ADVERTISEMENT

മീനുകളുടെ സഖിയെത്തേടി… (കഥ)

                   

ഇടതു ചെവിയിൽ നനവാർന്ന ചുണ്ടുകളുടെ സ്പർശനം.

ചോദ്യം- പകലോമറ്റം വർക്കി മകൻ മിഖായേലേ, നിനക്കേറ്റവും പ്രിയപ്പെട്ടതാര്?

ഉറക്കം തളർത്തിയ ചുണ്ടുകളുടെ ചിതറിയ ഉത്തരം - എന്റെ ചിറ്റപ്പൻ... പകലോമറ്റം ടോമിച്ചൻ.

അപ്പോ ഞാനാര് മിഖായേലേ?-കുറുമ്പ് കൂർപ്പിച്ച ചുണ്ടുകളുടെ അടുത്ത ചോദ്യം.

‘നീ ഹവ്വയാകുന്നു. എന്റെ അസ്ഥിയുടെ അസ്ഥി’ –ഉത്തരം.

ഇക്കിളിപ്പെട്ട ചിരി!

‘ഏദൻ തോട്ടം കാത്തിരിയ്ക്കുന്നു… കയറി വരിക പ്രാണപ്രേയസി’ ഹവ്വക്കായി ബെഡ്‌ഡിലെ ബ്ലാങ്കെറ്റ് ഉയർത്തപ്പെട്ടു.

‘ഓ ഷിറ്റ്’! അമർത്തിയ ഒരലർച്ച!

 

സ്വപ്നത്തിൽ ബ്ലാങ്കെറ്റ് ഉയർത്തിയപ്പോൾ യാഥാർത്ഥ്യത്തിൽ മറിഞ്ഞു പോയത് തൊട്ടടുത്ത സീറ്റിലെ സ്യൂട്ട്ധാരിയുടെ ഫുഡ്ട്രേയിൽ പാതി ഒഴിച്ച് വച്ചിരുന്ന മിനറൽ വാട്ടറായിരുന്നു. ക്ഷമാപണം ബോധ്യപ്പെട്ടോ എന്നറിയില്ല. സ്യൂട്ട്ധാരി എണീറ്റ് പോയി. വാഷ്റൂമിലേക്കു തന്നെ ആയിരിക്കണം.

 

സ്വപ്നത്തിന്റെ ആലസ്യത്തിൽ കുറച്ചു നേരം കൂടി അങ്ങിനെ കിടന്നു. കണ്ണുകൾ തുറക്കാനേ തോന്നുന്നില്ല. മീനൂട്ടി എന്ത് ചെയ്യുകയായിരിയ്ക്കും ഇപ്പോ!

 

ഒരു മണിക്കൂറിനകം ഫ്ലൈറ്റ് കൊളംബോയിൽ ലാൻഡ് ചെയ്യുമെന്നുള്ള അനൗൺസ്‌മെന്റ് കേട്ട് കണ്ണ് തുറന്നു നോക്കി. മിക്കവരും ഉറക്കമാണ്, ചിലർ ഉറക്കം കഴിഞ്ഞതിന്റെ ആലസ്യത്തിലും. പതിയെ വിൻഡോ ഉയർത്തി. സ്വർണ്ണ വെളിച്ചം മേഘക്കൂട്ടങ്ങളെ ആലിംഗനം ചെയ്യുന്നു. നേരം പുലർന്നു കഴിഞ്ഞിരിയ്ക്കുന്നു. വിമാനത്തിന് വഴി മാറിക്കൊടുത്ത് മേഘക്കൂട്ടങ്ങൾ സഞ്ചാരം തുടരുകയാണ്.

 

ചില ചെറുമേഘങ്ങൾക്ക് മീനുകളുടെ ആകൃതിയാണ്. മീനുകൾ!!… മീനുകൾ വീണ്ടും മീനൂട്ടിയെപ്പറ്റി ചിന്തിപ്പിയ്ക്കുന്നു.

 

നിലാ ജ്യോതിർമയി!.. ഇക്തിയോളജി അവസാന വർഷ വിദ്യാർഥിനി!!. നിലയുടെ ക്ലാസ്സ്മേറ്റ് ചന്ദൻ റെഡ്ഢിയുടെ കാമുകി കാജൽ അവളെ വിളിച്ചിരുന്നത് ‘മത്സ്യകന്യക‘ എന്നാണ്. അത്രയ്ക്കുണ്ട് പെണ്ണിന്റെ മീൻപ്രേമം! പാലക്കാടുള്ള വീട്ടിൽ തന്നെ ആറോളം അക്വേറിയങ്ങൾ. ചുവരിലും ചിന്തയിലും എന്തിന് വസ്ത്രങ്ങളിൽ പോലും മീൻ വിശേഷണങ്ങളും ചിത്രങ്ങളും. വീടിന്റെ മുറ്റത്തു സ്ഥലമില്ലാത്തതു കാരണം ഒരു മീൻ കുളം ഉണ്ടാക്കാൻ സാധിക്കാതിരുന്നതായിരുന്നു  അവളുടെ ജീവിത ദുഃഖങ്ങളിലൊന്ന്!.  കിട്ടിയാൽ പാമ്പിനെ പോലും കഴിക്കാൻ മടിയില്ലാതിരുന്ന നിലാ  മീനുകളെ വെറുതെ വിട്ടു. മീനുകളെ ഓമനിച്ച്, ലാളിച്ച്, പുന്നാരിച്ച് ജീവിച്ചിരുന്ന നിലയെ, ആയതിനാൽ, ഞാൻ മീനൂട്ടി എന്ന് വിളിച്ചു പോന്നു.

 

ഞാൻ അവളെ പ്രേമിച്ചു... കാമിച്ചു... സ്നേഹിച്ചു!

അവളെന്നെ ലാളിച്ചു...പുന്നാരിച്ചു..ആരാധിച്ചു!

ബെംഗളൂരു നഗരം ഞങ്ങളെ നെഞ്ചോട് ചേർത്ത് സ്നേഹിച്ചു!

ജീവിതം പ്രേമസുരഭിലവും സുന്ദരവുമായിരുന്നു... രണ്ടാഴ്ച മുൻപ് വരെ!!

 

മദ്ധ്യവയസ്കനായ സ്യൂട്ട്ധാരി കനത്ത മുഖത്തോടെ സീറ്റിൽ വന്നിരുന്നു. സൗഹൃദഭാവത്തിൽ ഒന്ന് ചിരിക്കാൻ ശ്രമിച്ചു നോക്കി. കറുത്ത് കൂർത്ത മുഖം ആ ശ്രമത്തെ വലിച്ചുകീറി കാറ്റിൽ പറത്തി.

 

കണ്ണുകൾ വീണ്ടും മേഘക്കൂട്ടങ്ങളിലേയ്ക്ക് പാഞ്ഞു.. മേഘസഞ്ചാരം കുറഞ്ഞു കുറഞ്ഞു വരികയാണ്.

 

സി സി ടിവി ക്യാമറകളുടെ സർവീസ് മെയിന്റനൻസ് മോശമാണെന്നുള്ള ഒരു ഹൈ എൻഡ് കസ്റ്റമറുടെ പരാതി തലപെരുപ്പിച്ച ദിവസമായിരുന്നു അത്.  അപ്പച്ചിയോടുള്ള വാശിയ്ക്കു തുടങ്ങിയ കമ്പനി, നിലയെ പോലെ തന്നെ നെഞ്ചോട് ചേർത്ത് വച്ചിരുന്നു. വളരെ സമയം നീണ്ട ടീം മീറ്റിങ് ഒക്കെ കഴിഞ്ഞ് വൈകിയാണ് ഫ്ലാറ്റിലെത്തിയത്. നിലാ കാത്തിരിപ്പുണ്ടായിരുന്നു. ഒരു കീ അവളുടെ കയ്യിലാണ്. പുറത്തു പോകണം എന്ന അവളുടെ വാശി കേട്ടില്ലെന്നു നടിച്ചു സോഫയിൽ കിടന്നു. ശരീരവും മനസ്സും വല്ലാതെ തളർന്ന ദിവസമായിരുന്നു അത്.  നിലാ പരിഭവിച്ചു. പിന്നീട് എന്തോ, എന്താണെന്നു ഇപ്പൊ ഓർമ പോലുമില്ല, സംസാരിച്ചു സംസാരിച്ച് അതൊരു വഴക്കിലെത്തി. അതൊരു പുതുമയായിരുന്നില്ല. വഴക്കെന്നും ഞങ്ങളുടെ കളിക്കൂട്ടുകാരനായിരുന്നു. എന്നാൽ എല്ലാ തവണത്തേയും പോലെ അതൊരു ചുംബനത്തിലോ ആലിംഗനത്തിലോ അവസാനിച്ചില്ല.

 

ഇടയ്ക്കെപ്പോഴോ ഈഗോയുടെ നൂൽപ്പാലം വാശിക്കോടി കയറിയപ്പോൾ നാവൊന്നുപിഴച്ചു. അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്നു ചിന്തിച്ചു തീർന്നില്ല, കരണം പുകയുന്നതറിഞ്ഞു. തീ പാറുന്ന കണ്ണുകളുമായി നിൽക്കുന്നുണ്ടായിരുന്നു നിലാ.  ഞെട്ടലിൽനിന്നു വിമുക്തനായിക്കഴിഞ്ഞപ്പോഴേയ്ക്കും നിലാ പോയിരുന്നു.  ജീവിതത്തിലാദ്യമായി കരണത്ത് ഒരടി!!! അതും ഇവളാണ് ജീവിതത്തിൽ ഇനിയെല്ലാം എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നതാരെപ്പറ്റിയാണോ അവളുടെ കയ്യിൽ നിന്ന്!!

 

ദേഷ്യത്താൽ വലിഞ്ഞു മുറുകി അരമണിക്കൂറോളം വെറുതെ ഇരുന്നു. സുബോധത്തോടെ ചിന്തിക്കാനുള്ള അവസ്ഥയായപ്പോൾ ആലോചിച്ചു..., അവളെന്തേ ഇങ്ങനെ റിയാക്ട് ചെയ്തു?  ഇത്ര നാളുകൾക്കിടയിൽ ആദ്യമായാണ് ഈ ഭാവത്തിൽ നിലയെ കാണുന്നത്. അവളെ ഏറ്റവും അടുത്തറിയാവുന്ന ഞാൻ പറഞ്ഞ മോശം വാക്ക് തന്നെയായിരിക്കാം അവളുടെ നില തെറ്റിച്ചിട്ടുണ്ടാവുക. ചിന്തിയ്ക്കുന്തോറും കുറ്റബോധം കൂടി വന്നു കൊണ്ടിരുന്നു. ഇന്നത്തെ എന്റെ അവസ്ഥ നിലാ മനസ്സിലാക്കിയില്ല എന്ന ധാർഷ്ട്യത്തെ, അവളവിടെ ഉപേക്ഷിച്ചു പോയ ഗിഫ്റ്റു പാക്കറ്റിനുള്ളിലെ മോതിരവും തകർത്തു കളഞ്ഞു. കാര്യമായി സംസാരിക്കാൻ വന്നതാവണം അവൾ. ഒന്ന് ഫ്രെഷ് ആയി വന്നിട്ട് അവളുടെ കൂടെ പുറത്തുപോയി എവിടെയെങ്കിലുമിരുന്നു സംസാരിക്കാമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല.

 

പിന്നീടുള്ള ദിവസങ്ങളിൽ അവൾ എന്റെ കോളുകൾ അറ്റൻഡ് ചെയ്യാതെയായി.  വാട്സാപ്പിലെ ക്ഷമാപണങ്ങൾ കണ്ടെങ്കിലും നിലാ പ്രതികരിച്ചില്ല. ഒരു പ്രതികരണവും കിട്ടാതായപ്പോൾ രണ്ടു ദിവസത്തിന് ശേഷം അവളുടെ കോളജിലും ഹോസ്റ്റലിലും പോയി നോക്കി.  അവളുടെ ഫ്രണ്ട്സിന്റെ മുൻപിൽ നാണം കെട്ടത് മിച്ചം. കാണാൻ താൽപര്യമില്ല എന്ന് പറഞ്ഞയച്ചു കളഞ്ഞു അവൾ.

 

പിന്നീട് എത്ര ശ്രമിച്ചിട്ടും നിലയെ കാണാനോ സംസാരിക്കാനോ സാധിച്ചില്ല.

 

അങ്ങിനെയിരിയ്ക്കേ, ഒരു ദിവസം റെഡ്ഢി അവരുടെ ഫൈനൽ ഇയർ ഫീൽഡ് ട്രിപ്പിനെ പറ്റി എന്നോട് പറഞ്ഞു. നിലയെപ്പറ്റി സംസാരിച്ചിരിക്കുകയായിരുന്നു ഞങ്ങൾ.  ശ്രീലങ്കയിലേക്കാണ് ട്രിപ്പ് എന്ന് നിലാ നേരത്തേ പറഞ്ഞിരുന്നത് ഞാനോർമിച്ചു. പെട്ടെന്നൊരു പ്ലാൻ!! സിംഹളദ്വീപിലെവിടെയെങ്കിലും വച്ച് പെണ്ണിനെ കണ്ട് ഈ പ്രശ്നം പറഞ്ഞു തീർത്തിട്ടു തന്നെ ബാക്കി കാര്യം. 

 

അങ്ങിനെ അവരുടെ ട്രിപ്പിന്റെ അവസാന ദിവസം കൊളംബോയിലെത്താൻ തീരുമാനമായി. ഒരുമിച്ചു ബാംഗ്ലൂർക്കു തിരിച്ചു പോരുമ്പോൾ നിലാ അന്ന് വാങ്ങിയ മോതിരം തന്റെ വിരലിലും താൻ മേടിച്ച മോതിരം അവളുടെ വിരലിലും ഉണ്ടായിരിക്കണം എന്നും മനസ്സിലുറപ്പിച്ചു.  ഇനി വൈകിക്കൂടാ. എത്രയും പെട്ടെന്ന് തന്നെ നിലയെ നിയമപ്രകാരം സ്വന്തമാക്കണം. ശക്തമായ തീരുമാനങ്ങളുമായാണ് വിമാനം കയറിയത്.

 

താൻ വരുന്ന കാര്യം നിലാ യാതൊരു കാരണവശാലും അറിയെരുതെന്ന് റെഡ്ഢിയെ പ്രത്യേകം ഓർമിപ്പിച്ചിരുന്നു.  വിടുവായനാണ്... തല്ക്കാലം വേറേ വഴിയില്ല. നിലാ ഇന്ന് രാവിലെ അന്തോണീസ് പുണ്യാളന്റെ പള്ളിയിൽ പോകുന്നു എന്ന് റെഡ്ഢിയുടെ അപ്ഡേറ്റ് വിമാനം കയറുന്നതിനു തൊട്ടു മുൻപാണ് കിട്ടിയത്. പള്ളിയാണെങ്കിൽ റൂം ബുക്ക് ചെയ്തിരിയ്ക്കുന്ന ഹോട്ടലിൽ നിന്ന് നാൽപതു മിനിറ്റ് ദൂരത്തിൽ മാത്രം. ശുഭസൂചന! ഇത്തവണ പെണ്ണിന്റെ കുറുമ്പ് മാറ്റിയിട്ട് തന്നെ ബാക്കി കാര്യം.

 

ഒരു ബീപ്പ് ശബ്ദം! സീറ്റ് ബെൽറ്റ് സൈൻ തെളിഞ്ഞു നിൽക്കുന്നു. ലാൻഡിങ്ങാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുൻപ് ഫെയ്സ്ബുക് വെറുതെ ഒന്ന് ഓപ്പൺ ചെയ്തു. അങ്ങ് താഴെ, സിംഹള ദ്വീപ് സൂര്യപ്രകാശത്തിൽ ജ്വലിച്ചു നിന്നു.

 

ഹോട്ടലിൽ ലഗേജ് വച്ചിട്ട് ഫ്രെഷായി ഉടനെ തന്നെ ഇറങ്ങി. ഹോട്ടലിൽ നിന്ന് അറേഞ്ച് ചെയ്ത ടാക്സി മുപ്പത്തഞ്ചു മിനിറ്റ് കൊണ്ട് പള്ളിക്കു മുൻപിലെത്തിച്ചു. പള്ളിയും പരിസരവും ജനസമുദ്രത്താൽ നിറഞ്ഞിരിക്കുകയാണ്.  അപ്പോഴാണ് ഇന്ന് ഈസ്റ്റർ ആണെന്ന് ഓർമ വന്നത്. കുറച്ചു നേരം അന്ധാളിച്ചു നിന്നു പോയി.  ഈ തിരക്കിൽ എങ്ങിനെ കണ്ടു പിടിയ്ക്കും നിലയെ?  

 

വെറുതെ നിന്നിട്ട് കാര്യമില്ല.. എന്തായാലും ആദ്യം പള്ളിയ്ക്കകത്തു കയറാം. ബാക്കി പിന്നെ.  

ആൾക്കാരുടെ മുറുമുറുപ്പ് വക വക്കാതെ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി പള്ളിയ്ക്കുള്ളിലെത്തി. പള്ളിയുടെ ഉൾവശം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. കർത്താവിന്റെയും വിശുദ്ധരുടെയും രൂപങ്ങളിൽ പുഷ്പഹാരം. കുർബാന തുടങ്ങിയതേയുള്ളു എന്ന് തോന്നുന്നു. 

 

ഒരുവിധം ക്രിസ്തുരാജ രൂപത്തിന് മുന്നിൽ എത്തിപ്പെട്ടു.  കർത്താവിന്റെ കരുണയാർന്ന മുഖം….. അറിയാതെ കണ്ണുകളടഞ്ഞു.

 

‘കർത്താവേ .. ഒരു നിമിഷത്തെ ആവേശത്തിൽ സംഭവിച്ച നാവ് പിഴ….! നീ പൊറുക്കണേ!  എല്ലാമറിയുന്ന ഞാൻ ഒരിയ്ക്കലും അവളോട്‌ അങ്ങിനെ സംസാരിക്കാൻ പാടില്ലായിരുന്നു.  ആരും പൂർണ്ണരല്ലല്ലോ കർത്താവേ. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായതൊന്ന്‌ ഇതിനാൽ നഷ്ടപ്പെട്ടു പോകാൻ നീ അനുവദിക്കരുതേ. ഞങ്ങളെ ഒരുമിപ്പിക്കണേ!!’

 

കണ്ണ് തുറന്നു. ജീവിതത്തിൽ ഇത്രയും ആത്മാർത്ഥമായും ഫ്ലോയോടു കൂടിയും ഇത് വരെ പ്രാർത്ഥിച്ചിട്ടില്ല എന്ന് ഒരു പുഞ്ചിരിയോടെ ഓർത്തു.

 

രൂപത്തിന് മുന്നിൽ നേർച്ചയിട്ട് ചുറ്റും നോക്കി. നിലാ പള്ളിക്കകത്ത് ഉണ്ടെന്ന് തോന്നുന്നില്ല. വെളിയിൽ നോക്കാം.

 

വെളിയിലേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് കണ്ടത്. മറുവശത്തു തൂണും ചാരി, അൾത്താരയിലേയ്ക്ക് ഭക്തിപൂർവ്വം നോക്കി നിൽക്കുന്ന നിലാ!  പോണി ടെയിൽ കെട്ടി, തന്റെ പ്രിയപ്പെട്ട പോളോ വൈറ്റ് ഷർട്ടും ഡെനിമും ധരിച്ച് അതിസുന്ദരിയായി അവൾ നിന്നു. പട്ടത്തിക്കുട്ടിയാണെന്ന് ആരും പറയില്ല ആ  നിൽപ്പ് കണ്ടാൽ.

 

പതിയെ അടുത്ത് ചെന്ന് ഒന്ന് ഞെട്ടിക്കാം. ഇവിടെ വച്ച് എന്തായാലും ഇറങ്ങിപ്പോകാൻ പറയില്ലല്ലോ. ആളുകളെ വകഞ്ഞു മാറ്റി മറുവശത്തേയ്ക്കു നീങ്ങി. പെട്ടന്നാരോ ശരീരത്തു പിടിച്ചു തള്ളി മാറ്റാൻ നോക്കി. ദേഷ്യത്തോടെ  നോക്കി... ഇതാരാണ് എന്നെക്കാൾ ധൃതിയുള്ളയാൾ?. ഒരു തൊപ്പിക്കാരൻ!  വിദേശിയാണ്... പച്ചക്കണ്ണുകൾ... എന്റെ മുഖത്തെ ഈർഷ്യ കണ്ടിട്ടാവണം ക്ഷമാപണം നടത്തി അയാൾ മുന്നോട്ടു നീങ്ങി.  മുന്നിൽ നിന്നിരുന്ന കുട്ടിയുടെ തലയിൽ ഒന്ന് കൈ വച്ച് ആളുകളെ വകഞ്ഞു മാറ്റി അയാൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

 

ഞാൻ  നിലയുടെ ഏകദേശം അടുത്തെത്തി. വലത് വശത്തുള്ള  മൂന്ന് നാലു പേരെക്കൂടി മറി കടന്നാൽ അവളുടെ അടുത്തെത്താം. അവൾ കണ്ണടച്ച് പ്രാർത്ഥനയിലാണ്.. പതിവില്ലാത്ത വിധം സുന്ദരിയാണിന്ന് പെണ്ണ്. ഒരു ചെറു പുഞ്ചിരി ചുണ്ടിലൂറിക്കൂടി.

 

പെട്ടന്ന് നിലാ കണ്ണ് തുറന്നു. എന്തോ തോന്നലിൽ ഇടത് വശത്തേയ്ക്ക് നോക്കിയ അവൾ എന്നെ കണ്ട് ഞെട്ടി!!.. എന്നിട്ട്... ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അതിമനോഹരമായി പുഞ്ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്കു വന്നു.

 

ജനക്കൂട്ടത്തിൽ ഒരിളക്കമുണ്ടായി. എന്തോ പന്തികേട്.  നിലാ അടുത്തെത്തി എന്റെ വിരലുകളിൽ അവളുടെ വിരലുകൾ കോർത്തു. അവളെന്തോ പറയാൻ തുടങ്ങിയപ്പോൾ അവളുടെ ശബ്ദത്തിനും മീതെയായി ഒരു ശബ്ദമുയർന്നു കേട്ടു.  മുൻപ് കണ്ട പച്ച കണ്ണുകളുള്ള തൊപ്പിക്കാരൻ പള്ളിയുടെ നടുക്ക് നിന്ന് എന്തോ വിളിച്ചു പറയുകയാണ്. ആളുകൾ ബഹളം വയ്ക്കുന്നു ചിലർ ഓടാൻ ശ്രമിക്കുന്നു. കുർബാനയർപ്പിച്ചു കൊണ്ടിരുന്ന പുരോഹിതനും ശുശ്രൂഷികളും ഒക്കെ അന്ധാളിച്ചു നിൽക്കുകയാണ്.  ഞാൻ നിലയെ ചേർത്ത് പിടിച്ച് അവളുടെ മുഖത്തേയ്ക്കു നോക്കി. ആ കണ്ണുകൾ ഈറനണിഞ്ഞിരിയ്ക്കുന്നു... ‘മീനൂട്ടി...!!!

 

തീ ഗോളങ്ങൾ…….

=======================================================

 

സ്‌ഫോടനത്തിൽ ചിന്നിച്ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങളുടെയും കെട്ടിടാവശിഷ്ടങ്ങളുടെയും സാധനസാമഗ്രഹികളുടെയും ഇടയിൽ കാണപ്പെട്ട  രക്തം പുരണ്ട ഹാൻഡ് ബാഗിനുള്ളിൽ, ഒരു ചെറിയ ഡയറിയുണ്ടായിരുന്നു. അതിലെ ഇനിയാരും വായിക്കാനിടയില്ലാത്ത, നിലാ എഴുതിയ ഒരു പേജ് :

 

20/04/2019

11.30pm

 

‘ഈ നിമിഷവും, അവനെ തല്ലിയതിൽ ഞാൻ സങ്കടപ്പെട്ടു കൊണ്ടിരിക്കുകയാണ്. പക്ഷേ അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടന്നുള്ളതാണ് അതിന്റെ മറുവശം. അതേറ്റവും നന്നായി അറിയാവുന്നതാവട്ടെ, അവനും!

 

തന്റെ സ്വപ്നസാക്ഷാത്ക്കാരങ്ങൾക്കായി സ്വന്തം മകളെയും ഭാര്യയും ഉപേക്ഷിച്ച് അച്ഛൻ പോകുമ്പോൾ, കുഞ്ഞായിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞിരുന്നുവെന്നു ഞാനൊരിയ്ക്കൽ  പറഞ്ഞപ്പോൾ അവൻ എന്നെ ചേർത്ത് പിടിച്ച് നെറുകയിൽ മൃദുവായി ചുംബിച്ചു!.  ആ എന്നെ, എല്ലാമറിയാവുന്ന അവൻ ‘തന്തയില്ലാത്തവൾ’ എന്ന് വിളിച്ചപ്പോൾ അവനു നേരെ  ഞാൻ കയ്യുയർത്തിപ്പോയി. തെറ്റാണെന്ന് ഈ നിമിഷവും ഞാൻ വിശ്വസിക്കുന്നില്ല. അവനും അതറിയാം. അതാണ് അവൻ ദിവസവും ഫോണിലൂടെ അയയ്ക്കുന്ന,.. പറയാൻ ശ്രമിയ്ക്കുന്ന മാപ്പപേക്ഷകൾ. മനപ്പൂർവ്വം കുറച്ചു സമയമെടുത്തതാണ്, മാനസികമായി ഒന്നൊരുങ്ങാൻ! അവന്റെ കൂടെ ജീവിച്ചു തുടങ്ങണമായിരുന്നു എനിയ്ക്ക്.  അതിന്  മുൻപ്  അവന്റെ സാന്നിധ്യമില്ലാത്ത കുറച്ചു ദിവസങ്ങൾ ആവശ്യമായി തോന്നി. തിരിച്ചു ബാംഗ്ളൂരിൽ ചെന്നാൽ ആദ്യം പോകുന്നത് അവന്റെ അടുത്തേക്കാണ്. എന്നെ കണ്ടാൽ അവൻ ഓടി വരും. കണ്ണുകളൊക്കെ നിറയും.., ഉറപ്പാണ്.. പിന്നെ.. പിന്നെ.. അവൻ എന്നെ ചുംബിയ്ക്കും.!! ഞങ്ങൾ... ചുംബിച്ചു കൊണ്ടേയിരിയ്ക്കും !!

 

നാളെ ഒരു ദിവസം കൂടി... !!

 

എല്ലാവരും വായിച്ച മൈക്കിളിന്റെ അവസാന ഫെയ്സ്ബുക് സ്റ്റാറ്റസ് :

 

‘സിംഹള സൗന്ദര്യത്തിന്റെ വിരി മാറിലേക്ക്.. …

പ്രിയ സഖിയെത്തേടി…..

മീനുകളുടെ സഖിയെത്തേടി !!

 

English Summary: Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com