ADVERTISEMENT

പണിതീരാത്ത കൂട്ടിലെ പട്ടി (കഥ)

 

ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി ബന്ധം മുടങ്ങിയപ്പോഴാണ് സൗദ ഉറക്കമുണർന്നത്. അവൾ മുറിയിലെ ക്ലോക്കിലേക്ക് നോക്കി. നേർത്ത ഇരുട്ടിൽ സമയം വ്യക്തമായി കണ്ടില്ലെങ്കിലും കുറച്ചു മാസങ്ങളായി ക്ലോക്ക് ചലനമറ്റു കിടക്കുകയാണല്ലോ എന്നതവളോർത്തു. തലയണക്കരികെ വെച്ച മൊബൈലെടുത്ത് അവൾ സമയം നോക്കി. ആറുമണിയാകുന്നേയുള്ളു. മഴയെത്രയൊക്കെ ആർത്തലച്ചു പെയ്താലും കാറ്റ് എത്രയൊക്കെ ശക്തിയിൽ വീശിയാലും വൈദ്യുതിയില്ലെങ്കിൽ ഉറക്കത്തിന്റെ സുഖം നഷ്ടപ്പെടും. മഴയ്ക്കും കാറ്റിനുമൊപ്പം ചെറിയ വേഗതയിലാണെങ്കിലും  മുറിയിൽ ഫാൻ കൂടി വേണം. അതൊരു ശീലമായിപ്പോയി.

 

സൗദ അരികിൽ കിടക്കുന്ന മക്കളെ നോക്കി. രണ്ടുപേരും നല്ല ഉറക്കത്തിലാണ്. മതിയാവോളം ഉറങ്ങട്ടെ, ഓൺലൈൻ ക്‌ളാസ്സ്‌ തുടങ്ങാൻ പത്തുമണിയാകും. കുളിപ്പിച്ചൊരുക്കി, ഉന്തിത്തള്ളി സ്‌കൂളിൽ പറഞ്ഞയക്കേണ്ടല്ലോ എന്നത് തന്നെ വലിയ ആശ്വാസം. വെളിവായ അവരുടെ നഗ്‌നതയെ സ്ഥാനം തെറ്റിക്കിടന്ന പുതപ്പെടുത്ത് മൂടി സൗദ. പുറമെ നിന്നാരും എത്തിനോക്കാൻ വരില്ലെങ്കിലും ചെറിയ മക്കളാണെങ്കിലും അമ്മമാരങ്ങിനെയാണ്.. കരുതലിന് കാലമില്ല, ഇടമില്ല, പ്രായവുമില്ല.

 

പ്രാഥമിക കൃത്യങ്ങൾ ചെയ്ത് തീർത്ത് സൗദ അടുക്കളയിലേക്ക് നടന്നു. ചായക്ക് വെള്ളം വെച്ചു. തലേന്ന് ബാക്കി വന്ന ചോറും കറികളും ഒരു പാത്രത്തിലേക്ക് ചൊരിഞ്ഞ്, കഴുകാൻ വെച്ച പാത്രങ്ങളിലെ എച്ചിലുകളും കൂടി അതിലേക്കിട്ട് അവൾ അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങി. കഴുത്തിൽ കിടന്ന ഷാളെടുത്ത് തലയിലേക്കിട്ട് മഴത്തുള്ളികളെ തടയാൻ ശ്രമിച്ചെങ്കിലും കഴുത്തിലും കൈകളിലും ചുംബിച്ചും മൂക്കിൻ തുമ്പത്ത് പ്രഹരമേൽപ്പിച്ചും മഴത്തുള്ളികൾ പ്രതികാരം തീർത്തു.

 

പട്ടിക്കൂടിനു മുമ്പിലെ പാത്രത്തിൽ വെള്ളം തളം കെട്ടി നിന്നിരുന്നു. അവളെ കണ്ടപ്പോൾ പട്ടിയൊന്നു എഴുന്നേറ്റ് നിന്നു. ഇരുമ്പ് വാതിലിൽ മൂക്ക് മുട്ടിച്ച്‌ നാവ് പുറത്തേക്കിട്ട് സ്നേഹ സൂചകമായി അതൊരു ചെറിയ ശബ്ദമുണ്ടാക്കി. രണ്ടുമക്കളെയും കൊണ്ട് പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ ‘‘ഞാനില്ലാത്തപ്പോൾ ഇവൾ നിനക്ക് കാവലാവട്ടെ’’ എന്ന് പറഞ്ഞു കൊണ്ട് അവളുടെ പ്രിയതമൻ കൊണ്ടുവന്നതാണ് അവളെ. വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രം പഴക്കമുള്ള ആ വീടിന്റെ അത്ര തന്നെ പ്രായമേ ആ പട്ടിക്കും കാണൂ. ഇനിയും മിനുക്കുപണികൾ അവശേഷിക്കുന്ന അവരുടെ  വീട് പോലെയാണ് പട്ടിക്കൂടും. അലങ്കാരമൊന്നുമില്ല, പക്ഷേ താമസയോഗ്യം!

 

നൂറു ചെറുനാരങ്ങയുടെ ശക്തിയേക്കാൾ വേഗത്തിൽ വന്നുപതിച്ച മഴത്തുള്ളികൾ പാത്രത്തിന്റെ അടിഭാഗത്തും അരികുകളിലും പറ്റിപ്പിടിച്ച പഴക്കമുള്ള ഭക്ഷ്യാവശിഷ്ടങ്ങളെ ഇളക്കിയിട്ടതിനാൽ അവൾ വെള്ളം ഒഴിച്ച് കളഞ്ഞപ്പോൾ തന്നെ പാത്രം വൃത്തിയുള്ളതായി മാറി. കയ്യിലുള്ള പാത്രത്തിലെ പഴയ ഭക്ഷണം പട്ടിയുടെ ഭക്ഷണ പാത്രത്തിലേക്ക് വിളമ്പി മഴവെള്ളം വീഴാതിരിക്കാൻ  പട്ടിക്കൂക്കൂടിന്റെ വാതിലിനരികിലേക്ക് നീക്കി വെച്ച് അവൾ അടുക്കളയിലേക്ക് തിരിച്ചു നടക്കുമ്പോൾ ചായക്ക് വെച്ച വെള്ളം തേയിലപ്പൊടിയെ കാണാത്ത അരിശത്തിൽ തിളച്ചു മറിയുന്നുണ്ടായിരുന്നു. അവൾ തേയിലപ്പൊടി ചൊരിഞ്ഞപ്പോൾ അവ സന്തോഷം കൊണ്ട് പതയുയർത്തി. പാലും പഞ്ചസാരയും ചേർത്തപ്പോൾ സന്തോഷമിരട്ടിച്ചു, ഒപ്പം പതയും. എങ്കിലും സന്തോഷം അതിരു കവിയാതിരിക്കാൻ അവൾ തീ കുറച്ച് വെച്ച് ചായ ഇളക്കിക്കൊണ്ടിരുന്നു.

 

വലിയൊരു ഗ്ലാസ്സിലേക്ക് ചായ പകർന്ന് സൗദ വീടിന്റെ മുകളിലെ  നിലയിലേക്കുള്ള കോണിപ്പടികൾ കയറി. കോണിപ്പടിക്ക് കൈവരികൾ ഘടിപ്പിക്കാത്തതിനാൽ സൂക്ഷിച്ചാണ് അവൾ മുകളിലേക്ക് കയറിയത്. ഈ കൊറോണയെന്ന വൈറസ് വന്നില്ലായിരുന്നെങ്കിൽ പൂർണ്ണമായും പണിയൊക്കെ കഴിഞ്ഞു വീട് മനോഹരമാകേണ്ടതായിരുന്നെന്ന് നിരാശയോടെ അവളോർത്തു. കയ്യിൽ ചായയും പിടിച്ച് സൗദ വാതിൽ മുട്ടി, കുറച്ചു ചുവടുകൾ പിന്നിലേക്ക് നടന്നു. അവിടെ നിലത്ത് വെച്ച ട്രേയിലേക്ക് ചായഗ്ലാസ്സ് വെക്കുമ്പോൾ വാതിൽ തുറന്ന് അയാൾ വന്നു.

 

രണ്ടുപേരുടെയും കണ്ണുകൾ തമ്മിലുടക്കി. കാണാൻ കഴിയാത്ത വൈറസിന്റെ പേരിൽ കാണാൻ കഴിയാത്ത വികാരങ്ങൾ അകന്നുതന്നെ നിന്നു.

 

പെട്ടെന്നൊരു കാറ്റ് വന്ന് അയാളുടെ മുറിയിലെ ജനലുകളടച്ചു.

 

‘‘ജനൽ തുറന്നിട്ട് കൊണ്ടാണോ ഉറക്കം? നല്ല കാറ്റാണ് തുറന്നിട്ടാൽ ചില്ലുകൾ പൊട്ടും.. ഇങ്ങള് വരുന്നത് കൊണ്ട് താത്കാലികമായി വെച്ച ജനലുകളാണ്...’’  അവൾ ചെറിയ ചിരിയോടെ പറഞ്ഞു.

 

‘‘അല്ല, ഉണർന്നപ്പോൾ വെറുതെ തുറന്നതാണ്. ഞാൻ പുറത്തെ മഴക്കാഴ്ച്ചകളൊക്കെ നോക്കിക്കാണുകയായിരുന്നു. നീ പട്ടിക്ക് ഭക്ഷണം കൊടുക്കുന്നതും കണ്ടു.’’

 

ചെറിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അയാൾ അവളെയും മുറിക്ക് പുറത്ത് ചായ വെച്ച ട്രേയിലേക്കും മാറി മാറി നോക്കി.

 

‘‘ഇവിടെ നിന്ന് പറമ്പിന്റെ എല്ലാ ഭാഗത്തേക്കും നല്ല കാഴ്ച്ചയാണല്ലേ...’’ അവൾ വിഷയം മാറ്റാനായി ചോദിച്ചു.

 

‘‘ആഹ്, അതെ അതെ.. കടം കൂടിയെങ്കിലും നിന്റെ നിർബന്ധത്തിൽ മുകൾ നില കൂടി വാർപ്പ് കഴിച്ചിട്ടത് നന്നായി.’’

 

അയാളുടെ വാക്കുകൾ കേട്ടപ്പോൾ അവളിൽ സന്തോഷം നിറഞ്ഞു.

 

‘‘ചിലവ് ഉദ്ദേശിച്ചതിലും കൂടി, ആകെ രണ്ടുമക്കളും നീയും, താഴെ മൂന്നുമുറികളുണ്ട്, പിന്നെ എന്തിനാ മുകളിൽ....’’ തുടങ്ങിയ  മുൻകാലങ്ങളിലെ അയാളുടെ കുറ്റപ്പെടുത്തലുകളെയൊക്കെ മറന്നു ചിരിച്ചുകൊണ്ട് അവൾ പടികളിറങ്ങി.

 

അയാൾ ചായ എടുക്കാനായി ട്രേയ്ക്ക് അരികിലേക്ക് നടന്നു. കുനിയുമ്പോൾ ഇരുമ്പ് കമ്പിയിഴകളിൽ മൂക്ക് മുട്ടിച്ച് നാവ് പുറത്തേക്കിട്ട പട്ടിയുടെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു. നാനാ രാജ്യങ്ങളിലെ ഒരു പരിചയവുമില്ലാത്ത നാനാവിധ ജനങ്ങൾ താമസിക്കുന്നിടത്ത് തനിക്കൊരു ചങ്ങലയുടെ ബന്ധനവുമുണ്ടായിരുന്നില്ലെന്നും അവജ്ഞയോടെ തന്നെയാരും നോക്കിയിരുന്നില്ലെന്നും അയാൾ തിരിച്ചറിഞ്ഞു. അകലം പാലിച്ചും മുഖാവരണവും കയ്യുറയും ധരിച്ച് അവശ്യയാത്രകൾ സാധ്യമായിരുന്നതിനാൽ മാസങ്ങളോളം നീണ്ട തൊഴിൽ രഹിതനായുള്ള ജീവിതം സാമ്പത്തിക സ്ഥിതിയിൽ മാറ്റം വരുത്തിയതൊഴിച്ചാൽ മാനസിക ആരോഗ്യത്തെ ബാധിച്ചിരുന്നില്ല.

 

കാണാത്ത ചങ്ങലകളാലും അവഗണനയാലും പിറന്ന നാട്ടിൽ താൻ ബന്ധനസ്ഥനാണോ എന്ന സംശയത്താൽ  അയാൾക്കൊന്ന് ഉച്ചത്തിൽ കുരയ്ക്കണമെന്ന് തോന്നി.

 

കയ്യിൽ ചായ ഗ്ലാസ്സും പിടിച്ച് കൊണ്ട് കാറ്റ് അടച്ചിട്ട ജനൽവാതിൽ അയാൾ വീണ്ടും തുറന്നു. നാവുകൾ നീട്ടി എച്ചിൽ തിന്നുന്ന പട്ടിയെ അയാൾ സാകൂതം വീക്ഷിച്ചു. ചുണ്ടോട് ചേർക്കാൻ തുടങ്ങിയ ചായ ഗ്ലാസ്സ് അകറ്റി പിടിച്ച് നാവ് നീട്ടി ചായ കുടിക്കാൻ അയാൾ ശ്രമിച്ചു. ശ്രമം വിഫലമായപ്പോൾ അയാൾ വീണ്ടും പട്ടിയെ നോക്കി. തീറ്റ നിർത്തി ഉച്ഛത്തിൽ കുരയ്ക്കുന്ന പട്ടിയെ കണ്ടപ്പോൾ അയാൾ പരിസരം ശ്രദ്ധിച്ചു.

 

പറമ്പിന്റെ അതിരു നിർണയിക്കുന്ന മതിലിന് മുകളിൽ നിന്ന് മുഴുത്തൊരു കീരി തൊടിയിൽ ചിക്കിച്ചികയുന്ന തള്ളക്കോഴിയെയും കുഞ്ഞുങ്ങളേയും വീക്ഷിക്കുന്നുണ്ട്. പട്ടിയുടെ കുരയ്ക്കൊപ്പം കോഴികളുടെ ശബ്ദവും മുഴങ്ങിയപ്പോൾ പേടിപൂണ്ടാവാം കീരി പതിയെ പിൻവാങ്ങി. ശബ്ദം നിലച്ചു, വീട്ടു പരിസരം വീണ്ടും ശാന്തമായി. പട്ടി വീണ്ടും എച്ചിൽ പാത്രത്തിലേക്ക് നാവിട്ടു, തള്ളക്കോഴിയുടെ ചിറകിലൊളിച്ച കോഴിക്കുഞ്ഞുങ്ങൾ ധൈര്യസമേതം പുറത്തേക്കിറങ്ങി.

 

അയാൾ കാഴ്ചകളിൽ നിന്ന് കണ്ണെടുത്ത് മുറിയിലെ കട്ടിലിൽ വന്നിരുന്നു. പട്ടിയെ പോലെ നാവ് കൊണ്ട് നക്കിക്കുടിക്കാനുള്ള ശ്രമത്തിനിടയിൽ ആറിത്തണുത്ത  ചായ ഒറ്റവലിക്ക് കുടിക്കുമ്പോൾ അയാൾ ഇനിയും ബാക്കിയുള്ള ഹോം ക്വാറന്റൈൻ ദിവസങ്ങളുടെ കണക്കെടുത്തു. ‘‘ഇതൊരു ബന്ധനമല്ല, കാവലാണ്..  എല്ലാം ഉപേക്ഷിച്ച്  വർഷങ്ങൾ  അന്യരാജ്യത്ത് കഴിഞ്ഞതും ദിവസങ്ങൾ സ്വന്തം നാട്ടിൽ ഒറ്റയ്ക്ക് കഴിയുന്നതും പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള കാവൽ തന്നെയാണ്.’’ മനസ്സ് അയാളോട് തിരുത്തിപ്പറഞ്ഞു.

 

അയാൾ എഴുന്നേറ്റ് വീണ്ടും പട്ടിക്കൂടിലേക്ക് നോക്കി. വയറു നിറഞ്ഞ നിർവൃതിയിലും ചുറ്റിലും ശത്രുക്കളാരുമില്ലെന്ന ഉറപ്പിലും അതും ശാന്തമായി കിടക്കുകയായിരുന്നു!

 

English Summary: Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com