‘13 വയസ്സിൽ നാല്പതുകാരന്റെ രണ്ടാം ഭാര്യ, 20–ാം വയസ്സിൽ ഭർത്താവ് ജീവനെടുത്തു’ ഇത് ആമിനയുടെ കഥ

child-abuse
പ്രതീകാത്മക ചിത്രം
SHARE

ആമിന (കഥ)

പൊന്നാംതൊടിയിൽ അന്ന് കൂട്ടക്കരച്ചിലുയർന്നു. ആമിന അവിടം വിട്ടു പോകയാണ്. അവിടം മാത്രമല്ല, ഈ ഭൂമി, ദുനിയാവ്, ഒക്കെ വിട്ടു പോകയാണ്. ഭൂമി വിട്ടു പോകുന്നതവളുടെ ആത്മാവ് മാത്രമാണ്. 

അവളുടെ ശരീരം ഭൂമിയിൽത്തന്നെ അവശേഷിക്കുന്നു. ഭൂഗർഭത്തിന്റെ കാണാക്കള്ളിയിൽ. കണ്ണുപൊഴിഞ്ഞ്, കവിളുകൾ പുഴുതിന്ന് അങ്ങനെയങ്ങനെ വൈരൂപ്യത്തിന്റെ മൂർത്തീ മദ്ഭാവമായി ആരും കാണാതെ ഖിയാമം നാള് വരെ അവളെ ഒളിപ്പിക്കാൻ പള്ളിപ്പറമ്പിലെ മൈലാഞ്ചിച്ചെടികള്ക്കിടയിലെ മണ്ണ്  ഒരുങ്ങിക്കഴിഞ്ഞു. 

അതെ – നശ്വരമായ  ആ ശരീരം, കോടാനുകോടികളിൽ ഒന്നുമാത്രമായ ആ ശരീരം, കോടാനു കോടി പുഴുകീടങ്ങൾക്കു ഭക്ഷിക്കുന്നതിന്ന്, മീത്തലപ്പള്ളീലെ പൊന്നാംതൊടിക്കാരടെ തറവാട്ടു ഖബറിൽ അടക്കാനായി ഏതാനും മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ!

ആരാണ് പൊന്നാംതൊടിയിലെ മമ്മദാജിയുടെ വീട്ടില് – വല്യ മൊയ്‌ല്യാർ മമ്മദാജിയുടെ വീട്ടിൽ ഇപ്പോൾ ചലനമറ്റു കിടക്കുന്ന ആമിന? 

ആമിനയുടെ കഥ അധികമൊന്നും പറയാനില്ല. പറയാനില്ലേ? ഉണ്ട്. പറയാനുണ്ട്. ഇരുപതാമത്തെ വയസ്സിലാണ് മരണത്തിന്റെ മാലാഖ, പരമ കാരുണ്യവാന്റെ നിർദേശ പ്രകാരം അവളുടെ ചീട്ടു കീറാനായി ഭൂമിയണഞ്ഞത്. എന്നിട്ട് ഇടിമുഴക്കം പോലെ ഒരൊറ്റ അലർച്ചയാണ്. ആമിനാ, നിന്നെ പടച്ച റബ് തിരികെ വിളിക്കുന്നൂന്ന് – അതുകേട്ട പാടെ അവളുടെ റൂഹ് മേല്പോട്ടു പൊങ്ങുകയും ശരീരം വെട്ടിയിട്ട പോലെ നിലത്തു വീഴുകയും ചെയ്യും.

ഇത് ആമിനാടെ വലിയുമ്മ, ഇത്തിക്കുട്ടി ഹജ്ജുമ്മ, ആമിനാടെ കാതു കുത്തണ പ്രായത്തിൽ പറഞ്ഞു കൊടുത്തതാണ് ട്ടാ. എന്നാലിപ്പോ, ഇവിടെ, ആമിനാടെ ചീട്ടു കീറേണ്ട ജോലി പടച്ചോൻ നേരിട്ട് അവളുടെ കെട്ട്യോൻ കുട്ടി ഹസ്സനെയാണേൽപ്പിച്ചത്. പതിമൂന്നു വയസ്സിൽ, വയസ്സറിയിക്കുന്നതിനു മുന്നേ, മരക്കച്ചോടക്കാരൻ കുട്ടി ഹസ്സന്റെ, നാല്പതുകാരൻ പുത്യാപ്ലന്റെ, രണ്ടാം ഭാര്യ ആയതാണവൾ. 

ആ കെട്ട് ഒരു കടും കെട്ടായിരുന്നു. അന്നുതൊട്ട് അവളെ കെട്ടിയിട്ടു ചവിട്ടാനും തുടങ്ങി കുട്ടി ഹസ്സൻ. അങ്ങനെ അവന്റെ ഒടുക്കത്തെ ചവിട്ടിൽ ഞെരിഞ്ഞമർന്നു, ഒരീസം, ആമിനാടെ റൂഹ് നെഞ്ചും ചങ്കും തകർന്നു കണ്ണ് തുറിച്ചു പുറത്തു വന്നു.  ഒടുവിൽ അവളുടെ ചങ്കു ചവിട്ടിയരിച്ചോണ്ടിരുന്ന അവന്റെ കാൽവിരൽ വിടവിലൂടെ ചോരയൊലിപ്പിച്ചുകൊണ്ടു അത് ഉയർന്നുയർന്നു പോയി.

ആമിന – ഇരുപതാം വയസ്സിൽ അണഞ്ഞുപോയ ഒരു ദീപം. ദീപമായിരുന്നുവോ അവൾ? അല്ല. പിന്നെയോ?

ഒരു കരിന്തിരിയായിരുന്നു. മമ്മദാജിയുടെ വീട്ടില് പതിമൂന്നു വർഷം മുനിഞ്ഞു കത്തിയ, അടുത്ത നിമിഷം കെട്ടുപോകും എന്ന് തോന്നിച്ച ഒരു മൊഞ്ചുള്ള കരിന്തിരി.

വയസ്സറിയിക്കുന്നതിനു മുന്നേ, ബുദ്ധിയുറക്കുന്നതിനു വളരെ മുൻപേ, കളിക്കുട്ടിയായിരിക്കുന്ന പ്രായത്തിൽ, ആലക്കലെ കുട്ടിഹസ്സൻ അവളുടെ മൊഞ്ചു കണ്ടു കൊഞ്ചിച്ചു മോഹിച്ചു അവളെ രണ്ടാം കെട്ടു കെട്ടി ബത്തേരിയിലെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൊഞ്ചു കാണുന്ന പെണ്കുട്ടികളെ മുഴുവനും തന്റേതാക്കാൻ അയാൾ വെമ്പി.

അവിടെ, ആലക്കലെ തറവാട്ടു വീട്ടിൽ, സാപ്‌തന്യത്തിന്റെയും ഭർതൃ പീഡനത്തിന്റെയും കൊടും ചൂടിൽ ആമിന വെന്തുരുകി.

കുട്ടിഹസന്റെ ഒന്നാം ഭാര്യ, മറിയുമ്മയും അവരുടെ മൂത്ത മോൾ ഇരുപതുകാരി കുഞ്ഞായിഷയും തരം  കിട്ടുമ്പോഴൊക്കെ ആമിനയെ ശാരീരികമായും മാനസികമായും തളർത്തിയിട്ടു. ആമിനയുടെ മൊഞ്ചു മറിയുമ്മയുടെ ഉള്ളിൽ അസൂയാഗ്നി ആളിപ്പടർത്താനുതകി. ഭർത്താവിനോടുള്ള വിരോധവും കൂടി ഉള്ളിൽ വെച്ച് മറിയുമ്മ ആ ബാലികയെ അത്യധികം ഉപദ്രവിക്കാൻ തുടങ്ങി. സപത്നിയുടെ അടിമ പോലുള്ള പണിയുരുപ്പടിയായി ആ ബാലിക അധികം താമസിയാതെ മാറി. 

കുട്ടിഹസ്സന്, തന്റെ വൈകൃതങ്ങൾ നിറവേറ്റാനുള്ള, ജീവനുള്ള ഒരു മാംസപിണ്ഡം മാത്രമായിരുന്നു ആമിന. മനസ്സെന്നോ മനസ്സാക്ഷിയെന്നോ തൊട്ടു തീണ്ടിയില്ലാത്ത കുട്ടിഹസൻ ആ ബാലികയെ കണക്കറ്റു ഉപദ്രവിച്ചു. ഭർത്താവെന്നത് ക്രൂരമർദ്ദനത്തിന്റെ മറുവാക്കായി  മാത്രം അവൾ കണ്ടു. ക്രൂര മർദ്ദനം അവളുടെ ചിന്തകളെപ്പോലും  മരവിപ്പിച്ചു. 

നേരം പുലരുന്നതിനു മുൻപ് തുടങ്ങുന്ന അവളുടെ ജോലിഭാരം രാവേറെ ചെല്ലുന്നതുവരെ നീണ്ടു. ഭർത്താവിനാലും സപത്നിയാലും ശാരീരികവും മാനസികവുമായ നരകയാതനകൾ ഏറ്റുവാങ്ങിയ ആമിന ഇരുപതു വയസ്സിനകം എല്ലും തോലും മാത്രമായ ഒരു ജീവച്ഛവമായി മാറി.  ഇക്കാലയളവിനിടയിൽ ഒരിക്കൽ മാത്രം ആമിന അവളുടെ മാതാപിതാക്കളെ കണ്ടു, ഘനമേഘം പോൽ ഉരുകിയൊലിച്ചു. 

പോരാത്തവരായി കുട്ടിഹസ്സൻ വിധിയെഴുതിയ ആമിനയുടെ മാതാപിതാക്കൾക്ക് മകളെ ഒരു നോക്ക് കാണാനുള്ള അവകാശം എല്ലാക്കാലവും നിഷേധിക്കപ്പെട്ടിരുന്നു. യുവത്വത്തിന്റെ പ്രാരംഭത്തിൽത്തന്നെ, കഠിനപീഡകളാൽ ചൈതന്യം നശിച്ച, ഓജസ്സില്ലാത്ത ആമിനയെ ഇനിയും വെച്ച് പൊറുപ്പിക്കുന്നതു കുട്ടി ഹസ്സന് അസഹ്യമായിത്തീർന്നു. അങ്ങനെ ഒരുനാൾ,  അവളുടെ ഇളം മേനി എല്ലാത്തരത്തിലും ചതച്ചരച്ചു കൊണ്ട്, ആ റൂഹ്, തന്റെ മരത്തടി പോലുള്ള കാലുകളാൽ കുട്ടിഹസ്സൻ കവർന്നു.

പൊലീസും കോടതിയും ഒക്കെ സ്വയം ചമഞ്ഞു ആമിനയുടെ മരണം തികച്ചും സ്വാഭാവികമായ ഒന്നാണെന്ന് കുട്ടിഹസ്സൻ വിധിയെഴുതി. മകളുടെ മൃതശരീരമെങ്കിലും തങ്ങൾക്കു പൊന്നാം തൊടിയിൽ കൊണ്ടുവരണമെന്ന ആമിനയുടെ മാതാപിതാക്കളുടെ വാശിക്ക് മുൻപിൽ കുട്ടിഹസ്സൻ മനസ്സില്ലാ മനസ്സോടെ കീഴടങ്ങി. ഓജസ്സറ്റ, കാന്തിയറ്റ, നീലിച്ച, കഠിന മർദ്ദനമേറ്റിട്ടുണ്ടെന്നു ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും മനസ്സിലാക്കാവുന്ന, ആ ദേഹം കണ്ടു മനമുരുകി  കരയാൻ അവളുടെ പെറ്റമ്മ മാത്രം ഉണ്ടായി. 

മറ്റു ബന്ധുക്കളുടെ നിലവിളി പ്രഹസനം പോലെ, മൃതദേഹം കിടത്തിയിരിക്കുന്ന, നിഴലും ഇരുട്ടും ഘനീഭവിച്ചു കിടക്കുന്ന, കറുത്ത ഇടനാഴി വിട്ടു പൂമുഖത്തേക്കു അലച്ചു വന്നു. അവളുടെ പിതാവ്, വല്യ മൊയ്‌ല്യാർ മമ്മദാജി, മരവിച്ച മനവും മുഖവുമായി പൂമുഖത്തിന്റെ ഒരരുകിൽ, അടുത്ത നിമിഷം വീണു പോകുമെന്ന മട്ടിൽ, ശൂന്യതയിലേക്ക് തുറിച്ചു നോക്കി ഇരിക്കുന്നുണ്ടായിരുന്നു. പെണ്ണൊന്നേ ഉണ്ടായിരുന്നുള്ളു, പൊന്നൊന്നെ ഉണ്ടായിരുന്നുള്ളു, എന്നീ മട്ടിലുള്ള ജൽപ്പനങ്ങൾ വല്യ മൊയ്ല്യാരുടെ മൂത്ത പെങ്ങൾ കുഞ്ഞിബീവിയുടെ വായിൽ നിന്നും നിർത്താതെ കേട്ടു  കൊണ്ടിരുന്നു. 

അങ്ങനെ, അവൾ – ആമിന, പോവാണ്; യാതനകൾ മാത്രം ഉണ്ടായിരുന്ന ക്ഷിപ്രജന്മം അവിടം കൊണ്ടവസ്സാനിപ്പിച്ചു, മൈലാഞ്ചിച്ചെടികളുടെ തണലിൽ, മീതലപ്പള്ളീലെ തറവാട്ടു ഖബറിലെ തണുത്ത, കറുത്ത മണ്ണിൽ തലവെച്ചുറങ്ങാൻ, അനന്തമായുറങ്ങാൻ, അവൾ പുറപ്പെടുകയായി.

English Summary: Malayalam Short Story on Child Marriage

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;