ADVERTISEMENT

അബോധാവസ്ഥ (കഥ)

  

കണ്ണ് തുറന്നതും, ഫോണിനുവേണ്ടി കൈ പരതിയതും ഒരുമിച്ചായിരുന്നു. അടുക്കളയിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാം, ചോറിനുള്ള തയാറെടുപ്പുകൾ ആയിരിക്കാം. പുതപ്പ് വകഞ്ഞുമാറ്റി, കയ്യും കാലും ഒന്ന് നിവർത്തി. ഫോൺ എടുത്ത് നെറ്റ് ഓണാക്കി. നെറ്റിന് തീരെ സ്പീഡ് ഇല്ല എന്ന് മനസ്സിൽ ചിന്തിച്ച് ഫോണും പോക്കറ്റിൽ ഇട്ട് അടുക്കളയിലോട്ട് നടന്നു. ഫോണിൽ തോണ്ടുന്നതിനിടയിൽ പല്ലു തേച്ചു എന്ന് തോന്നുന്നു. തിരികെ വന്നതും മേശപ്പുറത് കാപ്പി ഇരിപ്പുണ്ട്.

              

നേരെ റൂമിലേക്ക് പോയി. ഫോൺ ചാർജിങ്ങിൽ ഇട്ടു. ജീവിതം ഇരുട്ടിലായാലും ഫോൺ ഇരുട്ടിലാകാൻ പാടില്ലല്ലോ. തിരികെ വന്നു കാപ്പി കുടിച്ചു. അപ്പോൾ അതാ അച്ഛൻ തിണ്ണയിൽ ഇരുന്നു പത്രം വായിക്കുന്നുണ്ട്. ഈ ആധുനികലോകത്ത് ആരെങ്കിലും പത്രം വായിക്കുമോ എന്ന് ആധുനികവാദിയായ ഞാൻ ചിന്തിച്ചു. പ്ലേറ്റും അവശിഷ്ടങ്ങളും അവിടെ തന്നെ വെച്ചിട്ട് തിടുക്കത്തിൽ കൈ കഴുകാൻ പോയി. ആരോ തന്നെ തിരക്കി ഇരിക്കുന്നതുപോലെ ഉള്ള ഒരു തിടുക്കം.

 

വീട്ടിലെ അമ്മ എന്ന ജോലിക്കാരി പാത്രം എടുത്തു കഴുകി വൃത്തിയാക്കുന്നു. വീട്ടിൽ വളർത്തുന്ന പട്ടി അമ്മ ചോറ് കൊടുക്കുമ്പോൾ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിക്കാറുണ്ട്. ഇവിടെ ആ പരിഗണനയും ഇല്ല. സ്റ്റാറ്റസുകളിലൂടെയും, ഇമോജികളിലൂടെയും ലോകത്തോട് കഥ പറയുമ്പോൾ അത് ഒന്ന് കേൾക്കാൻ കൊതിക്കുന്ന അമ്മ തന്റെ വീട്ടിൽ ഉണ്ട് എന്ന് അവൻ ചിന്തിക്കാറില്ല. മദർസ്സ് ഡേയ്ക്ക് മകൻ ഇട്ട ഗംഭീര സ്റ്റാറ്റസുകൾ അമ്മ കണ്ടിട്ടില്ലല്ലോ.. 

 

റൂമിൽ കയറിയതിനു ശേഷം അൽപ നേരം നിശബ്ദത, ശേഷം റൂമിൽ നിന്ന് വല്യ ശബ്ദങ്ങളും കൊല്ലടാ, അറ്റാക്ക്, സേവ് എന്നൊക്കെ ഉള്ള കുറെ വാക്കുകളും കേൾക്കാം. വീട്ടുകാർ അതൊന്നും ശ്രദ്ധിക്കുന്നില്ല. അത് അവർ എന്നും കേൾക്കുന്നതാണല്ലോ. പബ്ജിയിൽ കളി തോൽക്കുമ്പോൾ കട്ടിലിന്റെ ക്‌ളാസിക്കും, ഭിത്തിക്കും ആണ് കഷ്ട്ടം. ദേഷ്യം തീർക്കുന്നത് അവരോടാണ്.

               

ദേഷ്യം സഹിക്കവയ്യാതെ ഒരിക്കൽ അച്ഛൻ വല്ലാതെ വഴക്കിടുന്ന ശബ്ദം കേട്ടാണ് അവൻ റൂമിനു വെളിയിലേക്ക് ഇറങ്ങിയത്. ഇൻസ്റ്റഗ്രാമിലും, ഫേസ്ബുക്കിലും ലൈക് കൂട്ടാനും, ആ പണ്ടാരം പിടിച്ച ഗെയിം കളിക്കാനും കളയുന്ന നേരത്തു സ്വന്തം കാര്യം നോക്കാൻ എങ്കിലും പഠിച്ചിരുന്നെങ്കിൽ എന്ന് അമ്മയോട് ഉച്ചത്തിൽ പറയുന്നത് കേൾക്കാം. ചങ്കൂറ്റവും, ചോരത്തിളപ്പും ഒരുമിച്ച് ചേർന്നപ്പോൾ അവിടെ ഒരു കലഹം തന്നെ രുപപ്പെട്ടു. യുദ്ധം ശത്രുക്കൾ തമ്മിൽ ആയിരുന്നില്ല, മിത്രങ്ങൾ തമ്മിൽ ആയിരുന്നു.

 

വൈകിയില്ല; പന്തലിനുള്ള പണിക്കാർ ജോലി ആരംഭിച്ചു കഴിഞ്ഞു. മകന്റെ ആത്മഹത്യ അറിഞ്ഞു വീടിനു ചുറ്റും കൂടിയവർ ഒരുപാട് പേരുണ്ടായിരുന്നു. മനോവിഷമവും, ഡിപ്രഷനും കാരണം ആത്മഹത്യ ചെയ്തതാണത്രേ. മരിക്കുന്നതിന് മുൻപ് അത് വിരൽത്തുമ്പിലൂടെ ലോകത്തെ അറിയിക്കാനും അവൻ മറന്നില്ല. മതിലിൽ ചാരി നിന്ന അച്ഛനോട് പ്രായമായ ഒരു വൃദ്ധൻ വന്നു ചോദിച്ചു; മകൻ മരിച്ചതിൽ വിഷമം ഒന്നും ഇല്ലേ?

 

അച്ഛൻ പറഞ്ഞു ; അവൻ അബോധാവസ്ഥയിൽ ആയിരുന്നു എന്നാൽ ഇപ്പോൾ ബോധാവസ്ഥയിലും. അതിനാൽ ഞാൻ എന്തിനു വിഷമിക്കണം !

English Summary : ‘Abodhavastha’ malayalam short story written by Joby Jose

                                                                                          

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com