ADVERTISEMENT

‘‘കുറച്ചു ദിവസം ഞാനെന്റെ വീട്ടില്‍ പോയി നിന്നോട്ടെ’’

ഭാര്യ തന്റെ ഭര്‍ത്താവിനോടോ, ഭര്‍ത്താവിന്റെ അമ്മയോടോ ചോദിക്കുന്നൊരു ചോദ്യമാണത്...

ഒന്നോര്‍ത്ത് നോക്കണേ... നമ്മള് ആണുങ്ങള് എന്തൊരു കംഫേര്‍ട്ട് സോണിലാണ് ഇരിക്കുന്നത് എന്ന്... അതിന് അവള് കേട്ട മറുപടിയെന്താണ്‌..

 

‘‘നീ ഒരു മാസം മുൻപല്ലേ പോയി വന്നത്.’’

 

എങ്ങനെയുണ്ട്!

 

ചെറുപ്പം തൊട്ട് കളിച്ചും പഠിച്ചും വളര്‍ന്ന പെണ്‍കുട്ടിയേ വിവാഹത്തോടെ സ്വന്തം വീട് വിരുന്നുകാരിയായി കണ്ടുതുടങ്ങുക....

പെങ്ങളെ ഒരു ദിവസം പെട്ടന്ന് വീട്ടിൽ കണ്ടാല്‍ പടി കടന്ന് വരുന്ന ആങ്ങള ചോദിക്കുന്ന ആദ്യ ചോദ്യം എന്തായിരുന്നു...

‘‘ആഹ് നീയോ... എപ്പോഴാ വന്നേ... എന്തേ വന്നേ...’’ എന്തൊരു മനോഹരമായ ചോദ്യമാണത്...

അവളപ്പോള്‍ ചുരുങ്ങി, ചൂളി... ചങ്കിലാരോ പിടിച്ചപോലെ മനസ്സുകൊണ്ടോന്ന് പിടഞ്ഞിട്ടുണ്ടാകും.

‘‘എന്റെയും വീടല്ലേ... എനിക്ക് കാരണങ്ങള്‍ ഒന്നുമില്ലാതെ ഇവിടെ വന്നൂടെ’’ എന്നൊരു ചോദ്യം തിരിച്ച് ചിലരെങ്കിലും ചോദിക്കാന്‍ മുതിരും... കൂടപ്പിറപ്പല്ലേ... അവനത് അങ്ങനെ ചോദിച്ചതാകില്ല എന്ന് ചിലര് ഉള്ളിലുള്ള പെണ്ണിനോട് സമാധാനം പറയും..!

 

മീന്‍ പൊരിച്ചത് എല്ലാര്‍ക്കും ഒരുപോലെ കിട്ടാത്തതില്‍ നിന്നാണ് സ്ത്രീകളെക്കുറിച്ച് മാത്രം പറയാന്‍ തുടങ്ങിയത് എന്ന് പറയുമ്പോള്‍ നമ്മളൊക്കെ അതിലെ തമാശ ചൂഴ്ന്ന് എവിടംവരെ എത്തിയെന്ന് ഓര്‍ത്തുനോക്കൂ... അതൊന്ന് മനസ്സിലിട്ട് വാചകം വലുതാക്കി നമ്മുടെ തീന്മേശയിലെക് വ്യാപിപ്പിച്ചു നോക്കൂ...

 

വിവേചനം തീരെ അനുഭവിക്കാതെയാണോ നിങ്ങടെ അനിയത്തിയോ ജേഷ്ടത്തിയോ വളര്‍ന്നത്... അല്ലാ എന്ന് ചിലപ്പോഴെങ്കിലും ഓര്‍മ്മയുടെ ചിത്രത്തിൽ ഓളുടെ പ്ലയ്റ്റ് തെളിയുമ്പോള്‍ നിങ്ങള് പറഞ്ഞുപോകും...!

 

എന്‍റെ ഉമ്മ, ഉമ്മാടെ വീട്ടില് പോയി തിരികേ പോരുമ്പോള്‍ തൊടിയിലെ ചീരയും മുളകിന്റെ ഇലയും ചേമ്പിന്റെ തണ്ടും തുടങ്ങി എല്ലാം കയ്യില് കാണും... ഉമ്മയാണ് അത് പിടിച്ച് M.R ബസ്സ്‌ കയറാന്‍ ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുക... അതൊന്ന് വാങ്ങി കയ്യില്‍ പിടിക്കാന്‍ മനസ്സ് തോന്നില്ല... കവറിന് പുറത്തേക്ക് ഉന്തി നില്‍ക്കുന്ന ചേമ്പിന്റെ തണ്ടും പാതി എത്തിച്ചു നോക്കുന്ന തേങ്ങയും ഒക്കെ പിടിച്ചു നടക്കുന്നൊരു കുറച്ചില് മീശ മുളക്കുന്ന കാലം മുന്‍പേ ആണ്‍കുട്ടിയുടെ മനസ്സിലുണ്ട് എന്ന് സാരം...

 

എന്നാല്‍ വീട്ടില് വന്നാലോ അതൊക്കെ ഏറ്റവും കൂടുതല്‍ വിഭവമായി കാണുന്നതും ആണുങ്ങളുടെ പ്ലയ്റ്റിലാണ്...

 

അങ്ങനെ നീളുന്നൊരു ആണ്‍ മേല്‍കോയ്മയുള്ള സമൂഹത്തേ ആദ്യം വാര്‍ത്തെടുക്കുന്നത് സ്വന്തം വീടുകളാണ്... ആണെന്നപോലെ പെണ്ണിനേയും നമ്മളവിടെ പരിഗണിക്കുന്നില്ല എന്ന സത്യം ശബ്ദമില്ലാതെ കരയുക അപ്പോഴല്ല. പിന്നീടാണ്....

 

പീഡനം നേരിട്ട സ്ത്രീയുടെ നേര്‍ക്ക് നീണ്ട ആദ്യ ചോദ്യം അവളിട്ട വസ്ത്രത്തെപറ്റിയാകുമ്പോള്‍...

 

നാല് വര്‍ഷമായാലും നാല്‍പ്പത് ദിവസമായാലും വിശേഷം വന്നില്ലെങ്കില്‍ മച്ചിയാകുമ്പോള്‍.... 

ആണിന്റെ  പ്രശ്നത്തിന് ഒരു ‘‘മച്ചന്‍’’ ഇല്ലാത്ത അവസ്ഥയാകുമ്പോള്‍....

 

ലേശം തന്റേടവും,.. കാര്യപ്രാപ്തിയും കൈവരുന്ന നേരം... അവള് പോക്ക് കേസാണ് എന്ന് പൊതുബോധം ഒച്ചവെക്കുമ്പോള്‍.....

 

മകനോ മകളോ മോശമായാല് അമ്മയുടെ വളര്‍ത്തുദോഷമായി ചാപ്പ കുത്തുമ്പോള്‍,....

 

തന്റെ  സ്വപ്നത്തേക്കുറിച്ച് മനോഹരമായി പറഞ്ഞാലും എഴുതിയാലും ‘‘എന്തൊക്കെയോ ഉടായിപ്പുള്ളവളായി’’ നമ്മുടെയൊക്കെ നോട്ടങ്ങളില്‍ മാര്‍ക്കിടപ്പെടുമ്പോള്‍.....

 

വിവാഹത്തോടെ അവള്‍ ഭര്‍ത്താവിന്റെ സ്വത്തും, ഭര്‍ത്താവിന്റെ  സമ്മതത്തിനു വേണ്ടി സ്വന്തം ഇഷ്ടങ്ങളെ കാറ്റില്‍ പറക്കാന്‍ വിടേണ്ടിവരുകയും ചെയ്യുമ്പോള്‍.....

 

അവള് വീണ്ടുമൊരു വിവാഹം ചെയ്‌താല്‍ അയാള്‍ വീണ്ടുമൊരു വിവാഹം ചെയ്തതിനും കൂടുതലായി മൈലേജുള്ള വാര്‍ത്തയാകുമ്പോള്‍....

 

പൊതുബോധത്തോട് ഒട്ടി നിന്ന്കൊണ്ടല്ലാതെ ഇതൊക്കെ വായിക്കുമ്പോഴാണ് നമ്മളെയൊക്കെ ഗ്രസിച്ചിരിക്കുന്ന ആണത്തമേല്‍കോയ്മയെന്ന അല്‍പ്പത്തരത്തിന് ഇത്രയേറെ ചില്ലകളും ഇലകളും ഉണ്ടായിരുന്നുവെന്ന് നമ്മളറിയുക.

 

പെട്ടന്ന് നമ്മളിലേക്ക് സ്വന്തം വീടും, വീട്ടുകാരെയും വിട്ട് ഒരു ദിവസം പറിച്ചു നടുന്ന ചെടിയാണ് അവള്‍...

വെണ്ണീറും, വെള്ളവും, വളവും ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഇലയില്ലാത്ത ആ ചെടിക്ക് നല്‍കിയിട്ട് വലിയ കാര്യമൊന്നുമില്ല....

നനക്കാന്‍ നമ്മുടെ ഹൃദയത്തില്‍ വെള്ളമുണ്ടാവണം... അതവള് ആഗ്രഹിക്കുമ്പോഴും അവളെ ആഗ്രഹിക്കുമ്പോഴും പകുത്ത് നല്‍കാന്‍ കഴിയണം....

 

അവൾക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളെപ്പറ്റി അവള് പറയുമ്പോൾ നമുക്ക് മാന്യമായി തിരുത്താനും കേൾക്കാനും കഴിയുക എന്നതിലാണ് നമ്മളുടെ ഐഡന്റിറ്റിയുണ്ടാകേണ്ടത്...

 

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും നിങ്ങള്‍ക്കുണ്ടെങ്കില്‍ രണ്ടുപേര്‍ക്കും സ്നേഹം പോലെ സ്വാതന്ത്ര്യവും ധൈര്യവും വീറും വാശിയും സമം ചേര്‍ത്ത് നല്‍കുക....

അവളുടെ സ്പേസ് നല്‍കാനുള്ളതോ അപഹരിക്കാനുള്ളതോ ആയ ആളല്ല നമ്മളെന്നറിയുക... അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നത് കടമപോലെ ചെയ്ത് വെക്കുക....

ഇഷ്ടപ്പെടാത്ത ദാമ്പത്യത്തില് അവളോട്‌ ഓവര്‍ അഡ്ജസ്റ്റിങ്ങ് പറയാതിരിക്കുക... ഒന്ന് കരയാനും, പൊട്ടിച്ചിരിക്കാനും സ്പേസ് കൊടുക്കുക.....

 

എല്ലാറ്റിനും അപ്പുറത്ത് നമ്മുടെ വീട്ടില്‍... ചുരുങ്ങിയത് അവിടെയെങ്കിലും...

ഉമ്മയ്ക്കും അനിയത്തിക്കും  ജ്യേഷ്ഠത്തിക്കും നമ്മുടെ തീന്മേശയില്‍ നമ്മുടെ ഒപ്പം ഭക്ഷണം വിളമ്പുക... നമ്മളുടെ ബാക്കി ഉണ്ടെങ്കില്‍ കഴിക്കാനും നമ്മടെ ആര്‍ത്തിയില്‍ മിച്ചമില്ലാത്തത് കഴിക്കാതിരിക്കാനുമുള്ള രണ്ടാം ‌പൗരരല്ല അവരെന്നറിയുക...

 

ജനാധിപത്യ രാജ്യം പോലെ പവിത്രമാണ് ജനാധിപത്യ വീടുമെന്നോർക്കുക....

എല്ലാം തുടങ്ങിവെക്കുന്നതും, എല്ലാം പഠിപ്പിക്കുന്നതും, എല്ലാം ശീലിക്കുന്നതും വീട്ടില്‍ നിന്നാണ്...

വീട് അവളെ എങ്ങനെ അടയാളപ്പെടുത്തുന്നുവോ അങ്ങിനെയാണ് സമൂഹവും അവളെ അടയാളം വെക്കുക...!!

 

എന്‍റെ ബോധ്യങ്ങളാണ്,... എന്‍റെ ശരികളുമാണ്... 

എന്നാല്‍ ഞാന്‍ പറഞ്ഞ, നമ്മള്  പ്രവര്‍ത്തിച്ച ആണ്‍മേല്‍ക്കോയ്മയുടെ ഹുങ്കിന് തലകുനിക്കേണ്ടിടത്ത് കുനിക്കണം എന്ന് പറഞ്ഞ് വയ്ക്കുകകൂടിയാണ്...!

 

English Summary: Essay on Gender Equality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com