ADVERTISEMENT

മേരിക്കുട്ടി (കഥ)

 

യാത്രയയപ്പ് വേളയെ ആർദ്രമാക്കി കൊണ്ട് സന്തോഷ് മാഷ് സംസാരിക്കാനായി എഴുന്നേറ്റു. മേരിക്കുട്ടി ടീച്ചർ തെയ്യാരുപടി സ്കൂളിനു ചെയ്ത സേവനങ്ങൾ എണ്ണിനിരത്തി മാഷ് സംസാരിച്ചു. ഒരു ഹൃദയസ്പന്ദനം അത് മേരിക്കുട്ടി ടീച്ചറിന്റെ നെടുവീർപ്പിന്റെ അലയൊലിക്കൊപ്പം അവിടുത്തെ മൺ തരികളും ഹൃദയമിടിപ്പോടെ കേട്ടു. മൗനം കുടഞ്ഞിട്ട നിശബ്ദതയിൽ അടുത്തയാൾ എഴുന്നേറ്റു. ടീച്ചർ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. നീണ്ട കാലയളവിൽ സന്തോഷം പങ്കിട്ടു തന്ന സ്കൂളും ചുറ്റുപാടും. ഇവിടമൊക്കെ എന്നും എന്റെ ജീവശ്വാസത്തിന്റെ കണികകൾ മറയാതെ മായാതെ നിൽക്കും. ഒരു ദിനം വാഴ്​വിൽ ഏകയായതുപോലെ ആരുമല്ലാതാകുന്നുവെങ്കിലും ജീവിത ചുഴികളിൽ പെട്ടിട്ടും ആഴങ്ങൾ കണ്ട് ഭയന്നില്ല. അവിടെയും സ്നേഹതീരവും സ്വാന്ത്വനവും അലകളും എന്തെന്തനുഭവങ്ങൾ. ഒരു ജന്മത്തിൽ എത്ര ജന്മം ജീവിക്കണം ഇനി മൂന്നാം ജന്മത്തിലേക്കുള്ള യാത്ര. അത് ശംഖിന്റെ മൃദുത്വവും മുഴക്കവും പോലെ അടുത്തറിയുന്നവർക്ക് മാത്രം പ്രതിധ്വനി നൽകുന്നതാണ്. കുട്ടികളെ മനസ്സിലാക്കി അവർക്കു വേണ്ടി ആത്മാർത്ഥ സേവനം ചെയ്യാൻ കഴിഞ്ഞതിലുള്ള കൃതാർത്ഥതയോടു കൂടിയായ് ഈ പടിയിറങ്ങുന്നത്. ഇനി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഈ സ്കൂളുമായുള്ള ബന്ധം അവസാനിക്കുന്നു. ഒരു ജന്മത്തെയോർമ്മകൾ മുഴുവൻ ഭാണ്ഡമാക്കി തോളിലേറ്റി വനവാസത്തിനു പോകുന്ന രാമന്റെ ഹൃദയവേദനപോലെ ടീച്ചർ സ്കൂളിനെ തിരിഞ്ഞു നോക്കി. കായൽ കരയിലെ സിമിന്റ് ബഞ്ചിൽ ബസ്സ് കാത്തിരിപ്പിൽ ഹൃദയതാളമറിയുന്ന കായൽ നിറങ്ങളില്ലാത്ത ഭൂതകാലം സമ്മാനിച്ച സഞ്ചാരപഥങ്ങളിലേക്ക് തിരിച്ചറിവടയാളങ്ങൾ നല്കി ഒഴുകി കൊണ്ടിരുന്നു.

 

വയലറക്കോണം കായൽവാരത്ത് വീട് അന്ന് സ്വസ്ഥമായി ഉറങ്ങി. ഇവിടുത്തെ കാരണവർ ദേവസിയും ഭാര്യ ശോശന്നയും അവരുടെ പത്തു മക്കളും കഴിഞ്ഞ വീട്. കട്ട കെട്ടിയ ഓലപ്പുര. അടുക്കള ഒരു ഭാഗം. ബാക്കി രണ്ട് മുറി മാത്രം. മഴയുടെ ഉണർത്തുപാട്ട് കേട്ടും ഓല വിടവിലൂടെ മഴ തുള്ളികളിറ്റിച്ച് കുസൃതി കാട്ടി അവളെയുണർത്തി. അഞ്ചരയുടെ ബോട്ട് കൂക്കി വിളിച്ച് കടന്നു പോയി. അവളുടെ ചങ്ങാതിമാരായ പാത്രങ്ങളും അടുപ്പും പുകയും അവളെ അരികിലേക്ക് മാടി വിളിച്ചു. അമ്മ ഗർഭത്തിലാഴ്ത്തിയിരുന്ന നാല് വിത്തുകൾ നാലു ചട്ടമ്പികളായി കട്ടിലിന്റെ അടിയിൽ പായ വിരിപ്പിൽ ചുരുണ്ടു കിടക്കുന്നു. അമ്മയെക്കാൾ അവർക്ക് പ്രിയപ്പെട്ടവൾ.

 

പരാതികളും പരിഭവങ്ങളും സ്വയം പറഞ്ഞ് ക്ഷീണിതയായി വരുന്ന ശോശന്ന. തലയിലെ കൊട്ടയിൽ ഒരു പല വ്യഞ്ജന കട തന്നെയുണ്ട്. ഊത്തപ്പവും കടലമിഠായിയും അനുജൻമാർക്കുള്ളതാണ്. ആന്റപ്പൻ ചോറും കറികളും കലത്തിലാക്കി വള്ളത്തിലെടുത്തു വച്ചു. കുടിവെള്ളം കുപ്പികളിലാക്കി വച്ചു. രണ്ട് ദിവസത്തേക്ക് വലയിടാൻ വടക്ക് പോകുകയാണ്. ജോയി വളളത്തിന്റെ കെട്ടഴിച്ചു. കിട്ടിയതിൽ പെടപ്പുള്ള ചെമ്പല്ലി മത്സ്യം തന്നെയെടുത്ത് കുരുമുളക് ചേർത്ത് വറുത്തരച്ച് കറി വച്ചു മേരിക്കുട്ടി വളളത്തേൽ വച്ചു. വളളം ഓളപ്പാത്തിയിൽ കുണുങ്ങി കലത്തിലെ മൂടി താളത്തിൽ സംഗീതം പൊഴിച്ചു. ആന്റപ്പൻ സിഗററ്റു പുകച്ചു പുക മേഘങ്ങൾക്കരികിലേക്ക് ഒഴുകി.ആന്റപ്പൻ ചുണ്ടിൽ നിന്ന് സിഗററ്റെടുത്ത് അവളെയൊന്നമർത്തി മൂളിയതിന്റെ പൊരുൾ മേരിക്കുട്ടിക്ക് പിടി കിട്ടി. ഉം നോക്കടി എന്ന് ആംഗ്യം കാട്ടിയവൻ അക്കരെ മരിയാൻ കൈയ്യുയർത്തി കാട്ടി യാത്ര പറഞ്ഞു. മേരിക്കുട്ടി ഇത് എന്നും കാണുന്ന കാഴ്ച. അവൾ ക്രൂരമായി അവനെ നോക്കി മുഖം വെട്ടി തിരിച്ച് അടുക്കളയിലേക്ക് പോയി. കായൽ എരിയുന്നു സന്ധ്യ പിടയുന്നു എരിയാൻ തിരി കെടുത്തി അന്തിയിൽ ഇരുളുമെത്തി. മൂവന്തി നേരത്ത് വിളക്ക് തെളിക്കാൻ മാനത്ത് വരവായി അമ്പിളിപ്പെണ്ണ്. അവൾ കായലിലെ ഓളങ്ങളിൽ അവളുടെ തപിക്കുന്ന ഹൃദയം കണ്ടു.

 

ആൾക്കൂട്ടങ്ങളുടെ നടുവിൽ നിന്നവൾ ഒറ്റപ്പെട്ടു. ആരെയും വീട്ടിൽ കൊണ്ടുവരാൻ കഴിയാതെ ഒഴിഞ്ഞുമാറി നടക്കുന്നവൾ. കാൽപ്പെട്ടിയിലെ പഴയ പേനയും ഉടുപ്പും വളപ്പൊട്ടുകളും പോലെയൊരു സ്വപ്നം മാത്രമാകും വീടും. മുറിയുടെ ഓലക്കീറുകളിൽ അവൾ സൂക്ഷിച്ച ചെറിയ പേഴ്സിലെ ചെറിയ സമ്പാദ്യം ഇടക്കിടക്ക് നോക്കിയവൾ നെടുവീർപ്പെട്ടു. ഒരു വീട് വയ്ക്കാനുള്ള പൈസ കൂട്ടി വയ്ക്കുന്നു കൂട്ടിയാൽ കൂടില്ല എന്നറിയാമായിരുന്നിട്ടും കരുതുന്നു. അപ്പൻ പ്രാഞ്ചി പ്രാഞ്ചി വരുന്നുണ്ട്. ഇന്നും കുടിച്ചിട്ടാണ് വന്നിരിക്കുന്നത്. അല്ലേ? അമ്മയുടെ ദൈന്യത നിറഞ്ഞ മുഖം കണ്ട് അവൾക്ക് കരച്ചിലും കോപവും ഒരുമിച്ചു വന്നു. എന്റെ മോൾക്ക് ഒരു വീട് വയ്ക്കണം. അത് അപ്പൻ സാധിച്ചു തരും. നാവ് കുഴഞ്ഞു, വീഴാതെ ദേവസിപതുക്കെ ബെഞ്ചിലോട്ടിരുന്നു. അപ്പൻ എന്ന ഊർജ്ജ പ്രവാഹം നല്കിയ ഉറപ്പാണ് ഇപ്പോൾ തകർന്നു വീണുടയുന്നത്. അപ്പന്റെയുള്ളിലെ കടല് കണാഞ്ഞിട്ടല്ല. എങ്കിലും അടച്ചുറപ്പുള്ള ഒരു വീട് അതു വേണം. ആന്റപ്പനും ജോസുകുട്ടിയും ജോണിയും വീട്ടിലെ പുറത്തെ ബഞ്ചിൽ കിടന്ന് ഉറങ്ങാറുള്ളത്. എല്ലാപേർക്കും ഒരു വീട്ടിൽ കിടന്ന് ഉറങ്ങണം ഒരുമിച്ചു ഭക്ഷണം കഴിക്കണം ഒരുമിച്ചു പ്രാർത്ഥിക്കണം. അപ്പന്റെ കളള് തെളിഞ്ഞു മേരിക്കുട്ടി എന്ന വിളി കേട്ടു. മഴ ഒരു നുഴഞ്ഞുകയറ്റക്കാരനെപ്പോലെ ആർത്തിരമ്പി കൂരക്കുള്ളിൽ കയറിക്കൂടി. കുട്ടികളെ തട്ടിമുട്ടി കളിയിലും കാര്യത്തിലും ഓടിക്കളിച്ചു. അതിനിടയിൽ പഠിക്കാൻ കിട്ടുന്ന സമയം ആരോടോ വാശി തീർക്കും പോലെ പഠിച്ചു. വീടിന്റെ കാര്യം പറയുമ്പോഴൊക്കെ അല്പം മദ്യപിച്ചെത്തുന്ന ദേവസി സങ്കടപ്പെടും. എന്റമോൾടെ ആഗ്രഹം സാധിക്കാൻ അപ്പനിതു വരെ കഴിഞ്ഞില്ലല്ലോ. അപ്പന്റെ മദ്യപാനം നിർത്തിയാൽ പെട്ടെന്ന് വീട് വയ്ക്കാൻ കഴിയും. അപ്പൻ ഇനി കുടിക്കില്ല മോളെ നിന്നാണെ സത്യം. അപ്പൻ ഇനി സത്യമിടരുത്. നീയിനി ഇങ്ങനെ കരയരുത്. ദേവസി ശോശന്നയെ കെട്ടി കൊണ്ടു വന്നപ്പോൾ വള്ളത്തിൽ വീട്ടു സാധനങ്ങളും കിടക്കാൻ പായയുമായി അന്ന് വന്ന കഥ പറഞ്ഞ് അമ്മയെ സന്തോഷിപ്പിക്കും.

 

കായലിന്റെ ഓളപ്പരപ്പിന്റെ തിട്ടയിൽ ഇരിക്കുന്ന ശോശന്ന എന്ന കുഞ്ഞിപ്പെണ്ണ് ദേവസിയുടെ നിഴലായി നടന്ന കാലം. ജീവിതത്തിന്റെ ആദ്യ പാഠങ്ങൾ പറഞ്ഞു കൊടുത്ത ഗുരുവാണ് ദേവസി. എടി മേരിയേ അപ്പൻ രണ്ടു ദിവസമായി വീട്ടിൽ തന്നെയിരിക്കുന്നതെന്താ– അമ്മയുമായി വഴക്കടിച്ചോ? ആന്റപ്പന്റെ ഉത്കണ്ഡമാറ്റി മേരി മറുപടി പറഞ്ഞു. വീടിനെ കുറിച്ചുള്ള വേദനയുടെ അപാരതയിൽ അപ്പൻ കഴിയുകയാണ്. ഒരു നിഗൂഡമായ ചിരിയോടെ ദേവസിയുടെ കൈയ്യിൽ കൊടുത്ത പൊതി കണ്ട് മേരി അന്ധാളിച്ചു. എടീ അപ്പന്റെ നിശബ്ദത എനിക്ക് സഹിക്കാൻ കഴിയുന്നില്ല. നമ്മുടെ അപ്പനല്ലേടീ. അത് കുടിച്ച് അപ്പൻ ആനന്ദമൂർച്ഛയിൽ കുടിച്ചു കുടിച്ചു ചിരിച്ചും പറഞ്ഞും ഇരുന്നു.

 

ജോയി ഞണ്ട് ചൂട്ടയിട്ട് നീണ്ടയിട്ടു പോകും. പിന്നെ നിശബ്ദമായ കായലിന്റെ വിരിമാറിലേക്ക് വലവീശി. ആ ശബ്ദത്തിന് ഒരു താളമുണ്ട്. ഒരു ചെറിയ പാദസര കിലുക്കം പോലെ കായൽ ഒന്നു പുളയും. ലൈറ്റ് അടിച്ച് മീൻ കോരിയെടുക്കും. കായലിന്റെ ചെറു നിശ്വാസങ്ങളും ഹൃദയമിടിപ്പും അറിയാം. അതിന്റെ ഭാഷയും താളവുമറിയാവുന്ന ശോശന്ന. ആകാശത്തിലെ നീലമേഘങ്ങൾക്ക് വേദനയുടെ നിറമാണ്.

 

വിരൽ തൊടുമ്പോൾ അടരുന്ന പൂക്കളെ പോലെ ജീവിതം പൊഴിയുന്നു. കാലം നടന്നകന്നു. അപ്പൻ അന്ന് നിശബ്ദനായപ്പോൾ തെല്ലമ്പരപ്പോടെ ആശുപത്രിയിലാക്കിയെങ്കിലും തളർച്ച ബാധിച്ചത് ശരീരത്തെയായിരുന്നില്ല കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അപ്പനെ ശുശ്രൂഷിച്ച് അമ്മ രാപകലില്ലാതെ കഷ്ടപ്പെട്ടു. അന്ന് വന്ന നിയമന ഉത്തരവ് അപ്പന്റെ കൈയ്യിൽ കൊടുത്തപ്പോൾ വിറക്കുന്ന കൈകളോടെ അപ്പൻ തലയിൽ കൈവച്ചനുഗ്രഹിച്ചു. അപ്പൻ മരണത്തിലേക്കിനി സന്തോഷത്തോടെ പോകും. എന്റെ തല തിരിഞ്ഞ കണ്ണ് ഇനി കുറച്ചു നാൾ കാണാതിരിക്കട്ടെ മകളെ. കാഴ്ച നന്നായി കാണാൻ കണ്ണുണ്ടായിരുന്നപ്പോൾ അപ്പനുകഴിഞ്ഞില്ല മോളെ. ഇപ്പോൾ എല്ലാം നിന്നിലൂടെ കാണുന്നു. വീടിന്റെ ഓരോ അണുവിലും അലിഞ്ഞു ചേർന്ന മണൽ തരികളുടെ കഥ അപ്പനോട് വിവരിച്ച് അകക്കണ്ണ് തുറപ്പിച്ചുഅവൾ അപ്പന്റെ തലമുടിയിൽ വിരലോടിച്ച് അരികെയിരുന്നു. കായലിലെ ഓളങ്ങളുടെ നിഗൂഡ ഭാഷയറിഞ്ഞവൾ അവളുടെ കഥകൾ കേട്ട് തരിവളകിലുക്കി ഒഴുകി കൊണ്ടിരുന്നു.

 

ഇവിടെയാരുമില്ലേ? ആരാ വിളിച്ചത് ജോയി പോയി നോക്കി. അകമേ ശബ്ദം താഴ്ത്തി മേരിയുടെ കാതിൽ വന്നു പറഞ്ഞു മരിയാൻ വന്നിരിക്കുന്നു. നീ പോയി കതകു തുറന്ന് അകത്തേക്ക് ക്ഷണിക്കൂ. അയാൾ അപ്പന്റെ കിടക്കക്കരികിൽ കസാലയിലിരുന്നു. അല്പനേരത്തെ നിശബ്ദത. അവളുടെ ഇന്നലെകളെ വായിച്ചെടുത്തവൻ. മൗനം മലർ ചൊരിഞ്ഞ സ്നേഹം അവൾ ഉള്ളിൽ സൂക്ഷിച്ചത് ഒരു വാക്കു കൊണ്ടു പോലും അവന്റെ ഹൃദയത്തിൽ ഇഷ്ടമാണ് എന്ന് പറയാതിരുന്നിട്ടും പൊടുന്നനെ ഒരു ചോദ്യം അപ്പന്റെ മുന്നിൽ വച്ച് മേരി എന്റെ കൂടെ പോരുമോ? അപ്പന്റെ സന്തോഷം കൊണ്ട് ആ വിവാഹം നടന്നു. ആർത്തിരമ്പുന്ന ഒരു കടൽ അവന്റെ ഹൃദയത്തിൽ ഓളം വെട്ടി ഒഴുകുന്നത് ശാന്തമായ ഒരു പുഴയായ് മാറ്റാൻ നിനക്കേ കഴിയൂ എന്ന് ചിന്തിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കിയവൻ മന്ദഹാസത്തോടെ അവൾ നല്കിയ ചായ വാങ്ങി കുടിച്ചു. അവർ പറയാതെ പറഞ്ഞ മൗനത്തിൽ അയാളുടെ ഉള്ളിലെന്തോ മിന്നി. വിവാഹകാര്യം തീരുമാനിക്കുക മാത്രമല്ല ദിവസവും നിശ്ചയിച്ചു കല്യാണം കഴിഞ്ഞു മൂന്നു നാല് മാസമേ കഴിഞ്ഞുള്ളു... ഒരുജന്മം കാത്തിരുന്നവൻ. വിവാഹപൂക്കൾ വാടിക്കരിയുന്നതിനു മുമ്പ് പെട്ടെന്നൊരു ദിനം വെളളക്കച്ചയിൽ. ജീവിതത്തിൽ നിന്ന് പ്രിയപ്പെട്ടതൊക്കെ പോയ് മറയുമ്പോൾ നിർവികാരമായ വേദനയാണ് തോന്നിയിട്ടുള്ളത്. കായലിൽ വേലിയേറ്റങ്ങളുടെ തിരകൾ, പിന്നീട് വന്ന വിവാഹാലോചനകൾ പരിഹാസമായവൾക്കു തോന്നി. അവളുടെ കരച്ചിൽ പിടിച്ചു നിർത്താനാകാതെ വയലറക്കോണം ഒപ്പം തേങ്ങി.

English Summary: Malayalam Short Story- Marykutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com