ADVERTISEMENT

മേരേ പ്യാരേ ദേശ് വാസിയോം .. (കഥ )

 

ബസു, അവന്റെ അമ്മയുടെ അലുമിനിയപ്പെട്ടി തുറന്നു. അതിൽ നിന്ന്  ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പുറത്തെടുത്ത്, അതിലേക്ക് നോക്കിയിരുന്നു. അമ്മയുടേതായി ഒരു ഫോട്ടോ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. 

 

മരിച്ചുപോയതു കൊണ്ടാണോ അമ്മ ഇത്രയും സങ്കടപ്പെട്ടിരിക്കുന്നതെന്ന് അവനു ബാപ്പാജിയോട് ചോദിക്കണമെന്ന് തോന്നി. അമ്മയുടെ മുഖം മെലിഞ്ഞ് ഒരുവശത്തേക്ക് കോടിയിരുന്നു. അതിനുള്ളിൽ രണ്ടു കണ്ണുകളുണ്ടോ എന്നുതന്നെ അവനു സംശയമായിരുന്നു. അവ, കുഴിഞ്ഞു കുഴിഞ്ഞ് അത്രയും ഉള്ളിലേക്കിറങ്ങിപോയിരുന്നു. ഫോട്ടോയിൽ അമ്മ, അമ്മയല്ലാതായിരിക്കുന്നു എന്നാണവന് തോന്നിയത്. എങ്കിലും അമ്മയുടെ ചൂടും ഗന്ധവും ആ കുടിലിനുള്ളിൽ അപ്പോഴും തങ്ങി നിന്നിരുന്നു. അവനു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് വരെയുള്ള രാത്രികളിൽ അമ്മയെ കെട്ടിപ്പിടിച്ചുറങ്ങിയിരുന്ന കുട്ടിയായിരുന്നു അവൻ. അമ്മയെ ഇനി കാണാൻ കഴിയില്ല എന്ന സത്യം ബസുവിന്റെ ആത്മാവിനെ കൊത്തിനുറുക്കുകയാണ് .

 

ദീപാവലി ദിവസമാണ് ബസുവിന്റെ അമ്മ മരിച്ചുപോയത്. രപ്തി നദിയുടെ തീരത്ത് മൺചിരാതുകളിൽ തെളിയുന്ന ദീപങ്ങൾ കാണാൻ നദിക്കരയിലേക്ക് പോയതായിരുന്നു ബസു. മടങ്ങി വരുമ്പോഴേക്കും അവനിഷ്ടപ്പെട്ട ‘ഭുജിയ’ പാകം ചെയ്ത് വയ്ക്കാമെന്ന് അമ്മ അവനു വാക്കു കൊടുത്തിരുന്നു. ദീപങ്ങൾ ഓരോന്നോരോന്നായി അണഞ്ഞു തുടങ്ങിയപ്പോൾ ബസു വീട്ടിലേക്ക് മടങ്ങി. മണ്ണടുപ്പിന്നരികെ ‘ഭുജിയ’യ്ക്കു വേണ്ടി തയ്യാറാക്കിയ മാവിന്റെ പാത്രവുമായി ഭിത്തിയോട് ചേർന്ന് ചലനമില്ലാതെ ഇരിക്കുന്ന അമ്മയെയാണ് വീട്ടിലെത്തിയ ബസു കണ്ടത്. അവരുടെ വിരലുകൾ മാവിൽ ഒട്ടിപ്പിടിച്ചു കിടന്നിരുന്നു. കണ്ണുകൾ തുറന്നു പിടിച്ച് മറ്റേതോ കാലത്തിലേക്ക് നടന്നു പോയതുപോലെ ബസുവിന്റെ അമ്മ മരിച്ചു മണ്ണോട് ചാരിയിരുന്നു. ലോകം, അമ്മ മാത്രമായിരുന്ന ഒരു കുട്ടിക്ക് ഒരു രാത്രികൊണ്ട് അവന്റെ ലോകങ്ങൾ നഷ്ടപ്പെട്ടു. 

 

“ബസൂ”. ദയാറാം അവനെ വിളിച്ചു. 

അമ്മയോടായിരുന്നു ബസുവിന് അടുപ്പം, ബാപ്പാജിയെ അവനു ഭയമായിരുന്നു. അതുകൊണ്ട് ബാപ്പാജി വിളിച്ചാൽ എപ്പോഴുമവൻ ബാപ്പാജിയുടെ പിറകു വശത്തൂടെ ചെന്ന് ബാപ്പാജിയുടെ ഭാവം നോക്കിയേ അടുത്തുവരാറുണ്ടായിരുന്നുള്ളൂ. അവൻ അമ്മയുടെ ഫോട്ടോ അലുമിനിയപ്പെട്ടിയിലേക്കു തന്നെ തിരിച്ചു വെച്ച് കണ്ണുകൾ തുടച്ചു ബാപ്പാജിയുടെ അടുത്തേക്ക് ചെന്നു. അയാൾ അവനെ അലിവോടെ നോക്കി അരികിലേക്ക് പിടിച്ചു നിർത്തി. അമ്മയില്ലാതെ ഒരു നിമിഷം പോലും ബസുവിനു ജീവിക്കാനാവില്ലെന്ന് ദയാറാമിനറിയാമായിരുന്നു. ഒറ്റയ്ക്കായിപോയ കുഞ്ഞിനെ അവിടെ വിട്ട് കേരളത്തിലേക്ക് മടങ്ങാൻ അയാൾ ഒരുക്കമായിരുന്നില്ല.

“കൽ ഹം കേരൾ ജായേങ്കെ”.... ദയാറാം പറഞ്ഞു. 

അവൻ മറുത്തൊന്നും പറയാതെ തല കുലുക്കി ബാപ്പാജിക്കരികിൽ നിന്നു. 

 

അടുത്ത ദിവസം ബസു, ദയാറാമിനൊപ്പം കേരളത്തിലേക്ക് തീവണ്ടികയറി. ആദ്യത്തെ തീവണ്ടിയാത്രയായിരുന്നിട്ട് പോലും അതിന്റെ കൗതുകങ്ങളിലേക്ക് കാഴ്ച തിരിച്ചു വയ്ക്കാനാവാതെ, അവൻ വിട്ടുപോവുന്ന തന്റെ ഉയിർമണ്ണിന്റെ അവസാന ഗന്ധം ഉള്ളിലേക്കെടുത്തു. അപ്പോൾ പുലർകാലത്തെ മഞ്ഞിന്റെ കനത്ത പുകമറയിലൂടെ അവൻ കണ്ടു – ദൂരെ മഞ്ഞിൽ മാഞ്ഞു പോകുന്ന അവന്റെ അമ്മയുടെ മുഖം. അവൻ വ്യസനത്തോടെ ബാപ്പാജിയുടെ നെഞ്ചിൽ മുഖം ചേർത്തു .. 

 

വൈകാതെ, ഇലപ്പച്ചയും ആകാശനീലയുമായി  പുതിയൊരു ദേശം അവനു സ്വാഗതമേകി. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ദയാറാമിനോടൊപ്പം നടക്കുമ്പോൾ പുതിയ നഗരത്തിന്റെ അപരിചിതമായ ഗന്ധം അവനെ പൊതിഞ്ഞു നിന്നു. പുതിയ കാഴ്ചകളിൽ അവന്റെ കണ്ണുകൾ അലഞ്ഞു. നിരത്തിലൂടെ ഇഞ്ചിഞ്ചായി നീങ്ങുന്ന വാഹനങ്ങൾ, വിവിധതരം വെളിച്ചങ്ങളുടെ പ്രവാഹം. അവക്കിടയിൽ എന്തിൽ നിന്നോ രക്ഷകിട്ടാനെന്നപോലെ നീങ്ങുന്ന മനുഷ്യർ -ജീവന്റെ നിലയ്ക്കാത്ത ഒഴുക്ക്. ആൾക്കൂട്ടത്തിനിടയിൽ ബസുവും അവന്റെ ബാപ്പാജിയും ഉറുമ്പിനോളം ചെറുതായി പോകുന്നതായി അവന് അനുഭവപ്പെട്ടു. അവൻ ദയാറാമിന്റെ വിരലുകളിൽ മുറുകെപ്പിടിച്ചു.

 

ബസുവിന്റെ നിറംപിടിപ്പിച്ച പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു കേരളത്തിലെ ബാപ്പാജിയുടെ വീട്.. ഓ, വീടെന്നതിനെ വിളിക്കാമോ. റെയിൽവേ സ്റ്റേഷനിൽ നിന്ന് നടന്നു ചെല്ലാവുന്ന ദൂരത്തിൽ, നഗരം ചവച്ചു തുപ്പിയ മാലിന്യക്കൂമ്പാരത്തോട് ചേർന്ന്, നാല് വശവും ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മറച്ചു വെച്ച ഒരു കുടിൽ. ഒന്നല്ല, അത്തരം കുടിലുകളുടെ ഒരു നീണ്ട നിരയായിരുന്നു അത്. ബാപ്പാജി കുറേക്കൂടി നല്ല ഒരിടത്തായിരിക്കും താമസിക്കുന്നതെന്നായിരുന്നു അവനത്രയും നാൾ കരുതിപ്പോന്നിരുന്നത്. ബസുവിന്റെ പ്രതീക്ഷകൾ മങ്ങുന്നത് ദയാറാം അവന്റെ കണ്ണുകളിൽ നിന്ന് വായിച്ചെടുത്തു. വിളമ്പി വെച്ച ആവിപറക്കുന്ന കഞ്ഞിക്കും ഉണക്കമീനിനും മുന്നിൽ ഷീറ്റ് കൂടാരത്തിനുള്ളിലെ മഞ്ഞവെളിച്ചത്തിനു ചുവട്ടിലെ അന്യത്വത്തിൽ ആ രാത്രി തീർത്തും ഏകനായി ബസു കൂനിക്കൂടിയിരുന്നു. 

 

പിന്നീടുള്ള ദിവസങ്ങളിൽ പണിസ്ഥലങ്ങളിലേക്ക് പോകുമ്പോൾ ദയാറാം കൂടെ ബസുവിനെയും കൊണ്ട്പോയി. അവനെ ഒറ്റയ്ക്ക് പുതിയൊരിടത്ത് വിട്ടിട്ടു പോകാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല. തിങ്ങി നിറഞ്ഞു വരുന്ന ബസുകളിൽ ഏതെങ്കിലുമൊന്നിൽ അയാൾ മകനോടൊപ്പം കൊത്തിപ്പിടിച്ചു കയറി. ബസിന്റെ പിറകുവശത്തെ വാതിലിനും നീളൻ സീറ്റിനുമിടയിലെ സുരക്ഷിത സ്ഥാനത്ത് ബസുവിനെ നിർത്തി അയാൾ തിരക്കിൽ തൂങ്ങി നിന്നു. വെളുത്ത മിന്നുന്ന കുപ്പായവും പാന്റ്സും വിലകൂടിയ സുഗന്ധവും പൂശി ബസിനുള്ളിൽ കയറുന്നവർ വിയർപ്പിന്റെ രൂക്ഷഗന്ധമുള്ള, നിറം മങ്ങിയ ഉടുപ്പുമായി നിൽക്കുന്ന ദയാറാമിനെ നോക്കി “അടുത്ത ബസിലെങ്ങാനും കേറിയാൽ പോരേ.. ഇങ്ങനെ വലിഞ്ഞു കയറി നിന്നോളും” എന്ന ആത്മഗതവുമായി അവജ്ഞയോടെ നിന്നു. 

 

ഒഴിവു ദിവസങ്ങളിൽ ബസിലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമെങ്കിലും ദയാറാം ബസുവിനെ അവയിലൊന്നിലും ഇരിക്കുവാൻ സമ്മതിച്ചില്ല. ഇതൊന്നും തന്റേതല്ല എന്ന തോന്നലിൽ ബസിന്റെ ജാലകത്തിലെ കമ്പിയഴികളിൽ പിടിച്ച് പുറത്തെ കാഴ്ചകളിൽ മുങ്ങി അവന്റെ ദിവസങ്ങൾ നീങ്ങി. മിന്നുന്ന ഉടുപ്പും ബാഗുകളുമായി സ്‌കൂളിലേക്ക് പോകുന്ന ബസുവിന്റെ പ്രായത്തിലുള്ള കുട്ടികളെ നിരത്തിലും ബസുകളിലും കാണുമ്പോൾ നിറം മങ്ങിയ സ്വപ്നങ്ങളുടെ ഒരു ഗദ്ഗദം അവന്റെയുള്ളിൽ ഊറി വന്നു. പണിസ്ഥലങ്ങളിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കൂരകൾക്കു താഴെ ഇരുന്ന് ബസു അവന്റെ ബാപ്പാജി കഠിനമായ വെയിലിലും കൊടുംമഴയുടെ പെയ്ത്തിലും നടുമുറിയേ പണിയെടുക്കുന്നത് നോക്കി നിന്നു. കോൺക്രീറ്റ് നിറച്ച ചട്ടികളുമായി ബാപ്പാജി ഉയരങ്ങളിലേക്ക് കയറി പോകുമ്പോൾ ബസുവിന്റെ ഉള്ളം കാൽ വിയർത്തു. ബാപ്പാജി വീഴരുതേ എന്നവൻ ഉള്ളുലഞ്ഞു പ്രാർത്ഥിച്ചു. ഭക്ഷണ സമയത്ത് ദയാറാമിന് കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് അയാൾ അവനു നൽകി. ദയാറാമിനെ പോലെ അന്യദേശങ്ങളിൽ നിന്ന് കൊണ്ട് വന്നവർക്ക് നിറം മങ്ങിയ പാത്രങ്ങളിലും മറ്റുള്ളവർക്ക് ചില്ലു പാത്രങ്ങളിലും അവിടെ ഭക്ഷണം വിളമ്പി. പരാതികളോ ചോദ്യം ചെയ്യലുകളോ ഇല്ലാതെ അവർ വിശപ്പിനെയകറ്റി, വൈകുന്നേരം എണ്ണിവാങ്ങുന്ന കൂലിയുമായി അന്നന്നത്തെ രാത്രികളിലേക്ക് വേണ്ടുന്ന പലചരക്കും മലക്കറികളുമായി കൂരകളിലേക്ക് മടങ്ങി. 

 

പണിയില്ലാത്ത ചില ദിവസങ്ങളിൽ ദയാറാം ബസുവിനെ നഗരം ചുറ്റിച്ചു. അവൻ ആദ്യമായി കടൽ കണ്ടു, കപ്പലുകൾ കണ്ടു. ഈ കടലുകൾ എവിടെ നിന്നാണ് ഉണ്ടാകുന്നതെന്ന ചിന്തയിൽ അവൻ തിരകളിൽ ഓടി കാൽ നനച്ചു. തിരകൾക്കൊപ്പം ഏറെ കാലത്തിനു ശേഷം ബസു ചിരിക്കുന്നത് ദയാറാം കണ്ടു. തീരത്തെ കരിങ്കൽ ഭിത്തികളിൽ അസ്തമയ സൂര്യനെ നോക്കി ഇരുന്ന ബസു അച്ഛനും അമ്മയ്ക്കും നടുവിൽ ആഹ്ലാദ തിമിർപ്പോടെ ഉല്ലസിച്ചു നടന്നുപോകുന്ന കുട്ടികളെ കണ്ടു. അവന്റെയുള്ളിൽ ഓർമകളുടെ അഗാധതയിൽ നിന്ന് അമ്മയുടെ മുഖം ഉയർന്നു വന്നു. അവൻ ബാപ്പാജിയോട് ചേർന്നിരുന്നു.

 

താമസസ്ഥലവുമായും ചുറ്റുപാടുകളുമായി ഇണങ്ങിയതോടെ ബസു, ബാപ്പാജിക്കൊപ്പം പണിസ്ഥലങ്ങളിലേക്ക് പോകാതെ അവന്റെ കൂരയിൽ ഒതുങ്ങി. അവൻ ഒറ്റയ്ക്ക് പാകം ചെയ്തു തുടങ്ങി. അടുപ്പുകൂട്ടി പുകയൂതി കഞ്ഞി വേവിക്കുമ്പോൾ അമ്മയുണ്ടാക്കുന്ന ‘ഭുജിയ’യുടെ ഓർമ അവന്റെയുള്ളിൽ തികട്ടി വന്നു. ദയാറാം ഉണരുന്നതിന് മുൻപേ ഉണർന്ന് അവൻ ദയാറാമിന് കാപ്പിയിട്ടു കൊടുത്തു. അയാളുടെ വിയർപ്പിൽ മുങ്ങിയ പഴന്തുണികൾ വെള്ളത്തിൽ മുക്കിവെച്ച് അവൻ ഉണക്കാനിട്ടു. തീർത്തും യാന്ത്രികമായി പോയ ബസുവിന്റെ ജീവിതത്തെ ദയാറാം നിസ്സഹായതയോടെ നോക്കി നിന്നു. ദയാറാം പണിസ്ഥലത്തേക്ക് പുറപ്പെട്ടു പോയാൽ ഒറ്റക്കായി പോകുന്ന ബസു നിരനിരയായി നിന്നിരുന്ന കുടിലുകൾക്കു ചുറ്റും നടന്നു നോക്കി. അവൻ ചുറ്റുപാടുകൾ നിരീക്ഷിച്ചു. എവിടേക്ക് നോക്കിയാലും ആകാശം മുട്ടെ ഉയർന്നു നിക്കുന്ന വമ്പൻ കെട്ടിടങ്ങൾ മാത്രമാണ് അവൻ കണ്ടത്. അതിനിടയിലൂടെ വല്ലപ്പോഴുമൊരിക്കൽ ഒരു നരച്ച ആകാശത്തിന്റെ തുണ്ട് അവനു വീണു കിട്ടി. അതിലവൻ പറവകളെയും പട്ടങ്ങളെയും വരച്ചു ചേർത്തു. അവൻ ഉയരമുള്ള കെട്ടിടങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ സൗഭാഗ്യത്തെ കുറിച്ചോർത്തു. അവർക്ക് തന്നെക്കാൾ മുൻപ് ആകാശത്തെ തൊടാൻ കഴിയുമായിരിക്കും എന്നവൻ വിശ്വസിച്ചു. ഇടയ്ക്കിടെ ഉയരമുള്ള ആ കെട്ടിടങ്ങളുടെ ബാൽക്കണികളിൽ നിന്ന് പലതരം മിഠായികളുടെ വർണ്ണകടലാസുകൾ താഴേക്ക് പറന്നു വന്ന് ബസുവിന്റെ കുടിലിനോട് ചേർന്നുള്ള മാലിന്യക്കൂമ്പാരങ്ങളിലും പരിസരങ്ങളിലും വീണു. ഓരോ വർണ്ണക്കടലാസും അവൻ കൗതുകത്തോടെ പെറുക്കി ബാപ്പാജി കാണാതെ സൂക്ഷിച്ചു വെച്ചു. എന്തെല്ലാം തരം നിറങ്ങൾ, എത്ര തരം മധുരങ്ങൾ. കാലം ഒരുക്കി വെച്ച അത്തരം നിറങ്ങളും മധുരങ്ങളും അവന്റെ ജീവിതത്തിൽ നിന്ന് പോകപ്പോകെ ചോർന്നു പോയ്‌ക്കൊണ്ടിരുന്നു. 

ദിവസങ്ങൾ കടന്നു പോയി. വൈകുന്നേരങ്ങളിൽ അവൻ ബാപ്പാജിയെ കാത്തു കുടിലിനു മുന്നിൽ നിന്നു. തളർന്നു വരുന്ന ബാപ്പാജിക്ക് കുളിക്കാൻ അവൻ ചൂടുവെള്ളം ഒരുക്കി വെച്ചു. കഞ്ഞി വേവിച്ചു. അവർ ഒരുമിച്ചുണ്ടു. അവർക്കിടയിൽ ചോദ്യങ്ങളോ പറച്ചിലുകളോ ഉണ്ടായിരുന്നില്ല. അവർ പരസ്പരം പലപ്പോഴും മൗനമവലംബിച്ചു. എങ്കിലും അവരുടെ ആത്മാവിൽ കൊടുക്കൽ വാങ്ങലുകൾ നടന്നു. ചില നേരങ്ങളിൽ ബസു തന്നിൽ നിന്ന് വളരെയേറെ അകന്നു പോവുകയാണെന്നും തനിക്കൊരിക്കലും അവനിലേക്കെത്താൻ കഴിയില്ലെന്നും ദയാറാമിന് തോന്നാറുണ്ടായിരുന്നു.

 

ഒരു രാത്രി, പണിയെടുത്ത് കുഴഞ്ഞുപോയ ഉടലും ആത്മാവുമായി കുടിലിലേക്ക് മടങ്ങി വന്ന ദയാറാം മാറ്റിയുടുക്കാൻ തുണി വലിച്ചെടുക്കുന്നതിനിടയിൽ കണ്ടു – പലപ്പോഴായി വീണിടത്തു നിന്നും പെറുക്കി, ബസു ശേഖരിച്ചു വെച്ച വർണ്ണക്കടലാസുകളുടെ ഒരടുക്ക്. അതിലേക്ക് നെഞ്ചു കത്തിയ വേദനയോടെ അയാൾ നോക്കി നിന്നു. അവനു നഷ്ടപ്പെട്ട മധുരങ്ങളുടെയും നിറങ്ങളുടെയും തൂക്കത്തിൽ ഇരച്ചു കയറിയ ആത്മനിന്ദയാലും കുറ്റബോധത്താലും അയാൾ നീറി. തന്റെ മകനെ വാരിയെടുത്ത് അയാൾ അവന്റെ നെറുകയിലും കവിളത്തും നെഞ്ചിലും ഗാഢമായി ചുംബിച്ചു. ബസുവിനു വേണ്ടി വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായികൾ വാങ്ങാൻ പുറപ്പെട്ട ദയാറാമിന്റെ യാത്ര, ആ രാത്രി ജനറൽ ആശുപത്രിയിലെ മോർച്ചറിയിലാണ് അവസാനിച്ചത്. ‘മധുരവും നിറങ്ങളുമായി’ മടങ്ങി വരുന്ന ബാപ്പാജിയെ ബസു, അവന്റെ മാത്രം ആകാശത്തിനു കീഴിൽ കാത്തു കാത്തു നിന്നു. 

 

ആംബുലൻസിൽ നിന്ന് പുറത്തേക്കെടുത്ത ദയാറാമിന്റെ മൃതദേഹം നോക്കി വാച്മാൻ ആന്റപ്പൻ ഉറക്കച്ചടവിൽ പിറുപിറുത്തു. ‘അരേ ഭായ്.. ഇതിപ്പോ എത്രാമത്തെയാണ്’.?. അയാൾ ദയാറാമിനെ മൂടിയിരുന്ന വെളുത്ത തുണി പൊന്തിച്ചു നോക്കി. 

‘ആരെങ്കിലും അന്വേഷിച്ചു വരുമോടോ’ ആന്റപ്പൻ ആംബുലൻസ് ഡ്രൈവറോട് ചോദിച്ചു. 

‘ഓ.. ഇവന്മാരെയൊക്കെ അന്വേഷിച്ചാര് വരാനാ .. ചുമ്മാ പണിയൊണ്ടാക്കാൻ’!

ആന്റപ്പനും ആംബുലൻസ് ഡ്രൈവറും ചേർന്ന് ദയാറാമിനെ മോർച്ചറിയുടെ ഒരു തട്ടിലേക്ക് കയറ്റി വെച്ചു., പിന്നെ അകത്തേക്ക് തള്ളി. ഒടുങ്ങാത്ത ആഗ്രഹങ്ങളിലേക്കും വിഫലമായ സ്വപ്നങ്ങളിലേക്കും തുറന്നു വച്ച കണ്ണുകളും വായുമായി ദയാറാം മോർച്ചറി തട്ടിനകത്തേക്ക് നിരങ്ങി പോയി.. എളിയിൽ നിന്ന് ബ്രാണ്ടി കുപ്പി വലിച്ചെടുത്ത് ആന്റപ്പൻ ഒന്ന് മൊത്തി .

ഒന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം മോർച്ചറി ഗേറ്റിനു പുറത്ത് അയഞ്ഞ ട്രൗസറിന്നടിയിൽ കൂടി നീണ്ടു കിടക്കുന്ന മെലിഞ്ഞ കാലുകളുമായി ഒരു കുട്ടി അകത്തേക്ക് നോക്കി നിൽക്കുന്നത് ആന്റപ്പൻ കണ്ടു. അറിയാവുന്ന ഹിന്ദിയിൽ ആന്റപ്പൻ പറഞ്ഞു.. 

‘ഹേയ്.. ബേട്ടാ.. പോ.. ഓഹ് കുരിശ്.. ജാവോ ജാവോ’. 

 

ആട്ടിവിട്ടിട്ടും പോകാതെ അവിടെതന്നെ ചുറ്റിപറ്റി നിന്ന അവനെ ഒടുവിൽ ആന്റപ്പൻ വിരട്ടി വിട്ടു.. അപ്പോൾ മഴപെയ്തു. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി, അണപൊട്ടിയ കണ്ണുകളുമായി മഴയിൽ മാഞ്ഞുപോകുന്ന ബസുവിനെ നോക്കി ആന്റപ്പൻ പറഞ്ഞു –

‘ഹ.. ചുമ്മാതാണോ അദ്ദേഹം പറഞ്ഞെ തും ഹിന്ദി പടാവോ.. തും ഹിന്ദി പടാവോ.. 

മേരേ പ്യാരേ ദേശവാസിയോം ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ.. ഹോ...ഹം.. ആ.. എന്നാ വേണേലും ആവട്ട്.. ഇനിയീ പ്രായത്തില് ഹിന്ദി പഠിക്കാഞ്ഞിട്ടാ...’.

ചുമലിൽ കിടന്ന തുവർത്തെടുത്ത് തലയിൽ കെട്ടി, ആന്റപ്പൻ മോർച്ചറി കവാടത്തിനരികിലെ ബെഞ്ചിലേക്ക് ഒരൊറ്റ ചായലായിരുന്നു പിന്നെ !

ദൂരെ ദൂരെ, ജീവിതത്തിലെ ശേഷിക്കുന്ന മധുരവും നിറങ്ങളും നഷ്ടപ്പെട്ട ഒരു കുട്ടി നക്ഷത്രങ്ങളും നിലാവും മാഞ്ഞുപോയ നരച്ച ഒരു കീറാകാശത്തിനു കീഴിൽ ബാപ്പാജിയെ തേടി അലഞ്ഞു കൊണ്ടിരുന്നു. 

 

English Summary: Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com