ADVERTISEMENT

ആദിയുടെ അമ്മ (കഥ)

 

‘ഹു ഈസ് ദ ഹെൽ’ സുമയുടെ അടുക്കളയിൽ നിന്നുള്ള അലർച്ച കേട്ടാണ് അന്ന് രവി ഉണർന്നത്. മനുവും സുമയും തമ്മിലുള്ള തായം കളി ഇന്ന് നേരത്തെ തുടങ്ങിയിരിക്കുന്നു. അവൻ സ്കൂളിൽ പോകാൻ തയ്യാറാവുകയാണ്. അതിനോടനുബന്ധിച്ചുള്ള തർക്കവും അലർച്ചയുമാണ്, പതിഞ്ഞ സ്വരത്തിൽ മനു എന്തൊക്കെയോ പറയുന്നുണ്ട്. പ്രഭാതം കലുഷിതമായതിനാൽ രവി രംഗപ്രവേശം ചെയ്യാൻ മടിച്ചു. അല്ലെങ്കിലും അമ്മയും മോനും തമ്മിലുള്ള തർക്കത്തിൽ ഇടപെടുമ്പോഴൊക്കെ പരുക്ക് രവിക്കാണ് കിട്ടാറുള്ളത്. സുമ പ്രശ്നത്തെ കറക്കി തിരിച്ചു രവിയിൽ എത്തിക്കും. ‘അച്ഛന്റെയല്ലേ മകൻ’ എന്ന ഒറ്റവാചകത്തിൽ, രവി ആ കേസിൽ കക്ഷിയാകും, ഒരു കാര്യവും ഇല്ലാതെ രവിയിൽ ചാരിയ തർക്കങ്ങളുടെ ചരിത്രമുള്ളതു കൊണ്ട് അവൻ അനങ്ങാതെ കിടന്നു. എന്നിരുന്നാലും ചെവിയെടുത്ത്‌ അടുക്കളയിലോട്ടിടാൻ മറന്നില്ല.  

 

സുമ ഇംഗ്ലീഷോ ഹിന്ദിയോ പറഞ്ഞ് ഒച്ചയെടുത്താൽ തന്നെ അവൻ ഒന്ന് പതുങ്ങും. അവൾക്കു ദേഷ്യം വന്നാൽ മാത്രമെ വീട്ടിൽ ഇവ പറയാറുള്ളൂ. സാധാരണ വീട്ടിൽ ഒച്ചയെടുക്കാറുള്ള അവൻ, അവൾ തുടങ്ങിയാൽ നിർത്താറാണ് പതിവ്. എന്തിനു മത്സരിച്ചോരു തായമ്പക അടുത്ത ഫ്ലാറ്റുകാരെ കേൾപ്പിക്കുന്നു. അവരൊരു മാതൃകാ ദമ്പതികളായിയാണല്ലോ അറിയപ്പെടുന്നത്. 

 

കുറച്ചു ദിവസമായി അവരുടെ വീട്ടിൽ ഒരു സ്ത്രീയെ കുറിച്ച് സംസാരമുണ്ട്. മനുവിന്റെ കൂടെപഠിക്കുന്ന ഏതോ കുട്ടിയുടെ അമ്മയാണ്. സുമയുടെ ഇഷ്ടക്കേടുകളെയാണ് മനു ആ സ്ത്രീയുമായി താരതമ്യം ചെയ്യുന്നത്, അത് കൊണ്ട് തന്നെ സുമക്ക് ആ സ്ത്രീയോട് അത്ര താല്പര്യം പോരാ. ഒരു ദിവസം മനുവിനോട്, ‘‘എന്നാൽ പിന്നെ പപ്പയോടു അവളെയങ്ങു കെട്ടാൻ പറഞ്ഞേക്ക് ’’ എന്ന് പറയുന്ന വരെ എത്തി അവരുടെ തർക്കം. ആ ഓഫർ കേട്ട് രവിയൊന്നു ഊറി ചിരിച്ചു. റോഡിലൂടെ പാഞ്ഞു പോയ ഒരു വണ്ടിയുടെ റിഫ്ലക്ഷനിൽ സുമ അത് കണ്ടു. കയ്യിലിരുന്ന റിമോട്ട് രവിയ്ക്കു നേരെ പറന്നു വന്നു.

 

സ്കൂൾ ബസിന്റെ ഇരമ്പൽ കേട്ടു, മനു ഓടി വന്നു ‘ബൈ പപ്പാ, സീ യു ഇൻ ദി ഈവെനിംഗ്’  “ബൈ മനു” രവി മറുപടിപറഞ്ഞെഴുന്നേറ്റു. രവി ജാലകത്തിലൂടെ പുറത്തോട്ടു നോക്കി, അവന്റെ കുട്ടിക്കാലത്ത്‌ അടുത്തുള്ള സർക്കാർ സ്കൂളിലേക്കു പോകുന്നത് ഓർത്തു. രാവിലെ എട്ടരമണി ഒക്കെയാകുമ്പോൾ ഒരു കൂട്ടം ഇങ്ങുവരും, കരിംചോപ്പു ട്രൗസറും മുഷിഞ്ഞ ക്രീം ഷർട്ടും ഇട്ട ഒരു കൂട്ടം, പെൺകുട്ടികളാവുമ്പോൾ, ട്രൗസർ എന്നെഴുതിയത് പാവാട എന്ന് വായിക്കുക. രണ്ട് വർഷത്തിലേറെ പഴക്കമുള്ള ഒരു പാള ബേഗും എടുത്ത് ഒറ്റ ഓട്ടം ആണ് അവരുടെ അടുത്തെത്താൻ. ഒരു അരുവി എങ്ങനെ സമുദ്രത്തിൽ ലയിക്കുന്നു, അത് പോലെയാണ് അവരുടെ യാത്ര. ഈ ചെറുകൂട്ടം പല കൂട്ടമായി ചേർന്നു മൂന്ന് കിലോമീറ്റർ അകലെയുള്ള സ്കൂളിൽ   എത്തുമ്പോളേക്കും ഒരു വാൻ ജാഥപോലെയാകും. കലപില പറഞ്ഞും, മാങ്ങക്ക് കല്ലെറിഞ്ഞും, ഞാവൽ പഴം പെറുക്കിയും ഉള്ള ആ യാത്ര, ഒരിക്കലും മറക്കാൻ പറ്റുന്നതല്ല. ഇന്നെന്ത്, കുട്ടികളുടെ ലോകം പബ്‌ജിയിൽ ഒതുങ്ങുന്നു.നാലു ചുമരിലും. സോഫയിലിരുന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്തേക്ക് നോക്കുന്നു. അവർ ലോകത്തെ കാണുന്നത് അതിലോടെയാണിന്ന്.      

 

അവൻ ലിവിങ് റൂമിലേയ്ക്കിറങ്ങി, രാവിലത്തെ ചായ സുമ നേരത്തെതന്നെ ബെഡ് റൂമിൽ എത്തിച്ചിരുന്നു, ‘ചെക്കന് ഇത്തിരി കൂടിയിട്ടുണ്ട്’ സുമ തുടങ്ങി. ‘ആ... എന്താണ് ഞാനും കേട്ടു നിങ്ങളുടെ ബഹളം’ രവി തുടങ്ങി ‘ആദിയുടെ അമ്മയാണ് എന്ന് പറയുന്നു.’ ‘അവരാണ് അവന്റെ റോൾ മോഡൽ ഇപ്പോൾ, ഒരു തടിച്ച സ്ത്രീ’ അവർ അത് ചെയ്യും ഇത് ചെയ്യും ആദിയുടെ ഭാഗ്യം എന്നൊക്കെയാണ് പറയുന്നത്. ഇന്നത്തെ സംഭവം പ്രാതലാണ്, അവനു ദോശ വേണം, ഉണ്ടാക്കിയത് ഓട്സ്, ആദിയുടെ അമ്മ അവനു ഇഷ്ടപെട്ടത് ചോദിച്ചാണത്രെ ഉണ്ടാക്കുക. വിവാഹം വരെ അടുക്കളയിൽ കയറിയത് കഴിക്കാൻ മാത്രമായ സുമക്ക് ദോശ, ഇഡലി, ഇടിയപ്പം എന്നൊക്കെ കേൾക്കുന്നതേ അലർജിയാണ്, രവിയാണെങ്കിൽ ഇതൊക്കെ തിന്നാൻ തോന്നിയാൽ നാട്ടിലേയ്ക്ക് പോകും.അച്ഛമ്മയുടെ അടുത്തുനിന്നു കഴിച്ചതാണ് എന്ന് തോന്നുന്നു, മനുവിനും അതിന്റെ രുചി പിടിച്ച മട്ടാണ്. പക്ഷെ, അഞ്ചരക്ക് ഉണർന്ന്, ഓഫീസിൽ പോകാൻ ആകുന്നതിനു മുമ്പേ പണിയെല്ലാം തീർക്കാനുള്ള  ഒരോട്ടമത്സരം ആണ് സുമയുടേത്. അവളുടെ ടെമ്പർ പോയില്ലെങ്കിലേ അത്ഭുതമുള്ളൂ, ഒൻപതു മണിക്ക് മുൻപ് ബയോമെട്രിക് മെഷീന് മുഖം കാണിച്ചില്ലെങ്കിൽ പകുതി ശമ്പളം പോകും.   

 

സുമയും മനുവും തമ്മിൽ ഒരു പൊരുത്തമില്ലായ്മ എപ്പോഴും ഉണ്ട്. സുമക്കു സ്നേഹം ഇല്ലാതല്ല. അവനെ നിയന്ത്രിക്കാൻ അവൾ പാടുപെടുന്നുണ്ട്. ചിലപ്പോളൊക്കെ അത് പറഞ്ഞു അവൾ രവിയുടെ അടുത്ത് വന്നു കരയാറുണ്ട്. “ഈ തിരക്കിനിടയിൽ അവനെ ശരിക്കു നോക്കാൻ പറ്റുന്നില്ല”, അവൾ വിതുമ്പും. അവൻ അവളെ ആശ്വസിപ്പിക്കും, “നീ വേണമെങ്കിൽ ജോലി വിട്ടോ” വേണ്ട കണ്ണ് നീര് തുടച്ചു അവൾ പറയും, ബാക്കി പറയേണ്ട കാര്യമില്ല, അവരെക്കാത്തു മാസാരംഭത്തിൽ വരുന്ന എംഐ ലിസ്റ്റ് അവരെ ഭയപെടുത്തുന്നവയാണ്. വീടും കാറും എല്ലാം സ്വന്തം ആക്കിയതിൽ, ഇങ്ങനെ ഒരു അപകടം കൂടിയുണ്ട്.     

    

അന്ന് വൈകുന്നേരം മനു വന്നത് അവന്റെ ഓപ്പൺ ഡേ ഡേറ്റും ആയാണ്, അടുത്ത വെളിയാഴ്ചയാണ് ഓപ്പൺ ഡേ, അച്ഛനും അമ്മയും അന്ന് അവന്റെയൊപ്പം പോകണം, അവന്റെ റിപ്പോർട് കാർഡ് ഒപ്പിടണം, അധ്യാപകരുമായി സംസാരിക്കണം. ഓരോരോ പരിപാടികൾ രവി പഠിക്കുമ്പോൾ പ്രോഗ്രസ്സ് കാർഡിൽ ഒപ്പിട്ടത് അവർ കുട്ടികൾ പരസ്പരം ആയിരുന്നു. അച്ഛനും അമ്മക്കും ഇതിനെവിടെ നേരം, അന്നൊക്കെ നാട്ടിൻപുറങ്ങളിൽ സ്കൂളിൽ വിട്ടിരുന്നതു തന്നെ വീട്ടിലെ ശല്യം ഒഴിവാക്കാനായിരുന്നു. അവൻ ഇത് പറയുമ്പോൾ സുമ ചിരിക്കും, അവൾക്ക്‌ കൽക്കത്തയിലെ ബാല്യകാലത്ത് ഇതെല്ലംാ ഉണ്ടായിരുന്നു, ഓരോ ദിവസവും ഓരോ യൂണിഫോം, പിടി ക്ക് വേറെ ഡ്രസ്സ്. അങ്ങനെ പലതും.

 

അങ്ങനെ വെള്ളിയാഴ്ച വന്നു, രവിയും സുമയും അവധിയെടുത്തു, അവരുടെ ഇപ്പോഴത്തെ അവധികളെല്ലാം മനുവിന് വേണ്ടിയാണ്, അവന്റെ ഓപ്പൺ ഡേ, ആന്വൽ ഡേ, സ്പോർട്സ് ഡേ... അങ്ങനെ ഒരു വല്യ ലിസ്റ്റുണ്ട്. ഈ പരിപാടിക്കെല്ലാം കുടുംബസമേതം അറ്റന്റൻസ് കൊടുക്കണം. എങ്ങനെ കൊടുക്കാതിരിക്കും അത്ര ബുദ്ധിമുട്ടിയാണ് അവന്റെ സ്കൂൾ അഡ്മിഷൻ ശരിയാക്കിയത്. അതിനു വേണ്ടി രവിയും സുമയും ഓടിയ ഓട്ടം അവർക്കു മറക്കാൻ കഴിയില്ല. വളരെ ബുദ്ധിമുട്ടിയാണ് സുമ പറഞ്ഞ സ്കൂളിൽ അഡ്മിഷൻ കിട്ടിയത്. ഒരു ജന്മി കുടിയൻ ബന്ധമാണ് മാനേജ്മെന്റും രക്ഷിതാക്കളും തമ്മിൽ. എന്ത് ചെയ്താലും അവർക്കു തൃപ്തിയാകുകയില്ല. രാത്രിയുടെ അന്ത്യയാമങ്ങൾ വരെ സുമ മനുവിനെ സഹായിക്കാറുണ്ട്‌ അവന്റെ അസ്സെസ്സ്മെന്റ് മുഴുവനാക്കാൻ, ഗൂഗിളിൽ നിന്ന് പ്രിന്റെടുക്കലും, വെട്ടലും, ഒട്ടിക്കലും, ആകെ ഒരു ബഹളമയമാണ്‌ രാത്രി വൈകും വരെ. ആരാണ് പഠിക്കുന്നത് എന്നത് സംശയം തോന്നുന്ന വിദ്യാഭ്യാസ സമ്പ്രദായം.

 

വിദ്യാലയത്തിലെ ഡ്രസ്സ് കോഡ് അനുസരിച്ചു, അവർ ഒരുങ്ങി പുറപ്പെട്ടു, രവിയുടെ ചെവിയിൽ സുമ പറഞ്ഞു, ‘ആദിയുടെ അമ്മയെ ഒന്ന് കാണണം’ സംഗതി മനസ്സിലായെങ്കിലും, അറിയാത്ത പോലെ രവിചോദിച്ചു, ‘ആരെ?’ അവൾ അവനെ ഒന്ന് നോക്കി, അവൾ പറഞ്ഞു ‘എനിക്കവരോട് ഒന്ന് സംസാരിക്കണം.’ അവൾക്കു അവൻ അവളിൽ നിന്ന് അകന്ന് പോകുന്നുണ്ടോ എന്നൊരു ആവലാതി ഉണ്ടായിരുന്നു, അതവൾ  ഇടയ്ക്കു രവിയോട് സൂചിപ്പിക്കാറുമുണ്ടായിരുന്നു. “കാണാം” എന്ന് അവൻ മറുപടി കൊടുത്തു, അതല്ലാതെ വേറെ ഒന്നും അവനു പറയാനും കഴിയില്ല.

 

അവർ സ്കൂളിൽ എത്തി, റിപ്പോർട്ട് കാർഡ് ഒപ്പിട്ടു, അധ്യാപകരുമായി സംസാരിച്ചു. മനു വലിയൊരു പ്രശ്നക്കാരൻ അല്ലാത്തതിനാൽ, അതെല്ലാം വളരെ സ്മൂത്ത് ആയി തന്നെ പോയി, പോരാൻ നേരമായി, സുമ അവന്റെ ക്ലാസ് ടീച്ചറോട് ചോദിച്ചു, ആരാണ് ഈ ആദി, ആ കുട്ടിയെ ഒന്ന് കാണാൻ പറ്റുമോ? പ്രീത മഹാജൻ, എന്ന പ്രീത ടീച്ചർ ഏത് ആദി എന്ന് ചോദിച്ചു? അങ്ങനെയൊരു കുട്ടി ക്ലാസ്സിൽ ഇല്ലല്ലോ എന്ന് പറഞ്ഞു. അങ്ങനെ ആവാൻ വഴിയില്ലല്ലോ, അവൻ എപ്പോഴും പറയാറുള്ളത് ആദി അവന്റെ തൊട്ടടുത്തിരിക്കുന്ന കുട്ടി  ആണ് എന്നാണ്. ടീച്ചർ മനുവിനെതന്നെ വിളിച്ചു, “ആരാ ആദി” എന്ന് ചോദിച്ചു, അവൻ ഉത്തരം പറയാതെ ടീച്ചറെ നോക്കി. ആവർത്തിച്ചുള്ള ചോദ്യത്തിനും ഉത്തരം ഇല്ലാതായപ്പോൾ അവനോടു അവർ ഇരിപ്പിടത്തിലേക്കു മടങ്ങി കൊള്ളാൻ പറഞ്ഞു.

 

പ്രീത ടീച്ചർ സുമയെയും രവിയേയും നോക്കി, കാര്യം തിരക്കി, സുമയാണ് അത് വിവരിച്ചത്, കുട്ടികളുമായി സ്ഥിരമായി ഇടപഴകുന്ന, അവർ പറഞ്ഞു, ‘നിങ്ങൾ അവനെ ഒന്ന് കൂടി ശ്രദ്ധിക്കണം, അങ്ങനെ ഒരു കുട്ടി ഈ ക്ലാസ്സിലില്ല.’ അവന്റെ ആവശ്യങ്ങൾ നിങ്ങളോടു പറയാനുള്ള അവന്റെ അമ്മയായിരിക്കാം ആ സ്ത്രീ. അവർ അവനെ ശ്രദ്ധിക്കുന്നില്ല എന്നൊരു ധ്വനി ടീച്ചറുടെ ശബ്ദത്തിലും നോട്ടത്തിലും ഉണ്ടായിരുന്നു എന്നവർക്ക് തോന്നി. അവർ ഇറങ്ങി. അമ്മയിൽ നിന്നും അവനു വേണ്ടതെന്തെന്ന് അവൻ പറയുന്നതായിരുന്നു ആദിയിലൂടെ എന്നവർക്ക് തോന്നി. അവരുടെ തിരക്കുപിടിച്ച ഓട്ടത്തിനിടെ, അവനു നഷ്ടപ്പെട്ടതാണ്, ആദിയുടെ അമ്മയിലൂടെ അവൻ ചോദിച്ചത്. സൈഡ് സീറ്റിൽ ഇരുന്ന സുമയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നതു രവി ഡ്രൈവിങിനിടെയിലൂടെ കണ്ടു. അവൾ ചുണ്ടു കടിച്ചു തേങ്ങി, ഹെഡ് റെസ്റ്റിനോട് ചേർന്നിരുന്നു. ഒരു തോൽവിയുടെ നിശബ്ദത അവളുടെ മുഖത്തു നിറഞ്ഞു നിന്നു. അവരുടെ ലോകത്തെ ആ യാത്ര അങ്ങനെ പൊയ്കൊണ്ടേയിരുന്നു. ഉത്തരം പറയാൻ കഴിയാത്ത കുറെ ചോദ്യങ്ങളുമായി.

 

English Summary : ‘Adhiyude Amma’ malayalam short story written by Jayaraj Kottarappattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com