ADVERTISEMENT

ആ ശബ്ദം തേടി (കഥ)

 

രാവിലെ തുടങ്ങിയ മഴ രാത്രിയായിട്ടും ഒരു കുറവുമില്ലാതെ തുടരുകയാണ്. ചപ്പും ചവറും നിറഞ്ഞ ചാലുകളിലുടെയൊക്കെ വെള്ളം ഒഴുകിതുടങ്ങിയിരിക്കുന്നു.

 

ഒരു പുതപ്പിനുള്ളിൽ കിടക്കുകയാണ് അനിരുദ്ധ്. വൈകിട്ട് ജോലി കഴിഞ്ഞ് മഴ നനഞ്ഞ് വന്നപ്പോൾ കിട്ടിയ പനിയുമായാണ് അവൻ കിടക്കുന്നത്. ഒരു പാരസെറ്റമോൾ വന്നപ്പോൾ തന്നെ കഴിച്ചാണ് അവൻ ഉറങ്ങാൻ കിടന്നിരുന്നത്. 

 

സമയം അർദ്ധരാത്രിയോട് അടുത്തപ്പോൾ ഒരു ശബ്ദം അനിരുദ്ധിന്റെ ഉറക്കചക്രം തടസപ്പെടുത്തി. അവൻ ആ ശബ്ദം തേടി പോകാതെ പുതപ്പ് ദേഹത്തോടുയിട്ടു ഉറങ്ങാൻ ശ്രമിച്ചു. 

 

അനിരുദ്ധ് ഒരുപാടു വിയർത്തിരുന്നു, പനിക്ക് ചെറിയൊരു ആശ്വാസമായെന്നു അവനു തോന്നി.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അനിരുദ്ധിനു പിന്നിട് ഉറങ്ങാൻ കഴിഞ്ഞില്ല. ആ ശബ്ദം അവനിൽ ഒരു അസ്വസ്ഥത ഉണ്ടാക്കികൊണ്ടിരുന്നു.

 

മനസില്ലാമനസോടെ അവൻ ആ ശബ്ദം അന്വേഷിക്കാൻ തീരുമാനിച്ചു, ആ ശബ്ദം കേട്ടുകൊണ്ട് ഇന്നിനി ഉറങ്ങാൻ പറ്റില്ല എന്ന് അവൻ മനസിലാക്കിയിരുന്നു.

 

പുതപ്പ് മാറ്റി അനിരുദ്ധ് കട്ടിലിൽനിന്ന് എഴുന്നേറ്റു. വെള്ളിച്ചത്തിനായി ലൈറ്റിന്റെ സ്വിച്ച് ഇട്ടപ്പോൾ കറന്റില്ല. അനിരുദ്ധിന് അത് പിൻവാങ്ങാൻ ഒരു അവസരമായി തോന്നി. പക്ഷെ ആ ശബ്ദം വീണ്ടും കേട്ടു, അതിൽ ഒരു തേങ്ങൽ അവനു അനുഭവപ്പെട്ടു. മുകളിൽ നിന്നാണ് ഒച്ച കേൾക്കുന്നത്, അനിരുദ്ധ് താഴത്തെ നിലയിലാണ് ഉള്ളത്. ഒരു ടോർച്ച് എടുത്തുകൊണ്ടു അവൻ ആ ശബ്ദത്തെ തേടിപോയി.

 

മുറികളിൽ നിന്നല്ല ആ ശബ്ദം, ബാൽക്കണിയിൽ നിന്ന് തന്നെയാണ് അതിന്റെ ഉറവിടം എന്ന് അനിരുദ്ധ് ഉറപ്പിച്ചു. അനിരുദ്ധ് മുകളിലത്തെ നിലയിൽ ബാൽക്കണിയിലേക്കുള്ള വാതിലിനു മുന്നിൽ എത്തി. ചെറിയൊരു പേടി അവനു തോന്നി.

 

വാതിൽ തുറക്കണോ.. വല്ല കള്ളന്മാരും?

 

മുതിർന്ന ഒരു യുവാവാണെങ്കിലും ഒറ്റക്ക് രാത്രി വീട്ടിലായപ്പോൾ, അതും ഒരു പനി കൂട്ടിനുള്ളപ്പോൾ, കട്ടിലിൽ ഉറക്കം നഷ്ടപ്പെട്ട് തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ചിന്തിച്ചു കൂട്ടിയ ചിന്തകളാണ് ആ പേടിക്കുകാരണം. ടോർച്ച് ജനാലകൾക്കിടയിലുടെ തിരിച്ചു അവൻ ബാൽക്കണിയിലേക്കു നോക്കി, അവിടെ ആരെയും കാണാനില്ല. ആരുമില്ല എന്ന ധൈര്യത്തിൽ അവൻ വാതിൽ തുറന്നുനോക്കാൻ തീരുമാനിച്ചു.

 

വാതിൽ തുറന്നു നോക്കിയപ്പോൾ ഒന്നും ടോർച്ച് വെളിച്ചത്തിൽ അവൻ കണ്ടില്ല. ആ ശബ്ദത്തിലേക്ക് വെളിച്ചം വിശിയപ്പോൾ ഒരു പൂച്ചകുഞ്ഞിരുന്നു കരയുന്നതാണ് അനിരുദ്ധ് കണ്ടത്.

 

അനിരുദ്ധിന്റെ അടുത്ത വീട്ടിൽ ഒരുപാട് പൂച്ചകളുണ്ട്. പൂച്ച ഫാക്ടറിയെന്നാണ് അനിരുദ്ധ് ആ വീടിനെ വിളിക്കുന്നത്. അവർ ഇന്നലെ രാത്രി വീട് അടച്ച് കാറിൽ എങ്ങോട്ടോ പോകുന്നത് അവൻ കണ്ടതാണ്.

 

മീൻ മേടിച്ചാൽ പിന്നെ പൂച്ച സംഘം ആ പരിസരം വീട്ടു പോകാറില്ല, വറുത്ത മീൻ കട്ടു തിന്നുന്നതാണ് ആ സംഘത്തിന്റെ പ്രധാനതൊഴിൽ. അതുകൊണ്ടുതന്നെ അനിരുദ്ധിനു ആ സംഘത്തോട് ഒരു ദേഷ്യം ഉള്ളിൽ ഉണ്ടായിരുന്നു. കുറച്ചുനാൾ മീൻ വാങ്ങുന്നത് നിർത്തിയപ്പോൾ ശല്യം ഇല്ലാത്ത അവസ്ഥയായിരുന്നു, അപ്പോഴാണ് പുതിയ അവതാരം.

 

അനിരുദ്ധ് ആ പൂച്ചകുഞ്ഞിന്റെ അടുത്തുപോയി ഒന്ന് നോക്കി, അതിരുന്നു കരയുകയാണ്. 

 

അനിരുദ്ധ് മനസ്സിൽ പറഞ്ഞു.

 

‘ഇതിന്റെ അമ്മ ഇവിടെയിട്ടു പോയതാകും’

 

തനിക്ക് കഴിക്കാൻ വച്ചിരുന്ന മീനൊക്കെ സൂത്രത്തിൽ അകത്താക്കിയിരുന്ന ഏതോ പൂച്ചയുടെ കുഞ്ഞാണ്.

 

നിന്റെ അമ്മ നിന്നെ നോക്കിക്കൊള്ളും എന്ന് പറഞ്ഞുകൊണ്ട് അവൻ വാതിൽ അടക്കാൻ പോയി. ആ കരച്ചിൽ വീണ്ടും തുടർന്നു.

 

വിശന്നിട്ടാകും ഇത് കരയുന്നത് ഈ മഴയത്ത് ഇതിനെ ഇവിടെയിട്ടു എവിടെപോയോ ഇതിന്റെ അമ്മ

 

അനിരുദ്ധ് പൂച്ചകുഞ്ഞിന്റെ അടുത്ത്ചെന്ന് ഒന്നുകൂടി പൂച്ചയെ നോക്കി, പകുതി വെള്ളയും പകുതി കറുപ്പുമായ പൂച്ച. പൂച്ച ഫാക്ടറിയിൽ വെള്ള പൂച്ചകളും കറുത്ത പൂച്ചകളും മാത്രമേ ഉണ്ടായിരുന്നുള്ളു. തന്റെ മുന്നിലിരിക്കുന്നത് ഒരു സങ്കരയിനമാണെന്നു ഒരു ചെറുപുഞ്ചിരിയോടെ അനിരുദ്ധ് മനസ്സിലാക്കി.

 

‘ഇതിനിപ്പോ എന്ത് കൊടുക്കും’

 

അപ്പോഴാണ് ഫ്രിഡ്ജിൽ കുറച് പാലിരിക്കുന്ന കാര്യം അവൻ ഓർത്തത്, അത് ചൂടാക്കി കൊടുക്കാം എന്ന് അവൻ തീരുമാനിച്ചു. പൂച്ചയെ അവിടെയിരുത്തി അവൻ പാല് ഫ്രിഡ്ജിൽ നിന്ന് എടുത്തു ചൂടാക്കി നല്ലപോലെ ചൂടാറിയശേഷം ഒരു ചെറുപാത്രത്തിലാക്കി പൂച്ചയുടെ അടുത്തേക്കുപോയി.

 

പാൽ ഒഴിച്ച പാത്രം പൂച്ചകുഞ്ഞിന് വെച്ച്കൊടുത്തു. പൂച്ചകുഞ്ഞ് പാത്രത്തിന്റെ അറ്റത്ത്‌ കടിച്ചുകൊണ്ടിരിക്കുകയാണ് പാൽ കുടിക്കുന്നില്ല.

 

വലിയ പൂച്ചകൾ പാൽ കുടിക്കുന്നപോലെ ഒരു കുഞ്ഞ് പൂച്ച കുടിക്കില്ല എന്ന ബുദ്ധി തനിക്ക് നേരത്തെപോയില്ലലോ. ഇനി എങ്ങനെ ഇതിന്‌ പാൽ കൊടുക്കും?

 

വീട്ടിൽ അതിക്രമിച്ചു കയറുന്ന പൂച്ചയെ ഓടിച്ചുമാത്രമാണ് അനിരുദ്ധിനു ശീലം. ആദ്യമായാണ് അതിന്റെ വിശപ്പിനെപ്പറ്റി അവൻ ചിന്തിക്കുന്നത്.

 

ഇന്റർനെറ്റിൽ ഒന്ന് നോക്കിയാൽ മതിയല്ലോ

 

അനിരുദ്ധ് ഫോൺ എടുത്ത് സെർച്ച് ചെയ്യാൻ ഒരുങ്ങി.

 

ഹൌ ടു ഫീഡ് എ ക്യാറ്റ്… ക്യാറ്റ് അല്ലല്ലോ കിറ്റെൻ എന്നുതിരുത്തി അവൻ സെർച്ച് ബട്ടൺ അമർത്തി. ആദ്യം വന്ന റിസൾട്ട് തന്നെ എടുത്തു, അതിലെഴുതിയത് അനിരുദ്ധ് തിടുക്കത്തിൽ വായിക്കാൻ തുടങ്ങി.

 

അമ്മയെ വിട്ടുനില്കുന്ന പൂച്ചകുഞ്ഞുങ്ങൾക്ക് ഫീഡിങ് ബോട്ടിൽ വെച്ച് പാൽ കൊടുക്കാം അല്ലെങ്കിൽ സിറിഞ്ച് ഉപയോഗിക്കാം. പാൽ കൊടുക്കുമ്പോൾ പശുവിന്റെ പാൽ കൊടുക്കരുതെന്നും അത് പൂച്ചകുഞ്ഞിന്റെ ജീവന് തന്നെ ആപത്താണെന്നുമാണ്‌ ആ സൈറ്റിലെ ഉള്ളടക്കം.

 

ഫീഡിങ് ബോട്ടിൽ ഉണ്ടാക്കുന്ന വിധവും അതിൽ വിവരിച്ചിരുന്നു. തനിക്ക് ഇപ്പോൾ അത് ഉണ്ടാക്കാനുള്ള സാധനങ്ങൾ തപ്പികണ്ടുപിടിക്കാൻ എളുപ്പമല്ല എന്നതുകൊണ്ട് അനിരുദ്ധ് ഫീഡിങ് ബോട്ടിൽ എന്ന ആശയം ഉപേക്ഷിച്ചു. പശുവിന്റെ പാൽ കൊടുക്കാനും പാടില്ല, പൂച്ചയുടെ ഭാഗ്യത്തിന് അത് പാൽ കുടിച്ചില്ല.

 

അനിരുദ്ധ് വീണ്ടും ഫോൺ എടുത്തു കിറ്റെൻ ഫുഡ്‌സ് എന്ന് സെർച്ച് ചെയ്തു.

 

പൂച്ചകുഞ്ഞുങ്ങൾക്ക് വെള്ളംകൊടുക്കാം, അതിന് ആഹാരമായി തൽകാലം അത് മതിയാക്കുമെന്നു വിവിധ സൈറ്റുക്കളിൽനിന്നും അവൻ മനസ്സിലാക്കി. 

 

പക്ഷെ സിറിഞ്ച് തന്റെ കൈവശമില്ല

 

അനിരുദ്ധ് പൂച്ചകുഞ്ഞിന്റെ വിശപ്പടക്കാൻ ഇറങ്ങി തിരിച്ചുംപോയി ഇനി അത് പൂർത്തികരിച്ചിട്ടെ ഉള്ളു എന്ന നിലയിലുമെത്തി.

 

ഇനിയിപ്പോൾ സൈറ്റിൽ പറഞ്ഞപോലെ ഫീഡിങ് ബോട്ടിൽ ഉണ്ടാക്കാം, ഇത്തിരി കഷ്ടപെട്ടിടാണെങ്കിലും.

 

ആ കരച്ചിൽ ശബ്ദം ഇടക്കിടക്ക് പൂച്ച പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്.

 

മുൻപ് പോയ സൈറ്റ് അനിരുദ്ധ് വീണ്ടും എടുത്തു. ഗ്ലൗസ്, റബ്ബർബാൻഡ്,കത്രിക പിന്നെ ഒരു കുപ്പി കൂടി ഉണ്ടെങ്കിൽ താൽക്കാലികമായി ഒരു ഫീഡിങ് ബോട്ടിൽ ഉണ്ടാക്കാം.

 

പക്ഷെ ഗ്ലൗസ്?

 

പാരസെറ്റമോൾ എടുത്തു കഴിച്ചപ്പോൾ അതിന്റെ അടുത്തു അവൻ ഗ്ലൗസ് കണ്ടതായി ഓർക്കുന്നു. കഴിഞ്ഞതവണ യു.കെയിൽ നിന്ന് ലീവിന് വന്നപ്പോൾ അനിരുദ്ധിന്റെ കസിൻ അപ്സര കുറച്ച് ഓയിൻമെന്റുക്കൾ കൊടുത്തിരുന്നു, അതിന്റെ കൂടെ ഗ്ലൗസ് കൂടി ഉണ്ടെന്നാണ് അവന്റെ ഓർമ്മ. നഴ്‌സായ അപ്സര അവധിക്കു വരുമ്പോൾ  ഇതുപോലെ ഉള്ള ആശുപത്രി സാധങ്ങൾ തരാറുള്ള പതിവുണ്ട്.

 

അനിരുദ്ധ് മരുന്നുകൾ വെച്ചിരിക്കുന്ന അവിടെ നോക്കി. ഒരു പാക്കറ്റ് ഗ്ലൗസുണ്ട്, അപ്സര ചേച്ചി ഒരു സിറിഞ്ച് കൂടി തന്നിരുന്നെകിൽ കാര്യം എളുപ്പമായേനെ എന്നവൻ ഓർത്തുപോയി.

അനിരുദ്ധ് ആ സൈറ്റ് എടുത്തു അതിൽ പറഞ്ഞ നിർദേശങ്ങൾ അനുസരിച്ചു ഫീഡിങ് ബോട്ടിൽ ഉണ്ടാക്കാൻ തുടങ്ങി.

 

ഗ്ലൗസിന്റെ അടിഭാഗത്ത് നിന്ന് ചതുര ആകൃതിയിൽ കത്രികവെച്ചു ആദ്യം വെട്ടിയെടുത്തു. തുടർന്നു അതിനെ മടക്കി ഒരു കോൺ രൂപമാക്കി. ചെറിയ തുളയുള്ള കുപ്പിയിൽ അല്പം വെള്ളം ഒഴിച്ച് കോൺ ആക്കിയ ഗ്ലൗസിന്റെ ഭാഗം റബ്ബർബാൻഡ് വെച്ച് കുപ്പിയുടെ മുകളിൽ കെട്ടിവെച്ചു. സൈറ്റിലെ നിർദേശങ്ങൾക്ക് അനുസരിച്ചുള്ള ഒരു ഫീഡിങ് ബോട്ടിൽ തയ്യാറായെന്നു അവനു തോന്നി.

ഇതിൽനിന്നു പൂച്ചകുഞ്ഞ് പാൽ കുടിക്കുമോ എന്ന ആശങ്ക അവനുണ്ടായിരുന്നു. 

 

 

അവൻ പൂച്ചകുഞ്ഞിന്റെ അടുത്തുപോയി, അപ്പോഴും അതിന്റെ കരച്ചിൽ മറിയിട്ടുണ്ടായിരുന്നില്ല.

അനിരുദ്ധിനെ കണ്ടപ്പോൾ അല്പം കൂടിയ ശബ്ദത്തിലായി കരച്ചിൽ. അവൻ പൂച്ചക്കുഞ്ഞിനെ കൈയിലെടുത്തു കുപ്പിയുടെ അറ്റത്തുള്ള കോണായ ഭാഗം പൂച്ചകുഞ്ഞിന്റെ വായയിലേക്ക് വെച്ചുകൊടുത്തു.

 

പൂച്ചകുഞ്ഞ് അതിന്റെ അറ്റത്തു കടിക്കുന്നുണ്ടായിരുന്നു, ഇത്തവണ അതിനു കുടിക്കാൻ കൂടി പറ്റുന്നുണ്ടായിരുന്നു. തന്റെ പരിശ്രമം വിജയിച്ചതിൽ അനിരുദ്ധിനു ചെറുതല്ലാത്ത സന്തോഷം തോന്നി.

 

അനിരുദ്ധ് പൂച്ചയെ നോക്കി പറഞ്ഞു.

 

നീയും ഞാനും ഒറ്റക്കാണല്ലേ...

 

പൂച്ചകുഞ്ഞ് കുപ്പിയിൽ കടിക്കുന്നത് നിർത്തി, അതിനു മതിയായിയെന്നു അവനു മനസ്സിലായി.

അപ്പോഴേക്കും മഴയ്ക്ക് ഒരു ശമാനമായിരുന്നു. അവൻ ആ പൂച്ചകുഞ്ഞിനെ ഒരു തുണി തറയിൽയിട്ടു ബാൽക്കണിയിൽ ഇരുത്തി. പൂച്ചകുഞ്ഞ്‌ കരച്ചിലൊക്കെ നിർത്തി ഉറങ്ങാനുള്ള തയ്യാറെടുപ്പില്ലായിരുന്നു. അനിരുദ്ധ് പൂച്ചകുഞ്ഞിനെ അവിടെവെച്ച് വാതിലടച്ചു. ഒരു പാരസെറ്റമോൾ കൂടി കഴിച്ചു അവൻ ഉറങ്ങാൻ കിടന്നു.

 

രാവിലെ ഒരു ഹോൺ ശബ്ദമാണ് അവൻ കേട്ടത് അപ്പുറത്തെ വീട്ടുകാർ വന്നതിന്റെയാണ് ആ ഹോൺ ശബ്ദം. അനിരുദ്ധ് അത് ശ്രദ്ധിക്കാതെ വീണ്ടും ഉറക്കത്തിലേക്കു മടങ്ങി.

 

കുറച്ചുകഴിഞ്ഞു ഒരു ഞെട്ടലോടെയാണ് അനിരുദ്ധ് എഴുന്നേറ്റത്.

 

ആ പുച്ചകുഞ്ഞ്

 

അവൻ മുകളിലേക്കു ഓടി ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു നോക്കി. പൂച്ചകുഞ്ഞിനെ കാണാനില്ല. അവൻ ബാൽക്കണി മുഴുവൻ നോക്കി കാണാനില്ല. ഇന്നലെ പാൽ ഒഴിച്ച വെച്ച പാത്രം ഉണ്ട് അതിൽ ഒഴിച്ചിരുന്ന പാൽ കാണാനില്ല.

 

കുറച്ചുനേരത്തെ ആലോചനകൾക്ക് ശേഷമാണ് അനിരുദ്ധിനു മനസ്സിലായത്‌, അതിന്റെ അമ്മ ആ വീട്ടിൽ കുടുങ്ങി പോയതുകൊണ്ടാണ് ഇന്നലെ ആ ശബ്ദം അവനെ തേടിയെത്തിയതെന്ന്.

 

English Summary : Malayalam Short Story written by Kiran Elias

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com