sections
MORE

‘നിങ്ങൾ ചിരിച്ചോളൂ, തോറ്റവന്റെ നൊമ്പരം തോറ്റുപോയവനേ അറിയൂ...’

Students
പ്രതീകാത്മക ചിത്രം
SHARE

തങ്ങളുപ്പാപ്പ (കഥ)

ബാപ്പച്ചീ , ബാ. .... ഇങ്ങളറിഞ്ഞോ പരീഷ ഇല്ലാണ്ട് ഇക്കൊല്ലം ഞാളെല്ലാം പാസ്സായി.  

അടുത്തവീട്ടിൽ ടീവി കണ്ടുകൊണ്ടിരുന്ന ആറാം ക്ളാസിൽ പഠിക്കുന്ന എന്റെ മോൻ മിറാജ് ഓടിക്കിതച്ചു വന്നു പറഞ്ഞു.  

അവന്റെ ആഹ്ളാദം നൂലയഞ്ഞ പട്ടംപോലെ ഉയർന്നുയർന്നുപോകുന്നത് ഞാൻ നോക്കിനിന്നു. 

അപ്പോഴ്യ്ക്കും വീടിനുമുന്നിലെ റോഡിൽ - സ്കൂളിലെ പരീക്ഷയില്ലാതെ, പരീക്ഷണങ്ങളില്ലാതെ പടികടന്നു ക്ലാസുകൾ കയറിപ്പോകുന്ന കുട്ടികളുടെ ആരവങ്ങളുടെ കുട്ടിപ്പട്ടാളം തന്നെ ഒഴുകിയെത്തിയിരുന്നു.  ഞാനവരുടെ അതിരുകളില്ലാത്ത സന്തോഷത്തിനുമുമ്പിൽ, എന്റെ... അല്ല. ...അന്നത്തെ ഒരേഴാം ക്ലാസുകാരന്റെ സങ്കടത്തെ ഇന്നിപ്പോൾ നിങ്ങളുമായി കൂട്ടികെട്ടുകയാണ്. 

ഓർമ്മയുണ്ടോ മേയ് രണ്ട്...........?

നമ്മളൊക്കെ രാവിലെതന്നെ കുളിച്ചു കുറിതൊട്ടും കുരിശുവരച്ചും സ്കൂൾ മുറ്റമണയും വരെ അല്ലാഹുവിൽ ദിക്റുകൾ ചൊല്ലിയും ജയിച്ചതോ തോറ്റതോ എന്ന് നെഞ്ഞു പിടഞ്ഞു കണ്ണെടുക്കാതെ നോക്കി നിന്ന സ്കൂളിലെ നോട്ടിസ് ബോർഡ്.  

ആ ബോർഡിൽ ഓരോപേരിലൂടെയും കണ്ണുകൾ മുകളിന്നു താഴ്യോട് എത്രനോക്കിയിട്ടും സുനിയെയും രവിയേയും സഞ്ജുവിനെയും റഫീഖിനെയും സജീഷിനെയും ജ്യോതിയെയും സ്മിതേയെയും രജനിയെയും സലാമിനെയും സിറാജിനെയും ബെന്നിയെയും സുഹ്റയെയും അഷ്റഫിനെയും ബിജുവിനെയും ദീപയെയും. ....മാത്രമേ കണ്ടുള്ളു. ഹക്കീമെന്ന ഞാൻ ഇല്ലെന്നു മാത്രമല്ല  ഹ  എന്ന അക്ഷരം പോലും അവിടെങ്ങും കണ്ടില്ല.  

അല്ലെങ്കിൽ ഞാനെന്തിനിത്ര സങ്കടപ്പെടുന്നു. ...? ഇതാദ്യത്തെ തവണയൊന്നുമല്ലല്ലോ യുപി സ്കൂളിൽ വിജയിച്ചവരുടെ പേരുകളുടെ കൂടെ എന്റെ  ഹ  ഇല്ലാത്തത്. അഞ്ചാം ക്ലാസ്സിലും എന്റെ പേര് ബോർഡിലില്ലായിരുന്നല്ലോ. 

ബോർഡിലെ കണ്ണിന്റെ കളമെഴുത്ത് തീർന്നു ഞാനാ സ്കൂൾ മൈതാനത്തിന്റെ കോണിലെ നാട്ടുമാഞ്ചോട്ടിൽ ചാരിനിന്നു ഏറെനേരം.  

മേടമാസ ചൂടിലോ അല്ലങ്കിലെന്റെ സങ്കടത്തോട്  - സങ്കടം തോന്നിയോ പള്ളിക്കൂടത്തിന്റെ പടവുകൾക്കരികിലെ ചെമ്പരത്തി തൈപോലും വാടിത്തളർന്നിരുന്നു. 

നീ കരീമിന്റെ വീട്ടിലേക്ക് എന്റെ കൂടെ വാ ,എനിക്കവന്റെ ബുക്കേൽപ്പിക്കണം  ലത്തീഫ് എന്നെ തൊണ്ടിപ്പറഞ്ഞു.  അവൻ ജയിച്ചതാണ്.... എന്റെ കണ്ണുന്നീർച്ചാലിലും അവന്റെ സന്തോഷത്തെ ഞാനെങ്ങിനെ നിങ്ങളോടു വിവരിക്കും, ഒരേ ബെഞ്ചിൽ കൂടെപ്പിറപ്പിനെപോലെ തോളോട് തോള് ചേർന്ന് നടന്നവൻ. 

അസീസ് കൂത്താളി ഹൈസ്കൂളിലേക്കാണുപോലും. സാഹിറയും റംലയും പേരാംബ്രക്കും. ഉണ്ണികൃഷ്ണനും കുഞ്ഞിപ്പോക്കറും വിട്ടുപോകുന്ന ക്ലാസ്സ്മുറികളുടെ വരാന്തയിലൂടെ ഒന്നുകൂടി നടന്നു സ്കൂളിനോട് യാത്രയോതുന്നു. ........

  മ്മക്ക് ഒന്നുകുടി മാസ്സുകളിച്ചിട്ടു പോയാലോ ?  ആഷിക്കിന്റെ ചോദ്യം കൃഷ്ണപ്രസാദിനോടാണ്. 

മേയ് മാസത്തിന്റെ പൊള്ളലിൽ സ്കൂളിന്റെ ഓല മേഞ്ഞ മേൽക്കൂര ചാഞ്ഞു ചത്തുകിടക്കുന്നു.

മാഷമ്മാര്ക് ചായവാങ്ങാൻപോയ ‘കനിയ്യൻ ശിപായി’ ചായ തൂക്കുമായി ഇളിച്ചെന്നെനോക്കി ചിരിച്ചതോ അതോ എന്റെ തോൽവിയെ ഒന്നുകൂടി അമർത്തിച്ചവിട്ടി തേച്ചു കടന്നുപോയതോ...?

തോറ്റുപോയവരിൽ വേറെയും ചിലരുണ്ടായിരുന്നു. പക്ഷേ അവരാരും തോൽവി അറിയാൻ അന്ന് വന്നതേ ഉണ്ടായിരുന്നില്ല.  അവരെല്ലാം ഫലം നേരത്തേ കണ്ടറിഞ്ഞിട്ടുണ്ടാവും.  

ഒന്നും കണ്ടറിയാൻ കഴിയാത്ത എല്ലാം കൊണ്ടറിയുന്ന ഞാനും നിങ്ങളും തമ്മിൽ ഒരുപാട് ദൂരമുണ്ട്. 

  

അപ്പഴ്ന്നെ അലട്ടിയത് അതുമാത്രമല്ല. കോരിച്ചൊരിയുന്ന മഴയത്ത് ജൂണിൽ സ്കൂൾ തുറന്നാൽ നമ്പൂരി മാഷെന്നെ ബെഞ്ചിൽ കയറ്റി നിറുത്തി എല്ലാവര്ക്കും കാണത്തക്കവിധത്തിൽ ഉയർത്തി നിറുത്തും. എന്നിട്ട് ദാ ഇങ്ങനെ മൊഴിയും.:  ദാ എല്ലാരും കണ്ടോളിൻ രണ്ടാം കൊല്ലക്കാരനെ.... നിങ്ങളെല്ലാം ഈയുസ്കൂള് വിട്ട് പോയാലും ഈ മഹാൻ ഇവിടെത്തെ കഞ്ഞി പൊരേലും ഈ ബെഞ്ചിലും കാണും. എന്ത്നാടാ ഈ സമയം കളയുന്നത് ? . 

അങ്ങിനെ ആറാം ക്ലാസ്സിന്ന് ജയിച്ചവർക്കിടയിൽ തോറ്റവന്റെ ജാള്യവുമായി ഞാൻ മുഖം കുനിച്ചു നിക്കും.  അങ്ങിനെ ഓരോ പിരീഡും ഞാൻ മാറാതെ, മാറി മാറി വരുന്ന മാഷമ്മാരും ടീച്ചർമാരും എന്നെ  വിജയപീഠത്തിൽ  കയറ്റിക്കൊണ്ടേയിരിക്കും ഒരായ്ച്ചയെങ്കിലും. 

പിന്നീടതെനിക്കൊരു ശീലമാകുമ്പോൾ ആരും പറയാതെ തന്നെ അടുത്ത പിരീഡിൽ ഞാൻ സ്വയം കയറിനിൽക്കും !

നിങ്ങളിത് വായിച്ചു ചിരിക്കുന്നുണ്ടാകും. നിങ്ങൾ ചിരിച്ചോളൂ. തോറ്റവന്റെ നൊമ്പരം തോറ്റുപോയവനേ അറിയൂ. 

പക്ഷേ. .....

തോറ്റുപോയ എല്ലാവര്ക്കും ഇന്നെന്റെ കൂടെവരാം. ...

ജയിച്ചവർക്കും മുന്നിൽ തന്നെ നടക്കാം. ..... അവരും കൂടിയുള്ളതാണീ ലോകം. 

ജയിച്ചവരെന്നും വഴികാട്ടിയാണെങ്കിൽ തോറ്റവരുടെ അനുഭവങ്ങൾ പുറകെ വരുന്നവർക്ക് ജയിച്ചു കയറാനുള്ള പടവുകളാവട്ടെ. എങ്കിൽ വരൂ, 

വെള്ളികുളങ്ങര തങ്ങളുപ്പാപ്പാന്റെ തറവാട്ടിലേക്ക്.

എന്റെവയസ്സന്നു നിങ്ങളോടു പറയണോ ?.  നിങ്ങളൂഹിച്ചത് തെറ്റാണ് - ഏഴും അഞ്ചും പന്ത്രണ്ട് - അല്ലേ........ അല്ലന്നേ.  ഞാൻ തോറ്റ രണ്ടുകൊല്ലം നിങ്ങൾ കൂട്ടിയിട്ടില്ലല്ലോ.  ഇപ്പൊ തിരിഞ്ഞോ. ..തോറ്റെങ്കിലും കണക്കു കണക്കാവണ്ടേ ?. ഇന്നിപ്പോൾ കണക്കും കണക്കുകൂട്ടലുകളും ഏതാണ്ട് ശരിയായി വരുന്നുണ്ടെന്നു തോന്നുന്നു.  

നമ്മളറിയാതെ , ഞമ്മളോട് ചോദിക്കാതെ മൂക്കിന് താഴ്യേ ശരീരം കരവിരുത് നടത്തുന്ന പ്രായം, ശബ്ദത്തിനു ഗാഭീര്യം കൂടിവരുന്ന നേരം, വിരിയാൻ വെമ്പുന്ന പൂമൊട്ടുകളോട് ഇഷ്ടം നിറഞ്ഞു ഉള്ളിൽ പ്രണയത്തേൻ വണ്ടു മൂളി പറക്കുന്ന , സ്വപ്നങ്ങളിൽ സ്വർഗ്ഗങ്ങൾ തേടി മനസ്സു കടിഞ്ഞാണുപൊട്ടിയ കുതിര കുളമ്പടിയായി മാറുന്ന, വിചാരങ്ങളിൽ വിവേകമൊഴിയുന്ന കാലം.

അറ്റത്തെ ബെഞ്ചിലെ ‘കുഞ്ഞീബി’ ഇടെക്കെന്നെ ഒളികണ്ണിട്ടു നോക്കുന്ന, പണ്ടെന്നോ രണ്ടാം ക്ലാസ്സിന്ന് പുറകിലൂടെ വന്നെന്റെ കണ്ണുപൊത്തി ആളറിയാമോ. ..പേരറിയാമോ എന്നുചോദിച്ചു കുഴയ്ക്കുന്ന ‘ശ്രീലേഖ’ ഇന്നിപ്പോൾ കാണുമ്പോൾ മാറിനടക്കുന്ന, ഇഞ്ചി മിഠായി കടിച്ചെടുത്തതിന്റെ പാതി പങ്കുവെച്ച ‘ഫരീദ’ തട്ടത്തിന്റെ തലപ്പെടുത്തു മാറിലേക്ക് തായ്തിയിടുന്ന - അവളിൽ ലജ്ജ കിളിർത്തു വരുന്ന........കാലം. 

അവനവനെ തിരിച്ചറിയാൻ തുടങ്ങുന്ന പ്രായം. മറ്റു ശരീര ഭാഗങ്ങളിൽ കൗതുകങ്ങൾ വിടരുമ്പോൾ  ആശ്ചര്യമോടെ  ‘ഞാൻ വലുതായി’ എന്ന് സ്വയം നിരീക്ഷിക്കുന്ന - ...............അങ്ങിനെ പലതും സംഭവിക്കുന്ന കുതുഹുലക്കാലം. 

അതെ. .....

നിങ്ങളുടെയും എന്റെയും മാഞ്ഞുപോയ കൗമാരക്കാലം. മറഞ്ഞാലും മാഞ്ഞുപോകാതിരിക്കാൻ നാമോർത്തോർത്തു വയ്ക്കുന്ന കാലം. മതിമറന്നു നാം മഴവില്ലുപോലെ വർണ്ണങ്ങളിൽ ലയിച്ചു ചിത്രശലഭങ്ങളായി പാറിപ്പറന്ന മോഹക്കാലം. വെയിലേറ്റു വാടിത്തളർന്നിട്ടും തളരാതെ തിളച്ചുമറിഞ്ഞ പ്രായം. മഴനനഞ്ഞു ചെളിപുരണ്ടു തിമർത്താടിയ കാലം. റാന്തൽ വിളക്കിന്റെ കുഴൽ തുടച്ചു നാം സന്ധ്യകൾക്കു നിറംകൂട്ടിയ, പുലരികളിലെ തണുപ്പിനെ ചപ്പില തീകൂട്ടി ചൂടാക്കിയ ഓർമ്മക്കാലം. ഇനിയൊരിക്കലും മടങ്ങിവരാത്ത മധുരമൂറുന്ന മാമ്പഴക്കാലം.............! 

ആ കാലത്തിന്റെ ഇന്നലെകളുടെ ഇടനാഴികളിലേക്കാണ് ഞാൻ നിങ്ങളെ ക്ഷണിച്ചു സൽക്കരിച്ചു കൂട്ടികൊണ്ടു പോകുന്നത്. അക്കാലത് വടകര കുറ്റിയാടി നാദാപുരത്തൊക്കെ കിണറിനു സ്ഥാനം കണ്ടെത്തുകയും വീടിനു യോഗം നിർണയിക്കുകയും ചെയുന്ന ആളായിരുന്നു തങ്ങളുപ്പാപ്പ എന്ന് ഞാനേറെ ആദരവോടെ വിളിക്കുന്ന വെള്ളികുളങ്ങര തുറാബ് തങ്ങൾ. 

ഇന്നത്തെ പോലെ അഞ്ചോ പത്തോ സെന്റല്ലലോ അന്നുപുരയിടം, ഒരു വലിയ പറമ്പൊ തോടിയോ. അതിലൊരു വീട് മാത്രം.  അപ്പൊ അവിടെവിടെയാണ് വീടിന്റെ യോഗമെന്നോ കിണറിന്റെ സ്ഥാനമെന്നോ നമുക്കറിഞ്ഞെന്നു വരില്ല.  അതിനുള്ള അന്വേഷണം പലപ്പോഴും ചെന്നെത്തുക തുറാബ് തങ്ങളിലായിരിക്കും.  

മ്മളെ നാട്ടുമ്പുറത്തുള്ള കണിയാനും മൂത്താശാരിയും ഒക്കെ ഈ ഗണത്തിൽ വരും. വടകര കോട്ടപ്പറമ്പിൽ ആഴ്ചച്ചന്തയിൽ പച്ചമരുന്ന് കച്ചവടം നടത്തിയിരുന്ന ബാപ്പയുമായുള്ള പരിചയം. ചൊവ്വാഴ്ചത്തെ വടകര ചന്തയിൽ എണ്ണ മൂപ്പിക്കാൻ കറ്റാർവാഴ വാങ്ങാൻവന്നപ്പോൾ ബാപ്പയോടദ്ദേഹം ചോദിച്ചുവത്രേ. 

 മ്മളാടുത്തെ പൊരേലെ കാര്യസ്ഥൻ നമ്പീശന് ഇപ്പൊ തീരെ ബയ്യാണ്ടായിക്കി. മ്മക്ക് ഒരാളെ കിട്ടാൻഡോ ടോ ഇബ്രാഹീം. നമ്പീശനും ഞമ്മളും ഒരുമ്മ പെറ്റ മക്കളെപ്പോലാ. .... പക്കേങ്കില് ഓനിപ്പോ തീരെ പറ്റാണ്ടായിക്കി. പേരെലെ കാര്യേങ്ങളത്രയ്ക് മൊടങ്ങണ സ്ഥിതിയാ 

ഒന്ന് മനസ്സിനെ എന്നിലേക്ക് പറത്തിവിട്ട് ബാപ്പ  ഓറ് നടന്നോളിൻ , ഞാനടുത്താഴ്ച വെള്ളിയോളങ്ങരക്ക് ബന്നോള .

മടക്ക ബസ്സിൽ പേരാമ്പ്ര എത്തുവോളം ‘ഞാനെന്ന തോൽവിയെ’ നാളത്തെ ജീവിതത്തിൽ കാലിടറിപ്പോകാതിരിക്കാൻ തീക്ഷ്ണമായ അനുഭവങ്ങളെ ആർജിക്കാൻ പ്രാപ്തമാക്കുമെന്ന ഉള്ളറിവിന്റെ അകം പൊരുളുകളിലേക്കു എന്നെ ഇറക്കിവെക്കുകയായിരുന്നു ബാപ്പ. അങ്ങിനെ തങ്ങളുടെ കാര്യസ്ഥപണിക്കുള്ള ചോദ്യത്തിന് ഉപ്പ കണ്ട ഉത്തരമാണ് ഞാൻ.  

ഉമ്മയുടെ വാത്സല്യ കണ്ണീരിനു കാഴ്ച കൊടുക്കാതെ പിറ്റേ തിങ്കളാഴ്ച എന്റെ കൈപിടിച്ചിറങ്ങി വീട്ടിന്റെ ഉമ്മറത്തുനിന്നും ഉപ്പ.  ബസ്സുകൾ ഒന്നുരണ്ടു മാറിക്കയറി വെള്ളികുളങ്ങര ഇറങ്ങി മണൽ പറമ്പുകൾ പിന്നിട്ടു കൈക്കനാലിന്റെ ഓരത്തുകൂടി നീർച്ചാലുള്ള ഇടവഴി താണ്ടി കയ്യിലെ തുണി സഞ്ചിയും തൂക്കി

ഉപ്പയുടെ നിഴലായി തങ്ങളുപ്പാപ്പന്റെ വലിയവീടിന്റെ പടിക്കൽ ചെന്ന് നിന്നു ഞാൻ. 

 എന്റെ കുട്ടിങ്ട്ട് ബാ  കോലായിലെ വലിയ പെടാപ്പുറത് വെറ്റില മുറുക്കി ചമ്രം പടിഞ്ഞിരുന്നു തങ്ങളെന്നെ നീട്ടിവിളിച്ചു. ഉമ്മറക്കോലായിലെ വാതിൽ കട്ടിളക്ക് തൂക്കിയ മറ വിരിപൊക്കി നോക്കുന്ന, എനിക്ക് ഒട്ടും പരിചയമില്ലാത്ത മുഖങ്ങളേറെ കണ്ടു അകത്തളങ്ങളിൽ. ഞാനെന്ന ഭാരത്തെ തങ്ങളുപ്പാപ്പന്റെ വീടിന്റെ ഉമ്മറത്തിറക്കി പിന്തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ നടന്നകന്നുപോയ പിതാവിന്റെ കണ്ണുകളന്നു നിറഞ്ഞുതൂകിയത് എന്തുകൊണ്ടോ ഞാനറിയാതെപോയി. 

വലിയയൊരു വീട്ടിലെത്തിപ്പെട്ട ആശ്ചര്യങ്ങളുടെ പകലും വീടുവിട്ടാദ്യമായി ഒറ്റയ്ക്കുറങ്ങേണ്ടി വന്നതിന്റെ സംഭ്രമത്തിന്റെ രാവും എങ്ങിനെ നിങ്ങൾക്കുവേണ്ടി അക്ഷരങ്ങളിലാവാഹിച്ചിവിടെ പകർത്തിയെഴുതുമെന്നെനിക്കു വലിയ നിശ്ചയമില്ല. അതുകൊണ്ട് വിട്ടഭാഗം പൂരിപ്പിക്കാൻ പണ്ടേ തോൽവികളേറ്റുവാങ്ങിയ എനിക്ക് മിടുക്കു കുറവാണെന്നു ഈ വായന ഇവിടം വരെ എത്തുമ്പോൾ നിങ്ങൾക്ക് സ്വയമേ ബോധ്യം വന്നിട്ടുണ്ടാകുമല്ലോ. ...........?

 ‘ബീവി’ (തങ്ങളുടെ ഭാര്യ) തന്ന വാത്സല്യത്തിന്റെ കമ്പിളി പുതപ്പിൽ ഉമ്മയെ വിട്ട വിരഹവേദനയെ ഞാൻ പുതച്ചുമൂടിയുറങ്ങി ആ രാത്രിയിൽ.  

പിറ്റേന്ന് കാലത്താണ് നമ്പീശൻ വന്നത് ,പ്രായാധിക്യംഅധികമില്ലെങ്കിലും വയ്യായ്മയുടെ പാടുകൾ നടത്തത്തിലും സംസാരത്തിലുമൊക്കെ മൂപ്പരിൽ ആദ്യ കാഴ്ചയിൽ പ്രകടമായിരുന്നു. തങ്ങളടുത്തു വിളിച്ചു നമ്പീശനോട് എന്തൊക്കയോ പറഞ്ഞേൽപ്പിച്ചു. പിന്നെ നമ്പീശൻ എന്നെയും കൂട്ടി നടക്കാൻ തുടങ്ങി. 

 ആളെത്രയുണ്ട് കുട്ടിന്റെ പെരേല്  ?

 ഞാള് ഒമ്പതാളുണ്ട് 

ഞമ്മക്ക് വയ്യാണ്ടായി കുട്ടീ, ഓർ നല്ല മന്ച്ചനാ, നോക്കിയും കണ്ടും നിന്നാ കൊണം കൊറേ ണ്ടാവും, പക്കേങ്കില് പടുത്തംനിന്ന് പോയല്ലോ എന്റെ കുട്ടിയേ  

ആ നേരത്തെ സങ്കടത്തിലേ മൗനത്തിലൊലിച്ചുപോയി എന്റെ മറുപടി. 

അദ്ദേഹമെന്നെയും കൂട്ടി ആദ്യം പോയത് പലചരക്കു കടയിലും പച്ചക്കറി പീടികയിലും പിന്നെ ഇറച്ചിക്കടയിലും. അങ്ങിനെ വെള്ളികുളങ്ങര അങ്ങാടി എന്നെയും ഞാനങ്ങാടിയെയും അടുത്തറിയാൻ തുടങ്ങി. കാര്യസ്ഥപ്പണിയുടെ തലമുറമാറ്റമാണ് നടക്കുന്നത് എന്ന് വിവേചിച്ചറിയാനുള്ള ജ്ഞാനദൃഷ്ടിയൊന്നും അന്നെനിക്ക് ഉണ്ടായിരുന്നില്ല.  

ആദ്യമാദ്യം മനസ്സു വല്ലാതെ നൊന്തെങ്കിലും എന്നേക്കാൾ പ്രായം കുറഞ്ഞ കുഞ്ഞുകുട്ടികളൊപ്പമുള്ള കളികളിലും ബീവിയുടെ ‘തൻകുഞ്ഞെന്ന’ പരിഗണനയും തങ്ങളുടെ സ്നേഹവായ്പ്പും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ എന്നെ പ്രാപ്തനാക്കികൊണ്ടിരുന്നു.  

പക്ഷേ.........

ഇടയ്ക്ക് ഒക്കെ ഒറ്റയ്ക്കയായി പോകുന്ന നേരങ്ങളിൽ ഉമ്മയുടെ മുലപ്പാലിന്റെ ഗന്ധം എന്നെ തേടിയെത്തുകയും ആ മടിയിലെ തലചായ്ച്ചുറങ്ങലിന്റെ സ്വാന്തനവിരലുകൾ മാടിവിളിക്കുകയും ചെയ്യുമ്പോൾ ഉള്ളുറവപൊട്ടിയ എന്നിലെ വിരഹക്കനലിലെ കണ്ണുനീർച്ചാലാരും കാണാതെ തുടച്ചുകളയുന്ന എന്നിലെ എന്നെ ഞാൻ ഇന്നുമോർത്തുവെയ്ക്കുന്നു. 

ഏതാണ്ട് എല്ലാദിവസവും തങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ആരെങ്കിലും വന്നിട്ടുണ്ടാകും, വെള്ളിയൊഴികെ. വലിയ ഒരു നീളൻ കാലൻ കുടയും ഉയർത്തിക്കെട്ടിയ തലേക്കെട്ടും നീളൻ ജുബ്ബയും വെള്ളമുണ്ടുമുടുത്തു തങ്ങൾ മുമ്പിലും ക്ഷണിക്കാൻ വന്നവർ പുറകിലുമായി നടക്കും. 

മുറ്റം കഴിഞ്ഞുള്ള കോണിപ്പടിയിലെത്തുമ്പോൾ നീട്ടിയൊരു വിളിയുണ്ട്. 

സുൽത്താനെ (എന്നെ മൂപ്പരന്നങ്ങിനെയാണ് വിളിക്കാറ്) ഇനിയാരെലും ബന്നിക്കെങ്കിൽ ഓർ ഉച്ചേരിഞ്ഞു ബരൂന്നു ഇഞ് പറഞ്ഞേക്ക് . 

മുറുക്കാൻ ചെല്ലം കൂടവന്നാളുടെ കയ്യിലേൽപ്പിച്ചു ഞാൻ തലയാട്ടി മടങ്ങും. 

ചില ദിവസങ്ങളിൽ വരുന്നവരുടെ കയ്യിലൊരു കൂജയോ കുപ്പിയോ ണ്ടാവും. തങ്ങൾ കുറ്റിയിട്ട കിണറ്റിൽ നിന്നാദ്യം കോരിയ വെള്ളം തങ്ങൾക്ക് കുടിക്കാൻ കൊണ്ടുവരുന്നതാണ്. ഒന്നും രണ്ടും കിണറുകൾ കുഴിച്ചിട്ടും ആവശ്യത്തിന് വെള്ളം ലഭിക്കാതെ നിരാശ പൂണ്ടവരധികവും തങ്ങളുടെ കണക്കു കൂട്ടലിൽ കുഴിച്ച കിണറ്റിലെ വെള്ളവുമായി വരുമ്പോൾ - അവരുടെ മനസ്സിന്റെ മുറ്റത്തുകുഴിച്ച കിണറിലെ സന്തോഷത്തിന്റെ നീരുറവ കണ്ണുകളിൽ ആനന്ദാശ്രുവായി ഒലിച്ചിറങ്ങുന്നതുകാണാം. 

മനുഷ്യന്റെ നിലനില്പിനാധാരമായ ഭൂപാളികൾക്കടിയിലെ നീരുറവയെ മനക്കണ്ണുകൊണ്ടു കൂട്ടിയും കുറച്ചും കണ്ടെത്താൻ ദൈവികമായ ഒരുൾവിളി തങ്ങളിൽ കുടിയിരുത്തപ്പെട്ടിട്ടുണ്ടെന്ന സത്യത്തെ എന്നിലെ കൗമാരവിചാരം അന്ന് തിരിച്ചറിഞ്ഞിരുന്നത് അത്തരം അനുഭവ സാക്ഷ്യത്തിൽ ഞാനെത്തപെട്ടപ്പോഴാണ്.........!

പിറ്റേ തിങ്കളാഴ്ച എനിക്കൊരുപൊതി അരി മുറുക്കും തങ്ങൾക്ക് ഒരുകെട്ട് നന്നാറിയും (സർബത്തുണ്ടാക്കാൻ) ആയി ഉപ്പ വന്നു. എന്നെ അടുത്തിരുത്തി വീട്ടിലെ വിശേഷങ്ങളും കഥകളും പറഞ്ഞു. ആ സംസാരത്തിനിടയിൽ ഒരുമുപ്പതു വട്ടമെങ്കിലും ഞാനുമ്മയെ പറ്റി ചോദിച്ചിട്ടുണ്ടാകും. പിന്നെ കുഞ്ഞനുജൻ സാഫറിനെയും ബുഷറയെയും. കലങ്ങിയ കണ്ണുമായി യാത്ര പറയാൻ ബസ് സ്റ്റോപ്പുവരെ പോയ എന്നെ ബസ്സുവരാൻ നേരത്തു ചേർത്ത് നിറുത്തി മൂർദ്ധാവിലൊരുമ്മ വച്ചപ്പോ ഉപ്പയുടെ ആ കണ്ണുകളിൽനിന്നടർന്നുവീണ രണ്ടിറ്റു തുള്ളികൾ ഇന്നുമെന്റെ നെറ്റിത്തടത്തിൽ പൊള്ളിക്കിടപ്പുണ്ട്. 

വീട്ടിൽ വരുന്നവർക്കെല്ലാം ചായയും ബിസ്കറ്റും കൊടുത്തേ തങ്ങൾ മടക്കിയയ്ക്കൂ. നമ്പീശൻ പോകെ പോകെ വരാതായി. വല്ലപ്പോഴും വന്നു തങ്ങളോട് സലാം പറഞ്ഞുപോകും. ഓരോ വരവിനും തങ്ങൾ കൊടുക്കുന്ന കൈമടക്കമാണ് അയാളുടെ ജീവിത ദുരിതത്തിനറുതി വരുത്തുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.  ബീവിയുടെ വകയുമുണ്ടാവും തേങ്ങയും അരിയും നെല്ലുമായി ഒരു സഞ്ചിക്കെട്ട്.

സന്ധ്യയിൽ പ്രാർത്ഥനകഴിഞ്ഞു പഠനത്തിനിരിക്കുന്ന കുഞ്ഞു തങ്ങന്മാരും ചെറിയ ബീവിമാരുടെയും കൂടെ ഞാനും ഓത്തിനിരിക്കും. ആ നേരത്തൊക്കെയും എന്റെ കണ്ണുകളറിയാതെ നിറയുന്നത് വലിയ ബീവി ഞാനറിയാതെ നോക്കിക്കാണുകയും തങ്ങളോട് എനിക്ക് പള്ളിക്കൂടം നഷ്ടമായതിന്റെ സങ്കടമാണെന്നുണർത്തുകയും ചെയ്യാറുണ്ടായിരുന്നു.  

തെങ്ങുകയറ്റക്കാരന്റെ കൂടെ തേങ്ങപെറുക്കിയും വരുന്നവർക്കൊക്കെ ചായകൊടുത്തും കടകളിൽ പോയി ചില്ലുആനം വാങ്ങിച്ചും എന്റെ പകലുകളങ്ങിനെ ഇഴഞ്ഞു നീങ്ങും. ഉറക്കം വരാത്ത രാത്രികളിൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന  വെള്ളികുളങ്ങര ഗ്രാമത്തെ  മുകളിലെ ചെറിയ മുറിയിലെ ഇരുട്ടിൽ ജനലഴി പിടിച്ചുനിന്നു നിലാവിന്റെ വെട്ടത്തിൽ ആ പതിനാലുകാരൻ  സങ്കടക്കനലൂതി ഉറക്കും............!  

അങ്ങിനെ സ്കൂൾ തുറന്നു……….. പുതുമണം മാറാത്ത പുസ്തകങ്ങളിൽ പൊതിയിട്ടു മഷിനിറച്ച പേനയും ചെത്തിമിനുക്കിയ കടലാസുപെൻസിലുമായി പുത്തനുടുപ്പുമിട്ടു മഴ  ആരവങ്ങൾ മുഴക്കുന്ന  ഇടവപ്പാതിയിൽ പുലർകാലത്ത് അടിവച്ചടിവച്ചുപോയി കുഞ്ഞു കാലടികൾ. അവരെ യാത്രയാക്കാൻ ഞാനും കൂടെ നടന്നു പള്ളികൂടത്തിന്റെ പടിവാതിൽക്കൽ വരെ.

ആയിടക്കൊരുനാൾ തങ്ങളെങ്ങോ ആരുടെയോ കൂടെപോയിരിക്കുന്നു.  ഓർക്കാട്ടേരി ഭാഗത്തുനിന്ന് വന്ന ഒരു സ്കൂൾ മാഷ് തങ്ങളെ വീട്ടിൽ കാത്തിരിക്കുന്നു.  ഞാനൊഴിച്ചുകൊടുത്ത ചായകുടിച്ചയാൾ ഞാനാ കുടുംബാംഗമല്ലെന്നെങ്ങിനെയോ മനസ്സിലാക്കി എന്റെ വേരുകൾ ചികഞ്ഞിറങ്ങാൻ തുടങ്ങി.  ഞാനെന്റെ തോൽവിയുടെ കഥപറയാതെ ഒഴിഞ്ഞുമാറിയെങ്കിലും കുഞ്ഞുങ്ങളുടെ മനമറിയുന്ന ആ അധ്യാപകൻ എന്റെ മനസ്സിന്റെ മാറാല നീക്കിത്തുടങ്ങി. 

  ഒരുപാടു യുദ്ധങ്ങളിൽ തോറ്റുപോയ ഒരു രാജാവ് ഗുഹയിലൊളിച്ചപ്പോൾ നിസ്സാരനായ ഒരു ചിലന്തിയുടെ പരിശ്രമത്തിന്റെ പാഠമുൾക്കൊണ്ട് ജയിച്ചു സാമ്രാജ്യങ്ങൾ പടുത്തുയർത്തിയ കഥ നീ കേട്ടിട്ടില്ലേ. ഈ കുഞ്ഞുപ്രായത്തിൽ ഒരു ചെറിയ തോൽവിയിൽ നീ പിന്മാറിയാൽ ഇനി വരാനിരിക്കുന്ന വലിയ ജീവിതത്തെ നമ്മളെങ്ങിനെ നേരിടും .  ആ അധ്യാപകനെന്നെ ഇരുത്തി ചിന്തിപ്പിക്കുയായിരുന്നു. 

ആ മാഷെന്നെയും കൂട്ടി തൊടിയിലും ഇടവഴികളിലും നടന്നു ഏറെനേരം. ഉച്ചകഴിഞ്ഞു തങ്ങളെത്തി.  മാഷ് അയാളുടെ വിഷയത്തേക്കാൾ കൂടുതൽ സമയം എന്നെ സ്കൂളിലേക്കു മടക്കുന്നതിനെകുറിച്ചാണ് തങ്ങളോട് സംസാരിച്ചതെന്ന് തോന്നുന്നു.  തങ്ങളെ അയാളുടെ വീട്ടിലേക്കു കൊണ്ടുപോകാനുള്ള ദിവസം കുറിച്ചയാൾ പോയി. 

തിങ്കളാഴ്ച ഉപ്പയെ കാത്തിരിക്കുന്ന എനിക്കുമുന്നിൽ ഒരുപൊതിയുമായി തങ്ങൾ വന്നുനിന്നു. എനിക്കതിൽ രണ്ടു കുഞ്ഞുമുണ്ടും ഒരു കുപ്പായതുണിയും. 

ഇന്ന് കുട്ടീടെ ഉപ്പ വരുമ്പോ കൂടെ പൊയ്ക്കോളൂ , ഇതുടുത്ത് ഓത്തുപള്ളീപോയ് ചേരണം, ഇനി തോൽക്കരുത് ക്ലാസ്സിലും ജീവിതത്തിലും 

ഉപ്പ വന്നപ്പോൾ ആ കയ്യിലും കൊടുത്തു കുറെ ഉറുപ്പികകൾ.

അന്നാദ്യമായി ഉമ്മറത്തുവന്നു ബീവിയെന്നെ തലോടി ഉപ്പയുടെ കൂടെ ഞാനാ പടികളിറങ്ങി പോകുന്നത് കണ്ണെടുക്കാതെ നോക്കിനിന്നു. 

പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ആ അധ്യാപകനെന്നെ അന്നു പറഞ്ഞയച്ചത് പിന്നെ ഒരിക്കലും തോൽക്കാത്ത ക്ലാസ്സ്മുറികളിലേക്കും തോറ്റുപോകാത്ത ജീവിത പാഠത്തിന്റെ താളുകളിലേക്കുമാണ്.

ഇന്നിവിടെ ഈ അനുഭവ സത്യത്തിന്റെ സാക്ഷ്യം പൂർണ്ണമാകുമ്പോൾ നിങ്ങളോടൊരു വാക്കോതുന്നു ഞാൻ. ........

തോറ്റുപോയവരെ വഴിയിൽ ഉപേക്ഷിക്കരുത്. ഒന്ന് തലോടി കൂടെ നിന്നാൽ പിന്നീടവരുടെ ജീവിത വഴികളിലവർ ഓർമകളുടെ കടവിലിരിക്കുമ്പോൾ നമ്മളോടുമുണ്ടാവും കാലത്തിനൊരു കടപ്പാട്. ................

(ഇരുട്ട് വീണ വരമ്പ് പാതകളിൽ ചൂട്ടു തെളിച്ചു നേര് വഴിയിൽ കൂട്ടിപ്പിടിച്ച എല്ലാവർക്കുമായീ ഈ കഥ സമർപ്പിക്കുന്നു)

English Summary: Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;