sections
MORE

അടച്ചുറപ്പുള്ള പാത്രങ്ങളിൽ പ്രിയപ്പെട്ടവർക്കായി ശേഖരിച്ചു വയ്ക്കുന്ന സ്നേഹം

lunch-box
പ്രതീകാത്മക ചിത്രം
SHARE

ഓർമ്മയിലെ ശിശിരം (കഥ)

പഴയ പുസ്തകങ്ങളും ഫോട്ടോ ആൽബങ്ങളും പൊടിതട്ടി അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു ഞാൻ. അക്കൂട്ടത്തിൽ ഒന്നിൽ നകുലനെയും ശാന്തിയേയും മകനെയും കണ്ടു. അവരോടൊപ്പം ഞങ്ങളും ഉണ്ട്... നകുലന്റെ ഏഴുവയസ്സുകാരൻ മകൻ ഞങ്ങളുടെ ഒൻപതുമാസക്കാരിയെ കൊഞ്ചിക്കുന്ന ദൃശ്യമാണ് എന്നെ വീണ്ടും ആ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

പ്രവാസജീവിതത്തിന്റ ആദ്യനാളുകളിലാണ് അവരെ ഞാൻ പരിചയപ്പെടുന്നത്. ഭർത്താവിന്റെ ഓഫീസിൽ ആണ് നകുലൻ ജോലി ചെയ്യുന്നത്. ഓഫീസ് വിശേഷങ്ങളിൽ നകുലൻ ഒരു കഥാപാത്രം ആണ്. നർമ്മം ആണ് സ്ഥായിയായ ഭാവം. ഒരുകാലത്ത് ആഭ്യന്തരകലാപവും യുദ്ധവും തകർത്തുകളഞ്ഞ ശ്രീലങ്കൻ മണ്ണിൽ നിന്നാണ് നകുലൻ ദുബായിയിൽ എത്തിയത്. ജീവിതത്തെ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിൽ നേരിടാൻ കെല്പില്ലാതെ ഓടി രക്ഷപെട്ടപോലെ. അന്ന്‌ ഉന്നത വിദ്യാഭ്യാസം ലഭിച്ചിരുന്ന അയാളുടെ സഹോദരന്മാർ ഓസ്‌ടേലിയയിലേക്കും ന്യൂസിലാൻഡിലേക്കും എത്തിപ്പെട്ടിരുന്നു. അവർക്ക് ആ രാജ്യങ്ങളിൽ രാഷ്ട്രീയാഭയം ലഭിച്ചുവെന്ന് പറയുന്നതാവും കൂടുതൽ ശരി.

നകുലനും കുടുംബവും ന്യൂസിലാൻഡിലേക്ക് കുടിയേറുന്നുവെന്നതായിരുന്നു അന്നത്തെ മുഖ്യവിശേഷം. അവർക്ക് ഞങ്ങളെ കാണാൻ ആഗ്രഹമുണ്ടത്രെ. പ്രത്യേകിച്ച് ഞങ്ങളുടെ മകളെ. എന്നാപ്പിന്നെ അങ്ങനെ ആകട്ടെ നാളെത്തന്നെ പോയേക്കാം എന്ന തീരുമാനത്തിലെത്തി.

നടക്കാൻ ഉള്ള ദൂരമെ ഉണ്ടായിരുന്നുള്ളു നകുലൻ താമസിക്കുന്നിടത്തേക്ക്. കൂടാത്തതിന് ശൈത്യകാലം തുടങ്ങുന്നതിനുമുമ്പേയുള്ള നല്ല കാലാവസ്ഥയും. സ്ട്രീറ്റിന്റെ അങ്ങെ അറ്റത്തേക്കു നടക്കുമ്പോൾ രാത്രികാല വർണ്ണാലങ്കാരങ്ങളിൽ കുഞ്ഞിക്കണ്ണുകൾ വിടർന്നു.

വളരെ ഉഷ്മളമായി അവർ ഞങ്ങളെ സ്വീകരിച്ചു. രണ്ടുപേരുടേയും വേരുകൾ തമിഴ്നാട്ടിലാണ്. പിതാമഹന്മാർ അവിടെ എത്തിപ്പെട്ടത് ബ്രിട്ടീഷ് ഭരണകാലത്തു തോട്ടങ്ങളിൽ ജോലിക്കാരായിട്ടാണ്. ശാന്തി വലിയ കണ്ണുകളും വിടർന്ന ചിരിയുമായി ഞങ്ങളുടെ മകളെ അരുമയോടെ മടിയിൽ വച്ചു. അപ്പോൾ അവരുടെ മകൻ കളിപ്പാട്ടങ്ങളുമായി എത്തി. 

ഞങ്ങളുടെ ഭർത്താക്കന്മാർ എന്നും കാണുന്നവർ ആയിരുന്നിട്ടും അവർക്ക് പറയാൻ ഏറെ ഉണ്ടായിരുന്നു. ജനിച്ച നാട്ടിൽ ജീവിക്കുന്നത് ഒരു ഭാഗ്യമായി കരുതിയ അയാൾ ഈ കുടിയേറ്റത്തെ അനിവാര്യമായ ഒരു പ്രവൃത്തി എന്നാണ് വിശേഷിപ്പിച്ചത്. അതും സുരക്ഷിതമായ ഒരു ജീവിതത്തിനു വേണ്ടി. അപ്പോൾ സ്നേഹവും വാത്സല്യവുമൊക്കെ ഭക്ഷണരൂപത്തിൽ എത്തിക്കാനുള്ള ശ്രമത്തിൽ കിച്ചണിൽ ആയിരുന്നു ശാന്തി.

ആവിപറക്കുന്ന അപ്പച്ചെമ്പിൽ നേർത്ത തുണി വിരിച്ചു മാവ് കോരിയൊഴിക്കുന്നതും അവ അനായാസേന പൂ പോലെ പ്ലേറ്റിലേക്കു പതിക്കുന്നതും എനിക്കേറെ ഇഷ്ടപ്പെട്ടു. (പിറ്റേന്ന് വൈകിട്ടത്തേക്കുള്ള ഇഡ്ഡലിക്കുള്ള അരിയും ഉഴുന്നും രണ്ടു കൈവിരലുകൾക്കുള്ളിൽ ഞെരുങ്ങാവുന്നത്ര ഉലുവയും ഞാൻ അപ്പോൾ മനസ്സിൽ കുതിരാൻ ഇട്ടു എന്നു പറയുന്നതാവും കൂടുതൽ ശരി)

ഭക്ഷണമേശയിൽ വിഭവങ്ങൾ ഒരുക്കാൻ ഞാനും കൂടി. സിംഹളരീതിയിൽ കറുവപ്പട്ടയും സവാളയും ഇട്ട്‌ ഉലർത്തിയ പുഴുങ്ങിയ ഉരുളക്കിഴങ്ങും ചപ്പാത്തിയും ചിക്കൻ കറിയും. പിന്നെ നേരത്തെ പറഞ്ഞ പൂ പോലത്തെ ഇഡ്ഡലിയും മാന്ത്രിക കൂട്ടുള്ള ചട്ണിയും.

മകൾ കളിപ്പാട്ടം ഉപേക്ഷിച്ച് വിശന്ന് എന്നോടു ചേരാൻ ശ്രമിച്ചുകൊണ്ടിരുന്നു. ശാന്തി അൻപോടെ അവളെ മടിയിലിരുത്തി ഇഡ്ഡലി വായിൽ വച്ചുകൊടുത്തു. നാട്ടിൽ നിന്ന് അമ്മച്ചി കൊടുത്തുവിട്ട കുറുക്കും അമ്മയുടെ യാതൊരു വികാരവുമില്ലാത്ത കുട്ടി പാചകവും ഇഡ്ഡലിയോട് തോന്നിയ അനുരാഗത്തിൽ ആ നിമിഷം നിഷ്പ്രഭമായി.

ആശംസകൾ കൈമാറി സൗഹൃദം ഉറപ്പിച്ചു ഞങ്ങൾ ഇറങ്ങാൻ നേരം ശാന്തി എന്റെ കൈകളിൽ അമർത്തി പിടിച്ചു. അതിൽ ഒരു അനുവാദമാണ് അവളെന്നോട് ചോദിച്ചതെന്നു ഞാനറിഞ്ഞു... ഭർത്താക്കന്മാർ ലോകകാര്യങ്ങൾ പറയുന്ന ഇടവേളയിൽ അവൾ അകത്തോട്ടു പോയി ഒരു കവർ നിറയെ സാധങ്ങളുമായെത്തി.

തിരിച്ചു നടക്കുമ്പോൾ രാത്രി സജീവമായി തുടങ്ങിയിരുന്നു. അറേബ്യൻ ഊദിന്റേയും ലെബനീസ് ഫലാഹിലുകളുടെയും ഗന്ധം മണക്കുന്ന ആ രാത്രിയിൽ എന്റെ ശ്രദ്ധ മുഴുവനും റോഡിനു മറുവശം ക്രീക്‌സൈഡിൽ നങ്കൂരമിട്ടിരുന്ന ഉരുക്കളിൽ ആഫ്രിക്കയിലോട്ടും ഇറാനിലോട്ടും വീട്ടുസാധങ്ങളും ധാന്യങ്ങളും കയറ്റി അയക്കുന്ന ശ്രമകരമായ ദൃശ്യത്തിലേക്കായിരുന്നു. അവയിൽ പഴയതും പുതിയതും ഉണ്ടായിരുന്നു. ഒരിടത്ത് അഴിയപ്പെടുന്നത് വേറൊരിടത്തു കെട്ടപ്പെടുന്നതും ശേഖരിക്കപ്പെടുന്നത് വിതരണം ചെയ്യപ്പെടുന്നതും ഒക്കെയാണല്ലോ ജീവിതം എന്ന ചിന്ത ഒരു ഉണർവു നൽകി.

വീടണഞ്ഞപ്പോൾ മകൾ ഉറങ്ങി പോയിരുന്നു. തുറന്നു വച്ച കവറിൽ നിന്നു ശാന്തിയുടെ ഇഷ്ടങ്ങൾ ഞാൻ എന്റേതാക്കി. ആവശ്യമില്ലായെന്നും പറഞ്ഞു വിണ്ണിലേക്കോ തിരിച്ചു പൊക്കോ എന്നും പറഞ്ഞു മണ്ണിലേക്കോ അവളതിനെ അയച്ചില്ല. മിനുസമുള്ള തടിയിൽ സൂഷ്മതയോടെ കടഞ്ഞെടുത്ത ആ കളിപ്പാട്ടങ്ങളിൽ ഭാവന വിടർന്നു, പൂ പോലത്തെ മൃദുവായ ഇഡ്ഡലിയിൽ ഒരു പോഷകസംസ്കാരവും അടച്ചുറപ്പുള്ള പാത്രങ്ങളിൽ പ്രിയപ്പെട്ടവർക്കായി ശേഖരിച്ചു വയ്ക്കുന്ന  സ്നേഹവും.

അടുത്തിരിക്കാനാവാത്ത ഈ നാളുകളിൽ സഹവർത്തിത്തമുള്ള ഇത്തരം അനുഭവങ്ങൾ ഭാവിയെ വേറൊരു തലത്തിൽ നോക്കിക്കാണാൻ പ്രത്യാശ നൽകുന്നു. അത് എന്നും ഉദാത്തവും പാരസ്പര്യം നിറഞ്ഞതുമായിരിക്കും.

English Summery: Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;