sections
MORE

പാചകം ജാവ പോലെ സിംമ്പിളാണ്, ബ്രെഡും മുട്ടയും മാത്രം കഴിച്ച ലോക്ഡൗൺ നാളുകൾ

Egg
SHARE

ബ്രെഡും മുട്ടയും (കഥ)

മുംബൈയിലെ ലോക്ക് ഡൗൺ തുടങ്ങിയ നാൾ തൊട്ട്  ജോസഫ് തന്റെ പ്രാതലിന് കൂടെ കൂട്ടിയതാണ് മുട്ടയും ബ്രെഡും. അത്രയധികം ഇഷ്ട്ടമായതുക്കൊണ്ടൊന്നുമല്ല. മാറി മാറി  പാചകപരീക്ഷണം ചെയ്യാനുള്ള  ഇനങ്ങളുടെ വിഭവസമാഹരണത്തിന് തടസ്സം നേരിട്ടതുകൊണ്ടാണ്. 

ഒന്നിടവിട്ട് തുറക്കുന്ന കടയിൽ ഒന്നുമങ്ങനെ ആഗ്രഹിച്ച രീതിയിൽ കിട്ടുന്നുണ്ടായിരുന്നില്ല. കുറേ മടുക്കുമ്പോൾ എളുപ്പ വഴിയിൽ ഉപ്പുമാവിൽ അഭയം തേടും. 

പാകം ചെയ്യാൻ ‘ജാവ’ പോലെ സിംമ്പിളാണ്. പക്ഷേ വയ്ക്കാൻ നേരം നാവിൽ അടിഞ്ഞു ചേരുന്ന മണത്തിന്  പണ്ട്  നായർകുടുംബത്തിലെ കല്ല്യാണത്തിന് വിരുന്ന് പോകും മുൻപേ പ്രാതലിന്  വടയ്ക്കൊപ്പം ഇലയിൽ കഴിച്ച നെയ്യ് ചേർത്ത ഉപ്പുമാവിന്റെ സ്വാദായിരുന്നു... അന്നേരം മനസ്സിൽ ഓടിയെത്തുന്ന കാഴ്ചകളിൽ നിറഞ്ഞു നിന്നതാകട്ടെ. എളുപ്പം തീരാതിരിക്കാൻ  നുള്ളി നുള്ളി സമയമെടുത്തു കഴിക്കുന്ന പയ്യന്റെ ഇലയിൽ  ചോദിക്കാതെ തന്നെ രണ്ടാം തവിയിട്ടു കൊടുത്ത വിളമ്പുക്കാരന്റെ വാത്സല്യം നിറഞ്ഞ കരുണാർദ്രമായ  മുഖവും..... 

ആ ഓർമ്മയിലെ രുചി കിട്ടണമേയെന്ന പ്രാർഥനയോടെ വലിയ തയ്യാറെടുപ്പിൽ ഗൂഗിൾ പറഞ്ഞു തന്ന എല്ലാ മാനദണ്ഡവും അനുസരിച്ചു ചെയ്തു.... ഇലയുടെ കുറവൊഴികെ  മറ്റൊന്നുമുണ്ടാകില്ലെന്ന പ്രതീക്ഷയിൽ  മുന്നേറി.. തരി തരി പോലെയുള്ള റവയുടെ തനിസ്വഭാവം പുറത്ത് കാണാതിരിക്കാൻ വെള്ളം അല്പം കൂടുതലൊഴിച്ചതിനാൽ കാഴ്ചയിൽ ഇലയിൽ കഴിക്കുന്ന ഉപ്പുമാവിന്റെ ചേല് ഒത്തുവന്നിട്ടുണ്ട്.  അതേ കുഴഞ്ഞാടി പരുവം.......

ന്യൂജെൻ ലുക്ക്‌ കിട്ടാനായി മുകളിൽ കുനുകുനാ അരിഞ്ഞ മല്ലിചെപ്പ് ചന്തത്തിൽ ചാർത്തി. അന്നേരം പണ്ട് അടിയിലായിരുന്നു ഇലയെങ്കിൽ ഇന്നിപ്പോൾ മുകളിലായി ഇലയെന്നും ആ പരിണാമം ജനറേഷൻ ഗ്യാപ്പ്  ആണെന്നും ജോസഫ് സ്വയം ആശ്വസിച്ചു... പണ്ട് അമ്മയുണ്ടാക്കുന്ന  ഉപ്പുമാവിന്റെ ചട്ടിയുടെ അടിയിൽ അടിഞ്ഞുകൂടിയ ഭാഗത്തിന് സഹോദരങ്ങൾ തമ്മിലടിയായിരുന്നു. അങ്ങനെയായി കിട്ടാൻ കുറച്ചുന്നേരം തീ കുറച്ച് അടുപ്പിൽ തന്നെ ചട്ടിവെച്ചു... കരിയില്ലല്ലോ എന്ന് ഇടയ്ക്കിടയ്ക്ക് മൂടി പൊക്കി നോക്കി. അന്നേരം  ആവി തള്ളി ചൂടായ വിരൽ വായിലിട്ട് ചൂട് കളയാൻ നേരം ലിസി അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി ..... ജോലിക്ക് പോകുമ്പോൾ ഒന്നിനും സമയം കിട്ടാതെയിരുന്നവൻ സമയം കിട്ടിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നേരം പോകുന്നത് നോക്കിയിരുന്നു..... ലിസി അടുത്തുണ്ടായിരുന്നെങ്കിലെന്ന്  കൂടെ കൂടെ നെടുവീർപ്പിട്ട് സമയം തള്ളി നീക്കിയ നാളുകൾ......

അയ്യോ.... !..എന്റെ... ഉപ്പുമാവ്........ഒരുൾവിളി പോലെ  പെട്ടെന്നാണ് ബിരിയാണി ദം വച്ചപോലെ അടുപ്പത്തു  വെച്ച ഉപ്പുമാവ് ഓർത്തത്. ഒടുവിൽ തുറന്ന് വളരെ പതുക്കെ അടി ഇളക്കി... അന്നേരം ആഗ്രഹിച്ചതിനേക്കാൾ ഒരുപാട് കൂടുതൽ കറുത്ത നിറമായ ഉപ്പുമാവ് കണ്ട് സ്വയം പഴിച്ചു..... ഒരു നിമിഷത്തെ കിനാവ് കാഴ്ചകളിൽ കരിഞ്ഞുടഞ്ഞ ഉപ്പുമാവ്  മോഹങ്ങൾ പ്രതീക്ഷയോടെ ഉപ്പിലിടുകയും പിന്നീട് പൂപ്പൽ പിടിച്ച് നിരാശയോടെ കളയുകയും ചെയ്യുന്ന ഉപ്പിലിട്ട മാങ്ങ ഉപേക്ഷിക്കുന്നത് പോലെ ആ പുകയാളിയ കരിവിഭവത്തെ വേസ്റ്റ്കൊട്ടയിലേക്ക് വേദനയോടെ യാത്രയാക്കി......... 

ഇനി മുതൽ ലിസി നാട്ടിൽ നിന്നും മടങ്ങിയെത്തി  അടുക്കള ഭരണം ഏറ്റെടുക്കുന്നത് വരെ മുട്ടയും ബ്രെഡുമല്ലാതെ മറ്റൊരു വിഭവവും പ്രാതലിന് ഒരുക്കില്ലെന്ന് മുട്ട തൊട്ട് ജോസഫ് സത്യം ചെയ്തു.

ശപഥമൊക്കെ കൊള്ളാം. പക്ഷേ എന്നും ഒരേ രുചി ആകാതിരിക്കാൻ  അതിൽ തന്നെ വിത്യസ്തമാർന്ന പരീക്ഷണങ്ങൾ നടത്തി .. മുട്ടയും പഞ്ചസാരയും കലക്കിയ ലായനിയിൽ ഇരുപുറവും മുക്കി റോസ്റ്റ് ചെയ്യുക, വായിലാകുമ്പോൾ രസവും കയ്യിലാകുമ്പോൾ നീരസവും തോന്നുന്ന ബട്ടർ പുരട്ടി ഉള്ളിൽ രണ്ട് ഉള്ളി കഷണവും, കുക്കുമ്പറും ചേർത്ത് വെച്ച് കറുമുറാ തിന്നുക.... 

ഒരു ദിവസം പുഴുങ്ങിയ മുട്ട ഉള്ളിൽ വച്ച് കഴിച്ചാൽ പിറ്റേ ദിവസം ‘പോത്ത് കണ്ണ്’പോലെ പൊരിച്ചു കഴിക്കും.  ഒടുവിൽ പായ്ക്ക് ചെയ്യുമ്പോൾ മുകളിൽ വെയ്ക്കുന്ന ഒരു വശം മിനുസ്സമുള്ള പീസ് അവസാനം ഉപയോഗിക്കുമെന്ന് സ്വയം ആശ്വസിപ്പിച്ച് ഒടുവിൽ കുറ്റബോധത്തോടെ  ഉപേക്ഷിക്കും . ആശാരി ചിന്തേര് തള്ളി മിനുക്കും പോലെ  നാലതിരുകളും ചെത്തി മിനുക്കി അതിരുകളില്ലാത്ത രുചിഭേദങ്ങളുടെ പല രൂപത്തിലുമുള്ള അവസ്ഥാന്തരങ്ങൾ  ജോസഫ് ആ ദിനങ്ങളിൽ പരീക്ഷിച്ചു നോക്കി. 

ഫോൺ വിളിച്ചാൽ ആകെക്കൂടി  തെറ്റാതെ കൊണ്ട് തന്നിരുന്നത്  മുട്ട, ബ്രെഡ്, ദാൽ (പരിപ്പ് ) പാൽ, സവാള, ഉരുളക്കിഴങ്, തക്കാളി...... ഇത്യാദി ഇനങ്ങൾ മാത്രമായിരുന്നു. ഒരിക്കൽ മത്തങ്ങയെ പറഞ്ഞു ഫലിപ്പിക്കാൻ തണ്ണിമത്തങ്ങയെ കൂട്ടുപിടിക്കേണ്ടി വന്നു. തണ്ണിമത്തനെപ്പോലെ  വലിപ്പവും ഉരുണ്ടും മഞ്ഞ നിറത്തിൽ അതേ ജനുസ്സിൽ ഉള്ളതാണ് എന്ന് പറഞ്ഞപ്പോൾ.... ആ  സാറേ..,  സാമ്പാറിൽ  ചേർക്കുന്നതല്ലേ എന്ന് മറു ചോദ്യം കേട്ടപ്പോൾ തോന്നിയ സന്തോഷം.... പക്ഷേ എപ്പോഴും ആ പരിഭാഷ വിജയിച്ചില്ല..... ഒരിക്കൽ പച്ചമുളക്  പച്ചമുളക്  എന്ന് ഉച്ചത്തിൽ ഒച്ച വെച്ച് പറഞ്ഞിട്ടും ഉണക്കമുളക് കൊണ്ടുവന്ന ടീമാണ്.... അതിനാൽ തന്നെ പ്രാതലെങ്കിലും മുറ തെറ്റാതെയാകാൻ മുട്ടയെ കൂട്ടുപിടിച്ചു. അതാകുമ്പോൾ സൊസൈറ്റിയിൽ പണ്ട് തൊട്ടേ സൈക്കിളിൽ വന്നുവിതരണം ചെയ്യുന്ന ബീഹാറിപ്പയ്യൻ താഴെ സെക്യൂരിറ്റിക്കാരനെ ഏൽപ്പിച്ചുപോകുന്നത് സമയം കിട്ടുന്നതനുസരിച്ചു പോയി വാങ്ങിയാൽ മതി. ബ്രഡും അയാൾ തന്നെ കൊണ്ടുവരുന്നുണ്ട്. 

പതിവിൽ വൈകി രാത്രിയിൽ സെക്യൂരിറ്റിക്കാരനെ  ഏല്പിച്ചു പോയ ബ്രെഡ് രാവിലെ വാങ്ങാമെന്ന് കരുതി ജോസഫ് അന്ന് താഴെയിറങ്ങിയില്ല. പിറ്റേ ദിവസം ഗേറ്റിലെത്തിയപ്പോൾ അവിടെ സ്ഥിരം  കാണാറുള്ള സെക്യൂരിറ്റിക്കാരന്  പകരമായി പുതിയ ആളാണ്‌ അവിടെ നിൽക്കുന്നത്. ജോസഫ് അയ്യാളോട്  ചോദിച്ചു.... 

ഇന്നലെ ആ മുട്ടക്കാരൻ രണ്ട് പാക്കറ്റ് ബ്രെഡ് ഇവിടെ ഏൽപ്പിച്ചിരുന്നുവോ......?   ഷിഫ്റ്റ്‌ മാറും മുൻപേ മറ്റേ സെക്യൂരിറ്റിക്കാരൻ അത് വാങ്ങിവെച്ച് പോയിരുന്നു.   കാബിനിൽ പോയി  ഒരു പാക്കറ്റ് ബ്രഡുമായി തിരിച്ചുവന്നയാൾ  ഒരു കുറ്റവാളിയെപ്പോലെ പരുങ്ങി പരുങ്ങി ജോസഫിനോട് ഇങ്ങനെ പറഞ്ഞു..... 

സാറേ ഒന്നും തോന്നരുത്... ഇന്നലെ രാത്രി പെട്ടെന്നാണ് ഇവിടെ ഡ്യൂട്ടിക്ക് കയറണം എന്ന് ഓഫീസിൽ നിന്നു വിളിച്ചു പറഞ്ഞത്. കടകളെല്ലാം അടച്ചകാരണം പുറത്ത് നിന്ന്  ഒന്നും വാങ്ങാൻ കഴിഞ്ഞില്ല....... ഒടുവിൽ...... ഒടുവിൽ.... വിശപ്പ് തീരെ സഹിക്കാൻ  വയ്യാതെ വന്നപ്പോൾ ഗതികേട് കൊണ്ടാണ് എനിക്ക്........  വാക്കുകൾ മുഴുമിപ്പിക്കും മുൻപേ ജോസഫ് അയ്യാളെ തടഞ്ഞു..... അയ്യോ ഞാൻ തന്നില്ലേ എന്ന് ഉറപ്പ് വരുത്താൻ വേണ്ടി മാത്രം ചോദിച്ചതാണ്.... അയാളുടെ മുഖം കണ്ടപ്പോൾ കാൽമുട്ട് മറയാത്ത ബർമുഡയിട്ട ജോസഫിന് അത് അരയിൽ നിന്നും ഊർന്നിറങ്ങി സ്വയം നഗ്‌നനായപോലെ തോന്നി......... 

അയ്യാൾ ഏൽപ്പിച്ച ആ ഒരു പാക്കറ്റ് ബ്രെഡ് തിരിച്ചേല്പ്പിച്ചുക്കൊണ്ട്  സാരമില്ലെന്ന് പറഞ്ഞ് ആ തോളിൽ തട്ടി മടങ്ങുന്നേരം ജോസഫിന് വല്ലാത്ത കുറ്റബോധം തോന്നി..... ഒരു കള്ളനെപ്പോലെ തന്റെ മുൻപിൽ വന്നു നിൽക്കേണ്ടി വന്ന ആ സാധു മനുഷ്യന്റെ  മാനസികാവസ്ഥയെക്കുറിച്ച് ഓർത്തപ്പോൾ ആ ലിഫ്റ്റിൽ പതിവില്ലാതെ തനിക്ക് തല കറങ്ങുന്നതായി ജോസഫിന് തോന്നി.....

വെറും പച്ച വെള്ളം മാത്രം കുടിച്ച് ആ അപ്പകഷണങ്ങൾ  പച്ചയ്ക്ക് തിന്നേണ്ടി വന്ന സെക്യൂരിറ്റിക്കാരനെ കുറിച്ചോർത്തപ്പോൾ  ആ ദിവസം പ്രാതൽ കഴിക്കാൻ പോലും ജോസഫിന് തോന്നിയില്ല. ഒടുവിൽ ഒരുപാട് വൈകി പതിവുള്ള പോലെ  മുട്ടയും, ബട്ടറും ചേർക്കാതെ വെറും സവാളയും കുക്കുമ്പറും ഉള്ളിൽ വെച്ച് പച്ച വെള്ളത്തോടൊപ്പം അരിക് മുറിക്കാത്ത ആ മുഴു ബ്രെഡ് കഴിക്കുന്ന നേരം കണ്ണിൽ നിന്നും ഇറ്റു വീണ നനവ് ഉള്ളിയിൽ നിന്നോ ഉള്ളിൽ നിന്നോ എന്ന് ചിന്തിക്കാതെ  ആ പ്രാതൽ ആസ്വദിച്ച ജോസഫ്  ജീവിതത്തിൽ ആദ്യമായി അന്ന്  കവറിന് മുകളിലെ ആദ്യത്തെ അപ്പകഷണവും അകത്താക്കി.......... 

ഒപ്പം വിശപ്പ് ഉള്ളപ്പോൾ കഴിക്കുന്ന ഭക്ഷണത്തിന് നല്ല രുചിയാണെന്ന്  ജോസഫ് അന്നാദ്യമായി തിരിച്ചറിഞ്ഞു...

English Summary: Breadum Muttayum Malayalam Short Story written by Shiju Devassy

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;