ADVERTISEMENT

മണി ഓര്‍ഡര്‍ (കഥ)

 

പോസ്റ്റ്! മാസത്തിലൊരിക്കല്‍ മാത്രം കേട്ടിരുന്ന ആ വിളി കേള്‍ക്കുമ്പോള്‍ ത്യാഗരാജകീര്‍ത്തനത്തിനേക്കാള്‍ മാധുര്യം അനുഭവപ്പെട്ടിരുന്നു അയാള്‍ക്ക്. അരുമ മകള്‍ ഒരു തവണ പോലും തെറ്റിക്കാതെ അച്ഛനയച്ചു കൊടുത്തിരുന്ന മണി ഓര്‍ഡര്‍. 

മകളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അയാള്‍ അഭിമാനപുളകിതന്‍ ആവുമായിരുന്നു. അവളെ കുറിച്ച് സംസാരിക്കുന്ന അവസരത്തില്‍ എല്ലാം തന്നെ അയാള്‍ക്ക് ആയിരം നാവായിരുന്നു. 

 

ഭാരതത്തില്‍ അന്ന് സ്ത്രീകള്‍ അടുക്കളയ്ക്കു പുറത്തേക്കു പോലും കാലുവെക്കാത്ത കാലം. തിരുവിതാംകൂര്‍ കൊച്ചി രാജാക്കളുടെ പുരോഗമനപരമായ തീരുമാനങ്ങള്‍ ഭാരതത്തിലെ മറ്റൊരു പ്രവിശ്യക്കാര്‍ക്കും അന്ന് ആലോചിക്കുക കൂടി വയ്യ. സ്ത്രീകളുടെ വിദ്യാഭ്യാസം ആയാലും, കുട്ടികള്‍ക്കുള്ള പ്രതിരോധക്കുത്തിവെപ്പായാലും മലയാളമണ്ണ് അന്നും മറ്റുള്ളവരെക്കാള്‍ ബഹുദൂരം മുന്നില്‍ തന്നെയായിരുന്നു. ആവിധ പുരോഗമന പ്രവൃത്തിക്കള്‍ക്ക് ആക്കം കൂട്ടുന്നവര്‍ തന്നെയായിരുന്നു പിന്നീട് ഭരിച്ച കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും. 

 

മക്കളെ ഒരു ഡോക്ടര്‍ അല്ലെങ്കില്‍ എഞ്ചിനീയര്‍ ആക്കുക എന്ന സാധാരണക്കാരനായ മലയാളിയുടെ സ്വപ്നം. ധനസംബന്ധമായ പരിമിതികള്‍ മൂലം ഒട്ടുമിക്ക പേരും ഈ സ്വപ്നം ആണ്‍മക്കളിലേക്ക് മാത്രമായി ചുരുക്കുകയാണ് പതിവ്. 

രാമായണത്തില്‍ കൈകേയി ദശരഥന്റെ ഇഷ്ടപത്നി ആയതിനു പിന്നില്‍ ഒരു കഥയുണ്ട്. യുദ്ധത്തില്‍ വ്യാപൃതനായിരുന്ന അദ്ദേഹത്തിന്റെ രഥത്തിന്‍റെ ആണി ഊരിപോവുകയും, അത് കണ്ട കൈകേയി സ്വന്തം വിരല്‍ ആ ആണിയുടെ സുഷിരത്തില്‍ നിക്ഷേപിക്കുകയും, അതുവഴി നിശ്ചയമായി തീര്‍ന്നിരുന്ന യുദ്ധപരാജയത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു. ഇതിനാലാണത്രെ ഇഷ്ടവരം എപ്പോള്‍ വേണമെങ്കിലും ആവശ്യപ്പെടുവാനുള്ള അനുമതി കൊടുക്കുകയും, അത് നിമിത്തം പിന്നീട് ശ്രീരാമന് വനവാസം വിധിക്കുകയും ചെയ്തത്. 

 

അതുപോലെ തന്നെ, ഒരിക്കല്‍ അയാള്‍ തന്‍റെ മൂന്ന് മക്കളെയും കൂട്ടി നെല്‍പാടങ്ങള്‍ക്കു നടുവിലൂടെയുള്ള വരമ്പുകള്‍ താണ്ടി വീട്ടില്ലേക്ക് നടന്നുവരുകയായിരുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉല്‍സവം ആനകളുടെ എണ്ണം കൊണ്ടുതന്നെ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. പക്ഷേ മേടമാസത്തിലെ ചൂട് മാത്രം അതിന്‍റെ മോഡി ഒരല്‍പ്പം കുറച്ചു. ചൂടിന്‍റെ ആലസ്യത്തിലാണെന്ന് തോന്നുന്നു, വലിയതോടിന് കുറുകേയുള്ള തെങ്ങിന്‍തടി മുറിച്ച് കടക്കവെ അയാള്‍ അടിതെറ്റി തോട്ടില്‍ പതിച്ചു. വേനലില്‍ തീരെ ഉണങ്ങിവരണ്ട തോട്ടില്‍ യഥേഷ്ടം പരന്നുകിടന്നിരുന്ന വെള്ളാരംകല്ലുകളിലൊന്ന് അയാളുടെ ചെന്നിയെ ഭേദിച്ചു. രക്തം ധാരധാരയായി ഒഴുകി. രക്തം കണ്ട മാത്രയില്‍ പേടിതൊണ്ടനായ മൂത്തമകന്‍ അമ്മയെതേടി വീട്ടിലേക്കോടി. രണ്ടാമത്തവന്‍ മൂത്തവന്‍റെ വാലായി പിന്നാലെയും. 

 

തന്‍റെ പ്രായത്തെ വെല്ലുന്ന പക്വത പ്രദര്‍ശിപ്പിച്ചുകൊണ്ട് മകള്‍ മാത്രമാണ് അന്ന് അയാള്‍ക്ക് രക്ഷയായത്. തന്‍റെ അടിപാവാടയൂരി അവള്‍ അച്ഛന്‍റെ തലയില്‍ കെട്ടുകയും, കുറച്ചകലെ പറമ്പില്‍ ആടുകളെ മേച്ചിരുന്ന ഇറച്ചിവെട്ടുകാരന്‍ അഹമ്മദിനെ കൈകൊട്ടി മാടിവിളിക്കുകയും ചെയ്തു. അഹമ്മദും, കൂടെ ബീവിയായ കൊച്ചാമിനയും, ഓടിവരികയും അയാളെ പൊക്കിയെടുത്ത് അവരുടെ വീട്ടില്‍ ശുശ്രൂഷിക്കുകയും ചെയ്തതുകൊണ്ട് അയാള്‍ അന്ന് രക്തം വമിച്ച് മരിച്ചില്ല. വൈദ്യകൂടിയായ കൊച്ചാമിന കെട്ടിവച്ച പച്ചമരുന്ന് അയാളുടെ മുറിവുകള്‍ പെട്ടെന്ന് തന്നെ കരിച്ചുകളഞ്ഞു. പക്ഷേ രണ്ട് ആണ്‍മക്കളോടുമുള്ള അയാളുടെ അവജ്ഞ  കരിച്ചുകളയുവാന്‍ ഒരു പച്ചമരുന്നിനുമായില്ല. 

 

അതുകൊണ്ടു തന്നെ, വളര്‍ന്നു വരുന്ന ആണ്‍മക്കളുടെ രണ്ടുപേരുടെയും ഉയര്‍ന്ന വിദ്യാഭ്യാസത്തിന് അയാള്‍ വലിയ പ്രാധാന്യമൊന്നും നല്‍കിയില്ല. മലയാളിയുടെ ചിരകാലാഭിലാഷമായ ഗള്‍ഫില്‍ പോക്കിനെ ചുറ്റിപറ്റിയാണ് അയാള്‍ ആണ്‍മക്കളുടെ സ്വപ്നങ്ങള്‍ വളര്‍ത്തിയെടുത്തത്. അതുകൊണ്ട് തന്നെ ഒരാളെ പോളി ടെക്നിക്കിലും മറ്റൊരുവനെ ലാബ് ടെക്നീഷ്യന്‍ ആയും പഠിപ്പിച്ച് അയാള്‍ കടമ തീര്‍ത്തു. അങ്ങനെ തന്‍റെ എല്ലാവിധ സ്വത്തുക്കളും അയാള്‍ പൊന്നുമകളുടെ പഠിപ്പിനായി വളരെ വിദഗ്ദ്ധമായി തന്നെ മാറ്റി വച്ചു. 

 

പോസ്റ്റ്! പിന്നയും ആ വിളി കേട്ടപ്പോളാണ് അയാള്‍ മകളെ കുറിച്ചുള്ള ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്. അപ്പോഴേക്കും സഹധര്‍മിണി പതിവുള്ള സംഭാരവുമായി ഉമ്മറത്തേക്ക് വന്നു കഴിഞ്ഞിരുന്നു. അതുകണ്ടതും അയാള്‍ ഓടുകയായിരുന്നു. തന്‍റെ മകളുടേതായ എന്തും തനിക്ക്  മാത്രം അവകാശപ്പെട്ടതാണെന്ന ഒരു നിര്‍ബന്ധം അയാള്‍ക്കുണ്ടായിരുന്നു. ഭാര്യക്ക് പോസ്റ്റ്മാന്‍റെ അടുത്തെത്താന്‍ കഴിയും മുൻപ് സ്വയം എത്തുക എന്നതായിരുന്നു ഉദ്ദേശ്യം. 

 

നൂറിന്‍റെ പത്തൊന്‍പത് നോട്ടുകളും, അഞ്ച് ഇരുപതിന്‍റെ നോട്ടുകളും എണ്ണി ഏല്‍പ്പിച്ചതിനു ശേഷം പോസ്റ്റ്മാന്‍ മുരുകന്‍ സംഭാരം കുടിച്ചു. അത് പതിവാണ്. വേറൊരു പതിവും കൂടിയുണ്ടായിരുന്നു. അതും കാംക്ഷിച്ച് മുരുകന്‍ തല ചൊറിഞ്ഞുകൊണ്ട് നില്‍പ്പായി. അന്നാട്ടില്‍ പിശുക്കിന് പേരുകേട്ട അയാളുടെ കയ്യില്‍ നിന്നും ഇരുപത് രൂപ ‘ചായ കാശ്’ വാങ്ങിയെടുക്കുക എന്നത് മുരുകന് ഒരു വാശിയൊന്നുമായിരുന്നില്ല. അത് അയാളുടെ നിസ്സഹായവസ്ഥയുടെ ഒരു പ്രതിഫലനം മാത്രമായിരുന്നു. 

 

രാജ്യത്ത് പ്രതിഫലം ഏറ്റവും കുറഞ്ഞ ജോലികളില്‍ ഒന്നുതന്നെയായിരുന്നു പോസ്റ്റ്മാന്‍ പണി. മറ്റുള്ളവര്‍ക്ക് മണി ഓര്‍ഡര്‍ പണമായും, ശുഭവാര്‍ത്തവഹിച്ചുള്ള ടെലഗ്രാം ആയും, പ്രണയം പേറി വരുന്ന ഏറോഗ്രാം എഴുത്തുകളായും, വിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന ഇന്‍ലന്റ് ലെറ്ററുകള്‍ ആയും സന്തോഷവും ആഹ്ളാദവും പകുത്ത് നൽകിയിരുന്ന പോസ്റ്റ്മാന്‍. പലപ്പോഴും, മറ്റുള്ളവരുടെ സന്തോഷത്തില്‍ ഭാഗഭാക്കാകുവാന്‍, ഉള്ളിലുള്ള വ്യഥകള്‍ കടിച്ചമര്‍ത്തി വദനത്തില്‍ ചിരി പടര്‍ത്തുന്ന നിമിഷങ്ങള്‍. ആ സന്തോഷത്തില്‍ പങ്കുചേരുന്നതിന് ലഭിച്ചിരുന്ന പത്തോ ഇരുപതോ രൂപനോട്ടുകളും. 

 

പക്ഷേ ജീവിക്കുവാന്‍ വേണ്ടി കെട്ടുന്ന ഈ പൊയ്മുഖങ്ങളെക്കാള്‍ വേദനാജനകമായിരുന്നു, ദുഖവാര്‍ത്തകള്‍ പേറിയുള്ള കത്തുക്കളും കമ്പികളും നല്‍കുവാനിടവരുമ്പോഴുള്ള നിമിഷങ്ങള്‍. ചിലര്‍ക്കാണെങ്കില്‍ മരണവാര്‍ത്തകള്‍ കൊണ്ടുചെല്ലുന്ന വ്യക്തിയോട് തീരാവെറുപ്പാവും. പോസ്റ്റ്മാന്‍ അയാളുടെ ദൗത്യം മാത്രമാണ് നിര്‍വഹിക്കുന്നതെന്നും, അല്ലാതെ ദുഖവാര്‍ത്തകള്‍ എത്തിക്കുന്ന ഒരപശകുനമൊന്നുമല്ല എന്നുമുള്ള തിരിച്ചറിവ് പക്ഷേ വളരെ കുറച്ചുപേര്‍ക്കെ ഉണ്ടായിരുന്നുള്ളു. ഇരുപത് രൂപ വാങ്ങിയെടുക്കുവാന്‍ അന്ന് അയാളുടെ മുന്നില്‍ ഒരു സങ്കോചവും ഇല്ലാതെ തല ചൊറിഞ്ഞുനില്‍ക്കുവാന്‍ മുരുകനെ പ്രാപ്തനാക്കിയത്, ആ കുറച്ച്പേരില്‍ അയാള്‍ ഉള്‍പ്പെട്ടിരുന്നു എന്ന തിരിച്ചറിവാണ്. 

 

അത് സംഭവിച്ചത് സുമാര്‍ രണ്ട് വര്‍ഷം മുമ്പാണ്. വളരെ ഉയര്‍ന്ന രീതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മകള്‍, ലോകാര്യോഗ്യ സംഘടനയില്‍ ചേര്‍ന്നപ്പോള്‍ അയാള്‍ക്ക് തോന്നി, ലോകത്തിലെക്കേറ്റവും ഭാഗ്യവാനായ പിതാവാണ് താനെന്ന്. സംഘടനയുടെ തലസ്ഥാന നഗരമായ ജനീവയില്‍, സ്വിറ്റ്സര്‍ലന്റിന്റെ പ്രകൃതിരമണീയതയില്‍, ഒരുകൊല്ലത്തെ പരിശീലനം പൂര്‍ത്തിയാക്കി മകള്‍ ആദ്യത്തെ നിയമനവുമായി എത്തിപ്പെട്ടത് കൊളമ്പോ എന്ന യുദ്ധഭൂമിയില്‍. 

 

സിംഹളരും തമിഴ് പുലികളും തമ്മിലുള്ള വംശയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ഭരണകൂടഭീകരത മൂലം ഒറ്റപ്പെട്ട തമിഴ് മേഖലകളില്‍, രോഗങ്ങള്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരുന്നു. അവരെകുറിച്ച് മുതലകണ്ണീര്‍ മാത്രം പൊഴിച്ചിരുന്ന വിവിധ സര്‍ക്കാറുകളുടെ കെടുകാര്യസ്ഥ ലോകശ്രദ്ധ പിടിച്ചുപറ്റി. ഒരുകൂട്ടം ജനങ്ങളുടെ കൂട്ടമരണം ഒഴിവാക്കാന്‍ യുണൈറ്റഡ് നേഷന്‍സ് മുന്‍കൈ എടുത്ത് നടപ്പാക്കിയ പദ്ധതി മുഖാന്തിരം ആണ് ലോകാരോഗ്യ സംഘടന തങ്ങളുടെ ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘത്തെ അങ്ങോട്ടയച്ചത്. 

 

അതീവം അപകടം പതിഞ്ഞിരിക്കുന്ന ജോലി. മനുഷ്യസ്നേഹം മാത്രമായിരുന്നു ആ സംഘത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നത്. ശ്വേതപതാകയേന്തിയ വാഹനങ്ങളെ മാത്രമേ ആ മേഖലകളില്‍ പട്ടാളം കടത്തി വിട്ടിരിന്നുള്ളൂ. അതിസാരം, കോളറ, മഞ്ഞപ്പിത്തം എന്നു വേണ്ട, എല്ലാവിധ രോഗങ്ങളും കൊടികുത്തി വാഴുന്ന പ്രദേശങ്ങള്‍. അതിനുള്ള മൂലകാരണമോ, മതിയായ ഭക്ഷണമോ ശുചിയായ വെള്ളമോ ലഭിക്കാത്തത് മൂലമുള്ള രോഗപ്രതിരോധശക്തിയില്ലായ്ക. പ്രതിരോധം ചികില്‍സയെക്കാള്‍ അഭികാമ്യം എന്ന അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് ബാനറുകളാണ് ഡോക്ടര്‍മാര്‍  ഉടനീളം സ്ഥാപിച്ചത്. അത് ശരിതന്നെയായിരുന്നു. യുണൈറ്റഡ് നേഷന്‍സ് അത് ശരി വെക്കുകയും, വളരെ ഉദാത്തമായ രീതിയില്‍ത്തന്നെ ഭക്ഷണവും വെള്ളവും എത്തിച്ച് കൊടുത്ത്, പ്രശ്നങ്ങള്‍ക്ക് വലിയൊരു പരിധി വരെ പരിഹാരം കാണുകയും ചെയ്തു. 

 

മുഴുവന്‍ ലോകത്തിന്‍റെ തന്നെ പ്രശംസ പിടിച്ചുപറ്റിയ രക്ഷാപ്രവര്‍ത്തനം കാഴ്ചവെച്ച് തിരിച്ചുവരികയായിരുന്നു ആ മെഡിക്കല്‍ സംഘം. ജാഫ്നയില്‍ നിന്നും കൊളംമ്പോയില്ലേക്കുള്ള റോഡ് മാര്‍ഗമുള്ള യാത്ര. ജാഫ്നയില്‍ നിന്നും പുറത്തുകടക്കും വരെ വഴിയിലുടനീളം നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള കൂട്ടങ്ങളും ബാനറുകളും. നന്ദിപ്രകടനങ്ങള്‍ ആസ്വദിക്കുകയായിരുന്നെങ്കിലും അവര്‍ക്ക് ഉള്ളില്‍ ഭയമുണ്ടായിരുന്നു. ജാഫ്ന പ്രദേശം കടന്നുകിട്ടുക എന്നതായിരുന്നു അവരുടെ സുരക്ഷാ സംഘത്തിന്‍റെ തലവേദന. അതുകൊണ്ടുതന്നെ നന്ദിപ്രകടനങ്ങള്‍ക്ക് അധികം നിന്നുകൊടുക്കാതെ വേഗത്തില്‍ തന്നെ ആ പ്രദേശം തരണം ചെയ്യാന്‍  സഹായിക്കണം എന്നുള്ള ശക്തമായ താക്കീത് സുരക്ഷ ഉദ്യോഗസ്ഥര്‍ ആ സംഘത്തിന് നൽകിയിരുന്നു. അതുകൊണ്ടു തന്നെയാവണം അകാരണമായ ആ ഭയം അവരുടെയെല്ലാം തന്നെ മനസ്സില്‍  ഉടലെടുത്തത്. 

 

ഭയപ്പാടുകള്‍ക്ക് അരുതി വരുത്തികൊണ്ട് അധികം വൈകാതെ, സൂര്യാസ്തമനത്തിന് മുമ്പുതന്നെ അവര്‍ ജാഫ്ന പ്രദേശം തരണം ചെയ്തു. പ്രകൃതി അറിഞ്ഞു കൊടുത്ത സ്വര്‍ഗീയ ഭംഗിയുള്ള പ്രദേശങ്ങളാണ് ശ്രീലങ്കയിലുള്ളത്. എന്നാല്‍ അവര്‍ അതൊക്കെ അപ്പോഴാദ്യമായാണ് ശ്രദ്ധിക്കുവാന്‍ തുടങ്ങിയത്. കടലും കരയും പ്രണയം പറയുന്ന അനേകം തീരങ്ങള്‍. മരതകപട്ടുടുത്ത ഭൂപ്രദേശങ്ങള്‍. സമുദ്രത്തോട് അലിഞ്ഞു ചേരാന്‍ വെമ്പല്‍ പൂണ്ട് കൂടുതല്‍ വേഗതയോടെ ഒഴുകുവാന്‍ ആഞ്ഞു ശ്രമിക്കുന്ന അനേകം നദികള്‍. 

 

ഒരു ദശാബ്ദത്തിലേറെയായി നിലനിന്നിരുന്ന അരക്ഷിതാവസ്ഥ മൂലം നശിച്ചുപോയ കമ്പനികളും ബിസ്സിനസുകളും പക്ഷേ പക്ഷിമൃഗാതികള്‍ക്ക് ഒരനുഗ്രഹമായിരുന്നു. പുകയോ, ശബ്ദമോ, വിഷമാലിന്യങ്ങളോ ഇല്ലാത്ത ഭൂപ്രദേശത്ത് അവര്‍ അര്‍മാദമാടി. കൊളംബോയിലേക്കുള്ള വഴിയിലെ മനോഹാരിതകള്‍ ആവോളം ആസ്വദിച്ച് ആ സംഘം ആദ്യമായി ശ്രീലങ്കന്‍ മണ്ണിനെ  അടുത്തറിയുകയായിരുന്നു. അപ്പോഴാണ് ആ പട്ടാളത്തിന്‍റെ ചെക്ക്പോസ്റ്റില്‍ അവരുടെ വണ്ടിക്ക് നിറുത്തേണ്ടി വന്നത്. 

പതിവുള്ള ചെക്കിങ് ആണെന്നും എല്ലാവരും ഇറങ്ങി റജിസ്റ്ററില്‍ ഒപ്പിടണമെന്നും ഡ്രൈവര്‍ വിളിച്ച് പറഞ്ഞു. ഒപ്പിട്ടുകഴിഞ്ഞ സംഘത്തിനെ കുറച്ചകലെയുള്ള തുറന്ന സ്ഥലത്തേക്ക് സുരക്ഷ ഉപദേശങ്ങള്‍ക്കായി പട്ടാളക്കാര്‍ ആനയിച്ചു. പക്ഷേ, ഉപദേശങ്ങള്‍ക്കായി തടിച്ചുകൂടി നിന്ന അവരെ എതിരേറ്റത് കാതടപ്പിക്കുമാറുള്ള ശബ്ദത്തോട് കൂടിയ യന്ത്രതോക്കുകളില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകളായിരുന്നു. 

 

പുതുമഴ പെയ്ത രാത്രിയില്‍, ജ്വലിക്കുന്ന വിളക്കിനരികെ ചത്തൊടുങ്ങി കിടക്കുന്ന ഈയ്യാന്‍പാറ്റകളെ പോലെ ആ ഒരുകൂട്ടം മനുഷ്യര്‍ മരിച്ചുകിടന്നു. രാത്രിക്കുരാത്രിതന്നെ ആ ജഡങ്ങളെല്ലാം തമിഴ് ശക്തികേന്ദ്രമെന്ന് ലോകത്തെ വിശ്വസിപ്പിച്ചിരുന്ന  ഒരു സ്ഥലത്ത് പട്ടാളക്കാര്‍ കൊണ്ടുപോയി ചിതറിയിട്ടിരുന്നു. സംരക്ഷിക്കുവാന്‍ വന്ന മെഡിക്കല്‍ സംഘത്തെ പോലും കൊന്നൊടുക്കുന്ന ക്രൂര കിരാതന്‍മാരാണ് തമിഴ് പുലികള്‍ എന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കല്‍ ആയിരുന്നു ഉദ്ദേശ്യം. 

 

ടെലഗ്രാമുമായി വന്ന മുരുകന്‍ അത് തരാതെ വാവിട്ട് കരയുന്നതു കണ്ട് അയാള്‍ക്ക് അപ്പോഴെ പന്തികേട് തോന്നി. എന്ത് ദുഖവാര്‍ത്തയാണെങ്കിലും അത് താങ്ങാന്‍ ഹൃദ്രോഗിയായ തന്‍റെ സഹധര്‍മ്മിണിക്ക് കഴിയില്ലെന്ന് അയാള്‍ക്ക് നല്ല നിശ്ചയമായിരുന്നു. അതുകൊണ്ട് തന്നെ മനസ്സിനെ ആവോളം നിയന്ത്രിച്ച്, മുരുകനെ അയാള്‍ തകൃതിയില്‍ കയ്യാലക്ക് അപ്പുറത്തേക്ക് മാറ്റി നിറുത്തി. താന്‍ ഭയപ്പെട്ടതു പോലെ തന്നെയുള്ള ആ വാര്‍ത്ത അയാളെ ഒരു നിമിഷത്തേക്ക് മരവിപ്പിച്ചു കളഞ്ഞു. എങ്കിലും താന്‍ ചെകുത്താനും കടലിനും നടുവിലാണെന്നും, ദുഖം പുറത്ത് പ്രകടിപ്പിച്ചാല്‍ ഭാര്യയെയും തനിക്ക് നഷ്ടപ്പെടും എന്ന തിരിച്ചറിവുകൊണ്ട്  അയാള്‍ ഒരുവിധം സമചിത്തത പാലിക്കുകയായിരുന്നു.  

 

പിന്നീടുള്ള മാസങ്ങളില്‍ അയാള്‍ തന്നെ കാശ് കൊടുത്ത് പറഞ്ഞേര്‍പ്പാടാക്കിയ മുഖേന, മുരുകന്‍ മുടങ്ങാതെ മണി ഓര്‍ഡര്‍ കൊണ്ടുവന്നുകൊണ്ടിരുന്നു. പത്നിക്ക് സംശയം തോന്നാതിരിക്കാന്‍ ഒരിക്കല്‍ പോലും അത് ഏറ്റുവാങ്ങാന്‍ അവരെ അയാള്‍ അനുവദിച്ചതുമില്ല. 

English Summary: Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com