ADVERTISEMENT

ഒരു പ്രദേശത്തിന്റെ നാരായവേര് ആ നാട്ടിലേക്കുള്ള വഴികളാണെന്ന് ഇന്നു നാം തിരിച്ചറിയുന്നു. പുറംലോകവുമായി നാടിനെ ബന്ധിപ്പിക്കുന്ന ജൈവിക ശൃംഖലയാണ് വഴികൾ.

ഏറ്റവും ഉദാത്തമായ ഫലം നല്കുന്ന വൃക്ഷങ്ങൾ ഉണങ്ങിക്കരിഞ്ഞവയായിരിക്കില്ല. അവ വേരുകൾ മണ്ണിൽ ആഴത്തിലാഴ്ത്തിയവയായിരിക്കും. വെള്ളവും വളവും വലിച്ചെ‌ടുത്ത് വളർന്ന് വലുതാകുന്നവ. ഭൂമിയിലെ ജീവജാലങ്ങൾക്ക് വിശപ്പടക്കാൻ വഴിയൊരുക്കുന്ന പുണ്യജന്മങ്ങൾ.

 

‘‘ഞാൻ വഴിയും സത്യവുമാകുന്നു’’ എന്നു കേൾക്കുമ്പോൾ നമുക്കു മുന്നിൽ തെളിയുന്നത് കേവലാശയലോകമല്ല. ഒരു ജനതയുടെ സ്വപ്നങ്ങളെ ദൈവികമായ തലത്തിലേക്കുയർത്തിയ കാലത്തിന്റെ ചരിത്രവഴികളാണ് നാമവിടെ അനുഭവിക്കുന്നത്. വിമോചനത്തിന്റെ പ്രവാചകപരമ്പരകൾ എന്നും പുതുവഴി തെളിച്ചവരായിരുന്നു.

 

കോട്ടയം ജില്ലയിലെ കല്ലറ- വെച്ചൂർ റോഡ് നിർമാണത്തിന് നേതൃത്വം നല്കിയ ‘വഴിയച്ചനെ’ ആരും മറന്നിരിക്കാനിടയില്ല. തന്റെ ജീവിതകാലത്ത് ആയിരം കിലോമീറ്ററിലധികം റോഡുകളാണ് അദ്ദേഹം വെട്ടിത്തെളിച്ചത്. ദൈവിക ശുശ്രൂഷയ്ക്കൊപ്പം പൊതു ജനങ്ങൾക്ക് ‘വഴിതെളിച്ചു നല്കിയവനായിരുന്നു’ ഫാ. തോമസ് വിരുത്തിയിലെന്ന വഴിയച്ചൻ. 

 

ഇരുളും വെളിച്ചവും കടന്നു ചെല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി വഴികൾ വെട്ടിത്തെളിച്ചു നല്കി. പെരുവ-മോനിപ്പള്ളി, ആയാംകുടി- ആപ്പാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ വഴികൾ നിർമ്മിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്കുകയുണ്ടായി. അങ്ങനെ പുറംലോകത്തു നിന്ന് പുതിയ ആശയങ്ങളും സാധ്യതകളും ഗ്രാമപ്രദേശത്തെ മണ്ണിൽ വേരുറപ്പിച്ചു.

 

വലിയോരു കാട്ടിലകപ്പെട്ടു ഞാനും

വഴിയും കാണാതെയുഴലുമ്പോൾ

വഴിയേ നേർവഴിയരുളേണം നാഥ

തിരുവൈക്കം വാഴും ശിവ ശംഭോ!

 

എന്ന് ചൊല്ലാത്ത കുരുന്നു ബാല്യങ്ങൾ പണ്ട് നാട്ടിൻപുറങ്ങളിലുണ്ടാകാനിടയില്ല. പരബ്രഹ്മജ്ഞാനം എത്ര ലളിതമായാണ് ഈ വരികളിലൊളിപ്പിച്ചിരിക്കുന്നത്.

 

പണ്ടുകാലങ്ങളിൽ വഴിയാത്രക്കാർക്കായി പ്രധാനകവലകളിൽ വഴിവിളക്ക് തെളിയിക്കുന്ന രീതിയുണ്ടായിരുന്നു. എണ്ണവിളക്കെരിയുന്ന യാത്രാപഥങ്ങളിൽ ഇടയ്ക്ക് തലചായ്ക്കാൻ വഴിയമ്പലങ്ങളും ഉണ്ടാക്കിയിരുന്ന ആ കാലഘട്ടത്തെ നാം മറന്നുകൂടാ. യാത്രക്കാർക്ക് ചുമടിറക്കി വെയ്ക്കാൻ യാത്രാവഴികളിൽ അത്താണികൾ (ചുമടുതാങ്ങികൾ) പണികഴിപ്പിച്ചിരുന്നു. അതുപോലെതന്നെ വഴിയമ്പലത്തോടു ചേർന്ന്, കാളവണ്ടികളിൽ ചരക്കുമായി വരുന്നവരുടെ കാളകൾക്ക് വെള്ളം കൊടുക്കാനായി കൽത്തൊട്ടികളും പണികഴിപ്പിച്ചിരുന്നു.

 

പലപ്പോഴും വഴി കണ്ടെത്തുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. വെട്ടിത്തെളിച്ച വഴിയിലൂടെ നടന്നുപോകുന്നതിന് ആർക്കും സാധിക്കും. ‘കൂട്ടത്തിൽ പാടാനും വെള്ളത്തിൽ പൂട്ടാനും’ എത്രയെളുപ്പം. എന്നാൽ നിലനില്ക്കുന്ന ഒരു ആശയസംഹിതയെയോ ഒരു പ്രസ്ഥാനത്തെയോ ദർശനത്തെയോ വെല്ലുവിളിച്ചുകൊണ്ട് പുതുവഴി വെട്ടുക എന്നത് ശ്രമകരമായ ജോലിയാണ്. അങ്ങനെയുള്ള ദൗത്യം ഏറ്റെടുക്കുന്നവരാണ് നാളെയുടെ പ്രകാശഗോപുരങ്ങളായി ഉയർന്നു നില്ക്കുക. ബുദ്ധനും യേശുക്രിസ്തുവും മഹാവീരനും മഹാത്മജിയും മാർട്ടിൻ ലൂഥർ കിങ്ങും എബ്രഹാം ലിങ്കണും ഐസക്ക് ന്യൂട്ടനും തു‌‌‌‌‌‌ടങ്ങി എത്രയെത്ര മഹാരഥന്മാരാണ് വ്യത്യസ്തമായ മേഖലകളിൽ വഴിവെട്ടിത്തെളിച്ചിട്ടുള്ളത്.

 

വഴിവെട്ടുന്നവരോട് എന്ന കവിതയിൽ എൻ.എൻ. കക്കാട് പാടുന്നു..

 

‘‘ഇരുവഴിയിൽ പെരുവഴി നല്ലൂ

പെരുവഴിയേ പോ ചെങ്ങാതി

പെരുവഴി കണ്മുന്നിലിരിക്കെ

പുതുവഴി നീ വെട്ടുന്നാകിൽ

പലതുണ്ടേ ദുരിതങ്ങൾ...’’

 

വഴികളുള്ളപ്പോൾത്തന്നെ വഴി നടക്കാനുള്ള സ്വാതന്ത്യത്തിനായി സമരവും സത്യഗ്രഹവും നടത്തിയ നാടുകൂടിയാണ് നമ്മുടേത്. വൈക്കം സത്യാഗ്രഹവും അയ്യൻകാളി നടത്തിയ വില്ലുവണ്ടി സമരവും ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുള്ള വഴിയാത്രയ്ക്കു വേണ്ടിക്കൂടിയുള്ള സമരങ്ങളാണ്.

 

മുൻപേ പറക്കുന്ന പക്ഷികളാണ് പലപ്പോഴും അപകടങ്ങളിൽ അകപ്പെടുന്നത്. അങ്ങനെ ധൈര്യപൂർവം മുന്നോട്ടു പോകുന്നവർക്കേ ജീവിതവിജയം നേടാൻ കഴിയൂ. ഇരുപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽനിന്നു മലബാർ ഭാഗത്തേക്ക് കുടിയേറ്റക്കാരായി പോയവരുടെ ജീവിതം നാം കണ്ടും കേട്ടും വായിച്ചുമറിഞ്ഞിട്ടുള്ളതാണ്. കാട് വെട്ടിത്തെളിച്ച് ഭൂമിയൊരുക്കി, കൃഷി ആരംഭിച്ച അവർക്ക് കാട്ടുമൃഗങ്ങളുടെ ശല്യത്തോടൊപ്പം മലമ്പനിയുടെ ആക്രമണവും നേരിടേണ്ടി വന്നു. പക്ഷേ തളർന്നു പോകാതെ പൊരുതി നിന്നവരുടെ പിൻതലമുറ എത്ര ആത്മവിശ്വാസത്തോടെയാണ് ഇന്നവിടെ ജീവിക്കുന്നത്. എന്നാൽ ആ യാത്രയിൽ സ്വന്തം ജീവൻ പോലും ത്യജിച്ചവരുണ്ടെന്ന് നാം മറന്നുകൂടാ. ഗൾഫ് നാടുകളിലേക്കുള്ള ആദ്യകാല യാത്രകളും നാം ഓർക്കേണ്ടതാണ്. പത്തേമാരിയിലും ഉരുവിലും കയറി ഗൾഫ് നാടുകളിൽ എത്തിച്ചേർന്ന ധീരന്മാരെക്കുറിച്ച് ഇന്ന് എത്രപേർ ഓർമിക്കുന്നു? ജീവിതം ധീരന്മാരെക്കുറിച്ചുള്ള ചരിത്രമാണ് നമുക്കായി കാത്തുസൂക്ഷിക്കുക.

 

ഗൾഫ്നാടുകളിലും മറ്റു വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നവർ ജാതിമതവിശ്വാസങ്ങൾ മറികടന്ന് ഓണവും ക്രിസ്മസും പെരുന്നാളും ഒരേ മനസ്സോടെ ആഘോഷിക്കുന്ന കാഴ്ച എത്ര ഹൃദയാവർജ്ജകമാണ്. എതു മതത്തിന്റെ വഴികളായാലും എല്ലാം ഒത്തുചേരുന്നത് മനുഷ്യനും ദൈവവും കണ്ടെത്തുന്ന ആ ഒരു അനർഘനിമിഷത്തിലേക്കാണ് എന്ന് നാം അറിയേണ്ടിയിരിക്കുന്നു.

 

ഏതു വിദേശത്തു പോയി താമസിച്ചാലും വീട്ടിലേക്കുള്ള വഴി മറക്കുന്നവനല്ല മലയാളി. പിറന്ന നാടും ജീവിച്ച മണ്ണും അവനെന്നുമൊരു ഗൃഹാതുരത്വമാണ്. വഴിപിഴച്ചുപോയവനും വഴിമറന്നു ന‌ടന്നവനുമൊക്കെ അവസാനമെത്തുന്നത് അമ്മയുടെ മടിത്തട്ടിലേക്കാണ്. ഈ ഭൂമിയമ്മ നല്കുന്ന ആറടിമണ്ണിലേക്ക്!

 

ഇന്നും  രാജവീഥികൾ നമുക്ക് ഒരു നൊസ്റ്റാൾജിയ ആണ്. നാലും മൂന്നും ഏഴു പേർ ചേർന്ന് ഇത്തിരിപ്പോന്ന ഇടവഴിയിലൂടെ നടത്തുന്ന ജാഥയുടെ അനൗൺസ്മെൻറ് വാഹനവും പറയുന്നത്,  ഇങ്ങനെയായിരിക്കും, 

 

‘‘കിങ്ങിണിക്കരയുടെ രാജവീഥികളെ പുളകം കൊള്ളിച്ചുകൊണ്ട്, ആയിരങ്ങളുടെ, പതിനായിരങ്ങളുടെ അകമ്പടിയോടെ പാവങ്ങളുടെ പടത്തലവൻ, കിങ്ങിണിക്കരയുടെ പൊന്നോമനപ്പുത്രൻ നയിക്കുന്ന ജാഥ ഈ രാജവീഥിയിലൂടെ കടന്നു വരികയാണ്, അനുഗ്രഹിക്കൂ... ആശീർവ്വദിക്കൂ... ’’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com