ADVERTISEMENT

കീചക മോക്ഷം (കഥ)

 

മനായത്തിലെ ഇല്ലത്തു കഥകളിയരങ്ങു നടക്കുകയാണ്. സാധാരണ പോലെ ആഢ്യത്വം കാണിക്കാൻ മാത്രമായി അരസികന്മാരായ നമ്പൂരി കുടുംബങ്ങൾ കഥകളി നടത്തുന്ന പോലെയല്ല മനായത്തിൽ കളി നടക്കുന്നത്. തമ്പുരാൻ കല്പ്പിച്ചു നൽകിയ കാലം മുതലേ കളിയോഗമുള്ള തറവാടാണ്...

 

കളിയോഗം എന്നാൽ കഥകളി നടത്തുക എന്നു മാത്രമല്ല സ്വന്തമായി കളരി വേണം, അഭ്യസിപ്പിക്കാൻ ആശാന്മാർ വേണം, കോപ്പ് വേഷം വേഷങ്ങളും ചമയക്കാരും വേണം. എമ്പിടി ചെലവുള്ള ഏർപ്പാടാണ്. മൂത്തകാർന്നോരായിരുന്ന നീലകണ്ഠൻ തിരുമേനി മുതൽ മനായത്തിൽ ആട്ടവിളക്ക് എരിയുന്നുണ്ട്. വലുതും ചെറുതുമായ നിരവധി വേഷക്കാരും കേമന്മാരും മനായത്തിലെ കളിയോഗത്തിൽ നിന്നു പഠിച്ചു തെളിഞ്ഞു പോയിട്ടുണ്ട്. അങ്ങനെയുള്ള മനായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വാരം നീണ്ടു നിൽക്കുന്നൊരു കഥകളിയരങ്ങു സംഘടിപ്പിക്കപ്പെടുകയാണ്

 

നീലകണ്ഠൻ തിരുമേനിയുടെ സപ്തതി വിശേഷമാണ്.

അതിനോടനുബന്ധമായി കഥകളി തന്നെയാകാം എന്നു തീരുമാനിക്കുകയായിരുന്നു. വിശേഷപ്പെട്ടവരും പ്രമുഖരും പങ്കെടുക്കുന്ന വലിയൊരു ആഘോഷയരങ്ങു തന്നെയാണ് നടന്നു വരുന്നത്. ഇരവിപ്പുഴ കൈമൾ ആശാന്റെ അർജ്ജുനൻ മുതൽ കവളപ്പാറ നാരായണൻ നായരുടെ ഹനുമാൻ വേഷം വരെയുണ്ട്. 

 

നളനും കൃഷ്ണനും രുഗ്മിണീ സ്വയംവരവും സന്താനഗോപാലവും ഇങ്ങനെ കഥകൾ ഓരോന്നായി ആടിക്കയറുകയാണ്. വിവിധ വർണ്ണത്തിലുള്ള നിറക്കൂട്ടുകളുടെ അരപ്പുകൾ, അരിമാവും ചുണ്ണാമ്പും കുഴച്ച ചുട്ടിയുടെ ഗന്ധം, ഇങ്ങനെ മനായത്തിന്റെ ഉള്ളറകൾ വേഷങ്ങളും വൈവിധ്യങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

 

സദാ വന്നു പോകുന്ന അതിഥികൾ, വാദ്യകലാകാരന്മാർ, വിരുന്നൂണുകൾ, ഉയർത്തി കെട്ടിയ മോന്തായമുള്ള ദേഹണ്ഡ പ്രദേശത്തു നിന്നുയരുന്ന കുഞ്ചുക്കുറുപ്പാശാന്റെ  കൈപ്പുണ്യത്തിന്റെ വശ്യത... ഇങ്ങനെ കാണുന്ന കാഴ്ച്ചകൾ ഓരോന്നിലും ആഘോഷം പടരുന്നുണ്ടായിരുന്നു..

 

രാത്രിയായാൽ ആട്ടവിളക്ക് തെളിഞ്ഞു തുടങ്ങും. കേളി കൊട്ടിക്കഴിഞ്ഞു ശീല മാറി വരുമ്പോൾ നീളൻ എണ്ണത്തിരിയുടെ വെളിച്ചത്തിൽ വേഷങ്ങൾ അദ്ഭുതം കാണിച്ചു തുടങ്ങും. പിന്നെ വെളുക്കുവോളം കളിയോഗം തന്നെ കഥ... എല്ലാറ്റിനും മൂക സാക്ഷ്യം പറഞ്ഞു കണ്ണുകളിൽ മുദ്രകൾ ആവാഹിച്ച് മറ്റു ദേഹചലനങ്ങൾ വഹിക്കാനാകാതെ നീലകണ്ഠൻ നമ്പൂതിരി ഇരിപ്പുണ്ടാകും...

 

ഇന്ന് അരങ്ങിലെ അവസാനത്തെ ദിവസമാണ്. കീചക വധമാണ് കഥ... മനായത്തിലെ കേശവക്കുറുപ്പിന്റെ ഭീമൻ കുറുപ്പിന്റെ മരുമകൻ ശങ്കരക്കുറുപ്പിന്റെ കീചകൻ, മൂത്തമന നമ്പൂരിയുടെ ചെണ്ട ഇങ്ങനെ കൊഴുപ്പിക്കാനുള്ളതൊക്കെയും തയ്യാറാണ്.. അവസാനത്തെ ദിവസമായതു കൊണ്ട് ആളെണ്ണം കൂടുതലാണ്, വിശേഷപ്പെട്ടവർ ഒരുപാടുണ്ട്... വിശേഷപ്പെട്ടവരുടെ കൂട്ടത്തിൽ രാജാവിന്റെ പ്രതിനിധിയും ദിവാനും വരെയുണ്ട്...

 

മനായം കളിയോഗത്തിൽ നിന്നു തന്നെയുള്ള കളിയല്ലേ. മോശമാകില്ല എന്നുറപ്പാണ് പോരാത്തതിന് കേശവക്കുറുപ്പിന്റെ ഭീമൻ. പച്ചയെഴുതി ആട്ടവിളക്കിനു പിന്നിൽ നിലപിടിച്ചു മുദ്രയിൽ വിരിഞ്ഞു നിൽക്കുന്നത് കാണണം. സാക്ഷാൽ ഭീമസേനൻ വെളിപ്പെട്ടത് പോലെയാണ്. കൂടെ മൂത്തമനയുടെ ചെണ്ട കൂടിയാകുമ്പോൾ കാൽവിരലിൽ നിന്നു തന്നെ പെരുക്കം തുടങ്ങും...

 

‘‘നേരാണോ രാമാ...സത്യാണോ ഞാനീ കേക്കണേ...ഇനീപ്പോ ഈ നേരത്ത് പകരക്കാരനെ ഞാൻ എവിടുന്ന് കൊണ്ടൊരാനാ...?’’

കേശവക്കുറുപ്പ് നിന്നു വിറകൊള്ളുകയായിരുന്നു. കീചക വേഷം കെട്ടാനുറപ്പിച്ച മരുമകൻ നിലതെറ്റി വീണിരിക്കുന്നു. കാലു തറയിൽ തൊടാൻ കഴിയാത്ത വിധം പൊട്ടലുണ്ട് അനങ്ങാൻ വയ്യ. വൈകിട്ടു കളിയാണ്.തെറ്റിച്ചാൽ ഇനി മുതൽ മനായത്തു നിൽപ്പുണ്ടാകില്ല... ശങ്കരക്കുപ്പിന്റെയത്ര ആയതും നിലയുമുള്ള മറ്റൊരാളെ ആലോചിക്കാൻ കൂടി കഴിയില്ല. കീചകൻ കേമമായാലേ ഭീമൻ വിളങ്ങൂ...

‘‘തമ്പുരാൻ ദേഷ്യപ്പെടില്ലന്നാച്ചാൽ ഒരുപായം ഉണ്ട്...’’

എന്താച്ചാൽ പറയ് രാമാ... രാമന്റെ അടക്കം പറച്ചിലിൽ ദേഷ്യം പൂണ്ട കേശവക്കുറുപ്പ് നിന്നലറി...

‘‘രൂപം കൊണ്ടും ആയം കൊണ്ടും മ്മടെ കുഞ്ഞൂട്ടൻകണക്കാ... അരങ്ങേറിയില്ലെങ്കിലും കളി തിട്ടമാണ്. മിടുക്കനാ. അനുമതി തന്നൂച്ചാൽ മുഖത്തെഴുത്ത് തുടങ്ങാം’’ കേശവക്കുറുപ്പിലേക്ക് മുഖമെത്തിച്ചു പിടിച്ചു ഒന്നുകൂടെ ശബ്ദം താഴ്ത്തിയാണ് രാമൻ

പറഞ്ഞവസാനിപ്പിച്ചത്...

‘‘ഏത് ആ ചെറുമൻ വാല്യക്കാരൻ ചെക്കനോ, കളി കണ്ടു പഠിച്ചതാണോ യോഗ്യതാ... ദേ ഇവിടുന്ന് ആ പഠിക്ക് അപ്പുറത്തേക്ക് കേറാൻ യോഗ്യത ഇല്ലാത്തോന്റെ കൂടെ ഞാൻ വേഷം കെട്ടണം...ആടണം അല്ലേ രാമാ...’’

പിളർന്നു നിന്നൊരു അഗ്നിപർവതം കണക്കെ കേശവകുറുപ്പ് പറഞ്ഞു തീർത്തു....

‘‘കളി നടക്കണോച്ചാൽ ഇനീപ്പോ അതേയുള്ളു വഴി. വേഷത്തിൽ കേറിയാൽ പിന്നെ ആര് അറിയാനാ അങ്ങുന്നേ, വേറെ മറുവഴി ഇല്ലാഞ്ഞിട്ടല്ലേ...’’

 

രാമൻ നയത്തിൽ പറഞ്ഞൊപ്പിച്ചു തുടങ്ങി. കേശവക്കുറുപ്പ് അനുനയപ്പെട്ട ലക്ഷണമുണ്ട് എങ്കിലും ഗർവ്വ് വിടുന്ന ഭാവമില്ല...

‘‘നന്നായിട്ടൊന്ന് കുളിപ്പിച്ചിട്ട് വേഷം കെട്ടിക്ക്യ... കാല് തൊടാനും അനുഗ്രഹിക്കാനും എന്നെ നോക്കണ്ട ദക്ഷിണയും വേണോന്നില്ല. എല്ലാം രാമന്റെ വക തന്നെയായിക്കോട്ടെ... അകത്തു കിടത്തിയുള്ള മുഖമെഴുത്തും വേണ്ടാ. കേളിക്ക് നേരാവുമ്പോൾ വേഷത്തിൽ കൊണ്ടോന്നോളുക എനിക്ക് അങ്ങനെ കണ്ടാൽ മതി’’

 

മറുപടി കേൾക്കാൻ നിൽക്കാതെ തീർപ്പ് കൽപ്പിച്ച് കേശവക്കുറുപ്പ് മുഖമെഴുതാൻ നടന്നു...

രാമന്റെ മുഖമൊന്നു തിളങ്ങി....

കുഞ്ഞുകുട്ടൻ... മാറി നിന്നു കളി പഠിച്ച വിദ്വാനാണ് ഏകലവ്യന്റെ നിശ്ചയമുള്ളവൻ...

 

പിറപ്പ് ഏതെന്നു പോലുമറിയാത്ത അടിയാളച്ചെറുക്കൻ. അരങ്ങേറ്റം സ്വപ്നമായി കൊണ്ടു നടക്കുന്നവൻ. പക്ഷേ കഥകളി പഠിച്ചൊരു ചെറുമനെ അംഗീകരിക്കാനുള്ള വിശാലത തമ്പ്രാക്കന്മാർക്ക് ഇല്ലാലോ...

‘‘തേവര് നൽകിയ അവസരമാണ്... വിശേഷപ്പെട്ടവർ ഏറെയുള്ള വേദിയാണ്... അരങ്ങേറുക കുഞ്ഞിക്കുട്ടാ. നിന്റെ നിയോഗമാണ് നിന്റെ വിധിയാണ് ആടുക നീ...ആളുക നീയ്’’

 

രാമന്റെ വാക്കുകൾ കുഞ്ഞിക്കുട്ടന്റെ ചെവിയിൽ കിടന്നു തിളച്ചു മറിഞ്ഞു. പാളത്തൊട്ടിയിൽ നിന്ന് അഞ്ചാവർത്തി വെള്ളം ധാരകോരിയൊഴിച്ചിട്ടും തല തണുക്കുന്നില്ല. വേഷത്തിന്റെ ചൂട് കൂടി വരികയാണ്... മാറി നിന്നു പഠിച്ചതും മനനം ചെയ്തതുമായ മുദ്രകൾ ഓരോന്നായി മനസ്സിലിട്ട് ഉരുക്കഴിച്ചു തുടങ്ങി....

 

കോലായിൽനിന്നു മാറി ദേഹണ്ഡത്തിനായി ഇറക്കി കെട്ടിയ ചായ്പ്പിൽ വച്ചാണ് ചെറുമനെ ചുട്ടി കുത്തുന്നത്... അപ്പോഴും കണ്ണടച്ചു അടക്കത്തിൽ കിടന്ന കുഞ്ഞിക്കുട്ടനെ വിടാതെ തുടരുന്ന വേഷത്തിന്റെ ചൂട്.... മനസ്സിൽ മുഴങ്ങുന്ന രാമന്റെ ചൊല്ല്...

 

‘‘ആടുക നീ...ആളുക നീയ്...

 

കണ്ണുകൾക്ക് താഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലുമായി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്ന കീചകനെ വഹിക്കുന്ന കത്തി വേഷം....

വേഷം പൂർണ്ണമാവുകയാണ്... ആട്ട വിളക്ക് എരിഞ്ഞു തുടങ്ങി.... അതിനൊപ്പം കേളിപിടിച്ചുയരുന്ന മൂത്തമനയുടെ ചെണ്ട വാദ്യത്തിന്റെ പെരുക്കം...

മനായിലെ കൃഷ്ണന്റെ അമ്പലത്തിൽ തേവരെ തൊഴാൻ ചെറുമർക്ക് അവകാശമില്ല. അതുകൊണ്ട് കുഞ്ഞിക്കുട്ടൻ അതിനായി മെനക്കെട്ടില്ല 

അരങ്ങേറ്റമല്ലേ, മനസ്സു കൊണ്ട് കാളിക്കും കരിങ്കുലയ്ക്കും കൂടെ മുക്കണ്ണനും ദക്ഷിണയായി ഇലയൊന്നു വച്ച് കോപ്പുകൾ ദേഹത്തോട് ചേർത്തു പിടിച്ച് കീചക വേഷത്തിൽ കുഞ്ഞുകുട്ടൻ അരങ്ങിലേക്ക് നടന്നു....   

പതിഞ്ഞ കഥകളി പദത്തിനൊപ്പം പെരുക്കത്തിൽ നിന്നു വെളിപ്പെടുന്ന കുഞ്ഞിക്കുട്ടന്റെ കീചകൻ... തികഞ്ഞ നിലയും നിൽപ്പും ആയവും.... ‘‘ഒത്ത കീചകൻ തന്നെ’’

അതിഥികൾ അടക്കം പറയുന്നത് കേട്ട രാമന്റെ ഉള്ളം തുടിച്ചു. കേശവക്കുറുപ്പിന്റെ ഭീമന്റെ നിലവിനും മുകളിൽ അഭിരമിക്കുന്ന കീചകൻ... ആട്ടവിളക്കിന്റെ നിഴലിൽ തിടം വച്ചു വലുതാകുന്ന കുഞ്ഞിക്കുട്ടന്റെ കീചകൻ...

 

മൂത്തമനയുടെ പെരുക്കം തരിച്ചു കയറുകയാണ്... കഥയുടെ ആവേശം പതിനാലാം രംഗത്തിലേക്ക് കടന്നു... പതിനാലാം രംഗത്തില്‍ കീചകന്‍ മാലിനിയോടുള്ള കാമാവേശത്തോടെ അവളെ പ്രാപിക്കുവാനായി രാത്രിയില്‍ തപ്പിതടഞ്ഞ് നൃത്തശാലയിലെത്തുന്നു. അവിടെ പുതച്ചുമൂടി കിടന്നിരുന്ന വലല വേഷത്തിലുള്ള ഭീമനെ മാലിനിയാണെന്ന ധാരണയില്‍ കീചകന്‍ പ്രേമത്തോടെ സമീപിക്കുന്നു.

 

തുടര്‍ന്ന് വലലന്‍ കീചകനുമായി യുദ്ധത്തിലേര്‍പ്പെടുകയും അവനെ ഞെരുക്കിക്കൊന്ന് ഇടിച്ച് പിണ്ഡാകൃതിയിലാക്കി എറിയുകയും ചെയ്യുന്നു.. 

തലയോട് പൊട്ടുന്ന അലർച്ചയും തുടയെല്ലും വാരിയെല്ലും മാംസം വിട്ടു നുറുങ്ങി മാറുന്ന പിടച്ചിലും...

ആഹ്...ഹ്ര്...ഹ്ര്... 

മരണ വെപ്രാളത്തിലുള്ള വിളിയാണ്....ആട്ടവിളക്കിന്റെ വെളിച്ചം ഒന്നുകൂടെ കനത്തിലായി.. മൂത്തമന നിർത്താതെ പെരുക്കുകയാണ്... ജീവൻ വിടുന്ന പിടച്ചിലിൽ അലറിക്കരയുന്ന കേശവക്കുറുപ്പിന്റെ ഭീമൻ... 

കീചകൻ പിടി മുറുക്കിയിരിക്കുകയാണ്... 

‘‘ചെറുമൻ പൊലയാടി... അടിമപ്പുലയാ...’’

ഉള്ളിൽ കിടന്നു ചുട്ടു പഴുക്കുന്ന വായാട്ടുകൾ 

കുഞ്ഞിക്കുട്ടൻ നിലയുറപ്പിച്ചു ഒന്നുകൂടെ കഴുത്തിലെ പിടി മുറുക്കി....

കൊട്ടിക്കലാശത്തിനൊപ്പം കീചകന്റെ പിടുത്തത്തിൽ പെട്ടു തലഞെരമ്പ് പൊട്ടുന്ന ഭീമന്റെ അവസാനത്തെ അലറൽ..

കുഞ്ഞിക്കുട്ടൻ നിന്നു വിയർത്തു....തരിച്ചു നിൽക്കുന്ന സദസ്സ്....

തളം കെട്ടിനിൽക്കുന്ന മൂകതയെ ഭേദിച്ച് കൊണ്ടു മുന്നിലെ സദസ്സിൽ നിന്നുയർന്ന ലോലമായൊരു കൈ തട്ടലിന്റെ ശബ്ദം....

നീലകണ്ഠൻ നമ്പൂതിരിയുടെ അംഗീകാരം... കുഞ്ഞിക്കുട്ടൻ ചിരിച്ചു. ശേഷം കൈകളിൽ പരന്ന ഭീമന്റെ ചോര മുഖത്തെ ചുട്ടിയെഴുത്തിനോടു ചേർത്തു കുഴച്ചു മുഖത്തേയ്ക്ക് പടർത്തി...

 

അപ്പോഴും വിടാതെ പിന്തുടരുന്ന രാമന്റെ വാക്കുകളുടെ പൊള്ളൽ... ആടുക നീ...ആളുക നീ....

 

കീചക മോക്ഷം..

 

English Summary: Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com