ADVERTISEMENT

അപൂർണ്ണതയുടെ മനോഹാരിത (കഥ)

 

ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് ഇന്ദുവിന്റെ മൊബൈൽ ഫോൺ റിങ് ചെയ്തത് - കാർ ഷോറൂമിൽ നിന്നാണ്, ടെസ്റ്റ് ഡ്രൈവ് എടുക്കാൻ ഉള്ള ക്ഷണം. പുതിയ ഒരു മോഡൽ വന്നിട്ടുണ്ട്. സമയം പറഞ്ഞാൽ വീട്ടിലോ ഹോസ്പിറ്റലിലോ സൗകര്യം പോലെ കൊണ്ടു വരാം. ഇത്തവണ പക്ഷേ ഇന്ദു താല്പര്യം കാണിച്ചില്ല. 

 

സാധാരണ ഗതിയിൽ മൂന്നോ നാലോ വർഷം കഴിയുമ്പോൾ പഴയ കാർ മാറ്റി പുതിയത് എടുക്കുന്നതാണ്, ഡോക്ടർമാരുടെ ഒരു പൊതു സ്വഭാവം. പക്ഷേ ഇന്ദു അങ്ങിനെ ചെയ്യുന്നതിന്റെ കാരണം, അവളുടെ ഉള്ളിൽ ഒരു പെർഫെക്‌ഷനിസ്റ്റ് എപ്പോഴും വിരിഞ്ഞു നിൽപ്പുണ്ടായിരുന്നു! 

 

സ്കൂൾ കാലം മുതൽക്കേ വ്യക്തിത്വത്തിൽ ആവാഹിക്കപ്പെട്ടതാണ് ഈ പെർഫെക്‌ഷൻ! എന്തും താൻ മനസ്സിൽ ഉദ്ദേശിക്കുന്ന അത്ര പെർഫെക്റ്റ് ആയിരിക്കണം. അല്ലാത്തതിനെ ഒക്കെ തള്ളിക്കളഞ്ഞു. അത്തരം ആൾക്കാരെ അവഗണിച്ചു. അച്ഛൻ ആയിരിക്കണം കുട്ടിക്കാലം മുതൽക്കേ തന്നെ അങ്ങനെ മോൾഡ് ചെയ്തെടുത്തത്. ഗുണമുണ്ടായി.. റാങ്കുകളും മെഡലുകളും സർട്ടിഫിക്കറ്റുകളും ഒക്കെ പൂർണ്ണതയിലൂടെയുള്ള തന്റെ യാത്രയിൽ തന്നെ തേടി എത്തി! 

 

ടീച്ചേഴ്സ് പറഞ്ഞു: ‘‘മിടുക്കി.. കണ്ടു പഠിക്ക്..’’

ബോയ്സ് ആരാധനയോടെ അവളെ നോക്കി: ‘‘ഐ.ക്യു. കൂടുതലാ..’’

ഗേൾസ് അവളെ തള്ളിക്കളഞ്ഞു: ‘‘അവൾക്കു ജാഡയാ..’’

 

അച്ഛന്റെ വഴി തന്നെ തിരഞ്ഞെടുത്ത് മെഡിസിൻ പഠിക്കുന്ന കാലം.. തന്റെ ബാച്ചിലെ ഒട്ടു മിക്കവരും തങ്ങളുടെ പെയറിനെ ക്യാംപസിൽ നിന്നു തന്നെ കണ്ടെത്തി. പക്ഷേ പെർഫെക്റ്റ് ആയ ആരും  ഇന്ദുവിന്റെ മുന്നിൽ വന്നില്ല. കാന്റീനിലും പടവുകളിലും ലവേഴ്‌സിനെ കാണുമ്പോ ഇന്ദു ചിന്തിച്ചു - പ്രേമത്താൽ അന്ധമായ ഒരു മനസ്സിന് പെർഫെക്റ്റ് ആയ ഒരാളെ കണ്ടെത്താൻ കഴിയില്ല. അറേഞ്ച്ഡ്‌ മാര്യേജാ നല്ലത്. പെർഫെക്റ്റ് ആയ ഒരാളെ തിരഞ്ഞെടുക്കാൻ പറ്റും. അബദ്ധം പറ്റരുതല്ലോ! 

 

തർക്കിക്കാൻ വന്ന പെണ്ണുങ്ങളോട് ഇന്ദു പറഞ്ഞു: ‘‘ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല, പെർഫെക്‌ഷനിസ്റ്റാണ്.’’

ആൺകുട്ടികളുടെ ഇടയിൽ അതവളെ സ്റ്റാർ ആക്കി. റാങ്കോടു കൂടി തന്നെ മെഡിസിൻ പഠനം പൂർണ്ണമാക്കി.  

 

ഹോസ്പിറ്റലിലും വീട്ടിലും അനേകം രോഗികൾ തങ്ങളുടെ അപൂർണ്ണങ്ങളായ ശരീരങ്ങളുമായി ഡോക്ടറെ തേടി വന്നു. സുഖം പ്രാപിച്ചു മടങ്ങുമ്പോൾ അവർ ഘോഷിച്ചു: ‘‘നല്ല മിടുക്കി ഡോക്ടറാ.. പക്ഷേ ഭയങ്കര ദേഷ്യക്കാരിയാ..’’

 

തന്റെ ഒപ്പം എത്താത്തവരെ ഇന്ദു ശകാരിച്ചു കൊണ്ടിരുന്നു - രോഗികളെ, നഴ്സുമാരെ.. 

 

ഡ്രൈവിങ്ങിൽ ആണുങ്ങളാ പെണ്ണുങ്ങളേക്കാൾ എക്സ്പെർട്ട് എന്നു പറയുന്ന സഹപ്രവർത്തകരോട് അവൾ കലിച്ചു: ‘‘ആരു പറഞ്ഞു? എന്റെ കൂടെ വാ ഞാൻ കാണിച്ചു തരാം’’

 

കാറുകളിൽ നിന്നു വരുന്ന ചെറിയ ശബ്ദങ്ങൾ, കുലുക്കങ്ങൾ അവളെ അലോസരപ്പെടുത്തി. മൂന്ന് വർഷം കൂടുമ്പോൾ പഴയ കാറുകൾ മാറ്റി പുതിയവ വാങ്ങി. നന്നായി കാർ സർവീസ് ചെയ്തു തരാത്തവരെ കുറ്റപ്പെടുത്തി, പരാതികൾ എഴുതി കൊടുത്തു - ‘‘യുവർ സർവീസ് ഈസ് നോട്ട് പെർഫെക്റ്റ്.’’   

 

ഭർത്താവിനോടും, അയാളുടെ അമ്മയോടും നീരസപ്പെടുമ്പോൾ ഇന്ദു ആലോചിച്ചു ‘‘ഇവർക്കൊക്കെ എന്തേ  ബുദ്ധി ഇല്ലേ.. കുറച്ചു കൂടെ പെർഫെക്റ്റ് ആയി കാര്യങ്ങൾ ചെയ്തൂടെ.’’ തന്റെ ഒപ്പം എത്താൻ ഒരിക്കലും അവർക്കു പറ്റില്ല എന്നു മനസ്സിലായപ്പോൾ അവൾ മടങ്ങി പോന്നു. 

 

ഈ പെർഫെക്‌ഷനും ഐക്യു‌വും ഒക്കെ എങ്ങനെയാ കുടുംബ ജീവിതത്തെ ബാധിക്കുന്നതെന്ന് അമ്മക്ക് മനസ്സിലായില്ല. ‘‘മറ്റുള്ളോരോട് ഞാൻ എന്തു പറയും? എന്തുണ്ടേലും കുടുംബം ഇല്ലേൽ ജീവിതം പൂർണ്ണമാകില്ല. ആരും പെർഫെക്റ്റ് അല്ല മോളെ’’ അമ്മ ഇടയ്ക്കൊക്കെ ഓർപ്പിച്ചു. അച്ഛൻ പക്ഷേ കുറ്റപ്പെടുത്തിയില്ല.

 

കുറച്ചു ദിവസങ്ങൾ ലീവ് എടുത്തു. അലസമായിരുന്ന് കോഫി കുടിക്കുമ്പോൾ ആലോചിച്ചു - കാര്യങ്ങൾ ഇത്ര പെർഫെക്റ്റ് ആയി ചെയ്യുന്നുണ്ടേലും പലർക്കും തന്നോട് ഒരു ഇഷ്ടം ഇല്ല. പലരുമായും ഒത്തു പോകാൻ പറ്റുന്നില്ല. പലരിൽ നിന്നും ഇഷ്ടം പോലെ റെസ്പെക്ട് കിട്ടുന്നുണ്ട്, പക്ഷേ ഉള്ളിൽ തട്ടിയുള്ള ഒരു സ്നേഹം ആരിൽ നിന്നും ഇല്ല! തനിക്കാണോ അതോ മറ്റുള്ളവർക്കാണോ പ്രോബ്ലം! പ്രഫഷനൽ ബന്ധം അല്ലാതെ നല്ല സുഹൃത്തുക്കൾ ആരും ഇല്ല; പ്രത്യേകിച്ചും ഒരു പെൺസുഹൃത്തു തനിക്കില്ല. ഒറ്റ മോൾ ആയതു കൊണ്ടു കൂടപ്പിറപ്പുകളും ഇല്ല.

 

ഷവറിൽനിന്നും ജലധാര മുഖത്തേക്ക് വീഴുമ്പോൾ  ഇന്ദു കണ്ണുകളടച്ചു. നല്ല സുഖം. കുറേ നേരം അങ്ങനെ നിൽക്കുന്നത് ഇപ്പോ ഒരു ശീലമാണ്, തിരക്കില്ലല്ലോ. എല്ലാ മനുഷ്യരും അപൂർണ്ണരല്ലേ; താനും എവിടെയൊക്കെയോ. അമ്മ പറഞ്ഞ പോലെ, പിന്നെ എന്തിനാ മറ്റുള്ളവരിൽ നിന്നും പെർഫെക്‌ഷൻ പ്രതീക്ഷിക്കുന്നത്. ആ പൽ ചക്രങ്ങൾക്കിടയിൽ പെട്ടു തന്റെ സന്തോഷം ഞെരിഞ്ഞമർന്നു പോകുന്നു! പെർഫെക്‌ഷനിസ്റ്റുകൾക്ക് സന്തോഷം കുറഞ്ഞിരിക്കും - മറ്റുള്ളവരെ അവരായിരിക്കുന്ന പോലെ സ്വീകരിക്കാൻ  പഠിക്കേണ്ടിയിരിക്കുന്നു. പൂക്കൾ കൃത്യതയോടെ കീറി മുറിച്ചു പഠിക്കുകയായിരുന്നു ഇത്രയും നാൾ; അതിന്റെ സുഗന്ധം അറിയാൻ ശ്രമിച്ചില്ല.

 

ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞു സോഫയിൽ കിടന്ന് ഒരു സിനിമ കാണുകയായിരുന്നു - ‘ബ്യൂട്ടി ഇൻ ദ് ബ്രോക്കൺ.’ കുട്ടിക്കാലത്തു തന്നെ ജീവിതം നശിപ്പിക്കപ്പെട്ടു പോയ ഒരു പെൺ കുട്ടി. തകർന്നു പോയ അവൾ തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുന്നതായിരുന്നു കഥ. പൊട്ടിയതോ തകർന്നതോ അല്ലാത്തതൊന്നും ചേരിയിലെ അവളുടെ ആ ചെറിയ വീട്ടിൽ  ഇല്ല. അവളുടെ തന്നെ ജീവിതത്തിലെ അപൂർണ്ണതകളുടെ പ്രതീകങ്ങൾ ആയിരുന്നു അവ ഓരോന്നും. പക്ഷേ അവളെ എല്ലാവർക്കും ഇഷ്ടമായിരുന്നു, അവൾക്കു തിരികെയും. തന്റെ ചുറ്റിലുള്ള കുറവുകൾ ഉള്ള മനുഷ്യരെ അവൾ കൈക്കൊണ്ടു.   

 

സാധാരണ ടിവി കണ്ടു പതിയെ ഉറങ്ങി പോകുന്നതാണ്. പക്ഷേ ആ സിനിമ അവസാനം വരെ കണ്ടിരുന്നു.  ആ സിനിമയുടെ പേരും അതിലെ പെൺകുട്ടിയുടെ ജീവിതവും ബാക് ഗ്രൗണ്ട് മ്യൂസിക്കും എല്ലാം ഇന്ദുവിന്റെ മനസ്സിലേക്ക് ആവാഹിച്ചു. 

 

വൈകുന്നേരം ഇന്ദു എഴുന്നേറ്റ് ചെന്ന് സ്റ്റോർ മുറി തുറന്നു. അപൂർണ്ണതകളുടെ ഒരു വലിയ ശേഖരം ആ മുറിയിൽ ഉണ്ടായിരുന്നു. ചെറിയ ഒരു പരിക്ക് പറ്റിയ എന്തു സാധനവും  കാലാ കാലങ്ങളായി ആ മുറിയിൽ കൂട്ടിയിട്ടിരിക്കുന്നു. തന്റെ സാധനങ്ങൾ ആണു കൂടുതലും.

 

ഓരോ ദിവസവും ഇന്ദു ആ മുറിയിൽനിന്ന് ഓരോ സാധനങ്ങൾ പുറത്തെടുത്തു. പൊട്ടിയ പൂ പാത്രങ്ങൾ, കൈ പോയ കോഫീ മഗ്ഗുകൾ, പ്ലഗ് പോയ ഫാൻ, മങ്ങിയ കസേര .. 

എല്ലാത്തിനെയും ഒട്ടിച്ചെടുത്തു.. പുതിയ നിറങ്ങൾ കൊടുത്തു.. ചിലതിനെ റീ-അറേഞ്ച് ചെയ്തു.. ഒരു രോഗിയെ പോലെ, അവ ഓരോന്നിനെയും പരിചരിച്ച് ആ ഇരുട്ട് മുറിയിൽനിന്നു ജീവൻ കൊടുത്ത്  ലിവിങ് റൂമുകളിലേക്ക് കൊണ്ടു വന്നു. 

 

ആ പൂപ്പാത്രങ്ങളിൽ പൂക്കൾ നിറച്ചു വെക്കുമ്പോൾ, ആ മഗ്ഗിൽ കോഫി കുടിക്കുമ്പോൾ, പോളിഷ് ചെയ്ത ഈസി ചെയറിൽ ഇരിക്കുമ്പോൾ.. അതിന്റെയൊന്നും കുറവുകളിൽ ശ്രദ്ധ പോയതേ ഇല്ല.. നിറത്തിനും പോളിഷിനും താഴെ, ഭൂതകാലം അവയിൽ വീഴ്ത്തിയ വരകളും കുറികളും മങ്ങലുകളും ചെറുതായി കാണാമെങ്കിലും അതിനൊരു മനോഹാരിത ഉണ്ട്.. പൂർണ്ണതയിൽ മാത്രമല്ല അപൂർണ്ണതയിലും ബ്യൂട്ടി ഉണ്ട്! 

മാത്രമല്ല, നഷ്ടപ്പെടുത്തി കളയാമായിരുന്നതിനെ  ജീവൻ വെപ്പിച്ചു കൊണ്ടു വന്നപ്പോ മനസ്സിൽ ഒരു സന്തോഷം... വേണമെങ്കിൽ പുതിയവ വാങ്ങാം.. പക്ഷേ ഈ ഒരു മനഃസുഖം കിട്ടില്ല..

 

കുറെ ‘താങ്ക് യൂ’ കാർഡുകൾ ഇന്ദുവിന്റെ കൺസൽറ്റേഷൻ റൂമിൽ വന്നു തുടങ്ങി. നഴ്‌സ്‌മാർക്ക് ഇന്ദുവിനെ കാണുമ്പോഴുള്ള നെഞ്ചിടിപ്പു കുറഞ്ഞു. ഇപ്പൊ ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് വരാൻ ഒരു സന്തോഷമാണ്. സ്കൂൾ വിട്ടു വൈകുന്നേരം  കളിക്കാനായി വെമ്പിയിരിക്കുന്ന ഒരു കുട്ടിയെ പോലെ. ഓരോ സായാഹ്നത്തിലും ഓരോ സാധനങ്ങൾ പുതിയ വർണ്ണങ്ങൾ പൂണ്ട് ആ റൂമിൽ നിന്നും പുറത്തേക്കു വന്നു.. 

 

ഒരു വൈകുന്നേരം ഹോസ്പിറ്റലിൽ നിന്നും മടങ്ങുമ്പോൾ ഉള്ളിലൊരു വെമ്പൽ - ഇന്ന് തന്റെ ഭർതൃ ഗൃഹത്തിലേക്ക് ഒന്നു പോയാലോ? തണുത്ത കൈ വിരലുകൾ കൊണ്ട് കാറിൽ ഇരുന്നു മെസ്സേജ് ചെയ്തു..  

‘‘ഇന്ന് ഞാൻ അങ്ങോട്ടു വരുവാ..’’

റിപ്ലൈക്കു വേണ്ടി അവൾ ടെൻഷനോടെ കാത്തിരുന്നു.

‘‘ഞാൻ വരണോ അതോ എത്തിക്കോളുമോ’’

അതു കണ്ടപ്പോഴാണ് ആശ്വാസമായത്, ഒരു വാതിൽ പാളി ഇപ്പോഴും അവിടെ പകുതി തുറന്നു കിടപ്പുണ്ട്. 

‘‘വേണ്ടാ, ഞാൻ വന്നോളാം. അമ്മയോട് പറഞ്ഞേക്കുമോ?’’

‘‘യെസ്. ഞാൻ പറഞ്ഞോളാം’’

‘‘ഓക്കേ’’

 

ഇന്ദു കാർ സ്റ്റാർട്ട് ചെയ്തു. ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ റിങ് ചെയ്തു ‘‘മാഡം.. പുതിയ കാർ വന്നിട്ടുണ്ട്. ടെസ്റ്റ് ഡ്രൈവ് എടുക്കാൻ വീട്ടിലോ ഹോസ്പിറ്റലിലോ സൗകര്യം പോലെ കൊണ്ടു വരാം.’’

 

‘‘ഇപ്പോ വേണ്ട.. തല്കാലം എന്റെ കാർ ഇപ്പോ മാറ്റുന്നില്ല.’’

 

അപൂർണതയുടെ പാതകളിലൂടെയുള്ള തന്റെ പുതിയ യാത്രകൾ ഇന്ദു ആസ്വദിച്ചു തുടങ്ങി. ഒരു ചാറ്റൽ 

മഴയുടെ തുള്ളികൾ കാറിന്റെ ചില്ലിൽ വീണു. അവളുടെ മനസ്സിൽ താൻ മുൻപു കണ്ട ആ സിനിമയിലെ, ഗിത്താറിലുള്ള  ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെറിയ അലകളായ് വീശുന്നുണ്ടായിരുന്നു.. ഹാർട്ട് ബീറ്റ് രേഖകൾ പോലെ..

 

English Summary: Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com