sections
MORE

‘മനസ്സിലെ പ്രണയം തുറന്നു പറയാൻ ധൈര്യം വന്നില്ല, ആദ്യം ഫെലിക്സ് പറയാൻ കാത്തിരുന്നു’

lovers
പ്രതീകാത്മക ചിത്രം
SHARE

മനസ്സിലൊളിപ്പിച്ച പ്രണയം (കഥ)

ഹേമന്ത സന്ധ്യകളിൽ നക്ഷത്രങ്ങളെ തന്നെ നോക്കിയിരിക്കും. എത്ര നോക്കിയിരുന്നാലും മതിവരില്ല. അതിലൊരു നക്ഷത്രം എന്നെ നോക്കി ആയിരുന്നോ കണ്ണുകൾ ചിമ്മുന്നത്! അങ്ങകലെ നീലാകാശത്ത് നക്ഷത്രങ്ങൾ എനിക്കായി കാത്തിരിക്കുകയാണോ…? ആ ഒരു നക്ഷത്രമാവാൻ ഞാൻ ആശിച്ചു പോയി. നീലനിശീഥിനിയിൽ ചിറകുള്ള മേഘങ്ങൾ അടുത്തേക്ക് വന്ന് എന്നിലെ രാവുകളെ ഉന്മാദഭരിതമാക്കും.

ഋതുഭേദങ്ങൾ എനിക്കായ് കരുതിവെച്ച വഴികളിലൂടെ നടന്നു. ചിത്രശലഭങ്ങളും ചെമ്പനീർ പുഷ്പങ്ങളും ആയിരുന്നു വഴിത്താരയിൽ എന്നെ കാത്തു നിന്നത്. നിറങ്ങളെ പ്രണയിച്ച കാലം. പ്ലസ്ടു കാലഘട്ടം നിറങ്ങളുടെ ഉത്സവം തന്നെയായിരുന്നു ജെന്നിഫറിന്. നിറയെ സുഹൃത്തുക്കളുമായി ഒരു കൊച്ചു കുട്ടിയുടെ ത്രില്ലിലെന്നപോലെ കടന്നുപോയി. രണ്ടു വർഷക്കാലം കൂട്ടുകാരുമൊന്നിച്ചുള്ള എത്രയോ സുന്ദരമായ നിമിഷങ്ങളാണ് ഇവിടം എനിക്ക് സമ്മാനിച്ചത്. ഇതിനിടയിൽ കൂട്ടുകാരുടെ എത്രയോ പ്രണയങ്ങൾക്കു സാക്ഷ്യം വഹിച്ചു. എന്റെ മനസ്സിൽ, ഞാൻ ആഗ്രഹിച്ച പ്ലസ്ടുക്കാലം. ക്ലാസ്സ്മുറിയിലെ നാലു ചുവരുകൾ എനിക്ക് സമ്മാനിച്ച അവിസ്മരണീയമായ മുഹൂർത്തങ്ങൾ. 

പ്ലസ്ടു ക്ലാസുകൾ തീരും തോറും ഉത്കണ്ഠയുടെ ദിനങ്ങളായിരുന്നു ജെന്നിഫറിന്. എക്സാം അടുക്കുന്നതിന്റെയും കൂട്ടുകാരെ പിരിയുന്നതിന്റെയും ആകുലത. ഒരോ ദിവസവും വളരെ വേഗത്തിൽ പൊയ്​ക്കൊണ്ടിരുന്നു. മറ്റൊന്നിലും ശ്രദ്ധിക്കാതെ എക്സാമിനായി തയാറെടെടുത്തു. ഫിസിക്സും കെമിസ്ട്രിയും എല്ലാം ശ്രദ്ധയോടെ പഠിച്ചു. അങ്ങനെ എക്സാം എല്ലാം ഭംഗിയായി കഴിഞ്ഞു. ഗുൽമോഹർ പൂത്തുലഞ്ഞ മെയ് മാസത്തിൽ സ്കൂൾ ജീവിതത്തിന് തിരശ്ശീല വീണു.

ഇനി ഒരിക്കലും ഈ സ്കൂൾ ക്യാംപസിലേക്ക് ഇല്ലെന്നുള്ള നിരാശബോധത്തോടെ പടിയിറങ്ങി. ക്ലാസ്സ് മുറികൾ, ഓർമയിൽ എന്നും ഒരു നൊസ്റ്റാൾജിയ ഫീലിംങ് തന്നെ ആയിരിക്കും. കാറിന്റെ ഗ്ലാസിൽ ഇറ്റിറ്റു വീണുകൊണ്ടിരുന്ന മഴത്തുള്ളികൾ പോലെ വിരഹ വേദനയിൽ മിഴിനീർ ഒഴുകി. അങ്ങനെ ജീവിതത്തിൽ ഒരിക്കലും മടങ്ങി വരാത്ത പ്ലസ്ടു കാലത്തിന് വിരാമമായി എന്ന സത്യം ബോധ്യമായി. 

വിരസമായ അവധിക്കാലം വീട്ടിൽ തന്നെയായിരുന്നു. വെറുതെ ഇരിക്കുന്ന സമയങ്ങളിൽ മമ്മിയെ സഹായിക്കുമായിരുന്നു. അത്രമേൽ ഏകാന്തമായ സന്ധ്യകളിലൂടെയായിരുന്നു പ്ലസ് ടു എക്സാം കഴിഞ്ഞുള്ള ദിനരാത്രങ്ങൾ കടന്നു പോയത്. അവധിക്കാലം, ദിവസങ്ങൾ മുന്നോട്ട് പോകും തോറും മടുപ്പ് തോന്നിക്കൊണ്ടിരുന്നു. നേരംപോക്കിനായി ഇംഗ്ലിഷ് സാഹിത്യത്തിലെ ക്ലാസ്സിക്കുകൾ വായിക്കാൻ ഇടയായതു മുതലാണ് കഥാപാത്രങ്ങളിലെ പ്രണയാർദ്രഭാവങ്ങൾ എന്റെ ഹൃദയത്തിലേക്ക് അടുത്തു തുടങ്ങിയത്. 

മഴ പെയ്തൊഴിഞ്ഞ രാത്രിയിൽ പായ് വഞ്ചിയിലേക്ക് കൈ പിടിച്ചു കയറ്റുന്ന ക്യാപ്റ്റൻ ജോർജിനെ, മറ്റൊരിക്കൽ ‘ദി നെക്ലൈസ് ’ നോവലിലെ സൂസനു കൂട്ടായുള്ള ജയിംസ് അങ്ങനെ എത്രയോ കഥാപാത്രങ്ങളോട് പ്രണയം തോന്നിയ നിമിഷങ്ങൾ. പ്രൈഡ് ആൻഡ് പ്രജുഡിസ്, നോട്ട് ബുക്ക്, വുമൺ ഇൻ ലവ് അങ്ങനെ എത്രയോ ക്ലാസ്സിക്കുകൾ ഇതിനോടകം വായിച്ചു തീർന്നു.  

ജെയ്ൻ ഐറും റോച്ചെസ്റ്ററും തമ്മിലുളള വികാരഭരിതമായ പ്രണയകഥ പറയുന്ന ഷാർലെറ്റ് ബ്രൊണ്ടറുടെ 'ജെയ്ൻ ഐറും' ആയിരുന്നു ഞാൻ ഇതുവരെ വായിച്ചതിൽ ഏറ്റവും ഇഷ്ടപെട്ടത്. പുസ്തകങ്ങളോട് പ്രണയം തോന്നിയ അവധിക്കാലം ഒരു മായാ ലോകത്തിലേക്കെന്നെ കൂട്ടികൊണ്ടുപോയി. മാതാവിന്റെ കൃപയാൽ പ്ലസ്ടു എക്സാം നല്ല മാർക്കോടു കൂടി പാസായി. അഡ്മിഷന്റെ തിരക്കിലും മറ്റും ദിവസങ്ങൾ വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു.

പുതിയ അധ്യയനവർഷത്തിന്റെ ആരംഭം. കോട്ടയം ബി.സി.എം കോളജിലെ ലിറ്ററേച്ചർ ക്ലാസിന്റെ ആദ്യ ദിനങ്ങൾ. ഇംഗ്ലീഷ് സാഹിത്യത്തിൽ കൂടുതൽ പഠിക്കാനുള്ള അതിയായ ആഗ്രഹമാണ് എന്നെ ഇവിടെത്തിച്ചത്. ഒട്ടുമിക്ക ഇംഗ്ലീഷ് നോവലുകളും ഇതിനോടകം വായിച്ചു തീർത്തു. ക്ലാസുകളിൽ ഷെക്സ്പിയറിന്റെ ഡ്രാമ സെക്ഷനേക്കാൾ എന്നെ ആകർഷിച്ചത് പ്രണയ സാഹിത്യമായിരുന്നു. പുസ്തകത്താളുകളിലെ പ്രണയങ്ങളെ കൂടുതൽ ഇഷ്ടപ്പെട്ട ദിനങ്ങൾ. പുതിയ ക്ലാസ്സ് മുറികൾ, പുതിയ സുഹൃത്തുക്കൾ. പഴയ കൂട്ടുകാരെ വിട്ടുപിരിഞ്ഞ വേദനകൾ. ഈ കലാലയം ഒരു ന്യൂജനറേഷൻ ലോകമാണ്; ഇവിടെ പലതും മാസ്മരികത നിറഞ്ഞതാണ്. അങ്ങനെ ദിവസങ്ങൾ പലത് കഴിഞ്ഞു. ജെന്നിഫർ വീണ്ടും പുതിയ ഇംഗ്ലീഷ് ക്ലാസിക്കുകൾ വായിച്ചുകൊണ്ടിരുന്നു, കൂടുതലും പ്രണയാനുഭൂതി നിറഞ്ഞ നോവലുകൾ.

കുരുത്തോല പെരുന്നാളിന് ഞായറാഴ്ച പള്ളിയിൽ വച്ചായിരുന്നു ആദ്യമായി ഫെലിക്സിനെ കാണുന്നത്. പപ്പയോടും മമ്മിയോടും ഒപ്പം മാതാവിന്റെ രൂപക്കൂടിന്റെ മുന്നിൽ. കഥാപാത്രങ്ങൾക്കപ്പുറമുള്ള പ്രണയാർദ്രഭാവങ്ങൾ എന്റെ മനസ്സിൽ സ്പർശിച്ചത് അന്നാളിലായിരുന്നു. ഫെലിക്സിനെ കണ്ടമാത്രയിൽ എന്നോ വായിച്ച നോവലിലെ കഥാപാത്രത്തിനോടുള്ള സാമ്യം എന്റെ മനസ്സിലൂടെ കടന്നു പോയി. എതൊരാളും ഇഷ്ടപ്പെടുന്ന രീതിയിലുള്ള പെരുമാറ്റം, വളരെ ഒതുക്കമുള്ള സംസാര ശൈലി. മൂന്നു വർഷത്തെ ഹയർ സ്റ്റഡീസിന് ശേഷം യു.കെയിൽ നിന്നെത്തിയതായിരുന്നു ഫെലിക്സ്. 

ആ ഹോശാന രാത്രി എന്തുകൊണ്ടും എനിക്ക് പുതുമയുള്ളതായിരുന്നു. ഇത്രയേറെ നിലാവുള്ള രാത്രി ഇതിനു മുമ്പെങ്ങും കണ്ടിട്ടില്ല. ഇത്രയും നക്ഷത്രങ്ങൾ ഒന്നിച്ച് എന്നെ നോക്കി ചിരിച്ച രാത്രി. എപ്പോഴാണ് എന്റെ മനസ്സിൽ പ്രണയം പ്രതിഫലിച്ചത്; ശരിക്കോർമ്മയില്ല. ഉള്ളിന്റെയുള്ളിൽ ഉരിത്തിരിഞ്ഞെത്തിയ നിർമ്മലമായ അനുരാഗം. പ്രണയം. പ്രണയത്തിന് ഇത്രയേറെ ഫീലിംങ് എങ്ങനെ വന്നു. നക്ഷത്രങ്ങളുടെ ഇടയിൽ നിന്നാണോ ഈ പ്രണയം ഉണ്ടായത്…? അതോ ഭൂമിയെ പോലെ ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും മറ്റൊരു ലോകം കാണുമോ…? പ്രണയിക്കുന്നവർക്കു വേണ്ടി മാത്രം; എല്ലാ രാവുകളിലും നിലാവിന്റെ പ്രഭയിൽ കുളിച്ചു നിൽക്കുന്ന പ്രണയലോകം അല്ലെങ്കിൽ അതീവ സുന്ദരമായ നിലാവുദിക്കുന്ന ഒരു ലോകം ! കാണുമോ...? പ്രണയത്തിനായ് മാത്രം... ഏയ്..... ചിലപ്പോൾ മാലാഖമാരുടെയും ഗന്ധർവൻമാരുടെയും ഇടയിൽ നിന്ന് ആയിരിക്കാം. ജെന്നിഫർ അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു. 

ചങ്ങനാശ്ശേരിയിൽ പ്ലാന്ററായിരുന്ന കാട്ടുകുന്നേൽ ദേവസ്യയുടെയും എൽസമ്മയുടെയും ഏക മകളായിരുന്നു ജെന്നിഫർ ദേവസ്യ. ‘ജെനി.... എടി ജെനി.... നിന്നെ എത്ര പ്രാവശ്യം വിളിക്കണം. ഡിഗ്രി ക്ലാസ് തുടങ്ങിയേ പിന്നെ നിനക്ക് ഒന്നിലും ശ്രദ്ധ ഇല്ലെന്നായോ... മുറിയ്ക്കകത്തു കയറി ഒരേ ഇരുപ്പാ; എപ്പോ നോക്കിയാലും ഒരു പുസ്തക വായന.’ താഴെത്തെ മുറിയിൽ നിന്നും മമ്മിയുടെ വിളി കേട്ടാണ് അല്പം മയങ്ങി പോയ ഞാൻ ഉണർന്നത്. ഒരു സ്വപ്നാടനത്തിൽ പുഷ്പതൽപത്തില്ലെന്നപോലെ ഉറങ്ങിപ്പോയിരുന്നു. അങ്ങിങ്ങായി ബെഡിൽ നിരന്നു കിടന്ന ബുക്കുകൾ അടുക്കി വെച്ച് താഴേക്കിറങ്ങി. ഒഴിവു സമയം ബുക്കുകൾ വായിക്കുകയും മമ്മിയെ സഹായിക്കുകയും ചെയ്യുമായിരുന്നു. മമ്മിയുടെ സ്പെഷ്യൽ ഐറ്റമായിരുന്ന ഗ്രയ്പ് വൈൻ, തയാറാക്കാൻ പലപ്പോഴും ഞാനും കൂടുമായിരുന്നു. നല്ല സ്വാദേറിയ, എന്റെ ഫേവറേറ്റ് ഗ്രയ്പ് വൈൻ.

ഒരിക്കൽ ഗ്രയ്പ് വൈൻ സൂക്ഷിക്കുന്ന ഗ്ലാസ്സ് ബോട്ടിൽ എന്റെ കൈയിൽ നിന്ന് താഴെ വീണു പൊട്ടി ചിതറി. മമ്മിടെ അടുത്തു നിന്ന് ഒരുപാട് ശകാരം കേട്ടു. ‘നിന്റെ മനസിപ്പം മറ്റെവിടെയോ അണ്. നീ ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ ജെനി.’ ശരിയാണ്, ഞാൻ ആലോചിച്ചു. എന്റെ മനസ്സ് മറ്റേതോ ലോകത്താണ്, അനുഭൂതികളുടെ പ്രണയലോകത്ത്. എന്റെ ദിവാസ്വപ്നങ്ങളിൽ ഒരു നായക പരിവേഷമണിഞ്ഞ് ഫെലിക്സ് പലപ്പോഴും കടന്നുവന്നു. പപ്പയോടും മമ്മിയോടും കൂടെയാണ് പലപ്പോഴും ഫെലിക്സിനെ കണ്ടിട്ടുള്ളത്. അതു കൊണ്ടു തന്നെ കൂടുതലായൊന്നും സംസാരിക്കാൻ പറ്റിയില്ല. ഏകയായി ഫെലിക്സിനോട് സംസാരിക്കാൻ ആഗ്രഹിച്ചു.

ഒരിക്കൽ കസിൻ ഷാർലെറ്റുമൊത്ത് ജോയ് മാളിൽ പോയപ്പോൾ ഒരു തവണ കണ്ടു. ഫെലിക്സിന്റൊപ്പം രണ്ടു മൂന്ന് ഫ്രണ്ട്സും ഉണ്ടായിരുന്നു. ‘ഹായ് ജെന്നിഫർ’ പെട്ടെന്നൊരു വിളി കേട്ടപ്പോൾ ഞെട്ടി പോയി. ഫെലിക്സിനെ അപ്രതീഷിതമായി കണ്ടപ്പോൾ നെഞ്ചിൽ ഒരു കോള്ളിയാൻ മിന്നിയതു പോലെ…

‘വന്നതേയുള്ളോ ..’  

‘അതേ’ 

‘ഇപ്പോൾ ക്ലാസ്സില്ലേ...?’ 

‘ക്ലാസില്ല, സ്റ്റഡി ലീവാണിപ്പോൾ, ഫസ്റ്റ് സെമ്മിന്റെ എക്സാമാ അടുത്താഴ്ച്ച’

‘ജെന്നിഫർ പ്ലസ്ടുന് ഏതു സബ്ജറ്റ് ആയിരുന്നു’

‘സയൻസ്’

‘ഫെലിക്സ് പ്ലസ്ടു ഒക്കെ എവിടെയാ പഠിച്ചത്’

‘ദുബായിലായിരുന്നു പ്ലസ് ടു, അതു കഴിഞ്ഞ് ഹയർ സ്റ്റഡീസിനായി യുകെയിൽ പോയി. മൂന്നു വർഷത്തിനു ശേഷം നാട്ടിൽ വന്നു. ഈ നാടുമായി കുറച്ചു നാളുകളുടെ പരിചയമേയുള്ളു. ഫ്രണ്ട്സും അതുപോലെ തന്നെ.’ അന്നു ഞങ്ങൾ അല്പനേരം സംസാരിച്ച ശേഷം പിരിഞ്ഞു. ഞായറാഴ്ച പള്ളിയിൽ കാണുന്നത് കൂടാതെ ആദ്യമായിട്ടാണ് ഇവിടെ വച്ചു കാണുന്നത്. കൂടുതലായി ഒന്നും തന്നെ സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും അന്നൊരു നല്ല ദിവസമായി എനിക്കു തോന്നി. 

അന്നാളിലാണ് ഡാർലി ജാമിസണിന്റെ പ്രശസ്തമായ നോവൽ ‘സ്ട്രോബറി വൈൻ’ വായിക്കാനിടയായത്. നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടുന്ന എഡിസനും ജെയ്ക്കും. ദീർഘനാളുകളിലെ പ്രണയത്തിനു ശേഷം രണ്ടു ദേശത്തായ കൗമാരക്കാർ. എന്തെന്നില്ലാത്തൊരിഷ്ടം തോന്നി. സ്ട്രോബറി വൈൻ നാവിലൂടെ ഊർന്നിറങ്ങുന്ന വീര്യത്തോടും സ്വാദോടും കൂടി ഞാനത് വായിച്ചു പൂർത്തിയാക്കി. ആദ്യ പ്രണയത്തിന്റെ ആർദ്രമായ നിമിഷങ്ങളും ഹൃദയമിടിപ്പുകളും മാസ്മരികതയും ഞാൻ ആസ്വദിക്കുകയാണ് മതിവരുവോളം. ചില രാവുകളിൽ ജാലക വാതിലിൻ അരികിലുള്ള ചെമ്പക പൂക്കൾക്കിടയിലൂടെ സുന്ദരമായ നീലാകാശത്ത് ചന്ദ്രോദയവും കണ്ടങ്ങനങ്ങിരിക്കും. മിഴിയിമ ചിമ്മാതെ നോക്കി ഇരുന്നാവോളം കാണും, എത്ര നോക്കിയിരുന്നാലും മതിവരില്ല.

പ്രഭാതത്തിൽ പാറേൽ പള്ളിയിൽ കൽപടവുകൾ കയറുമ്പോൾ ഞാൻ തിരയുമായിരുന്നു. പിന്നെയും പലനാൾ പിന്നിട്ടു. രണ്ടാം കുർബാനയ്ക്ക് ഇടയിൽ മിഴികൾ പലവട്ടം തിരഞ്ഞു. സാധാരണ രണ്ടാം കുർബാനയ്ക്കാണ് ഫെലിക്സിനെ കാണുന്നത്. ഇതെന്തു പറ്റി, പല ദിവസങ്ങളും നോക്കി, ഇനി ആദ്യ കുർബാനയ്ക്ക് വരുന്നതായിരിക്കാം, എന്ന് ഞാൻ ഊഹിച്ചു. 

ഒരിക്കൽ ഒന്നാം കുർബാനയ്ക്ക് വന്നപ്പോൾ കൂട്ടുകാർക്കിടയിൽ നിൽക്കുന്ന ഫെലിക്സിനെ കണ്ടു. അൾത്താരയ്ക്ക് അഭിമുഖമായി നിൽക്കുമ്പോഴും ദൂതുമായി എന്റെ മനോരഥം ഫെലിക്സിന്റെ അടുത്തേക്ക് പോകുമായിരുന്നു. 

‘അടുത്താഴ്ച ഫസ്റ്റ് സെമ്മിന്റെ എക്സാമാ. എല്ലാം എളുപ്പമാക്കേണമേ....’ മാതാവിന്റെ രൂപക്കൂടിനു മുമ്പിൽ വലിയ മെഴുകുതിരികൾ കത്തിച്ചു പ്രാത്ഥിച്ചു.

മീഡിയ വില്ലേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ അഡ്വാൻസ് കോഴ്സിന് ചേർന്നപ്പോൾ തികച്ചും യാദൃശ്ചികം പോലെ ഫെലിക്സും ആ കോഴ്സിന് ഉണ്ടായിരുന്നു. അങ്ങനെ എല്ലാം ദിവസവും കാണാൻ വഴി തുറന്നു. പരസ്പരം സംസാരിച്ചും വഴക്കുണ്ടാക്കിയും തമാശ പറഞ്ഞും ഞങ്ങൾ കൂടുതൽ അടുത്തു തുടങ്ങി. ആരാരും കാണാതെ എന്റെ മനസ്സിൽ പ്രണയത്തിന്റെ നാമ്പുകൾ ഇതളിടാൻ തുടങ്ങി. നേരിൽ കാണാത്തപ്പോൾ മെസ്സേജുകൾ അയച്ചു, മെസ്സേജുകൾ പതിയെ കോളുകൾക്ക് വഴിമാറി.

അപ്പോഴും മനസ്സിലെ പ്രണയം തുറന്നു പറയാൻ ധൈര്യം വന്നില്ല. ആദ്യം ഫെലിക്സ് പറയാൻ കാത്തിരുന്നു. പ്രണയത്തിൽ സുഹൃത്തുക്കളുടെ സഹായം വളരെ വലുതാണ്. സുഹൃത്തുക്കളുടെ സഹായം തേടണോ…? പല വട്ടം ആലോചിച്ചു. വേണ്ട, ഒരു പക്ഷേ ഫെലിക്സിന്റെ മനസിൽ അങ്ങനെയൊന്നും ഇല്ലെങ്കിലോ. ഞാൻ ഒരുപാട് സങ്കടപ്പെടാൻ ഇടയാകും. അതോ മറ്റാരോടെങ്കിലും പ്രണയം ഉണ്ടാകുമോ... ഏയ് അതൊരിക്കലുമില്ല. മീഡിയാ വില്ലേജിലെ ക്ലാസുകളുടെ അവസാന ദിനങ്ങൾ. ഈ ക്ലാസ്മുറികളും കൂടിക്കാഴ്ചകളും മരിക്കാത്ത ഓർമ്മകളായിരിക്കും. വളരെ കുറഞ്ഞ സമയം ഫെലിക്സുമായുള്ള ദിവസങ്ങൾ എത്ര മനോഹരങ്ങളായിരുന്നു. 

അങ്ങനെ ഇരിക്കുമ്പോൾ ഒരിക്കൽ ഫെലിക്സ് പറഞ്ഞു. അടുത്താഴ്ച ഞാൻ യു.കെയിൽ പോകുകയാണ്. ഒരു ആനിമേഷൻ കമ്പനിയിൽ ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്കിൽ ഒരു പ്രൊജക്റ്റ് അവതരിപ്പിക്കാൻ. ഇവിടെ നിന്ന് പോകാൻ തീരെ താൽപര്യമില്ല. ജെനിയോടൊപ്പമുള്ള ദിനങ്ങൾ എന്തു രസകരമായിരുന്നു. തുറന്നു പറഞ്ഞില്ലെങ്കിൽ പോലും മനസ്സിലെന്നും ആഗാധാമായ പ്രണയമായിരുന്നു ഇരുവർക്കും. ജെന്നിഫർ ഓർത്തു. പല രാത്രികളിലും നിർമ്മല പ്രണയത്തിന്റെ അനുഭൂതി താൽപ്പത്തിൽ ഞാൻ മയങ്ങിപോയിരുന്നത്.

അന്നായിരുന്നു ഫെലിക്സ് തിരികെ പോകുന്നതിനു മുമ്പുള്ള അവസാനത്തെ കൂടിക്കാഴ്ച. ബി.സി.എം കോളജിലെ ക്ലാസിന് ശേഷം ഉച്ചയ്ക്കായിരുന്നു. ക്ലാസ്സ് മുറിയിലെ ബെഞ്ചിൽ ഇരിക്കുമ്പോഴും ഫെലിക്സിന്റെ അരികിലെത്താൻ ഏറെ ആഗ്രഹിച്ചു. കാറ്റത്തിളകിയ മുടിയിഴകൾ ഒതുക്കി കോളേജിനു മുന്നിൽ കാത്തുനിന്ന ഫെലിക്സുമായി തിരക്കുള്ള റോഡിന്റെ ഓരം പറ്റി ഇണക്കുരിവികളെ പോലെ നടന്നു. വാഹനത്തിന്റെ നീണ്ടനിരയും ട്രാഫിക്ക് ബ്ലോക്കും അവർ ശ്രദ്ധിച്ചേയില്ല. ജെന്നിഫർ കൈയിൽ കരുതിയ ഹാൻബാഗ് ടേബിളിൽ വെച്ച്, ഫെലിക്സിന്റെ ഫേവറേറ്റായ പ്രോൺസ് ബിരിയാണി ഓർഡർ ചെയ്ത് അവർ ഹോട്ടൽ അംബാസിഡറിൽ കാത്തിരുന്നു. ഇരുവർക്കുമിടയിൽ വിഷാദത്തിന്റെ നിഴൽ രൂപപ്പെട്ടെങ്കിലും അതൊന്നും പുറത്തുകാണാതിരിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ നിന്ന് ഒന്നുരണ്ടു നീർത്തുള്ളികൾ ഇറ്റുവീഴുന്നത് ആരും കാണാതിരിക്കാൻ തൂവാലയിൽ ഞാൻ ഒപ്പിയെടുത്തു. ഫെലിക്സിന്റെ വലതുകരം എന്റെ കൈകളിൽ സ്പർശിച്ചപ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി. അന്നവർ മതി വരുവോളം സംസാരിച്ചു. അപ്പോഴും മനസ്സിലെ പ്രണയം പറയാതെ അതീവ ദു:ഖത്തോടെ ഇരുവരും യാത്രപറഞ്ഞു പിരിഞ്ഞു.

ഒറ്റപ്പെടലിന്റെ അനുഭവമായിരുന്നു പിന്നീടുള്ള ദിനങ്ങൾ. ഒന്നു രണ്ടു ദിവസം മറ്റെങ്ങും പോകാതെ വീട്ടിൽ തന്നെയായിരുന്നു. എത്ര ശ്രമിച്ചിട്ടും മനസ്സിന് എകാഗ്രത കിട്ടാതെ പല ബുക്കുകളുടെ താളുകൾ മറിച്ചു കൊണ്ടിരുന്നു. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവുകളെ നിദ്രാവിഹീനമാക്കി. ബുക്കു വെക്കാൻ ബാഗു തുറന്നപ്പോഴാണ് ഒരു കവർ ശ്രദ്ധയിൽപെട്ടത്. അലസമായി പുറത്തൊന്നും എഴുതാത്ത ഒരു കവർ. എന്തെന്നില്ലാത്ത ആകാംഷയോടെ തുറന്ന കവറിൽ ഒരു പേപ്പറിൽ നിറയെ എഴുതിയിരിക്കുന്നു.  

പ്രിയപ്പെട്ട ജെന്നിഫർ,

     

‘‘ഈ നാടും ജെന്നിഫറനെയും വിട്ടു പിരിയുന്നതിൽ ഒരു പാട് വിഷമമുണ്ട്. പല വട്ടം എന്റെ ഇഷ്ടം തുറന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. എന്റെ പ്രണയം നിന്നോട് മാത്രമാണ്. ഒരിക്കലും അവസാനിക്കാത്ത പ്രണയം. ഒന്നാം കുർബാനയ്ക്ക് നിൽക്കുമ്പോഴും, കോളേജിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുമ്പോഴും ഐലൈനറിലെഴുതിയ നിന്റെ കരിനീല മിഴികൾ നീ പോലും അറിയാതെ മതിമറന്ന് എത്രയോ പകലുകൾ നോക്കി ഇരുന്നിട്ടുണ്ട്. നിന്റെ മിഴികളിൽ ഇത്രയും നീലിമ എങ്ങനെ വന്നു. ഏകാന്ത നിശബ്ദതയിൽ ഒരു മന്ദഹാസമായി നീ പലപ്പോഴും കടന്നു വരുമായിരുന്നു. നിന്നിലെ വർണ്ണങ്ങൾ പ്രണയമയമായിരുന്നു, സ്വപ്ന പ്രണയമയം. തരളിതമായ നിന്റെ മനോരഥത്തിലെ ഒരു മോഹമായിരുന്നെങ്കിൽ ഞാനെന്ന് എത്രയോ വട്ടം ചിന്തിച്ചിട്ടുണ്ടായിരുന്നു.

അനുരാഗ മാദക ലഹരിയിൽ മുങ്ങിപ്പോയ രാവുകൾ. നമ്മുടെ കൂടി ചേരലുകൾ സമ്മാനിച്ച അനർഘ നിമിഷങ്ങൾ ഒരിക്കലും മറക്കാനാകാത്തതായിരുന്നു. ആ സ്വപ്ന നിമിഷങ്ങൾക്കായി ഇനിയും എത്രനാൾ കാത്തിരിക്കണം. ആ ശബ്ദം കേൾക്കാനായ് ഉടൻ വിളിക്കും ആയിരം കാതങ്ങൾക്കപ്പുറം.’’

എന്നും ഒരുപാട് ഇഷ്ടത്തോട് കൂടി

ഫെലിക്സ്

(ഫെലിക്സ് ജോസഫ്)

ഒരു റൊമാന്റിക് പോയം പോലെ തോന്നിയ ആ വരികൾ വീണ്ടും വീണ്ടും ജെന്നിഫർ വായിച്ചുകൊണ്ടിരുന്നു. ഏകാന്തതയ്ക്ക് വിരാമം ഇട്ടുകൊണ്ട് ഫെലിക്സിനോടൊത്തുള്ള ഓർമ്മകൾ ഒരോന്നായി വന്നു തുടങ്ങി. അത്രമേൽ സന്തോഷം തോന്നിയ നിമിഷങ്ങൾ ജെന്നിഫറിന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഉണ്ടായിരുന്നില്ല. പ്രണയാനുഭൂതിയുടെ പാരമ്യത്തിൽ എത്തിയ ജെന്നിഫറിന്റെ സങ്കൽപങ്ങൾ, തൂവെള്ള മേഘങ്ങളിലേറി പ്രണയലോകത്തിന്റെ അനന്തവിഹായസ്സിലേക്ക് പറന്നുയരാൻ തുടങ്ങി. പെട്ടെന്നാണ് കട്ടിലിൽ കിടന്ന് മൊബൈൽ ശബ്ദിച്ചത്. തിരികെ പോയ ശേഷം ഫെലിക്സയച്ച ആദ്യ മെസ്സേജായിരുന്നു. തുടരെ തുടരെ വാട്ട്സാപ്പിൽ ഫെലിക്സിന്റെ  മെസേജുകളും കോളുകളും വന്നു കൊണ്ടിരുന്നു. അപ്പോഴേക്കും ജെന്നിഫർ ഒരു മായാ ലോകത്തിലേക്ക് പൊയ്ക്കഴിഞ്ഞിരുന്നു. പ്രണയകഥകൾക്കും അപ്പുറം ജെന്നിഫറും ഫെലിക്സും മാത്രമുള്ള പ്രണയ ലോകത്തേക്ക്...

English Summary: Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;