ദിനം പ്രതി കൂടി വരുന്ന പ്രാരാബ്ദങ്ങൾ, മടങ്ങിവരവില്ലാത്ത പ്രവാസ ജീവിതങ്ങളുടെ കഥ

desert
പ്രതീകാത്മക ചിത്രം
SHARE

ഒരു പ്രവാസിയുടെ കഥ (കഥ)

രാജിമോളുടെ കല്യാണം ആണ് അടുത്ത ആഴ്ച. അവള്‍ക്കു ഞാന്‍ ചെല്ലുമ്പോള്‍ സന്തോഷമാകും. രണ്ടാമത്തെ മോള്‍ മീനുമോള്‍ടെ കല്യാണത്തിന് പോകാന്‍ പറ്റിയില്ല. സ്വരൂപിച്ചു വച്ചിരുന്ന പണം തികയാതെ വന്നപ്പോള്‍ ടിക്കറ്റിനു വച്ചിരുന്ന കാശും ചെലവാക്കെണ്ടിവന്നു. കടം മേടിക്കാമെന്ന് വച്ചാല്‍ മൂത്തമകള്‍ അശ്വതിയുടെ കല്യാണത്തിനുവേണ്ടി മേടിച്ച കടം അന്ന് കൊടുത്തു തീര്‍ന്നിരുന്നതുമില്ല. അങ്ങനെ മീനുവിന്റെ കല്യാണം കൂടാന്‍ പറ്റിയില്ല. അവള്‍ക്കു ഭയങ്കര വിഷമം ആയിരുന്നു. ഞാന്‍ അന്ന് ജോലിക്ക് പോയില്ല. ഇവിടിരുന്നു ഈശ്വരനോട് മനസ്സുപൊട്ടി കരഞ്ഞു പ്രാര്‍ത്ഥിച്ചു. എന്നാലും സാരമില്ല. എല്ലാം ഭംഗിയായി നടന്നു. അതിനൊക്കെവേണ്ടി ആണല്ലോ കഴിഞ്ഞ പത്തിരുപത്തിമൂന്നു വര്‍ഷമായി ഇവിടെ ഈ മരുഭൂമിയില്‍ കിടന്നു കഷ്ടപ്പെട്ടത്‌. മൂത്തമോള്‍ക്ക് മൂന്നു വയസ്സായപ്പോള്‍ രണ്ടുവര്‍ഷം ഗള്‍ഫില്‍ പോയി നിന്നുവരാം എന്നകണക്കുകൂട്ടലില്‍ വിമാനം കയറിയതാണ്. പിന്നീടു ഓരോരോ കാരണങ്ങള്‍ മൂലം ആ രണ്ടുവര്‍ഷം എന്നുള്ളത് ഇപ്പോള്‍ ഇരുപത്തിമൂന്ന് വര്‍ഷത്തോളമായി. ഇതിനിടയില്‍ രണ്ടുവര്‍ഷം കൂടി കിട്ടുന്ന അറുപതോ എണ്‍പതോ ദിവസത്തെ അവധി. അതിനിടക്ക് മൂന്ന് പെണ്‍കുട്ടികളെ ദൈവം തന്നു. അപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ കൂടി.. ആദ്യത്തെ തവണകളില്‍ കൃത്യം രണ്ടുവര്‍ഷം ആകുമ്പോള്‍ അവധിക്കു പോകുമായിരുന്നു. പിന്നീടു അത് മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍ ആയി.. ചുരുക്കിപറഞ്ഞാല്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ ആണ് കുടുംബത്തോടൊപ്പം കഴിഞ്ഞ ഇരുപത്തി മൂന്നു വര്‍ഷമായി കഴിഞ്ഞത്. 

ഇപ്പോള്‍ വയസ്സ് അന്‍പത്തൊന്ന് ആയി. നല്ലപ്രായം മുഴുവന്‍ ഒറ്റയ്ക്ക് ഇവിടെ കഴിഞ്ഞു. പ്രധാന ലക്‌ഷ്യം മക്കളുടെ കല്യാണം ആയിരുന്നു. ഇപ്പോള്‍ എല്ലാം കഴിഞ്ഞു സമാധാനമായി. ജോലി രാജിവച്ചു. കിട്ടിയ കാശു കുറച്ചു കൈയില്‍ വച്ച്, ബാക്കി മുഴുവന്‍ നാട്ടിലേക്ക് അയച്ചു. അവിടെ ഒരുപാട് ആവശ്യങ്ങള്‍ ഉള്ളതല്ലേ?. കൈയില്‍ ഉള്ള ബാക്കി കാശിനു രാജിമോള്‍ക്ക് കുറച്ചു തുണി എടുത്തു. ഇരിക്കട്ടെന്റെ വക കല്യാണ സമ്മാനം.. പിന്നെ പേരക്കുട്ടികള്‍ക്കു കുറച്ചു കളിപ്പാട്ടങ്ങളും ഭാര്യക്കും മറ്റും കുറച്ചു തുണികളും, പിന്നെ പ്രവാസിയുടെ സ്ഥിരം കുറച്ചു സാധനങ്ങളും. എല്ലാ ഭദ്രമായി കഴിഞ്ഞ ആഴ്ച പാഴ്സ്സല്‍ അയച്ചു. വായിക്കുന്ന ശീലം ഉള്ളതുകൊണ്ട് കുറച്ചു ബുക്കുകള്‍ ഉണ്ടായിരുന്നത് റൂമില്‍ എല്ലാര്‍ക്കുമായി കൊടുത്തു. ഭാരം കൂടുതലാണ്. ബാക്കിയുള്ളത് പായ്ക്ക് ചെയ്തുവച്ചു. ഈ ഒറ്റപ്പെടലില്‍ നിന്നും മരുഭൂമിയില്‍ നിന്നും നാളെ മടക്കയാത്ര ആണ്.. ഇനി നാട്ടില്‍ ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടും ഒത്തു സന്തോഷമായിട്ട് ജീവിക്കണം.. ഓഹ്. ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിന് എന്തൊരാശ്വാസം, ഒരു കുളിര്‍മ. 

‘‘എന്താ വാസുവേട്ടാ ഒന്നും കഴിക്കുന്നില്ലേ? രാവിലെ കാപ്പിപോലും കഴിക്കാതെ കിടന്നുള്ള സ്വപ്നം കാണല്‍ ആണല്ലോ?’’ റൂമില്‍ താമസിക്കുന്ന ഷാജി ചോദിച്ചു.

‘‘ഓഹ്. ഞാന്‍ ചുമ്മാ ഓരോന്നോര്‍ത്തു കിടന്നതാ ഷാജി. നാട്ടില്‍ ചെല്ലാന്‍ വല്ലാത്ത ആഗ്രഹം. അവധിക്കുള്ള പോക്ക് ഒരു സ്വപ്നം പോലെ അല്ലേ. ദിവസങ്ങള്‍ പോകുന്നത് അറിയില്ല. തിരിച്ചു വരുന്ന ദിവസം ഉള്ളിലുള്ള വേദന പുറത്തു കാണിക്കാതെ നെഞ്ച് പൊട്ടിയാണ് വിമാനം കയറുന്നത്. നമ്മള്‍ തകര്‍ന്നാല്‍ വീട്ടുകാര് കരയും പിന്നെ കരച്ചിലും മറ്റും. ഇനി ഇപ്പോള്‍ തിരിച്ചുവരവിന്റെ വേദന വേദന അനുഭവിക്കണ്ടല്ലോ? ഇനി മക്കളും പേരക്കുട്ടികളും  ഒത്തു അങ്ങന്നെ. ആഹ്. പിന്നെയും ഉള്ളില്‍ എവിടെയോ ഒരു നീറ്റല്‍ ബാക്കി. എന്ത് വിഷമങ്ങളിലും കൂടെയുണ്ടായിരുന്ന നിങ്ങളെയും കമ്പനിയെയും വിട്ടുപിരിയുന്നത് ഓര്‍ക്കുമ്പോള്‍. എവിടെയോ ഒരു പിടച്ചില്‍. ഇനി എന്നാ നിങ്ങളെയൊക്കെ? പത്തിരുപത്തിനാല് വര്‍ഷമായില്ലെ?.’’ അതുപറയുമ്പോള്‍ വാസുവേട്ടന്റെ ശബ്ദം ഇടറുന്നത് ഷാജി ശ്രെദ്ധിച്ചു.

‘‘ഏയ്. എന്തായിത്.. ഞങ്ങള്‍ക്കും വിഷമമുണ്ട്.. ഞാനൊക്കെ എന്റെ സ്വന്തം ചേട്ടനെ പോലെ കണ്ടതാ വാസുവേട്ടനെ. കുടുംബത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ള വിഷമം മറക്കുന്നത് വാസുവേട്ടനോടും, റൂമില്‍ ഉള്ളവരോടും വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോഴാ. നാലഞ്ചു വര്‍ഷമായി ഞാനും ഈ കുടുംബത്തിലെ ഒരു അംഗം അല്ലെ. ? നമ്മുക്ക് ഇതൊക്കെ നമ്മുടെ ജീവിതത്തില്‍ പറഞ്ഞിട്ടുള്ളതല്ലേ? എല്ലാ അവധിക്കും നാട്ടില്‍ വരുമ്പോള്‍ ഞാന്‍ വാസുവേട്ടനെ വീട്ടില്‍ വന്നു കണ്ടോളാം..പോരേ ? എഴുന്നേറ്റു  വല്ലതും കഴിക്ക്.’’ 

‘‘ഇല്ല ഷാജി വേണ്ട എനിക്ക് തീരെ വിശപ്പില്ല. പിന്നെ കഴിക്കാം ഞാന്‍ ഒന്ന് കിടക്കട്ടെ..’’

‘‘ഷാജിയേട്ടാ.’’ പുറത്തുനിന്നും ആരോ വിളിച്ചു.

ദാ വരുന്നു.. ഷാജി കതകുതുറന്നു. ‘‘ആഹ് സലിം നീയോ, എന്താടാ? എന്താ നിന്റെ മുഖം വല്ലാതെയിരിക്കുന്നത്? സുഖമില്ലേ?’’

അല്ല..അതുപിന്നെ. ഷാജിയെട്ടാ.. സലിം എന്തോ പറയാന്‍ വല്ലാതെ വിഷമിച്ചു..

എന്താടാ എന്തുപറ്റി?എന്താണെങ്കിലും പറയെടാ..

‘‘അത് ഷാജിയെട്ടാ, വീട്ടില്‍ നിന്നും ഇപ്പോള്‍ ഷാഫിന വിളിച്ചു. കുഞ്ഞിന്നു നല്ല സുഖമില്ല.. അന്നത്തെ ആ ശ്വാസം മുട്ടല്‍ വീണ്ടും വന്നപ്പോള്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി.. ചെക്കപ് കഴിഞ്ഞപ്പോള്‍ ഹൃദയത്തിന്റെ വാല്‍വ് ചുരുങ്ങുന്നതാ.. ഉടനെ സര്‍ജറി വേണമെന്നാ ഡോക്ട്ടര്‍ പറഞ്ഞത്. ഉടനെ ഒന്നരലക്ഷം റുപ്പിക വേണമത്രേ. ഞാന്‍ ഇപ്പോള്‍ എവിടെനിന്ന ഇത്രയും.. കടം മേടിച്ചും കൈയില്‍ ഉണ്ടായിരുന്നതും എല്ലംക്കൂടി ഒരുലക്ഷത്തിപതിനായിരം ഒപ്പിച്ചു. ഇനി എന്തുവേണമെന്നെനിക്ക് അറിയില്ല. എന്റെ കുഞ്ഞ്.. അവനു.’’ സലിം കരച്ചിലിന്റെ വക്കിലെത്തി.

അയ്യേ. എന്താടാ ഇത്. കൊച്ചുകുട്ടികളെ പോലെ. ഷാജി അവന്റെ തോളില്‍ തട്ടി. നമ്മുക്ക് വേണ്ടത് ചെയ്യാം. എനിക്ക് നിന്നെ സഹായിക്കണം എന്നുണ്ട്. പക്ഷ‌േ,  ഷാജി എന്തോ പറയാന്‍ വന്നത് പെട്ടെന്ന് നിര്‍ത്തി.

‘‘എനിക്കറിയാം ഷാജിയേട്ടാ, പിന്നെ വീട്ടില്‍ നിന്നും വിളിച്ചോ? അച്ഛനിപ്പോള്‍ എങ്ങനുണ്ട്? ഇപ്പോള്‍ ഷാജിയേട്ടന് പണത്തിന്റെ ആവശ്യം ഒരുപാടുണ്ടെന്നു എനിക്കറിയാം.. ഈ അവസ്ഥയില്‍ ഇത് പറയാന്‍ പാടില്ലാത്തതാണ്. പൈസ ഞാന്‍ ഒപ്പിച്ചോളാം..അതിനു വേണ്ടി അല്ല ഞാന്‍ വന്നത്. പെട്ടന്ന് മനസ്സിന് ഒരു വിഷമം വന്നപ്പോള്‍ ഒന്ന് പറയാന്‍ ഓടിവന്നതാ. അത് പതിവുള്ളതല്ലെ?’’ സലിം പറഞ്ഞു.

‘‘ഹാ. അതുസരമില്ല.  വീട്ടില്‍ നിന്നും രാവിലെയും വിളിച്ചു. ഒരു മാറ്റവും ഇല്ലന്നാണ് പറഞ്ഞത്. ഒരുപാട് കഷ്ടപെട്ടാ അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്‌. അമ്മയില്ലാത്തതിന്റെ കുറവ് ഞങ്ങളെ അറിയിച്ചിട്ടില്ല ഇതുവരെ.. അമ്മയും അച്ഛനും എല്ലാം അച്ഛന്‍തന്നെ ആയിരുന്നു. പെങ്ങളെ കെട്ടിച്ചുവിട്ടതും അച്ഛനാ. ഞാന്‍ പണത്തിന്റെ കാര്യം ഒന്നും അറിഞ്ഞിരുനില്ല. ഒരുപാട് സ്‌നേഹം വാരിക്കോരി തന്നു.. പക്ഷേ ഇപ്പോള്‍. .എന്നെ കാണണമെന്ന് ഇന്നലെയും കൂടി പറഞ്ഞത്രെ’’ ഷാജിയുടെ തൊണ്ടയിടറി.

ഞാന്‍ എന്തായാലും നാട്ടില്‍ പോകാന്‍ ലീവിന് ആപ്ലികേഷന്‍ കൊടുത്തു. നാളെയോ മറ്റന്നാളോ ടിക്കറ്റ് എടുക്കാന്‍ പറഞ്ഞിട്ടുണ്ട്. എല്ലാം കടമാ. അവധി കഴിഞ്ഞു വന്നിട്ട് ഒരുമാസം അല്ലേ ആയോള്ളൂ? എന്നാലും സാരമില്ല. പോകണം. അച്ഛന്റെ കൂടെ ഒന്ന് അടുത്തിരികണം..ചിലപ്പോള്‍ എന്നെ കണ്ടാല്‍ അച്ഛന്റെ അസുഖം മാറുംമായിരിക്കും ..അല്ലെടാ. ? ഒരു നിശ്വാസത്തിന്റെ അകമ്പടിയോടെ ഷാജി പറഞ്ഞു.

‘‘നീ എന്തായാലും നില്ക്ക് ,ഞാന്‍ ഒന്ന് നോക്കട്ട്.’’ ഷാജി മൊബൈല്‍ എടുത്തു ആരെയോ വിളിച്ചു.

‘‘സുരേഷേ, ഇത് ഞാനാ. ഡാ പെട്ടെന്ന് ഒരു അന്‍പതിനായിരം രൂപയുടെ ആവശ്യം ഉണ്ട്. അല്ല എനിക്കല്ല, എനിക്ക് വളരെ വേണ്ടപെട്ട ഒരാള്‍ക്കാ. നിനക്ക് അറിയില്ലേ നമ്മുടെ പിക്ക്അപ്പ്‌ ഓടിക്കുന്ന സലീമിനെ?. ഹാ. അവന്‍തന്നെ. .അവന്റെ കുഞ്ഞിന്റെ ആവശ്യത്തിനാ. ഇല്ല അതുപറഞ്ഞാല്‍ പറ്റില്ല.. നീ എവിടെനിന്നെങ്കിലും ഒപ്പിച്ചുകൊടുക്കണം. .എനിക്ക് നല്ല വിശ്വാസം ഉണ്ട്. ശരി. ഹം. ഓക്കേ . നീ അവനെ വിളിച്ചാല്‍ മതി. ബൈ.’’

‘‘നിനക്ക് അറിയില്ലെ സുരേഷിനെ? അവന്‍ നിന്നെ വിളിക്കും..വിഷമിക്കണ്ടടാ..ശരിയാകും.’’ മൊബൈല്‍ വച്ചിട്ട് സലീമിനോടായി ഷാജി പറഞ്ഞു.

‘‘ഷാജിയെട്ടാ ഇതിനൊക്കെ ഞാന്‍ എങ്ങനാ നന്ദി പറയേണ്ടത്?’’ സലിം കൈകൂപ്പി.

‘‘ഒന്ന് പോടാ. നന്ദി. നീ അങ്ങന്നെ ഒരാളായിട്ടാണോ എന്നെ കണ്ടിരിക്കുന്നത്?എനിക്ക് എന്റെ സ്വന്തം അനിയന്നെ പോലല്ലെടാ?’’ ഷാജി അവന്റെ തോളില്‍ തട്ടി. പെട്ടന്ന് സലമിന്റെ മൊബൈല്‍ റിംഗ് ചെയ്തു.‘‘ഓഹ്. കമ്പനിയില്‍ നിന്നാ’’ അവനതെടുത്ത് അറ്റന്‍ഡ് ചെയ്തു.

‘‘ റൂം മേ..ഹാ ജി. ഓക്കേ അബി ആയേഗ’’ കാള്‍ കട്ട് ചെയ്തു സലിം പറഞ്ഞു‘‘ഷാജിയെട്ടാ അത്യാവശ്യമായി പുറത്തു പോകണം. അപ്പോള്‍ വൈകിട്ട് കാണാം. ’’

‘‘ ശരി..‘‘ഷാജി തിരിഞ്ഞുടനെ പുറകില്‍ നിന്നും ഒരു വിളി..‘‘ഹായ് ഫ്രെണ്ട്. ഹൌ ആര്‍ യു ?’’

ഷാജി തിരിഞ്ഞു നോക്കി.. ഇസ്സ ഹസ്സന്‍-കമ്പനിയുടെ എമിഗ്രേഷന്‍ വര്‍ക്കുകള്‍ ചെയുന്ന അറബി ആണ്.

‘‘അം ഫൈന്‍ ഇസ്സ..യു?’’

‘‘മി റ്റൂ. താങ്ക്സ് ഫ്രണ്ട്. കിതര്‍ ആദ്മി വാസുദേവന്‍‌?. കല്‍ ചുട്ടി..ലാ. ആജ് പാസ്സ്പോര്‍ട്ട് ദിയേഗ.’’ അറിയാവുന്ന ഹിന്ദിയില്‍ ആ അറബി വന്നകാര്യം പറഞ്ഞൊപ്പിച്ചു.

ഷാജിക്ക് കാര്യം പെട്ടന്ന് പിടികിട്ടി..സാധാരണ എയര്‍പോര്‍ട്ടില്‍ പോകാന്‍ വണ്ടിയില്‍ കയറുമ്പോള്‍ ആണ് പാസ്സ്പോര്‍ട്ട് കൊടുക്കുന്നത്. നാളെ വെള്ളിയാഴ്ച ആയതുകൊണ്ട് ഇസ്സ വരില്ല.. അതുകൊണ്ട് ഇപ്പോഴേ അവന്‍ ജോലി തീര്‍ത്തു വെക്കുവാണ്. 

‘‘അച്ഛാ..ആവൊ. വാസുദേവന്‍‌ സ്ലീപിംഗ്. ഹം ബുലായെഗ’’ ഇസ്സക്ക് മനസ്സിലാവുന്ന ‘‘അറബി-ഹിന്ദിയില്‍’’ ഷാജി മറുപടി പറഞ്ഞുകൊണ്ട് അവര്‍ ഇരുവരും മുറിയില്‍ കയറി.

‘‘വാസ്സുവേട്ടാ ഇതുവരെ കഴിഞ്ഞില്ലെ? എഴുനേല്‍ക്കു പാസ്സ്പോര്‍ട്ട് കൊണ്ടുവന്നിട്ടുണ്ട്.’’ ഷാജി വിളിച്ചു.

വാസ്സുവേട്ടന്‍ നല്ല ഉറക്കം ആണ്. മുഖത്ത് നല്ല ഒരു മാറ്റം.. എന്തോ ഒരു ശാന്തത.

‘‘വാസ്സുവേട്ടാ എഴുന്നേല്‍ക്ക്. മതി..ഈ പാസ്സ്പോര്‍ട്ട് മേടിക്കു. ’’ ഇതെന്തു പറ്റി?ഷാജി വാസുവിന്റെ അടുത്തിരുന്നു. മെല്ലെ ദേഹത്ത് തൊട്ടു കുലുക്കി വിളിച്ചു. വാസു കണ്ണ് തുറന്നില്ല. 

സംശയം തോന്നിയ ഇസ്സാ, വാസുവിന്റെ മൂക്കിന്റെ അടുത്ത് കൈവച്ചു നോക്കി, പെട്ടന്ന് ഷാജിയോട് പറഞ്ഞു ‘‘ പക്കടോ ജെല്‍ധി. മുഷ്കില്‍. ഹോസ്പിറ്റല്‍ ജായേഗ.’’ ഷാജി ഞെട്ടിപ്പോയി. എന്തുകുഴപ്പം. ‘‘ഫ്രെണ്ട് ജെല്‍ധി..’’ ഇസാ വീണ്ടും പറഞ്ഞു.

ഷാജി പെട്ടന്ന് വാസുവിനെ കോരിയെടുത്തു,ഇല്ല ഇപ്പോഴും കണ്ണ് തുറന്നില്ല. 

ഇസാ വണ്ടി ശരിക്കും പറപ്പിക്കുവായിരുന്നു. വണ്ടിയില്‍ വച്ചും പലപോഴായി ഷാജി വാസുവിനെ ഉണര്‍ത്താന്‍ ശ്രെമിച്ചു. ഒരവസരത്തില്‍ ഷാജി കരച്ചിലിന്റെ വക്കോളം എത്തി.  ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ വാസുവിനെ എത്തിച്ചു. ഇസ്സാ കൂടെ ഉള്ളത് കൊണ്ട് പെട്ടന്ന് തന്നെ അവര്‍ വാസുവിനെ പരിശോധനക്കായി കയറ്റി.

ഇസ്സാ ആരെയൊക്കെയോ ഫോണ്‍ വിളിച്ചു. അറബികളില്‍ നല്ലവരും ഉണ്ട്. ഷാജി ഓര്‍ത്തു. 

എന്തുപറ്റി വാസുവേട്ടന്? നാളെ നാട്ടില്‍ പോകേണ്ടതാ. അപ്പോഴേ പറഞ്ഞതാ വല്ലതും കഴിച്ചിട്ട്‌ കിടക്കാന്‍. 

അത്യാഹിത വിഭാഗത്തിന്റെ വാതില്‍ തുറന്നു ഡോക്ടര്‍ പുറത്തെത്തി. ഷാജിയെ ഒന്ന് നോക്കി. ‘‘മലയാളിയാണോ?’’

‘‘അതേ, ഡോക്ടര്‍ എങ്ങന്നെ ഉണ്ട് വാസുവേട്ടന്?’’ ഷാജി ഉദ്ദ്ഗേധം അടക്കാനാകാതെ ചോദിച്ചു.

‘‘വാസുവിന്റെ ആരാന്നു താങ്കള്‍?’’

ഞാന്‍..ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. എന്താ ഡോക്ടര്‍?

‘‘സോറി. മരണം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഏകദേശം ഒരു മണിക്കൂര്‍ മുന്‍പുതന്നെ. ‘‘ഡോക്ടര്‍ അത് പറയുമ്പോള്‍ തന്നെ ഷാജി ഒരിക്കലും പ്രതീഷിക്കാത്ത ആ വാക്കുകള്‍ കേട്ട് മുഖം പൊത്തി ഇരുന്നു. 

കമ്പനിയില്‍ നിന്നും ജോണ്‍ തോമസ്‌ എത്തി..ഹ്യുമന്‍ റിസോഴ്സ്  ഒഫീസ്സര്‍ ആണ്.അതും മലയാളിയാണ്.

‘‘ഷാജി. ‘‘ജോണ്‍ തോമസ്‌ വിളിച്ചു.ഷാജി പെട്ടന്ന് മുഖമുയര്‍ത്തി. കരഞ്ഞു കലങ്ങിയ കണ്ണുകളും, കരഞ്ഞു വീര്‍ത്ത മുഖവുമായി ഇരുന്ന ഷാജിയെ കണ്ടു ജോണ്‍ വിഷണ്ണനായി.

‘‘സര്‍ നാളെ പോകേണ്ട ആളാ. ദാ ഇപ്പോഴേ പോയി..എല്ലാം പാക്ക് ചെയ്തുവച്ചിട്ടുണ്ട്.  രാവിലെയും ഓരോന്നോര്‍ത്തു കിടന്നതാ..ഇളയമകളുടെ കല്യാണം, മക്കളോടും,പേരക്കുട്ടികളോടും കൂടി.’’  ഷാജിയുടെ സ്വരമിടറി‘‘ദൈവത്തിനു എങ്ങനെ ഇത് തോന്നി..ഒരു രണ്ടു ദിവസം കൂടി ആയുസ്സ് കൊടുക്കാന്‍ ഉള്ള മനസ്സില്ലാതെ പോയല്ലോ?’’ ഷാജി പരിസരം മറന്നു പൊട്ടികരഞ്ഞു. 

‘‘ഷാജി എന്തായിത് കൊച്ചുകുട്ടികളെ പോലെ?’’ജോണ്‍, ഷാജിയുടെ അരികത്തിരുന്നു ആശ്വസിപ്പിച്ചു. കുറച്ചുനേരം മൌനം പടര്‍ന്നു..

‘‘ഷാജി ഞാന്‍ ഡോക്ടറിനെ കണ്ടിട്ട് വരാം..’’ ജോണ്‍ സാവധാനം എഴുന്നേറ്റു നടന്നു.

‘‘മേ ഐ കമിംഗ് ഡോക്ടര്‍’’

‘‘യെസ്’’ ഡോക്ടര്‍ അകത്തുനിന്നും മറുപടിപറഞ്ഞു. 

ജോണ്‍ ഡോക്ടറുടെ കണ്സല്ട്ടിംഗ് മുറിയിലേക്ക് കടന്നു.

ജോണ്‍ തിരികെ എത്തുമ്പോള്‍ ഷാജി മൊബൈലില്‍ ആരോടോ സംസാരിച്ചിട്ടു കാള്‍ കട്ട് ചെയ്തു പോക്കറ്റില്‍ ഇടുന്നത് കണ്ടു.

‘‘സൈലന്റ് അറ്റാക്ക് ആയിരുന്നത്രേ. ഫോര്‍മാലിറ്റി കഴിഞ്ഞു നാലഞ്ചു ദിവസം കഴിഞ്ഞേ നാട്ടില്‍ കൊണ്ടുപോകാന്‍ പറ്റു. കൂടെ പോകാന്‍ ഒരാളെ അറേഞ്ച് ചെയ്യണം.’’ ജോണ്‍ ഷാജിയുടെ പിന്നില്‍ ചെന്നുനിന്നു പറഞ്ഞു.

‘‘ഞാന്‍ പോകാം സര്‍.’’

‘‘ഷാജിയോ, ഷാജിക്ക് നാളത്തേക്ക് ടിക്കറ്റ്‌ റെഡി ആയിട്ടുണ്ടല്ലോ? അച്ഛന് സുഖമില്ലന്നു പറഞ്ഞുള്ള എമര്‍ജന്‍സി ലീവ് .  പിന്നെങ്ങന്നെ?’’ സംശയത്തോടെ ജോണ്‍ ചോദിച്ചു.

‘‘വേണ്ട സര്‍ എനിക്ക് ഇനി നാളെ പോകണമെന്നില്ല. വീട്ടില്‍നിന്നും ഇപ്പോള്‍ വിളിച്ചിരുന്നു. എന്റെ അച്ഛനും പോയി’’ ഇതുപറഞ്ഞു ഷാജി ജോണിനെ കെട്ടിപിടിച്ചു നിലവിളിച്ചു കരഞ്ഞു.

ജോണ്‍ സ്തബ്ധനായി നിന്നുപോയി.

‘‘എന്റെ അച്ഛനും, ഞാന്‍ ചേട്ടനെ പോലെ സ്നേഹിച്ച എന്റെ വാസുവേട്ടനും. അച്ഛന് എന്നെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു..പ ക്ഷെ.  .ഷാജിപിന്നെയും എന്തൊക്കെയോ പറഞ്ഞു കരഞ്ഞു.

ജോണ്‍ ഒന്നും കേട്ടില്ല..ആരും കാണാതെ കണ്ണുതുടച്ച്‌ അങ്ങനെ തന്നെ നിന്നു. 

തിരികെയുള്ള യാത്രയില്‍ ഷാജിയുടെ മൊബൈല്‍ റിംഗ് ചെയ്തു. സലിം.

‘‘ഷാജിയെട്ടാ ഒരു സന്തോഷവാര്‍ത്തയുണ്ട്. സുരേഷ് ഇപ്പോള്‍ വിളിച്ചു..പണം റെഡി ആയിട്ടുണ്ട്‌. ഞാന്‍ അത് മേടിച്ചു അയച്ചിട്ട് അങ്ങോട്ട്‌ വരാം. എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു ഷാജിയെട്ടാ..എന്റെ മോന്‍. എന്റെ കൂടെപിറപ്പുകള്‍ കാണിക്കാത്ത സ്നേഹമാണ് ഷാജിയേട്ടന്‍ കാണിച്ചത്. കാര്യം അറിഞ്ഞപ്പോള്‍ ആദ്യം വിളിക്കുന്നത്‌ ഷാജിയെട്ടനെ ആണ്. ഇനി ഞാന്‍ വീട്ടില്‍ വിളിച്ചു പറയട്ടെ. അവര്‍ക്ക് ഒരുപാട് സന്തോഷമാകും. പിന്നെ വാസുവേട്ടനെന്തുപറ്റി. കുഴപ്പം ഒന്നുമില്ലല്ലോ? ഡിസ്ചാര്‍ജ് ചെയ്തില്ലെങ്കിലും ആളെ വൈകിട്ടിങ്ങെത്തിക്കണം, വൈകിട്ട് റൂമില്‍ വരുമ്പോള്‍ വാസുവേട്ടന്‍ പോകുന്നതിന്റെയും, എനിക്ക് പൈസ്സ റെഡിയായതിന്റെയും പാര്‍ട്ടി നമുക്കൊന്ന് ആഘോഷിക്കണം. ചെലവ് എന്റെ വക. ഓക്കേ..’’

ഷാജി ഒന്നും മിണ്ടാതെ കാള്‍ കട്ട് ചെയ്തു. യാത്രയിലുടനീളം ഷാജി കൊച്ചുകുട്ടിയെ പോലെ കരഞ്ഞു. ഇത്രയധികം സ്നേഹിച്ച അച്ഛന്റെ, തന്നെ കാണണമെന്നുള്ള ആഗ്രഹം സാധിക്കാന്‍ പോലും കഴിയാതെ പോയതും, ഇവിടെ വന്ന കാലം മുതല്‍ക്കെ തന്നെ സ്വന്തം അനിയനെ പോലെ സ്നേഹിച്ച്, എല്ലാ വിഷമങ്ങളും, സന്തോഷങ്ങളും പങ്കുവെച്ച് ഒന്നിച്ചു ജീവിച്ച വാസുവേട്ടന്റെയും പെട്ടന്നുള്ള വേര്‍പാട് അയാള്‍ക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 

വണ്ടി റൂമിന്റെ താഴെ എത്തി. ഡോര്‍ തുറന്നു ഷാജി ഇറങ്ങിയ ഉടനെ എവിടെനിന്നോ ഓടിവന്നു സലിം ഷാജിയെ കെട്ടി പിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു‘‘. ഷാജിയെട്ടാ. ഞാന്‍. എനിക്ക്. മാപ്പ്. ഒന്നും അറിയാതെ ഞാന്‍. ’’ഷാജിക്ക് സലീമിനെ ആശ്വസിപ്പിക്കാന്‍ കഴിയില്ലായിരുന്നു.

ഷാജി മുറിയിലേക്ക് നടന്നു. അടുത്തുള്ള റൂമുകാര്‍ അവിടെ കൂടിനില്‍ക്കുന്നതോന്നും ഷാജികണ്ടില്ല..ഒന്നും കേട്ടതും ഇല്ല. 

മുറിയിലേക്ക് കടന്നു കട്ടിലില്‍ വീണു മുഖമമര്‍ത്തി കരഞ്ഞു.

പെട്ടന്ന് മൊബൈല്‍ റിംഗ് ചെയ്തു.ഷാജി നോക്കി തന്റെതല്ല. വാസുവേട്ടന്റെ കട്ടിലില്‍ നിന്നും ആണ്. ഷാജി വിറയാര്‍ന്ന കൈകലാന്‍ ആ മൊബൈല്‍ എടുത്തു നമ്പര്‍ നോക്കി  ‘‘രാജിക്കുട്ടി’’,വാസുവേട്ടന്റെ ഇളയമോള്‍. 

എന്തുചെയ്യണമെന്നറിയാതെ ഷാജി വിറങ്ങലിച്ചു നിന്നു. രണ്ടാമത് വീണ്ടും ആ മൊബൈല്‍ ശബ്ദിച്ചു. ഇത്തവണ അറിയാതെ ഷാജി ആ കാള്‍ എടുത്തു ചെവിയിലേക്ക് വെച്ചു. ‘‘ അച്ഛാ..ഹലോ..അച്ഛാ. ഞാനാ രാജി. ആ പാഴ്സല്‍ ഇപ്പോള്‍ കിട്ടി. ഞങ്ങള്‍ അതെല്ലാം പൊട്ടിച്ചു നോക്കി. മിഥുനും കാര്‍ത്തികയും, കളിപ്പാട്ടം കൊണ്ട് മുറിയില്‍ കയറികതകടച്ചു കഴിഞ്ഞു. അമ്മയും മീനുചേച്ചിയും അതെല്ലാം തപ്പിപറക്കികൊണ്ടിരിക്കുവാ. എനിക്ക് അച്ഛന്‍ കൊടുത്തുവിട്ട സാരികണ്ടപ്പോള്‍ തന്നെ ഞാന് തപ്പല്‍ നിര്‍ത്തി. അടിപൊളി സാരിയാണച്ചാ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അച്ഛനപ്പോള്‍ സാരി സെലക്ട്‌ ചെയ്യാന്‍ അറിയാമല്ലെ?. അച്ഛന്‍ വരുമ്പോള്‍ ഞാന്‍ ഈ സാരിയുടുത്താണ് എയര്‍പോര്‍ട്ടില്‍ വരുന്നത്..കേട്ടോ?. അച്ഛാ.  കേള്‍ക്കുന്നുണ്ടോ?. ഹലോ..’’

ഇതൊന്നും അറിയാതെ വാസുവേട്ടന്‍ ഇപ്പോള്‍ മോര്‍ച്ചറിയില്‍ തണുത്തു വിറങ്ങലിച്ചു. കണ്ണുമര്‍ത്തിത്തുടച്ചു,നെഞ്ച് പൊട്ടുന്ന വേദനയോടെ ഷാജി മേശ പുറത്തേക്കു ഇരുന്നു. മൊബൈല്‍ മേശപ്പുറത്തു വെക്കുന്നതിനിടയില്‍  ഷാജിയുടെ കണ്ണ്, വാസു കൊടുത്ത പുസ്തകത്തിന്റെ പുറംതാളില്‍ എഴുതിയ ആ പേരില്‍ ഉടക്കിനിന്നു. ‘‘ഒരു പ്രവാസിയുടെ കഥ.’’

English Summary: Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;