ADVERTISEMENT

ഉറ്റ തോഴൻ (കഥ)

 

അന്ന് ഞാൻ ഏഴ് വയസ്സുകാരി, കുട്ടിപാവാടേം, കണ്ണിൽ കരിമഷിയും, മടഞ്ഞിട്ട മുടിയും, കിലുകിലെ   കിലുങ്ങുന്ന കൊലുസും  അണിഞ്ഞ് ഓടിനടക്കുന്ന കാന്താരി കുട്ടി.

 

അച്ഛന് ജോലിയിൽ സ്ഥലം മാറ്റം കിട്ടിയത് അറിഞ്ഞ് ഏറ്റവും സന്തോഷിച്ചത് ഞാൻ ആയിരുന്നു, നാട്ടിന്പുറത്തേക്കു ആണെന്ന് അറിഞ്ഞപ്പോൾ ആ സന്തോഷത്തിനു മാറ്റുകൂടി. അന്നൊരു ദിവസം എല്ലാവരും പുതിയ വീട്ടിലേക്ക് കയറിചെന്നപ്പോൾ, ഞാൻ കയറിചെന്നത് ആ തൊടിയിലെ കാഴ്ചകളിലേക്കും. അച്ഛൻ വാങ്ങിത്തന്ന പുത്തൻ വള്ളി ചെരുപ്പും ഇട്ടു ആ മുറ്റത്തു രണ്ട് പ്രദക്ഷിണം കഴിഞ്ഞപ്പോൾ ചുറ്റുപാടും വീക്ഷണമായി. അത്ചെന്ന് ഉടക്കിയതു പറമ്പിൽ ഒരു മൂലയിൽ പടർന്ന ചെടികളുടെ അടുത്തും, ‘‘ അവിടിപ്പോ എന്തെ ഇങ്ങിനെ ഒരു പൊന്തക്കാട്?,  അതിനുള്ളിൽ എന്തായിരിക്കും?’’

 

കൗതുകം ഉച്ചസ്ഥായിൽ എത്തിയപ്പോൾ പതുക്കെ നടന്നു. പൊന്തക്കാട് വകഞ്ഞു മാറ്റേണ്ടി വന്നില്ല, അതിന്റെ പൊക്കം എന്നേക്കാൾ ഉണ്ടായിരുന്നു, എന്നാലും രസത്തിനു നൂന്നു കയറി, 

നടപ്പുതുടങ്ങി. 

 

പെട്ടെന്ന് ഒരു ശബ്ദം, അമ്മ വിളിക്കുന്നുന്നു തോന്നി, ദാ വരുന്നു അമ്മേ മ്മേ.. ന്നും പറഞ്ഞു പോയത് മുന്നോട്ട്, ഒരടികൂടി കാലു പെറുക്കി വെച്ചതും  ബ്ലും........ 

 

മണ്ണിലേക്ക് വീണു എന്നു  ആദ്യം കരുതി, കണ്ണ് തുറക്കാൻ നോക്കി,  അയ്യോ കണ്ണിൽ മുഴുവൻ വെള്ളം, കണ്ണിൽ  മാത്രം  അല്ല ഞാൻ മുഴുവനായും വെള്ളത്തിൽ, പേടികൊണ്ട്  എന്താണ് പിന്നെ സംഭവിച്ചത് എന്ന്  അറിയില്ല, എപ്പഴാ  അച്ഛൻ പൊക്കി എടുത്തതും ഓർമയിൽ ഇല്ല. 

 

ശേഷം ആശുപത്രി കിടക്കയിൽ,  അരികിൽ ശോകമൂകം അമ്മയും ഇരിക്കുന്ന കാഴ്ച ആയിരുന്നു..സംഗതി പന്തികേടായി  എന്ന് വ്യക്തം. 

 

തിരിച്ചു വീട്ടിൽ എത്തും വരെയും, എത്തിയപ്പോഴും ആ സ്ഥലത്തോടു  മനസ്സിൽ ദേഷ്യവും, പേടിയും..  ദൃഷ്ടി അങ്ങോട്ട് പോകാതിരിക്കാൻ ശ്രമിച്ചു, എന്നിട്ടും അറിയാതെ കണ്ണുകളുടെ  നോട്ടം അവിടേക്കു തന്നെ.  അത്ഭുതം, ആ ഭാഗം തന്നെ മാറിപ്പോയിരിക്കുന്നു, ആ പൊന്തക്കാട് അവിടില്ല, നിറയെ കല്ലുകൾ പാകിയ മനോഹരമായ വഴി, നടന്നു ചെല്ലുമ്പോൾ കൽപടവുകലാൽ ചുറ്റപെട്ട കുളം..... അത്രെയും മനോഹരമായ കാഴ്ച്ച അന്നേ വരെയുള്ള  എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

 

അതുവരെ ഉള്ള പരിഭവവും പേടിയും മറന്നു കുളവുമായി ഒത്തുപോകാൻ ആലോചിച്ചു. അതിനു മുന്നൊരുക്കമെന്നോണം നീന്തൽ അഭ്യസിക്കാനും ഉറപ്പിച്ചു.

അച്ഛന്റെ  കയ്യുടെ സുരക്ഷയിൽ,  അന്നു അറിയാതെ വീണപ്പോൾ കുടിച്ച വെള്ളത്തിന്റെ രുചി പിന്നെയും നുകർന്നുകൊണ്ട് നീന്തൽ പഠനം തകൃതിയായി നടന്നു. 

 

പിന്നീട്  ഓരോ ദിവസവും  ഒരുപാട് മാറ്റങ്ങൾ എന്നെ തേടി വന്നു. പഠിക്കാനിരിക്കാൻ പതുപതുത്ത കസേരകളേക്കാൾ നല്ലത് കൽപ്പടവുകൾ ആണെന്ന്, കളിക്കാൻ ചങ്ങാതിമാരായി മീനുകളെ കിട്ടി, കുളിക്കും നേരം കുളക്കരയിലെ ആല്മരത്തിലെ കുയിലമ്മ കു കു പാടി പാട്ടു പഠിപ്പിച്ചു,  അമ്മയോട് പിണങ്ങിയാൽ പോയിരിക്കുന്ന സ്ഥലം എന്നതിനപ്പുറത്തു അവിടെ പോയിരിക്കാൻ വേണ്ടി പിണക്കങ്ങൾ പതിവാക്കി, എന്തിനേറെ  പറയുന്നു  ഒരു നല്ല പട്ടുപാവാട ഇട്ടാൽ പോയി നിന്നു നോക്കി തൃപ്തി ആകാനും പിന്നെ അവൻ മതിയായിരുന്നു എന്റെ ഉറ്റ തോഴൻ -കുളം.

 

ഇളം കാറ്റും, ആമ്പൽപൂവിന്റെ സുഗന്ധവും, വെളിച്ചവും, ഇരിപ്പിടവും  എന്റെ ചങ്ങാതിക്കുളം ഒരുക്കി. കൊത്തങ്കല്ലും, കുപ്പിവളക്കളിയും മാറി, പത്താം തരവും, 12ഉം  കഴിഞ്ഞു.  

 

നല്ല കോളജിലേക്ക് പ്രവേശനം കിട്ടി. വീട്ടിൽ നിന്നും കാതങ്ങൾ അകലെയായതുകൊണ്ട് കോളേജ് തുറക്കുന്ന സമയത്ത് 

ഹോസ്റ്റലിൽ ചേർക്കാൻ തീരുമാനം ആയി. വയ്യ !  എനിക്ക് ഈ വീടും വീട്ടുകാരെയും വിട്ടു എങ്ങോട്ടും എന്ന് കള്ളം പറഞ്ഞു നോക്കി. അതൊന്നും അല്ല കാരണം എന്ന് മനസ് എന്നോട്  മന്ത്രിക്കുന്നുണ്ടായിരുന്നു. 

ഞാൻ ഓർത്തു ‘‘എന്തേ എനിക്കിവിടം വിട്ടു പോകാൻ പറ്റണില്ല?’’  

 

ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. ഋതു ഭേദങ്ങൾ ആരെയും കാത്തുനിൽക്കാറില്ല. അനുവാദം ചോദിക്കാതെ എത്തുന്ന വേനൽ മഴ മാറി ജൂൺ മാസത്തിലെ മഴപ്പുലരി പടിക്കൽ വന്നു മാടി വിളിച്ചു..... 

 

മഴ...... ആഹാ !!!!  എന്റെ പ്രിയപ്പെട്ട മഴ, പനിപിടിച്ചു കിടപ്പിലാണേൽ പോലും പിടഞ്ഞെണീറ് പോയി നനയുന്ന ആദ്യത്തെ മഴ, ഇത്തവണ അത് ഞാൻ അറിഞ്ഞേ ഇല്ല... ‘‘എന്ത് പറ്റി ഈ കുട്ടിക്ക്’’ എന്നു  അച്ഛമ്മ വേവലാതിപെടുന്നതും ഞാൻ കേട്ടില്ല... 

 

അന്ന് ആ വർഷത്തെ ഏറ്റവും വലിയ വർഷം ഭൂമി ഏറ്റു വാങ്ങുന്ന ഒരു ദിവസത്തെ പോലെ തോന്നി, മഴ പുരപ്പുറത് പെരുമ്പറ മുഴക്കുന്ന നേരത്ത് മുറിയിൽ നിന്നും ഇറങ്ങി നടന്നു... എല്ലാരും ഉച്ചമയക്കത്തിൽ ആണ്, ഉറച്ച കാൽവെയ്പുകളോടെ, എന്നിട്ടും പ്രിയപ്പെട്ട കൊലുസ്സ് കിലുങ്ങിയില്ല..... കൊലുസ്സിനുപോലും അറിയാമോ എന്റെ പ്രണയം???  

 

 

നടന്നു.....  ആ കൽപ്പടവുകൾ കണ്ടപ്പോൾ തന്നെ  ഹൃദയം പടാ പടാന്നു ഇടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നോ? പ്രണയിക്കുന്നവർ പരസ്പരം കാണുമ്പോൾ അവർ അറിയാതെ ഹൃദയം നൽകുന്ന സൂചന....  അതെ.... 

ആദ്യം ഭയപ്പെടുത്തുന്ന സ്വപ്നം പോലെ, പിന്നെ ഉറ്റ ചങ്ങാതി, സൗഹൃദത്തിന്റെ അതിർവരമ്പുകൾ കടന്നു ഞാൻ പ്രണയിക്കുന്നത് എന്റെ ഉറ്റ തോഴനെ അല്ലെ?  മഴ തോരാതെ പെയ്തിട്ടും എനിക്കായി കാത്തു നിൽക്കുന്നു അവൻ... പ്രണയത്തിന്റെ പൂക്കൾ വിരിച്ച കൽപ്പടവുകൾ എന്നെ വരവേൽക്കും പോലെ... വിറയ്ക്കുന്ന ശരീരമോ, തുടിക്കുന്ന മനസോ, തടസം നിന്നില്ല...തെല്ലും ഭയക്കാതെ,  അവന്റെ മടിത്തട്ടിൽ ഒന്നു ചായാൻ വെമ്പുന്ന ഹൃദയവുമായി ആഴങ്ങളിലേക്ക്  നടന്നു... അപ്പോഴും ആകാശദേവത തന്റെ  അനുഗ്രഹാശിസുകൾ മഴയായി  പൊഴിക്കുന്നുണ്ടായിരുന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com