ADVERTISEMENT

മൂന്ന്‌ കുമ്പസാരങ്ങൾ  (കഥ)

 

രാജപ്പന് പെണ്ണ് നോക്കിത്തുടങ്ങിയിട്ട് കൊല്ലം മൂന്നാലായി. എവിടെ പോയി പെണ്ണുകണ്ടാലും മുടക്കാൻ സ്ഥിരം കാരണങ്ങൾ തന്നെ. ജാതകം ശരിയായില്ല, പെണ്ണിന് ഇഷ്ടമായില്ല, പെണ്ണ് അത്ര പോരാ എന്നിങ്ങനെ.. 

 

അവസാനം കൊടകരയിൽ പോയി ഒന്ന് കണ്ട് ഏകദേശം ശരിയായിവന്നതിന്റെ ആഹ്ലാദതിമിർപ്പിൽ ഒന്നാഘോഷിക്കാൻ തന്നെ രാജപ്പൻ തീർച്ചപ്പെടുത്തി. മൂന്ന് അരലീറ്റർ കുപ്പികൾ വാങ്ങി മടിയിലും പിറകിലും മറ്റുമൊക്കെ തിരുകി ഒളിപ്പിച്ചുവെച്ച് വല്യച്ഛന്റെ വീട്ടിലേക്ക് വിട്ടു. സാധാരണ പെണ്ണുകാണൽ ചടങ്ങിന് എന്നും രാജപ്പനൊപ്പം ഉണ്ടാകുമായിരുന്ന രണ്ടു ചങ്കുകളാണ് വലിയച്ഛനും അച്ഛനും. ആദ്യമൊക്കെ കൂടെ വന്നിരുന്ന കൂട്ടുകാർ ഈ പെണ്ണ് കാണൽ അടുത്തൊന്നും നടപടിയാകില്ലെന്നുറപ്പായപ്പോൾ മെല്ലെ മെല്ലെ പിൻവലിഞ്ഞു. എന്നിരുന്നാലും അന്നും ഒപ്പമുണ്ടായിരുന്ന ചേട്ടനാനുജന്മാർ മടുപ്പൊട്ടുമില്ലാതെ രാജപ്പനോപ്പം എവിടെപ്പോകാനും തയ്യാറായിരുന്നു. അങ്ങനെ അവസാനം തന്റെ പെണ്ണുകാണൽ തുടർച്ചക്ക് ഒരറുതിയായത് എന്നും എപ്പോഴും കൂടെയുണ്ടായിരുന്നവർക്കും മുൻപ്‌ ഇടക്കിടെ തനിക്കൊപ്പം വന്നവരെയുംകൂടി ഉൾപ്പെടുത്തി നടത്താമെന്നു കരുതി പരിപാടി വല്യച്ഛന്റെ വീട്ടിൽ തന്നെ തട്ടിക്കൂട്ടി. വീട്ടിൽ എത്തിയപാടെ മടിക്കുത്തിൽ നിന്നും രണ്ടുകുപ്പി പുറത്തെടുത്തു മേശപ്പുറത്തു വെച്ചശേഷം തികച്ചും രഹസ്യമായി ഒരെണ്ണം വല്യച്ചനെ ഏൽപ്പിച്ചിട്ടു പറഞ്ഞു:

‘‘ഇത് വല്യച്ചന് തന്നെയിരുന്നു കഴിക്കാൻ, രാത്രിയോ പകലോ എപ്പോ വേണമെങ്കിലും ആയിക്കോട്ടെ. ഒരാൾക്കും കൊടുക്കേണ്ട. ആര് ചോദിച്ചാലും, ഈ ഞാൻ ചോദിച്ചാ പോലും...’’

അതും പറഞ്ഞു വല്യച്ചനെ ഏൽപ്പിച്ച രഹസ്യകുപ്പിയുടെ കാര്യം കൃത്യം അര മണിക്കൂർ കഴിഞ്ഞപ്പോൾ, രണ്ടു അരലീറ്റർ കുപ്പികൾ ശൂന്യമായപ്പോൾ, ആരും പറയാതെയും നിർബന്ധിക്കാതെയും  രാജപ്പനുള്ളിൽ  കത്തി തെളിഞ്ഞു വന്നു. മടിയേതുമില്ലാതെ രാജപ്പൻ വല്യച്ഛനരികിൽ എത്തി പറഞ്ഞു: 

‘‘വല്യച്ചോ, സാധനം തീർന്നു. ആ കുപ്പി ഇങ്ങെടുത്തോ..’’ വല്യച്ഛനത് തീരെ ദഹിച്ചില്ല. 

‘‘നീയല്ലേ പറഞ്ഞത് ആര് ചോദിച്ചാലും കുപ്പി പുറത്തെടുക്കണ്ടാന്നു.. നീ ചോദിച്ചാ പോലും...’’

‘‘അതപ്പോ. ഇതിപ്പോ ഇങ്ങനെ ഇത്രവേഗം സാധനം തീരുമെന്ന് ഞാൻ കരുതിയില്ലല്ലോ.. വല്യച്ഛൻ വിഷമിക്കണ്ട.. വല്യച്ഛനുള്ള കുപ്പി രാത്രി ഞാനിങ്ങെത്തിക്കാം.. പോരെ...’’

‘‘വെറുതെയല്ലേടാ നീയൊക്കെ ഇങ്ങനെ ഒരു ഗതീം പിടിക്കണ്ടേ കറങ്ങിത്തിരിയണത്.. നീ നോക്കിക്കോ, ഈ കല്യാണോം നടക്കാൻ പോകുന്നില്ല. ഞാനാ പറേണെ...’’

 

നെഞ്ച് പറിച്ചെടുക്കുന്ന വേദനയോടെ അരമണിക്കൂർ മുൻപേ തനിക്കായി മാത്രം കിട്ടിയ ആ കുപ്പി തിരിച്ചു കൊടുക്കും നേരം വല്യച്ഛൻ രാജപ്പനെ ശപിച്ചു. രാജപ്പൻ അപ്പോൾ അതൊന്നും കാര്യമാക്കിയില്ല. അന്നേരം രാജപ്പനാവശ്യം പെണ്ണും പിടക്കോഴിയുമായിരുന്നില്ല, നിറഞ്ഞ കുപ്പി മാത്രമായിരുന്നു. വല്യച്ഛനാവട്ടെ താൻ ശപിച്ചു തിരിച്ചേൽപ്പിച്ച കുപ്പിയിൽ നിന്നും ഒരു തുള്ളിപോലും അടിച്ചില്ല എന്നതാണ് സത്യം.

വല്യച്ഛന്റെ വാക്ക് വെറും വാക്കയില്ല. അന്നേക്ക് മൂന്നാം ദിവസം തന്നെ കൊടകരയിൽ നിന്നു ഫോൺ വന്നു, പ്രത്യേകിച്ച് കാരണമൊന്നും പറയാതെ തങ്ങൾക്കിതിൽ താൽപര്യമില്ലെന്ന് മാത്രം. രാജപ്പൻ കുറച്ചു നേരം തരിച്ചിരുന്നു. എന്തുപറയണം എന്നറിയാതെ വല്യച്ഛൻ അനുജനെ,  രാജപ്പന്റെ അച്ഛനെ നോക്കി. തുടർന്ന് അവർ കുമ്പസരിക്കാൻ തുടങ്ങി. 

 

വല്യച്ഛൻ : ‘‘എന്തൊക്കെ തന്നെയായാലും ഞാനപ്പോൾ നിന്നെ ശപിക്കാൻ പാടില്ലായിരുന്നു. ഇന്നേവരെ എന്റെ ഒരു ശാപവും ആർക്കുമേലും ഫലിച്ചിട്ടില്ല. എന്നിട്ടും ഇത്...’’

രാജപ്പൻ: ‘‘ഒരിക്കലും ഞാൻ ആര് ചോദിച്ചാലും കൊടുക്കേണ്ടെന്നു പറഞ്ഞ കുപ്പി തിരിച്ചു ചോദിയ്ക്കാൻ പാടില്ലായിരുന്നു.. അതെന്റെ തെറ്റ്...’’

താൻ മൂന്ന് കുപ്പിയിൽ നിന്നും കുടിച്ചിരുന്നല്ലോ എന്ന വിഷമത്തിലായിരുന്നു രാജപ്പന്റെ അച്ഛൻ. ശേഷം വളരെ സ്വരം താഴ്ത്തി നിറഞ്ഞ കുറ്റബോധത്തിൽ അച്ഛൻ: ‘‘ഇതിനെല്ലാം കാരണം ഞാനാണ്. സാധനം വേഗം തീർന്നാല്ലോ എന്നു കരുതി ആ രണ്ട്‍ അരലീറ്റർ കുപ്പികളിൽ നിന്ന് ഏറ്റവും കൂടുതൽ കുടിച്ചത് ഞാനാണ്...’’

തുടർന്ന് മൂന്നുപേരും ഒന്നിച്ചു ഒരു ദീർഘ ശ്വാസം ഉള്ളിലേക്കെടുത്ത്‌  സാവകാശം പുറത്തുവിട്ടു. ആ മടുപ്പ് നീണ്ടത് ഒരാഴ്ചത്തേക്ക് മാത്രം. പിറ്റേ ഞായറാഴ്ചമുതൽ പതിവിൻപടി അവർ മൂവരും ലൈനിലേക്കിറങ്ങി...

 

English Summary : Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com