾ താഴേക്ക് നോക്കി. റോഡ് നിറയെ വെള്ളം. വണ്ടികൾക്ക് പോകാൻ കഴിയുന്നില്ല. മനുഷ്യർ മുട്ടിനു മുകളിൽ വെള്ളത്തിൽ ആണ് നടക്കുന്നത്. വല്ലാത്തൊരു മഴ. എന്താ ഇപ്പൊ ഇങ്ങനെ ഒരു മഴ? ഏകാന്തതയിൽ അവൾ വീണ്ടും ചിന്തയിൽ മുഴുകി. അവളുടെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് വീടും ഒരു ഇടി വെട്ടി. പെട്ടെന്ന് മുറിയിലെ ലൈറ്റ് ഓഫ് ആയി. അവൾ ശരിക്കും ഭയന്നു കരയാറായി. കറന്റ് പോയിരിക്കുന്നു. അവൾക്കു മനസിലായി. മൊബൈലിന്റെ വെളിച്ചത്തിൽ അവൾ ഷെൽഫിൽ പോയി നോക്കി. ഭാഗ്യം മെഴുകുതിരി ഉണ്ട്. അതിൽ ഒന്നെടുത്തു കത്തിച്ചുകൊണ്ടവൾ നെടുവീർപ്പിട്ടു.

 

സമയം എട്ടോട് അടുക്കുന്നു. മെഴുകുതിരി വെളിച്ചത്തിൽ ഏകാന്തത അവളെ വല്ലാതെ വേട്ടയാടി തുടങ്ങി. ഈ സമയം ഫോൺ ബെല്ലടിച്ചു. ചേട്ടനാണ്. പ്രതീക്ഷയോടെ അവൾ ഫോൺ എടുത്തു. മറുതലക്കൽ ജനങ്ങളുടെ ബഹളം, മഴയുടെയും കാറ്റിന്റെയും ശബ്ദം. ചേട്ടന് വീട്ടിൽ എത്താൻ പറ്റില്ലത്രേ. വണ്ടികൾ ഒന്നും ഓടുന്നില്ല, വന്ന വഴി തിരിച്ച് ഓഫീസിലേക്കു പോകുകയാണ്. വേദനയോടെ അവൾ മനസിലാക്കി; ഇന്നു ഈ മഴ പെയ്യുന്ന, ഇടിയും മിന്നലും ഉള്ള രാത്രിയിൽ അവൾ ഈ മഹാനഗരത്തിൽ തനിച്ചാണ്. നഗരത്തിന്റെ നടുക്കുള്ള ഈ ഒറ്റപ്പെട്ട തുരുത്തിൽ അവൾ തികച്ചും തനിച്ചാണ്. ഇന്നു വരെ ഒരു വീട്ടിൽ അവൾ ഒറ്റക്കു കഴിഞ്ഞിട്ടിട്ടില്ല. ഭയം വല്ലാണ്ട് കുമിഞ്ഞു കൂടി. അവൾക്കു സഹിക്കാൻ കഴിയുന്നില്ല. കണ്ണ് നിറഞ്ഞൊഴുകി. തന്റെ ചുറ്റുമുള്ളത് എല്ലാം കറങ്ങുന്നതു പോലെ അവൾക്കു തോന്നി. അവൾ കസേരയിൽ പിടിച്ചിരുന്നു. പെട്ടെന്നൊരു ഇടി വെട്ടി. അവൾ അലറി വിളിച്ചു കരഞ്ഞു.

 

ഇരുട്ടിനു കട്ടി പിടിച്ചു തുടങ്ങി. മഴയുടെ ശക്തി കുറഞ്ഞില്ല. തകർത്തു പെയ്യുന്നു. രാത്രി സമയം പന്ത്രണ്ടു കഴിഞ്ഞു. ഭയം മൂലം അവൾ ഇരുന്നിടത്തുന്നു നിന്ന് അനങ്ങിയില്ല. കത്തി തീർന്ന മെഴുകുതിരിയുടെ സ്ഥാനം വേറൊന്നു പിടിച്ചു. ഡൈനിങ് ടേബിളിൽ തലവെച്ച് അവൾ കിടന്നു. ഉറക്കം വരുന്നില്ല. ഭയം മൂലം ഒരുപോള കണ്ണടക്കാൻ കഴിയുന്നില്ല. കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. ഇത്രയും ആളുകൾ തിങ്ങി പാർക്കുന്ന ഈ നഗരത്തിൽ താൻ ഒറ്റപ്പെട്ടു പോയിരിക്കുന്നു.

 

നേരം വെളുക്കാറായി. ഇന്ന് ഈ നഗരത്തിൽ സൂര്യോദയം ഉണ്ടോയെന്ന് അറിയില്ല. മഴയ്ക്ക് മാറ്റമൊന്നും ഇല്ല. ഇടിയും മിന്നലും തുടർന്നു. ഇടക്ക് ഞെട്ടുന്നുണ്ടെങ്കിലും ഇടിയും മിന്നലും അവൾക്കു പരിചിതമായി തുടങ്ങി. ഭയം മാറി തുടങ്ങി. ഒറ്റയ്ക്ക് നേരിടുകയല്ലാതെ മറ്റു മാർഗങ്ങളില്ല. തന്റെ ഈ പുതിയ അവസ്ഥയോടു അവൾ പൊരുത്തപ്പെട്ടു തുടങ്ങി. ഭയത്തിൽ നിന്ന് ഉടലെടുത്തു നിലനിൽപ്പിലൂടെ വളർന്നു നിസംഗതയിലേക്കു ചുവടു മാറിയിരിക്കുന്നു അവളുടെ ഏകാന്തത. ആ ഒറ്റത്തിരി നാളത്തിന്റെ വെളിച്ചത്തിൽ, ഇടിയും മഴയും ഉള്ള ഈ രാത്രിയിൽ അവൾ തന്റെ ഏകാന്തതയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.

 

English Summery : Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com