ADVERTISEMENT

നീർമാതളം വീണ്ടും പൂവിട്ടപ്പോൾ (കഥ)        

 

തനിക്കൊരു വേലക്കാരിയുടെയും, വെപ്പാട്ടിയുടെയും സ്ഥാനം മാത്രമാണ് അയാൾക്ക് മുമ്പിലുള്ളതെന്ന തിരിച്ചറിവ്, അവളെ കൊണ്ടെത്തിച്ചത് ഒരു ഭ്രാന്തിന്റെ വക്കിലാണ്.

 

ആ വീട്ടിൽ ആണുങ്ങൾ ആദ്യം കഴിക്കും... പിന്നീട് മാത്രമേ പെണ്ണുങ്ങൾക്ക് കഴിക്കാൻ അനുവാദമുള്ളൂ...

 

കല്യാണം കഴിച്ചുകൊണ്ടുവന്നതിന്റെ പിറ്റേന്ന്, ആണുങ്ങൾ കഴിച്ച് മിച്ചം വന്ന ഭക്ഷണാവശിഷ്ടങ്ങളെല്ലാം കൂടി ഒരു പ്ലേറ്റിൽ ഇട്ട്, അതിന്റെ പുറത്ത് കുറച്ച് ചോറും, കറികളും ഒഴിക്കുന്നത് കണ്ടപ്പോൾ കൂട്ടിൽ കിടക്കുന്ന പട്ടിക്കുള്ളതാണെന്നാണ്, അവൾ കരുതിയത്.

 

‘‘ദാ... നീ കഴിച്ചോ.’’ എന്നു പറഞ്ഞ്, അമ്മായിയമ്മ തന്റെ നേരെ... നീട്ടിയ പ്ലേറ്റിലേയ്ക്ക്  നോക്കി, അന്തംവിട്ടു നിന്നു പോയവൾ.

 

അവൾ ദേവിക... 

നാട്ടിൻപുറത്തെ, ഒരു സാധാരണ കുടുംബത്തിലെ കൂലിപ്പണിക്കാരനായ ബാബുവിന്റെ മൂത്ത  മകളാണ്.

 

രോഗിയായ അമ്മയെയും തങ്ങളെയും നോക്കാൻ അച്ഛൻ ഒറ്റയ്ക്ക് കഷ്ടപെടുന്നത് കണ്ടു,  സ്കൂൾ പഠനം ഇടയ്ക്കു വച്ച് നിർത്തി അനുജത്തിയേയും അനുജനെയും പഠിക്കാൻ വിട്ടിട്ട്, അവൾ അടുത്തുള്ള ഒരു ചെരുപ്പ് കമ്പനിയിലെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യവേയാണ്, അനിലന്റെ കല്യാണ ആലോചന വന്നത്.

 

കുറച്ചു സാമ്പത്തിക ശേഷിയുള്ള വീട്ടുകാർ ആയതുകൊണ്ട് സ്ത്രീധനകാര്യത്തിൽ കടും പിടുത്തം ഒന്നുമുണ്ടായില്ല... വിദ്യാഭ്യാസവും അവർക്ക് പ്രശ്നം അല്ലെന്നും, പെണ്ണ് ഇത്തിരി സുന്ദരി ആവണം... ഉള്ളത് തന്നാൽ മതി എന്നുമുള്ള ഡിമാൻഡ് അച്ഛന് ഒരുപാട് ആശ്വാസമായിരുന്നു.

 

അങ്ങനെ വീട്ടുകാരുടെ നിർബന്ധം കൊണ്ട് കല്യാണത്തിന് അവൾ സമ്മതം മൂളി. 

 

അപ്പോഴേയ്ക്കും അനുജൻ അടുത്തുള്ള ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കയറിയിരുന്നു. 

 

അതുവരെ സ്വരുക്കൂട്ടി വെച്ചതും, നാട്ടുകാരുടെ സഹായവും കൊണ്ട്, ആറേഴ് പവനും, അമ്പതിനായിരം രൂപയും സ്ത്രീധനമായി കൊടുത്തുകൊണ്ട്, ആ വീട്ടിൽ കാലുകുത്തിയപ്പോൾ എല്ലാ പെൺകുട്ടികളെയും പോലെ ഒരുപാട് മോഹങ്ങളും, സ്വപ്നങ്ങളും ഒക്കെയുണ്ടായിരുന്നു അവളുടെ ഉള്ളിൽ.   

 

വന്നു കയറിയതിന്റെ  പിറ്റേന്നുതന്നെ, അവളെക്കൊണ്ട് ജോലി എടുപ്പിയ്ക്കാൻ ഉത്സാഹമായിരുന്നു അമ്മായിയമ്മയ്ക്ക്.

 

എല്ലാം പാചകം ചെയ്തു വയ്ക്കുമെങ്കിലും വിളമ്പാൻ അവൾക്ക് അനുവാദമില്ല. ഒരു ഗ്ലാസ്സ് ചായ ഉണ്ടാക്കി കുടിയ്ക്കണമെങ്കിൽ അനുവാദം വാങ്ങണം. 

 

പാവങ്ങൾ ആയിരുന്നുവെങ്കിലും സ്വന്തം വീട്ടിൽ, ഉള്ളതുകൊണ്ട് ഒരുമിച്ചിരുന്ന് പങ്കുവെച്ച് കഴിച്ചിരുന്ന അവൾക്ക് ഇതൊക്കെ ഒരു പുത്തൻ അനുഭവമായി മാറി.

 

ഏറെ താമസിയാതെ അവൾക്ക് ആ കാര്യം മനസ്സിൽ ആയി... ശമ്പളം കൊടുക്കാതെ ആ വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ ഒരു വേലക്കാരിയെ ആയിരുന്നു അവർക്ക് ആവശ്യമെന്ന്. 

 

ഭർത്താവിനോട്, ഭയത്തോടുകൂടിയാണെങ്കിലും ഇങ്ങനെയുള്ള പലതരം തരംതിരിവുകളെ കുറിച്ച് അവൾ പറഞ്ഞെങ്കിലും അതൊക്കെ നിഷേധിച്ചുകൊണ്ട്, അയാൾ അമ്മയെ ന്യായികരിച്ചു. 

 

അങ്ങനെ പരാതികൾ വഴക്കിലും പൊട്ടിത്തെറിയിലും നിന്നും ദേഹോപദ്രവത്തിൽ അവസാനിയ്ക്കുന്നതിനാൽ അവൾ ക്രേമേണ നിശ്ശബ്ദയായി.

 

അവൾ ആരോടും അധികം സംസാരിക്കാതെയായി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമായി സംസാരം.

 

പത്രം വായിക്കുവാനോ ടിവി കാണാനോ ഒന്നും അവളെ ആരും അനുവദിച്ചിരുന്നില്ല...

സത്യത്തിൽ അവൾക്ക് അതിനുള്ള സമയം ഇല്ലാരുന്നു എന്ന് വേണം പറയാൻ,പണികഴിഞ്ഞിട്ട് എവിടെ സ്വന്തം കാര്യം നോക്കാൻ നേരം..! 

 

തൊട്ടടുത്ത് താമസിക്കുന്ന ചേട്ടന്റെ ഭാര്യയ്ക്ക്,  കൊടുക്കുന്ന സർവ സ്വാതന്ത്ര്യം...

അതവരുടെ എടുത്താൽ പൊങ്ങാത്ത സ്ത്രീധനം  കൊണ്ടായിരുന്നുവെന്നും മനസ്സിലാക്കാൻ അവൾക്ക് വേഗം കഴിഞ്ഞു.  

 

തനിക്കു ഇനി പഴയ  ജീവിതത്തിലേയ്ക്ക് ഒരു തിരിച്ചു പോക്കില്ലായെന്ന് കരുതി 

നിരാശയിൽ മുങ്ങി മെല്ലെ വിഷാദരോഗത്തിലേയ്ക്ക് നടന്നടുക്കുമ്പോൾ ആയിരുന്നു  തന്റെയുള്ളിൽ ഒരു കുരുന്നു ജീവൻ തുടിക്കുന്നത് അവൾ അറിഞ്ഞത്.  

 

മാസങ്ങൾക്കു ശേഷം, തന്റെ ഉള്ളിൽ വളരുന്നത് ഒന്നല്ല, രണ്ടു കുട്ടികളാണെന്ന തിരിച്ചറിവ് അവൾക്ക് നൽകിയ സന്തോഷം അവർണ്ണനീയമായിരുന്നു.

 

ഒരുപാട് യാതനകൾ സഹിച്ച് അവൾ ആ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നവരെയും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാനാവാതെ വന്നുകയറിയ വീട്ടിലെ ദുരിതങ്ങൾ ഒറ്റയ്ക്ക് നേരിട്ട്, 

ആരെയും, ഒന്നും അറിയിക്കാതെ അവൾ എല്ലാം സഹിച്ചത് തന്റെ പിഞ്ചുകുഞ്ഞുങ്ങളെ ഓർത്ത് മാത്രമായിരുന്നു. 

 

അവരുടെ ചോര ആയതുകൊണ്ടാവും കുഞ്ഞുങ്ങളെ എല്ലാർക്കും ഇഷ്ടമായിരുന്നു. എങ്കിലും തനിക്കു ഇഷ്ടമുള്ള ആഹാരം കഴിക്കാനോ, പുതിയ വസ്ത്രം ധരിക്കാനോ ഒന്നും അപ്പോഴും അവൾക്ക് സാധിച്ചിരുന്നില്ല...

 

കുഞ്ഞുങ്ങൾ ഇപ്പോൾ അംഗനവാടിയിൽ പോകാൻ തുടങ്ങിയിരിക്കുന്നു.

 

ദൈവം എന്നൊരാൾ ഇല്ലായെന്ന് തന്നെ അവൾ വിശ്വസിച്ചു... അങ്ങനെ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ, തന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുമോ....

 

അങ്ങനെ ഇരിക്കയാണ്, കുഞ്ഞുങ്ങളെ   പഠിപ്പിക്കുന്ന അംഗൻവാടി ടീച്ചർ അവളോട് പറഞ്ഞത്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി, ദിവസ വേതനത്തിൽ തൂപ്പുകാരെ  എടുക്കുന്നുണ്ട്... പത്താംക്ലാസ് തോറ്റവർക്കാണ് അവസരം. 

 

‘‘നീ പത്തു തോറ്റതല്ലേ...’’

 

‘‘അതേ....’’

 

ഒന്നാം ക്ലാസ്സ്‌  മുതൽ ആദ്യത്തെ മൂന്ന് റാങ്കുകളിൽ മാറി മാറി വരുന്ന താൻ എട്ടാം ക്ലാസ്സിൽ പഠിത്തം നിർത്തിയതിന്റെ വേദന നിറഞ്ഞിരുന്നു അപ്പോൾ അവളുടെ മുഖത്ത്‌. 

 

അവൾ വീട്ടുകാരറിയാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പോയി, പേര് രജിസ്റ്റർ ചെയ്തു.

എന്ത് ജോലിയും ചെയ്യാൻ സന്നദ്ധ ആണെന്ന് എഴുതിയും  കൊടുത്തു.

 

ആറുമാസത്തിനുള്ളിൽ അവൾക്ക് തൊട്ടടുത്ത പട്ടണത്തിലെ പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസ്സും  ദിവസവേതനാടിസ്ഥാനത്തിൽ വൃത്തിയാക്കാൻ സെലക്ഷൻ കിട്ടിയതായി കാർഡ് വന്നു.

 

മോശമില്ലാത്ത ശമ്പളം ഉണ്ട്. കുറച്ചു കഴിഞ്ഞാൽ പിഎഫും, മറ്റ് അലവൻസോടും കൂടി സ്ഥിരപ്പെടുത്താൻ ചാൻസും ഉള്ളതാണ്.

 

രാവിലെ ഏഴുമണി മുതൽ പതിനൊന്നു മണി വരെ മാത്രം ജോലി... നാല് മണിക്കൂർ, എല്ലാംകൊണ്ടും നല്ല സൗകര്യം.

 

വീട്ടുകാരുടെ കടുത്ത എതിർപ്പിനെ വകവെക്കാതെ അവൾ ജോലിക്ക് പോയി.

 

സത്യത്തിൽ അവൾ, അന്ന് എടുത്ത ആ  തീരുമാനം ആയിരുന്നിരിക്കണം അവളുടെ ജീവിതം മാറ്റിമറിച്ചത്. കുഞ്ഞുങ്ങൾക്ക് വേണ്ടിവാങ്ങുന്ന ബിസ്ക്കറ്റിനു വരെയും കണക്ക് പറഞ്ഞിരുന്ന അമ്മായിയമ്മയും കെട്ടിയോനും. 

 

വന്നുകയറിയ നാളുകളിൽ പാഡ് വാങ്ങി തരുമോ എന്ന് ചോദിച്ചപ്പോൾ പഴയ തുണി  ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞു അമ്മായിയമ്മ കൊടുത്ത കീറതുണികൾ... 

 

നെഞ്ചിൽ വിങ്ങുന്ന ഓർമ്മകൾ മിഴികൾ നനച്ചപ്പോൾ അവൾ പുലമ്പുന്നുണ്ടായിരുന്നു...

 

എനിക്കും ജീവിക്കണം... മനുഷ്യരെ പോലെ... ഒരു രക്ഷകൻ പൊട്ടിമുളച്ചു വന്നെന്റെ കൈ പിടിച്ചല്ല, ഞാൻ ഈ ദുരിതക്കയം നീന്തി കയറേണ്ടത്... തനിച്ചു നീന്തികരകയറുക തന്നെ ചെയ്യണം. 

 

എങ്കിലും ജോലിയും വീട്ടുജോലികളും കുട്ടികളെ നോട്ടവുമെല്ലാം കൂടി അവൾ ശരിക്കും വലഞ്ഞു... അപ്പോഴൊക്കെയും  അവൾക്ക് അഭിമാനമായിരുന്നു, സ്വന്തം കാലിൽ നിന്നുകൊണ്ട്  അഞ്ചു പൈസയെങ്കിലും ഉണ്ടാക്കാൻ സാധിക്കുന്നതിൽ. 

 

കയ്യിൽ കാശ് വന്നപ്പോൾ അമ്മായിയമ്മയുടെയും, ഭർത്താവിന്റെയും പെരുമാറ്റം സ്വല്പം അയഞ്ഞു. 

 

എങ്കിലും കിട്ടുന്ന കാശിന്, പൂർണ്ണ അവകാശിയായി ഭർത്താവ്  എത്തിയപ്പോൾ അവൾക്ക്  നിസ്സഹായതയോടെ നിൽക്കേണ്ടി വന്നു... തന്റെ കുഞ്ഞുങ്ങളെ ഓർത്ത്. 

 

കൊടുക്കുന്ന കാശിന്റെ  അവകാശത്തിൽ ധൈര്യപൂർവം ആവശ്യങ്ങൾ പറയാൻ തുടങ്ങിയപ്പോൾ, ചിലവ് കണക്കുകൾ നിരത്തി, അവളുടെ വായ അയാൾ പൂട്ടി.

 

ചുരുക്കത്തിൽ അവൾക്ക് പണി ഇരട്ടിയായതു മിച്ചം.

 

ഒരിക്കൽ വില്ലേജ് ഓഫീസിന്റെ  മേശപ്പുറത്തിരുന്ന ഫയലുകൾ തുടച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ ഇറ്റിറ്റു വീണു. തനിക്കും ഒരുപാട് പഠിക്കാൻ സാധിച്ചിരുന്നെങ്കിൽ...

 

മേശപ്പുറത്തിരിക്കുന്ന പത്രമെടുത്തവൾ മറിച്ചുനോക്കി... അപ്പോഴാണ്, പത്രത്തിന്റെ അടിയിൽ ഇരുന്ന ഒരു തുറന്നു വച്ച പുസ്തകം അവളുടെ കണ്ണിൽപ്പെട്ടത്.

 

കയ്യിലെടുത്തു നോക്കിയപ്പോൾ...

 

ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’ എന്ന നോവൽ ആണ്.

 

വളരെ നാളുകളായി വിശന്നിരിക്കുന്നവന്റെ മുൻപിൽ ഭക്ഷണം കിട്ടിയ പോലെയായിരുന്നു ആ നിമിഷങ്ങൾ. 

 

പുറത്തേക്ക് എന്തിനോ പോയ, പുതിയതായി ചാർജെടുത്ത വില്ലേജ് ഓഫീസർ പെട്ടെന്നാണ് അകത്തേക്ക് വന്നത്.

അയാൾ നോക്കുമ്പോൾ... ചൂല് കക്ഷത്തിൽ തിരുകി, ഉടുത്തിരിക്കുന്ന കോട്ടൺ സാരി ഇത്തിരി പൊക്കി കുത്തി, അയാൾ വന്നതു പോലും അറിയാതെ, ആ പുസ്തകം  വായിച്ചുകൊണ്ടിരിക്കുന്ന അവളെയാണ് കണ്ടത്. 

 

അയാൾ ചാർജ് എടുത്തിട്ട് രണ്ടാഴ്ച ആവുന്നതേയുള്ളൂ... വന്ന അന്നുമുതൽ അയാൾ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

നരച്ച സാരികളാണ് ഉപയോഗിക്കുന്നതെങ്കിലും അലക്കിത്തേച്ചു നല്ല വൃത്തിയായി അവൾ കടന്നു വരുമ്പോൾ മുറിയിൽ നിറയുന്ന വാസന സോപ്പിന്റെ സുഗന്ധം അയാൾ ശരിക്കും ആസ്വദിച്ചിരുന്നു.

 

പേരുകേട്ട ഒരു എഴുത്തുകാരൻ കൂടിയായിരുന്നു വില്ലേജ് ഓഫീസർ. അയാളുടെ ഒരുപാട് പുസ്തകങ്ങൾ ആരാധകർ കൈനീട്ടി സ്വീകരിച്ചിട്ടുമുണ്ട്. സാഹിത്യലോകത്ത് ഏറെ പുരസ്‌ക്കാരങ്ങൾ തേടിയെത്തിയിട്ടുമുണ്ട്.

 

അയാൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ മനസ്സ് വായിക്കാൻ കഴിഞ്ഞു. എന്തൊക്കെയോ ഉള്ളിൽ, അമർത്തിവെച്ച് പൊട്ടിത്തെറിക്കാൻ വെമ്പിനിൽക്കുന്ന ഒരു പെണ്ണ്. 

 

അയാൾ ഒന്ന് മുരടനക്കിയപ്പോൾ, അവൾ ഞെട്ടി പുസ്തകം താഴെ വെച്ച്, വീണ്ടും ഫയലുകൾ നേരെയാക്കാൻ തുടങ്ങി.

 

പെട്ടെന്നൊരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു...

 

‘‘ഞാനിവിടെ വന്നയന്നുമുതൽ നിന്നെ ശ്രദ്ധിക്കുകയാണ്... അക്ഷരങ്ങൾ കാണുമ്പോൾ നിന്റെ കണ്ണിലെയാ  തിളക്കം.’’

 

ശരിയാണ് എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു... ഒരു പുസ്തകം വായിച്ചിട്ട്... ഇപ്പോഴും അക്ഷരങ്ങൾ കാണുമ്പോൾ

വല്ലാത്ത ഒരു ആത്മനൊമ്പരം തോന്നാറുണ്ട്.

 

അവളെ സാകൂതം വീക്ഷിച്ചുകൊണ്ടയാൾ പറഞ്ഞു... 

 

‘‘നിന്നിൽ ഒരു  ആമി ഉറങ്ങുന്നുണ്ട്...’’ ഒരു ഞെട്ടലോടെ അവൾ ചോദിച്ചു...

 

‘‘ആമിയോ.... അതാരാ സാറെ...? പത്രം വായനയോ, ടിവി കാണലോ  ഒന്നുമില്ല...  അതുകൊണ്ട് ചോദിച്ചതാ...’’

 

ഒട്ടൊരു സഹതാപത്തോടെ അവളെ നോക്കി നിന്നുപോയി അയാൾ.

 

ഏറെ താമസിക്കാതെ അയാളുമായി നല്ലൊരു സൗഹൃദം സ്ഥാപിക്കുവാനും, അയാളുടെ പുസ്തകങ്ങൾ വായിക്കാനും അവൾക്ക് കഴിഞ്ഞു. ഭൂമിയിൽ ഒറ്റപ്പെട്ടു പോയ അവൾക്ക് നല്ലൊരു കൂട്ടുകാരൻ ആയിരുന്നു അയാൾ. 

 

അങ്ങനെ അക്ഷരങ്ങളുടെ ലോകത്തേക്ക്... അവൾ പറന്നിറങ്ങി...

 

തന്റെ സർവ്വ ദുഃഖങ്ങളും മറക്കാനുള്ള മാന്ത്രിക മരുന്നായിരുന്നു അവൾക്ക് ആ പുസ്തകങ്ങൾ.

 

വീട്ടിൽ എല്ലാരും ഉറങ്ങികഴിഞ്ഞു അവൾ ആ അക്ഷരങ്ങളുടെ ലോകത്തേക്കിറങ്ങും. സത്യത്തിൽ ഈ ജോലി അവൾക്ക് ഒരു നിയോഗമായിരുന്നു. അക്ഷരങ്ങളുടെ ലോകത്തേക്ക്...  അത്ഭുതങ്ങളുടെ ലോകത്തേക്കുള്ള വഴി...

 

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ, നാലായി മടക്കിയ കുറച്ചു നോട്ട്ബുക്കിന്റെ പേപ്പറുകൾ അയാളുടെ കയ്യിൽ കൊടുത്തു. 

 

‘‘അതൊരു കഥയാണ് സാറേ... ഞാൻ എഴുതിയത്...’’

 

അത്ഭുതത്തോടെ അവളെ ഒന്ന് നോക്കി അയാൾ, ആ പേപ്പറുകൾ നിവർത്തി നോക്കി. വടിവൊത്ത അക്ഷരങ്ങൾ, പെൻസിൽ കൊണ്ട് എഴുതിയത്... 

 

‘‘പേനാ ഇല്ലാരുന്നു സാറെ.... തെളിച്ചം ഇല്ല പെൻസിൽ വച്ച് എഴുതീട്ട്.... വായിക്കാൻ പറ്റുന്നുണ്ടോ....? ’’

അവളുടെ നിഷ്കളങ്കത നിറഞ്ഞ ചോദ്യം ... 

 

അതു വായിച്ച് അയാൾ അമ്പരന്നു പോയി... ജീവനുള്ള അക്ഷരങ്ങൾ... 

 

ആ അക്ഷരങ്ങളുടെ ശക്തി അയാൾക്ക്‌ താങ്ങാൻ ആവുന്നതിലുമപ്പുറം ആയിരുന്നു. 

 

അയാളുടെ  നിർബന്ധം കൊണ്ട് അവൾ വീണ്ടും, വീണ്ടും എഴുതി.... പേനയും, പേപ്പറുകളും അയാൾ തന്നെ അവൾക്ക് വാങ്ങി കൊടുത്തു. 

 

അവൾ എഴുതിയതെല്ലാം എഡിറ്റിംഗ് പോലും ചെയ്യാതെ പുസ്തകമാക്കിയിറക്കിയപ്പോൾ, അയാൾ ഒരിക്കലും വിചാരിച്ചിരുന്നില്ല... അക്കൊല്ലത്തെ മികച്ച നോവലിനുള്ള  പുരസ്കാരം അവളുടെ ആ കഥയ്ക്ക് കിട്ടുമെന്ന്.  

 

പൊട്ടിക്കരഞ്ഞുകൊണ്ട്  അവാർഡ് വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങിയ അവളോട് അവതാരിക ചോദിച്ചത്...

 

‘‘ഒരുപാട് വൈകി എഴുത്തിന്റെ ലോകത്തേക്ക് വന്ന താങ്കളുടെ ആദ്യ കഥ തന്നെ ജനലക്ഷങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു.... താങ്കൾക്ക് എഴുത്തിൽ ആരെങ്കിലും പ്രചോദനം ആയിട്ടുണ്ടോ.... ആരാണ് താങ്കളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയത്...’’

 

മുൻനിരയിലിരുന്ന ഭർത്താവിനെയും കുടുബാംഗങ്ങളെയും ചൂണ്ടി അവൾ... 

 

‘‘എന്റെ കുടുംബമാണ്... അവരാണ് എഴുത്തിന്റെ വഴികളിലേക്ക് എന്നെ നയിച്ചത്...’’

 

അങ്ങനെ ഒരു ചോദ്യം ഉണ്ടായാൽ എന്താണ് പറയേണ്ടതെന്ന് അയാൾ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടായിരുന്നു, അവളെ. 

 

ഉള്ളിൽ കരഞ്ഞു കൊണ്ട്  അവൾ ആ വാചകങ്ങൾ ഉരുവിടുമ്പോൾ, ഒരു പുഞ്ചിരിയോടു കൂടി, അവളെ നോക്കി ചിരിച്ചുകൊണ്ട് അയാൾ അവളുടെ കണ്ണെത്തും ദൂരത്ത് സദസ്സിൽ ഇരിപ്പുണ്ടാരുന്നു.   

 

അപ്പോൾ അയാളുടെ മനസ്സിൽ ഉണ്ടായിരുന്ന ചിന്ത മറ്റൊന്നായിരുന്നു. ഇതുപോലെ എത്ര ആമിമാർ അടുക്കളയിലെ പുകയും, തീയും ഏറ്റു  തങ്ങളുടെ സർഗ്ഗവാസനകൾ ഒന്ന് പുറത്തെടുക്കാനാവാതെ വിങ്ങിപ്പൊട്ടി കൊണ്ട്, കഴിയുന്നുണ്ടാവാം...

ആരുമറിയാതെ ഈ  ലോകത്തു നിന്നും  കടന്നുപോകുന്നുണ്ടാവാം.

 

English Summary: Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com