ADVERTISEMENT

ഡാ, പറക്കും തളികേ നിനക്ക് സുഖമാണോടാ.... (കഥ)

 

രാജീവിന് എന്തെന്നില്ലാത്ത മനോവിഷമം. ബാംഗ്ലൂരിലെ ഫ്ലാറ്റിൽ തനിയെ കുറച്ചു ദിവസമായി ലോക്ഡൗണിൽ പെട്ടിരിക്കുകയാണ്. വലിയ കമ്പനിയിൽ വർക്ക് ചെയ്യുന്നു. ആരും അടുത്തില്ല. ഭാര്യ മീര അമേരിക്കയിൽ. പ്രണയ വിവാഹമായിരുന്നു. പ്രണയിക്കുമ്പോൾ എത്ര പാവമായിരുന്നു. ഇപ്പോൾ എന്ത് മാറ്റം. അവൾക്ക് എന്റെ പണം മാത്രം മതി. ഇവിടെ ഒരുമിച്ചു നിൽക്കാമെന്നു പറഞ്ഞപ്പോൾ അവൾക്ക് അമേരിക്കയിൽ പോയാലെ ഒക്കു.

 

അവളുടെ വീട്ടിലുള്ളവർ പറയുന്നതുപോലെ ആണ് അവളുടെ ജീവിതം. പിന്നെ ഞാൻ, ബാംഗ്ലൂരിൽ ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ. ഓരോ ദിവസവും തിരക്ക് നിറഞ്ഞ ജീവിതം. ചുറ്റും നടക്കുന്ന കാര്യങ്ങൾ പോലും നോക്കാതെ, ഓഫീസും ഫ്ലാറ്റുമായി ജീവിച്ച ഞാൻ ലോക് ഡൗണിനു ശേഷം, പറഞ്ഞറിയിക്കാൻ പറ്റാത്ത മനോവിഷമത്തിൽ കൂടെയാണ് പോകുന്നത്. ഒറ്റപ്പെടലിന്റെ പാരമ്യത്തിൽ നിൽക്കുന്നു.

ഫോണിൽ നോക്കിയും ലാപ്ടോപ്പിൽ നോക്കിയും മടുത്തു.

 

ഒരു നല്ല സൗഹൃദമില്ല, ആരുമായും അടുപ്പവുമില്ല. ആകെ വിഷമത്തിൽ, ഇത്ര ഒറ്റപ്പെടൽ ഞാൻ അനുഭവിച്ചിട്ടില്ലല്ലോ? പൈസയും ഉയർന്ന ജോലിയും എല്ലാമുണ്ട് പക്ഷേ മനസ്സ് കിടന്നു പിടയ്ക്കുന്നു. ആരുമില്ല ഒന്ന് സംസാരിക്കാൻ പോലും. കൂട്ടുകാരുമില്ല.

 

കൂടപ്പിറപ്പുകളുമില്ല. ഇതൊക്കെ സ്വയം മനസ്സിൽ പറഞ്ഞു. ഫ്ലാറ്റിലെ ജനാല തുറന്നു. ജനാല തന്നെ ആദ്യമായാണ് തുറക്കുന്നത്. ഈ ജനാല പോലും ഒന്നു തുറന്നു ഈ പ്രകൃതിയെ പോലും ഒന്നു കാണാൻ തോന്നിയിട്ടില്ലല്ലോ?

 

ഈ ലോക്ഡൗൺ എന്റെ മനോനില മാറ്റുമോ? വല്ലാത്ത വിഷമത്തിൽ താല്പര്യമില്ലാതെ ലാപ്ടോപ്പും ഫോണും എടുത്തു. ലാപ്ടോപ്പിൽ നോക്കി മടുത്തപ്പോൾ രാജീവ് ഫോണിൽ ഓരോ ഫോൺ നമ്പറും ചുമ്മ നോക്കാൻ തുടങ്ങി.

 

ആകെ 50 പേര് പോലുമില്ലല്ലോ? കോൺടാക്ട് ലിസ്റ്റിൽ. എല്ലാം ബിസിനസ് ഡീലിംഗ് നടത്തുന്നവരുടെ നമ്പർ. ഇവരൊക്കെ എങ്ങനെ എന്റെ മനോവിഷമം തീർക്കും എന്ന് സ്വയം പറഞ്ഞ രാജീവിന്, ഒരു നമ്പർ കണ്ടപ്പോൾ വല്ലാത്ത ഒരു ആകാംക്ഷ മുഖത്ത് കാണാൻ കഴിഞ്ഞു.

 

‘‘കല്ലൻ.’’

 

ഇത് നാട്ടിലെ എന്റെ ബാല്യകാല സുഹൃത്ത് അല്ലിയോ. കെ. അനിലൻ എന്നാണ് പേരെങ്കിലും ഞങ്ങൾ കല്ലൻ എന്നാണ് വിളിച്ചത്.

 

ഇതെങ്ങനെ എന്റെ ഫോണിൽ വന്നു. രാജീവ് ആ നമ്പറിൽ തന്നെ നോക്കിയിരുന്നു. അപ്പോഴാണ്  ഓർമ്മ വന്നത് വർഷങ്ങൾക്കു മുമ്പ് കല്ലൻ ഒരു വാട്സ്ആപ്പ് മെസ്സേജ് അയച്ചത്. എന്തെന്നില്ലാത്ത ഒരു സന്തോഷം, ഈ നമ്പർ കണ്ടപ്പോൾ എന്തായിരിക്കും അവൻ അയച്ചത്? 

 

എത്രയോ കാലമായി ഞാൻ നാട്ടിൽ നിന്ന് വന്നിട്ട്. എന്റെ നമ്പർ അവന് എങ്ങനെ കിട്ടി?

മെസ്സേജ് വന്നപ്പോൾ എന്തോ നമ്പർ സേവ് ചെയ്ത് വെച്ചതാണ്. അല്ലാതെ മെസ്സേജ് എന്താ എന്ന് പോലും നോക്കാനുള്ള ക്ഷമയില്ലായിരുന്നു. പിന്നെ മെസ്സെജ് വന്നത് നോക്കിയതു പോലുമില്ല.

അന്ന്, ജീവിതത്തിൽ എല്ലാം വെട്ടി പിടിക്കണം ഇനിയും നേടണമെന്ന മനസ്സിന്റെ അത്യാഗ്രഹം അല്ലായിരുന്നോ. ആ സമയം കല്ലനോട് ഒക്കെ പുച്ഛമായിരുന്നു. നാട്ടിലുള്ള ഇവനൊക്കെ വെറും നാട്ടും പുറത്തുകാരൻ. ബാല്യകാല സുഹൃത്ത് ആണെന്ന് പറയാൻ തന്നെ നാണക്കേട് ആയിരുന്നു. 

ഇന്ന് ആ ഞാൻ അവന്റെ ഫോൺ നമ്പർ കണ്ടപ്പോൾ സന്തോഷിച്ചു.

 

എന്തായാലും ഒന്നു നോക്കാം, അവൻ എന്താണ് അയച്ചതെന്ന് പറഞ്ഞ്  വാട്സ്ആപ്പ് ഓപ്പൺ ആക്കി നോക്കി. ഇതിൽ കുറച്ച് മെസ്സേജുകൾ മാത്രം ഒള്ളു. മീരയുടെ പണത്തെ കുറിച്ചുള്ള സംസാരം. ഇവൾക്കു കോടികളുടെ സ്വത്തുക്കളുണ്ട് എങ്കിൽ അതൊന്നും തികയുന്നില്ല. അവളുടെ മെസ്സേജ് തുറന്നു നോക്കിയാൽ തലവേദന എടുക്കും. പിന്നെ കുറിച്ച് ബിസിനസ് clients മെസ്സേജുകൾ  മാത്രം.

 

ദേ കിടക്കുന്നു കല്ലന്റെ മെസ്സേജ് .

ഡാ പറക്കുംതളികേ, നീ എവിടാ? ഞാൻ നിന്റഎ നമ്പർ എത്ര കഷ്ടപ്പെട്ടിട്ടാണ് എടുത്തതെന്നോ? നിനക്ക് സുഖമാണോ? നീ ഏതോ കമ്പനിയിൽ ഉയർന്ന പോസ്റ്റിൽ ജോലി ചെയ്യുന്നതെന്ന് നിന്റെ മാമൻ പറഞ്ഞു.

 

ഡാ , ഇതിനുമുമ്പ് ഒരു മെസ്സേജ് ഞാനിട്ടിരുന്നു. നീ കണ്ടല്ലോ. ഒന്നു റിപ്ലൈ പോലും തന്നില്ല.

ഈ മെസ്സേജ് കാണുമ്പോൾ എങ്കിലും റിപ്ലൈ ചെയ്യണേ. ബാക്കി വിശേഷം ഞാനപ്പോൾ പറയാം.

 

ഇത് വായിച്ച രാജീവിന് വല്ലാത്ത വിഷമം തോന്നി. ഞാൻ ഇതൊന്നും നോക്കാത്തത് എന്തായിരുന്നു.

ജാഡയും അഹങ്കാരവും, എന്തൊ വലിയ ആളാണെന്നുള്ള മനസിലിരിപ്പും ഇതിൽ ഏതായിരിക്കും ആ സമയം തോന്നിയത്.

 

പിന്നെയും ആലോചിച്ചിരുന്നു.

 

‘‘പറക്കും തളിക’’ തന്റെ ബാല്യകാലത്ത് കൂട്ടുകാർ വിളിച്ചിരുന്ന പേര്. ആരെങ്കിലും കേട്ടാൽ രസമായിരിക്കും എന്ന് സ്വയം പറഞ്ഞു ചിരിച്ചു.

 

കുറേ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഇങ്ങനെ ചിരിക്കുന്നത് എന്ന് രാജീവ്  മനസ്സിൽ പറഞ്ഞു. എന്തായാലും കല്ലന് ഒരു റിപ്ലൈ കൊടുക്കാം. കൂടെ ഒരു സോറി കൂടി പറയാം. ഇതുവരെ സോറി എന്ന വാക്ക് പോലും പറയാത്ത ദേഷ്യക്കാരനായ ഞാനാണോ ഈ പറയുന്നത്. ഇതൊക്കെ ഓർത്ത് കല്ലന് മെസ്സേജ് അയച്ചു.

 

‘‘ഹലോ കല്ലാ, ഞാൻ നിന്റെ മെസ്സേജ് കണ്ടില്ല ഇന്നാണ് കണ്ടത് സോറി.’’ ഇത് അയച്ചു കഴിഞ്ഞ് രാജീവിന് നാടിനെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു മനസ്സ് നിറയെ. ഗ്രാമത്തിൽ തരക്കേടില്ലാത്ത കുടുംബത്തിലാണ് ജനിച്ചത്. പഠിത്തമൊക്കെ ഗവൺമെന്റ് സ്കൂളിൽ. കുറെ കൂട്ടുകാർ, പുഴയിൽ പോയി മീൻ പിടിച്ചതും, മാങ്ങയ്ക്കു കല്ലെറിഞ്ഞതും, ഉത്സവങ്ങളിൽ പോയതും ഇന്നലെ കഴിഞ്ഞ ഓർമ്മകൾ പോലെ.

 

അപ്പോൾ ഫോണിൽ ഒരു മെസ്സേജ് വന്നതിന്റെ ശബ്ദം .രാജീവ് എളുപ്പം എടുത്തു നോക്കി. അത് കല്ലന്റെ മെസ്സേജാണ്.

 

ഡാ പറക്കും തളികേ,നീ ഒരു വർഷത്തിനു മുമ്പ് അയച്ച മെസ്സേജിന് ഇപ്പോഴാണോ മറുപടി തരുന്നത് ?  എന്തായാലും സന്തോഷമായടാ, നീ ഫ്രീ ആണോ എങ്കിൽ പറ ഞാൻ വിളിക്കാം. നിന്റെ ശബ്ദം കേട്ടിട്ട് എത്ര നാളായടാ. നീ പോയപ്പോൾ എന്തൊ നഷ്ട്ടപ്പെട്ടതു പോലെ ആയിരുന്നു. നീ എന്താടാ നാട്ടിൽ വരാത്തത്? എത്ര വർഷമായി നിന്നെ കണ്ടിട്ട്? ഞങ്ങളെ എങ്ങനെ മറക്കാൻ കഴിഞ്ഞു?

    

ഇത്രയും വായിച്ചപ്പോൾ തന്നെ രാജിവിന്റെ കണ്ണുനിറഞ്ഞു. ഈ സ്നേഹം എനിക്കിതുവരെ ആരുടെ കയ്യിൽ നിന്നും കിട്ടിയിട്ടില്ല. എന്റെ ശബ്ദം ഓർക്കുന്ന എന്റെ കൂട്ടുകാർ എനിക്കുണ്ടോ ?

വിശ്വസിക്കാൻ കഴിയുന്നില്ല. രാജീവ് ഉടൻ തന്നെ കല്ലനെ വിളിച്ചു. കല്ലൻ ഫോൺ എടുത്തപ്പോൾ എന്തു പറയണമെന്നറിയാതെ രാജിവിരുന്നു.

 

എടാ പറക്കുംതളികേ, എന്താടാ മിണ്ടാത്തെ നീ ബാംഗ്ലൂരിൽ പറന്നു നടക്കുവാണോ? അടിച്ചുപൊളി ജീവിതം ആണെന്നാണല്ലോ നാട്ടിലെ വർത്തമാനം.

 

ഡാ, അനിലേ...എന്തുണ്ട് വിശേഷം നിനക്ക് സുഖമാണോ ? ഇത് കേട്ടപ്പോൾ കല്ലന് എന്തോ പോലെ തോന്നി. എന്താടാ തളികേ നീ ഇങ്ങനെ സംസാരിക്കുന്നത് ? നീ എന്നെ ഇങ്ങനെയാണോ , വിളിച്ചിരുന്നത്? എന്നെ നീ പണ്ടു വിളിക്കുന്ന ‘കല്ലാ’ എന്നു വിളിച്ചാൽ മതി.

വർഷങ്ങൾക്കുശേഷമല്ലിയോ നമ്മൾ സംസാരിക്കുന്നത്

എന്തു പറ്റി നിന്റെ സംസാരത്തിൽ അതിന്റെ ഒരു സന്തോഷവും കാണുന്നില്ലല്ലോ ? എന്നാ പറ്റിയെടാ ?

അപ്പോൾ രാജീവിനെ എന്ത് പറയണം എന്ന് പോലും അറിയില്ലായിരുന്നു.

ഡാ പറയടാ എന്ന കല്ലന്റെ  ശബ്ദം കേൾക്കുന്നത് മാത്രം.

 

ഹാ ! ഞാനിവിടെയുണ്ട് , നീ പറ കല്ലാ.

 

എന്തു പറ്റിയെടാ തളികെ.

 

ഞാൻ നിന്നെ പറക്കും തളിക എന്നു വിളിച്ചതു കൊണ്ടാണോ നിനക്ക് മിണ്ടാൻ താല്പര്യം ഇല്ലാത്തത് .

അപ്പോഴാണ് രാജീവിന് എന്തെങ്കിലും ഒന്ന് സംസാരിക്കണം എന്ന് തോന്നിയത് .

 

അല്ലടാ , ഞാൻ നിന്നെയൊക്കെ എന്ത് മിസ്സ് ചെയ്തു എന്ന് ആലോചിച്ചതാ. ഈ ജീവിതത്തിൽ ഞാൻ കുറെ പണമുണ്ടാക്കി എന്നല്ലാതെ ഒരു സമാധാനവും സന്തോഷവും ഞാൻ അനുഭവിച്ചിട്ടില്ല. എല്ലാവരും നോക്കുമ്പോൾ ഞാൻ ഭയങ്കര ഹൈലെവലിൽ ജീവിക്കുന്നു.

 

അപ്പോൾ കല്ലന് കാര്യം മനസ്സിലായി.

 

നീ ഒന്നും പറയേണ്ട ഒരു കാര്യം ഞാൻ അങ്ങോട്ട് പറയാം. നമ്മുടെ പഴയ കൂട്ടുകാർ ചേർന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട് അതിൽ നിന്നെ ആഡ് ചെയ്യാനായിരുന്നു, ഞാൻ നിന്റെ നമ്പർ വാങ്ങിയതും, നിനക്ക് മെസ്സേജ് ചെയ്തതും.

 

അന്നേ നീ എനിക്ക് റിപ്ലൈ ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഒന്നും എന്നോട് പറയില്ലായിരുന്നു.

സാരമില്ല , ഈ ലോക്ക് ഡൗണിൽ മിക്കവരും കുറെ കാര്യങ്ങൾ പഠിച്ചു അതിൽ നീയും ഉൾപ്പെട്ടു അത്രതന്നെ.

 

ഞാൻ നിന്റെ നമ്പർ നമ്മളുടെ ഗ്രൂപ്പിൽ ആഡ് ചെയ്യാം വൈകിട്ട് നമ്മൾക്ക് ഒരു വീഡിയോ കോൾ ചെയ്യാം നീ അതിന് റെഡിയായിക്കോ. നമ്മൾക്കു പൊളിക്കാടാ ഞങ്ങളില്ലെ നിന്റെ പഴയ കൂട്ടുകാർ.

മാത്തനും സിദ്ധുവും റാഫിയും തൊരപ്പനും  എല്ലാമുണ്ട്. ഇത്രയും പറഞ്ഞു കല്ലൻ ഫോൺ വെച്ചു.

രാജീവിന് എന്തെന്നില്ലാത്ത സന്തോഷം. ഒറ്റയ്ക്കല്ല എന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ തോന്നി.

 

പഴയ കൂട്ടുകാർ, സ്കൂൾ കാലത്ത് തുടങ്ങി പ്രീഡിഗ്രി വരെ. നാട്ടിൽ ഒരുമിച്ച് കൂടെ ഉണ്ടും ഉറങ്ങിയും ഒരുമിച്ചു നിന്ന കൂട്ടുകാർ. എങ്ങനെ ഞാൻ ഇവരെ മറന്നു.

 

പണം അത് എല്ലാ ബന്ധങ്ങളെയും വലിച്ചെറിയാൻ പ്രേരിപ്പിക്കും. എന്തായാലും വൈകിട്ട് അവരുമായി സൗഹൃദം പുതുക്കാം. വൈകിട്ട് വീഡിയോ കോളിൽ തന്റെ അടുത്ത കൂട്ടുകാർ. എത്ര നാളായി ആരൊടെങ്കിലും സംസാരിച്ചിട്ട്. 

 

സമയം 3.30 ആയതെ ഉള്ളു. 4 മണി ആകുമ്പോളാണ് വരാം എന്നു പറഞ്ഞത്.

 

ഡാ പറക്കുംതളികേ.... നീ എവിടാ ഞങ്ങളെ ഒരിക്കൽ പോലും നീ ഓർത്തില്ലേ.

എല്ലാ ദിവസവും ഞങ്ങൾ നിന്നെ കുറിച്ച് പറയാറുണ്ട്. നിന്നെ പറക്കും തളികേ എന്ന പേരു വീണത് നിനക്ക് ഓർമ്മയുണ്ടോ ?

നീ  ആയിരുന്നു നമ്മുടെ ഗ്രൂപ്പിലെ ക്യാപ്റ്റൻ അന്ന്. എന്തെല്ലാം കുരുത്തക്കേടുകളാണ് ഒപ്പിച്ചിട്ടുള്ളത്. നീ അതൊക്കെ മറന്നോ ?

ഇതൊക്കെ കേട്ട് രാജീവിന് എന്തെന്നില്ലാത്ത സന്തോഷം

 

ഇല്ലെടാ മാത്താ, എനിക്ക് ഓർമ്മയുണ്ട്. പണ്ട് നമ്മുടെ നാട്ടിൽ ഓടുന്ന ബസ്സുകളിൽ ഒന്നിന്റെ പേര് പറക്കും തളിക എന്നായിരുന്നു. വേറെ ഏതു ബസ്സ് വന്നാലും ഞാൻ കയറാതെ ഈ ബസ്സു വരുമ്പോൾ ചാടിക്കയറുമായിരുന്നു. അതിനു മാഷുമാരുടെ കൈയ്യിൽ നിന്ന് എന്ത് അടി കിട്ടിയിരിക്കുന്നു.

 

അതൊരു കാലം. നമ്മളുടെ പഴയ കാലം ഞാൻ ആലോചിക്കുകയായിരുന്നു. എത്ര സുന്ദരമായിരുന്നു.

ഭരണിയിലുള്ള ഉപ്പിലിട്ട നെല്ലിക്ക വാങ്ങി ഒരുമിച്ച്  നമ്മൾ പങ്കിട്ടതും. ട്യൂഷനു പോകാതെ പന്തു കളിക്കാൻ പോയതും. ചെറിയ ക്ലാസിലുള്ള പിള്ളേരെ പേടിപ്പിക്കാൻ പോയതും. പറയാനാണെങ്കിൽ എന്തെല്ലാം നിങ്ങളെയൊക്കെ എനിക്കാടാ മിസ്സായത്.

 

എന്നെ പറക്കുംതളിക എന്ന് വിളിച്ചതുപോലും ഞാൻ മറന്നു പോയല്ലോടാ. അങ്ങനെ സംസാരിച്ചിരുന്നു രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞത്  പോലുമറിഞ്ഞില്ല. ഫോണിൽ ചാർജ് കുറഞ്ഞപ്പോഴാണ് ഇത്രയും സമയം ആയി എന്ന് പോലും ഓർത്തത്. ഇന്ന് എന്റെ എറ്റവും സന്തോഷമുള്ള ദിവസമാണ്. എടാ കല്ലാ, നമ്മൾക്ക് ലോക് ഡൗൺ കഴിഞ്ഞു നാട്ടിൽ കൂടാം.

 

എന്നാൽ പിന്നെ നാളെ കാണാം എന്നു പറഞ്ഞ് രാജീവ് ഫോൺ വെച്ചിട്ട് ഉറങ്ങാൻ കിടന്നു. ഇന്ന്  മനസ്സുനിറയെ ആത്മ സന്തോഷം. മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ച് കത്തിയ സന്തോഷം പോലെ .

 

അതിനെ എങ്ങിനെ പറയണം എന്നറിയില്ല. പണമല്ല ജീവിതത്തിൽ വലുത്. സമാധാനമാണ്. കൂട്ടുകാരെയും നാട്ടുവഴികളെയും മറക്കരുത് എന്ന്  മനസ്സിലോർത്ത് ഒരു ദീർഘനിശ്വാസത്തോടെ പഴയ ഓർമ്മകളിൽ രാജീവ് സുഖമായുറങ്ങി.

 

English Summary : Malayalam Short Story written by Shuhana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com