ADVERTISEMENT

എഫ്​ഐആർ (കഥ) 

 

സുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ സ്വർണ മെഡൽ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ ട്രെയിനിൽ ഇരുന്ന് അയാൾ ആലോചിച്ചു താൻ ഈ പുരസ്‌കാരത്തിന് അർഹൻ ആണോ?. ഇരുപത്തി അഞ്ചു വർഷം ആയി പോലീസ് സേനയിൽ ചേർന്നിട്ടു. ഒരുപാട് കേസുകൾ, എല്ലാം തന്റെ കഴിവിന്റെ പരമാവധി സത്യസന്ധമായി അന്വേഷിച്ചു.യഥാർഥ പ്രതികളെ തന്നെ പിടിക്കാൻ ശ്രമിക്കുന്നതിനു കൂടെ തന്നെ ഒരു നിരപരാധി പോലും ശിക്ഷിക്കപെടാതിരിക്കാനുംആത്മാർഥമായി ശ്രമിച്ചിരുന്നു. എന്നാലും താൻ നീതിക്ക് നിരക്കാത്ത കാര്യം ചെയ്തിട്ടില്ലേ?

 

സോമൻ സാർ എന്നു നാട്ടുകാരും കീഴ്ജീവനക്കാരും സ്നേഹത്തോടെ വിളിക്കുന്ന സോമശേഖരൻ എന്ന സി ഐ പുറത്ത് അകാലത്തിൽ പെയ്തുകൊണ്ടിരിക്കുന്ന മഴയുടെ തണുപ്പിലും ട്രെയിനിനകത്ത് ഇരുന്നു വിയർത്തു.

 

ആ ദിവസവും ആ കേസും അയാൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

 

അന്നും ഇതേപോലെ മഴ ഉള്ള ഒരു ദിവസം ആയിരുന്നു. തലേന്ന് മുഖ്യമന്ത്രിയുടെ സന്ദർശനം ഉണ്ടായിരുന്നതിനാൽ രാത്രി രണ്ടു മണിക്കാണ് ഒന്ന് വന്നു കിടക്കാൻ കഴിഞ്ഞത്.അതുകൊണ്ട് തന്നെ രാവിലെ മഴയുടെ സുഖത്തിൽ എണീക്കാൻ മടിച്ചു കിടക്കുമ്പോൾ ആണ് പെട്ടന്ന് സ്റ്റേഷനിൽ നിന്നും ഒരു ഫോൺ വന്നത്. സ്റ്റേഷൻ പരിധിയിൽ ഒരു അസ്വാഭാവിക മരണം നടന്നിരിക്കുന്നു.സാർ പെട്ടെന്ന് വരണം എന്നു പറയാനാണ് ഹെഡ് കൊൺസ്റ്റബിൾ വേലായുധൻ വിളിച്ചത്.

 

‘‘എസ് ഐ സുമേഷ് ഇല്ലേ അവിടെ’’

‘‘സുമേഷ് സർ ഇന്ന് ലീവ് പറഞ്ഞിരുന്നല്ലോ. സാറിന്റെ അച്ഛന്റെ ആണ്ടല്ലേ ഇന്ന്’’

‘‘ഓ ഞാൻ അതു മറന്നു.നിങ്ങൾ സ്പോട്ടിലേക്ക് പൊയ്ക്കോളൂ.ഞാൻ അങ്ങോട്ടു വരാം’’

 

പെട്ടന്ന് തന്നെ റെഡി ആയി പറഞ്ഞ സ്ഥലത്തു എത്തുമ്പോൾ സ്ഥലത്തു ഒരുപാട് ആളുകൾ കൂടിയിട്ടുണ്ട്. ശവം അഴുകിയ മണം പരിസരത്ത് ഒക്കെ ഉണ്ടായിരുന്നു.

 

പെട്ടന്ന് വേലായുധൻ പുറത്തേക്കു വന്നു.‘‘അകത്താണ് സാർ ബോഡി കിടക്കുന്നത്’’

‘‘താൻ ആദ്യം ഇവിടെ കൂടി നിൽക്കുന്ന ഇവന്മാരെ ഒക്കെ ഒന്നു ഈ വളപ്പിന് പുറത്തോട്ടു മാറ്റി നിർത്തു’’

 

ഉള്ളിലേക്ക് കയറുമ്പോൾ കൂടെ വന്ന വേലായുധൻ പറഞ്ഞു ‘‘മരണം നടന്നിട്ട് നാല് അഞ്ചു ദിവസം എങ്കിലും ആയിട്ടുണ്ട് സാർ. പക്ഷെ ഇതുവരെ ആരെയും അറിയിച്ചിട്ടില്ല. ഒരു സ്ത്രീയും രണ്ടു കുട്ടികളും മാത്രമേ ഉള്ളു വീട്ടിൽ. അവർ ഫ്രിഡ്ജിൽ നിന്നെടുത്ത ഐസ് ഒക്കെ വെച്ചു ചുറ്റും കുന്തിരിക്കവും ചന്ദനതിരിയും ഒക്കെ കത്തിച്ചുവെച്ചു ബോഡിക്കടുത്തു ഇരിക്കുക ആണ്’’

 

പറഞ്ഞ പോലെ തന്നെ റൂമിൽ കിടത്തിയിരിക്കുന്ന ശവത്തിന്റെ അടുത്ത് ഒരു സ്ത്രീയും രണ്ടു പെൺകുട്ടികളും ഇരിക്കുന്നുണ്ട്. മൂത്ത പെൺകുട്ടിക്ക് ഒരു പതിമൂന്ന് പതിനാലു വയസു തോന്നിക്കും ചെറിയ കുട്ടിക്ക് ഒരു അഞ്ച് വയസ്സ് കാണും.

 

‘‘അന്നമ്മ ഇവരെ പിടിച്ചു മാറ്റു. എന്നിട്ടു ബോഡി എടുക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യൂ. ആംബുലൻസ് എത്തിയല്ലോ അല്ലെ’’

‘‘എത്തി സാർ’’

വേലായുധൻ മറുപടി പറഞ്ഞു.

താൻ പറഞ്ഞതു കേട്ടിട്ട് ആണെന്ന് തോന്നുന്നു ആ കുട്ടികൾ കരയാൻ തുടങ്ങി ‘‘ഉപ്പച്ചിയെ കൊണ്ട് പോകല്ലേ സാറേ ഉപ്പച്ചി ഇപ്പൊ തിരിച്ചു വരും. അതുവരെ ഞങ്ങൾ ഇവിടെത്തന്നെ ഇരിക്കട്ടെ’’

പക്ഷെ ആ സ്ത്രീയുടെ മുഖത്തു ഇപ്പോഴും നിർവികാരത ആണ് കാണുന്നത് എന്നു സി ഐ ശ്രദ്ദിച്ചു. അന്നമ്മ അല്പം ബലം പ്രയോഗിച്ചാണ് ആ അമ്മയെയും രണ്ടു മക്കളെയും അവിടെ നിന്നും മാറ്റിയത്.

ഇൻകോസ്റ്റു കഴിഞ്ഞു ബോഡി ആംബുലൻസിൽ കയറ്റി വിട്ടു പുറത്തോട്ടിറങ്ങുമ്പോഴേക്കും വീണ്ടും വീടിനു ചുറ്റും ആളുകൾ കൂടിയിരുന്നു. അതിൽ ഒരുത്തൻ മുന്നോട്ടു വന്നു പറഞ്ഞു ‘‘അവളാണ് സാറേ ഇന്റെ ഇക്കാനെ കൊന്നത് എന്നിട്ടു ദുർമന്ത്രവാദം ചെയ്യാൻ വേണ്ടി ശവം സൂക്ഷിച്ചു വെച്ചതാ. ഞാൻ രാവിലെ ഇക്കാനെ അന്വേഷിച്ചു വന്നപ്പോൾ ഇവിടെ ഇല്ല എന്നാ ഓള് പറഞ്ഞതു. പിന്നെ മണം  തോന്നി ഞാൻ വാതിൽ തള്ളി തുറന്നു കയറിയപ്പോൾ  ഇന്റെ ഇക്കാന്റെ ശവം ആണ് സാറേ കണ്ടത് മരിച്ചിട്ട് നാലഞ്ചു ദിവസമെങ്കിലും ആയിട്ടുണ്ടാവും.’’

അവനെ കൈ കാണിച്ചു വിളിച്ചിട്ട് ചോദിച്ചു ‘‘താൻ ആരാഡോ’’

‘‘എന്റെ ഇക്കയാണ് സാറേ മരിച്ചത്’’

‘‘തന്റെ പേരെന്താ’’

‘‘അബ്ദുള്ള’’

‘‘മരിച്ച ആളുടെ പേര്’’

‘‘ഖാദർ, അബ്ദുൽ ഖാദർ ഇന്റെ മൂത്ത ഇക്ക ആണ്’’

‘‘അയാളുടെ ഭാര്യയും കുട്ടികളും അല്ലെ അകത്തുള്ളത്’’

‘‘ഓളിന്റെ ഇക്കാനെ വല വീശി പിടിച്ചതാ സാറേ. ഓളുടെ അച്ഛൻ വലിയ മന്ത്രവാദി ആണ് കമ്മാരൻ’’

‘‘അപ്പൊ അവർ ഹിന്ദു ആണോ’’

‘‘അതേ രമണി. ഓളെന്നാ ഇന്റെ ഇക്കാനെ കൊന്നത്’’

‘‘മരിച്ചതാണോ കൊന്നതാണോ എന്നൊക്കെ തീരുമാനിക്കാൻ ഇവിടെ പോലീസ് ഉണ്ട്. ഏതായാലും പൊസ്റ്മോർട്ടം കഴിയട്ടെ’’

‘‘അല്ല സാറേ നമ്മൾ ഇവരെ ഇവിടെ വിട്ടു പോകുന്നത് പ്രശ്നം ആവാൻ സാധ്യത ഉണ്ട്. ഇപ്പൊ തന്നെ ആളുകൾ ഒക്കെ ഇളകിയിട്ടുണ്ട്. മരിച്ചിട്ടിപ്പൊ കുറെ ദിവസം ആയില്ലേ നാട്ടുകാരെ ആരെയും അറിയിച്ചിട്ടും ഇല്ല. മാത്രവുമല്ല നമ്മൾ ശ്രദ്ദിച്ചില്ലെങ്കിൽ ഒരു വർഗീയ പ്രശ്നം ആയി മാറാനും സാധ്യത ഉണ്ട്.’’

‘‘ഒരു കാര്യം ചെയ്യൂ ആ സ്ത്രീയെയും കുട്ടികളെയും സ്റ്റേഷനിലേക്ക് കൊണ്ട് പോകാം.’’

‘‘സാറേ പോസ്റ്റുമോർട്ടം കഴിഞ്ഞാൽ ഇക്കയുടെ ശവം ഞങ്ങൾക്ക് വിട്ടു തരണം. ഞങ്ങളുടെ ആചാര പ്രകാരം അടക്കം ചെയ്യണം. അബ്ദുള്ള ആവശ്യപ്പെട്ടു’’

‘‘അതൊക്ക തീരുമാനിക്കാം ഉച്ചക്ക് താൻ സ്റ്റേഷനിലോട്ടു വാ മൊഴി എടുക്കണം’’

രാമണിയെയും കുട്ടികളെയും സ്റ്റേഷനിൽ എത്തിച്ചപ്പോഴും കുട്ടികൾ കരയുക തന്നെ ആണ് ‘‘ഞങ്ങളെ വീട്ടിൽ  കൊണ്ടാക്കാണെ, ഉപ്പച്ചി വരുമ്പോൾ ഞങ്ങൾ അവിടെ വേണം’’

ആ സ്ത്രീ അപ്പോഴും അകലെ എവിടെയോ നോക്കി ഇരിക്കുക ആണ്.

നിങ്ങൾ എന്തെങ്കിലും കഴിച്ചോ എന്നു കുട്ടികളോട് ചോദിച്ചപ്പോൾ ഞങ്ങളുടെ ഉപ്പച്ചി വന്നിട്ട് കഴിക്കാം എന്നായിരുന്നു മറുപടി.

‘‘അവൾ ചോദിക്കുന്നതിനൊന്നും മറുപടി പറയുന്നില്ല സാർ. അന്നമ്മയോട് ചോദിക്കാൻ പറയട്ടെ.’’

‘‘കുറച്ചു കഴിഞ്ഞിട്ടാകാം. ആദ്യം അവർക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങി കൊടുക്ക് കണ്ടിട്ടു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങൾ ആയെന്നു തോന്നുന്നു. പ്രിയയോട് പറ അവൾ ആണെങ്കിൽ നയത്തിൽ കാര്യങ്ങൾ ചെയ്‌തോളും.’’

പുതിയ അപ്പോയിന്മെന്റ് ആണ് പ്രിയ. അന്നമ്മയെ പോലെ പരുക്കൻ രീതി അല്ല. ഇവർക്ക് പ്രിയ ആണ് നല്ലതു എന്നു തോന്നി.

 

ഏതായാലും ഭക്ഷണം കഴിച്ചാൽ ഉപ്പച്ചി വരുമ്പോഴേക്കും വീട്ടിൽ എത്തിക്കാം എന്ന പ്രിയയുടെ വാക്ക് വിശ്വസിച്ചു കുട്ടികൾ ആർത്തിയോടെ ഭക്ഷണം വാങ്ങി കഴിച്ചു. ആ സ്ത്രീ അപ്പോഴും അതേ ഇരുത്തം ആണ്.

കുട്ടികളെ ഇവിടെ ഇരുത്തി അവരോടു കാര്യങ്ങൾ ചോദിക്കാൻ പ്രിയയെ ഏൽപിച്ചു.

 

അൽപസമയം കഴിഞ്ഞപ്പോൾ അവരുടെ വർഡ്‌മെമ്പറും അയൽവാസിയും ആയ ഗോവിന്ദൻ മാസ്റ്റർ സ്റ്റേഷനിലേക്ക് വന്നു. മാസ്റ്ററെ ആദ്യം തന്നെ അറിമായിരുന്നു.

 

‘‘രാവിലെ ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ രാവിലെ വയനാട്ടിൽ പോയത് ആയിരുന്നു. തിരിച്ചു വരുന്ന വഴിക്കാണ് വിവരം അറിഞ്ഞത്’’

‘‘മാഷിന്റെ അടുത്ത വീടല്ലേ ഇവരുടെ’’

 ‘‘അതേ’’

 ‘‘എന്നിട്ടു ഇങ്ങനെ ഒരു സംഭവം നടന്നത് അറിഞ്ഞില്ലേ’’

 ‘‘രണ്ടു മൂന്നു ദിവസം ആയിട്ടു ഇവരെ ആരെയും പുറത്തു കണ്ടിരുന്നില്ല. ഖാദർ ചിലപ്പോളൊക്കെ ഭാര്യയെയും കുട്ടികളെയും കൂട്ടി കറങ്ങാൻ ഒക്കെ പോകാറുണ്ട്. ഇതും അങ്ങിനെ എവിടെയെങ്കിലും പോയി എന്നാണ് കരുതിയത്.’’

‘‘ഈ അബ്ദുൽഖാദർ ആളെങ്ങിനെ ആയിരുന്നു’’

‘‘അവനെ കുറിച്ചു ആർക്കും ഒരു മോശം അഭിപ്രായം ഉണ്ടാവില്ല. പരോപകാരി. കുടുംബസ്നേഹി, പക്ഷെ സ്വന്തം വീട്ടിൽനിന്നും പുറത്താക്കിയിരുന്നു അലി മുസ്‌ലിയാർ’’

‘‘അതെന്തിനായിരുന്നു’’

അതു അവന്റെയും രമണിയുടെയും കല്യാണത്തിന് അവർക്കൊക്കെ എതിർപ്പായിരുന്നല്ലോ’’

‘‘ഈ രമണിയുടെ വീട്ടുകാരോ’’

‘‘അവരൊക്കെ അവനെ കൊല്ലാൻ ആയി നടക്കുക അല്ലായിരുന്നോ’’

‘‘ഇവരുടെ ജീവിതം എങ്ങിനെയായിരുന്നു’’

‘‘രണ്ടുപേരുടെയും വീട്ടുകാരും കുടുംബക്കാരും ഒക്കെ എതിർത്തെങ്കിലും ഖാദറും,രമണിയും കുട്ടികളും ഒക്കെ നല്ല പോലെ തന്നെ ആണ് ജീവിച്ചിരുന്നത്’’

‘‘അയാൾക്ക്  എന്തായിരുന്നു പണി’’

‘‘അവൻ എന്തു ജോലിയും ചെയ്യുമായിരുന്നു. അതേ പോലെ ആർക്ക് എന്തു സഹായവും ചെയ്യാനും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു’’

‘‘എനിക്ക് അവരെ കൊണ്ടുപോകാൻ കഴിയുമോ’’

‘‘അതു മാഷേ പോസ്റ്റുമോർട്ടം കഴിയട്ടെ.’’

‘‘പോസ്റ്റുമോർട്ടത്തിൽ നോർമൽ ഡത്തു ആണെങ്കിൽ പ്രശ്നം ഇല്ലല്ലോ അല്ലെ’’

‘‘എന്നാലും പ്രശ്നം ആണ്‌ മാഷേ. ഇതിപ്പോ ആള് മരിച്ചിട്ട് നാലഞ്ചു ദിവസ്സം ആയിക്കാണും. ആരെയും അറിയിച്ചിട്ടില്ല. അയാളുടെ അനിയൻ പറഞ്ഞതു ശവം ദുർമന്ത്രവാദത്തിന് വേണ്ടി സൂക്ഷിച്ചത് ആണെന്ന്. ഇതിപ്പോ ബോഡി അവർ അടക്കം ചെയ്യാതെ സൂക്ഷിക്കുക എന്നു വെച്ചാൽ

ഒന്നുകിൽ ഈ പറഞ്ഞപോലെ മന്ത്രവാദത്തിനു വേണ്ടി അല്ലെങ്കിൽ അവരുടെ മാനസിക നില തെറ്റി എന്നാവും.രണ്ടായാലും അവർക്ക് പെട്ടന്ന് പുറത്തിറങ്ങാൻ പറ്റില്ല. ആദ്യത്തേതാണെങ്കിൽ കോടതി ശിക്ഷിക്കും, രണ്ടാമത്തേതാണെങ്കിൽ ഏതെങ്കിലും മാനസിക രോഗാശുപത്രിയിലേക്കു റഫർ ചെയ്യും’’

‘‘അപ്പൊ ആ കുട്ടികൾ’’

‘‘അവരെ ഇവരുടെ ആരുടെയെങ്കിലും കുടുംബം ഏറ്റെടുക്കില്ലേ’’

‘‘അതിനു സാധ്യത ഇല്ല ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അതു ആ കുട്ടികളെ നരകിപ്പിക്കാൻ ആയിരിക്കും’’

 

ഈ സമയത്തു കോൺസ്റ്റബിൾ പ്രിയ രമണിയെയും മക്കളെയും ചോദ്യം ചെയ്യുക ആയിരുന്നു. ആദ്യം കുറെ സമയം ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ രമണി തയ്യാറായില്ല. പിന്നീട്  പ്രിയയുടെ സ്നേഹപൂർവമായ ഇടപെടലുകൊണ്ടായിരിക്കാം അവൾ പറയാൻ തുടങ്ങി

നാട്ടിലെ ഏറ്റവും കുപ്രസിദ്ധനായ മന്ത്രവാദി ആയിരുന്നു അവളുടെ അച്ഛൻ കമ്മാരൻ. പൈസക്കു വേണ്ടി എന്തും ചെയ്യാൻ അയാൾക്കും ആണ്മക്കൾക്കും മടിയില്ല. അയാളുടെ ഇളയ മകൾ ആയിരുന്നു രമണി. പത്തിൽ തോറ്റു വീട്ടിൽ നിൽക്കുന്ന സമയത്തു ആണ്  അവരുടെ അടുത്തുള്ള പറമ്പിൽ നാരായണൻ നായരുടെ മകന് വീടു പണി തുടങ്ങിയത്. പണിക്കാർക്കുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കാം എന്നു കമ്മാരൻ ഏറ്റു. രമണിയും അമ്മ സീതയും ആയിരുന്നു പണിക്കാർക്കുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്തിരുന്നത്. അവിടെ പണിക്ക് വന്നിരുന്ന ഖാദറുമായി രമണി പ്രണയത്തിൽ ആയി. അലി മുസ്ലിയാരുടെ മകന്റെയും, മന്ത്രവാദി കമ്മാരന്റെ മകളുടെയും പ്രണയം നാട്ടിൽ ഒരു വർഗീയ പ്രശ്നം ആയി വളരുന്നതിനിടയിൽ ഒരു ദിവസം ഖാദർ രമണിയെ വിളിച്ചിറക്കി കൊണ്ടുവന്നു രജിസ്റ്റർ വിവാഹം ചെയ്തു. അവർ നാട് വിട്ടു പോകും എന്നു എല്ലാവരും കരുതിയെങ്കിലും അവർ ഗോവിന്ദൻ മാസ്റ്ററുടെ ഒഴിഞ്ഞു കിടക്കുന്ന പഴയ വീട്ടിൽ വാടകക്കു താമസം തുടങ്ങി. കഠിനാദ്ധ്വാനി ആയിരുന്ന ഖാദറിന് അധികം വൈകാതെ ആ വീടും അതിനോട് ചേർന്നു അഞ്ചു സെന്റ് സ്ഥലവും വാങ്ങാൻ കഴിഞ്ഞു രണ്ടു പെണ്മക്കൾ ആയപ്പോഴേക്കും.

 

ഭാര്യക്ക് സ്നേഹനിധിയായ ഭർത്താവും മക്കൾക്ക് അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനും ആയിരുന്നു ഖാദർ.

മൂത്ത മകൾ ഒൻപതിലും ഇളയ മകൾ ഒന്നിലും ആയി. മക്കൾക്ക് ഒരു നിമിഷം പോലും ഉപ്പച്ചിയെ  പിരിഞ്ഞിരിക്കാൻ വിഷമം ആയിരുന്നു.ചെറിയ മോൾക്ക് മരണം എന്നു കേട്ടാൽ വലിയ പേടി ആയിരുന്നു.

‘‘ഉപ്പച്ചി മരണം എന്നു പറഞ്ഞാൽ എന്താ?’’ അവൾ ചോദിച്ചു

‘‘അതു ദൈവത്തിനു നമ്മളോട് സ്നേഹം തോന്നുമ്പോൾ ദൈവം നമ്മളെ സ്വർഗത്തിലേക്ക് കൊണ്ടുപോകുന്നതാ’’

‘‘അപ്പൊ ഉപ്പച്ചിയെയും കൊണ്ടു പോകുമോ ദൈവം’’

അവൾ കരയാൻ തുടങ്ങി.

‘‘ദൈവം വിളിച്ചാൽ പിന്നെ പോണ്ടേ’’

‘‘ഉപ്പച്ചി പൊണ്ടാ. ഉപ്പച്ചി പോയാൽ പിന്നെ ഞങ്ങൾക്ക് ആരാ ഉള്ളത്’’

‘‘ഉപ്പച്ചിക്കു ഉപ്പച്ചിയുടെ പൊന്നുമക്കളെ വിട്ടു പോകാൻ കഴിയോ,അതുകൊണ്ടു ഉപ്പച്ചി ദൈവത്തിന്റെ സമ്മതം വാങ്ങി ഇന്റെ മുത്തുകളുടെ അടുത്തേക്ക് തിരിച്ചു വരൂലോ’’

അതോടെ അവൾക്ക് ആശ്വാസം ആയി.

 

‘‘നാലു ദിവസം മുൻപ് രാവിലെ വിളിച്ചിട്ട് മൂപ്പര് ണീക്കുന്നില്ല. മൂപ്പര് ഞങ്ങളെ വിട്ടു പോയി എന്ന് ഇനിക്കു മനസിലായി സാറേ.‘‘രമണി പ്രിയയുടെ മുന്നിൽ വിങ്ങി പൊട്ടി.’’ പക്ഷെ മോള് സമ്മതിക്കണ്ടേ ഉപ്പച്ചി ദൈവത്തിന്റെ അടുത്തു പോയി സമ്മതം വാങ്ങി തിരിച്ചു വരും എന്നവൾ പറഞ്ഞു കൊണ്ടേ ഇരുന്നു. മൂത്തമകളും പറഞ്ഞു നമ്മൾ എല്ലാവരോടും പറഞ്ഞാൽ അവര് ഉപ്പച്ചിയെ കൊണ്ടുപോയി കുഴിച്ചിടില്ലേ. പിന്നെ നമ്മുക്ക് കാണാൻ പറ്റോ. ഇതിപ്പോ കഴിയുന്നത്രയും ദിവസം നമുക്ക് കണ്ടിരിക്കാലോ. നമ്മുക്ക് ഫ്രിഡ്ജിൽ നിന്ന് ഐസ് ഉണ്ടാക്കി വെക്കാം എന്ന്’’

 

‘‘എനിക്ക് എന്താ പറ്റിയത് എന്നറിയില്ല. മക്കളുടെ മുഖത്തു  നോക്കി മറുത്തു പറയാൻ കഴിഞ്ഞില്ല സാറേ ആരോടും ഒന്നും പറയാനും മക്കൾ സമ്മതിച്ചില്ല. ആരെങ്കിലും അറിഞ്ഞാൽ ഉപ്പച്ചിയെ കൊണ്ടുപോയി കുഴിച്ചിടും എന്നു പറഞ്ഞു കരച്ചില് ആയിരുന്നു’’

 

പ്രിയയുടെ മുന്നിൽ അവർ പൊട്ടി പൊട്ടി കരഞ്ഞു. ആ അമ്മയെയും മക്കളെയും എങ്ങിനെ സമാധാനിപ്പിക്കും എന്നറിയാതെ കണ്ണീരോടെ ആണ് പ്രിയ റൂമിന്റെ പുറത്തേക്കു വന്നത്.

പക്ഷെ പ്രശ്നം പരിഹരിക്കാനൊരു വഴിയും മുന്നിൽ തെളിയുന്നില്ല.‘‘എന്തായാലും രമണിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കേണ്ടിവരും. അവരെയും കുട്ടികളെയും ഇതെങ്ങിനെ പറഞ്ഞു മനസ്സിലാക്കും.’’

‘‘വേറെ മാർഗം ഒന്നും ഇല്ലേ സാർ’’

‘‘വേറെ എന്തു മാർഗം’’

‘‘ആയിരം കുറ്റവാളികൾ രക്ഷപെട്ടലും ഒരു നിരപരാധി ശിക്ഷിക്കപെടരുത് എന്നല്ലേ സാർ’’ പ്രിയ ചോദിച്ചു അതിനു മറുപടികൊടുക്കുന്നതിനു മുൻപ്

അബ്ദുള്ള ഏതൊക്കെയോ രാഷ്ട്രീയക്കാരെയും കൂട്ടി സ്റ്റേഷനിൽ എത്തി. രാമണിയെ ചോദ്യം ചെയ്‌തോ എന്നുള്ള  ചോദ്യത്തിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടട്ടെ എന്നു മാത്രം പറഞ്ഞു.

 

പോസ്റ്റുമോർട്ടം കഴിഞ്ഞു ബോഡി അവർക്ക് വിട്ടുകിട്ടണം എന്ന ആവശ്യത്തിന് ഗോവിന്ദൻമാസ്റ്ററും ഖാദറിന്റെ മറ്റു കൂട്ടുകാരും എതിർപ്പൊന്നും പറഞ്ഞില്ല. മാത്രവും അല്ല മാഷ് രമണിയെ പറഞ്ഞു സമ്മതിപ്പിക്കുകയും ചെയ്തു. അതിനു ശേഷം ആവശ്യപ്പെടുമ്പോൾ സ്റ്റേഷനിൽ ഹാജരാക്കാം എന്ന ഉറപ്പിൽ രമണിയെയും കുട്ടികളെയും മാഷുടെ കൂടെ വിട്ടയച്ചു.

 

അന്ന് വൈകിട്ട് പോസ്റ്റുമോർട്ടം ചെയ്ത് ഡോക്ടർ ശുഭ പ്രാഥമിക വിവരം വിളിച്ചു പറഞ്ഞു.മരണകാരണം ഹാർട്ട് അറ്റാക് ആണ്. മരണം നാലു ദിവസം മുൻപ്  ആണ് ഉണ്ടായത് എന്നും. ഡോക്ടർ ഫൈനൽ റിപ്പോർട്ട് എഴുതിയോ എന്നു ചോദിച്ചു. ഇല്ല നാളെ എഴുതാൻ തുടങ്ങും എന്നു പറഞ്ഞു.

 

അന്ന് രാത്രി ഡോക്ടർ ശുഭയെ വീട്ടിൽ പോയി കണ്ടു അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഒരു പാട് ബുദ്ധിമുട്ടി. അവസാനം  ആരും സഹായത്തിനില്ലാത്ത രണ്ടു പെണ്കുട്ടികളുടെ കാര്യം ഓർത്തിട്ടു അവർ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ സമയം ഇരുപത്തിഎട്ടു മണിക്കൂർ എന്നു തിരുത്തി എഴുതി തന്നു.

 

അതിനനുസരിച്ചു എഫ് ഐ ആർ എഴുതി കേസ് ക്ലോസ് ചെയ്തു. ഖാദറിന്റെ മരണം രാവിലെ അറിഞ്ഞ രമണി ബോധം കേട്ട് വീണു. പിന്നീട് അവർക്ക് ബോധം വരുന്നത് വരെ ഭയചകിതർ ആയ കുട്ടികൾ തനിയെ ശവത്തിന്റെ അരികത്തിരുന്നു.

 

രാവിലെ വീട്ടിലേക്കു കയറിവന്ന അബ്ദുല്ല മുൻ വൈരാഗ്യം വെച്ചു ആളുകളെ വിളിച്ച് കൂട്ടി. അമ്മയെയും മക്കളെയും കള്ള കേസിൽ കുടുക്കാൻ നോക്കി. എന്ന് എഴുതി വെച്ചു.

 

വിവരം അറിഞ്ഞു പ്രശ്നം ഉണ്ടാക്കാൻ വന്ന അബ്ദുല്ലയോട് പണ്ട് അവൻ ഖാദറിന്റെ വീട്ടിൽ കയറി രമണിയെയും ഖാദറിനെയും കയ്യേറ്റം ചെയ്യാൻ ശ്രമച്ചിരുന്നു എന്നു ഗോവിന്ദൻമാസ്റ്ററിൽ നിന്നും കിട്ടിയ അറിവ് വെച്ചു അവനെതിരെ കേസ് ചാർജ് ചെയ്യും എന്നു പറഞ്ഞു ഭീക്ഷണപ്പെടുത്തിയതോടെ ഒതുങ്ങി.

 

നിയമത്തിന്റെ മുന്നിൽ താൻ ചെയ്തത് വലിയ തെറ്റായിരുന്നെങ്കിലും, തന്റെ മനസാക്ഷിയുടെ മുന്നിൽ താൻ ശരിയായിരുന്നു എന്നു സോമൻ സാറിനു തീർച്ചയായിരുന്നു....

 

 

English Summary: Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com