ADVERTISEMENT

എന്റെ കിഷോർ അവളുടെയും (കഥ)

 

അതിരാവിലെ എഴുന്നേറ്റ് തലേദിവസം തയാറാക്കി വച്ചിരിക്കുന്ന ബാഗ് എടുത്ത് മറ്റൊന്നും മറന്നിട്ടില്ലായെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. ട്രെയ്നിങ് കഴിഞ്ഞ് പോസ്റ്റിങ്ങിനു മുമ്പ് അച്ഛനെയും അമ്മയെയും കാണാനായി അവധിക്ക് അപേക്ഷിച്ചപ്പോൾ കിട്ടുമെന്ന് കരുതിയതല്ല. പക്ഷേ നല്ലവനായ മലയാളി ഓഫിസർ പോയി വാ എന്നുപറഞ്ഞപ്പോൾ കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ .ഒരു പട്ടാളക്കാരന്റെ ജീവിതം എപ്പോഴും ഇന്നുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണ് നാളെ എന്താകുമെന്ന് അറിയില്ല. ഇനിയൊരു അവധിക്കാലം ഉണ്ടാകുമോയെന്നും അറിയില്ല. റെയിൽവേ സ്റ്റേഷനിലേക്ക് പോകാനുള്ള വണ്ടി വന്നപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞ് ബാഗുമെടുത്ത് ഞാൻ ഇറങ്ങി. ഡൽഹിയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോകുന്ന ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് മെല്ലെ മെല്ലെ അടുക്കുന്നു എന്ന അറിയിപ്പ് കേട്ടപ്പോൾ മെല്ലെ ബാഗുമെടുത്ത് നടന്നു. അവസാനം സ്വന്തം സീറ്റ് കണ്ടുപിടിച്ച് ബാഗ് എല്ലാം ഒതുക്കിവച്ച് അമ്മയെ ഒന്ന് വിളിച്ചു പറഞ്ഞു ഞാൻ യാത്ര തിരിക്കാൻ പോകുകയാണെന്ന്. ആ കലപില ശബ്ദത്തിനിടയിൽ ട്രെയിൻ സാവധാനം സ്റ്റേഷൻ വിട്ട് ഒരു കുതിപ്പോടുകൂടി നീണ്ടുകിടക്കുന്ന പാളത്തിലൂടെ ലക്ഷ്യത്തിലേക്ക് ഓടാൻതുടങ്ങി. 

 

ആദ്യദിവസം കൈയിലിരുന്ന ബുക്ക് ആയിരുന്നു കൂട്ട്. ഇടക്കിടക്ക് വരുന്ന കൂട്ടുകാരുടെ ഫോൺ വിളികൾ യാത്രയുടെ വിരസത കുറച്ചു. തീവണ്ടിയുടെ കിടകിട ശബ്‌ദത്തിൽ എപ്പോഴോ മയക്കത്തിലേക്ക് വീണുപോയി. പിന്നീട് ചില സ്റ്റേഷനുകളിൽ നിർത്തുകയും ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്യുന്നത് ഏതോ സ്വപ്നത്തിലെന്നപോലെ നടക്കുന്നുണ്ടായിരുന്നു. പിന്നീട് എപ്പോഴോ തീവണ്ടിയുടെ ചൂളംവിളി കേട്ടാണ് ഉറക്കത്തിൽനിന്ന് എഴുന്നേറ്റത്. ചായ ..ചായേ ..എന്ന് തമിഴ് കലർന്ന മലയാളത്തിലുള്ള ശബ്‌ദം കേട്ടപ്പോൾ മനസിലായി ട്രെയിൻ കേരളത്തോട് അടുക്കുന്നുവെന്ന്. കിടന്ന കിടപ്പിൽ തന്നെ ചായക്കാരനോട് ചോദിച്ചു ഇത് ഏതു സ്റ്റേഷനാണെന്ന്, ഉടനെ മറുപടിയും വന്നു കോയമ്പത്തൂർ. 

 

എന്നാൽ അടുത്ത സ്‌റ്റേഷനായ പാലക്കാടുനിന്ന് നല്ല നാടൻ ചായയും പഴംപൊരിയും കഴിക്കാമെന്ന് വിചാരിച്ച് ബ്രെഷും പേസ്റ്റും എടുത്ത് ബാത്റൂമിലേക്ക് നടന്നു. മെല്ലെ വാതുക്കൽ പോയി നിന്നപ്പോൾ നല്ല തണുത്ത കാറ്റ്, നാടിന്റെ ഗന്ധമുള്ള ആ കാറ്റ് അടിക്കുമ്പോൾ അതുവരെ ചടഞ്ഞുകൂടിയിരുന്ന പലരുടെയും മുഖത്ത് സന്തോഷം വിടരുന്നത്ത് കാണാം. ഞാൻ ബാത്‌റൂമിൽ നിന്ന് തിരികെ വന്ന് സീറ്റിൽ ഇരിക്കുമ്പോൾ അറിയാതെ സൈഡിലുള്ള സീറ്റിലേക്ക് ഒന്ന് പാളിനോക്കി. ഒരു ചെറുപ്പക്കാരൻ എന്തോ ഗാഢമായി ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെ ഉച്ചക്ക് വിജയവാഡയിൽ നിന്ന് കയറിയതുമുതൽ അയാൾ ഒരേ ഇരിപ്പാണ്. അടഞ്ഞുകിടക്കുന്ന വിൻഡോയിൽ കൂടി പുറത്തേക്ക് നോക്കി അയാൾ അയാളുടെ ലോകത്തിരിക്കുന്നു. 

 

തീവണ്ടി ഞരങ്ങിമൂളികൊണ്ട് പ്ലാറ്റ്ഫോമിലേക്ക് കയറുന്നു. ചായകുടിക്കാൻ തയ്യാറായി എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്ത് വന്നപ്പോൾ ഒരു സഹയാത്രികൻ എന്ന രീതിയിൽ .. ചേട്ടാ.. പാലക്കാട് എത്തി എന്നു പറഞ്ഞപ്പോൾ ദയനീയമായ ഒരു നോട്ടംകൊണ്ടും തലയാട്ടാലുകൊണ്ടും അദ്ദേഹത്തിന് മനസിലായി എന്ന് അറിയിച്ചു.. ചേട്ടാ ചായ കുടിക്കാൻ വരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന്, ഇല്ലെന്ന് തലയാട്ടി മറുപടി തന്നു. പ്ലാറ്റ്ഫോമിൽ ഇറങ്ങി രണ്ട് ചായയും രണ്ട് പഴംപൊരിയും വാങ്ങി തിരികെ കംപാർട്മെന്റിൽ വന്നു. ചായയും പഴംപൊരിയും അദ്ദേഹത്തിന് കൊടുത്തെങ്കിലും സ്നേഹപൂർവം അത് നിരസിച്ചു. പിന്നീട് എന്റെ നിർബന്ധം സഹിക്കവയ്യാതെ ചായ മാത്രം സീകരിച്ചു. ചൂടുചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടോയെന്നൊരു സംശയം. ഞാൻ രണ്ടും കല്പിച്ച് അദ്ദേഹത്തോട് ചോദിച്ചു. ഞാൻ ഇന്നലെ നിങ്ങൾ വിജയവാഡയിൽ നിന്ന് കയറിയതുമുതൽ ശ്രദ്ധിക്കുന്നതാണ്, എന്തോ ഒരു വിഷമം ചേട്ടനെ അലട്ടുന്നുണ്ടെന്ന് ചേട്ടന്റെ മുഖത്തുനിന്നും വായിച്ചെടുക്കാം. വിരോധമില്ലെങ്കിൽ എനിക്ക് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. 

 

തുടർന്ന് ഞാൻ എന്നെ പരിചയപ്പെടുത്തി. ഞാൻ അഖിൽ ഇന്ത്യൻ എയർഫോഴ്സിൽ ജോലി ചെയ്യുന്നു, അവധിക്ക് നാട്ടിലേക്ക് പോകുന്ന വഴിയാണ്. എന്റെ തുറന്നടിച്ചുള്ള സംസാരം കേട്ടതുകൊണ്ടാണോ എന്തോ അദ്ദേഹം പതിയെ ഒന്ന് ചിരിച്ചുവെന്ന് വരുത്തിത്തീർത്ത് പതിഞ്ഞ സ്വരത്തിൽ അദ്ദേഹത്തെ പരിചയപ്പെടുത്തി, എന്റെ പേര് അരുൺ, ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. ഒരു കൂട്ടുകാരനെ കാണാൻ പോയി തിരികെ വരുന്ന വഴിയാണ്. 

 

അത് പറഞ്ഞതിനുശേഷം വീണ്ടും പുറത്തേക്ക് നോക്കി എന്തോ ഓർത്തെടുക്കുന്നമാതിരി ഒരു നിശ്വാസം. ഞാൻ ഇവിടെ ഇരുന്നോട്ടെ എന്ന എന്റെ ചോദ്യത്തിന്ന് കണ്ണുകൊണ്ട് ഇരുന്നുകൊള്ളാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സീറ്റിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഞാൻ ഇരുന്നു. എന്റെ ആ പെരുമാറ്റം അദ്ദേഹത്തിനെ അസ്വസ്ഥതപ്പെടുത്തിയോ എന്നറിയാനായി ഒന്ന് പാളിനോക്കിയപ്പോൾ ഒരു അനിയനെ കണ്ടതുമാതിരി എന്റെ കൈകൾ പിടിച്ച് എന്തോ പറയാനെന്ന ഭാവേന ഇരുന്നു. ആ തണുത്ത കൈകൾകൊണ്ട് പിടിച്ചപ്പോൾ അദ്ദേഹം അനുഭവിക്കുന്ന വേദന അത്ര നിസാരമല്ലെന്ന് എനിക്ക് മനസ്സിലായി. സാരമില്ല ചേട്ടാ എല്ലാത്തിനും ഒരു പരിഹാരമില്ലേ.

എന്റെ വാക്കുകൾ കേൾക്കാത്തവണ്ണം അദ്ദേഹം മെല്ലെ പറഞ്ഞുതുടങ്ങി..

 

ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം, ഞാനും എന്റെ  ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ കിഷോറും ഒരേ മുറിയിലാണ് താമസം. ഞങ്ങൾ രണ്ടുപേരും പഠിക്കാൻ മോശമല്ലാത്തതുകൊണ്ട് ടീച്ചേഴ്സിനും മറ്റ് ചങ്ങാതിമാർക്കും ഞങ്ങളെ വല്യ കാര്യമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ഞാൻ അവന്റെ വീട്ടിലോ അല്ലെങ്കിൽ അവൻ എന്റെ  വീട്ടിലോ ആണ് സമയം ചിലവഴിച്ചിരുന്നത്ത്. എന്റെ അമ്മയുടെ ഭക്ഷണം ഭയങ്കര ടേസ്റ്റ് ആണെന്നാണ് അവന്റെ കമന്റ്. അതിനാൽ അമ്മയ്ക്ക് അവൻ വരുമെന്നു പറയുമ്പോൾ പലതരം കറികൾ ഉണ്ടാക്കാൻ തിടുക്കമാണ്. എന്റെ  അമ്മയ്ക്ക് എന്നപോലെ എന്റെ  കുഞ്ഞിപ്പെങ്ങൾക്കും അവനെ വല്യ കാര്യമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അവളും ഞങ്ങളുടെ കോളേജിൽ പ്രീ ഡിഗ്രിക്ക് ചേർന്നു. പിന്നീട് കോളജ് വിട്ടാൽ ഞങ്ങൾ മൂന്നുപേരും കൂടിയാണ് കറക്കം. ഡിഗ്രി ഫൈനൽ ഇയർ ആയപ്പോൾ അവൻ കോളജ് യൂണിയൻ ചെയർമാൻ ആയി. അതോടൊപ്പം അവനും എന്റെ  പെങ്ങളും തമ്മിൽ സുഹൃദ് ബന്ധത്തിന് അപ്പുറത്തേക്ക് അവരുടെ ബന്ധം വളരുന്നത് ഞാൻ അറിഞ്ഞു. അതിൽ എനിക്കോ അമ്മയ്ക്കോ എതിർപ്പില്ലായിരുന്നു. അവന്റെ  വീട്ടുകാരെയും അവന്റെ  മനസ്സിനെയും അറിയുന്ന എനിക്ക് എന്റെ പെങ്ങളെ ഏല്പിക്കുന്നതിൽ സന്തോഷമേയുണ്ടായിരുന്നുള്ളു.

 

ഡിഗ്രി കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും അതേ കോളേജിൽ എം കോമിന് ചേർന്നു. പിന്നീട് ഞങ്ങൾ ബാങ്ക് ടെസ്റ്റ് എഴുതി ഒരേ ബാങ്കിൽത്തന്നെ കയറി. ഞങ്ങൾക്ക് രണ്ട് ബ്രാഞ്ചിൽ ആണെങ്കിലും ആഴ്ചയിൽ ഒരിക്കലെങ്കിലും കണ്ടുമുട്ടാറുണ്ടായിരുന്നു. എന്റെ പെങ്ങൾ ഡിഗ്രി കഴിഞ്ഞ് അവൾക്ക് ഇഷ്ടപെട്ട ടീച്ചേഴ്സ് ട്രെയ്നിങ്ങിന് ചേർന്നു. പിന്നീട് വീടിനടുത്തുള്ള സ്കൂളിൽത്തന്നെ ഒരു ജോലി തരപ്പെടുത്തുകയും ചെയ്‌തു. രണ്ടുപേരും ഒരു വർഷം കഴിഞ്ഞിട്ട് കല്യാണം മതിയെന്ന് തീരുമാനിച്ചപ്പോൾ എതിർത്തൊന്നും പറഞ്ഞില്ല. ആ വർഷത്തെ ട്രാൻസ്ഫർ ലിസ്റ്റിൽ അവന് വിജയവാഡയ്ക്കും എനിക്ക് മലബാറിലേക്കും ആണ് മാറ്റം കിട്ടിയത്. പുതിയ സ്ഥലവും ജോലിത്തിരക്കുമായി മുന്നോട്ട് പോയപ്പോൾ ഫോൺ വിളികളുടെ എണ്ണവും കുറഞ്ഞു വന്നു. പെങ്ങളിൽകൂടി അവന്റെ വിശേഷങ്ങൾ അറിയാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അവന്റെ  മൊബൈൽ സ്വിച്ച്ഡ് ഓഫ് എന്നുള്ള മെസ്സേജ് ആണ് വിളിക്കുമ്പോൾ കിട്ടുന്നത് എന്ന് പെങ്ങൾ പറഞ്ഞപ്പോൾ ഞാനും വിളിച്ചു നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം. 

 

ഞാൻ അവന്റെ ബ്രാഞ്ചിൽ വിളിച്ചു ചോദിച്ചു, അവർ പറഞ്ഞത് അവൻ സിക്ക് ലീവിലാണെന്നാണ്. ഉടനെ അവന്റെ  അച്ഛനെ വിളിച്ചു ചോദിച്ചു, അവർ അവന്റെ  കൂടെ ഹോസ്പിറ്റലിലാണെന്ന് പറഞ്ഞപ്പോൾ എന്റെ  ഉള്ളൊന്നു കത്തി. എന്തോ എനിക്ക് വല്ലാത്തൊരു വിഷമം തോന്നി, അവന് എന്തുപറ്റി?.. എന്തെങ്കിലും ഉണ്ടെങ്കിൽ അവൻ തുറന്ന് പറയേണ്ടതായിരുന്നല്ലോ.. എന്റെ  മനസ്സിന്റെ ഭാരം കൂടിക്കൂടി വന്നു തുടങ്ങിയതോടൊപ്പം വല്ലാത്തൊരു ഭയവും പിടികൂടാൻ തുടങ്ങി. ഉടൻ രണ്ട് ആഴ്ചത്തെ അവധിയുമെടുത്ത് ഞാൻ യാത്ര തിരിച്ചു. അവളും വരാൻ തയാറായപ്പോൾ ഞാൻ വിലക്കുകയായിരുന്നു. എന്തോ അരുതാത്തത് നടക്കാൻ പോകുന്നു എന്ന ചിന്ത എന്റെ  മനസ്സിനെ കീഴടക്കിയിരുന്നു. 

 

അദ്ദേഹം ഒന്നു നിറുത്തി പോക്കറ്റിൽ നിന്നും തൂവാലയെടുത്ത് പുറത്തേക്ക് നോക്കികൊണ്ട് ആരും കാണാതെ പൊടിഞ്ഞുവന്ന കണ്ണുനീർ തുടച്ചു. അപ്പോഴേക്കും ട്രെയിൻ പാലക്കാട് സ്റ്റേഷൻ വിട്ട് മെല്ലെ മെല്ലെ ഓടിത്തുടങ്ങി. ഞാൻ പിന്നീട് എന്തു സംഭവിച്ചു എന്നറിയാനായി മെല്ലെ അദേഹത്തിന്റെ മുഖത്തേക്ക് നോക്കി. എന്റെ  ആഗ്രഹം മനസിലാക്കിയിട്ടാവണം അദ്ദേഹം തുടർന്നു പറഞ്ഞു തുടങ്ങി. 

 

ഞാൻ വിജയവാഡയിൽ എത്തിയ ഉടൻ അവന്റെ  അച്ഛനെ വിളിച്ച് അവൻ കിടക്കുന്ന ആശുപത്രിയിലേക്ക് ചെന്നു. വിളറിയ മുഖത്തോടെ കുറേ ട്യൂബുകൾ ഒക്കെയിട്ട് കിടക്കുന്ന പ്രിയപ്പെട്ട കുട്ടുകാരനെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്. അവന്റെ അച്ഛനിൽനിന്ന് അറിയാൻ കഴിഞ്ഞത് ഒരു തലവേദനയിൽ തുടങ്ങിയതാണ്, വേദന കൂടിക്കൂടി വന്നപ്പോൾ ടെസ്റ്റുകൾ നടത്തി ബ്രെയിൻ ട്യൂമറാണെന്ന് തിരിച്ചറിഞ്ഞു. ഉടനെ തന്നെ ഓപ്പറേഷൻ നടത്തി മുഴയെല്ലാം എടുത്തു കളഞ്ഞു. എന്നാൽ ഓപ്പറേഷൻ കഴിഞ്ഞതുമുതൽ അവന്റെ  സ്ഥിതി വഷളാവുകയും ഓർമ തകരാര് സംഭവിക്കുകയും ചെയ്തു. ഇനി എത്ര നാൾ ഇങ്ങനെ കിടക്കും എന്നറിയില്ല എന്ന് നിറകണ്ണുകളോടെ അവന്റെ  അച്ഛൻ പറഞ്ഞപ്പോൾ എന്റെ  നെഞ്ചുപൊട്ടിപ്പോയി. പൊന്നുപോലെ നോക്കിയ അപ്പന്റെയും അമ്മയുടെയും മുമ്പിൽ അവൻ ഈ അവസ്ഥയിൽ കിടക്കുമ്പോൾ അവരുടെ മാനസികാവസ്ഥ ചിന്തിക്കാൻപോലും കഴിയാത്ത നിലയിലാണ്. 

 

ഞാൻ ഹൃദയം പൊട്ടുന്ന വേദനയോടെയാണ് അവന്റെ  മുറിയിലേക്കു കടന്നു ചെന്നത്. അവന്റെ  പ്രതികരണം എന്താകുമെന്ന് അറിയില്ല. എന്നാൽ എന്നെ അമ്പരിപ്പിക്കുമാറ്‍ അവൻ പുഞ്ചിരിക്കുന്ന മുഖത്തോടുകൂടിയാണ് എന്നെ സ്വീകരിച്ചത്. ഞാൻ ഒരു പുഞ്ചിരി മുഖത്ത് വരുത്തിയെന്നുവച്ച് അവന്റെ  കട്ടിലിൽ ഇരുന്നു. അവന്റെ  മെലിഞ്ഞ കൈകൾ എടുത്ത് എന്റെ  കൈവെള്ളയിൽ ഒതുക്കിപ്പിടിച്ച് ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെയിരുന്നു. ഒത്തിരി കാര്യങ്ങൾ പറയുവാനുണ്ട്. പക്ഷേ നാവനങ്ങുന്നില്ല. അവസാനം അവൻ തന്നെ ആ മൂകതക്ക് വിരാമമിട്ടു.. ആരതി എന്തു പറയുന്നു. അവൾക്കും അമ്മയ്ക്കും സുഖമാണോ?.. അവർക്ക് സുഖമാണെന്ന് അറിയിക്കാൻ ഞാൻ ഒന്ന് മൂളി. എന്തുകൊണ്ടാണ് അവളുടെ വിളികൾക്ക് മറുപടി കൊടുക്കാത്തത് എന്ന് ചോദിക്കന്നതിനു മുമ്പേ അവൻ പറഞ്ഞു. ഞാൻ മനഃപൂർവം ഫോൺ ഓഫ് ആക്കിയതാണ്. അവളെ എനിക്ക് വേദനിപ്പിക്കാൻ കഴിയുകയില്ല. എന്റെ  ഈ അവസ്ഥ അറിഞ്ഞാൽ അവൾ എല്ലാം കളഞ്ഞ് ഓടിവരും. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവൾ ഒറ്റയ്ക്കാകും അതുകൊണ്ട് അരുണേ, ഒരു കാരണവശാലും അവൾ  ഇത് അറിയരുത്. 

 

അവളറിയാതെ ഞാൻ എങ്ങിനെ മൂടിവയ്ക്കും നാട്ടിൽ തിരിച്ചെത്തിയാൽ അവളോട് ഞാൻ എന്ത് ഉത്തരം പറയും. കഴിഞ്ഞ കുറച്ചു നാളുകളായി അവൾ വെരുകിനെപ്പോലെയാണ് നടക്കുന്നത്ത്. അവളുടെ നിർബന്ധം സഹിക്കവയ്യാതെയാണ് ഞാൻ ഇങ്ങോട്ട് പോന്നത്. അത് പറഞ്ഞപ്പോൾ അവന്റെ  കണ്ണ് നിറഞ്ഞൊഴുകുന്നത്ത് ഞാൻ കണ്ടു. അടുത്ത് കിടന്ന ടവൽ എടുത്ത് മുഖമൊന്ന് തുടച്ചു കൊടുത്തു. അവന്റെ  നിലയ്ക്കാത്ത കണ്ണുനീർ അവരുടെ സ്നേഹത്തിന്റെ ആഴം എനിക്ക് അളക്കാൻ സാധിച്ചു. 

 

അവൻ ആ കരച്ചിലിനിടയിൽ പറഞ്ഞു. ആരതിയെ ഇത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് അകന്നിരുന്നപ്പോളാണ് എനിക്ക് മനസ്സിലായത്. ദൈവം ആ സ്നേഹത്തെ കണ്ടില്ലല്ലോടാ. ഞങ്ങളെ പിരിക്കാനായിരുന്നെങ്കിൽ എന്തിനാടാ നിന്നെയും ആരതിയെയും എന്റെ  ജീവിതത്തിലേക്ക് ദൈവം തന്നത്. അരുണേ എനിക്കും ആരതിക്കുംവേണ്ടി ഒരു ഉപകാരം ചെയ്യാമോ. ഇല്ല എന്ന് പറയരുത്, എന്റെ  അവസാനത്തെ ഒരാഗ്രഹം എന്ന് കരുതി സാധിച്ചുതന്നാൽ മതി. അവള് എന്നെ വെറുക്കാനായി ഞാൻ മറ്റൊരു വിവാഹം കഴിച്ചുവെന്ന് പറയണം. 

 

നീ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്, അവള് നിന്നെ തേടി വരില്ലന്നാണോ നീ വിചാരിച്ചിരിക്കുന്നേ. അരുണേ അവളോടുള്ള സ്നേഹക്കൂടതൽ കൊണ്ടാണ് ഞാൻ പറയുന്നത്. അവളുടെ മനസ്സ് മറ്റാരേക്കാളും കൂടുതൽ എനിക്ക് അറിയാം. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവള് എന്തെങ്കിലും കടുംകൈ ചെയ്യുകയോ വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിച്ചുതീർക്കുകയോ ചെയ്യും .ഇത് രണ്ടും എന്നെ വേദനിപ്പിക്കുന്നതാണ്. ഞാൻ മറ്റൊരു വിവാഹം കഴിച്ച് മറ്റൊരാളുടെ കൂടെ താമസിക്കുന്നുവെന്ന് പറഞ്ഞാൽ ആദ്യമൊക്കെ പൊട്ടിത്തെറിക്കും. പിന്നീട് എന്നോടുള്ള വാശിക്കോ അല്ലെങ്കിൽ പ്രാക്ടിക്കൽ ആയി ചിന്തിച്ച് മറ്റൊരു വിവാഹം കഴിച്ചോ ജീവിക്കും. നമ്മുടെ ആരതിയുടെ സന്തോഷമല്ലേടാ നമ്മൾ ആഗ്രഹിക്കുന്നത്. അല്ലാതെ ജീവിതകാലം മുഴുവൻ കരഞ്ഞു തീർക്കുന്ന ഒരു കുഞ്ഞുപെങ്ങളെയാണോ നിനക്ക് കാണേണ്ടത്. 

 

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ എന്തെങ്കിലും സംസാരിച്ചു തുടങ്ങിയാൽ അവസാനം ഇതേ ആവശ്യത്തിലെത്തിനിൽകും പീന്നീട് ഞങ്ങളുടെ ഇടയിൽ ഭയങ്കര നിശ്ശബ്ദതയാണ്. എന്റെ  അവധി തീർന്ന് തിരികെ പോരാനുള്ള ദിവസങ്ങൾ അടുക്കുംതോറും അവന്റെ  സ്ഥിതി വഷളായി കൊണ്ടിരുന്നു. അവൻ കൈവിട്ടു പോകുകയാണെന്നുള്ള ചിന്തകൊണ്ടാണോ രാവും പകലും അവനോടൊപ്പമിരുന്ന് സമയം തള്ളി നീക്കി. ജീവിതം തുടങ്ങുന്നതിനു മുമ്പേ ചിറകറ്റുപോയ ഒരു ജീവിതമായിപ്പോയല്ലോ ദൈവമേ അവന്റേത്. ഞാൻ ഒന്ന് കുളിച്ച് ഫ്രഷ് ആകാനയി റൂമിലേക്ക് കയറിയപ്പോളേക്കും അച്ഛന്റെയും അമ്മയുടെയും നിലവിളി കേട്ടാണ് ഓടിയെത്തിയത്. അവസാനം അതും സംഭവിച്ചു. അവൻ മല്ലിട്ടുകൊണ്ടിരുന്ന രോഗാവസ്ഥയിൽനിന്നും വിമുക്തി നേടി അവൻ ഒറ്റക്ക് യാത്രയായി. മരിക്കുന്നതിനു മുമ്പ് എപ്പോഴോ ഒരു കത്ത് എഴുതി വച്ചിരുന്നു. അതിൽ ഒരിക്കലും ആരതി അവന്റെ  കഥ അറിയരുത് എന്ന് വിലക്കിയിരുന്നു. അങ്ങിനെ വലിയൊരു ഉത്തരവാദിത്തം എന്നെ ഏല്പിച്ചിട്ട് എന്നെയും എന്റെ  കുഞ്ഞുപെങ്ങളേയും ഭൂമിയിൽ തനിച്ചാക്കി അവൻ കടന്നു പോയി. അവന്റെ  ആഗ്രഹപ്രകാരം അവസാന ചടങ്ങുകൾ അവിടെ തന്നെ നടത്തി. എന്റെ  പെങ്ങളുടെ ഓർമക്കായി നെഞ്ചിലൊരു റോസാപ്പൂ വച്ചുകൊണ്ട് അവന് അന്ത്യയാത്ര പറഞ്ഞപ്പോൾ അറിയാതെ വിതുമ്പിപ്പോയി ..എന്റെ  പ്രിയപ്പെട്ട കൂട്ടുകാരാ നിനക്ക് വിട..

 

എല്ലാം കേട്ട എനിക്ക് ഇരിക്കുന്നിടത്ത് നിന്ന് അനങ്ങാനോ എന്തെങ്കിലും പറയാനോ കഴിഞ്ഞില്ല. ആ ചേട്ടന്റെ കൈപിടിച്ച് അമർത്തി തിരുമ്മിയപ്പോൾ അറിയാതെ എന്റെ  കണ്ണുനിറഞ്ഞുപോയി. തൊട്ടപ്പുറത്തുള്ള സീറ്റിൽ മകന്റെ ചിതാഭസ്‌മവും പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുമായി ഇരിക്കുന്ന കിഷോറിന്റെ മാതാപിതാക്കളെ കാണിച്ചുതന്നപ്പോൾ അറിയാതെ നിലവിളിച്ചുപോയി. എനിക്ക് ഇറങ്ങേണ്ട തൃശൂർ എത്തിയപ്പോൾ എന്തോ ഒരു ആത്മബന്ധം തോന്നിയതുകൊണ്ട് അദേഹത്തിന്റെ നമ്പർ വാങ്ങി. പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് ഞാൻ പെട്ടിയുമെടുത്ത് യാത്രയായി. ഞാൻ വീട്ടിലേക്ക് പോകുമ്പോൾ എന്റെ ചിന്ത അദ്ദേഹത്തെപ്പറ്റിയായിരുന്നു. 

 

എന്റെ പിന്നീടുള്ള ദിവസങ്ങൾ അദ്ദേഹം അത് എങ്ങിനെ കൈകാര്യം ചെയ്‌തു എന്നറിയാനുള്ള ആകാംക്ഷയായിരുന്നു. ഫോണിൽ വിളിച്ചപ്പോൾ സൗമ്യമായ ശബ്ദത്തിൽ അരുൺ ചേട്ടൻ സാവധാനത്തിൽ കാര്യങ്ങൾ പറയാൻ തുടങ്ങി. അന്ന് ഞാൻ വീട്ടിൽ എത്തിയപ്പോൾ ഉച്ചകഴിഞ്ഞിരുന്നു. വീട്ടിൽ എത്തിയ ഉടൻ ആരതി ഓടിയെത്തി. കിഷോറിനെ കണ്ടോ, എന്ത് പറഞ്ഞു, എന്താ ഫോൺ വിളിച്ചിട്ട് എടുക്കാത്തത് എന്ന് ഒറ്റ ശ്വാസത്തിൽ ചോദിച്ച് തീർത്തു. 

 

ഞാൻ എല്ലാം വിശദമായി പറയാം ഭയങ്കര ക്ഷീണം, ചേട്ടന് കുറച്ച് ചൂടുവെള്ളമെടുക്ക് ഞാൻ ഒന്ന് കുളിക്കട്ടെ. കുളിമുറിയിൽ കയറി കുളിക്കുമ്പോൾ പറയേണ്ടുന്ന കാര്യങ്ങൾ ഒന്നുകൂടി ഓർത്തെടുത്തു. കുളിയും കാപ്പികുടിയും കഴിഞ്ഞ് അവളേയും കൂട്ടി വീടിന്റെ വരാന്തയിൽ വന്നിരുന്നു. അവിടെനിന്നും നോക്കിയാൽ വയലിൽ നെല്ല് വിളഞ്ഞുനിൽകുന്നത് കാണാം. അത് അല്പനേരം നോക്കിനില്കുമ്പോൾ ഞാൻ അവളുടെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു. നമുക്ക് കിഷോറിനെ മറക്കാം. 

 

ഇഷ്ടമില്ലാത്തതെന്തോ കേട്ടമാതിരി അവൾ എന്റെ  മുഖത്തേക്കൊരു നോട്ടം. ഞാൻ വീണ്ടും അവളെ ചേർത്തുപിടിച്ച് മോള് കിഷോറിനെ മറക്കണം. അവൾക്ക് ഒന്നും മനസ്സിലായില്ല. കരച്ചിലാണോ അല്ല വിതുമ്പലാണോ എന്നറിയില്ല വിക്കിവിക്കി അവൾ ചോദിച്ചു. 

ചേട്ടാ കാര്യം പറ. കിഷോർ എന്താണ് പറഞ്ഞത്. ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് പതിഞ്ഞ സ്വരത്തിൽ, അവൻ മറ്റൊരു കുട്ടിയുമായി ഇഷ്ടത്തിലായി അവരു തമ്മിൽ കല്യാണം കഴിച്ചു. ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ എന്റെ  ഹൃദയമിടിപ്പ് പടപാടായെന്ന് അടിക്കുന്നത് അവള് അറിയാതിരിക്കാൻ ഞാൻ പാടുപെടുന്നുണ്ടായിരുന്നു. 

 

അവള് അല്പനേരം മിണ്ടാതിരുന്നു. പിന്നീട് കരഞ്ഞുകൊണ്ട് ചോദിച്ചു: കിഷോറിന് അതിനു കഴിയുമെന്ന് ചേട്ടൻ വിശ്വസിക്കുന്നുണ്ടോ. ദൈവമേ ഞാൻ ഇനി എന്തു പറഞ്ഞ് ഇവളെ മനസിലാക്കും എന്ന് മനസ്സിൽ ചിന്തിച്ച് പൊട്ടിക്കരയുന്ന അവളെ ചേർത്തുനിർത്തി അവളോട് പറഞ്ഞു. ഞാൻ രണ്ടുപേരേയും കണ്ടു കിഷോർ ബാങ്കിലെ ജോലി രാജിവച്ച് അവളുടെ സ്വന്തം കമ്പനിയിൽ ജോയിൻ ചെയ്തു. ഇന്നലെ അവർ അവളുടെ നാട്ടിലേക്ക് പോയി. മോളെ നിന്നെക്കാളും നല്ലത് അവളാണെന്ന് അവന് തോന്നിയിട്ടുണ്ടാകും. അവൻ അവന്റെ  വഴി തിരഞ്ഞെടുത്ത് ജീവിക്കാൻ തീരുമാനിച്ചു. സമനില തെറ്റിയവളെപോലെ അവൾ അലമുറയിടാൻ തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു ഇനി അല്പനേരം സ്വസ്ഥമായി ഹൃദയം തുറന്ന് ഒന്ന് കരയെട്ടെ. എത്രനേരം ആ ഇരിപ്പ് ഇരുന്നുവെന്ന് അറിയില്ല ഞാൻ മെല്ലെ അവളുടെ തലമുടിയിൽ തലോടിക്കൊണ്ടിരുന്നു. പിന്നീട് ഞാൻ ഒരു മൂത്തചേട്ടന്റെ  സ്ഥാനത്തുനിന്നുകൊണ്ട് മെല്ലെ പറഞ്ഞു. നമുക്ക് ഒരു ജീവിതമേയുള്ളു അത് മറ്റുള്ളവർക്കുവേണ്ടി കരഞ്ഞുതീർക്കാനുള്ളതല്ല മറിച്ച് ജീവിച്ചു കാണിച്ചുകൊടുക്കാനുള്ളതാണ്. അവൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ എന്ന് അറിയില്ല. അപ്പോഴും എന്റെ  മനസ്സിൽ ദൈവത്തോട് ഒരു പ്രാർത്ഥന മാത്രമേയുണ്ടായിരുന്നുള്ളൂ. എന്റെ  നെഞ്ചിൽ ചാരികിടക്കുന്ന എന്റെ  കുഞ്ഞിപ്പെങ്ങൾ ജീവിതത്തിൽ ഒരിക്കലും മൂടിവച്ച സത്യങ്ങൾ അറിയാനിടയാകരുതേയെന്ന്...

 

English Summary: Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com